കേരളത്തോടെന്തിനിത്ര കലിപ്പ്?

ത്വാഹാ റഷാദ്

2017 ഒക്ടോബര്‍ 21 1438 മുഹര്‍റം 30

"In our age there is no such thing as 'keeping out of politics.' All issues are political issues, and politics itself is a mass of lies, evasions, folly, hatred and schizophrenia.'' 'കള്ളങ്ങളുടെയും ഒഴിഞ്ഞുമാറലുകളുടെയും അബദ്ധങ്ങളുടെയും വെറുപ്പിന്റെയും വിഭ്രാന്തിയുടെയും കൂട്ടമാണ് രാഷ്ട്രീയം എന്ന ബ്രിട്ടീഷ് ഇന്ത്യയിലെ സിവില്‍ സെര്‍വന്റിന്റെ മകന്‍ കൂടിയായ ജോര്‍ജ് ഓര്‍വെലിന്റെ നിരീക്ഷണം ജനാധിപത്യഭീമന്റെ സേവകരെന്ന് ഞെളിയുന്ന സകലമാന 'കൈത്താമരചൂലരിവാളു'കാരുടെയും ചെയ്തികളുമായി ചേര്‍ത്തുവേക്കാതെ 'അച്ചേ ദിനും' 'ആം ആദ്മീ കാ അധികാറും' നാം ചിന്തിച്ചു കൂടാ. 

കേവല സാമ്പത്തിക, രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഇന്നലെ വരെ പ്രസംഗിച്ചതും എഴുതിയതും സൗകര്യപൂര്‍വം വിഴുങ്ങുന്ന വല്ലഭന്മാരും അതേ ലക്ഷ്യങ്ങള്‍ക്കായി കലാപങ്ങളും കൊലപാതകങ്ങളും വിതയ്ക്കുന്ന ചോരക്കൊതിയന്മാരും രാജ്യത്തെ വിറ്റ് കാശാക്കുന്ന കോര്‍പ്പറേറ്റുകളും വാഴുന്നിടത്ത് നാടിനും ജനങ്ങള്‍ക്കുമായി ഓടിനടക്കുന്ന രാജ്യസ്‌നേഹികള്‍ക്കെന്ത് പ്രസക്തി!

ആയിരക്കണക്കിന് വീടുകള്‍ അഗ്‌നിക്കിരയാക്കിയ രാംനാട് കലാപം മുതല്‍ ആധുനിക ഉത്തര്‍പ്രദേശിലെ ഏറ്റവും ഹീനമായ കലാപം എന്ന് വിശേഷിക്കപ്പെട്ട മുസാഫര്‍ വരെയുള്ള പട്ടികയും 'ഹം യഹാം രാജ്‌നീതി കര്‍നേ നഹി ആയേ ഹേ' എന്ന ജന്തര്‍മന്ധര്‍ പ്രഖ്യാപനവും 'ഇന്ത്യ തിളങ്ങുന്നു' എന്ന സര്‍ക്കാര്‍ പരസ്യവും എല്ലാം ഓര്‍വെലിന്റെ വാക്കുകള്‍ക്ക് അടിവരയിടുന്നു. പോയ വര്‍ഷങ്ങളിലെ ഗുജറാത്ത് മോഡല്‍ വികസന വാദവും 15 ലക്ഷത്തിന്റെ വിതരണ പ്രഖ്യാപനവും രാജ്യത്തിന്റെ മൊത്തം FDI 30 ബില്യണ്‍ മാത്രം ഉള്ളപ്പോള്‍ വൈബ്രന്റ് ഗുജറാത്ത് പദ്ധതിയിലൂടെ 450 ബില്യണ്‍ വിദേശ നിക്ഷേപം എന്ന അവകാശവാദവും വിശുദ്ധ പശുവിന്റെ മൂത്രം മരുന്നും ഉഛ്വാസം ഓക്‌സിജനും ആയ മറിമായങ്ങളും എല്ലാം നാസി പ്രചാരകനായിരുന്ന ഗീബല്‍സിനെ കടംകൊണ്ട കാവിരാഷ്ട്രീയത്തിലെ പോസ്റ്റ് ട്രൂത്ത് പോളിറ്റിക്‌സ് പതിപ്പായി കാണേണ്ടിയിരിക്കുന്നു. അവര്‍ക്ക് പിന്നില്‍ അണിനിരക്കുന്ന അജ്ഞരായ ആയിരങ്ങളും വോട്ടുപെട്ടി നിറക്കുന്ന വര്‍ഗീയപ്രസംഗങ്ങളും സത്യം ചെരുപ്പിടുന്നതിനു മുമ്പേ പത്ത് ലക്ഷമെങ്കിലും ഷെയര്‍ നേടുന്ന സോഷ്യല്‍ മീഡിയയിലെ ന്യൂസ് ഫീഡുകളും പത്രധര്‍മം മാറ്റിമറിച്ച 'പെയ്ഡ് ന്യൂസ്' സംസ്‌കാരവും കലാപ ഭൂമിയിലെ അനുഭവം മോഷ്ടിക്കുന്ന അര്‍ണബുമാരുമെല്ലാം കളവില്‍ പൊതിഞ്ഞ രാഷ്ട്രീയത്തിന്റെ നേര്‍ചിത്രങ്ങളാണ്. 

കളവുകള്‍ എറ്റു പിടിക്കുവാനും അനുകൂലിക്കുവാനും കൂലി എഴുത്തുകാരും അണികളും ഉള്ളിടത്തോളം ഇതിനൊരറുതിയുണ്ടാവില്ല. ഫാസിസ്റ്റ് ഗീബല്‍സിയന്മാരുടെയും സംഘപരിവാര്‍ തിങ്ക് ടാങ്കുകളുടെയും ലക്ഷ്യം കേരളമായത് കണ്ണൂരിനെ ചൊല്ലിയുള്ള കണ്ണീരോ അട്ടപ്പാടിയിലെ കഷ്ടപ്പാടിന്റെ സ്വരങ്ങളോ ആയി വിലയിരുത്താവതല്ല. കാരണം ഈ കാവിശീലം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലല്ലോ. ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയില്‍ നിന്ന് മഹാരാജ്യത്തിന്റെ പ്രധാനമന്ത്രി പദം മോഹിച്ച നിമിഷം മുതല്‍ ഗുജറാത്തിനെ ഇന്ത്യയിലെ പാരീസും ലണ്ടനുമെല്ലാമായി അവതരിപ്പിക്കാനുള്ള ശ്രമമായിരുന്നു. വൈബ്രന്റ് ഗുജറാത്ത് പദ്ധതിയിലൂടെ വരുന്ന കോടികളുടെ കണക്ക് നിരത്തിയും GDP നിരക്കില്‍ മുമ്പേയുള്ള അഞ്ചാം സ്ഥാനം ചൂണ്ടി ഒന്നാം സ്ഥാനക്കാര്‍ക്ക് പോലുമില്ലാത്ത അവകാശവാദങ്ങളുന്നയിച്ചും വികസിത രാഷ്ട്രങ്ങളോടു താരതമ്യപ്പെടുത്തിയും തന്റെ ഭരണത്തിനു അര്‍ഹിക്കാത്ത മേലങ്കി നേടാനുമുള്ള പ്രയത്‌നമായിരുന്നു പിന്നീട്. ഇതിനായി പ്രാദേശിക, ദേശീയ മാധ്യമങ്ങളെ കൂടെ കിട്ടിയതും നേട്ടമായി. സെക്യുലര്‍ ഭാരതം തള്ളിക്കളഞ്ഞ ഒരു വ്യക്തി ദിവസങ്ങള്‍ക്കുള്ളില്‍ ദേശീയ രാഷ്ട്രീയത്തില്‍ അനിഷേധ്യനായതിന് പിന്നില്‍ ഇങ്ങനെ പലതുണ്ട്. ഗുജറാത്ത് മോഡല്‍ വികസനത്തെ പ്രകീര്‍ത്തിക്കാനും ഭാരതവികസനത്തിന് സജസ്റ്റ് ചെയ്യാനും സാമ്പത്തിക ശാസ്ത്രജ്ഞരായ ജഗദീഷ് ഭഗവതിയും അരവിന്ദ് പനഗാരിയയും മുന്നോട്ട് വന്നതും ഫാസിസ്റ്റ് നിരയിലെ ഗുജറാത്ത് ലോബിക്ക് കരുത്തായി.(1)

എന്നാല്‍ ഈ അവകാശവാദങ്ങളുടെയെല്ലാം മുനയാടിച്ചുകൊണ്ട് ഇങ്ങു തെക്കില്‍ ഒരു കൊച്ചു നാടുണ്ടായി എന്നത് നിയോഗം; നമ്മുടെ മലയാള നാട്. രാജ്യത്തെ വലതുപക്ഷ നിരീക്ഷണങ്ങള്‍ക്ക് മുന്നില്‍ എന്നും ചോദ്യചിഹ്നമായി നിന്ന ഒരേയൊരു സംസ്ഥാനം. ഭഗവതിയുടെയും പനഗാരിയയുടെയും വാദങ്ങള്‍ക്ക് അക്കമിട്ടു നിരത്തിക്കൊണ്ട് വികസന മാതൃകയായി കേരളത്തെ അവതരിപ്പിച്ചത്‌നോബല്‍ ജേതാവ് കൂടിയായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യാ സെന്‍. മറ്റൊരു രാഷ്ട്രീയ ലാഭവുമില്ലാഞ്ഞിട്ടും കേരളത്തിന്റെ വികസന സൂചികകളെ എടുത്ത് കാണിച്ചുകൊണ്ട് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി പ്രോഫസര്‍ കൂടിയായ അദ്ദേഹം ഫാസിസ്റ്റ് വാദങ്ങളുടെ മുനയൊടിച്ചത് രാഷ്ട്രീയ ലാഭങ്ങള്‍ക്കായി ബീഫ് ഫെസ്റ്റ് നടത്തിയതിനോടോ സമാന സംഭാവങ്ങളോടോ തുലനപ്പെടുത്തുവാനാവില്ല. സാമൂഹികവശം അവഗണിച്ചു കൊണ്ടുള്ള വളര്‍ച്ചയും സ്വകാര്യ സംരംഭകത്വവും വികസനമായി ഗണിക്കാന്‍ പോലുമാവില്ലെന്നും കേരളത്തിലെ സ്‌റ്റേറ്റ് ഡ്രിവന്‍ പുനര്‍വിതരണ മാതൃകയാണുത്തമം എന്നും അദ്ദേഹം അന്ന് ഉറക്കെ പറഞ്ഞു. അറിഞ്ഞോ അറിയാതെയോ നേടിയെടുത്ത വികസനം മലയാളി അറിഞ്ഞില്ലെങ്കിലെന്താ, കേരള മോഡല്‍ ഏറ്റുപിടിക്കാന്‍ അമര്‍ത്യാ സെന്നിനോപ്പം അഭിജീത് ബാനര്‍ജീ(MIT), ജീന്‍ ട്രീസ് (നാഷണല്‍ അഡൈ്വസറി കൗണ്‍സില്‍), എസ്തര്‍ ടഫ്‌ലോ(MIT), മാര്‍ത്ത നസ്‌ബോം(യൂനിവേഴ്‌സിറ്റി ഓഫ് ചിക്കാഗോ) എന്നിങ്ങനെ പലരുമുണ്ടായി.

നെറ്റ് സ്‌റ്റേറ്റ് ഡൊമെസ്ടിക് പ്രോഡക്റ്റ് (NSDP) കണക്കുകള്‍ പ്രകാരം രാജ്യത്ത് പത്താം റാങ്കില്‍ തുടരുന്ന കേരളം നാലാം സ്ഥാനത്തുള്ള ഗുജറാത്തിനെക്കള്‍ പിന്നിലാണ് എന്നത് ഭഗവതിയെപ്പോലുള്ള ട്രേഡ് തിയറിസ്റ്റുകള്‍ക്ക് കേരളത്തെ അവഗണിക്കാന്‍ മാത്രം മതിയായിരുന്നു. അവിടെയും ചോദ്യം ബാക്കിയാണ്; ഗുജറാത്തിനു നാലാം സ്ഥാനമെങ്കില്‍ അതിനെക്കാളേറെ ഉത്പാദന ശേഷിയുള്ള മധ്യപ്രദേശും ബീഹാറും വെസ്റ്റ്ബംഗാളും മാതൃകയാകാത്തതെന്ത്? ആ ചോദ്യത്തിന്, 'മുമ്പ് പിന്നിലായിരുന്ന ഞങ്ങള്‍ ഇന്ന് ഇത്രയുമായില്ലേ?' എന്ന ഗുജറാത്തിന്റെ 'ഞങ്ങള്‍ പാവം സിദ്ധാന്ത' പ്രകാരമുള്ള മറുപടിയും അപൂര്‍ണമാണ്. പ്രോ ഫാസിസ്റ്റ് ഗുജറാത്ത് മോഡല്‍ അവതരിപ്പിക്കുക വഴി മോഡി ഭരണം അഥവാ ബി.ജെ.പി ഭരണത്തെ മഹത്ത്വവല്‍ക്കരിക്കുക കൂടിയായിരുന്നു ഇവര്‍. എന്നാല്‍ ഉത്പാദന രംഗത്ത് ഗുജറാത്തിന് കേരളത്തിനു മേലുള്ള മേല്‍ക്കൈ ബി.ജെ.പി ഇതര കക്ഷികള്‍ ഗുജറാത്ത് ഭരിച്ചപ്പോഴും ഉണ്ടായിരുന്നു എന്നതാണ് വസ്തുത.(2) അഥവാ ഇത് ബി.ജെ.പിക്ക് മാത്രം അവകാശപ്പെട്ടതല്ല. കേരളത്തെപോലെ ഉന്നത പഠനം, മികച്ച ജോലി എന്ന ചിന്തകള്‍ക്കപ്പുറത്ത്, വിദ്യാഭ്യാസമില്ലെങ്കിലും എത്രയും പെട്ടെന്ന് വരുമാനം എന്നും ചെറുകിട, വന്‍കിട ബിസിനസുകള്‍ എന്നും ചിന്തിക്കുന്ന ഒരു സമൂഹത്തില്‍ ഉത്പാദനം വര്‍ധിക്കുമെന്നത് സ്വാഭാവികതയാണ്. അതിനാല്‍ ഉത്പാദന വര്‍ധനവ് യാഥാര്‍ഥ്യമെങ്കിലും രാജ്യത്തിന് മാതൃക എന്ന മേലങ്കി വകവെച്ച് നല്‍കാന്‍ തല്‍ക്കാലം വകുപ്പില്ല.

1951ല്‍ ഗുജറാത്തിലെ സാക്ഷരത 22%, ദേശീയ ശരാശരി 18%. എന്നാല്‍ അന്ന് കേരളത്തില്‍ 47% സാക്ഷരത ഉണ്ടെന്നും അതിനാല്‍ സമ്പൂര്‍ണ സാക്ഷര കേരളം എന്നത് കേരള മോഡല്‍ വികസനമായി കാണരുതെന്നും ഭഗവതി പക്ഷവും വാദിച്ചു.(3) എന്നാല്‍ കേരളത്തിന്റെ വളര്‍ച്ചയും വികസനവും ഒരു പാര്‍ട്ടിക്കും തീറെഴുതിക്കൊടുത്തു കൊണ്ടല്ല സെന്‍ കേരള മോഡല്‍ അവതരിപ്പിച്ചത്. മാറി മാറി വരുന്ന ഭരണകൂടങ്ങള്‍ക്കിടയിലും ചിന്തിക്കുന്ന, ചോദിക്കുന്ന, ഇടപെടുന്ന മലയാളിയുടെ വിജയമായേ അതിനെ കാണേണ്ടതുള്ളൂ. അഥവാ കേരളത്തിന്റെ ഉന്നത നിലവാരം കൂട്ടായ്മയുടെ വിജയമാണ്. കേരളത്തിലെ ഹോസ്പിറ്റലുകളെ ചൂണ്ടി യോഗി പരിഹസിച്ചപ്പോള്‍ കേരള ജനങ്ങളെ ഇകഴ്ത്തിയാല്‍ ഒറ്റക്കെട്ടായി നേരിടും എന്ന് ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ പറഞ്ഞത് അതിന്റെ തെളിവാണ്. ഖോരഖ്പൂരിലെ ദുരന്ത നായകന്‍ കേരളത്തിനു മേല്‍ കുതിരകയരുമ്പോള്‍ അങ്ങാടിയില്‍ തോറ്റതിനു കേരളത്തോടോ എന്നല്ലാതെ എന്തു പറയാന്‍! ഉത്തരേന്ത്യയിലെ പാരലല്‍ പോലിസിംഗിനെ കയറൂരി വിടുകയും അവരുടെ അക്രമങ്ങള്‍ക്കും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും കുടപിടിക്കുകയും ജുനൈദുമാരും അഖ്‌ലാകുമാരും നജീബുമാരും വാര്‍ത്തയായിട്ടും രാജ്യത്ത് വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയുടെ പേരില്‍ ലോകരാഷ്ട്രങ്ങളുടെ പഴി കേള്‍ക്കേണ്ടി വന്നിട്ടും അനങ്ങാപ്പാറ നയമെടുക്കുകയും അതേ സമയം അകലെ മാഞ്ചസ്റ്ററിലും പാരീസിലും നടന്ന അക്രമങ്ങളില്‍ അപലപിക്കാനുള്ള തിടുക്കത്തിലുമായിരുന്നു 'ആഗോള നായകന്‍.' രാജ്യത്ത് അസമാധാനം വിതച്ച് തങ്ങള്‍ക്ക് നേടാനുള്ളതെല്ലാം നേടിയെടുത്തിട്ട് അവസാനം കുറ്റമെല്ലാം അപരന് മേല്‍ കെട്ടിവെക്കാനുള്ള ശ്രമാമാണിപ്പോള്‍. കേരളത്തിന് മേല്‍ അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും പട്ടിക ചാര്‍ത്താന്‍ ദേശീയ നേതാക്കള്‍ ജന രക്ഷാ യാത്രയിലൂടെ ദിനം പ്രതി ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. അമ്മമാരുടെ കണ്ണുനീര്‍ വീണ കേരളം, ജിഹാദീ സ്‌റ്റേറ്റ്, ചുവപ്പ് ഭീകരത, ഉത്തരകൊറിയന്‍ ഭരണം, ഗുണ്ടകളുടെ ഭരണം എന്നെല്ലാം വിശേഷിപ്പിച്ച അമിത്ഷാ, യോഗി, ഗിരിരാജ് സിംഗ്, സ്മൃതി ഇറാനി, മനോഹര്‍ പരീക്കര്‍ ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ക്കും വിരിയാത്ത താമരക്ക് തപസ്സിരിക്കുന്ന പ്രാദേശിക നേതാക്കള്‍ക്കും, കിട്ടാത്ത കേരളം പുളിക്കുമെന്ന പ്രാപഞ്ചിക നിയമമാണ് യോജിക്കുക. ഇരുട്ടി വെളുത്തപ്പോഴെക്ക് കേന്ദ്ര മന്ത്രിയായ മുന്‍ കളക്ടര്‍ക്ക് അന്ന് മുതല്‍ അനന്തപുരിയിലേത് രാജ്യത്തെ ഏറ്റവും മോശം ഭരണവും മോഡിയന്‍ ഇന്ത്യ വികസിതവും സുരക്ഷിതവുമായത് എങ്ങനെയെന്നറിയാന്‍ അയല്‍പക്കം മുതല്‍ ആഗോള പ്രതിസന്ധി വരെ ചര്‍ച്ച ചെയ്യുന്ന മലയാളിക്ക് അധികം നേരമൊന്നും വേണ്ട. 

വ്യാവസായിക ഉല്‍പന്നങ്ങളോ വരുമാനമോ അല്ല കേരളം തേടിയതും നേടിയതും. നല്ല വസ്ത്രവും നല്ല ഭക്ഷണവും നല്ല നാടും നല്ല സംവിധാനവും... ഇതൊന്നും പൂര്‍ണമായിട്ടില്ല, എങ്കിലും കേരളത്തിന്റെ സാമൂഹിക വികസന സൂചികകള്‍ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും എത്തിപ്പിടിക്കാന്‍ പറ്റാത്തത്രയും ഉന്നതിയില്‍ നില്‍ക്കുന്നു. കേവലം തെരഞ്ഞെടുപ്പില്‍ മാത്രം ഒതുങ്ങാത്ത കേരളത്തിലെ ജനാധിപത്യ ശീലവും സാമൂഹികനീതിയും അതിനു കാരണമായി ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ കണക്കാക്കുന്നു.(4)

ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ അമര്‍ത്യാ സെന്നും പാക്കിസ്ഥാന്‍കാരനായ മെഹ്ബൂബുല്‍ ഹഖും ചേര്‍ന്ന് വികസിപ്പിച്ച സൂചികയാണ് HDI (ഹ്യൂമന്‍ ഡവലപ്‌മെന്റ് ഇന്റെക്‌സ്). ആയുര്‍ ദൈര്‍ഘ്യവും വിദ്യാഭാസവും ആളോഹരി വരുമാനവും സമന്വയിപ്പിച്ച് ഈ സൂചികയില്‍ നാനോന്‍മുഖ വികസനം കൊണ്ടേ മുന്നിലെത്താനാകൂ. UNDPയില്‍ പ്രസിദ്ധീകരിച്ച ഈ സൂചിക അനുസരിച്ച മുന്നില്‍ നില്‍ക്കുന്നത് യൂറോപ്യന്‍ രാജ്യങ്ങളാണ്. ഇന്ത്യന്‍ സംസ്ഥാനങ്ങളിലാകട്ടെ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് കേരളവും. ശിശു മരണ നിരക്ക്, സാക്ഷരത, ആരോഗ്യം എന്നിവയിലെല്ലാം ഒന്നാമതുള്ള കേരളത്തെ അപഹസിക്കുമ്പോള്‍ അത് മലര്‍ന്നു കിടന്നു മേലോട്ട് തുപ്പിയ ഗതിയായെന്നതാണ് വസ്തുത. ഉപമിക്കപ്പെട്ട സംസ്ഥാനങ്ങളുടെതാകട്ടെ, സങ്കടത്തോടെ പറയട്ടെ സെനെഗല്‍, സുഡാന്‍ രാജ്യങ്ങള്‍ക്ക് സമാനവും.(5) 

വികസിത രാഷ്ട്രങ്ങളോട് കിടപിടിക്കുമാറ് ഉയര്‍ന്ന വികസന സൂചികകള്‍ നേടാന്‍ കേരളത്തിനു സാധിച്ചതിനു പിന്നില്‍ പച്ചയായി പറഞ്ഞാല്‍ വളര്‍ച്ചയിലൂടെയുള്ള വിദ്യാഭ്യാസം എന്നതിന് പകരം വിദ്യാഭ്യാസത്തിലൂടെയുള്ള വളര്‍ച്ച എന്ന മാര്‍ഗം കേരളം സ്വീകരിച്ചതാണ്. PQLI, HDI, എന്നിങ്ങനെയുള്ള വികസന സൂചികകളിലും മുന്നിലുള്ള സ്‌കാന്‍ഡിനേവ്യന്‍ രാഷ്ട്രങ്ങള്‍ തന്നെയാണ് വിദ്യാഭ്യാസരംഗത്തും ലോകത്ത് മികച്ച് നില്‍ക്കുന്നത് എന്നത് എന്ത് കൊണ്ട് കേരളം എന്നതിന്റെ ആഗോള ഉദാഹരണമാണ്. 

ഈ വളര്‍ച്ചക്കിടയിലും തൊഴിലില്ലായ്മ, ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് (EODB)(6), അടിസ്ഥാന സൗകര്യ വികസനം, NSDP എന്നീ മേഖലകളിലെ പിന്നാക്കം അവഗണിച്ചു കൂടാ. അടിസ്ഥാന സൗകര്യ വികസന രംഗത്ത് ബോധപൂര്‍വമായ ഇടപെടലുകള്‍ ഉണ്ടാകുന്നത് ആശാവഹമാണ്. എങ്കിലും തടസ്സം നില്‍ക്കുന്ന നിയമ, നയപര നൂലാമാലകള്‍ ഉദാരവല്‍ക്കരിക്കുവാനും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുവാനും നമുക്ക് സാധിക്കേണ്ടതുണ്ട്. കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടം പറഞ്ഞു എയര്‍ കേരളക്ക് വിലങ്ങിടുന്ന സമീപനം നാം മാറ്റേണ്ടിയിരിക്കുന്നു. അത് നമ്മുടെ വളര്‍ച്ചയെ ഭാവിയില്‍ പിന്നോട്ടടിക്കും. ആരോഗ്യ രംഗത്ത് രാജ്യത്തെ ഇതര സംസ്ഥാനങ്ങളെക്കാള്‍ ബഹുദൂരം മുന്നിലെങ്കിലും ഡോക്‌ടേഴ്‌സ് ഡെന്‍സിറ്റി പോലുള്ള സൂചികകള്‍ ആവശ്യപ്പെടുന്നത് കൂടുതല്‍ ഡോക്ടര്‍മാരെയും അനുബന്ധ സൗകര്യങ്ങളെയുമാണ്. സ്വകാര്യ ആശുപത്രികളുടെ ചിറകില്‍ നേടിയെടുത്ത ഈ മികവ് ഇല്ലാത്തവന്റെ നൊമ്പരമാകാതിരിക്കാന്‍ ഭരണകൂടം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. 

വിദ്യാഭ്യാസ രംഗത്ത് കാലാനുസൃതമായ മാറ്റങ്ങള്‍ നടക്കണം. വെബ്‌സൈറ്റ് പ്രകാരം, ആറായിരം രൂപ പ്രതിഫലത്തിന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെ വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് ക്ഷണിക്കാന്‍ തയ്യാറായ കേരള സര്‍വകലാശാല(7)യുടെ ഉന്നത വിദ്യാഭ്യാസരംഗത്തുള്ള ഇച്ഛാശക്തിയും കാഴ്ചപ്പാടുകളും നാം കടം കൊള്ളണം. വിദ്യാഭ്യാസ രംഗം അടിമുടി മാറ്റിക്കൊണ്ട് ഫഌക്‌സിബ്ള്‍ കരിക്കുലവുമായി മുന്നോട്ട് വന്ന, റാങ്കിങ്ങുകളില്‍ ഒന്നാം സ്ഥാനത്തുള്ള(8) ഫിന്‍ലാന്റില്‍ നിന്നും നമുക്ക് പഠിക്കാനുണ്ട്. കുറവുകള്‍ പരിഹരിച്ചു കൊണ്ടുള്ള മുന്നേറ്റമാണ് നാട് ആഗ്രഹിക്കുന്നത്.

ആശയപരമായി സംവിധാനങ്ങള്‍ക്കുള്ള ന്യൂനത അതിന്റെ പ്രതിഫലനത്തില്‍ പ്രകടമാകുക തന്നെ ചെയ്യും. ഫോറെക്‌സും പലിശയും അടിസ്ഥാനമാക്കിയുള്ള ഒരു ഘടന എന്നുള്ള നിലയ്ക്ക് ഈ ന്യൂനതകള്‍ ഒരു പരിധിക്കപ്പുരം നമുക്ക് തീര്‍ക്കാനാവില്ല. വികസനം മനുഷ്യജീവിതത്തില്‍ പ്രതിഫലിക്കുമ്പോള്‍ മാത്രമെ അര്‍ഥപൂര്‍ണമാകൂ. അതിനാല്‍ തന്നെ സന്തുലിത വികസനവും വ്യക്തിസമൂഹ വികാസ മാതൃകയുമാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്നത്. പലിശയധിഷ്ഠിത ഇടപാടുകളെ പാടെ നിരാകരിച്ചുകൊണ്ട് ഇസ്‌ലാമിക മൂല്യങ്ങളും നിര്‍ദേശങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന ഒരു മാതൃകാ സമൂഹമാണ് ഇസലാം വിഭാവനം ചെയ്യുന്നത്. അതുകൊണ്ട് തന്നെ രാഷ്ട്ര വളര്‍ച്ചയിലും ആയുധ ശേഖരത്തിലും മിലിട്ടറി സാങ്കേതിക വിദ്യയിലും ശാസ്ത്രീയ നേട്ടങ്ങളിലും ഇന്ന് കാണുന്ന മാത്സര്യബുദ്ധിക്ക് ഇസ്‌ലാമില്‍ ഒരു സ്ഥാനവുമില്ല. 

ജനങ്ങള്‍ക്ക് സമാധാന, സൈ്വരജീവിതം ഉറപ്പാക്കാതെ കണക്കുകള്‍ക്ക് പിന്നാലെ പോയത് കൊണ്ട്ആര്‍ക്കും ഒരു നേട്ടവുമില്ല. സമ്പത്ത് ദൈവിക അനുഗ്രഹമാണെന്നും അത് നിയമാനുസൃതം ചെലവഴിക്കണമെന്നും പഠിപ്പിക്കുന്ന ഇസ്‌ലാം സമ്പന്നനും ദരിദ്രനും ഒരു പോലെ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നു. സകാത്ത്, ഫിത്വ്ര്‍ സകാത്ത്, പ്രായശ്ചിത്ത ഫിദ്‌യകള്‍, സ്വദക്വകള്‍(ദാനധര്‍മം), വഖ്ഫുകള്‍ എന്നിങ്ങനെ സാമൂഹിക സമത്വ നിര്‍വഹണത്തിന്റെ ഉത്തമ മാതൃകയാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്നത്.

പലിശാധിഷ്ഠിത ബാങ്ക് നിക്ഷേപമായോ കൂട്ടിക്കെട്ടി സൂക്ഷിച്ചോ വെക്കാനുള്ളതല്ല പണം.Money is what money does, പണം ചെയ്യുന്നതെന്തോ അതാണ് പണം. കേവല നിക്ഷേപങ്ങള്‍ പണത്തെ പണമല്ലാതാക്കുന്നു. പിശുക്കിനെയും ധൂര്‍ത്തിനെയും ഒരുപോലെ വിമര്‍ശിക്കുന്ന ഇസ്‌ലാം അതിനിടയിലെ മിതവ്യയത്തെ പ്രോത്സാഹിപ്പിക്കുന്നു. അല്ലാഹു നല്‍കിയതില്‍ നിന്ന് ചെലവഴിക്കണമെന്നും ചെലവഴിക്കല്‍ സമ്പത്തിക ചക്രത്തിന്റെ അനിവാര്യത കൂടിയാണെന്നും ഇസ്‌ലാം ബോധ്യപ്പെടുത്തുന്നു. 

''നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യുന്നവര്‍. അവര്‍ തന്നെയാണ് യഥാര്‍ത്ഥത്തില്‍ വിശ്വാസികള്‍. അവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ പല പദവികളുണ്ട്. പാപമോചനവും ഉദാരമായ ഉപജീവനവുമുണ്ട്.''(ക്വുര്‍ആന്‍ 8:3,4)


Ref:

1. The Economic Times, July 28,2013

2. The Times of India, March 11, 2013

3. Muhammad Salim AP, IIJR, Vol2, Issue7, 2016

4. The hindu, February 05, 2017

5. NDTV, May 13, 2016

6. The Hindu, December 04, 2016

7. www.keralauniverstiy.ac.in/history

8. worldtop20.org, www.oph.fi