ബാബരിയുടെ വിധി 

സുഫ്‌യാന്‍ അബ്ദുസ്സലാം 

2017 ഏപ്രില്‍ 01 1438 റജബ് 04
ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമായിരുന്ന ബാബരി മസ്ജിദ് ഒരു സംഘം വര്‍ഗീയക്കോമരങ്ങളുടെ 'കരസേവനങ്ങള്‍' കൊണ്ട് തകര്‍ന്നിട്ട് ഇരുപത്തിയഞ്ച് സംവത്സരങ്ങള്‍ പിന്നിടുമ്പോള്‍ മസ്ജിദ് തകര്‍ക്കലിന്റെ ബുദ്ധികേന്ദ്രങ്ങളായി പ്രവര്‍ത്തിച്ച എല്‍. കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിംഗ്, ഉമാഭാരതി എന്നിവര്‍ക്കെതിരെയുള്ള ഗൂഢാലോചന കേസ് സുപ്രീംകോടതി ഏപ്രില്‍ ആറിന് വീണ്ടും വാദം കേള്‍ക്കാന്‍ വെച്ചിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഒരു അന്വേഷണം.

ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമായിരുന്ന ബാബരി മസ്ജിദ് ഒരു സംഘം വര്‍ഗീയക്കോമരങ്ങളുടെ 'കരസേവനങ്ങള്‍' കൊണ്ട് തകര്‍ന്നിട്ട് ഇരുപത്തിയഞ്ച് സംവത്സരങ്ങള്‍ പിന്നിടുമ്പോള്‍ മസ്ജിദ് തകര്‍ക്കലിന്റെ ബുദ്ധികേന്ദ്രങ്ങളായി പ്രവര്‍ത്തിച്ച എല്‍. കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിംഗ്, ഉമാഭാരതി എന്നിവര്‍ക്കെതിരെയുള്ള ഗൂഢാലോചന കേസ് സുപ്രീംകോടതി ഏപ്രില്‍ ആറിന് വീണ്ടും വാദം കേള്‍ക്കാന്‍ വെച്ചിരിക്കുകയാണ്. കേസില്‍ ഇവര്‍ക്ക് പുറമെ 13 ബിജെപി നേതാക്കളാണ് പ്രതികളായി ഉണ്ടായിരുന്നത്. ഇവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ റായ്ബറേലി വിചാരണക്കോടതി വിധി ലക്‌നൌ ഹൈക്കോടതി ശരിവെച്ചിരുന്നു. ഇത് ചോദ്യംചെയ്ത് 2011ല്‍ സിബിഐ സമര്‍പ്പിച്ച അപ്പീലും 2015ല്‍ സന്നദ്ധ പ്രവര്‍ത്തകനായ ഹാജി മെഹ്ബൂബ് അഹ്മദ് നല്‍കിയ ഹരജിയും പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണങ്ങള്‍.

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതുമായി ബന്ധപ്പെട്ട രണ്ടു കേസുകളായിരുന്നു ഉണ്ടായിരുന്നത്. ഒരു കേസ് (197/1992) മസ്ജിദ് തകര്‍ക്കലുമായി നേരിട്ട് ബന്ധപ്പെട്ട കേസായിരുന്നു. രണ്ടുലക്ഷത്തോളം വരുന്ന ഊരും പേരുമില്ലാത്ത കര്‍സേവകരായിരുന്നു കേസിലെ പ്രതികള്‍. പരമാവധി പത്ത് വര്‍ഷം ജയില്‍ ശിക്ഷ ലഭിക്കാവുന്ന കേസായിരുന്നു ഇത്. ഈ കേസ് ലക്‌നൗ കോടതിയിലാണ് ആദ്യം വാദം കേട്ടിരുന്നത്. രണ്ടാമത്തെ കേസ് (198/1992) മസ്ജിദ് തകര്‍ക്കലിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടതാണ്. കര്‍സേവകര്‍ ബാബ്‌റി മസ്ജിദ് തകര്‍ക്കുമ്പോള്‍ അതിന്റെ സമീപത്ത് തന്നെ നിലയുറപ്പിക്കുകയും ഗൂഢാലോചനയില്‍ പങ്കെടുക്കുകയും ചെയ്ത അദ്വാനി, കല്യാണ്‍ സിംഗ്, ജോഷി, ഉമാഭാരതി, വിനയ് കത്യാര്‍, അശോക് സിംഗാള്‍ എന്നിവരടക്കമുള്ളവര്‍ക്കെതിരെയായിരുന്നു കേസ്. രാഷ്ട്രത്തിന്റെ അഖണ്ഡത തകര്‍ക്കും വിധം വിവിധ മതവിഭാഗങ്ങളില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചു എന്നതാണ് അഞ്ച് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കേസിന്റെ കാരണങ്ങളില്‍ ഏറ്റവും സുപ്രധാനമായ ഇനം. റായ്ബറേലി കോടതിയിലായിരുന്നു ഈ കേസ് പരിഗണിച്ചിരുന്നത്. 1993 ഒക്ടോബര്‍ 5നു സി ബി ഐ ഈ രണ്ടു കേസുകളും ഏറ്റെടുക്കുകയും അവ രണ്ടും ഒരു ചാര്‍ജ് ഷീറ്റായി ഫയല്‍ ചെയ്യുകയും ചെയ്തു. ചാര്‍ജ് ഷീറ്റില്‍ പറയപ്പെട്ട വ്യക്തികള്‍ വിനയ് കത്യാരുടെ വീട്ടില്‍ രഹസ്യയോഗം ചേരുകയും മസ്ജിദ് തകര്‍ക്കാന്‍ തീരുമാനമെടുക്കുകയും ചെയ്തുവെന്നാണ് സി ബി ഐ കോടതിയെ ബോധിപ്പിച്ചത്. എന്നാല്‍ അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് ഈ കേസ് അകാരണമായി നീട്ടിക്കൊണ്ടുപോവുകയായിരുന്നു. 2001 ഫിബ്രവരിയില്‍ ഒരു സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടിക്രമങ്ങളുടെ വേഗതയെ തണുപ്പിച്ചത്. റായ്ബറേലി കോടതിയിലുണ്ടായിരുന്ന ഗൂഢാലോചന കേസ് സി ബി ഐ ഏറ്റെടുത്തപ്പോള്‍ അലഹബാദ് ഹൈക്കോടതിയുമായി ആലോചിച്ചിരുന്നില്ല എന്ന വാദമാണ് കോടതി ഉന്നയിച്ചിരുന്നത്. അതെ സമയം ആരോപിതരെ രക്ഷപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവനകളൊന്നും കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതുമില്ല. പക്ഷെ കോടതിയുടെ സാങ്കേതികപിഴവെന്ന നിരീക്ഷണത്തെ മറികടക്കാന്‍ വേണ്ട നടപടികള്‍ സി ബി ഐയോ മാറി മാറി വന്ന സംസ്ഥാന സര്‍ക്കാരുകളോ ചെയ്തതുമില്ല. തല്‍ഫലമായി ഗൂഢാലോചനയുമായി ബന്ധപ്പെട്ട 198ാം നമ്പര്‍ കേസ് റായ്ബറേലി കോടതിയിലേക്ക് മടക്കുകയും ചെയ്തു.

ലഖ്‌നോ കോടതിയില്‍ 197ാം നമ്പര്‍ കേസ് മാത്രമാണ് പിന്നീട് പരിഗണനക്ക് വന്നത്. അതാവട്ടെ മസ്ജിദ് തകര്‍ത്തതില്‍ പങ്കെടുത്തവര്‍ക്കെതിരെ (കര്‍സേവകര്‍ക്കെതിരെ) മാത്രം നിലനില്‍ക്കുന്ന കേസാണ്. അതില്‍ ബി ജെ പി നേതാക്കള്‍ക്കെതിരെയുള്ള കേസില്ല. ഈ ന്യായം പറഞ്ഞുകൊണ്ട് കേസ് നിലനില്‍ക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി 2001 മെയ് 24നു ലക്‌നൗ കോടതിയിലെ സ്‌പെഷല്‍ ജഡ്ജി ശ്രീകാന്ത് ശുക്ല, അദ്വാനിക്കും കൂട്ടര്‍ക്കുമെതിരെയുള്ള കേസ് പിന്‍വലിക്കുകയാണുണ്ടായത്. ഇതിനെതിരെ സി ബി ഐ റിവിഷന്‍ പെറ്റിഷന്‍ നല്‍കിയെങ്കിലും 2010 മെയ് 20നു അലഹബാദ് ഹൈക്കോടതി ശുക്ലയുടെ വിധി അംഗീകരിക്കുകയും സി ബി ഐ യുടെ പെറ്റിഷന്‍ തള്ളിക്കളയുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് 2011 ഫിബ്രവരി 11നു സി ബി ഐ സുപ്രീംകോടതിയില്‍ ശക്തമായ ഒരു നീക്കം നടത്തി. ബാബരി മസ്ജിദ് തകര്‍ത്തവര്‍ക്കെതിരെയുള്ള കേസുകളില്‍ ശ്രീകാന്ത് ശുക്ല ഒരു കൃതിമത്വം (മൃശേളശരശമഹ റശേെശിരശേീി) നടത്തിയിരിക്കുന്നുവെന്നാണ് സി ബി ഐ സുപ്രീംകോടതിയില്‍ വാദിച്ചത്. നേര്‍ക്കുനേരെ മസ്ജിദ് ധ്വംസനത്തില്‍ ബി ജെ പി നേതാക്കള്‍ക്ക് പങ്കില്ലെന്ന വാദം പറഞ്ഞുകൊണ്ട് ഗൂഢാലോചന കുറ്റത്തില്‍ നിന്നും അവരെ സംരക്ഷിക്കാനാണ് ശുക്ല ശ്രമിച്ചതെന്ന് അവര്‍ വാദിച്ചു. മുമ്പ് ചെയ്തതുപോലെ തന്നെ രണ്ടു കേസുകളും ഒരുമിച്ച് കൊണ്ടുപോവാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും അവര്‍ സുപ്രീംകോടതിയെ ബോധിപ്പിച്ചു. 'കുറ്റകൃത്യത്തിനുള്ള പ്രേരണ, കുറ്റകൃത്യം നടപ്പാക്കല്‍, പള്ളിയുടെ ധ്വംസനം, മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള നിരന്തരമായ അതിക്രമങ്ങള്‍ എന്നിവയെല്ലാം പരസ്പരബന്ധമുള്ള വ്യവഹാരങ്ങളായിരിക്കെ, ഇന്ത്യന്‍ ശിക്ഷ നിയമം 120 ആ പ്രകാരം ഒന്നിച്ചു കേസെടുക്കുന്നതിനു തടസ്സമില്ല. നിരവധി നിയമലംഘനങ്ങള്‍ മുഖേന തുടരെത്തുടരെ കുറ്റകൃത്യങ്ങള്‍ ഉണ്ടായതുകൊണ്ട്തന്നെ കേസുകള്‍ ഒന്നിച്ച് പരിഗണിക്കുകയാണ് വേണ്ടത്. തെളിവുകള്‍ രണ്ടു വ്യത്യസ്ത കോടതികളിലേക്ക് കൊണ്ടുപോകുവാന്‍ സാധിക്കില്ല. 'കോടതിയുടെ മുമ്പാകെ സി ബി ഐ നയം വ്യക്തമാക്കി.

കഴിഞ്ഞ മാര്‍ച്ച് 6നാണ് സി ബി ഐ യുടെ അപ്പീലില്‍ സുപ്രീംകോടതിയുടെ പരാമര്‍ശമുണ്ടായിരിക്കുന്നത്. സാങ്കേതികകാരണം പറഞ്ഞ് ഗൂഡാലോചന കേസ് റദ്ദാക്കിയ വിചാരണക്കോടതിയുടെ നടപടി നിലനില്‍ക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് ആര്‍. എസ്. നരിമാന്‍, പി. സി. ഘോഷ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ പ്രതികളായിട്ടുള്ള മുഴുവന്‍ പേര്‍ക്കെതിരെയും പുതിയ കുറ്റപത്രം നല്‍കാന്‍ സി ബി ഐക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേസ് വാദം കേള്‍ക്കാന്‍ മാര്‍ച്ച് 22 ലേക്ക് മാറ്റിയെങ്കിലും ജസ്റ്റിസ് നരിമാന്റെ അഭാവം കാരണം കേസ് ഏപ്രില്‍ ആറിലേക്ക് മാറ്റിവെച്ചിരിക്കുകയാണ്.

ബി ജെ പി നേതാക്കളുടെ അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ പുതിയ ചാര്‍ജ് ഷീറ്റ് കൊണ്ടുവരുന്നതിനെതിരെ ശക്തമായി വാദിച്ചുവെങ്കിലും ജസ്റ്റിസ് നരിമാന്‍ അത് അംഗീകരിച്ചില്ല. 'പ്രഥമ ദൃഷ്ട്യാ കുറ്റം നിലനില്‍ക്കുന്നത്‌കൊണ്ട് ആരോപിതരെ കുറ്റവിമുക്തരാക്കിയതിനെ അംഗീകരിക്കാന്‍ കഴിയില്ല. എന്തടിസ്ഥാനത്തിലാണ് ഇവരെ കുറ്റവിമുക്തരാക്കിയത്? സാങ്കേതികകാരണങ്ങള്‍ ഒരിക്കലും കുറ്റവിമുക്തമാക്കാനുള്ള ന്യായീകരണമല്ല.' ജസ്റ്റീസ് നരിമാന്‍ പറഞ്ഞു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ നീരജ് കിഷന്‍ കൗള്‍ ആണ് സി ബി ഐയെ പ്രതിനിധീകരിച്ചത്.

നിലവില്‍ ഉമാഭാരതി കേന്ദ്ര മന്ത്രിയും കല്യാണ്‍ സിംഗ് രാജസ്ഥാന്‍ ഗവര്‍ണറുമാണ്. മുരളി മനോഹര്‍ ജോഷിയാവട്ടെ പ്രണബ് മുഖര്‍ജിക്ക് ശേഷം രാഷ്ട്രപതിയാവാനുള്ള തയ്യാറെടുപ്പിലാണ്. ബി ജെ പി തയ്യാറാക്കിയ രാഷ്ട്രപതി ലിസ്റ്റിലെ പ്രഥമന്‍ ജോഷിയാണ്. വിധി എതിരായാല്‍ രാഷ്ട്രപതിയാവാനുള്ള ജോഷിയുടെ മോഹം നടപ്പാവില്ല. ഉമാഭാരതിക്കും കല്യാണ്‍സിംഗിനും അവരുടെ സ്ഥാനങ്ങള്‍ രാജിവെക്കേണ്ടതായും വരും.

ഈ വാദങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് ബി ജെ പി നേതാവ് സുബ്രമണ്യന്‍ സ്വാമി രാമക്ഷേത്ര നിര്‍മാണത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയെ സമീപിച്ചത്. പ്രശ്‌നം കോടതിക്ക് പുറത്ത് മധ്യസ്ഥതയിലൂടെ പരിഹരിക്കാമെന്ന നിര്‍ദേശമാണ് സുപ്രീം കോടതി ജസ്റ്റിസ് ജെ. എസ്. കേഹാര്‍ മുന്നോട്ടു വെച്ചത്. 'ഒരു കോടതി ഉത്തരവ് എന്ന നിലക്കല്ല; ഒരു നിര്‍ദേശമായി കണ്ടാല്‍ മതി. വിഷയം മതപരവും വൈകാരികവുമായതിനാല്‍ എല്ലാ കക്ഷികളുമായി ഒരുമിച്ചിരുന്നു സാധ്യമാവുന്ന ഒരു പരിഹാരത്തിനായി ശ്രമിക്കാം.' ജസ്റ്റിസ് കേഹാര്‍ പറഞ്ഞു. കേഹാറിന്റെ അഭിപ്രായത്തെ മതേതര സംഘടനകള്‍ പൊതുവില്‍ നിരാകരിക്കുകയാണുണ്ടായത്. ബാബരി മസ്ജിദ് ആക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ ഡോ: എസ്.ക്യൂ.ആര്‍.ഇല്യാസ്, മുസ്‌ലിംലീഗ് അഖിലേന്ത്യാ സിക്രട്ടറി ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി, മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗം മൗലാനാ ഖാലിദ് റഷീദ് എന്നീ നേതാക്കളും സുന്നി വഖഫ് ബോര്‍ഡും കോടതി നിര്‍ദേശത്തെ തള്ളിക്കളഞ്ഞു. ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കാര്യത്തില്‍ കോടതിയുടെ മുമ്പിലുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി വിധി പ്രസ്താവിക്കുകയാണ് വേണ്ടതെന്ന് നേതാക്കള്‍ പറഞ്ഞു. നിയമപരമായ തര്‍ക്കത്തില്‍ കോടതിയുടെ വിധിയാണ് ആവശ്യമെന്ന് സി. പി. എം. ജനറല്‍ സിക്രട്ടറി സീതാറാം യെച്ചൂരിയും പറഞ്ഞു.

2010 സെപ്റ്റംബര്‍ 30നു അലഹബാദ് ഹൈക്കോടതി ബാബ്രി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്തിന്റെ അവകാശവുമായി ബന്ധപ്പെട്ട ഒരു സുപ്രധാന വിധി പ്രസ്താവം നടത്തിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ സുപ്രീംകോടതി ഒരു മധ്യസ്ഥ നിര്‍ദേശവുമായി കടന്നുവന്നത്. അലഹബാദ് കോടതി തര്‍ക്കസ്ഥലത്തെ മൂന്നായി വിഭജിച്ച് ഹിന്ദുമഹാസഭ, സുന്നി വഖഫ് ബോര്‍ഡ്, വൈഷ്ണവരുടെ നിര്‍മോഹി അഖാര എന്നീ മൂന്നു വിഭാഗങ്ങള്‍ക്ക് തുല്യമായി നല്‍കണമെന്നാണ് വിധിച്ചത്. എന്നാല്‍ ഈ വിധി ഹിന്ദുമഹാസഭക്കും സുന്നി വഖഫ് ബോര്‍ഡിനും സ്വീകാര്യമായില്ല. അവര്‍ സുപ്രീംകോടതിയെ സമീപിച്ചു. 2011 മെയ് 9നു അലഹബാദ് കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്യുകയും തല്‍സ്ഥിതി തുടരാന്‍ നിര്‍ദേശിക്കുകയും ചെയ്തു. കക്ഷികളിലൊരാളും തന്നെ ഇങ്ങനെ ഒരാവശ്യം മുമ്പോട്ട് വെക്കാത്ത സാഹചര്യത്തില്‍ അലഹബാദ് കോടതിയുടെ വിധി അമ്പരിപ്പിക്കുന്നതാണെന്നു സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് നിരീക്ഷിച്ചു. യു പിയില്‍ ബി ജെ പി അധികാരത്തില്‍ വന്ന സാഹചര്യത്തില്‍ രാമക്ഷേത്ര നിര്‍മ്മാണം സാധ്യമാക്കുന്നതിനു വേണ്ട സാഹചര്യം ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു എന്ന നിരീക്ഷണത്തിലാണ് ഇപ്പോള്‍ സുബ്രമണ്യന്‍ സ്വാമി ക്ഷേത്രനിര്‍മ്മാണത്തിന് അനുമതി തേടി കോടതിയെ സമീപിച്ചിരിക്കുന്നത്. എല്ലാ വിഭാഗവുമായി ചര്‍ച്ച നടത്തി മാര്‍ച്ച് 31നു കോടതിയെ അറിയിക്കാനാണ് സുപ്രീംകോടതി ബെഞ്ച് സ്വാമിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. രാജ്യത്തിന്റെ ഹൃദയത്തെ ഭേദിച്ചുകൊണ്ടായിരുന്നു എല്‍. കെ. അദ്വാനിയുടെ രഥയാത്ര കടന്നുപോയത്. ബീഹാറിലെയും ഉത്തര്‍പ്രദേശിലെയും ലവകുശന്മാരായിരുന്ന ലാലു പ്രസാദും മുലായം സിംഗും ആ രഥയാത്രയെ തടയാന്‍ ശ്രമിച്ചെങ്കിലും ഹിന്ദുത്വ വികാരം ആളിക്കത്തിക്കാന്‍ അദ്വാനിക്ക് ആ രഥയാത്രയിലൂടെ കഴിഞ്ഞു. കര്‍സേവയുടെ മുന്നോടിയായി ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്വാനി പറഞ്ഞത് കര്‍സേവ കേവലം കീര്‍ത്തനങ്ങളും ഭജനങ്ങളുമല്ല; മറിച്ച് ഇഷ്ടികയും മണ്‍കോരിയുമൊക്കെ ഉപയോഗിച്ചുള്ളതാവുമെന്നായിരുന്നു. അദ്വാനിയുടെ കൂടെ വിധി കാത്തിരിക്കുന്ന ബജ്‌റംഗ്ദള്‍ നേതാവ് വിനയ് കത്യാര്‍ അന്ന് പറഞ്ഞത് 'നിയമം തടഞ്ഞാലും കോടതിവിധി ഉണ്ടായാലും കര്‍സേവ ഉണ്ടാവും' എന്നായിരുന്നു. അതിനേക്കാള്‍ ഭീകരമായിരുന്നു മറ്റൊരു 'പ്രതി'യായ വി. എച്ച്. പി. നേതാവ് അശോക് സിംഗാളിന്റെ പ്രസ്താവം. 'കര്‍സേവകരെ തടഞ്ഞാല്‍ ഇവിടെ നരകമായിരിക്കും' എന്നായിരുന്നു സിംഗാള്‍ പറഞ്ഞത്.

ബാബരി മസ്ജിദുമായി ബന്ധപ്പെട്ട സുപ്രധാനമായ വാദം കേള്‍ക്കലുകളും വിധികളുമാണ് ഈ വരുന്ന ആഴ്ചകളിലായി വരാന്‍ പോവുന്നത്. ഭരണകൂട ഫാഷിസം നിരന്തരം ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന സാഹചര്യത്തില്‍ ജുഡീഷ്യറിയുടെ നീതിപൂര്‍വകമായ തീരുമാനം മാത്രമാണ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. ലോകചരിത്രത്തിലെ തന്നെ കറുത്ത ദിനമാണ് ഡിസംബര്‍ 6. ലോകത്തിനു മുന്നില്‍ ഇന്ത്യക്ക് ലജ്ജിച്ച് തലതാഴ്‌ത്തേണ്ടി വന്ന ദിനം. നിഷ്പ്രഭമായ നമ്മുടെ നാടിന്റെ മതേതര മുഖച്ഛായ വീണ്ടെടുക്കാന്‍ സാധിക്കുന്ന സന്ദര്‍ഭമാണിത്. ഒരു വിഭാഗത്തിന്റെ ആരാധനാലയത്തില്‍ ചരിത്രപരമായ തെളിവുകള്‍ പോലുമില്ലാത്ത സംഭവങ്ങളുടെ പേരില്‍ അവകാശവാദം ഉന്നയിച്ച് രാത്രിയുടെ മറവില്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ച് കൈയേറ്റം നടത്തുകയും പിന്നീട് ആ ആരാധനാലയത്തെ തകര്‍ത്ത് രാജ്യമാകെ കലാപം അഴിച്ചു വിടുകയും ചെയ്തത് നീതീകരിക്കാന്‍ സാധിക്കാത്ത കാര്യമാണ്. നിയമവാഴ്ചക്ക് പകരം അരാജകത്വം അരങ്ങു വാഴുന്ന സ്ഥിതിവിശേഷത്തെ ജാതിമതരാഷ്ട്രീയ വ്യത്യാസങ്ങള്‍ക്ക് അതീതമായി ചെറുത്തുതോല്‍പ്പിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുകൊണ്ടുവരുവാനും അതുവഴി ലോകരാജ്യങ്ങളുടെ മുന്നില്‍ ശിരസ്സുയര്‍ത്തി നില്‍ക്കാനും സാധിക്കണം.