കിടപ്പിലായവരുടെ കഷ്ടപ്പാടറിയുക

സലാം സുറുമ എടത്തനാട്ടുകര

2019 ആഗസ്ത് 10 1440 ദുല്‍ഹിജ്ജ 09

'മുമ്പൊക്കെ സമയത്തിന് റോക്കറ്റിന്റെ വേഗതയായിരുന്നു. ഇപ്പോള്‍ ഒച്ചിഴയുന്ന പോലെയാ സമയം  എനിക്ക് അനുഭവപ്പെടുന്നത്' ഇരുചക്ര വാഹന യാത്രക്കിടയില്‍ വീണ് നട്ടെല്ലിനു പരിക്കുപറ്റി കിടപ്പിലായ സഹപാഠിയെ സന്ദര്‍ശിക്കാന്‍ ചെന്നപ്പോള്‍ അവന്‍ നിരാശയോടെ പറഞ്ഞ വാചകങ്ങളാണിത്.

ആദ്യമൊക്കെ സുഹൃത്തിന് സന്ദര്‍ശകരുടെ പ്രവാഹമായിരുന്നു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സന്ദര്‍ശനത്താലും ഫോണ്‍ വിളികളാലും ശരിക്ക് ഉറങ്ങാന്‍പോലും സമയം കിട്ടിയിരുന്നില്ല. പിന്നെപ്പിന്നെ സന്ദര്‍ശകരുടെ എണ്ണം കുറഞ്ഞുവന്നു. ബന്ധുക്കള്‍ പോലും വല്ലപ്പോഴും വന്നാലായി. മാസം നാലായി ഈ കിടപ്പ് തുടങ്ങിയിട്ട്. ഇനിയും രണ്ട് മാസം കൂടി തള്ളി നീക്കേണ്ടതുണ്ട്.

'വരുന്നവര്‍ പണമൊന്നും തന്ന് സഹായിക്കേണ്ട. വെറുതെ ഒന്ന് വന്നാല്‍ മതി. വല്ലതുമൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കാന്‍ വലിയ ആഗ്രഹമാണിപ്പോള്‍. ടി.വി.യും സോഷ്യല്‍ മീഡിയയും ദിവസങ്ങള്‍ കൊണ്ട് തന്നെ മടുത്തു. എത്ര സമയം എന്ന് വെച്ചാ ഫാനും നോക്കി കിടക്കുക...?' നിരാശയും സങ്കടവും കലര്‍ന്ന വാചകങ്ങള്‍ പിന്നെയും അവനില്‍ നിന്നും പുറത്തേക്ക് വന്നു.

ആറ് മാസം പൂര്‍ണമായും ബെഡ്‌റെസ്റ്റ് നിര്‍ദേശിക്കപ്പെട്ട ഒരു യുവാവിന്റെ അവസ്ഥ ഇതാണെങ്കില്‍ കട്ടിലില്‍ തളച്ചിടപ്പെട്ട നിത്യരോഗികളുടെയും പ്രായം ചെന്നവരുടെയും അംഗവൈകല്യം കൊണ്ടും മറ്റും ജന്മനാ തന്നെ കിടപ്പിലായവരുടെയും അവസ്ഥ എന്തായിരിക്കുമെന്ന്, വായിക്കാനായി അവന് ഒന്ന് രണ്ട് നല്ല പുസ്തകങ്ങള്‍ കൈമാറി തിരിച്ചിറങ്ങുമ്പോള്‍ ഞാന്‍ ആലോചിച്ചു.

മനസ്സ് എത്തുന്നിടത്ത് ശരീരത്തിനും എത്താന്‍ തക്ക ആരോഗ്യമുള്ളവര്‍ തന്നെയാണ് പലപ്പോഴും പെട്ടെന്ന്  ശയ്യാവലംബികളായി കട്ടിലുകളില്‍ ബന്ധനസ്ഥരാക്കപ്പെടുന്നത്.

അവരുടെ സ്വപ്‌നങ്ങള്‍ക്കും മോഹങ്ങള്‍ക്കും മങ്ങലേല്‍ക്കുന്നു. മരണം തൊട്ടരികിലുണ്ടെന്ന തിരിച്ചറിവില്‍ ജീവിതം തള്ളിനീക്കുന്ന നിത്യരോഗികള്‍ക്കും പ്രായം ചെന്നവര്‍ക്കും അംഗവൈകല്യം കൊണ്ടും മറ്റും ജന്മനാ തന്നെ കിടപ്പിലായവര്‍ക്കും നമ്മുടെ ഒരു സന്ദര്‍ശനം കൊണ്ട് വലിയ ആശ്വാസം ലഭിക്കുമെങ്കില്‍ നാമെന്തിന് മടികാണിക്കണം? അവര്‍ ആഗ്രഹിക്കുകയും അര്‍ഹിക്കുകയും ചെയ്യുന്ന സഹായം ചെയ്തുകൊടുക്കാന്‍-അത് ഒരു പക്ഷേ, കേവലം ആശ്വാസ വചനങ്ങളായിരിക്കാം- കഴിയുമെങ്കില്‍ ചെയ്ത് കൊടുത്ത് സ്രഷ്ടാവിന്റെ പ്രീതി കരസ്ഥമാക്കുവാനാണ് വിശ്വാസികള്‍ ശ്രദ്ധിക്കേണ്ടത്. നന്മ നിറഞ്ഞ മനസ്സുകളുടെ പ്രാര്‍ഥന അവര്‍ക്ക് വലിയ ആശ്വാസവും ധൈര്യവും പകരും. ഓരോ വിശ്വാസിയും രോഗികളെ സന്ദര്‍ശിക്കല്‍ പുണ്യകര്‍മത്തോടൊപ്പം തന്റെ ബാധ്യതയുമാണെന്ന് തിരിച്ചറിയണം.

അവരെ സമീപത്തെ പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്കുകളുമായി ബന്ധപ്പെടുത്തണം. കിടപ്പിലായ രോഗികളുടെ 'ഹാന്‍ഡിക്രോപ്‌സ്' പോലുള്ള കൂട്ടായ്മകളിലും വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും അവരെ അംഗങ്ങളാക്കാനും സജീവമായി പ്രവര്‍ത്തിക്കാനും പ്രേരിപ്പിക്കണം. സര്‍ക്കാരില്‍ നിന്നും അവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് ബോധവാന്‍മാരാക്കണം.

സാമ്പത്തികമായി പരാധീനത അനുഭവിക്കന്ന കുടുംബമാണെങ്കില്‍ അവര്‍ക്ക് കൈത്താങ്ങേകാന്‍ മുന്നിട്ടിറങ്ങണം.

സര്‍വോപരി ക്ഷമിക്കാനും സഹിക്കാനും അല്ലാഹുവിന്റെ പ്രതിഫലം കാംക്ഷിക്കാനും ജീവിതം കഴിയുന്നത്ര ഇസ്‌ലാമികമാക്കുവാനും അവരെ ഉപദേശിക്കുക; ഗുണകാംക്ഷയോടെ.