ലക്ഷ്യബോധമില്ലാത്തവര്‍

ഇബ്‌നു അലി എടത്തനാട്ടുകര

2019 ആഗസ്ത് 24 1440 ദുല്‍ഹിജ്ജ 22

ബസ് യാത്രയില്‍ അടുത്തിരിക്കുന്ന യുവാവിനെ പരിചയപ്പെട്ടു. ബിരുദവും ബിരുദാനന്തര ബിരുദവുമുള്ളവന്‍. സാമ്പത്തികമായി അത്ര മെച്ചമുള്ള കുടുംബത്തിലെ അംഗമല്ല. സമ്പാദിച്ച സര്‍ട്ടിഫിക്കറ്റുകളുമായി വര്‍ഷങ്ങളായി ജോലിക്കു േവണ്ടിയുള്ള അലച്ചിലിലാണ്. അതിന്റെ നിരാശ സംസാരത്തില്‍ നിഴലിച്ചിരുന്നു.

സംസാരം ആത്മീയതലത്തിലേക്കു നീണ്ടു.

മതവിശ്വാസിയാണ്.. എന്നാല്‍ മതാചാരങ്ങളൊന്നും കൊണ്ടുനടക്കുന്നില്ല. ഇസ്‌ലാമിനെക്കുറിച്ച് വല്ലതും അറിയുമോ എന്ന ചോദ്യത്തിന് 'മുസ്ലിംകള്‍ കുറെ ആരാധനകള്‍ ചെയ്യുന്നു, പാവങ്ങളെ സഹായിക്കുന്നു. മരണഭയം വളര്‍ത്തി ജീവിതം ആസ്വദിക്കുന്നതില്‍ നിന്ന് വിശ്വാസികളെ ഇസ്‌ലാം തടയുന്നു' എന്നായിരുന്നു മറുപടി.

ഞാന്‍ ചോദിച്ചു: ''താങ്കളുടെ ജീവിതലക്ഷ്യമെന്ത്?''.

''നല്ലൊരു ജോലി നേടിയെടുക്കണം. കുറെ കാശുണ്ടാക്കണം. ജീവിതം എന്നും ആഘോഷമായി കൊണ്ടാടണം''- അയാളുടെ ഉറച്ച മറുപടി.

ഞാന്‍ ചോദിച്ചു: ''എത്ര കാലം ആഘോഷിക്കും?''

''മരണംവരെ.''  

''എന്നു മരിക്കും?''

''അതെനിക്കറിയില്ല.''

ആ യുവാവിന് ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ജീവിത വീക്ഷണം പറഞ്ഞുകൊടുത്തുകൊണ്ടിരിക്കെ അയാള്‍ക്ക് ഇറങ്ങാനുള്ള സ്ഥലമെത്തി. അയാള്‍ ഇറങ്ങിപ്പോയ ശേഷം ഞാന്‍ സ്വയം ചോദിച്ചു; ഇതേ ചിന്താഗതിയോടെ ജീവിക്കുന്ന എത്രയോ യുവാക്കള്‍ തങ്ങളുടെ ജീവിതം പാഴാക്കിക്കൊണ്ടിരിക്കുന്നില്ലേ?

ആധുനിക വിദ്യാഭ്യാസത്തിന്റെ ലക്ഷ്യാധിഷ്ഠിതമല്ലാത്ത രീതിയും ധാര്‍മികതക്കും ദൈവചിന്തക്കും സ്ഥാനം നല്‍കാത്ത പാഠ്യപദ്ധതിയും യുവസമൂഹത്തെ അസ്തിത്വപ്രതിസന്ധിയിലകപ്പെടുത്തുകയും ലക്ഷ്യബോധമില്ലാത്തവരായി മാറ്റുകയും ചെയ്യുന്നുവെന്നതിന്റെ പ്രത്യക്ഷ െതളിവാണ് ആ യുവാവ്. മതപരമായ അറിവ് നേടാതെ ഭൗതികജ്ഞാനത്തെ മാത്രം വാരിപ്പുണര്‍ന്നുള്ള ജീവിതം ഇഹത്തിലും പരത്തിലും നാശഹേതുവാണ്. ക്വുര്‍ആന്‍ പറയുന്നു: ''പക്ഷേ, നിങ്ങള്‍ ഐഹിക ജീവിതത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. പരലോകമാകുന്നു ഏറ്റവും ഉത്തമവും നിലനില്‍ക്കുന്നതും'' (87:16-17).