ഓഖി ചുഴലിക്കാറ്റും ഓര്‍ക്കേണ്ട സത്യങ്ങളും

ഉസ്മാന്‍ പാലക്കാഴി

2017 ഡിസംബർ 09 1439 റബിഉല്‍ അവ്വല്‍ 20
ഭൂകമ്പം, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, അഗ്‌നിപര്‍വത സ്‌ഫോടനം... ഇങ്ങനെ പലവിധ ദുരന്തങ്ങള്‍ ഇടയ്ക്കിടെ ലോകത്തിന്റെ പലഭാഗങ്ങൡ സംഭവിച്ചുകൊണ്ടേയിരിക്കുന്നു. കടലും കരയും ആകാശവുമെല്ലാം കീഴടക്കിയെന്ന് വീമ്പ് പറയുന്ന മനുഷ്യന്റെ അഹന്തക്ക് മേലുള്ള പ്രഹരമായി ഇത്തരം ദുരന്തങ്ങള്‍ പതിക്കുകയാണ്. ഒരു സത്യവിശ്വാസി ഇവയെ എങ്ങനെ നോക്കിക്കാണണം?

ഈ വര്‍ഷം ഡിസംബര്‍ മാസം കടന്നുവന്നത് 'ഓഖി' എന്ന് പേരിട്ട ചുഴലിക്കാറ്റുമായാണ്. സംസ്ഥാനത്ത് ഏറെ നാശനഷ്ടങ്ങളുണ്ടാക്കി കാറ്റ് കടന്നുപോയി. ഭീതിയുടെ മുള്‍മുനയിലായിരുന്നു സംസ്ഥാനം ഏതാനും ദിവസങ്ങള്‍. നാളുകള്‍ പിന്നിട്ടിട്ടും കടലില്‍ പോയ അനേകമാളുകള്‍ തിരിച്ചുവന്നിട്ടില്ല. കേരളത്തില്‍ ഇരുപത്തൊമ്പതും തമിഴ്‌നാട്ടില്‍ ഒമ്പതും പേര്‍ മരണപ്പെട്ടു. മരണസംഖ്യ ഇനിയും കൂടാമെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. കൂറ്റന്‍ തിരകള്‍ തീരത്തേക്ക് അടിച്ചുകയറിത് പല സ്ഥലങ്ങളിലും പരിഭ്രാന്തി പരത്തിയിട്ടുണ്ട്. 2004ല്‍ കടന്നുവന്ന സുനാമി ആവര്‍ത്തിക്കുമോ എന്ന ഭീതിയിലായിരുന്നു ജനങ്ങള്‍. അങ്ങനെയൊരു ദുരന്തം സംഭവിക്കാത്തതിലുള്ള ആശ്വാസത്തിലാണ് തീരദേശവാസികള്‍.

2004ലെ സുനാമിയില്‍ ലോകത്തിന്റെ പലഭാഗങ്ങളിലായി രണ്ട് ലക്ഷത്തില്‍പരം ആളുകള്‍ കൊല്ലപ്പെടുകയും അനേകലക്ഷം ആളുകള്‍ വഴിയാധാരമാവുകയും ക്ലിപ്തപ്പെടുത്താന്‍ പറ്റാത്തത്ര സാമ്പത്തിക നഷ്ടം ഉണ്ടാവുകയും ചെയ്തത് നാം മറന്നിട്ടില്ല. അന്നത്തെ സുനാമിയെ അവലോകനം ചെയ്തുകൊണ്ട് എഴുതിയ ലേഖനത്തില്‍ 'മലയാളം' വാരിക എഴുതി: ''കുളച്ചല്‍ വാണിയക്കുടി കടല്‍ക്കരയില്‍ ചീട്ടുകളിച്ചുകൊണ്ടിരുന്ന മത്സ്യത്തൊഴിലാളിയായ ഫ്രാന്‍സിസും സംഘവും നോക്കുമ്പോള്‍, മൂന്നാള്‍ ഉയരത്തില്‍ വരുന്ന ഏതോ ഒരു ഭീകരജീവിയെപ്പോലെയായിരുന്നു കടല്‍. ശക്തിയായി ഉയര്‍ന്നുവന്ന ഈ ഭീകരത്തിര അത് വീശിയടിച്ച് പോരുന്ന വഴിയിലുള്ള സകലതിനെയും തകര്‍ത്തുകൊണ്ടാണ് പിന്‍വാങ്ങിയത്. ഫ്രാന്‍സിസിനോടൊപ്പമുണ്ടായിരുന്ന ആരും ഇന്ന് ജീവിച്ചിരിപ്പില്ല. ആറോളം കടലോരഗ്രാമങ്ങളെയും അത് വിഴുങ്ങി.''

''കടല്‍ക്കരയിലെ എ.വി.എം. കനാലില്‍ ചപ്പ് ചവറുകള്‍ക്കിടയില്‍ തിരയുന്ന രക്ഷാപ്രവര്‍ത്തകരുടെ കണ്ണില്‍ പെടുന്നത് പുതഞ്ഞ് കിടക്കുന്ന ശവശരീരങ്ങള്‍ മാത്രം. കരയില്‍ ചിതറിക്കിടക്കുന്ന കളിപ്പാട്ടങ്ങള്‍, വസ്ത്രങ്ങള്‍, പാഠപുസ്തകങ്ങള്‍, വള്ളങ്ങള്‍, വാഹനങ്ങള്‍. എല്ലാം കടല്‍ തിരിച്ചുകൊടുത്തുവെങ്കിലും ഇനിയും വിട്ടുകൊടുക്കുവാന്‍ മടിക്കുന്ന ചിലതുണ്ട്. നിരവധി ശവശരീരങ്ങള്‍...'' (മലയാളം വാരിക. 2005 ജനുവരി 7).

ഇത് ചരിത്രത്തിലെ ആദ്യത്തെ സുനാമിയായിരുന്നില്ല. 1946ല്‍ ആലൂഷ്യന്‍ ദ്വീപിനടുത്ത് കടലിനടിയിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സുനാമി തിരമാലകള്‍ 3200 കി.മീ. അകലെയുള്ള ഹവായ് ദ്വീപില്‍ അഞ്ചു മണിക്കൂര്‍ കൊണ്ട് പാഞ്ഞെത്തി ആ ദ്വീപിനെ തകര്‍ത്തുകളഞ്ഞിട്ടുണ്ട്. 1990ല്‍ ചിലിയിലുണ്ടായ സുനാമി 22 മണിക്കൂര്‍ സഞ്ചരിച്ചാണ് ജപ്പാനിലെ തീരപ്രദേശത്ത് നാശം വിതച്ചത്.

ദുരന്തങ്ങള്‍ ഓരോന്നായി ഭൂമുഖത്ത് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. തുര്‍ക്കിയിലും ഗുജറാത്തിലും ഇറാനിലും സമീപ കാലത്തുണ്ടായ ഭൂകമ്പങ്ങള്‍ അതിശക്തമായിരുന്നു. ഒറീസയിലെ കൊടുങ്കാറ്റിന്റെ ഭീകരതയും നമ്മള്‍ കണ്ടതാണ്. റോഡപകടങ്ങളും അതിനെത്തുടര്‍ന്നുണ്ടാകുന്ന മരണങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുന്നു. പുതിയ പുതിയ മാരകരോഗങ്ങള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു.

ശാസ്ത്ര-സാങ്കേതിക മുന്നേറ്റത്തില്‍ അഹന്ത നടിച്ചുകൊണ്ടിരിക്കുന്ന മനുഷ്യന്‍ ഇതിന് മുമ്പില്‍ പകച്ചുനില്‍ക്കുകയാണ്; നിസ്സഹായനായി വിലപിക്കുകയാണ്. 2004ല്‍ സുനാമിത്തിരമാലകള്‍ തമിഴ്‌നാട് തീരത്ത് നാശം വിതച്ചുകൊണ്ടിരിക്കുന്ന വാര്‍ത്തയറിഞ്ഞിട്ടും അത് കേരളത്തിലും എത്തുമെന്ന് പറയാനും മുന്നറിയിപ്പ് നല്‍കാനും കേരളത്തിലെ ശാസ്ത്രജ്ഞന്മാര്‍ക്ക് കഴിയാതെ പോയതും ഭരണാധികാരികള്‍ അവരെ ശാസിച്ചതും നമ്മള്‍ കണ്ടതാണ്. സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിന്റെ ഡയറക്ടര്‍ എം. ബാവ അന്ന് തുറന്നു പറഞ്ഞത് കാണുക:

''ഇത്തരമൊരു ദുരന്തം മുന്‍കൂട്ടി അറിഞ്ഞില്ലെന്ന ഉത്തരവാദിത്വത്തില്‍ നിന്നും ശാസ്ത്രലോകത്തിന് ഒരിക്കലും ഒഴിഞ്ഞുമാറാനാകില്ല. ശാസ്ത്രലോകത്ത് പ്രവര്‍ത്തിക്കുന്നവരെ ആകെ അമ്പരപ്പിക്കുകയും നടുക്കുകയും ചെയ്തു ഈ ദുരന്തം. എല്ലാം നേടി എന്ന് അഭിമാനിക്കുമ്പോഴും ഒന്നും നേടിയില്ലെന്ന സത്യം ശാസ്ത്രജ്ഞരെ വ്യാകുലരാക്കുന്നു. ഈ ദുരന്തം ഓരോ ശാസ്ത്രജ്ഞന്റെയും മനസ്സിനെ മുറിവേല്‍പിക്കുന്നു...''

'ഓഖി'ക്കു ശേഷവും അതിന്റെ വരവിനെപ്പറ്റി മുന്നറിയിപ്പ് നല്‍കാത്തതിന്റെ പേരില്‍ വിവാദങ്ങള്‍ പടരുന്നുണ്ട്. ചുഴലിക്കാറ്റും പേമാരിയും വന്‍തിരമാലകളും ഉണ്ടാകുമെന്ന ഒരു മുന്നറിയിപ്പും ലഭിച്ചില്ലെന്നും വിദേശ രാജ്യങ്ങള്‍ മുന്‍കൂട്ടി കാലാവസ്ഥാ വ്യതിയാനങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കുന്ന ഇക്കാലത്ത് തങ്ങള്‍ കടലിനും കൊടുങ്കാറ്റിനും ഇടയിലായത് അധികൃതരുടെ അനാസ്ഥകൊണ്ടാണെന്നും മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുമ്പോള്‍ ഇത് പ്രായോഗികമല്ലെന്നാണ് അധികൃതരുടെ വിശദീകരണം.

സുമാത്രയിലെ ഭൂകമ്പം നടന്ന് നിമിഷങ്ങള്‍ക്കകം ഫസഫിക് സുനാമി വാണിംഗ് സെന്ററിന് വിവരം ലഭിച്ചു എന്നും അഡ്രസ് ബുക്ക് പരതിയപ്പോള്‍ ഒരൊറ്റ ഏഷ്യന്‍ രാജ്യത്തിന്റെയും ബന്ധപ്പെട്ട അധികൃതരുടെ വിലാസമോ ഫോണ്‍ നമ്പറോ അതില്‍ കണ്ടില്ല എന്നും അതിനാല്‍ ഏഷ്യന്‍ രാജ്യങ്ങളെ വിവരം അറിയിക്കാന്‍ കഴിഞ്ഞില്ല എന്നുമുള്ള, അമേരിക്കയിലെ നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടറുടെ വിശദീകരണം ഈ ശാസ്ത്രയുഗത്തിലും മനുഷ്യന്റെ പരിമിതികള്‍ ബോധ്യപ്പെടുത്തുന്നതാണ്.

കരയും കടലും ആകാശവും കീഴടക്കിയെന്ന് വീമ്പ് പറയുന്ന മനുഷ്യന്റെ അഹന്തക്കുമേലുള്ള പ്രഹരമായി ഇത്തരം ദുരന്തങ്ങള്‍ പതിക്കുകയാണ്. മനുഷ്യന്റെ നിസ്സാരതയും അശക്തിയും ഇവ ബോധ്യപ്പെടുത്തുന്നു; ഒപ്പം പ്രപഞ്ചസ്രഷ്ടാവിന്റെ അസ്തിത്വവും അപാരമായ കഴിവും ശക്തിയും. മനുഷ്യന്റെ നിസ്സാരതയെ സൂചിപ്പിച്ചുകൊണ്ട് ഒരു പ്രമുഖ മലയാളം വാരിക എഴുതിയ മുഖലേഖനത്തിലെ ഭാഗം കാണുക:

''സുമാത്ര ദ്വീപില്‍ തുടങ്ങി ആഫ്രിക്കയുടെ തീരങ്ങളിലൂടെ അലറിക്കുതിച്ചുയര്‍ന്ന കടലിന്റെ ഗര്‍വം അടങ്ങുമ്പോള്‍, നാം മനുഷ്യന്‍ എത്ര നിസ്സാരജീവികള്‍ എന്ന സത്യം എത്ര നിശിതമായാണ് നമ്മുടെ മുന്നില്‍ ഉയര്‍ന്നുവരുന്നത്. വെട്ടിപ്പിടിക്കലുകള്‍, ആര്‍ത്തികള്‍, മത്സരങ്ങള്‍ എല്ലാം ഞൊടിനേരംകൊണ്ട് അവസാനിക്കുന്നു. മരണതാണ്ഡവം തകര്‍ത്തെറിഞ്ഞതുമാത്രം അവശേഷിക്കുന്നു. മനുഷ്യജീവിതങ്ങളെ മാറോടു ചേര്‍ത്ത് ആശ്ലേഷിക്കുന്ന പ്രകൃതി അമ്മ മാത്രമല്ല, സംഹാരരുദ്രകൂടിയാണെന്ന് ഓര്‍മിപ്പിക്കുമ്പോള്‍ നാം കൂടുതല്‍ വിനയാന്വിതരാകേണ്ടിയിരിക്കുന്നു. ശാസ്ത്രം പടുത്തുയര്‍ത്തുന്ന ഗോപുരങ്ങളും വെട്ടിയും കൊന്നും കെട്ടിപ്പടുക്കുന്ന മഹാസൗധങ്ങളും ഈ ഭൂമിയുടെ ചെറിയൊരു ചാഞ്ചാട്ടത്തിന് മുമ്പില്‍ ഒന്നുമല്ലെന്നും മനസ്സില്‍ കുറിച്ചിടാനുള്ള ഗുണപാഠംകൂടിയാകുന്നു. ഭൂകമ്പത്തിന്റെ ആഘാതങ്ങളില്‍ പൊട്ടിത്തെറിച്ച എത്രയോ രഹസ്യങ്ങളെ അഗാധതകളില്‍ സൂക്ഷിക്കുന്നു ഈ കടല്‍ക്ഷോഭം'' (സമകാലിക മലയാളം, 2005 ജനുവരി 7).

ബീച്ചുകളില്‍ ആഹ്ലാദത്തിമര്‍പ്പിലായിരുന്ന ആയിരങ്ങളില്‍ അനേകം പേര്‍ തിരകളില്‍ അകപ്പെട്ടു. തിരയുടെ വരവുകണ്ട് മക്കളുടെ കൈക്കുപിടിച്ച് ഓടിയ മാതാപിതാക്കളുടെ കൈകളില്‍നിന്ന് വേര്‍പെട്ട മക്കള്‍ തിരകളില്‍പെട്ട് അകന്നകന്ന് പോകുന്നത് ഇടനെഞ്ച് പൊട്ടുന്ന വേദനയോടെ നോക്കിനില്‍ക്കേണ്ടിവന്ന മാതാപിതാക്കള്‍! റോഡില്‍കിടന്ന് പിടയുന്നവനെ തന്റെ വാഹനത്തില്‍ കയറ്റിയാല്‍ സീറ്റില്‍ ചോരയാകുമെന്ന് അറച്ച് കയറ്റാതെയും നടന്നു ക്ഷീണിച്ചതിനാല്‍ കാണുന്ന വണ്ടിക്കു കൈകാട്ടുന്ന പാവപ്പെട്ടവരെ പരിഹാസത്തോടെ നോക്കിയും പാഞ്ഞുപോകുന്നവരും അത്യാസന്നനിലയിലായ രോഗിയെ ആശുപത്രിയില്‍ കൊണ്ടുപോകുവാന്‍ അയല്‍വാസികള്‍ വണ്ടിയൊന്നു വിട്ടുതരണമെന്ന് കെഞ്ചിപ്പറഞ്ഞിട്ടും വിട്ടുകൊടുക്കാത്തവരുമാണല്ലോ ഇന്നധികവും. പക്ഷേ, തന്റെ പ്രിയപ്പെട്ട വാഹനം തിരകളില്‍പെട്ട് ഉയര്‍ന്നു താണ് പോകുന്നത് നോക്കിനില്‍ക്കാനേ മനുഷ്യനായുള്ളൂ. ഉടുവസ്ത്രംമൊഴിച്ച് ബാക്കിയെല്ലാം കടലെടുക്കുന്നത് കണ്ടുനില്‍ക്കാനല്ലാതെ ഒന്നിനും കഴിയാത്തവരുടെ എണ്ണമെത്ര! നൂറും നൂറ്റി എഴുപത്തിയഞ്ചും പേരെ ഒരേ കുഴിയിലിട്ട് മണ്ണിട്ട് മൂടുന്ന കാഴ്ച എത്രമാത്രം ഹൃദയഭേദകമായിരുന്നു. വായില്‍ സ്വര്‍ണക്കരണ്ടിയുമായി ജനിച്ചവനും ഒരുനേരത്തെ അന്നത്തിനായി കൈനീട്ടി നടന്നിരുന്നവനും അവരിലുണ്ടായിരുന്നു.എല്ലാവിധ അസമത്വങ്ങളും അധമചിന്തകളും അല്‍പത്തങ്ങളും ആഢ്യമനോഭാവങ്ങളും ഇല്ലാതെ അവരെല്ലാം പരസ്പരം പുണര്‍ന്നുകിടന്നു.

ഇളകിമറിയുന്ന കടലില്‍ രണ്ടുദിവസം ഒരു മരത്തടിയില്‍ തൂങ്ങിനിന്ന പതിമൂന്ന് കാരിയും വിഷജന്തുക്കള്‍ നിറഞ്ഞ ചെറുദ്വീപില്‍ എത്തിപ്പെട്ട പതിമൂന്നുകാരിയും എട്ടുദിവസം ഒരു മരത്തടിയില്‍ കഴിഞ്ഞ യുവാവും തിരമാലകള്‍ വൃക്ഷക്കൊമ്പിലേക്കെടുത്തെറിഞ്ഞതിനാല്‍ രണ്ടുദിവസം അതില്‍ കഴിഞ്ഞ രണ്ട് വയസ്സുകാരനുമൊക്കെ ജീവിതത്തിലേക്ക് തിരിച്ചെത്തിയത് വിസ്മയത്തോടെയാണ് അന്ന് നാം കേട്ടതും വായിച്ചതും.

സകല വസ്തുക്കളുടെയും സ്ഥായിയായ അവകാശം പ്രപഞ്ചനാഥനാണെന്നും താന്‍ വെറുമൊരു നടത്തിപ്പുകാരന്‍ മാത്രമാണെന്നുമുള്ള യാഥാര്‍ഥ്യം ഇതെല്ലാം മനുഷ്യനെ ബോധ്യപ്പെടുത്തുന്നു.

ഇത്തരത്തിലുള്ള ദുരന്തങ്ങളുടെ കാരണമെന്ത്? ഇത് ദൈവത്തിന്റെ ശിക്ഷയാണോ? പരീക്ഷണമാണോ? പ്രകൃതിയെ മനുഷ്യന്‍ ചൂഷണം ചെയ്യുന്നതിന്റെ അനന്തരഫലമാണോ? പലരും പല രൂപത്തില്‍ വ്യാഖ്യാനിച്ചുകൊണ്ടിരിക്കുന്നു.

''തെറ്റായ വഴിയില്‍നിന്ന് നമ്മെ നേര്‍വഴിയിലെത്തിക്കാനുള്ള പ്രകൃതിയുടെ ശ്രമമാണിത്. മനുഷ്യന്റെ ചെയ്തികള്‍ക്കെതിരായുള്ള തിരിച്ചടി നാം മനസ്സിലാക്കണം'' എന്നാണ് മഹാകവി അക്കിത്തം പറഞ്ഞത്.

''2004ല്‍ കേരളത്തില്‍ നടന്ന കടുത്ത മൂല്യച്യുതികളുടെയും സദാചാരഭ്രംശത്തിന്റെയും പശ്ചാത്തലം ഈ പ്രപഞ്ചകോപത്തില്‍ അടങ്ങിയിരിക്കുന്നു'' എന്നാണ് സുകുമാര്‍ അഴീക്കോട് നിരീക്ഷിച്ചത്.

പ്രകൃതിയോട് മനുഷ്യന്‍ കാണിക്കുന്ന ക്രൂരതക്ക് പ്രകൃതിയുടെ തിരിച്ചടി എന്നാണ് മിക്ക മുഖ്യധാരാ മാധ്യമങ്ങളും ഇത്തരം ദുരന്തങ്ങളുണ്ടാകുമ്പോള്‍ പറയാറുള്ളത്! എന്താണ് പ്രകൃതി? അതിന് ബുദ്ധിയും ഇച്ഛാശക്തിയുമുണ്ടോ? മരമാണോ? പുഴയാണോ? മലയാണോ? കടലാണോ? അല്ല. ഇവയോരോന്നും പ്രകൃതിയുടെ ഓരോ അംശങ്ങള്‍. എല്ലാംകൂടി ചേര്‍ന്നതാണ് പ്രകൃതി. അതിന് ബുദ്ധിയില്ല. ചിന്തിക്കാനറിയില്ല. കോപിക്കാനും പ്രതികാരം ചെയ്യാനും കഴിയില്ല. എന്നെ ചൂഷണം ചെയ്യുന്നവരെ ഒരു പാഠം പഠിപ്പിക്കട്ടെ എന്ന് കരുതി ഭൂമി കുലുങ്ങാറില്ല; കടല്‍ ക്ഷോഭിക്കാറില്ല; കൊടുങ്കാറ്റ് വീശാറില്ല.

എല്ലാറ്റിനും പിന്നില്‍ കാലമാണെന്ന് പറയുന്ന പ്രകൃതിവാദികളെക്കുറിപ്പ് അല്ലാഹു പറയുന്നു:

''അവര്‍ പറഞ്ഞു: ജീവിതമെന്നാല്‍ നമ്മുടെ ഐഹികജീവിതം മാത്രമാകുന്നു. നാം മരിക്കുന്നു. നാം ജീവിക്കുന്നു. നമ്മെ നശിപ്പിക്കുന്നത് കാലം മാത്രമാകുന്നു. (വാസ്തവത്തില്‍) അവര്‍ക്ക് അതിനെപ്പറ്റി യാതൊരു അറിവുമില്ല. അവര്‍ ഊഹിക്കുക മാത്രമാകുന്നു'' (ക്വുര്‍ആന്‍ 45:24).

ഗോചരവും അഗോചരവുമായ സകല വസ്തുക്കളുടെയും സ്രഷ്ടാവ് സര്‍വശക്തനായ അല്ലാഹുവാണ്. അവനാണ് എല്ലാറ്റിനെയും നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്. അവന്റെ അറിവും ഉദ്ദേശ്യവുമില്ലാതെ ഈ പ്രപഞ്ചത്തില്‍ ഒന്നും നടക്കുന്നില്ല: ''അല്ലാഹുവിനാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം'' (ക്വുര്‍ആന്‍ 45:27).

ഓരോ സംഭവവികാസവും നടക്കുന്നത് കാര്യകാരണ ബന്ധങ്ങള്‍ക്കധീനമായാണ് എന്നതും സ്രഷ്ടാവിന്റെ തീരുമാനമാണ്.

''മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്റെ ഫലം അവര്‍ക്ക് ആസ്വദിക്കുവാന്‍ വേണ്ടിയത്രെ അത്. അവര്‍ ഒരുവേള മടങ്ങിയേക്കാം'' (ക്വുര്‍ആന്‍ 30:41).

മുഖ്യധാരാ മാധ്യമങ്ങള്‍ മാത്രമല്ല, മതസംഘടനകള്‍ പുറത്തിറക്കുന്ന മിക്കവാറും പ്രസിദ്ധീകരണങ്ങളും കരിമണല്‍ ഖനനം പോലുള്ള കാര്യങ്ങള്‍ എടുത്തുകാട്ടി ഇത്തരത്തിലുള്ള ചൂഷണങ്ങളാണ് സുനാമിപോലുള്ള ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത് എന്ന് സമര്‍ഥിക്കുവാന്‍ ശ്രമിച്ചിരുന്നു. ഇതില്‍ ശരിയും ശരികേടുമുണ്ടായിരിക്കാം.

ശാസ്ത്ര-സാങ്കേതിക കാര്‍ഷിക രംഗങ്ങളിലെല്ലാമുള്ള നേട്ടങ്ങള്‍ പ്രകൃതിയെ ചൂഷണം ചെയ്യുന്നതിലൂടെയാണെന്ന സത്യം ആര്‍ക്ക് നിഷേധിക്കാനാവും? അണക്കെട്ടുകള്‍ പ്രകൃതിയെ ചൂഷണം ചെയ്യലാണ്. അതിന്റെ നേട്ടങ്ങള്‍ നിസ്സാരമാണോ? കല്ലും കണ്ണും മരവും മണലുമെല്ലാം പ്രകൃതിയിലെ വിഭവങ്ങളാണ്. പ്രകൃതിയെ ചൂഷണം ചെയ്തുകൂടാ എന്ന് പറയുന്നവര്‍ എങ്ങനെ റോഡും പാലവുമുണ്ടാക്കും? എങ്ങനെ വീടുകള്‍ നിര്‍മിക്കും? മനുഷ്യന്റെ സര്‍വവിധ പുരോഗതിക്കും അനിവാര്യമായ ഇന്ധനം ഊറ്റിയെടുക്കുന്നത് പ്രകൃതിയില്‍ നിന്നല്ലേ? വിവിധ ലോഹങ്ങള്‍ മാനത്തുനിന്നും ദൈവം കഷ്ണങ്ങളായി ഇട്ടുതരുന്നതാണോ? അതും പ്രകൃതിയെ ചൂഷണം ചെയ്തുണ്ടാക്കുന്നതല്ലേ? കടലിനെ ചൂഷണം ചെയ്തുകൊണ്ടല്ലേ ലക്ഷോപലക്ഷം ആളുകള്‍ ജീവിക്കുന്നത്? എല്ലാം മനുഷ്യര്‍ക്കു വേണ്ടി ദൈവം സംവിധാനിച്ചതാണ്. എനിക്ക് ലാഭം കൊയ്‌തെടുക്കണം. അതിനുവേണ്ടി എന്റെ ഫാക്ടറിയിലെ വിഷദ്രാവകങ്ങള്‍ പുഴയിലേക്കൊഴുക്കാം. അതുകൊണ്ട് ആര്‍ക്ക് എന്ത് ദോഷമുണ്ടായാലും എനിക്ക് പ്രശ്‌നമല്ല എന്ന നിലയ്ക്കുള്ള ചിന്താഗതിയാണ് പ്രശ്‌നം. പാലം തകര്‍ന്നാലും വേണ്ടതില്ല; എനിക്ക് കാശുണ്ടാക്കണം എന്ന ചിന്തയോടെ പാലത്തിന്റെ തൂണുകള്‍ക്ക് ചുവട്ടില്‍നിന്നുപോലും മണല്‍ വാരുന്ന ദുഷ്ടമനഃസ്ഥിതിയാണ് എതിര്‍ക്കപ്പെടേണ്ടത്. മാന്യമായ നിലയ്ക്കുള്ള ഉപയോഗവും ശരിയായ വഴിക്കുള്ള വിനിയോഗവുമാണ് ആവശ്യം.

പ്രപഞ്ചത്തിലെ പരമാണുവിന്റെ പോലും നിയന്ത്രണം സ്രഷ്ടാവായ അല്ലാഹുവിനാണ്. അവനറിയാതെ യാതൊരു സംഭവവും പ്രപഞ്ചത്തില്‍ നടക്കുന്നില്ല. അവന്‍ നല്‍കിയ എണ്ണമറ്റ അനുഗ്രഹങ്ങള്‍ ആസ്വദിച്ചുകൊണ്ട് ജീവിക്കുന്ന മനുഷ്യരില്‍ അധികവും അവനോട് നന്ദി കാണിക്കുന്നതില്‍ വിമുഖത കാണിക്കുന്നവരാണ്. സര്‍വലോക സ്രഷ്ടാവും പരിപാലകനുമായ സാക്ഷാല്‍ ദൈവത്തോട് നന്ദി കാണിക്കേണ്ടത് അവനെ മാത്രം ആരാധിച്ചുകൊണ്ടാണ്. അവനെ കൈവിട്ടുകൊണ്ട് ദുര്‍ബലന്മാരും സ്വദേഹങ്ങളെപോലും കാത്തുസൂക്ഷിക്കുവാന്‍ കഴിയാത്തവരുമായ സൃഷ്ടികളെ ആരാധിക്കുക എന്നതിനെക്കാള്‍ വലിയ നന്ദികേട് മറ്റെന്താണ്?

അല്ലാഹു പറയുന്നു: ''തന്നോട് പങ്ക് ചേര്‍ക്കുപ്പെടുക എന്നത് അല്ലാഹു പൊറുക്കുകയില്ല; തീര്‍ച്ച. അതല്ലാത്തത് അവനുദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്ത് കൊടുക്കുന്നതാണ്. ആര്‍ അല്ലാഹുവിനോട് പങ്ക് ചേര്‍ക്കുന്നുവോ അവന്‍ ബഹുദൂരം പിഴച്ചുപോയിരിക്കുന്നു'' (ക്വുര്‍ആന്‍ 4:116).

മനുഷ്യന്റെ അധാര്‍മിക പ്രവര്‍ത്തനങ്ങളും പ്രകൃതി ചൂഷണവും ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന് പറയുന്നതോടൊപ്പം മനുഷ്യര്‍ ചെയ്യുന്നതില്‍ ഏറ്റവും വലിയ അധാര്‍മിക പ്രവര്‍ത്തനം അഥവാ അക്രമം ദൈവത്തില്‍ പങ്കുചേര്‍ക്കലാണ് എന്ന യാഥാര്‍ഥ്യം തുറന്ന് പറയേണ്ടതുണ്ട്.

ഇത്തരത്തിലുള്ള ഒരു ദുരന്തത്തിന്റെയും യഥാര്‍ഥ കാരണം ഖണ്ഡിതമായി പറയാന്‍ ആര്‍ക്കും കഴിയില്ല എന്നത് ശരിയാണ്. പ്രകൃതിക്ക് തനിയെ തിരിച്ചടിക്കാന്‍ കഴിയില്ല എന്ന് മുമ്പ് സൂചിപ്പിച്ചു. ഭൂമിയില്‍ ആരും സുരക്ഷിതരല്ല എന്ന ദൈവത്തിന്റെ മുന്നറിയിപ്പോ, അതോ ഭൂമുഖത്ത് അവശേഷിക്കുന്നവര്‍ക്കുള്ള പരീക്ഷണമോ, അതുമല്ല ദൈവത്തിന്റെ ശിക്ഷതന്നെയോ എന്നെല്ലാം ചിന്തിക്കുവാനുള്ള അവസരമാണ് ഇത്തരം സംഭവങ്ങള്‍ നല്‍കുന്നത് എന്നതില്‍ സംശമില്ല.

അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) നിവേദനം:''വിശ്വസിക്കുകയും തങ്ങളുടെ വിശ്വാസത്തില്‍ അന്യായം കൂട്ടികലര്‍ത്താതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്. അവര്‍ തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവര്‍'' (ക്വുര്‍ആന്‍ 6:82) എന്ന സൂക്തം അവതരിപ്പിക്കപ്പെട്ടപ്പോള്‍ ഞങ്ങള്‍ ചോദിച്ചു: ''അല്ലാഹുവിന്റെ ദൂതരേ, ഞങ്ങളില്‍ സ്വദേഹത്തോട് അക്രമം കാണിക്കാത്തവരാരാണ്?''. അവിടുന്ന് പറഞ്ഞു: ''അത് നിങ്ങള്‍ പറയുന്നതുപോലെയല്ല. 'തങ്ങളുടെ വിശ്വാസത്തില്‍ അന്യായം കൂട്ടിക്കലര്‍ത്തുക'യെന്ന് പറഞ്ഞത് അല്ലാഹുവില്‍ പങ്കുചേര്‍ക്കലാണ്. ലുക്വ്മാന്‍ തന്റെ മകനോടായി പറഞ്ഞത് നിങ്ങള്‍ കേട്ടിട്ടില്ലേ: ''എന്റെ കുഞ്ഞുമകനേ, നീ അല്ലാഹുവില്‍ പങ്കുചേര്‍ക്കരുത്. തീര്‍ച്ചയായും അങ്ങനെ പങ്ക്‌ചേര്‍ക്കുന്നത് വലിയ അക്രമംതന്നെയാകുന്നു'' (ക്വുര്‍ആന്‍ 31:13) (ബുഖാരി).

അബ്ദുല്ല(റ) പറയുന്നു: ''ഞാന്‍ നബി ﷺ യോട് ചോദിച്ചു: ഏത് പാപമാണ് അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും കഠിനമായത്? നബി ﷺ പറഞ്ഞു: ''നിന്നെ സൃഷ്ടിച്ച നിന്റെ രക്ഷിതാവില്‍ നീ പങ്കാളിയെ സ്ഥാപിക്കലാണ്...'' (ബുഖാരി)

''മറ്‌യമിന്റെ മകന്‍ മസീഹ് തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. എന്നാല്‍ മസീഹ് പറഞ്ഞത് 'ഇസ്‌റാഈല്‍ സന്തതികളേ, എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവിനെ നിങ്ങള്‍ ആരാധിക്കുവിന്‍. അല്ലാഹുവിനോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കും. അക്രമികള്‍ക്ക് സഹായികളായി ആരും തന്നെയില്ല' എന്നാണ്'' (ക്വുര്‍ആന്‍ 5:72).

മുന്‍ കഴിഞ്ഞുപോയ പല ജനവിഭാഗങ്ങളും നശിപ്പിക്കപ്പെട്ടത് അല്ലാഹുവില്‍ പങ്കുചേര്‍ത്തത് മൂലമാണെന്ന് ക്വുര്‍ആന്‍ ഉണര്‍ത്തുന്നു.

''(നബിയേ) പറയുക: നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് മുമ്പുണ്ടായിരുന്നവരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കുക. അവരില്‍ അധികപേരും ബഹുദൈവാരാധകരായിരുന്നു'' (30:42)

പല പുരാതന പട്ടണങ്ങളും ഭൂമിക്കടിയില്‍ നിന്നും ഉത്ഖനന പര്യവേഷണങ്ങളിലൂടെയാണ് കണ്ടെടുക്കപ്പെട്ടിട്ടുള്ളതെന്ന് ഇത്തരുണത്തില്‍ ഓര്‍ക്കുക.

ദുരന്തങ്ങളുണ്ടാകുമ്പോള്‍ മുന്‍കൂട്ടി പ്രവചിക്കുവാന്‍ കഴിയുകയില്ലെന്ന് മാത്രമല്ല, അത് ഒരു തലക്കല്‍ ദുരന്തംവിതച്ച് മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍പോലും ആ വിവരം ദുരന്ത സാധ്യതയുള്ള സ്ഥലങ്ങളിലെ ബന്ധപ്പെട്ടവരെ അറിയിക്കാന്‍ പോലും കഴിയാതെ ശാസ്ത്രലോകം തങ്ങളുടെ നിസ്സഹായത വെളിപ്പെടുത്തുകയാണ് ചെയ്യുന്നത് പലപ്പോഴും.

എന്നാല്‍ ഈ സമയം എവിടെപ്പോയി ഒളിക്കുകയാണ് ജനലക്ഷങ്ങള്‍ ആരാധിക്കുന്ന ആള്‍ദൈവങ്ങള്‍ ചെയ്തത്? ഭാവിപ്രവചിക്കുന്ന ജ്യോതിഷികള്‍ എന്തെടുക്കുകയായിരുന്നു? കടലില്‍ പോയവര്‍ പലരും ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവരായിരുന്നില്ലേ? അവരില്‍ പലരും തങ്ങളുടെ 'ഈ ആഴ്ച'യും 'ഈ മാസ'വുമൊക്കെ നോക്കിയിരുന്നവരായിരുന്നില്ലേ. ദുരന്തസാധ്യത എന്തേ അവരൊന്നുമറിഞ്ഞില്ല? എല്ലാം ഗണിച്ചു പറയുന്നവര്‍ ഇതൊന്നും എന്തേ മുന്‍കൂട്ടി പറയുന്നില്ല?

അല്ലാഹുവിനെ വിട്ട് സൃഷ്ടികളെ ആരാധിച്ചിരുന്ന ജനവിഭാഗങ്ങളെ നശിപ്പിച്ചതിനെക്കുറിച്ച് ക്വുര്‍ആനില്‍ ഇങ്ങനെ കാണാം: ''നിങ്ങളുടെ ചുറ്റുമുള്ള ചില രാജ്യങ്ങളെയും നാം നശിപ്പിക്കുകയുണ്ടായി. ആ രാജ്യക്കാര്‍ സത്യത്തിലേക്ക് മടങ്ങുവാന്‍ വേണ്ടി നാം തെളിവുകള്‍ വിവിധ രൂപത്തില്‍ വിശദീകരിച്ചുകൊടുക്കുകയും ചെയ്തു. അല്ലാഹുവിന് പുറമെ അവനിലേക്ക് സാമീപ്യം കിട്ടാനായി അവര്‍ ദൈവങ്ങളായി സ്വീകരിച്ചവര്‍ എന്തുകൊണ്ട് അവരെ സഹായിച്ചില്ല? അല്ല, അവരെവിട്ട് അവര്‍ (ദൈവങ്ങള്‍) അപ്രത്യക്ഷമായി. അത് (ബഹുദൈവവാദം) അവരുടെ വകയായുള്ള വ്യാജവും അവര്‍ കൃത്രിമമായി സൃഷ്ടിച്ചുണ്ടാക്കിയതുമത്രെ'' (46:27,28).

ദുരന്തങ്ങള്‍ സ്വന്തം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന കാഴ്ച കണ്ടിട്ടെങ്കിലും നമ്മള്‍ ഉണരേണ്ടിയിരിക്കുന്നു. ഏത് നിമിഷവും നമ്മെ ഗ്രസിച്ചേക്കാവുന്ന വിപത്തിനെ സംബന്ധിച്ച് നമ്മളാരും നിര്‍ഭയരല്ല എന്നാണ് ദുരന്തങ്ങള്‍ നമ്മെ പഠിപ്പിക്കുന്ന ഒരു കാര്യം. സമ്പത്തിന്റെയോ അധികാരത്തിന്റെയോ പേരില്‍ ആരും അഹങ്കരിക്കേണ്ടതില്ല. എല്ലാ അഹന്തയും എരിഞ്ഞടങ്ങാന്‍ നിമിഷങ്ങള്‍മതി; സ്രഷ്ടാവ് വിചാരിച്ചാല്‍.

''എന്റെ സഞ്ചിയില്‍ സൂര്യന്‍

എന്റെ പോക്കറ്റില്‍ ചന്ദ്രന്‍

എന്റെതാം പുരയ്ക്കുള്ളില്‍

ഇല്ലാത്തതെന്തായുള്ളൂ.

ഒക്കെയും വെട്ടിപ്പിടിച്ചാര്‍ത്തിയാല്‍

അപരന്റെ നെഞ്ചിലും കുളം

കുഴിച്ചുല്ലസിക്കുന്നു നമ്മള്‍''

എന്ന് കവി പാടിയതുപോലെ അഹന്തയുടെ കൊടുമുടിയില്‍ കയറിനിന്ന് ദൈവത്തെ പോലും വെല്ലുവിളിക്കുവാന്‍ മടികാണിക്കാത്തവര്‍ ഇത്തരം ദുരനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കുമെന്ന് നമുക്കു പ്രത്യാശിക്കാം.