ലക്ഷ്യത്തിലെത്താത്ത സാമ്പത്തിക സഹായങ്ങള്‍

ഇബ്‌നു അലി എടത്തനാട്ടുകര

2019 ഫെബ്രുവരി 16 1440 ജുമാദല്‍ ആഖിര്‍ 11

'ഭക്ഷണം കഴിച്ചിട്ട് കുറെയായി. വിശക്കുന്നു; ചോറിന് കാശ്താ മോനേ' എന്ന് വിലപിച്ചാണ് ആ അന്യസംസ്ഥാന സ്ത്രീ തടഞ്ഞു നിര്‍ത്തി കാശ് ചോദിക്കാറുള്ളത്. കറുത്ത് മെലിഞ്ഞുണങ്ങിയ ശരീരവും ഒട്ടിയ വയറും കരഞ്ഞ് തൊണ്ടയിടറിയുള്ള അപേക്ഷയും കാണുമ്പോള്‍ ആരും കാശ് കൊടുത്ത് പോകും. ടൗണിന്റെ വിവിധ ഇടങ്ങളില്‍ സ്ഥിരം വാചകവുമായി കാണാറുള്ളത് കൊണ്ട് അവരെ ഒഴിവാക്കുകയാണ് പതിവ്. ഊണു കഴിച്ച് തിരിച്ച് വരുന്ന വഴിയില്‍ ഒരു ദിവസം അവര്‍ കരച്ചിലോടെ എന്നെ തടഞ്ഞ് നിര്‍ത്തി കാശ് ചോദിച്ചു. ഹോട്ടിലേക്ക് കൂടെ വരൂ, കാശ് അവിടെ കൊടുക്കാമെന്ന് പറഞ്ഞപ്പോള്‍, വേണ്ട... കാശ് മതിയെന്ന് അവര്‍. പാര്‍സല്‍ വാങ്ങിക്കോളാം എന്ന് പിന്നീട് കൂട്ടിച്ചേര്‍ത്തു. 

ശേഷം എന്നെ അവജ്ഞയുടെ നോട്ടം നോക്കി അടുത്ത ഇരയെ തേടിപ്പോയി.

ഒക്കത്തൊരു കുഞ്ഞിനെയുമെടുത്ത് 'കുട്ടിക്ക് അസുഖമാണ്, ആശുപത്രിയില്‍ പോകാന്‍ ബസ്ചാര്‍ജ് തരുമോ' എന്ന് ചോദിച്ച ചെറുപ്പക്കാരിയോട് ഏത് ബസിലാണ് പോകുന്നതെന്ന് ചോദിച്ചു. ദൂരെ നില്‍ക്കുന്ന ഒരുബസ് ചൂണ്ടിക്കാണിച്ച് തന്നു. വരൂ എന്ന് പറഞ്ഞ് മുന്നില്‍ നടന്ന ഞാന്‍ ബസ് ചാര്‍ജ് കണ്ടക്ടര്‍ക്ക് നല്‍കാമെന്ന് പറഞ്ഞതോടെ ഒരു ചുട്ട നോട്ടം നോക്കി അവള്‍ തിരികെ നടന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നതാണിത്.

ഒരിക്കല്‍ ഒരു പരിചയക്കാരന്‍ ടൗണില്‍ വെച്ച്, മാതാവ് ആശുപത്രിയില്‍ അഡ്മിറ്റാണ്, മരുന്നിന് കാശ് തികയില്ല എന്ന് പറഞ്ഞ് കുറച്ച് രൂപ ആവശ്യപ്പെട്ടു. ഒരു മെഡിക്കല്‍ ഷോപ്പിന് മുന്നില്‍ വെച്ചായിരുന്നു ചോദ്യം. മനസ്സ് വിഷമിച്ചുപോയി. കയ്യില്‍ കാശ് കുറവായത് കൊണ്ടും അയാളെ അത്രയങ്ങ് വിശ്വാസമില്ലാത്തത് കൊണ്ടും പണം നല്‍കിയില്ല. വീട്ടിലെത്തി ഇക്കാര്യം ഉമ്മയോട് പങ്ക് വെച്ചപ്പോഴാണറിഞ്ഞത് അയാളുടെ മാതാവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടിരുന്നുവെന്ന്! കള്ള് കുടിക്കാന്‍ കാശ് കിട്ടാനുള്ള എളുപ്പമാര്‍ഗത്തിലെ ക്രിയയായിരുന്നു അത്!

ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരയുടെ ഭാഗവും വീഴാന്‍ കാത്തുനില്‍ക്കുന്ന ചുമരും കണ്ട് നാട്ടുകാര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പിരിവ് നടത്തി കുറച്ച് പണം നല്‍കി. എന്നാല്‍ പ്രായമായ ഗൃഹനാഥ കാതിലണിയാനൊരു സ്വര്‍ണാഭരണവും കിടക്കാന്‍ മുന്തിയ ബെഡും വാങ്ങാനാണത്രെ ആ കാശ് ഉപയോഗിച്ചത്. 

പൂര്‍ത്തിയാകാത്ത വീടിന് വേണ്ടി പിരിവ് നടത്തിയവര്‍ കള്ളക്കണക്കെഴുതി പണം തട്ടിയതായി യഥാര്‍ഥ ആവശ്യക്കാരന്‍ പറഞ്ഞപ്പോള്‍ സങ്കടം തോന്നി. പണിക്കാരന് കിട്ടിയ തുക അന്വേഷിച്ചറിഞ്ഞപ്പോള്‍ അതിനെക്കാള്‍ കൂട്ടുതലായിരുന്നു തട്ടിക്കൂട്ടിയ കള്ളക്കണക്കിലെ കൂലി!

ഒരു അഗതി മന്ദിരത്തിന്റെ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ പറഞ്ഞത് പണമായി സഹായം നല്‍കുന്നതിന് പകരം ആവശ്യമുള്ള വസ്തുവോ ഉപകരണമോ വാങ്ങി നല്‍കിയാലേ ഉദ്ദേശിച്ച ഗുണം ലഭിക്കൂ എന്നാണ്. 

തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിമാസം സഹായം നല്‍കാന്‍ കടകളില്‍ പണമെത്തിക്കുകയായിരുന്നു കൂട്ടുകാരന്റെയും സംഘടനയുടെയും രീതി. കുടുംബം പട്ടിണി കിടക്കാതിക്കാന്‍ 'അരിസാമാനങ്ങള്‍' നേരിട്ട് കുടുംബങ്ങള്‍ക്ക് ലഭിക്കാനായിരുന്നു ഇങ്ങനെ ചെയ്തിരുന്നത്. എന്നാല്‍ വീട്ടുകാരി 'ഫെയര്‍ ആന്റ് ലൗലി' വാങ്ങിയ കണക്ക് കണ്ട് ഞെട്ടിയ കൂട്ടുകാരന് ഭക്ഷണസാധനങ്ങളുടെ ലിസ്റ്റ് നല്‍കി; അവ മാത്രം നല്‍കിയാല്‍ മതിയെന്ന കര്‍ശന നിര്‍ദേശം കടക്കാരന് നല്‍കേണ്ടി വന്നു. 

കിഡ്‌നി മാറ്റിവെക്കല്‍, ഓപ്പറേഷന്‍ തുടങ്ങിയവക്കായി വാഹനത്തില്‍ പാട്ട് പാടിയും മറ്റും പണം ശേഖരിക്കുന്നവരെക്കുറിച്ചും ആക്ഷേപങ്ങള്‍ കേട്ടുതുടങ്ങിയിരിക്കുന്നു.

ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ നമുക്ക് ചുറ്റും ധാരാളമുണ്ട്. അവരെ സഹായിക്കാന്‍ സുമനസ്സുള്ളവരും ഏറെയുണ്ട്. എന്നാല്‍ സഹായം വിശ്വസ്തരായവരുടെ കൈകളില്‍ ഏല്‍പിക്കുകയെന്നത് വളരെ പ്രധാനപ്പെട്ടതാണ്. പണമായി നല്‍കാതെ, ആവശ്യമുള്ള സാധനം ആവശ്യക്കാരന് എത്തിക്കുകയെന്നതാണ്, സഹായം യഥാര്‍ഥ കൈകളിലെത്തിയെന്ന് ഉറപ്പുവരുത്താന്‍ ചെയ്യേണ്ടത്.