ക്വുര്‍ആനും ഉപമകളും

അഷ്‌റഫ് എകരൂല്‍

2017 ഡിസംബർ 30 1439 റബിഉല്‍ ആഖിര്‍ 12
ആശയത്തെ ഏറ്റവും ഗ്രാഹ്യവും ഹൃദ്യവും ഹ്രസ്വവുമായി പരിചിത തലത്തിലേക്ക് കൊണ്ട് വരികയാണ് ഉപമകള്‍ കൊണ്ടുള്ള ഉദ്ദേശ്യം. അദൃശ്യമായവയോ അപ്രാപ്യമായവയോ ആയതിനെ കണ്ണിനും മനസ്സിനും ബോധ്യമാവുന്ന തലത്തിലേക്ക് മാറ്റി അവതരിപ്പിക്കുമ്പോള്‍ മനസ്സിന്റെ ആഴങ്ങളില്‍ അത് മായാതെ കിടക്കും. ആ അര്‍ഥത്തില്‍ ക്വുര്‍ആനിലെ ഉപമകള്‍ അതിഗംഭീരവും പഠനാര്‍ഹവുമാണ്.

''തീര്‍ച്ചയായും ജനങ്ങള്‍ക്കുവേണ്ടി എല്ലാവിധ ഉപമകളും ഈ ക്വുര്‍ആനില്‍ നാം വിവിധ തരത്തില്‍ വിവരിച്ചിരിക്കുന്നു. എന്നാല്‍ മനുഷ്യന്‍ അത്യധികം തര്‍ക്കസ്വഭാവമുള്ളവനത്രെ'' (ക്വുര്‍ആന്‍ 18:54).

''ആ ഉപമകള്‍ നാം മനുഷ്യര്‍ക്ക് വേണ്ടി വിവരിക്കുകയാണ്. അറിവുള്ളവരല്ലാതെ അവയെപ്പറ്റി ചിന്തിച്ച് മനസ്സിലാക്കുകയില്ല'' (ക്വുര്‍ആന്‍ 21:43).

വിശുദ്ധ ക്വുര്‍ആന്‍ കേവലമായ നിയമാവലികളുടെയും വിധിവിലക്കുകളുടെയും മാത്രം സമാഹാരമല്ല. മറിച്ച് സംസ്‌കരണത്തിന്റെയും ശിക്ഷണത്തിന്റെയും സന്മാര്‍ഗത്തിന്റെയും കൂടി ഗ്രന്ഥമാണ്. വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം തുടങ്ങിയവയുടെ നേരായ നിലനില്‍പിനായുള്ള സ്രഷ്ടാവിന്റെ സമ്മാനം. 

ഇതിനാല്‍ തന്നെ വസ്തുതകളെ അവതരിപ്പിക്കുന്നതില്‍ മനുഷ്യന്റെ മനസ്സിനെയും ധിഷണയെയും പരസ്പരം ബന്ധിപ്പിക്കും വിധത്തിലുള്ള ഒരു സംവേദന ആവിഷ്‌കാര രീതിയാണ് ക്വുര്‍ആന്‍ അവലംബിച്ചിട്ടുള്ളത്. ഇതില്‍ മുഖ്യ തലമാണ് ഉപമാലങ്കാരങ്ങളുടെ ഉപയോഗങ്ങള്‍. 

ബുദ്ധിക്കും മനസ്സിനും ദൃഢത നല്‍കുന്നതിനും ആശയങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും അവ്യക്തതകളില്‍ നിന്നും അന്ധവിശ്വാസങ്ങളില്‍ നിന്നും മുക്തി നല്‍കുന്നതിനും ഉതകുന്നതാണ് ഉപമകള്‍ ചേര്‍ത്തുള്ള ക്വുര്‍ആനിന്റെ അവതരണ ശൈലി. 

ബുദ്ധിശാലികള്‍ക്ക് കൂടുതല്‍ ചിന്തനീയമാവാനാണ് നാം ഉപമകള്‍ കൊണ്ട് വരുന്നതെന്ന അല്ലാഹുവിന്റെ പ്രഖ്യാപനം, ക്വുര്‍ആന്‍ ആഴത്തില്‍ മനസ്സിലാക്കുന്നതില്‍ ഈ വിഷയത്തിന്റെ പ്രാധാന്യം ബോധിപ്പിക്കുന്നുണ്ട്. പഠനവും ചിന്തയും തന്മൂലമുണ്ടാക്കുന്ന സമര്‍പ്പണവുമാണ് ക്വുര്‍ആന്‍ അതിന്റെ വായനക്കാരില്‍ നിന്നും പഠിതാക്കളില്‍ നിന്നും ആവശ്യപ്പെടുന്നത്. അവ സാധൂകരിക്കാന്‍ ഈ തലങ്ങളില്‍ പഠിതാക്കള്‍ ശ്രദ്ധയൂന്നേണ്ടതുണ്ട്. 


ഉപമകള്‍

ഒരു ആശയത്തെ ഏറ്റവും ഗ്രാഹ്യവും ഹൃദ്യവും ഹ്രസ്വവുമായി സുപരിചിതമായ രീതിയില്‍ കൊണ്ട് വരികയാണ് ഉപമകള്‍ കൊണ്ടുള്ള ഉദ്ദേശ്യം. അദൃശ്യമായവയോ അപ്രാപ്യമായവയോ കണ്ണിനും മനസ്സിനും പ്രാപ്യമായ തലത്തിലേക്ക് മാറ്റി അവതരിപ്പിക്കുമ്പോള്‍ മനസ്സില്‍ ആഴത്തില്‍ പതിക്കുകയും ഓര്‍മകളില്‍ മായാതെ കിടക്കുകയും ചെയ്യും. ആ അര്‍ഥത്തില്‍ ക്വുര്‍ആനിലെ ഉപമകള്‍ അതിഗംഭീരവും പഠനാര്‍ഹവുമാണ്. 

പൊതുവായി രണ്ട് തരത്തിലാണ് ഉപമകളെ ക്വുര്‍ആന്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. 

1). ഉപമാരാങ്കാല പദങ്ങള്‍ ഉപയോഗിച്ചുള്ള വിവരണം. ഉദാഹരണം വേദഗ്രന്ഥം ലഭിച്ചിട്ടും അതിനെ പഠന വിധേയമാക്കാതെ കേവലാനുയായികളായി മാറിയ സമൂഹത്തെ കുറിച്ചുള്ള ഉപമ. . 

''തൗറാത്ത് സ്വീകരിക്കാന്‍ ചുമതല ഏല്‍പിക്കപ്പെടുകയും എന്നിട്ട് അത് ഏറ്റെടുക്കാതിരിക്കുകയും ചെയ്തവരുടെ (യഹൂദരുടെ) ഉദാഹരണം ഗ്രന്ഥങ്ങള്‍ ചുമക്കുന്ന കഴുതയുടേത് പോലെയാകുന്നു. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചു കളഞ്ഞ ജനങ്ങളുടെ ഉപമ എത്രയോ ചീത്ത! അക്രമികളായ ജനങ്ങളെ അല്ലാഹു സന്‍മാര്‍ഗത്തിലാക്കുകയില്ല'' (ക്വുര്‍ആന്‍ 62:5)

2). പ്രത്യക്ഷമായ ഉപമലങ്കാര പ്രയോഗങ്ങളുടെ സങ്കേതങ്ങളെ ഉപയോഗിക്കാതെയും എന്നാല്‍ അവ ഉള്‍കൊള്ളിച്ചും കൊണ്ടുള്ള അവതരണം. 

ഉദാഹരണം: സമ്പത്ത് ചെലവിടുന്നതിന്റെ മധ്യമ നിലപാട് പഠിപ്പിക്കുന്ന വചനത്തിന്റെ ശൈലി. 

''നിന്റെ കൈ നീ പിരടിയിലേക്ക് ബന്ധിക്കപ്പെട്ടതാക്കരുത്. അത് (കൈ) മുഴുവനായങ്ങ് നീട്ടിയിടുകയും ചെയ്യരുത്. അങ്ങനെ ചെയ്യുന്ന പക്ഷം നീ നിന്ദിതനും കഷ്ടപ്പെട്ടവനുമായിരിക്കേണ്ടിവരും'' (ക്വുര്‍ആന്‍ 17:29).

ഏത് ഇനം ഉപമകളാണെങ്കിലും അവ മുഖേന അല്ലാഹു മനുഷ്യനെ ബോധ്യപ്പെടുത്തുന്ന വസ്തുത, 'മനുഷ്യാ! സത്യം ഞാന്‍ നിനക്ക് തെളിയിച്ചു തന്നു, നിരര്‍ഥകതയെ ഞാന്‍ പൊളിച്ചു, നേര്‍മാര്‍ഗം നിന്നിലേക്കടുപ്പിച്ചു. അല്ലാഹുവിന്റെ ഏകത്വം ബഹുദൈവത്വത്തില്‍ നിന്ന് വേര്‍തിരിച്ചറിയാതിരിക്കുന്നതിലോ, തിന്മകളുടെ കൂട്ടത്തില്‍ നിന്ന് നന്മകളെ കണ്ടെത്താതിരിക്കുന്നതിലോ, നിനക്ക് യാതൊരു ന്യായീകരണവും പറയാനില്ല' എന്ന സത്യമാണ്. അഥവാ പൂര്‍ണബോധ്യത്തോടെ സമര്‍പണം ചെയ്തുകൊണ്ട് സ്വര്‍ഗാവകാശി ആവുകയോ അല്ലെങ്കില്‍ ബോധ്യപ്പെട്ടിട്ടും ധിക്കാരിയായതിനാല്‍ നരകാവകാശിയാവുകയോ ചെയ്യുക. 

ഉപമകള്‍ കൊണ്ടുള്ള ലക്ഷ്യങ്ങളും നേട്ടങ്ങളും

അല്ലാഹുവിന്റെ ഉപമകള്‍ ഏറ്റവും കുറ്റമറ്റതും ശക്തവും അര്‍ഥങ്ങള്‍ക്ക് പൂര്‍ണത നല്‍കുന്നതുമായിരിക്കും. വിവിധ തരം ലക്ഷ്യങ്ങളോടെയാണ് അല്ലാഹു ഉപമകള്‍ ഉപയോഗിച്ചിരിക്കുന്നത്. ചിലപ്പോള്‍ സത്യത്തെ ശക്തിപ്പെടുത്തുവാനാണെങ്കില്‍ മറ്റു ചിലപ്പോള്‍ നിരര്‍ഥകതയെ നിന്ദിക്കാനാവും. വേറെ ചിലപ്പോള്‍ ഹൃദയങ്ങള്‍ക്ക് ആശ്വാസകരമായ ഉപദേശമായിട്ടാകും. വിശ്വാസവും കര്‍മ മണ്ഡലങ്ങളും സ്വഭാവങ്ങളുമെല്ലാം അടങ്ങിയ വ്യത്യസ്ത മേഖലകള്‍ അല്ലാഹു ഉപമകളിലൂടെ പ്രതിപാദിച്ചിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ചിലത് കാണുക: 

1. അല്ലാഹുവിന്റെ ഏകത്വത്തെ സ്ഥാപിക്കുക. 

2. വിശ്വാസ തലങ്ങള്‍ക്ക് ദൃഢത നല്‍കുന്ന രീതി. 

3. കുഫ്‌റിന്റെ നിരര്‍ഥകത വെളിപ്പെടുത്തുകയും അവിശ്വാസികളുടെ ന്യായീകരണങ്ങള്‍ക്ക് മറുപടിയുമാകുന്ന രീതി. 

4. കപട വിശ്വാസികളുടെ മുഖം മൂടി അഴിക്കുന്ന രീതി. 

5. നന്മകള്‍ക്കുള്ള വിളിയാളവും തിന്മകളെക്കുറിച്ചുള്ള താക്കീതും. 

6. നല്ലതും ചീത്തയും വേര്‍തിരിക്കുന്ന രീതി. 

ഇത് പോലെ ക്വുര്‍ആനിലെ ഉപമകള്‍ കൊണ്ടുള്ള ധാരാളം ലക്ഷ്യങ്ങളും ഉപകാരങ്ങളും പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. 

1. അദൃശ്യലോകത്തെ ഒരനുഭവത്തെ ദൃശ്യലോകത്തേതുമായി ഉപമിക്കുക. തന്മൂലം ഉള്‍ക്കൊള്ളാന്‍ എളുപ്പമാകുന്നു. ഉദാ: പലിശതിന്നുന്നവന്റെ പരലോകത്തെ അവസ്ഥ: 

''പലിശ തിന്നുന്നവര്‍ പിശാചുബാധ നിമിത്തം മറിഞ്ഞുവീഴുന്നവന്‍ എഴുന്നേല്‍ക്കുന്നത് പോലെയല്ലാതെ എഴുന്നേല്‍ക്കുകയില്ല''(ക്വുര്‍ആന്‍ 2:275).

2. സല്‍കര്‍മങ്ങളനുഷ്ഠിക്കാനുള്ള പ്രോത്സാഹനം നല്‍കാന്‍ വേണ്ടിയുള്ളത്. 

ഉദാ: ''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴ് കതിരുകള്‍ ഉല്‍പാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയായി നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാണ്'' (ക്വുര്‍ആന്‍ 2:261).

3. ചീത്ത പ്രവൃത്തികളില്‍ നിന്നും മനുഷ്യനെ അകറ്റാന്‍ ഉതകുന്ന വിധം കാര്യങ്ങള്‍ പറഞ്ഞുതരിക. ഉദാ: 

''നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ചുപറയുകയും അരുത്. തന്റെ സഹോദരന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാല്‍ അത് (ശവം തിന്നുന്നത്) നിങ്ങള്‍ വെറുക്കുകയാണു ചെയ്യുന്നത്. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു'' (ക്വുര്‍ആന്‍ 49:12).

4. ഉപമകള്‍ക്ക്, ആശയങ്ങള്‍ ഹൃദയത്തില്‍ ശക്തമായി പതിപ്പിക്കാനും നല്ല ഒരു ഉപദേശകന്റെ സ്ഥാനത്തിരിക്കാനും കഴിയും. അല്ലാഹു പറയുന്നു: 

''ആ ഉപമകള്‍ നാം മനുഷ്യര്‍ക്ക് വേണ്ടി വിവരിക്കുകയാണ്. അറിവുള്ളവരല്ലാതെ അവയെപ്പറ്റി ചിന്തിച്ച് മനസ്സിലാക്കുകയില്ല'' (ക്വുര്‍ആന്‍ 29:43).

അല്ലാഹു ഉപമിക്കാന്‍ തെരഞ്ഞെടുത്ത കാര്യങ്ങള്‍ എത്രെ വൈവിധ്യവും ചിന്തനിയുമാണ്! മനുഷ്യജീവിതവുമായി കെട്ടുപിണഞ്ഞു കിടക്കുന്നതും ദൈനംദിന ഇടപെടലുകള്‍ക്ക് നടുവിലുള്ളതുമാണ് അവയൊക്കെയും. അത് ചിലപ്പോള്‍ സസ്യങ്ങളോ വൃക്ഷങ്ങളോ ആവാം. 

''അല്ലാഹു നല്ല വചനത്തിന് എങ്ങനെയാണ് ഉപമ നല്‍കിയിരിക്കുന്നത് എന്ന് നീ കണ്ടില്ലേ? (അത്) ഒരു നല്ല മരം പോലെയാകുന്നു. അതിന്റെ മുരട് ഉറച്ചുനില്‍ക്കുന്നതും അതിന്റെ ശാഖകള്‍ ആകാശത്തേക്ക് ഉയര്‍ന്ന് നില്‍ക്കുന്നതുമാകുന്നു. അതിന്റെ രക്ഷിതാവിന്റെ ഉത്തരവനുസരിച്ച് അത് എല്ലാ കാലത്തും അതിന്റെ ഫലം നല്‍കിക്കൊണ്ടിരിക്കും. മനുഷ്യര്‍ക്ക് അവര്‍ ആലോചിച്ച് മനസ്സിലാക്കുന്നതിനായി അല്ലാഹു ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു. ദുഷിച്ച വചനത്തെ ഉപമിക്കാവുന്നതാകട്ടെ, ഒരു ദുഷിച്ച വൃക്ഷത്തോടാകുന്നു. ഭൂതലത്തില്‍ നിന്ന് അത് പിഴുതെടുക്കപ്പെട്ടിരിക്കുന്നു. അതിന്ന് യാതൊരു നിലനില്‍പുമില്ല'' (ക്വുര്‍ആന്‍ 14:24-26).

ചിലപ്പോള്‍ മൃഗങ്ങളുടെ കൂട്ടത്തില്‍ നിന്നാവാം. സത്യത്തില്‍ നിന്ന് ഊരിച്ചാടി പിശാചിന്റെ പിന്നാലെ പോകുന്നവനെ നായയോട് ഉപമിച്ചത് കാണുക:

 ''നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവ (ദൃഷ്ടാന്തങ്ങള്‍) മൂലം അവന്ന് ഉയര്‍ച്ച നല്‍കുമായിരുന്നു. പക്ഷേ, അവന്‍ ഭൂമിയലേക്ക് (അത് ശാശ്വതമാണെന്ന ഭാവേന) തിരിയുകയും അവന്റെ തന്നിഷ്ടത്തെ പിന്‍പറ്റുകയുമാണ് ചെയ്തത്. അപ്പോള്‍ അവന്റെ ഉപമ ഒരു നായയുടെത് പോലെയാകുന്നു. നീ അതിനെ ആക്രമിച്ചാല്‍ അത് നാവ് തൂക്കിയിടും. നീ അതിനെ വെറുതെ വിട്ടാലും അത് നാവ് തൂക്കിയിടും. അതാണ് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ച് തള്ളിയവരുടെ ഉപമ. അതിനാല്‍ (അവര്‍ക്ക്) ഈ കഥ വിവരിച്ചുകൊടുക്കൂ. അവര്‍ ചിന്തിച്ചെന്ന് വരാം'' (ക്വുര്‍ആന്‍ 7:176).

മറ്റു ചിലപ്പോള്‍ മനുഷ്യനെ തന്നെ ഉപമിക്കും. സന്മാര്‍ഗിയയെയും ദുര്‍മാര്‍ഗിയെയും ഉപമിച്ച പോലെ. 

''(ഇനിയും) രണ്ട് പുരുഷന്‍മാരെ അല്ലാഹു ഉപമയായി എടുത്തുകാണിക്കുന്നു. അവരില്‍ ഒരാള്‍ യാതൊന്നിനും കഴിവില്ലാത്ത ഊമയാകുന്നു. അവന്‍ തന്റെ യജമാനന് ഒരു ഭാരവുമാണ്. അവനെ എവിടേക്ക് തിരിച്ചുവിട്ടാലും അവന്‍ യാതൊരു നന്‍മയും കൊണ്ട് വരില്ല. അവനും, നേരായ പാതയില്‍ നിലയുറപ്പിച്ചുകൊണ്ട് നീതി കാണിക്കാന്‍ കല്‍പിക്കുന്നവനും തുല്യരാകുമോ?'' (ക്വുര്‍ആന്‍ 16:76).

സാഹിത്യ സാമ്രാട്ടുകളുടെ നടുവില്‍ നിന്ന് അതിസാഹിത്യ സമ്പുഷ്ടിയോടെ ക്വുര്‍ആന്‍ വചനങ്ങള്‍ ഓതിക്കൊടുത്തപ്പോള്‍ അതിനിസ്സാര വസ്തുക്കളെ ഉപമിക്കുന്നത് ഉന്നത സാഹിത്യനിലവാരത്തിന്ന് അനുഗുണമല്ല എന്നായിരുന്നു എതിരാൡകള്‍ക്ക് പറയുവാനുണ്ടായിരുന്നത്. അതിന് അല്ലാഹു നല്‍കിയ മറുപടി ഇതാണ്: 

''ഏതൊരു വസ്തുവെയും ഉപമയാക്കുന്നതില്‍ അല്ലാഹു ലജ്ജിക്കുകയില്ല; തീര്‍ച്ച. അതൊരു കൊതുകോ അതിലുപരി നിസ്സാരമോ ആകട്ടെ. എന്നാല്‍ വിശ്വാസികള്‍ക്ക് അത് തങ്ങളുടെ നാഥന്റെ പക്കല്‍നിന്നുള്ള സത്യമാണെന്ന് ബോധ്യമാകുന്നതാണ്. സത്യനിഷേധികളാകട്ടെ ഈ ഉപമകൊണ്ട് അല്ലാഹു എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ചോദിക്കുകയാണ് ചെയ്യുക. അങ്ങനെ ആ ഉപമ നിമിത്തം ധാരാളം ആളുകളെ അവന്‍ പിഴവിലാക്കുന്നു. ധാരാളം പേരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. അധര്‍മകാരികളല്ലാത്ത ആരെയും അത് നിമിത്തം അവന്‍ പിഴപ്പിക്കുകയില്ല'' (ക്വുര്‍ആന്‍ 2:26).

ഒരു കൊതുക് നമ്മുടെകണ്ണില്‍ എത്ര നിസ്സാരം! പക്ഷേ, ഒരു ചെറു ജീവി പോലും നിസ്സാരമല്ല; അതില്‍ അടങ്ങിയ ദൈവിക ദൃഷ്ടാന്തങ്ങളെ കുറിച്ച് നാം ചിന്തിക്കുകയാണെങ്കില്‍. ഈ പ്രപഞ്ചത്തിലെ ഓരോ കണികയിലും അല്ലാഹു തെളിവുകള്‍ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്; ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമായി. 

ഒരു കവി പാടി: ''കാര്യങ്ങളിലും വര്‍ത്തമാനങ്ങളിലും ഒരു ചെറുതിനെയും നിസ്സാരവത്കരിക്കരുത്. കാരണം ഒരു ഈച്ച മതി സിംഹത്തിന്റെ കണ്ണില്‍ രക്തം പൊടിക്കാന്‍...''

ക്വുര്‍ആനില്‍ ഉപമയായി പറഞ്ഞ മറ്റൊരു ജീവി ഈച്ചയാണ്. അതാവട്ടെ അതി ഗൗരവമായ മുഖവരയോട് കൂടിയാണ് അല്ലാഹു ഉപമ വിവരിക്കുന്നത് . സൂറത്തുല്‍ ഹജ്ജിലെ 73ഉം 74ഉം വചനങ്ങള്‍ നോക്കുക. 

''മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങള്‍ അത് ശ്രദ്ധിച്ചു കേള്‍ക്കുക. തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിന്നായി അവരെല്ലാവരും ഒത്തുചേര്‍ന്നാല്‍ പോലും. ഈച്ച അവരുടെ പക്കല്‍ നിന്ന് വല്ലതും തട്ടിയെടുത്താല്‍ അതിന്റെ പക്കല്‍ നിന്ന് അത് മോചിപ്പിച്ചെടുക്കാനും അവര്‍ക്ക് കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുര്‍ബലര്‍ തന്നെ; അല്ലാഹുവെ കണക്കാക്കേണ്ട മുറപ്രകാരം അവര്‍ കണക്കാക്കിയിട്ടില്ല. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു'' (ക്വുര്‍ആന്‍ 15:73, 74).

അല്ലാഹുവേതര ആരാധ്യന്മാരുടെ ദുര്‍ബലത കാണിക്കുവാനാണ് അല്ലാഹു ഈ ഉപമ നല്‍കിയിരിക്കുന്നത്. 

ഇന്ന് ഇത്തരം ജീവികളുടെ പ്രകൃതിയെ കുറിച്ചുള്ള മെഡിക്കല്‍ പഠനങ്ങള്‍ക്കായി മനുഷ്യന്‍ എത്ര സമയവും സാങ്കേതിക ഉപകരണങ്ങളുമാണ് ഉപേയാഗിക്കുന്നത്! അവയിലുള്ള അത്ഭുതപ്പെടുത്തുന്ന സൃഷ്ടി വൈഭവം തന്നെ അതിന് നിമിത്തം. ഒരു ഈച്ചയുടെ കാര്യം ഇതാണെങ്കില്‍ മനുഷ്യ സൃഷ്ടിപ്പില്‍ അടങ്ങിയ അത്ഭുതങ്ങള്‍ മനുഷ്യന്‍ അറിഞ്ഞതും അറിയാത്തതും എത്രെയുണ്ടാവും! ഏകനായ അല്ലാഹുവിനെ കൂടുതല്‍ അറിയാനും അവന്നു വഴിപ്പെടാനും ഈ അറിവും ചിന്തയും മനുഷ്യനെ സഹായിക്കുന്നു. 

ചിലയിടങ്ങളില്‍ ഇരട്ട ഉപമകള്‍ കാണാം. അഗ്‌നിയും വെള്ളവും ഉപമിക്കുന്നതിലെ അത്ഭുതം അവര്‍ണനീയമാണ്. ഒരിടത്ത് കപട വിശ്വാസികളുടെ കാര്യത്തിലാണെങ്കില്‍ മറ്റൊരിടത്തു സത്യവിശ്വാസിയുടെ കാര്യത്തിലാണ് ഇവ ഉപമിച്ചിരിക്കുന്നത്. കപട വിശ്വാസികളുടെ അവസ്ഥ വിവരിക്കുന്ന ചിലവചനങ്ങള്‍ കാണുക:

''അവരെ ഉപമിക്കാവുന്നത് ഒരാളോടാകുന്നു: അയാള്‍ തീ കത്തിച്ചു. പരിസരമാകെ പ്രകാശിതമായപ്പോള്‍ അല്ലാഹു അവരുടെ പ്രകാശം കെടുത്തിക്കളയുകയും ഒന്നും കാണാനാവാതെ ഇരുട്ടില്‍ (തപ്പുവാന്‍) അവരെ വിടുകയും ചെയ്തു; ബധിരരും ഊമകളും അന്ധന്‍മാരുമാകുന്നു അവര്‍. അതിനാല്‍ അവര്‍ (സത്യത്തിലേക്ക്) തിരിച്ചുവരികയില്ല. അല്ലെങ്കില്‍ (അവരെ) ഉപമിക്കാവുന്നത് ആകാശത്തുനിന്നു ചൊരിയുന്ന ഒരു പേമാരിയോടാകുന്നു. അതോടൊപ്പം കൂരിരുട്ടും ഇടിയും മിന്നലുമുണ്ട്. ഇടിനാദങ്ങള്‍ നിമിത്തം മരണം ഭയന്ന് അവര്‍ വിരലുകള്‍ ചെവിയില്‍ തിരുകുന്നു. എന്നാല്‍ അല്ലാഹു സത്യനിഷേധികളെ വലയം ചെയ്തിരിക്കുകയാണ്'' (ക്വുര്‍ആന്‍ 2:17-19). 

തീ വെളിച്ചത്തിന്റെ സ്രോതസ്സും വെള്ളം ജീവന്റെ സ്രോതസ്സുമാണ്. ഹൃദയത്തെ പ്രകാശിപ്പിക്കുന്ന ഇസ്‌ലാമിനെ അവര്‍ക്കു ലഭിച്ചു. അതിന്റെ വെളിച്ചം അവര്‍ സ്വീകരിച്ചില്ല. അവരെ ഇരുട്ടിലുപേക്ഷിച്ചു. ശക്തമായ മഴയാവട്ടെ അവരുടെ കാര്യത്തില്‍ ഭീതിയും അസ്വസ്ഥതയും നിറച്ചുകൊണ്ട് അവര്‍ക്കു നേരെ പെയ്തിറങ്ങിക്കൊണ്ടിരുന്നു. 

എന്നാല്‍ ഇതേ മഴയെയും തീയിനെയും അല്ലാഹു സത്യവിശ്വാസികളുടെ കാര്യത്തില്‍ ഉപമിക്കുന്നത് കാണുക: 

''അവന്‍ (അല്ലാഹു) ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞു. എന്നിട്ട് താഴ്‌വരകളിലൂടെ അവയുടെ (വലുപ്പത്തിന്റെ) തോത് അനുസരിച്ച് വെള്ളമൊഴുകി. അപ്പോള്‍ ആ ഒഴുക്ക് പൊങ്ങി നില്‍ക്കുന്ന നുരയെ വഹിച്ചുകൊണ്ടാണ് വന്നത്. വല്ല ആഭരണമോ ഉപകരണമോ ഉണ്ടാക്കാന്‍ ആഗ്രഹിച്ച് കൊണ്ട് അവര്‍ തീയിലിട്ടു കത്തിക്കുന്ന ലോഹത്തില്‍ നിന്നും അത് പോലുള്ള നുരയുണ്ടാകുന്നു. അതു പോലെയാകുന്നു അല്ലാഹു സത്യത്തെയും അസത്യത്തെയും ഉപമിക്കുന്നത്. എന്നാല്‍ ആ നുര ചവറായി പോകുന്നു. മനുഷ്യര്‍ക്ക് ഉപകാരമുള്ളതാകട്ടെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നു. അപ്രകാരം അല്ലാഹു ഉപമകള്‍ വിവരിക്കുന്നു'' (ക്വുര്‍ആന്‍ 13:17).

മനുഷ്യന്റെ ചിന്തക്കും കേള്‍വിക്കും കാഴ്ചക്കും ജീവന്‍ നല്‍കുന്ന ദിവ്യസന്ദേശത്തെ സസ്യങ്ങളെ മുളപ്പിച്ച് ഭൂമിക്കു ജീവന്‍ നല്‍കുന്ന മഴയോട് ഉപമിച്ചിരിക്കുന്നു. വലിയ ഹൃദയങ്ങള്‍ താഴ്‌വരകള്‍ കണക്കെ വലിയ അറിവും ഈമാനും ഉള്‍കൊള്ളുന്നു. ചെറിയ ഹൃദയങ്ങള്‍ ചെറിയ താഴ്‌വരകള്‍ പോലെ അവയ്ക്കാവുന്നതും. ദുര്‍ചിന്തകളെയും ദുസ്സംശയങ്ങളെയും നുര പോലെ അവ പോക്കിക്കളയുന്നു. ലോഹങ്ങള്‍ കത്തിച്ചെടുക്കുമ്പോള്‍ അതിലെ കേടുപാടുകള്‍ എല്ലാം നശിച്ചു സ്ഫുടം ചെയ്‌തെടുക്കപ്പെടും പോലെ അവരുടെ ഈമാന്‍ ഏറെ തെളിമയോടെ അവശേഷിക്കുന്നു. 

വിശ്വാസിയുടെ ഹൃദയത്തില്‍ ദിവ്യവെളിച്ചം കടക്കുമ്പോള്‍ ദുര്‍ചിന്തകളും വേണ്ടാത്തരങ്ങളും കരിഞ്ഞില്ലാതായി സ്ഫുടം ചെയ്ത വ്യക്തിത്വം വളര്‍ന്നുവരുന്നു. സത്യവിശ്വാസം സ്വീകരിക്കുന്നവര്‍ക്ക് അത് നിരസിക്കുന്നവരില്‍ നിന്ന് വ്യത്യസ്തമായി ലഭിക്കുന്ന പുതുജീവനും തിളക്കവുമാണ് അല്ലാഹു ഇതിലൂടെ അനാവരണം ചെയ്യുന്നത് 

പ്രകൃതിയുടെ ചില തുടിക്കുന്ന കാഴ്ചകളെ ഉപമിക്കുന്ന പല സ്ഥലങ്ങളിലും അല്ലാഹു മൊട്ടക്കുന്നുകളും മണലും കാറ്റും എല്ലാം കൂട്ടിയിണക്കി നല്‍കുന്ന ചിത്രം അര്‍ഥ ഗര്‍ഭവും മനോഹരവുമാണ്. ദൈവപ്രീതി പ്രതീക്ഷിക്കാതെ ഭൗതിക താല്‍പര്യങ്ങള്‍ക്ക് വേണ്ടി പുണ്യം ചെയ്യുകയും അവ എടുത്തു പറഞ്ഞു ഉപദ്രവിക്കുകയും ചെയ്യുന്നതിന്റെ ഗൗരവം കാണിക്കുന്ന ഒരു രംഗമാണത്:

''സത്യവിശ്വാസികളേ, (കൊടുത്തത്) എടുത്തുപറഞ്ഞ് കൊണ്ടും ശല്യമുണ്ടാക്കിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ ദാനധര്‍മങ്ങളെ നിഷ്ഫലമാക്കിക്കളയരുത്. അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാതെ, ജനങ്ങളെ കാണിക്കുവാന്‍ വേണ്ടി ധനം ചെലവ് ചെയ്യുന്നവനെപ്പോലെ നിങ്ങളാകരുത്. അവനെ ഉപമിക്കാവുന്നത് മുകളില്‍ അല്‍പം മണ്ണ് മാത്രമുള്ള മിനുസമുള്ള ഒരു പാറയോടാകുന്നു. ആ പാറ മേല്‍ ഒരു കനത്ത മഴ പതിച്ചു. ആ മഴ അതിനെ ഒരു മൊട്ടപ്പാറയാക്കി മാറ്റിക്കളഞ്ഞു. അവര്‍ അധ്വാനിച്ചതിന്റെ യാതൊരു ഫലവും കരസ്ഥമാക്കാന്‍ അവര്‍ക്ക് കഴിയില്ല. അല്ലാഹു സത്യനിഷേധികളായ ജനതയെ നേര്‍വഴിയിലാക്കുകയില്ല'' (ക്വുര്‍ആന്‍ 2:264).

വിശ്വാസത്തിന്റെ അടിത്തറയില്ലാതെ നന്മ ചെയ്ത വാദവുമായി വരുന്ന സത്യനിഷേധികളുടെ പരലോകത്തെ അവസ്ഥ വിവരിക്കുന്ന ഒരു ഉപമ കാണുക. എത്ര ലളിതമായാണ് മനുഷ്യ ബുദ്ധിക്കുമുന്നില്‍ അവരുടെ നിസ്സാഹായത അല്ലാഹു നമുക്ക് വരച്ചു തരുന്നത്! 

''അവിശ്വസിച്ചവരാകട്ടെ അവരുടെ കര്‍മങ്ങള്‍ മരുഭൂമിയിലെ മരീചിക പോലെയാകുന്നു. ദാഹിച്ചവന്‍ അത് വെള്ളമാണെന്ന് വിചാരിക്കുന്നു. അങ്ങനെ അവന്‍ അതിന്നടുത്തേക്ക് ചെന്നാല്‍ അങ്ങനെ ഒന്ന് ഉള്ളതായി തന്നെ അവന്‍ കണ്ടെത്തുകയില്ല. എന്നാല്‍ തന്റെ അടുത്ത് അല്ലാഹുവെ അവന്‍ കണ്ടെത്തുന്നതാണ്. അപ്പോള്‍ (അല്ലാഹു) അവന്ന് അവന്റെ കണക്ക് തീര്‍ത്തു കൊടുക്കുന്നതാണ്. അല്ലാഹു അതിവേഗം കണക്ക് നോക്കുന്നവനത്രെ'' (ക്വുര്‍ആന്‍ 24:39).

''അല്ലെങ്കില്‍ ആഴക്കടലിലെ ഇരുട്ടുകള്‍ പോലെയാകുന്നു. (അവരുടെ പ്രവര്‍ത്തനങ്ങളുടെ ഉപമ). തിരമാല അതിനെ (കടലിനെ) പൊതിയുന്നു. അതിനു മീതെ വീണ്ടും തിരമാല. അതിനു മീതെ കാര്‍മേഘം. അങ്ങനെ ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍. അവന്റെ കൈ പുറത്തേക്ക് നീട്ടിയാല്‍ അതുപോലും അവന്‍ കാണുമാറാകില്ല. അല്ലാഹു ആര്‍ക്ക് പ്രകാശം നല്‍കിയിട്ടില്ലയോ അവന്ന് യാതൊരു പ്രകാശവുമില്ല'' (ക്വുര്‍ആന്‍ 24:40).

അല്ലാഹുവിന് പുറമെ മനുഷ്യന്‍ രക്ഷാധികാരിയും ദൈവവുമായി സങ്കല്‍പിക്കുന്നവയുടെ ദൗര്‍ബല്യവും അശക്തിയുമെല്ലാം മനുഷ്യന് ലളിതമായി ബോധ്യപ്പെടാന്‍ ഉതകുന്ന വിധം പര്‍വതങ്ങള്‍ മുതല്‍ കാരക്കക്കുരുവിന്റെ പാടവരെ ഉപമകളായി അല്ലാഹു എടുത്തു കാണിക്കുന്നുണ്ട്. 

ഓരോന്നും വിശദവും ആഴമേറിയതുമായ പഠനവും ചിന്തയും ആവശ്യപ്പെടുന്നുണ്ട്. കേവലം വായിച്ച് പോകേണ്ടതല്ല ക്വുര്‍ആനിലെ ഉപമകള്‍ എന്നര്‍ഥം. മറിച്ച് ക്വുര്‍ആന്‍ പഠിതാക്കള്‍ എന്ന നിലയ്ക്ക് ക്വുര്‍ആനിലെ ഓരോ മേഖലക്കും പ്രാധാന്യം നല്‍കി ചിന്തകൊടുത്ത് പഠിക്കണം. അത് കൊണ്ടാണ് അല്ലാഹു പറഞ്ഞത്:

''അവര്‍ ക്വുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുധ്യം കണ്ടെത്തുമായിരുന്നു'' (ക്വുര്‍ആന്‍ 4:82).

''അപ്പോള്‍ അവര്‍ ക്വുര്‍ആന്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ? അതല്ല, ഹൃദയങ്ങളിന്‍മേല്‍ പൂട്ടുകളിട്ടിരിക്കയാണോ'' (ക്വുര്‍ആന്‍ 47:24).