രാംനാഥ് കോവിന്ദും ഇന്ത്യയുടെ ഭാവിയും

സുഫ്‌യാന്‍ അബ്ദുസ്സലാം

2017 ജൂലായ് 29 1438 ദുല്‍ക്വഅദ് 05

ഇന്ത്യയുടെ പതിനാലാമത് പ്രഥമ പൗരനായി രാം നാഥ് കോവിന്ദ് സ്ഥാനമേറ്റിരിക്കുകയാണ്. ജൂലായ് 25 നു ചീഫ് ജസ്റ്റിസ് ജഗദിഷ് സിംഗ് ഖേഹാറിന്റെ മുമ്പില്‍ സത്യപ്രതിജ്ഞ ചെയ്തുകൊണ്ട് രാംനാഥ് കോവിന്ദ് ന്യൂഡല്‍ഹിയിലെ റെയ്‌സീന കുന്നുകളിലേക്ക് കയറിപ്പോകുന്ന ചരിത്രമുഹൂര്‍ത്തത്തിന് രാഷ്ട്രം സാക്ഷിയായി. മതേതരത്വത്തിന്റെ സുന്ദരമുഖം പൂണ്ടിരുന്ന മലയാളികളുടെ അഭിമാനമായിരുന്ന കെ. ആര്‍ നാരായണന് ശേഷം ദളിത് വിഭാഗത്തില്‍ നിന്നും ഒരാള്‍ രാഷ്ട്രപതിഭവനിലേക്ക് കാലെടുത്തു വെക്കുമ്പോള്‍ മതേതരത്വത്തിന്റെ ഭാവിയെ കുറിച്ച് രാജ്യത്തെ ജനങ്ങളില്‍ ആശങ്കകള്‍ വര്‍ധിക്കുകയാണ്. 1930ല്‍ ലോക പ്രശസ്ത ആര്‍ക്കിടെക്ട് സര്‍ എഡ്വിന്‍ ലുറ്റിയന്‍സ് രൂപകല്‍പന ചെയ്ത അതിമനോഹരമായ രാഷ്ട്രപതിഭവനില്‍ ഡോ: എസ്. രാധാകൃഷ്ണന്‍, സാകിര്‍ ഹുസൈന്‍, എ. പി. ജെ. അബ്ദുല്‍ കലാം, പ്രണബ് കുമാര്‍ മുഖര്‍ജി തുടങ്ങിയ പ്രതിഭാധനരായ വ്യക്തിത്വങ്ങള്‍ ഇരുന്ന പീഠത്തിലേക്ക് സംഘപരിവാറിന്റെ നോമിനിയായ കോവിന്ദ് ആനയിക്കപ്പെടുമ്പോള്‍ ഭാരതത്തിന്റെ ഭരണഘടന എത്രമാത്രം സുരക്ഷിതമായിരിക്കുമെന്ന ചോദ്യം പ്രസക്തമാവുകയാണ്. 

സംഘ്പരിവാരശക്തികള്‍ ദളിതുകള്‍ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും വിഷയമാക്കി കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം ആഞ്ഞടിക്കാനൊരുങ്ങുമ്പോഴാണ് ദളിത് സമുദായത്തില്‍ നിന്നുതന്നെയുള്ള ഒരാളെ രാഷ്ട്രപതി സ്ഥാനത്ത് അവരോധിച്ചുകൊണ്ട് ബി.ജെ.പി നേതൃത്വം പ്രതിപക്ഷത്തെയും ഇന്ത്യയിലെ മുഴുവന്‍ മതേതരവിശ്വാസികളെയും അമ്പരിപ്പിച്ചിരിക്കുന്നത്. രാജ്യത്ത് ഇദംപ്രഥമമായി രണ്ടു ദളിതര്‍ തമ്മിലുണ്ടായ പോരാട്ടത്തില്‍ ബി.ജെ.പി. നേതൃത്വം നല്‍കുന്ന നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സിന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ച രാംനാഥ് മുന്‍ രാഷ്ട്രപതിമാരില്‍ നിന്നും വിഭിന്നമാവുന്നത് അദ്ദേഹത്തിന്റെ സംഘ് പരിവാര്‍ ആഭിമുഖ്യമാണ്. ചരിത്രത്തിലാദ്യമായാണ് ഒരു ബി.ജെ.പി അംഗം ബി.ജെ.പിക്കാര്‍ പോലും നിനച്ചിരിക്കാതെ രാജ്യത്തിന്റെ പ്രഥമപൗരനാവുന്നത്. വരാനിരിക്കുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് കൂടി കഴിയുമ്പോള്‍ രാജ്യത്തിന്റെ പ്രധാന പദവികളില്‍ മുഴുവന്‍ സംഘ്പരിവാരങ്ങള്‍ ഇരിപ്പിടം ഉറപ്പിക്കും. 

ഉത്തര്‍ പ്രദേശിലെ കാന്‍പൂര്‍ ജില്ലയില്‍ പെട്ട പരൗങ്ക് ഗ്രാമത്തിലെ ഒരു മണ്‍കുടിലില്‍ പട്ടികജാതി വിഭാഗത്തില്‍ ഒരു നെയ്ത്തുകാരന്റെ മകനായി ജനിച്ച കോവിന്ദ് കനല്‍വഴികള്‍ താണ്ടിയാണ് രാജ്യത്തിന്റെ ഏറ്റവും ഉന്നതമായ സ്ഥാനത്ത് എത്തിയിട്ടുള്ളത്. കിലോമീറ്ററുകള്‍ നടന്ന് കഷ്ടപ്പാടുകള്‍ സഹിച്ചാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. കാന്‍പൂര്‍ സര്‍വകലാശാലയില്‍ നിന്നും നിയമത്തില്‍ ബിരുദമെടുത്ത അദ്ദേഹം ഡല്‍ഹിയില്‍ പോയി സിവില്‍ സര്‍വീസ് പരീക്ഷ എഴുതി മൂന്നാമത്തെ പരിശ്രമത്തില്‍ വിജയിച്ചു ഐ.എ.എസ് നേടിയെടുത്തു. പക്ഷേ, ഭരണ സേവനത്തെക്കാള്‍ അദ്ദേഹത്തിന് താല്‍പര്യമുണ്ടായിരുന്നത് നിയമസേവനത്തിലായിരുന്നു. 1977ല്‍ കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകനായി ഡല്‍ഹി ഹൈക്കോടതിയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ആയും സേവനമനുഷ്ഠിച്ചു. 1980 മുതല്‍ 1993 വരെ സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാന്റിംഗ് കോണ്‍സല്‍ ആയിരുന്ന അദ്ദേഹം ഡല്‍ഹി ആസ്ഥാനമായി പാവപ്പെട്ടവര്‍ക്ക് നിയമസഹായം എത്തിക്കുന്നതിന് രൂപം കൊണ്ട ഫ്രീ ലീഗല്‍ എയ്ഡ് സൊസൈറ്റിയുടെ പ്രവര്‍ത്തകനുമായിരുന്നു. ദളിതരിലെ നെയ്ത്തുജോലി കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള കോലി സമുദായത്തില്‍ പെട്ട കോവിന്ദ് അഖിലേന്ത്യാ കോലി സമാജത്തിന്റെ ദേശീയ അധ്യക്ഷനുമായിരുന്നു. 

ചെറുപ്പം മുതല്‍ ആര്‍.എസ്.എസ് അംഗമായിരുന്ന കോവിന്ദ് ആര്‍. എസ്. എസ്സിന്റെ മുഖമായി ആദ്യകാലങ്ങളില്‍ അറിയപ്പെട്ടിരുന്നില്ല. 1991ല്‍ ബി.ജെ. പി അംഗത്വം നേടിയതോടെയാണ് കോവിന്ദിലെ ആര്‍.എസ്.എസ് മനം പുറത്തേക്ക് വരുന്നത്. ഒട്ടേറെ കഴിവുകളും യോഗ്യതകളുമുണ്ടായിട്ടും ബി.ജെ.പിയുടെ ഉന്നത സ്ഥാനങ്ങളിലെത്താനോ ലോകസഭാ അംഗമാവാനോ മന്ത്രിസഭയില്‍ സ്ഥാനം ലഭിക്കാനോ അദ്ദേഹത്തിന് തടസ്സമായത് അദ്ദേഹത്തിന്റെ ദളിത് മുഖമായിരുന്നു. ഭരണഘടനാ പരിജ്ഞാനമുള്ള ബി.ജെ.പിയിലെ ചുരുക്കം അഭിഭാഷകരില്‍ ഒരാളായിരുന്ന കോവിന്ദിനെ യു.പി രാഷ്ട്രീയത്തിലെ നേതാവാക്കി ഉയര്‍ത്താന്‍ ബി.ജെ.പിയും ആര്‍.എസ്.എസ്സും മുതിരാതിരുന്നതും അക്കാരണം കൊണ്ടുതന്നെയായിരുന്നു. രണ്ടു തവണ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്‌തെങ്കിലും ലോകസഭയിലേക്ക് മത്സരിക്കാന്‍ കോവിന്ദ് നല്‍കിയ അപേക്ഷകള്‍ ബി.ജെ.പി തള്ളിക്കളഞ്ഞത് ദളിതരോടുള്ള ബി.ജെ.പിയുടെ നിലപാട് വ്യക്തമാക്കുന്നതാണ്. ഇപ്പോള്‍ അതേ കോവിന്ദിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് നരേന്ദ്ര മോഡിയും അമിത്ഷായും നിര്‍ദേശിച്ചത് ഒരു വെടിക്ക് രണ്ടു പക്ഷികളെ വീഴ്ത്തുകയെന്ന ലക്ഷ്യത്തോടെയാണ്. ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ നടക്കുന്ന സംഘപരിവാര്‍ ആള്‍ക്കൂട്ട ഭീകരതയില്‍ നിന്നും മുഖം രക്ഷിക്കുകയാണ് ഒരു ലക്ഷ്യം. മറ്റൊന്ന് ആര്‍.എസ്.എസ് ഇപ്പോഴും പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എക്കാലവും അജണ്ടയായി അംഗീകരിച്ചിട്ടുള്ള ഇന്ത്യന്‍ ഭരണഘടനയുടെ പൊളിച്ചെഴുത്തിനുള്ള രംഗവേദി ഒരുക്കലാണ്. ഏതെങ്കിലുമൊരു സമുദായത്തില്‍ നിന്നും ഒരാള്‍ രാഷ്ട്രപതി സ്ഥാനത്ത് എത്തിയാല്‍ ആ സമുദായത്തിന് വേണ്ടി അയാള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നത് മൗഢ്യമാണെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. ദളിതന്‍ രാഷ്ട്രപതിയാവുന്നതിനു വേണ്ടി വലിയ ഗീര്‍വാണങ്ങള്‍ മുഴക്കിയിട്ടുള്ളവരൊക്കെയും ദളിത് സമൂഹത്തെ തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.

1991ല്‍ ബി.ജെ.പിയില്‍ അംഗമായ രാംനാഥ് 1998 മുതല്‍ 2002 വരെ ബി.ജെ.പി. ദളിത് മോര്‍ച്ചയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ചു. ദേരാപൂരില്‍ തനിക്ക് അനന്തരമായി കിട്ടിയ സ്വത്തുക്കള്‍ ആര്‍. എസ്. എസ്സിന് സംഭാവന നല്‍കിക്കൊണ്ടാണ് കോവിന്ദ് ആര്‍. എസ്. എസുമായുള്ള ബന്ധം ഊട്ടിയുറപ്പിച്ചത്. 

രാഷ്ട്രീയ രംഗത്ത് പ്രത്യേകമായ കഴിവുകളൊന്നും പ്രകടിപ്പിക്കാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത രാംനാഥ് കോവിന്ദിന്റെ ന്യൂനപക്ഷ വിരുദ്ധ മുഖം പ്രകടമായത് 2010 ലാണ്. ഇന്ത്യയിലെ മത ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ നടന്ന ചര്‍ച്ചയിലാണ് രാംനാഥ് കോവിന്ദ് വിഷലിപ്തമായ പ്രസ്താവന നടത്തി ശ്രദ്ധേയനായത്. ദളിത് വിഭാഗങ്ങളില്‍ നിന്നും ഇസ്‌ലാമിലേക്കോ ക്രിസ്തുമതത്തിലേക്കോ പരിവര്‍ത്തനം ചെയ്തിട്ടുള്ളവര്‍ക്ക് സംവരണത്തിന് അവകാശമുണ്ടെന്ന രംഗനാഥ് മിശ്ര കമ്മീഷന്റെ നിര്‍ദേശത്തെ ബി.ജെ.പി ശക്തിയുക്തം എതിര്‍ക്കുകയുണ്ടായി. അതേസമയം സിഖ് മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ദളിതര്‍ക്ക് സംവരണത്തിനുള്ള അര്‍ഹതയുണ്ടെന്നുള്ള യാഥാര്‍ഥ്യം ചൂണ്ടിക്കാണിച്ചപ്പോള്‍ വിചിത്രമായ പ്രതികരണമായിരുന്നു കോവിന്ദ് നടത്തിയത്. സിഖ് മതം ഇന്ത്യക്കകത്തുള്ള മതമാണെന്നും ഇസ്‌ലാം, െ്രെകസ്തവ മതങ്ങള്‍ രാജ്യത്തിനു പുറത്ത് നിന്നും വന്ന മതങ്ങളാണെന്നുമായിരുന്നു കോവിന്ദ് പറഞ്ഞത്. രാജ്യത്തിന്റെ ഭരണഘടന അറിയുന്ന ഒരാള്‍ തന്നെ ഭരണഘടനാ വിരുദ്ധ പ്രസ്താവന നടത്തിയത് എന്തുകൊണ്ടും അപലപനീയമായിരുന്നു. ബി.ജെ.പിയുടെയും ആര്‍.എസ്.എസ്സിന്റെയും പ്രീതി ലഭിക്കാന്‍ ഈ പ്രസ്താവന ഹേതുവാകുകയും ബീഹാര്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് ബി.ജെ.പി രാംനാഥ് കോവിന്ദിനെ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്തു. 

ഭരണഘടനയോടുള്ള ആര്‍.എസ്.എസ്സിന്റെ തന്നെ കാഴ്ചപ്പാടിനെ അരക്കിട്ടുറപ്പിക്കും വിധമുള്ള പ്രസ്താവനയായിരുന്നു അത്. ഇന്ത്യയുടെ ജനാധിപത്യത്തെയും മതേതരത്വത്തെയും ഒരു കാലത്തും അംഗീകരിച്ചിട്ടില്ലാത്ത പാര്‍ട്ടിയാണ് ആര്‍.എസ്.എസ്. അതുകൊണ്ട് തന്നെ മൂന്നു തവണ ആര്‍.എസ്.എസ് ഇന്ത്യയില്‍ നിരോധിക്കപ്പെട്ടിട്ടുണ്ട്. നിരോധനം ഒഴിവാക്കിക്കിട്ടുന്നതിനു വേണ്ടി മാത്രം മതേതരത്വത്തിന് സാങ്കേതികമായ അംഗീകാരം നല്‍കി രക്ഷപ്പെടുകയായിരുന്നു പിന്നീടവര്‍ ചെയ്തത്. മതേതരത്വത്തോടും ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തോടുമുള്ള ആര്‍.എസ്.എസ്സിന്റെ നിഷേധാത്മകമായ നിലപാടിന് അവരുടെ സൈദ്ധാന്തികമായ അടിത്തറയുമായി ബന്ധമുണ്ട്. നമ്മുടെ ഭരണഘടന സംഘാത്മകമായിരിക്കരുത്; പകരം ഏകാത്മകമായിരിക്കണമെന്നാണ് അവര്‍ വിശ്വസിക്കുന്നത്. ഭാരതീയ ജനസംഘത്തിന്റെ പ്രഥമ ജനറല്‍ സെക്രട്ടറിയും ആര്‍.എസ്.എസ്. ഉള്‍ക്കൊള്ളുന്ന ഭാരതീയ ദര്‍ശനത്തിന്റെ ഉപജ്ഞാതാവുമായ പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ ദര്‍ശനമാണ് ആര്‍.എസ്.എസ് മുന്നോട്ട് വെക്കുന്ന അവരുടെ ഭാവി അജണ്ട. സംഘാത്മകമായിരിക്കരുത് അഥവാ ഫെഡറല്‍ ആവരുത് എന്ന അജണ്ട നടപ്പാവണമെങ്കില്‍ ഭരണഘടനയുടെ മൂലക്കല്ലുകളായ ഫെഡറല്‍ഘടനയും ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസം എന്നിവയോടുള്ള പ്രതിബദ്ധതയും പൊളിച്ചടുക്കേണ്ടതായിട്ടുണ്ട്. ഏകാത്മക രാഷ്ട്ര ദര്‍ശനം പകരം വെക്കേണ്ടതുണ്ട്. ദീനദയാല്‍ പറഞ്ഞത് ഇങ്ങനെയാണ്: 'ഭാരതത്തില്‍ സംസ്ഥാനങ്ങളുടെ അധികാരം മൗലികമാണ്. കേന്ദ്രാധികാരം അതിന്റെ ആകെത്തുകയും. ഇത് സത്യത്തിനു വിരുദ്ധമാണ്. ഭാരതത്തിന്റെ ഏകതയുടെയും അഖണ്ഡതയുടെയും ധാരണക്ക് വിരുദ്ധമാണ്. അതിന് ഭാരതമാതാവിന്റെ സജീവവും ചെതന്യവത്തുമായ സങ്കല്‍പമില്ല.'

വിവിധ സംസ്‌കാരങ്ങളെയും തങ്ങള്‍ക്കിഷ്ടമില്ലാത്ത സംവിധാനങ്ങളെയും മുറിച്ചുമാറ്റുകയെന്ന അജണ്ട നടപ്പാക്കാനാണ് ഇപ്പോള്‍ ആര്‍.എസ്.എസ് സംഘപരിവാര്‍ പ്രഭൃതികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഒരു രാജ്യത്തെ ജനങ്ങള്‍ ഒരേ സംസ്‌കാരവും ഒരേ വിശ്വാസവും ഒരേ ആചാരങ്ങളും ആഘോഷങ്ങളും സ്വീകരിച്ചുവരുമ്പോള്‍ ആ രാജ്യം ഏകാത്മകമാവുക സ്വാഭാവികമാണ്. അത്തരമൊരു സ്വാഭാവിക പരിണതിയെ ആരും വിമര്‍ശിക്കില്ല. എന്നാല്‍ ഇന്ത്യയില്‍ പരശ്ശതം മതങ്ങളും സമുദായങ്ങളും ദര്‍ശനങ്ങളും പ്രത്യയ ശാസ്ത്രങ്ങളും ജീവിച്ചുകൊണ്ടിരിക്കുമ്പോള്‍ അവയെ മുഴുവന്‍ കഴുത്തുഞെരിച്ചു കൊന്നുകൊണ്ട് ബഹുത്വത്തെ ഇല്ലാതാക്കി ഏകാത്മകമാക്കുക എന്നത് നീതീകരിക്കാന്‍ സാധിക്കില്ല. ആര്‍.എസ്.എസ് അജണ്ടയാക്കി സ്വീകരിച്ച ദീനദയാലിന്റെ വരികളില്‍ എങ്ങനെയാണ് ബഹുത്വത്തെ ഇല്ലാതാക്കി ഏകാത്മകതയെ സ്ഥാപിക്കേണ്ടത് എന്ന കാര്യം വ്യക്തമാക്കുന്നുണ്ട്. 'നമ്മുടെ സമാജം ആരോഗ്യപൂര്‍ണവും വികസനോന്മുഖവുമായ ജീവിതം നയിക്കണം. ഇതിനായി നാം അനേകം സമ്പ്രദായങ്ങള്‍ ഒഴിവാക്കേണ്ടി വരും. അനവധി പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കേണ്ടി വരും. മനുഷ്യത്വത്തെ വികസിപ്പിക്കാന്‍ ആവശ്യമായതും നമ്മുടെ ഏകാത്മതക്കും അഭിവൃദ്ധിക്കും പോഷകമായിട്ടുള്ളതുമായ എല്ലാം നമ്മള്‍ ചെയ്യും. അതിനു പ്രതിബന്ധമായിട്ടുള്ളതിനെയെല്ലാം തട്ടിനീക്കും. ഈശ്വരന്‍ തന്നിട്ടുള്ള ഈ ശരീരം ആത്മഗ്ലാനി പേറി നടക്കാനുള്ളതല്ല. ശരീരത്തില്‍ വ്രണമുണ്ടെങ്കില്‍ അത് മുറിച്ച് മാറ്റേണ്ടതാവശ്യമാണ്.'

പതിറ്റാണ്ടുകളായി ആര്‍.എസ്.എസ്സും ബി.ജെ.പിയും മനസ്സില്‍ കൊണ്ടുനടന്നതും 2014നു ശേഷം നരേന്ദ്ര മോഡി നടപ്പാക്കിക്കൊണ്ടിരിക്കുന്നതുമായ അജണ്ട മുകളില്‍ പറഞ്ഞതാണ്. അയോധ്യയുമായി ബന്ധപ്പെട്ട കോടതിവിധികള്‍ വന്നാലും ഇല്ലെങ്കിലും അവിടെ ഉയര്‍ത്താനുള്ള രാമക്ഷേത്രത്തിന്റെ ശിലകള്‍ തയ്യാറാക്കപ്പെട്ടുകഴിഞ്ഞു. രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കും അവര്‍ണ വിഭാഗങ്ങള്‍ക്കും നേരെ നടക്കുന്ന ആള്‍ക്കൂട്ട ഭീകരതയിലൂടെയും പശു ഭീകരതയിലൂടെയും രാജ്യത്ത് ആരൊക്കെ ജീവിക്കണം, എന്തൊക്കെ കഴിക്കണം എന്ന് തീരുമാനിച്ചു കൊണ്ട് തങ്ങള്‍ക്കിഷ്ടമില്ലാത്ത 'വ്രണങ്ങളെ' മുഴുവന്‍ മുറിച്ചു മാറ്റുന്ന പ്രക്രിയകള്‍ ആരംഭിച്ചു കഴിഞ്ഞു. ആരോടും ഒന്നും ആലോചിക്കേണ്ടതില്ലെന്നും തങ്ങള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കുമെന്ന് തീരുമാനിച്ചുറപ്പിച്ചു മുന്നേറുന്ന മോഡി,  അമിത് ഷാ കൂട്ടുകെട്ടിന് പലപ്പോഴും രാഷ്ട്രപതി മുഖര്‍ജി ഒരു 'കൊസറാകൊള്ളി'യായിരുന്നു. ഇന്നിപ്പോള്‍ അതിനും റാന്‍ മൂളാനായി ഒരു രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും ലഭിക്കുന്നുവെന്ന ആത്മവിശ്വാസത്തിലാണ് സംഘപരിവാര്‍ ശക്തികള്‍. 

ഫെഡറല്‍ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ ശ്രമിച്ചു സുപ്രീംകോടതിയില്‍ നിന്നും കടുത്ത വിമര്‍ശനം നേരിടേണ്ടി വന്ന സംഘപരിവാര്‍ സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍ ആസൂത്രണ കമ്മീഷനെ പൊളിച്ചടുക്കിയത് നാം കണ്ടതാണ്. പകരം 'നീതി ആയോഗ്' ആവിഷ്‌കരിക്കുകയും ചെയ്തു. കറന്‍സി നിരോധനത്തിലൂടെ രാജ്യത്തെ ജനങ്ങളുടെ മുഴുവന്‍ ക്ഷമ പരീക്ഷിച്ച് സര്‍ക്കാരിന് മുമ്പില്‍ വിനീതവിധേയന്റെ വേഷം കെട്ടാന്‍ പൗരനെ നിര്‍ബന്ധിക്കുന്ന കാഴ്ചയും നാം കണ്ടു. സംസ്ഥാനങ്ങളുടെ നികുതിപിരിവിന് മേല്‍ കത്തിവെച്ച് അവിടെ ജി.എസ്.ടിയെയും പ്രതിഷ്ഠിച്ചു. പൗരന്റെ സ്വകാര്യത സംബന്ധിച്ച അവകാശം എടുത്തുകളയാന്‍ ആധാറുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ച നിലപാടും നാം വായിച്ചറിഞ്ഞു. ഇങ്ങനെയൊക്കെ രാജ്യം ഭീഷണി നേരിടുന്ന കാലത്തും നമ്മുടെ ദേശീയ മതേതര ഇടതുപക്ഷ സംഘടനകള്‍ പരസ്പരം പാരവെച്ചും കുതികാല്‍ വെട്ടിയും കഴിഞ്ഞുകൂടുന്നുവെന്നത് നമ്മെ ഏറെ ലജ്ജിപ്പിക്കുന്നു. 

രാംനാഥ് കോവിന്ദ് രാജ്യത്തെ എങ്ങനെ നയിക്കുമെന്ന് അറിയാന്‍ മര്‍ദിത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് താല്‍പര്യമുണ്ട്. കേവലം പ്രധാനമന്ത്രിയുടെ റബ്ബര്‍ സ്റ്റാമ്പായി, ഭരണകൂടം ഏല്‍പിച്ച പ്രാഥമിക ബാധ്യതകള്‍ മാത്രം നിറവേറ്റിക്കൊണ്ട് രാജ്യം കത്തിച്ചാമ്പലാവുമ്പോഴും രാഷ്ട്രപതിഭവനിലിരുന്നു നീറോ ചക്രവര്‍ത്തിയെപ്പോലെ വീണ വായിച്ചുകൊണ്ടിരുന്നാല്‍ ഇന്ത്യയെന്ന, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ മതേതര രാഷ്ട്രം നാമാവശേഷമാവുമെന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടാവട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം. രാജ്യം നേരിടുന്ന ഭയാനകമായ സ്ഥിതിവിശേഷത്തെ മനസ്സിലാക്കി രാജ്യത്തിന്റെ ബഹുസ്വരത ഉള്‍ക്കൊണ്ട് എല്ലാ വിഭാഗം ജനങ്ങളെയും വിശ്വാസത്തിലെടുത്തതുകൊണ്ട് നാനാത്വത്തില്‍ ഏകത്വമെന്ന രാഷ്ട്രത്തിന്റെ മഹിത തത്ത്വങ്ങള്‍ പ്രയോഗവല്‍ക്കരിക്കാനും ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കാനും അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് നമുക്ക് ആശംസിക്കാം.