ആകസ്മികതയുടെ ആനന്ദങ്ങള്‍

ഇബ്‌നു അലി എടത്തനാട്ടുകര

2019 സെപ്തംബര്‍ 28 1441 മുഹര്‍റം 28

ഓഫീസിലിരിക്കെ ഒരു നാള്‍ സീറ്റില്‍ ഔദ്യോഗിക ആവശ്യത്തിനായി  ഒരു വലിയ വ്യാപാരി എത്തി.  അദ്ദേഹം പലതവണ എന്നെ നോക്കി. ഒറ്റനോട്ടത്തില്‍ തന്നെ എനിക്കയാളെ മനസ്സിലായിരുന്നു. പക്ഷേ, ഞാന്‍ കാത്തിരുന്നു, അയാള്‍ എന്ത് ചെയ്യുമെന്ന് കാണാന്‍. ഒടുവില്‍ എന്നോട് ഇന്ന സ്ഥലത്തെ ഇന്ന ആളല്ലേ എന്ന് ചോദിച്ചു. എന്റെ 'അതെ' എന്ന  ഉത്തരം കേട്ട അയാളുടെ അത്ഭുതവും  സന്തോഷവും ആസ്വദിച്ചത് ഇപ്പോഴും ഓര്‍മയിലുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കോളേജില്‍ പഠിക്കുമ്പോള്‍ അയാളുടെ കടയിലേക്ക് എന്റെ അയല്‍വാസിയായ വ്യാപാരിയുടെ റബര്‍ ഷീറ്റ്, കുരുമുളക് എന്നിവ വില്‍ക്കാന്‍ ഞാന്‍ കൊണ്ടുപോകുമായിരുന്നു. അന്ന് പോക്കറ്റ് മണിക്കുള്ള ഒരു മാര്‍ഗം. മലഞ്ചരക്ക് വ്യാപാര രംഗത്ത് അന്ന്  കോടികളുടെ ബിസിനസ് ഉള്ള ഒരു സ്ഥാപനത്തിന്റെ ഉടമകളില്‍ ഒരാളായിരുന്ന അദ്ദേഹം.

 ഒരു 'ട' ആകൃതിയുള്ള കസേരയില്‍ മുന്നോട്ടും പിന്നോട്ടും പതുക്കെ ആടിക്കൊണ്ട്  നോട്ടെണ്ണുകയോ കാല്‍കുലേറ്ററില്‍ അതിവേഗം കണക്ക് കൂട്ടുകയോ ചെയ്യുന്ന മുഖം ഇന്നും ഓര്‍ക്കുന്നു. വെളുത്ത അംബാസഡര്‍ കാറില്‍ ബിഗ്‌ഷോപ്പര്‍ നിറയെ നോട്ടുകെട്ടുകള്‍ ആ കടയിലേക്ക് കൊണ്ടുവന്നത് കണ്ട് ഞെട്ടിയ കോളേജ് കാലം മറന്നിട്ടില്ല. മുഖത്ത് സദാ ഇളംചിരി നിറഞ്ഞുനിന്നിരുന്ന അദ്ദേഹം ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടു. പടച്ചവന്‍ പൊറുത്ത് കൊടുക്കട്ടെ.

അതേ ഓഫീസിലെ മറ്റൊരു അനുഭവം: ഒരു സ്‌റ്റേഷനറി ഹോള്‍സെയില്‍ വ്യാപാരി വന്നു. എന്നെ തിരിച്ചും മറിച്ചും ഏറെനേരം നോക്കി. കണ്‍ഫ്യൂഷന്‍ തീരാതെ തലചൊറിഞ്ഞു. കൂടുതല്‍ നേരം കളയാതെ അദ്ദേഹത്തെ വിളിച്ച് ഞാന്‍ എന്നെ പരിചയപ്പെടുത്തി. പിന്നെ പഴയ കാല സ്മരണകള്‍ അയവിറക്കി. അഭിനന്ദനവും സന്തോഷവും പരസ്യമായി പ്രകടിപ്പിച്ചാണ് അദ്ദേഹം പിരിഞ്ഞത്.

കോളേജില്‍ പഠിക്കുന്ന സമയത്ത് അയല്‍വാസിയായ വ്യാപാരിക്ക് വേണ്ടി സ്‌റ്റേഷനറി സാധങ്ങള്‍ ഞാന്‍  വാങ്ങി കൊണ്ടുപോയി കൊടുത്തിരുന്നു. ഉച്ചവരെയുള്ള ക്ലാസ് കഴിഞ്ഞു ടൗണിലെത്തി കടയില്‍ സാധനങ്ങളുടെ ലിസ്റ്റ് ഇദ്ദേഹത്തിന് കൈമാറും. സാധനങ്ങള്‍ പായ്ക്ക് ചെയ്യുമ്പോഴേക്ക് ഞാന്‍ അടുത്ത തട്ടുകടയില്‍ പോയി ലഘു ഭക്ഷണം കഴിക്കും. നാമ മാത്ര വിലയില്‍ കിട്ടുന്ന ഇഡ്ഡലി സൗജന്യ സാമ്പാറും ചട്ണിയും കൂട്ടി കഴിക്കും.

അന്നത്തെ വലിയ  സന്തോഷമായിരുന്നു ഉച്ചക്കുള്ള ആ പ്രാതല്‍ ഭക്ഷണം. അല്ലെങ്കില്‍ രാവിലെ ഏഴരക്ക് വീട്ടില്‍ നിന്ന് പുറപ്പെട്ട് വൈകുന്നേരം മൂന്ന് മണിക്ക് ശേഷം കോളേജില്‍ നിന്ന് തിരികെ എത്തുന്നതുവരെ വേറെ ഭക്ഷണം ഒന്നും കഴിക്കാറില്ലായിരുന്നു. കാരണം ലളിതം, കാശില്ല! വിശന്ന് കൊതിമൂത്ത അക്കാലത്ത് രണ്ടോ മൂന്നോ ഇഡ്ഡലി ചൂടോടെ കഴിക്കുക എന്നത് ചില്ലറ കാര്യമായിരുന്നില്ല. കോളേജിലെ ബസ് കണ്‍സഷന്‍ കാര്‍ഡ് ഉപയോഗിച്ച് ട്രാന്‍സ്‌പോര്‍ട്ടിംഗ് ചെലവ് ലാഭിച്ചുകൊണ്ട് സാധനങ്ങള്‍ കടയില്‍ എത്തുമെന്നായിരുന്നു നാട്ടിലെ വ്യാപാരിയുടെ മെച്ചം. എനിക്ക് പഠനച്ചെലവിന് സഹായവും. പഠനകാലത്ത് വൈദ്യുതി കണക്ഷന്‍ ഉള്ള അദ്ദേഹത്തിന്റെ കടയുടെ മുകളിലെ മുറിയില്‍, സാധനങ്ങള്‍ക്കിടയില്‍ കൂട്ടുകാരോടോപ്പം രാത്രി വൈകും വരെ  വായിച്ചിരുന്നതും പിന്നെ അട്ടിയിട്ട അട്ടപ്പെട്ടിയുടെ ഇളംചൂടില്‍ കിടന്നുറങ്ങിയിരുന്നതും കുട്ടിക്കാല ഓര്‍മകള്‍.

കാവല്‍ക്കാര്‍ വേറെ ആവശ്യമില്ലല്ലോ എന്ന് പറഞ്ഞ അദ്ദേഹം വൈദ്യതി ചെലവ് പോലും വാങ്ങിയിരുന്നില്ല. അന്ന് ആ മുറിയില്‍ പഠിച്ചവരില്‍ ഇന്ന് വക്കീലും ഓഫീസറും അധ്യാപകരും ഉണ്ട്. മക്കള്‍ക്ക് ട്യൂഷന്‍ എടുക്കാനും മലഞ്ചരക്ക് സാധനങ്ങള്‍ വില്‍ക്കാനും സ്‌റ്റേഷനറി സാധനങ്ങള്‍ വാങ്ങാനും സഹായിച്ച് എനിക്ക് കിട്ടിയിരുന്ന  പ്രതിഫലം പഠനകാലത്ത് പറഞ്ഞറിയിക്കാനാവാത്തത്ര വലുതായിരുന്നു. പല തരത്തില്‍ പിന്തുണ നല്‍കിയിരുന്ന,  ഇഹലോക വാസം വെടിഞ്ഞ  അദ്ദേഹത്തിന് പ്രാര്‍ഥനകള്‍.

ആകസ്മികമായ ചില കണ്ടുട്ടലുകള്‍ നമ്മെ പലതും ഓര്‍മിപ്പിക്കും. അത് നമ്മില്‍ ഭൂതകാല സ്മരണകള്‍ ഉണര്‍ത്തും. വര്‍ത്തമാനകാലവുമായി താരതമ്യപ്പെടുത്തും. ചിലത് നാം ഓര്‍മിക്കാന്‍ ഇഷ്ടപ്പെടുന്നതായിരിക്കും. ചിലപ്പോള്‍ പണിപ്പെട്ട് മറന്നതായിരിക്കും. എങ്കിലും ആകസ്മിക സന്തോഷങ്ങള്‍ക്ക് മാധുര്യമൂറും.