മുത്ത്വലാക്വ്: പുതിയ വിധിയുടെ പശ്ചാത്തലത്തില്‍

സുഫ്‌യാന്‍ അബ്ദുസ്സലാം

2017 സെപ്തംബര്‍ 09 1438 ⁠⁠ദുൽഹിജ്ജ 18

മുത്ത്വലാക്വ് വിഷയത്തില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ പുതിയ വിധി പ്രതീക്ഷകള്‍ക്കും ആശങ്കള്‍ക്കും വഴിവെച്ചിരിക്കുകയാണ്. അഞ്ചംഗ ബെഞ്ചിലെ രണ്ടുപേര്‍ മുത്ത്വലാക്വ് മൗലികാവകാശത്തിന്റെ പരിധിയില്‍ വരുമെന്ന് നിരീക്ഷിച്ചപ്പോള്‍ മറ്റു രണ്ടുപേര്‍ അത് ഭരണഘടനാ വിരുദ്ധമാണെന്നു പ്രസ്താവിച്ചു. ഒരാള്‍ മുത്ത്വലാക്വ് ഇസ്‌ലാമികപ്രമാണങ്ങള്‍ക്ക് എതിരായതുകൊണ്ട് തന്നെ അത് ശരീഅത്തിന് വിരുദ്ധമാണെന്നാണ് പറഞ്ഞത്. ഒരു പക്ഷേ, ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ തന്നെ ഒരേ ബെഞ്ചില്‍ നിന്ന് ഒരേ വിഷയത്തില്‍ വ്യത്യസ്ത വിധികള്‍ വന്ന അപൂര്‍വം സംഭവങ്ങളിലൊന്നാവാം ഇത്. ഈ വിധികളെ മുസ്‌ലിം സമുദായവും പൊതുസമൂഹവും എപ്രകാരമാണ് വിലയിരുത്തേണ്ടതെന്ന കാര്യമാണ് രാജ്യം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്. അതുപോലെ ഭരണകൂടം ഈ വിധിയെ നടപ്പില്‍ വരുത്തുന്നതെങ്ങനെയെന്നതും ഉത്കണ്ഠാജനകമാണ്.

ന്യാധിപന്മാരിലെ ഓരോ വിഭാഗവും നടത്തിയ വിധികളെ സൂക്ഷ്മവിശകലനം ചെയ്യാം. ജസ്റ്റിസുമാരായ ആര്‍.എഫ് നരിമാനും യു.യു ലളിതും മുത്ത്വലാക്വ് ഭരണഘടനയുടെ 14ാം അനുച്ഛേദം അനുവദിക്കുന്ന തുല്യതക്കുള്ള മൗലികാവകാശത്തെ ഹനിക്കുന്നുവെന്നും അതുകൊണ്ടു തന്നെ അത് ഭരണഘടനാ വിരുദ്ധവുമാണെന്നാണ് ചൂണ്ടിക്കാട്ടിയത്. ജസ്റ്റിസ് കുര്യന്‍ ജോസഫ് ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയത് മറ്റൊരു കാരണത്താലാണ്. ക്വുര്‍ആന്‍ പ്രകാരമുള്ള ശരീഅത്തിന് വിരുദ്ധമായ സമ്പ്രദായങ്ങള്‍ ഇല്ലാതാക്കാനാണ് 1937ല്‍ ശരീഅത്ത് ആക്റ്റ് കൊണ്ടുവന്നതെന്നും അതുകൊണ്ടുതന്നെ ക്വുര്‍ആന് വിരുദ്ധമായ ഒന്നും തന്നെ സ്വീകരിക്കാനാവില്ലെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് മുത്ത്വലാക്വിനു ഭരണഘടനാ സാധുത കല്‍പിക്കാനാവില്ല എന്ന് കുര്യന്‍ ജോസഫ് പറഞ്ഞത്. ഈ മൂന്നു പേരും മുത്ത്വലാക്വ് ഭരണഘടനാ വിരുദ്ധമാണെന്ന കാര്യത്തില്‍ യോജിച്ചിരിക്കുന്നു.

ശേഷിക്കുന്ന ജഡ്ജിമാര്‍ സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാറും ജസ്റ്റിസ് അബ്ദുല്‍ നസീറുമാണ്. അവര്‍ പറഞ്ഞതിനെ ഇങ്ങനെ സംഗ്രഹിക്കാം: മുത്ത്വലാക്വ് മതത്തിന്റെ അവിഭാജ്യഘടകമാണെന്നും മുസ്‌ലിം വ്യക്തിനിയമം മൗലികാവകാശമായതിനാല്‍ മുത്ത്വലാക്വ് മൗലികാവകാശമാണെന്ന മുസ്‌ലിം വ്യക്തിനിയമ ബോഡിന്റെ വാദം ശരിയാണെന്നുമായിരുന്നു അവരുടെ വിധിയില്‍ പറഞ്ഞത്. പക്ഷേ, അഞ്ചുപേരില്‍ മൂന്നു പേരും മുത്ത്വലാക്വ് ഭരണഘടനാ വിരുദ്ധമാണെന്ന നിലപാടില്‍ എത്തിയതോടെ ഇവരുടെ വിധി തള്ളിപ്പോവുകയാണുണ്ടായത്. അതേസമയം, കുര്യന്‍ ജോസഫ് വ്യക്തിനിയമം മൗലികാവകാശമാണെന്ന കാര്യത്തില്‍ ഖേഹാറിനോടും അബ്ദുല്‍ നസീറിനോടും യോജിച്ചുവെന്നത് വളരെ പ്രസക്തമായ കാര്യമാണ്. 1937ലെ മുസ്‌ലിം വ്യക്തി നിയമം റദ്ദാക്കി പുതിയ നിയമം സ്ഥാപിക്കണമെന്ന ആവശ്യവും ഇതോടെ തള്ളപ്പെട്ടുവെന്നത് രാജ്യത്തിന്റെ ജുഡീഷ്യല്‍ സംവിധാനം എത്രമാത്രം മതേതരമാണെന്നു സ്ഥാപിക്കുന്നതാണ്. ഇതോടെ വ്യക്തിനിയമം മൗലികാവകാശമാണെന്ന മുസ്‌ലിം വ്യക്തിനിയമ ബോഡിന്റെയും ഇതര മുസ്‌ലിം സംഘടനകളുടെയും രാജ്യത്തെ മതേതരവിശ്വാസികളുടെയും വാദങ്ങള്‍ ശരിയെന്നു വരികയും ചെയ്തു.

വ്യക്തിനിയമം ഭരണഘടനയുടെ ഇരുപത്തിയഞ്ചാം അനുച്ഛേദത്തിനു അനുസൃതമായ മൗലികാവകാശമാണെന്ന ചീഫ് ജസ്റ്റിസ് ഖേഹാറിന്റെ നിലപാട് ശരിവെക്കുന്നതോടൊപ്പം മുത്ത്വലാക്വ് മതപരമായ അനുഷ്ഠാനത്തിന്റെ അവിഭാജ്യഘടകമാണെന്ന പ്രസ്താവന നിരാകരിക്കുകയും ചെയ്യുന്നുവെന്നാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞത്. മുത്ത്വലാക്വിനെ കുറിച്ച് കുര്യന്‍ ജോസഫ് നടത്തിയ ഈ അഭിപ്രായത്തെ സദുദ്ദേശപൂര്‍വം പരിഗണിച്ച് സമുദായത്തില്‍ ആവശ്യമായ ബോധവല്‍ക്കരണം നടത്തല്‍ അനിവാര്യമാണ്. ഇതിനോടകം തന്നെ ഉത്തര്‍പ്രദേശിലെ മദ്‌റസകളില്‍ ശരീഅത്ത് അനുശാസിക്കുന്ന ത്വലാക്വിന്റെ രീതി പഠിപ്പിക്കാന്‍ ജമാഅത്തെ റസായെ മുസ്തഫ എന്ന ഒരു ബറേല്‍വി സംഘടന മുന്നോട്ടു വന്നത് ബോധവല്‍ക്കരണത്തിലേക്ക് സമുദായം കാലെടുത്തുവെക്കുന്നതിന്റെ സൂചനയാണ്. മുത്ത്വലാക്വിനെതിരെ സമുദായത്തിനകത്ത് ബോധവല്‍ക്കരണം നടത്തുമെന്ന അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന്റെ തീരുമാനവും ഇത്തരുണത്തില്‍ എടുത്തുപറയേണ്ടതാണ്. മുത്ത്വലാക്വ് സമുദായത്തില്‍ വളരെ വ്യാപകമല്ലെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. സുപ്രീംകോടതി ഈ വിഷയത്തില്‍ ഇടപെടാനുണ്ടായ സാഹചര്യവും മുത്ത്വലാക്വിനു വിധേയരായ അഞ്ചു സ്ത്രീകളുടെ പരാതികളാണ്. അതില്‍ പശ്ചിമ ബംഗാളിലെ ഇസ്രത്ത് ജഹാനും ഉത്തരാഖണ്ഡിലെ സൈറാബാനുവും ഫോണിലൂടെയാണ് അതിന് വിധേയരായതെന്നത് നമ്മെ അത്ഭുതപ്പെടുത്തുന്നു.

മുത്ത്വലാക്വ് ശരീഅത്തിന്റെ ചൈതന്യം കെടുത്തിക്കളയുന്നുവെന്നത് നിഷേധിക്കാന്‍ സാധ്യമല്ല. സ്‌നേഹത്തോടെ കഴിഞ്ഞിരുന്ന ദമ്പതികള്‍ക്കിടയിലുണ്ടായ അകല്‍ച്ചയെ ഇല്ലാതാക്കി അവരെ അടുപ്പിക്കുവാനുള്ള ശ്രമങ്ങള്‍ നിര്‍ബന്ധമാണെന്ന ക്വുര്‍ആനിന്റെ കല്‍പനക്ക് വിരുദ്ധമാണ് ഒറ്റയടിക്ക് മൂന്നും ചൊല്ലി ബന്ധം വേര്‍പ്പെടുത്തുന്നതെന്ന കാര്യത്തില്‍ സംശയമില്ല. ഒരേസമയത്ത് നടത്തിയ മൂന്നു ത്വലാക്വുകള്‍ പ്രവാചകന്റെ കാലത്ത് ഒരൊറ്റ ത്വലാക്വായി മാത്രമെ ഗണിച്ചിരുന്നുവെന്നുള്ളതിനു തെളിവുകള്‍ ധാരാളമാണ്. 'ഞാന്‍ നിങ്ങള്‍ക്കിടയില്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ അല്ലാഹുവിന്റെ ഗ്രന്ഥം കൊണ്ട് നിങ്ങള്‍ കളിക്കുകയാണോ?''എന്ന് ഒറ്റയടിക്ക് മൂന്നു ത്വലാക്വും ചൊല്ലിയ വ്യക്തിയോട് പ്രവാചകന്‍(സ്വ) ചോദിച്ചത് ഹദീഥ് ഗ്രന്ഥങ്ങളില്‍ കാണാം. പ്രവാചകന്റെയും അബൂബക്‌റിന്റെയും കാലത്തും ഉമറി്യന്റെ ആദ്യകാലത്തും മൂന്നും ഒറ്റയടിക്ക് ചൊല്ലിയാലും ഒന്നായി മാത്രമെ ഗണിച്ചിരുന്നുള്ളൂ എന്ന് ഇബ്‌നു അബ്ബാസ്(റ) വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഉമര്‍(റ)വിന്റെ കാലത്ത് ആളുകള്‍ ത്വലാക്വിന്റെ കാര്യത്തില്‍ യാതൊരു തത്ത്വദീക്ഷയുമില്ലാതെ പെരുമാറാന്‍ തുടങ്ങുകയും ത്വലാക്വിന്റെ വാചകങ്ങള്‍ നിരന്തരം ഉച്ചരിക്കാന്‍ തുടങ്ങുകയും ചൊല്ലലും മടക്കിയെടുക്കലും ഒരു സമ്പ്രദായമായി ചിലര്‍ സ്വീകരിക്കുകയും ചെയ്തു തുടങ്ങിയപ്പോള്‍ അതിനെ നിയന്ത്രിക്കാന്‍ വേണ്ടി ഉമര്‍(റ) മുത്തലാക്വിനെ തിരിച്ചെടുക്കാന്‍ സാധിക്കാത്ത ത്വലാക്വായി പ്രഖ്യാപിച്ചുവെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ മുസ്‌ലിം സമുദായത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നു. വ്യത്യസ്ത മദ്ഹബുകള്‍ നിലനില്‍ക്കുന്ന ഇന്ത്യയില്‍ മുത്ത്വലാക്വ് ഒരു സമ്പ്രദായമായി അവശേഷിച്ചാല്‍ പോലും അതില്‍ അത്ഭുതമില്ല. അതുകൊണ്ടു തന്നെ ഈ വിഷയത്തില്‍ ഏകീകൃതമായ ഒരു അഭിപ്രായത്തിലേക്ക് ഒരു സമുദായം എന്ന നിലയ്ക്ക് ഇന്ത്യയിലെ മുസ്‌ലിംകള്‍ എത്തിച്ചേരണമെങ്കില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ക്വുര്‍ആനിലേക്കും സുന്നത്തിലേക്കും മടക്കണമെന്ന നിലപാടിലേക്ക് സമുദായം എത്തേണ്ടതുണ്ട്. ഇപ്പോള്‍ തുടങ്ങി വെച്ച ബോധവല്‍ക്കരണ പ്രക്രിയകള്‍ വഴി സമുദായത്തില്‍ നിന്നും മുത്ത്വലാക്വിനെ പാടെ തുടച്ചു നീക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം സമുദായ നേതാക്കള്‍ തന്നെ പ്രകടിപ്പിച്ചു തുടങ്ങിയിട്ടുമുണ്ട്. അതുകൊണ്ടാണ് അതിന് അനുകൂലമായി സംസാരിച്ചിരുന്ന പണ്ഡിതന്മാരില്‍ പലരും വളരെ കരുതലോടെയുള്ള പ്രതികരണം നടത്തിയത്.

പക്ഷേ, മുത്ത്വലാക്വ് അവസാനിപ്പിക്കണമെന്ന വാദത്തോടൊപ്പം ഇന്ത്യയില്‍ നിലവിലുള്ള ശരീഅത്ത് ആക്റ്റ് പരിഷ്‌കരിക്കണമെന്ന വാദവും വളരെ ശക്തമാണ്. ഈ വാദത്തെ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ വലിയ അപകടങ്ങളാണ് വരാന്‍ പോവുന്നത്. ഇന്ത്യയിലെ ശരീഅത്ത് നിയമങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കാതെ ചില മുസ്‌ലിം സംഘടനകളും വ്യക്തികളും ശരീഅത്ത് ആക്റ്റ് ക്വുര്‍ആന്‍ അനുസരിച്ച് പരിഷ്‌കരിക്കണമെന്നും അത് ഇസ്‌ലാമിക ശരീഅത്തിന് അനുസൃതമായി ക്രോഡീകരിക്കണമെന്നുമൊക്കെ ആവശ്യപ്പെടാറുണ്ട്. യഥാര്‍ഥത്തില്‍ ഈ ആവശ്യം കൂടുതല്‍ സന്തോഷിപ്പിക്കുക ശരീഅത്തിന് പകരം ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നവരെയായിരിക്കും. കാരണം നിലവിലെ മുസ്‌ലിം വ്യക്തി നിയമം വിശുദ്ധ ക്വുര്‍ആനും സുന്നത്തും അടിസ്ഥാനമായി സ്വീകരിക്കണമെന്നോ ഏതെങ്കിലുമൊരു മദ്ഹബ് സ്വീകരിക്കണമെന്നോ പറയുന്നില്ല. ഏതെങ്കിലുമൊന്ന് അടിസ്ഥാനമാക്കണമെന്നു പറഞ്ഞാല്‍ മുസ്‌ലിംകള്‍ക്ക് ആ പോയന്റില്‍ യോജിക്കാന്‍ കഴിയില്ല. അത് മുസ്‌ലിംകള്‍ക്കിടയില്‍ ആഭ്യന്തര കലഹമുണ്ടാക്കുകയും മുസ്‌ലിം വ്യക്തിനിയമത്തെ നിര്‍വീര്യമാക്കാനും പകരം ഏകീകൃത സിവില്‍ കോഡിനു അത് വഴിവെക്കുകയും ചെയ്യും.

ശരീഅത്തുമായി ബന്ധപ്പെട്ടു കോടതികളില്‍ വന്ന കേസുകള്‍ പരിശോധിക്കുമ്പോള്‍ ശരീഅത്തിന് അടിസ്ഥാനമായി മുസ്‌ലിംകള്‍ എന്ത് അംഗീകരിക്കുന്നുവോ അത് അംഗീകരിക്കുക എന്ന നിലപാട് മാത്രമാണ് കോടതികള്‍ സ്വീകരിച്ചതെന്ന് കാണാം. കേസുകളുമായി ബന്ധപ്പെട്ട കക്ഷികള്‍ ക്വുര്‍ആനും സുന്നത്തും അവലംബമാക്കണമെന്നു പറഞ്ഞാല്‍ അത് അംഗീകരിക്കുകയും അതല്ല മദ്ഹബീ കാഴ്ചപ്പാടുകള്‍ സ്വീകരിക്കണമെന്ന് പറഞ്ഞാല്‍ അത് സ്വീകരിക്കുകയും ചെയ്യുന്ന വളരെ അയവുള്ള നിലപാടാണ് കോടതികള്‍ സ്വീകരിച്ചിട്ടുള്ളത്. ബ്രിട്ടീഷുകാരുടെ കാലത്ത് മുസ്‌ലിംകള്‍ക്ക് വ്യക്തിപരമായി അവരെ ബാധിക്കുന്ന ഏതാനും വിഷയങ്ങളില്‍ മതനിയമങ്ങള്‍ അനുസരിച്ച് തീര്‍പുകല്‍പിക്കാന്‍ അനുവദിച്ച ആക്റ്റാണ് 1937ലെ മുസ്‌ലിം വ്യക്തി നിയമ പ്രയോഗ ആക്റ്റ് (Muslim Personal Law (Sariat) Application Act). ആക്റ്റിലെ ഏറ്റവും പ്രധാനഭാഗം ഇതാണ്: 'എന്തെല്ലാം നാട്ടാചാരങ്ങളോ വഴക്കങ്ങളോ ഉണ്ടായാലും മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അതിനു നിയമത്തിന്റെ സ്ഥാനമില്ല. അവര്‍ക്ക് അവരുടെ ശരീഅത്ത് നിയമമാണ് ബാധകം.' ഇന്ത്യ സ്വതന്ത്രമായതിനു ശേഷം 1954ലെ വക്വ്ഫ് ഭേദഗതിയും 1986ലെ ഷാബാനു കേസിനെ തുടര്‍ന്നുണ്ടായ മുസ്‌ലിം സ്ത്രീ സംരക്ഷണ നിയമവുമാണ് ഭേദഗതികളായി വന്നിട്ടുള്ളത്.

ശരീഅത്ത് നിയമമാണ് മുസ്‌ലിംകള്‍ക്ക് ബാധകം എന്ന് മുസ്‌ലിം വ്യക്തിനിയമം പറയുമ്പോള്‍ അതില്‍ ക്വുര്‍ആനും സുന്നത്തും അടങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, മുസ്‌ലിംകള്‍ ക്വുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും മതവിധികള്‍ സ്വീകരിക്കുന്നതിന് പകരം ഓരോ വിഭാഗവും അവരവരുടെ മദ്ഹബാണ് അവസാന വാക്കായി സ്വീകരിച്ചു വന്നത്. അതുവഴി മദ്ഹബ് ഗ്രന്ഥങ്ങള്‍ക്ക് കോടതികളില്‍ വലിയ സ്വീകാര്യതയുണ്ടായി. മദ്ഹബ് ഗ്രന്ഥങ്ങള്‍ അറബിയിലായിരുന്നതിനാല്‍ അവയുടെ ഇംഗ്ലീഷ് പരിഭാഷകള്‍ നിയമജ്ഞര്‍ക്ക് വളരെ പരിചിതമായി. ഇനി മുത്ത്വലാക്വിന്റെ വിഷയത്തിലേക്ക് വന്നാല്‍ അതുമായി ബന്ധപ്പെട്ടു ക്വുര്‍ആനും സുന്നത്തും സ്വീകരിക്കാന്‍ പാടില്ലെന്ന് ശരീഅത്ത് ആക്റ്റ് പറയുന്നില്ല. ഇന്നതേ സ്വീകരിക്കാവൂ എന്നില്ല. അതുകൊണ്ടു തന്നെ അടിസ്ഥാനപരമായി ഇസ്‌ലാമിക ശരീഅത്തും ശരീഅത്ത് ആക്റ്റും തമ്മില്‍ വിയോജിപ്പുണ്ടെന്നു പറയാന്‍ പറ്റില്ല. പ്രായോഗികമായി വരുന്ന വ്യതിചലനങ്ങള്‍ക്ക് കാരണം ഇസ്‌ലാമിക ശരീഅത്തോ ശരീഅത്ത് ആക്ട്‌ടോ അല്ലതാനും. മുസ്‌ലിംകള്‍ക്കിടയിലെ ഭിന്നതയാണ് കാരണം. ഇതിനുള്ള പരിഹാരം മുസ്‌ലിം വ്യക്തിനിയമ ഭേദഗതിയല്ല; പ്രത്യുത മുസ്‌ലിം സമൂഹത്തെ ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ പരിഷ്‌കരിക്കുകയെന്ന നവോത്ഥാനപ്രക്രിയയാണ്. മൂന്നു ത്വലാക്വ് ഒന്നിച്ച് ചൊല്ലിയാല്‍ അതിനെ മൂന്നായി ഗണിക്കണമെന്നും ശരീഅത്ത് ആക്റ്റ് എവിടെയും പറയുന്നില്ല.

ഇന്ത്യന്‍ മുസ്‌ലിംകളില്‍ ഭൂരിപക്ഷവും ഹനഫികളാണ്. മൂന്നു ത്വലാക്വ് ഒറ്റയടിക്ക് ചൊല്ലുന്നതിനെ അവര്‍ ബിദഈ തലാക്വ് എന്ന് പറയുമെങ്കിലും ആ 'ബിദ്അത്ത്' കുഴപ്പമില്ലെന്നാണ് അവരുടെ പക്ഷം. അവര്‍ കാണുന്ന ശരീഅത്ത് അങ്ങനെ ആയത്‌കൊണ്ട് കോടതികളും അതംഗീകരിക്കുന്നു. ശാഫിഈ മദ്ഹബ് അനുസരിച്ച് മൂന്നു ത്വലാക്വ് ഒന്നിച്ച് ചൊല്ലിയാല്‍ അത് മൂന്നായി പരിഗണിക്കും. പിന്നെ വിവാഹ ബന്ധം പുനഃസ്ഥാപിക്കാന്‍ 'ചടങ്ങു നില്‍ക്കുക' എന്ന പ്രവാചകന്‍ വിരോധിച്ച സമ്പ്രദായമാണ് അവരില്‍ പലരും മുന്‍കാലങ്ങളില്‍ സ്വീകരിച്ചു വന്നത്. വിവാഹമോചിതയെ ഒരാള്‍ പേരിനു കല്യാണം കഴിക്കുകയും ഉടനെ മൊഴി ചൊല്ലുകയും അങ്ങനെ ആദ്യത്തെ ഭര്‍ത്താവിന് അവളെ വിവാഹം കഴിക്കാനുള്ള സാഹചര്യം ഒരുക്കുകയെന്ന പ്രവാചകന്‍(സ്വ) ശപിച്ച ജാഹിലിയ്യത്താണ് അവര്‍ അവലംബിച്ചത്. ഇത് തീര്‍ത്തും ഉദ്ബുദ്ധതയുടെ കുറവുകൊണ്ടാണ് സംഭവിക്കുന്നത്. ഇത്തരം ആചാരങ്ങള്‍ സമുദായത്തില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ അത് തിരുത്താന്‍ സമുദായനേതൃത്വവും പണ്ഡിതന്മാരും രംഗത്ത് വരേണ്ടതുണ്ട്. ഇത്തരം സമ്പ്രദായങ്ങള്‍ പലപ്പോഴും ശരീഅത്ത് തെറ്റുധരിക്കപ്പെടാനും കാരണമാവുന്നുണ്ട്.

പല മുസ്‌ലിം രാജ്യങ്ങളിലും ശരീഅത്ത് പരിഷ്‌കരണവും ക്രോഡീകരണവും നടക്കുമ്പോള്‍ ഇന്ത്യയില്‍ മാത്രം അത് നടപ്പാക്കാതിരിക്കുന്നത് ശരിയല്ലെന്ന വാദവും വളരെ ശക്തമാണ്. ചില മുസ്‌ലിം പുരോഗമന വിഭാഗങ്ങളും ചില ബുദ്ധിജീവികളുമാണ് ഈ വാദത്തെ വല്ലാതെ പൊലിപ്പിക്കുന്നത്. നടേ സൂചിപ്പിക്കപ്പെട്ട പോലെ ക്വുര്‍ആനും സുന്നത്തുമാണ് പ്രമാണമെന്നു മുസ്‌ലിം സമുദായം തീര്‍ത്തും അംഗീകരിക്കുമ്പോള്‍ മാത്രമെ അത്തരമൊരു പരിഷ്‌കരണം പ്രസക്തവും പ്രായോഗികവുമാവുകയുള്ളൂ. ശരീഅത്ത് ക്രോഡീകരണം നടന്ന പ്രധാന മുസ്‌ലിം രാഷ്ട്രങ്ങളാണ് ഈജിപ്തും തുര്‍ക്കിയും പാക്കിസ്ഥാനും. ഈജിപ്തില്‍ അല്‍അസ്ഹര്‍ സര്‍വകലാശാലയുടെ പിന്തുണയും റഷീദ് രിദയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച പരിഷ്‌കരണ പ്രസ്ഥാനങ്ങളുമൊക്കെ ഈ പ്രക്രിയക്ക് ആക്കം കൂട്ടിയെന്നാണ് ചരിത്രം. സൂപ്പര്‍ മോഡേണിസ്റ്റുകളുടെ സാന്നിധ്യം ശക്തമായിരുന്ന ഈജിപ്തില്‍ ശരീഅത്ത് ക്രോഡീകരണത്തിന്റെ മേന്മയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിട്ടുണ്ട്. പൂര്‍ണമായും ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ സംതൃപ്തമായ ഒരു ക്രോഡീകരണം അവിടെ ഉണ്ടായിട്ടില്ല.

ഉസ്മാനിയ സാമ്രാജ്യം എന്നറിയപ്പെട്ട ഇസ്‌ലാമിക ഖിലാഫത്തിന്റെ ആസ്ഥാനമായ തുര്‍ക്കിയില്‍ 1876 മുതല്‍ ശരീഅത്ത് ക്രോഡീകരണം ആരംഭിച്ചിട്ടുണ്ട്. ശരീഅത്ത് ക്രോഡീകരണം ഉണ്ടായിട്ടുപോലും ഉസ്മാനിയ ഭരണകൂടം ദുര്‍ബലമായപ്പോള്‍ ഇസ്‌ലാമിക ഖിലാഫത്ത് അസ്തമിക്കുകയും 1923ല്‍ ശരീഅത്ത് നിയമങ്ങള്‍ ഇല്ലാതാവുകയും ചെയ്തു. പിന്നീട് സ്വിറ്റ്‌സര്‍ലന്‍ഡ് നിര്‍മിച്ച സിവില്‍ കോഡുകളാണ് 1926 മുതല്‍ തുര്‍ക്കിയില്‍ നടപ്പാക്കി തുടങ്ങിയത്. പാക്കിസ്ഥാനിലാവട്ടെ ഒരു മുസ്‌ലിം രാജ്യമായിട്ടും ശരീഅത്ത് ക്രോഡീകരണത്തില്‍ കാണിച്ച ഉദാസീനത ചെറുതൊന്നുമല്ല. പിന്തുടര്‍ച്ച നിയമവുമായി ബന്ധപ്പെട്ട ഒട്ടേറെ വിവാദങ്ങള്‍ പാക്കിസ്ഥാനില്‍ ഉണ്ടായിട്ടുണ്ട്. എല്ലാ നിയമവും ക്വുര്‍ആനിനെയും സുന്നത്തിനെയും അടിസ്ഥാനപ്പെടുത്തിയായിരിക്കണമെന്ന നിയമമുണ്ടായിട്ടു പോലും ശരീഅത്തുമായി ബന്ധപ്പെട്ട പല തര്‍ക്കങ്ങളിലും അത് പാലിക്കപ്പെടാതെ പോയിട്ടുണ്ട്. ക്വുര്‍ആന്‍ കൊണ്ടും സുന്നത്ത് കൊണ്ടും ശരീഅത്ത് നിയമങ്ങള്‍ ഉണ്ടാക്കണമെന്ന് പറഞ്ഞാലും അവയുടെ അടിസ്ഥാനത്തിലുള്ള ഒരു 'മന്‍ഹജ്' (മാര്‍ഗം) സ്വീകരിക്കുന്ന ജനതതിയായിരിക്കണം അതാത് രാജ്യങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് എന്ന യാഥാര്‍ഥ്യത്തിലേക്കാണ് ഇതെല്ലം വിരല്‍ ചൂണ്ടുന്നത്. അതില്ലാത്തതുകൊണ്ടാണ് ക്രോഡീകരണം നടന്നിട്ടുപോലും ഈജിപ്തിലും തുര്‍ക്കിയിലും പാക്കിസ്ഥാനിലുമെല്ലാം ശരീഅത്ത് പൂര്‍ണാര്‍ഥത്തില്‍ നടപ്പില്‍ വരുത്താന്‍ സാധിക്കാതെ പോയത്. അതേസമയം സൗദി അറേബ്യയില്‍ അവ നടപ്പാക്കാന്‍ സാധിക്കുന്നത് ക്രോഡീകരണം ഉണ്ടായതുകൊണ്ടല്ല; അവര്‍ ക്വുര്‍ആനിലേക്കും സുന്നത്തിലേക്കും മടങ്ങുന്ന ഒരു സമൂഹമായതുകൊണ്ടാണ്.

അതുകൊണ്ട് ഇന്ത്യയിലെ മുസ്‌ലിം വ്യക്തിനിയമങ്ങള്‍ പരിഷ്‌കരിക്കണമെന്ന വാദം ഒറ്റനോട്ടത്തില്‍ നല്ലതെന്നു തോന്നിയേക്കാമെങ്കിലും അതുകൊണ്ട് വരാനിരിക്കുന്ന ഭവിഷ്യത്തുക്കളെ കാണാതെ പോവരുത്. ഇപ്പോഴുള്ള നിയമത്തില്‍ പോരായ്മകളുണ്ടാവാമെങ്കിലും ആ പോരായ്മകളെ പ്രമാണങ്ങള്‍ കൊണ്ട് കോടതികളിലൂടെ തിരുത്തി മുമ്പോട്ടുപോകുവാനുള്ള സാമൂഹിക സാഹചര്യം ഇന്ത്യയിലുണ്ട്. അതേസമയം പൂര്‍ണമായും ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിലുള്ള വിശദമായ ഒരു ശരീഅത്ത് ആക്റ്റ് കൊണ്ടുവരാനുള്ള സാഹചര്യം നിലനില്‍ക്കുന്നുമില്ല. മാത്രവുമല്ല ധൃതഗതിയില്‍ മാറ്റങ്ങള്‍ക്ക് വിധേയമാവുന്ന സാഹചര്യത്തില്‍ അതിനൊപ്പം നിയമങ്ങളില്‍ ഭേദഗതികള്‍ കൊണ്ടുവരാനുള്ള ഫ്‌ലെക്‌സിബിലിറ്റി ഒരു ഇസ്‌ലാമിക രാജ്യം പോലെ നമ്മുടെ ഇന്ത്യയിലില്ല. രാജ്യത്താകട്ടെ വര്‍ഗീയ ഫാഷിസ്റ്റ് ശക്തികള്‍ക്ക് കൂടുതല്‍ മേല്‍ക്കൈ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്. മുസ്‌ലിംകള്‍ തന്നെ ശരീഅത്ത് ഭേദഗതി വേണമെന്ന് ആവശ്യപ്പെടുന്ന സാഹചര്യം മുതലെടുത്ത് വളരെ പെട്ടെന്ന് ഇന്ത്യന്‍ ശരീഅത്ത് ആക്റ്റിനു പോരായ്മകളുണ്ടെന്ന വാദത്തെ മുമ്പോട്ടുവെച്ച് ഏക സിവില്‍ കോഡാണ് പരിഹാരമെന്ന് സമര്‍ഥിക്കാന്‍ ഫാഷിസ്റ്റുകള്‍ക്കും മതനിരാസ പ്രസ്ഥാനങ്ങള്‍ക്കും വലിയ പ്രയാസമുണ്ടാവില്ല. ഇപ്പോള്‍ തന്നെ ജെ.എസ് ഖേഹാറും അബ്ദുല്‍ നസീറും പുറപ്പെടുവിച്ച ന്യൂനപക്ഷ വിധിയില്‍ 'ത്വലാക്വേ ബിദ്അ' എന്നറിയപ്പെടുന്ന മുത്ത്വലാക്വിനു പകരമായി ആറു മാസത്തിനകം പുതിയ നിയമം കൊണ്ടുവരണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യം മുന്നില്‍ വെച്ച് കിട്ടിയ അവസരം ദുരുപയോഗം ചെയ്യാന്‍ സര്‍ക്കാര്‍ മുമ്പോട്ടുവരുമോ എന്ന കാര്യത്തില്‍ മുസ്‌ലിം സംഘടനകളും നേതാക്കളും ജനപ്രതിനിധികളും പേഴ്‌സണല്‍ ലോ ബോഡും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.