പെണ്‍കുട്ടികള്‍ക്കിതെന്തു പറ്റി, ആണ്‍കുട്ടികള്‍ക്കും?

ഇബ്‌നു അലി എടത്തനാട്ടുകര

2019 ഏപ്രില്‍ 06 1440 റജബ് 29

മകന് പരീക്ഷാഫീസ് അടക്കാന്‍ സ്വകാര്യസ്ഥാപനത്തിന്റെ ഒന്നാം നിലയില്‍ കാത്ത് നില്‍ക്കുകയായിരുന്നു. മതചിട്ട പ്രകാരം യൂണിഫോം ധരിച്ച ഒരു പെണ്‍കുട്ടി വരുന്നത് കണ്ടതപ്പോഴാണ്. വന്നയുടനെ അവള്‍ വഴിയിലൊരു പയ്യന് ഹസ്തദാനം നല്‍കി. അവള്‍ കൈ തിരികെയെടുത്തപ്പോള്‍ അവന്‍ പിടിമുറുക്കി, കൈവിട്ടില്ല. ആ പെണ്‍കുട്ടിക്കത് തിരികെ വലിക്കണമെന്നുമുണ്ടായില്ല, കുറെ നേരമവര്‍ അങ്ങനെ വര്‍ത്തമാനം പറഞ്ഞു. ഫ്രീക്കന്‍ സ്റ്റൈലില്‍ താടിയും മുടിയുമുള്ള പയ്യന്‍ സ്റ്റാന്റില്‍ നിര്‍ത്തിയിട്ട ബൈക്കിലാണിരുന്നിരുന്നത്. കൂടെ അത്തരത്തില്‍ രണ്ട് പേര്‍ കൂടിയുണ്ടായിരുന്നു. അവര്‍ മൊബൈല്‍ ഫോണിന്റെ ടച്ച് സ്‌ക്രീനില്‍ വ്യാപൃതരായിരുന്നു. പയ്യന്റെ കൈ വിട്ട് ക്ലാസിലേക്ക് പോകവെ അവള്‍ കൈ കൊണ്ടും കണ്ണുകള്‍ കൊണ്ടും രഹസ്യ മുദ്രകള്‍ കൈമാറിയാണ് സ്ഥലം വിട്ടത്.

ഈ പെണ്‍കുട്ടികള്‍ക്കിതെന്ത് പറ്റി, ആണ്‍കുട്ടികള്‍ക്കും? വളരെ പരസ്യമായി നിസ്സങ്കോചം അന്യ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തൊട്ടും പിടിച്ചും ഇടപഴകുന്നു!

സംസ്ഥാനാതിര്‍ത്തിയില്‍ ജോലി ചെയ്യവെ ദീര്‍ഘദൂര ബസ്സുകളില്‍ ഇത്തരം പല കാഴ്ചകള്‍ കണ്ടത് ഓര്‍മവന്നു. ആഴ്ചാവസാനം കേരളത്തിലേക്കുള്ള ബസ്സില്‍ വിദ്യാര്‍ഥി, വിദ്യാര്‍ഥിനികളുടെ തിരക്ക് കൂടുതലായിരിക്കും. ആണും പെണ്ണും അടുത്തടുത്തിരിക്കുന്നതും പതിവ് കാഴ്ചയാണ്. നിര്‍ലജ്ജം, നിസ്സങ്കോചം സംസാരത്തിനപ്പുറത്തുള്ള കൈക്രിയകള്‍ കാണുമ്പോള്‍ അത്മരോഷം തോന്നാറുണ്ട്. അവള്‍ക്കിറങ്ങാനുള്ള ബസ് സ്റ്റാന്റില്‍ എത്താറാവുമ്പോഴാണ് ചിത്രം മാറുക. അവര്‍ വെവ്വേറെ സീറ്റിലേക്ക് മാറിയിരിക്കുന്നു. വേഷം ശരിയാക്കുന്നു. അപ്പോഴാണ് പെണ്‍കുട്ടികളുടെ വേഷവിധാനത്തില്‍ നിന്ന് വിശ്വാസാചാരങ്ങളൊക്കെ വ്യക്തമാകുന്നത്. അടക്കവും ഒതുക്കവുമുള്ള നല്ല കുട്ടിയായി രക്ഷിതാക്കള്‍ക്കൊപ്പം യാത്രതിരിക്കുന്നു!

ചില ബസ്സുകളില്‍ മുന്‍പില്‍ വാതിലുകളിലൂടെ കയറുന്ന യാത്രക്കാര്‍ ബസിന്റെ മധ്യഭാഗത്തെത്താതിരിക്കാന്‍ വിദ്യാര്‍ഥികള്‍ മനുഷ്യ മതില്‍ കെട്ടും. ഈ സുരക്ഷിത രഹസ്യ കേന്ദ്രത്തില്‍ വിദ്യാര്‍ഥി, വിദ്യാര്‍ഥിനികള്‍ അവരവരുടെ സല്ലാപത്തിനപ്പുറമുള്ള കേളികള്‍ നിര്‍ബാധം തുടരും. കാണരുതേയെന്ന് കരുതുന്ന കാഴ്ചകളാണ് അവിടെ കൂടുതലും നടക്കാറുള്ളത്. എന്നാല്‍ ബസ് സ്റ്റാന്റിലെത്തുമ്പോഴേക്കും സംരക്ഷിത കേന്ദ്രത്തിന് അയവ് വരും. പെണ്‍കുട്ടികള്‍ സ്ഥലം മാറിയിരിക്കും. വേഷത്തില്‍ മാറ്റം വരും. വിദ്യാര്‍ഥിനികളുടെ നിഷ്‌കളങ്ക ശരീരഭാഷ പുനഃസ്ഥാപിച്ച് കാത്തിരിക്കുന്ന ബന്ധക്കള്‍ക്കൊപ്പം യാത്രതിരിക്കും.

ഒരിക്കല്‍ മധ്യകേരളത്തില്‍ നിന്ന് നാട്ടിലേക്ക് ഒരു അന്തര്‍സംസ്ഥാന ബസില്‍ യാത്രചെയ്യവെ കണ്ട കാഴ്ച ഓര്‍മവരുന്നു. ലീവ് കഴിഞ്ഞ ശേഷം കോളേജിലേക്ക് പോകുന്ന ആണ്‍, പെണ്‍കുട്ടികള്‍ കുറച്ചുണ്ടായിരുന്നു. പാതിരാവായപ്പോള്‍ ബസിലെ വിളക്കുകള്‍ അണച്ച് യാത്രക്കാര്‍ക്ക് മയങ്ങാനുള്ള സൗകര്യം ചെയ്തുകൊടുത്തു ജീവനക്കാര്‍. ഒരു സ്റ്റാന്റിലെത്താറായപ്പോള്‍ ലൈറ്റ് തെളിച്ചു. അപ്പോള്‍ അടുത്ത സീറ്റില്‍ കണ്ട കാഴ്ച ഏതാണ്ട് ഉറക്കറയിലേതായിരുന്നു!

ഒരു കല്യാണത്തില്‍ പങ്കെടുത്ത് കുടുംബമൊന്നിച്ച് മടങ്ങവെ വഴിയോരത്തെ മരച്ചുവട്ടില്‍ കരിമ്പു നീര് കുടിക്കാന്‍ വാഹനം നിര്‍ത്തി. കാഴ്ചയില്‍ വ്യത്യസ്ത മതക്കാരാണെന്ന് തോന്നുന്ന ഒരു ജോഡിയും ബൈക്ക് നിര്‍ത്തിയിരിക്കുന്നു. ആളെ തിരിച്ചറിയാതിരിക്കാന്‍ ഷാളുകൊണ്ട് കണ്ണൊഴികെ മുഖം മറച്ച് മാറി നില്‍ക്കുന്ന പെണ്‍കുട്ടിയെ കണ്ടാല്‍ തന്നെ കള്ള ലക്ഷണം പ്രകടമായിരുന്നു. ഇത്തരം മുഖം മറക്കല്‍ രീതി പല രഹസ്യസമാഗമത്തിലും കാണാറുണ്ട്.

രാവിലെ ഓഫീസിലേക്കും വൈകുന്നേരം തിരിച്ചും ഉച്ചക്ക് മറ്റാവശ്യത്തിനും ജോലിക്കിടെ പുറത്തിറങ്ങുമ്പോള്‍ ഇത്തരം നിരവധി കാഴ്ചകള്‍ കാണാറുണ്ട്. പിടിച്ചിട്ട വാഹനങ്ങള്‍ക്കിടയിലും ഇടവഴിയിലും ബസ്‌സ്റ്റേഷനില്‍ നിന്ന് മാറിയും കേവല സല്ലാപത്തിനപ്പുറത്തേക്ക് നീളുന്ന പ്രവര്‍ത്തനത്തില്‍ എര്‍പ്പെടുന്ന ജോഡികളില്‍ പല പെണ്‍കുട്ടികളും സ്‌കൂള്‍ യൂണിഫോമിലാണെന്നത് അതീവ സങ്കടകരമാണ്.

മക്കള്‍ക്ക് മത ധാര്‍മികാധ്യാപനങ്ങള്‍ ബോധപൂര്‍വം പകര്‍ന്നു നല്‍കുക, അവരില്‍ രക്ഷിതാക്കളുടെ ഒരു കണ്ണുണ്ടാവുക എന്നതില്‍ കവിഞ്ഞ് എന്താണ് ചെയ്യാന്‍ കഴിയുക!