വിലാപങ്ങളൊടുങ്ങാത്ത സിറിയ

ആഷിക് ഷൗക്കത്ത് നിലമ്പൂര്‍

2017 ഏപ്രില്‍ 15 1438 റജബ് 18

സിറിയയുടെ മണ്ണിന് ചോരയുടെ നിറമുണ്ട്. സിറിയയില്‍ നിന്ന് വീശുന്ന കാറ്റിന് ഗന്ധകത്തിന്റെ മണമുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും നിലവിളി നിലയ്ക്കാത്ത, കണ്ണീരുണങ്ങാത്ത സിറിയയില്‍ ഒരിക്കല്‍ കൂടി ഭരണകൂടം കിരാതമായ സായുധ നടപടി കൈകൊണ്ടിരിക്കുകയാണ്. സിറിയയുടെ വടക്കു ഭാഗമായ ഇദ്‌ലിബ് ആണ് പുതിയ 'അല്ലപ്പോ'. രാജ്യത്തിന്റെ ആറു വര്‍ഷത്തെ യുദ്ധനയത്തെ പരിഗണിക്കുമ്പോള്‍ ഇതുവരെ നടന്നതില്‍ വെച്ച് ഏറ്റവും നിന്ദ്യമായ പ്രവര്‍ത്തനമായി വിലയിരുത്തപ്പെടേണ്ടതാണ് ഇപ്പോഴത്തെ ആക്രമണം. വിമതപക്ഷത്തിന് ആധിപത്യമുള്ള ഇദ്‌ലിബ് പ്രവിശ്യയിലെ ഖാന്‍ ഷെയ്ഖൗനില്‍ നടത്തിയ വ്യോമാക്രമണത്തിലും വിഷവാതക പ്രയോഗത്തിലും മരണമടഞ്ഞത് കുട്ടികളുള്‍പ്പെടെയുള്ള നൂറോളം സിവിലിയന്മാരാണ്. അനേകം പേര്‍ മാരക പരിക്കുകളുമായി ആശുപത്രികളിലാണ്. സിറിയന്‍ ഭരണകൂടത്തിനെതിരെ വ്യത്യസ്ത രാജ്യങ്ങള്‍ ശക്തമായ നിലപാടുമായി വന്ന സാഹചര്യത്തില്‍ ഭരണകൂടം ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം നിരുപാധികമായി നിഷേധിക്കുകയാണുണ്ടായതെങ്കിലും ചരിത്രബോധമുള്ളവര്‍ക്ക് ഭരണകൂടത്തിന്റെ പങ്കിനെ ഒരിക്കലും നിഷേധിക്കാന്‍ സാധ്യമല്ല. 2013 ഓഗസ്റ്റില്‍ നടന്ന ഗൗത കൂട്ടക്കൊലക്കു ശേഷം സിറിയയില്‍ ഉള്ള സരിന്‍ സംഭരണം ഒഴിവാക്കാനുള്ള നീക്കം യു.എന്നിന്റെ നേതൃത്വത്തില്‍ നടന്നിരുന്നെങ്കിലും അവ പൂര്‍ണമായി ഒഴിവാക്കിയിട്ടില്ല എന്നത് ഈ ആക്രമണത്തോടു കൂടി ഉറപ്പായി.

ഇദ്‌ലിബിലെ ഖാന്‍ ഷെയ്ഖൗന്‍ എന്ന സ്ഥലം സിറിയന്‍ പ്രദേശമായ ഹമായില്‍ നിന്നുള്ള അഭയാര്‍ഥികളെ കൊണ്ട് നിറഞ്ഞതാണ്. ഇദ്‌ലിബിനെയും ഹമാ പ്രദേശത്തെയും ബന്ധപ്പെടുത്തുന്ന പ്രദേശം എന്ന നിലക്ക് എല്ലാ കക്ഷികള്‍ക്കും നിര്‍ണായകമായ സ്ഥലമാണ് ഖാന്‍ ഷെയ്ഖൗന്‍. നേരെത്തെ അല്ലെപ്പോയിലെ വിജയത്തിന് ശേഷം കാര്യമായ ഭീഷണികളൊന്നുമില്ലാത്ത അസദ് ഭരണകൂടവും അവരുടെ സഖ്യകക്ഷികളായ റഷ്യയുടെയും ഇറാനിന്റെയും പിന്തുണയോട് കുടി യുദ്ധകുറ്റകൃത്യങ്ങളടക്കം എന്തും ചെയ്യാമെന്ന ധാര്‍ഷ്ട്യത്തിലാണ്.

ആഭ്യന്തരയുദ്ധത്തിന്റെ തുടക്കം

അറബ് വസന്തത്തെ അനുകൂലിച്ച്, ഭരണകൂട വിരുദ്ധ ഗ്രാഫിറ്റി വരച്ചതിന്റെ പേരില്‍ പതിനഞ്ച് വയസ്സു പ്രായമുള്ള ഏതാനും വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത് മര്‍ദിക്കുകയും പതിമൂന്ന് വയസുകാരന്‍ ഹംയ മല്‍ കാതിബ് കൊല്ലപ്പെടുകയും ചെയ്തതോടെയാണ് സിറിയയില്‍ ആഭ്യന്തരയുദ്ധത്തിന് കളമൊരുങ്ങുന്നത്. രാജ്യത്ത് നിലനിന്നിരുന്ന രൂക്ഷമായ തൊഴിലില്ലായ്മയും അഴിമതിയും പൗരവിരുദ്ധ നടപടികളുമൊക്കെ ജനമനസ്സുകളെ മുന്‍പേ നിരാശരാക്കിയിരുന്നു. മാത്രമല്ല, അയല്‍രാജ്യങ്ങളില്‍ അങ്ങിങ്ങായി നടന്നുകൊണ്ടിരിക്കുന്ന ജനാധിപത്യാനുകൂല വിപ്ലവങ്ങള്‍ സിറിയന്‍ ജനതയുടെ സിരകളില്‍ ജ്വരം കൊള്ളിച്ചു കൊണ്ടിരിക്കുന്ന സമയം കൂടിയായിരുന്നു അത്. ഈ രണ്ട് ഘടകങ്ങളാണ് യുദ്ധത്തിന്റെ പരോക്ഷ കാരണങ്ങള്‍. അറസ്റ്റ് ചെയ്തുകൊണ്ടുപോയവരെ വിട്ടു കിട്ടണമെന്നും നിയമം ദുരുപയോഗം ചെയ്ത അധികാരികളെ ന്യായമായ ശിക്ഷക്ക് വിധേയമാക്കണമെന്നുമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് 2011ല്‍ സിറിയന്‍ നഗരമായ ദേരയില്‍ തദ്ദേശവാസികള്‍ സമാധാനപരമായ പ്രകടനം ആരംഭിച്ചു. പ്രകടനം നടത്തിയവര്‍ക്കെതിരെ 2011 മാര്‍ച്ച് 18ാം തിയ്യതി നാലുപേരെ നിറയൊഴിച്ച് കൊന്നുകൊണ്ടാണ് ഗവണ്‍മെന്റ് പ്രതികരിച്ചത്. അടുത്ത ദിവസം മയ്യിത്ത് സംസ്‌കരണ യാത്രക്ക് നേരെ വെടിയുതിര്‍ത്ത് ഒരാളെ കൂടി കൊന്ന് ഭരണകൂട വിരുദ്ധയുടെ മറുപടി ക്രൂരതയാണെന്ന സന്ദേശം ബശ്ശാര്‍ അസദ് അടിവരയിട്ടു. അതൊരു തുടക്കമായിരുന്നു. തുടര്‍ങ്ങോട്ട് കലാപഭൂമിയായി മാറുകയായിരുന്നു സിറിയ. സര്‍ക്കാര്‍ പക്ഷവും സര്‍ക്കാര്‍ വിരുദ്ധ വിമതകക്ഷികളും സിറിയയെ രക്ത കലുഷിതമാക്കി. മധ്യപൗരസ്ത്യദേശമെന്നാല്‍ സിറിയയാണെന്നറിയാവുന്ന ആഗോള രാഷ്ട്രങ്ങള്‍ സിറിയയിലെത്തി. രണ്ട് വിഭാഗങ്ങളില്‍ നിന്ന് വേറിട്ടു യുദ്ധം ചെയ്യുന്ന ഐ.എസും ജബാക്ക് ഫത്തഹ് അല്‍ റാമും പോലെയുള്ള സംഘങ്ങള്‍ സിറിയയെ ലക്ഷ്യം വെച്ചു. മധ്യ പൗരസ്ത്യരാജ്യങ്ങളില്‍ ശിഈ അധികാരം തീര്‍ക്കാന്‍ ഇറാനും അതിന് തടയിടാന്‍ സൗദിയും ഖത്തറും രംഗത്ത് വന്നു. അങ്ങനെ സമീപ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മനുഷ്യക്കുരതികള്‍ക്ക് സിറിയ സാക്ഷിയായി. ഏറ്റവും വലിയ അഭയാര്‍ഥി മൂവ്‌മെന്റിന് സിറിയ വിളനിലമായി. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ സര്‍ക്കാരും വിമതപക്ഷവും മാറി മാറി ജയപരാജയം അനുഭവിച്ചു.

475000 ആളുകള്‍ ഇതിനകം കൊല്ലപ്പെട്ടു. 5 ദശലക്ഷം പേര്‍ സിറിയ വിട്ടു. 6.4 ദശലക്ഷം അഭയാര്‍ഥികളായി സിറിയയില്‍ തന്നെ മാറ്റി പാര്‍പ്പിക്കപ്പെട്ടു. 8.2 ദശലക്ഷം കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു. 4.7 ദശലക്ഷം ആളുകള്‍ ഉപരോധമേഖലകളില്‍ ദുരിതമനുഭവിച്ച് കഴിഞ്ഞുകൂടുന്നു. ഈയിടെ നടന്ന രാസായുധപ്രയോഗമടക്കം, അന്താരാഷ്ട്രനിയമങ്ങള്‍ പലതും വ്യാപകാര്‍ഥത്തില്‍ ലംഘിക്കപ്പെട്ടു.

അല്ലപ്പോ

മാര്‍ച്ച് 2011 സിറിയയില്‍ ഭരണകൂട വിരുദ്ധ വിപ്ലവം ആരംഭിച്ചപ്പോള്‍ രാജ്യത്തിന്റെ രണ്ടാമത്തെ പ്രധാന നഗരമായ അല്ലപ്പോ ഇന്നത്തെ പരിതാപാവസ്ഥയിലേക്ക് എത്തുമെന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. 2012 ആയപ്പോഴേക്ക് അല്ലപ്പോയുടെ മണ്ണും ചോര നുണഞ്ഞു. നഗരത്തില്‍ നിന്ന് ഭരണകൂട ശക്തികളെ തുരത്തുന്നതില്‍ വിമതര്‍ സജീവമായി ഇറങ്ങി. ഏതൊരു സ്വേഛാധിപതിയേയും പോലെ ബശ്ശാര്‍ വിപ്ലവത്തെ അടിച്ചമര്‍ത്താന്‍ ക്രൂരമായ മാര്‍ഗങ്ങള്‍ തന്നെ അവലംബിച്ചു. അറബ് വസന്തത്തിന്റെ ആവേശത്തിനപ്പുറത്ത് സൂക്ഷമവും സുവ്യക്തവുമായ സമരതന്ത്രമോ പദ്ധതികളോ സിറിയന്‍ വിപ്ലവത്തിലും ദര്‍ശിക്കാനായില്ല. ആക്രമണ പ്രത്യാക്രമണങ്ങള്‍ നിര്‍വചനാധീതമായതു കൊണ്ട് തന്നെ സിറിയയിലെ വിശിഷ്യാ, അല്ലപ്പോയിലെ ഭരണം വിഘടിക്കപ്പെട്ടു. അല്ലപ്പോയുടെ പശ്ചിമ ദിക്കുകള്‍ ഭരണകൂട ശക്തികളാണെങ്കില്‍ കിഴക്കന്‍ പ്രവിശ്യകള്‍ വിമതര്‍ പിടിച്ചെടുത്തു. 2012 ജൂലൈയിലാണ് അല്ലപ്പോയുടെ അധികാരം ബശ്ശാറിന്റെ ഗവണ്‍മെന്റിന് നഷ്ടപ്പെടുന്നത്. തുടര്‍ന്നങ്ങോട്ട് ഭരണം തിരിച്ച് പിടിക്കാനുള്ള യത്‌നം തുടര്‍ന്നുകൊണ്ടേയിരുന്നു. സിറിയന്‍ ആഭ്യന്തരയുദ്ധത്തിന്റെ 'മൈക്രസ്‌കോമ' എന്നു വിളിക്കപ്പെടുന്ന അല്ലപ്പോ കേവലം സിറിയയുടെ സാമ്പത്തിക കേന്ദ്രം എന്ന നിലക്ക് മാത്രമല്ല പ്രാധാന്യമര്‍ഹിക്കുന്നത്. മറിച്ച് ജനഹിതത്തോട് ഏറ്റവും കൂടുതല്‍ യോജിച്ച് നില്‍ക്കുന്ന ഭരണപ്രദേശം എന്ന നിലക്ക് കൂടിയാണ്.

2012 ആഗസ്റ്റ് മാസാവസാനത്തോട് കൂടി തന്നെ സിറിയയില്‍ വ്യോമാക്രമണം തുടങ്ങിയിരുന്നു. അല്ലപ്പോയുടെ ഭരണം തിരിച്ചുപിടിച്ചുകൊണ്ട് നാല് പ്രധാന നഗരങ്ങളും സര്‍ക്കാര്‍ ഭരണത്തിന് കീഴില്‍ കൊണ്ടു വരികയും വിമത പക്ഷത്തിന്റെ ശക്തിയെ കുറച്ചുകൊണ്ടുവരികയും ചെയ്യുകയായിരുന്നു ഈ സൈനിക നടപടികളിലൂടെ ഭരണകൂടം ലക്ഷ്യമിട്ടിരുന്നത്. നേരത്തെ തന്നെ വിഘടിച്ചു നില്‍ക്കുന്ന വിമതപക്ഷത്തെ കൂടുതല്‍ ധ്രുവീകരിക്കുക, വിമത ഭരണ പ്രദേശങ്ങള്‍ കുറച്ചു കൊണ്ട് വന്ന് പരിപൂര്‍ണ അധികാരം സ്ഥാപിക്കുക, വിമത ഭരണപ്രദേശങ്ങളെ വളഞ്ഞുകൊണ്ട് സര്‍ക്കാര്‍ ഭരണ പ്രദേശങ്ങള്‍ രൂപീകരിക്കുക തുടങ്ങിയവയാണ് ഇതിലൂടെ ഗവണ്മെന്റ് ലക്ഷ്യമിടുന്നത്. ഈ അവസ്ഥ തുടര്‍ന്നാല്‍ നേരത്തെ വിമതപക്ഷങ്ങളെ അനകൂലിച്ച ജനങ്ങള്‍ തന്നെ സമാധാനത്തിന് വേണ്ടി നിര്‍ബന്ധിതരാവും. ഇത് അത്യന്തമായി ബശ്ശാറിനാണ് ഗുണകരമാവുക. മാത്രമല്ല, സര്‍ക്കാര്‍ പക്ഷത്തെയും വിതപക്ഷത്തെയും എതിര്‍ക്കുന്ന ഐസിസിന്റെയും ജബാത്തിന്റെയും സാന്നിധ്യം അവരെ ഇല്ലാതാക്കാന്‍ കഴിവുള്ള ബശ്ശാര്‍ അസദിലേക്ക് അധികാരം വെച്ചുകൊടുക്കുക എന്ന പരിഹാരത്തിലേക്ക് മാത്രമായിരിക്കും എത്തിക്കുക. അതുകൊണ്ട് തന്നെ അല്ലപ്പോയുടെ വിജയം കേവലം അസദിന്റെ മാത്രം വിജയമല്ല എന്ന് വ്യക്തമാണ്. റഷ്യ ഇടപെടുന്നതിനുമുമ്പ് ബശ്ശാര്‍ അസദിന്റെ സൈന്യം തകര്‍ന്ന് നില്‍ക്കുകയായിരുന്നു. റഷ്യയും ഇറാനും യുദ്ധത്തില്‍ സജീവമാകുന്നതോട് കൂടിയാണ് ബശ്ശാറിന് തിരിച്ചുവരവുണ്ടാകുന്നത്. ചുരുക്കത്തില്‍, റഷ്യക്കും ഇറാനും ഈ വിജയം നന്നായി ആഘോഷിക്കാം എന്നര്‍ഥം.

ഇനിയെന്ത്?

സിറിയയുടെ ഭാവിയെന്ത് എന്ന ചോദ്യം ഏറെ സങ്കീര്‍ണമാണ്. ഇന്റര്‍നാഷണല്‍ സിറിയ സപ്പോര്‍ട്ട് ഗ്രൂപ്പിന് (ഐ.എസ്.എസ്.ജി) കീഴില്‍ നടന്ന ജനീവ 2 മിഡില്‍ ഈസ്റ്റ് പീസ് കോണ്‍ഫറന്‍സ്(ജനീവ 2) മുന്നോട്ട് വെച്ച താല്‍ക്കാലിക സമ്പൂര്‍ണ ഭരണകൂടത്തിന് രൂപം നല്‍കുക എന്ന നിര്‍ദേശം ജനീവ 3 വിളിച്ചു ചേര്‍ത്ത് രണ്ടാം നാള്‍ പിന്‍വലിച്ച സ്ഥിതിക്ക് ഒരു സമാധാന ഉടമ്പടി ഉടനുണ്ടാകില്ല എന്ന സൂചനയാണ് നല്‍കുന്നത്. ഇതിനു പുറമെ ഫെബ്രുവരിക്ക് ശേഷം റഷ്യയുടെയും ഇറാനിന്റെയും സഹായം സര്‍ക്കാര്‍ സൈന്യത്തിനു ലഭിച്ചു. വിജയങ്ങള്‍ ഒരു ഉടമ്പടിയോടു കൂടി ഇല്ലാതാക്കാന്‍ ഒരു കാരണവശാലും ബശ്ശാര്‍ സമ്മതം മൂളില്ല എന്നുറപ്പാണ്. വിമതരില്‍ നിന്ന് അവസാന പിടി മണ്ണും തിരിച്ചുപിടിക്കുമെന്ന ബശ്ശാറുല്‍ അസദിന്റെ പ്രഖ്യാപനത്തിന് കൂടെ നില്‍ക്കുക എന്നത് തന്നെയായിരിക്കും മോസ്‌കോക്കും തെഹ്‌റാനും താല്‍പര്യം. ഇറാനും റഷ്യക്കും പുറമെ തുര്‍ക്കി, സൗദി അറേബ്യ, ഖത്തര്‍, അമേരിക്ക പോലുള്ള രാജ്യാന്തര പ്രാദേശിക ശക്തികളുടെ സാമ്പത്തിക-സൈനിക-രാഷ്ട്രീയ പിന്തുണ, ഇപ്പോഴുള്ള യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തിന് വലിയ തടസ്സമാണ്. മാത്രമല്ല ഐസ്, ജബാത്ത് അല്‍ നുസ്‌റ പോലുള്ള സംഘങ്ങള്‍ സിറിയന്‍ യുദ്ധമുഖത്തുണ്ട് എന്നത് പരിപൂര്‍ണ യുദ്ധ വിരാമം നടപ്പിലാക്കാന്‍ സാധിക്കില്ല എന്നതിലേക്ക് വിരല്‍ചൂണ്ടുന്ന വസ്തുതകളാണ്.

ഐ.എസ്.എസ്.ജി നിര്‍ദേശിച്ച യുദ്ധം അവസാനിപ്പിച്ച് ഒരു താല്‍കാലിക ഭരണകൂടരൂപീകരണം എന്ന ഭാവി സിറിയക്കുമേല്‍ അസ്തമിച്ച സ്ഥിതിക്ക് പിന്നീടുള്ള സാധ്യത അസദ് അധികാരത്തില്‍ തുടര്‍ന്ന് യുദ്ധം അവസാനിപ്പിക്കുക എന്നതാണ്. ഐസിസിന്റെയും നുസ്‌റയുടേയും പേര് പറഞ്ഞ് അന്താരാഷ്ട്ര ശക്തികളും ഈയൊരു നിലപാടിനെ പിന്തുണക്കാന്‍ സാധ്യത കൂടുതലാണ്.

റഷ്യക്ക് സിറിയന്‍ തുറമുഖത്ത് നിലനില്‍ക്കുന്ന നാവികബേസും സിറിയയില്‍ റഷ്യക്കുള്ള താല്‍പര്യവുമൊക്കെ സംരക്ഷിക്കാന്‍ ബശ്ശാര്‍ അധികാരം നിലനിര്‍ത്തേണ്ടത് അനിവാര്യമായതിനാല്‍ റഷ്യ ഒരു നിലക്കും ബശ്ശാറിനെ അധികാരത്തില്‍ നിന്നും മാറ്റാന്‍ താല്‍പര്യം കാണിക്കില്ല. ഏത് വന്‍കിട രാജ്യത്തെയും പോലെ മധ്യ പൗരസ്ത്യ രാജ്യങ്ങളിലുള്ള സ്വാധീനവും അധികാരവും ആഗോള രാഷ്ട്ര മല്‍സരത്തില്‍ റഷ്യക്കും ആവശ്യമാണ്. അവിടെയാണ് അമേരിക്ക ചില വിമത ഗ്രൂപ്പുകള്‍ക്ക് സഹായവുമായി രംഗത്തു വരുന്നത്. എന്നാല്‍ സിറിയയില്‍ അമേരിക്ക 'മിതവാദികള്‍ക്ക്' മാത്രമേ സഹായം നല്‍കുന്നുള്ളൂവെന്ന അവകാശവാദം തുടക്കം മുതല്‍ക്കേ ഉന്നയിച്ചിട്ടുണ്ട്. ഒബാമയില്‍ നിന്ന് ട്രംപിലേക്കുള്ള അമേരിക്കന്‍ ഭരണമാറ്റം സിറിയന്‍ വിഷയത്തില്‍ കാര്യമായ മാറ്റം ഉണ്ടാവാന്‍ ഇടയുണ്ട്. ബശ്ശാര്‍ അസദിന്റെ ഭരണം അംഗീകരിക്കുമെന്ന സൂചന ഡോണാള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പിന് മുമ്പെ തന്നെ സൂചന നല്‍കിയതാണ്. യു.എന്‍ മുന്നോട്ടു വെച്ച സമാധാനപദ്ധതികള്‍ പരിപൂര്‍ണമായി നിരസിക്കാതെ നീട്ടിക്കൊണ്ടുപോയ ബശ്ശാര്‍-പുടിന്‍ നിലപാട് അമേരിക്കയുടെ ട്രംപിലേക്കുള്ള മാറ്റം മുന്‍കൂട്ടി കണ്ടതുകൊണ്ടാവാം. ഐസിസിനെതിരെ ആക്രമണം ശക്തിപ്പെടുത്താന്‍ തീരുമാനിച്ച ബശ്ശാറിന്റെ നിലപാടില്‍ തൃപ്തനായിരിക്കും ട്രംപ്. ഇവിടെ പ്രശ്‌നം ബശ്ശാറിന് തെഹ്‌റാനോടുള്ള ബന്ധമായിരിക്കും. ഈ പ്രശ്‌നത്തെ റഷ്യ എങ്ങനെ സമീപിക്കുന്നുവെന്നത് കണ്ടറിയേണ്ടത് തന്നെയാണ്.

ബശ്ശാര്‍ അസദിനെ അധികാരക്കസേരയില്‍ ഉറപ്പിച്ചിരുത്താന്‍ നയങ്ങള്‍ രൂപീകരിക്കുന്ന മറ്റൊരു രാജ്യം ഇറാന്‍ ആണ്. അഫ്ഗാനിസ്ഥാന്‍ മുതല്‍ ഇറാഖും യമനും വഴി മെഡിറ്റേറിയന്‍ വരെ എത്തി നില്‍ക്കുന്ന ശിഈ സ്വാധീനം സിറിയയില്‍ നിലനില്‍ക്കുക എന്ന സുന്നീ ശിഈ വിഭാഗീയ അജണ്ടയോട് കൂടിയാണ് ഇറാന്‍ അണിയറയില്‍ നില്‍ക്കുന്നത്. ലബനീസ് ഹിസ്ബുല്ലയും അഫ്ഗാനിലെ ലീവ ഫാത്തിമിയ്യൂനും ഇറാഖിലെ ഹറഖത്ത് ഹിസ്ബുല്ല അല്‍ നുജിഹ് പോരാളികളുമാണ് കരയുദ്ധത്തില്‍ പ്രധാന സാന്നിധ്യം. ലക്ഷക്കണക്കിന് ഡോളറാണ് ശിഈ അലവിയ്യ സിറിയന്‍ സര്‍ക്കാറിന് ഇറാന്‍ നല്‍കുന്നത്.

സൗദി അറേബ്യയാണ് യുദ്ധത്തിലെ മറ്റൊരു പ്രാദേശിക സാന്നിധ്യം. സിറിയന്‍ ഗവണ്‍മെന്റിനുള്ള ഇറാന്റെ സേവനം സൗദിയുടെ സിറിയന്‍ ഇടപെടലിന് വലിയ കാരണമാണ്. ഇതേകാരണം തന്നെയാകണം ഖത്തറിനെയും യുദ്ധത്തില്‍ പങ്കാളികളാവാന്‍ പ്രേരിപ്പിച്ചത്. സൗദിയും ഖത്തറും വിമത കക്ഷികളിലെ ഇസ്‌ലാമിസ്റ്റ് കക്ഷികളെയാണ് പ്രധാനമായും സഹായിക്കുന്നത്.

ഇദ്‌ലിബില്‍ സര്‍ക്കാര്‍ പ്രതികൂല കക്ഷികളില്‍ ശക്തമായ സാന്നിധ്യം ഹറക്കത്ത് അഹ്‌റാര്‍ അല്‍ ശാം അല്‍ ഇസ്‌ലാമിയയാണ്. (അഹ്‌റാര്‍ അല്‍ ശാം) ബശ്ശാര്‍ സര്‍ക്കാറിനെതിരെയുള്ള വിമതപക്ഷത്തെ ഏറ്റവും ശക്തമായ രണ്ടാമത്തെ കക്ഷിയും അഹ്‌റാര്‍ അല്‍ശാം ആണ്. ജബാകത്ത് ഫതാഫ് അല്‍ ശാമു(ജെ.എഫ്.എസ്)മായി കൂടിയോജിച്ച് പ്രവര്‍ത്തിക്കുന്നതിനോടനുബന്ധിച്ച് നടന്ന തര്‍ക്കത്തില്‍ യോജിപ്പിനെ അനുകൂലിക്കുന്നവര്‍ ജയ്ഷ് ദല്‍ മഹ്‌റാര്‍ എന്ന കക്ഷിയായി വേറിട്ട് പോയി. ഇത് ജെ.എഫ്.എസിനെ ഇദ്‌ലിബിലെ പ്രമുഖശക്തികേന്ദ്രമാക്കും. തുര്‍ക്കിക്ക് ഇത് യഥാര്‍ഥത്തില്‍ തിരിച്ചടിയാണ്. തുര്‍ക്കിയെ തുടക്കം മുതല്‍ എതിര്‍ത്ത് പോന്നിരുന്ന കക്ഷിയാണ് ജെ.എഫ്.എസ്. ഇദ്‌ലിബില്‍ ചുറ്റുമുള്ള വിമത സംഘങ്ങളെ ജെ.എഫ്.എസിലേക്ക് കൂടുതല്‍ അടുക്കാതെ നിര്‍ത്താന്‍ തുര്‍ക്കിക്ക് സാധിക്കാതെ വന്നാല്‍ ഇദ്‌ലിബില്‍ ഇപ്പോഴുള്ള സ്വാധീനം തുര്‍ക്കിക്ക് നഷ്ടപ്പെടും. ഇത് സംഭവിക്കാതിരിക്കാന്‍ തുര്‍ക്കി ഇദ്‌ലിബ് കേന്ദ്രീകരിച്ച് മുന്നോട്ടുപോകാനായിരിക്കും ശ്രമിക്കുക. അങ്ങനെ വന്നാല്‍ അല്ലപ്പോയിലെ സര്‍ക്കാര്‍ സൈന്യവുമായി ഒരു ഏറ്റുമുട്ടല്‍ ഉണ്ടായേക്കാന്‍ ഇടയുണ്ട്. തുര്‍ക്കിയില്‍ ആഭ്യന്തരമായ പ്രക്ഷോഭങ്ങള്‍, നടക്കുന്ന സാഹചര്യവും രാജ്യത്തിന്റെ ഉത്തരദിക്കില്‍ കുറദ് വൈ.പി.ജിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സ്വാധീനവും പരിഗണിച്ച് റഷ്യന്‍സേനയുമായി നേരിട്ടൊരു യുദ്ധത്തിന് മുതിരുമോ എന്ന് സംശയമാണ്. 1980 മുതല്‍ സ്വയം ഭരണാവകാശത്തിന് വേണ്ടി വാദിക്കുന്ന തുര്‍ക്കിയിലെ കുര്‍ദ് വിമത കക്ഷിയായ കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി(പി.കെ.ജി)യുടെയാണ് തുര്‍ക്കി വൈ.പി.ജി.യെ കാണുന്നത്. വൈ.പി.ജിയെ സിറിയയില്‍ എങ്ങനെ എവിടെ വെച്ച് തുര്‍ക്കി സൈന്യം എതിരിടുമെന്നും അങ്ങനെയൊരവസരത്തില്‍ റഷ്യ എന്ത് നിലപാട് സ്വീകരിക്കുമെന്നും ഏറെ പ്രധാനപ്പെട്ട കാര്യങ്ങളാണ്.

പരിഹാരത്തെക്കുറിച്ചാലോചിക്കുമ്പോള്‍...

സിറിയയുടെ പ്രതിസന്ധിക്ക് ശാശ്വതപരിഹാരം ഉണ്ടാവേണ്ടതുണ്ട്. എന്നാല്‍ അടിയന്തിരമായി നാമെല്ലാം ഭാഗഭാക്കായി നിര്‍വഹിക്കേണ്ട ചില കാര്യങ്ങള്‍ കാണാതെ പോകരുത്. സിറിയയിെേല വിശിഷ്യാ, അല്ലപ്പോയിലെ ആഭ്യന്തരയുദ്ധത്തിന്റെ ഇരകളായ അഭയാര്‍ഥികള്‍ക്കും ഉപരോധക്കുടുക്കില്‍ പെട്ടുപോയവര്‍ക്കും ഹ്യൂമനിറ്റേറിയന്‍ സഹായം തന്നെയാണ് അടിയന്തിരമായി നിര്‍വഹിക്കാനുള്ളത്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘങ്ങളെ സാമ്പത്തികമായി സഹായിക്കുക എന്നതാണ് നമുക്ക് ചെയ്യാനുള്ളത്. അതോടൊപ്പം എല്ലാ സായുധസേനകളും അംഗീകരിക്കുന്ന താല്‍ക്കാലിക യുദ്ധവിരാമത്തിന് വേണ്ടി സമ്മര്‍ദം ചെലുത്തുക എന്നതാണ് രാഷ്ട്രീയപരമായി ചെയ്യാനള്ളത്. തുര്‍ക്കിയും റഷ്യയും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചുവെങ്കിലും ഒറ്റപ്പെട്ട ആക്രമണങ്ങള്‍ക്ക് മുന്‍കയ്യെടുക്കുന്നതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്. താല്‍ക്കാലിക യുദ്ധവിരാമം സാധ്യമായാല്‍ സിറിയന്‍ സിവിലിയന്‍സിന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാനുള്ള സാവകാശമെങ്കിലും ലഭ്യമാകും. സിറിയയുടെ ഇന്നത്തെ അവസ്ഥയെ സംബന്ധിച്ച് ബഹുജനങ്ങളിലും രാഷ്ട്രീയ പ്രവര്‍ത്തകരിലും ഭരണകര്‍ത്താക്കള്‍ക്കിടയിലും അവബോധം സൃഷ്ടിക്കുക എന്ന ദൗത്യവും നിര്‍വഹിക്കപ്പെടേണ്ടതുണ്ട്. പാശ്ചാത്യ നവ പാശ്ചാത്യ നാടുകളില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ അതിശയോക്തി കലര്‍ത്തി അവതരിപ്പിക്കുകയും അതുവഴി പൊതുവികാരമിളക്കി വിടുകയും ചെയ്യുന്ന സാഹചര്യം ലോകത്തെല്ലായിടത്തും നിലനില്‍ക്കുന്നത് പോലെ കേരളത്തിലുമുണ്ട്. അറബികളെയും മുസ്‌ലിംക ളെയും സംബന്ധിച്ച് മീഡിയ നിര്‍മിച്ചെടുത്ത സ്റ്റീരിയോ ടൈപ്പുകള്‍, കേരളത്തിന്റെ പൊതുബോധ മറവികളോടുള്ള പ്രത്യേകഭയ(തലിീുവീയശര)ത്തിലേക്ക് എത്തിച്ചിട്ടുണ്ട് എന്നത് വാസ്തവമാണ്. സിറിയന്‍ ജനതയെ അഭയാര്‍ഥികളായി സ്വീകരിക്കുന്ന പശ്ചാത്യനാടുകളില്‍ ഇത്തരത്തിലുള്ള 'ഭയ'ങ്ങള്‍ ബാധിച്ചാല്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളൊന്നും കേരളത്തില്‍ ഉണ്ടാവാനിടയില്ലെങ്കില്‍ പോലും പൊതുബോധമാണ് രാഷ്ട്രീയ നയം രൂപീകരിക്കുന്നത് എന്ന സത്യം നാം ഗൗരവപൂര്‍വം കണക്കിലെടുക്കേണ്ടതുണ്ട്.

ഈ പ്രവര്‍ത്തനങ്ങളിലൊക്കെ വ്യാപൃതനാവുന്നതിനിടക്ക് തന്നെ കാര്യങ്ങള്‍ നിശ്ചയിക്കുന്ന അല്ലാഹുവില്‍ വിശ്വസിക്കുകയും അവനോടുള്ള പ്രാര്‍ഥനയില്‍ പ്രതീക്ഷയര്‍പ്പിക്കുകയും ചെയ്യുന്ന മുസ്‌ലിം, മര്‍ദിതസമൂഹത്തിന് വേണ്ടി തന്റെ കരങ്ങള്‍ സദാ അല്ലാഹുവിലേക്കുയര്‍ത്തണം. 'അക്രമികളായ ജനങ്ങളില്‍ നിന്ന് മോചനം നല്‍കണമേ'(ക്വുര്‍ആന്‍ 4:75) എന്ന പ്രാര്‍ഥന മര്‍ദിതരായ വ്യക്തികള്‍ നടത്തിയത് പ്രത്യേകമായി ഖുര്‍ആന്‍ എടുത്തുദ്ധരിച്ചതായി കാണാം. മദീനയിലേക്ക് ഹിജ്‌റ പോകാന്‍ ആഗ്രഹിക്കുകയും എന്നാല്‍ ഖുറൈശികളായ അക്രമികളുടെ ഉപരോധത്താല്‍ രാജ്യം ത്യജിച്ച് പോകുവാന്‍ സാധിക്കാതെ വരികയും ചെയ്ത ദുര്‍ബലരും മര്‍ദിതരുമായ ജനതയുടെ പ്രാര്‍ഥനയായിരുന്നു അത്. സിറിയയിലെ സാധാരണ ജനങ്ങള്‍ തങ്ങളുടെ ദുരിതങ്ങളുടെ നടുവില്‍ നിന്ന് അതേ പ്രാര്‍ഥന ഉരുവിടുമ്പോള്‍ സുഖലോലുപതയുടെ നടുവില്‍ നില്‍ക്കുന്ന നമുക്ക് കൂടെ പ്രാര്‍ഥിക്കാന്‍ സാധ്യമാകണം. പ്രാര്‍ഥനയേക്കാള്‍ വലിയ പരിഹാരമില്ല എന്ന ചിന്തയാണ് വിശ്വാസികളുടെ ഊര്‍ജം.