വീട് നിര്‍മാണവും വാസ്തു ശാസ്ത്രവും

ഡോ. പി.കെ അബ്ദുറസാഖ് സുല്ലമി

2017 ആഗസ്ത് 19 1438 ദുല്‍ക്വഅദ് 26
വാസ്തുശാസ്ത്രത്തില്‍ കുടിക്കൊള്ളുന്ന, ദേവീദേവ സങ്കല്‍പത്തിലധിഷ്ഠിതമായ വിശ്വാസത്തെ, വാസ്തു ശാസ്ത്രവിശ്വാസിയായ മേല്‍ക്കുളങ്ങര അജിത്കുമാര്‍ എഴുതിയ ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തില്‍ ഒരു പഠന വിശകലനം.  

എന്താണ് വാസ്തു ശാസ്ത്രം?

ജാതിമത ഭേദമില്ലാതെ അനേകം ആളുകള്‍ വീട് നിര്‍മിക്കുമ്പോള്‍ ആശാരിമാരെയോ തച്ചന്മാരെയോ ആശ്രയിക്കുന്നു. അവര്‍ വീടിന് സ്ഥലം തീരുമാനിച്ച് കുറ്റിയടിക്കുമ്പോള്‍ വാസ്തുശാസ്ത്രം എന്ന പേരിലുള്ള ചില വിശ്വാസങ്ങളുടെയടിസ്ഥാനത്തിലാണ് വീടിന്റെ മൂലയും ജനലും വാതിലും റൂമുകളുമെല്ലാം നിര്‍ണയിക്കുന്നത്. ഇത് ശാസ്ത്രമാണ് എന്ന ധാരണയില്‍ ചിലരും ഇതനുസരിച്ചില്ലെങ്കില്‍ ജീവിതം അപകടകരമാകുമെന്ന് തെറ്റുധരിച്ച് അനേകം പേരും പിന്തുടരുന്നു. പക്ഷേ, ഇതിന്റെ പിന്നില്‍ ബിംബാരാധനയും ദേവീദേവന്മാരെകുടിയിരുത്തലുമാണ് സംഭവിക്കുന്നത് എന്ന് സമൂഹത്തില്‍ മഹാഭൂരിപക്ഷം പേരും അറിയുന്നില്ല. ഇത് ഒരു അന്ധവിശ്വാസമാണ് എന്ന് മാത്രമാണ് ചിലരുടെ ധാരണ.

വാസ്തുശാസ്ത്രത്തില്‍ കുടിക്കൊള്ളുന്ന, ദേവീദേവ സങ്കല്‍പത്തിലധിഷ്ഠിതമായ വിശ്വാസത്തെ, വാസ്തു ശാസ്ത്രവിശ്വാസിയായ മേല്‍ക്കുളങ്ങര അജിത്കുമാര്‍ എഴുതിയ ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തില്‍ ഒരു പഠന വിശകലനമാണ് ഈ ലേഖനത്തിലൂടെ നടത്തുന്നത്.

വാസ്തുശാസ്ത്രവും ബഹുദൈവസങ്കല്‍പവും

മേല്‍ക്കുളരങ്ങര അജിത്കുമാര്‍ എഴുതി തിതുവനന്തപുരം യൂനിവേഴ്‌സല്‍ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച 'വാസ്തു ശാസ്ത്രം' എന്ന പുസ്തകത്തില്‍ 49,50 പേജുകളില്‍ പറയുന്നു: ''വാസ്തു ജന്മംകൊണ്ട് അസുരനാണ്. മറ്റ് അസുരന്മാരെ പോലെ വാസ്തുവും ബ്രഹ്മാവിനെ തപസ്സ് ചെയ്ത് നിരവധി വരങ്ങള്‍ തേടി. വരബലത്താല്‍ ശക്തനായിത്തീര്‍ന്ന വാസ്തു ദേവന്മാര്‍ക്കെതിരെ തിരിഞ്ഞു. കായബലം കൊണ്ട് ദേവേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ദേവതകളെ വാസ്തു നിരന്തരം ഉപദ്രവിച്ചുകൊണ്ടിരുന്നു.

അവന്റെ പരാക്രമത്തില്‍ പൊറുതിമുട്ടിയ ദേവന്മാര്‍ ഗത്യന്തരമില്ലാതെ ബ്രഹ്മാവിനെത്തന്നെ ശരണം പ്രാപിച്ചു. അജയ്യനായ വാസ്തുവിനെ നശിപ്പിക്കാന്‍ ബ്രഹ്മാവ് ദേവന്മാര്‍ക്ക് ഒരുതന്ത്രം ഉപദേശിച്ചു. വാസ്തുവുമായി യുദ്ധം ചെയ്യുക. ഏറ്റുമുട്ടലിന്നിടയില്‍ വാസ്തുവിനെ ഭൂമിയിലേക്ക് തള്ളിയിടുക. അവിടെ കിടന്ന് പരാക്രമം കാട്ടുന്നതിനിടെ അവന്റെ കാല് നിര്യതി കോണിലും തല ഈശാന കോണിലും വരുന്ന സന്ദര്‍ഭത്തില്‍  ദേവന്മാര്‍ വാസ്തുവിന്റെ ഓരോ അവയവങ്ങളില്‍ കയറിയിരിക്കുക. അതോടെ അവന്റെ കഥ കഴിയും.

അങ്ങനെയിരിക്കെ ഒരിക്കല്‍ വാസ്തുപുരുഷനുമായി യുദ്ധം നടക്കുന്നതിന്നിടയില്‍ ദേവന്മാര്‍ അവനെ ഭൂമിയിലേക്ക് തള്ളിയിട്ടു. ഭൂമിയില്‍ പതിച്ച വാസ്തു അവിടെക്കിടന്ന് പരാക്രമങ്ങള്‍ കാട്ടാന്‍ തുടങ്ങി.

ഭൂമിയില്‍ കിടന്ന് പരാക്രമം കാട്ടുന്നതിന്നിടെ ഒരിക്കല്‍ വാസ്തു മലര്‍ന്ന് വീണു. തല ഈശാന കോണിലും കാല് നിര്യതി കോണിലുമായി. ദേവന്മാര്‍ അവന്റെ മുകളിലേക്ക് ചാടി വീണു. ഓരോ അവയവങ്ങളിലായി ഇരിപ്പുറപ്പിച്ചു. അതോടെ വാസ്തുവിന്റെ ഗര്‍വ്വ് അടങ്ങി. ഈശാന നിര്യതി കോണിലായി അനങ്ങാതെ മലര്‍ന്ന് കിടപ്പായി.''

വാസ്തു പുരുഷന്റെ കാല് ഒഴിച്ചുള്ള അവയവങ്ങളില്‍ 17 ദേവന്മാര്‍ സ്ഥിതിചെയ്യുന്നു. പാദങ്ങളില്‍ 32 ദേവതകളും അകത്തെ പാദങ്ങളില്‍ 12 ദേവന്മാരും അവന്റെ പുറനിരയില്‍ 9 ദേവന്മാരുമാണ് കുടികൊള്ളുന്നത്. മൊത്തം 53 ദേവീദേവന്മാരാണ് വാസ്തുവില്‍ ഉള്‍ക്കൊള്ളുന്നത്. ഇതൊക്കെയാണ് വാസ്തു പുരുഷന്‍ എങ്കിലും നാം വീട് പണിയുന്നത് ഈ ദേവീദേവന്മാരുടെയൊന്നും മുകളിലല്ലല്ലോ എന്ന് ചിലര്‍ ന്യായീകരിച്ചേക്കാം. എന്നാല്‍ മേല്‍പറഞ്ഞ വാസ്തുശാസ്ത്ര പുസ്തകത്തിന്റെ 53-ാം പേജില്‍ പറയുന്നത് നോക്കൂ: ''വാസ്തുവില്‍ നിറഞ്ഞ് കിടക്കുന്ന ഈ വാസ്തുപുരുഷനും അദ്ദേഹത്തെ നിയന്ത്രിച്ച് കിടത്തിയിരിക്കുന്ന ദേവതകള്‍ക്കും മുകളിലാണ് നാം ഭവനം പണിയുന്നത്.''

കുറ്റിയടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചടങ്ങുകള്‍ കാണുക: ''വീടിന് സ്ഥാനം നിര്‍ണയിക്കുമ്പോള്‍ ചരട് പൊട്ടിയാല്‍ മൃത്യു വൈകാതെ സംഭവിക്കാം. സ്ഥാനക്കുറ്റിയുടെ ചുവട് ഭാഗം കിഴക്കിലേക്കോ ഈശ്വര കോണിലേക്കോ വടക്ക് ദിക്കിലേക്കോ ആയിക്കണ്ടാല്‍ മഹാരോഗം ഉണ്ടാകുമെന്ന് പറയാം. വീട് പണിയിക്കുന്ന വ്യക്തിയെ സ്ഥാനനിര്‍ണയ സമയത്തോ അതിന് മുമ്പോ ദുഃഖിതനായി കണ്ടാല്‍ മരണ ഫലമാണ് വിധി.''

കുറ്റിയുടെ ചരിവും ചരടിന്റെ ഉറപ്പ് കുറവും മരണത്തിനും മഹാരോഗത്തിനും കാരണമാകുമത്രെ!

മനുഷ്യരെ ഭയപ്പെടുത്താനും അനാവശ്യ ടെന്‍ഷനും കാരണമാക്കുന്ന ഈ നിയമങ്ങള്‍ ദൈവനിര്‍മിതമായവയല്ല എന്ന് ആര്‍ക്കും ഗ്രഹിക്കാവുന്നതാണ്. ചരടും മരണവും കുറ്റിയുടെ ചരിവും മഹാരോഗവും തമ്മിലെന്ത് ബന്ധം?

ഗൃഹപ്രവേശനവും പാല്‍കാച്ചലും

ഇതേ പുസ്തകം 195-196 പേജുകളില്‍ പറയുന്നു: ''ഗണപതി ഹോമം ചെയ്ത് ആ രീതിയില്‍ തന്നെപാല്‍കാച്ചി നല്ലവണ്ണം പതഞ്ഞ് പാത്രത്തിന്റെ മീതെ കവിഞ്ഞു വീണാല്‍ ഉണക്കലരി കഴുകിയിട്ട് പായസംവെച്ച് വിഷ്ണുവിനെയും ദേവിയെയും ഭൂമിയെയും പൂജിക്കണം. തിളപ്പിച്ച പാല്‍ അതിഥികള്‍ക്ക് നല്‍കണം.'' 

വിഷ്ണുവിന്റെ അനുഗ്രഹം വീട്ടില്‍ ഉണ്ടാവാനാണ് പാല്‍ കാച്ചി ഗൃഹപ്രവേശനം നടത്തുന്നത് എന്നര്‍ഥം!

കന്നിമൂല എന്താണ്?

വാസ്തു ശാസ്ത്രത്തില്‍ തെക്ക് പടിഞ്ഞാറ് ദിക്ക് അല്ലെങ്കില്‍ കന്നിമൂല വളരെ പ്രാധാനപ്പെട്ടതാണ്. നിരൃതിയാണ് ഈ ദിക്കിന്റെ ദേവന്‍. ഏഴ് ദിക്കുകള്‍ക്കും അധിപന്മാര്‍ ദേവന്മാരായിരിക്കുമ്പോള്‍ ഈ ദിക്കില്‍ മാത്രമാണ് നിരൃതി എന്ന രാക്ഷസന്‍ അധിപനായിട്ടുള്ളത്. നിരൃതിരാക്ഷസന്‍ പ്രകോപിയായതിനാല്‍ അദ്ദേഹം താമസക്കാര്‍ക്ക് ഗുണമായാലും ദോഷമായാലും കടുത്ത ഫലങ്ങള്‍ നല്‍കും. ജീവജാലങ്ങളുടെ രക്തം കുടിക്കുന്ന അദ്ദേഹം പച്ചമാംസം തിന്നുകയുംചെയ്യും.(പേജ്:76)

കന്നിമൂലയില്‍ ടോയ്‌ലറ്റ് നിര്‍മിക്കാതിരിക്കുന്നത് ഈ രാക്ഷസദേവനെ പ്രസാദിക്കാനാണ് എന്നര്‍ഥം.

വാസ്തുവിദ്യയും ചാതുര്‍വര്‍ണ്യവും

ബ്രാഹ്മണ മേധാവിത്വം നിലനിര്‍ത്താന്‍ വാസ്തുശാസ്ത്രക്കാരനും പ്രത്യേകം നിയമനിര്‍മാണം നടത്തിയിരിക്കുന്നു. ശൂദ്രന്‍ എവിടെയും താഴ്ന്നവനും ബ്രാഹ്മണന്‍ എപ്പോഴും ഉത്തമനും കൂടുതല്‍ സുഖസൗകര്യം അനുഭവിക്കേണ്ടവനുമാണെന്ന് പറയുന്ന വാസ്തുവിദ്യാ നിയമം നോക്കൂ; ''ബ്രാഹ്മണന് ഉത്തമാദിയായ 5 പ്രകാരം ഗ്രഹങ്ങളും ക്ഷത്രിയന് മധ്യമോത്തമാദിയായ 4 പ്രകാരം ഗ്രഹങ്ങളും വൈശ്യന് മധ്യവാദിയായ 3 പ്രകാരം ഗ്രഹങ്ങളും ശുദ്രന് അധമാദിയായ 2 പ്രകാരം ഗ്രഹങ്ങളും അന്ത്യജന് അധമാധമായ ഒരു പ്രകാരം ഗ്രഹവും വിധിക്കപ്പെട്ടിരിക്കുന്നു''(വാസ്തുശാസ്ത്രം, പേജ്:110). 

ഓരോന്നിന്റെയും അളവ് എത്ര?

ബ്രാഹ്മണന്റെ വീടിന്റെ അളവ് 35.1/5 കോല്‍, ക്ഷത്രിയന് 31.12 കോല്‍, വൈശ്യന് 28 കോല്‍, ശുദ്രന് 25 കോല്‍, അന്യജന് 21 കോല്‍- ഇങ്ങനെയായിരിക്കണം വീടിന്റെ അളവ് എന്ന് അതേ പുസ്തകത്തില്‍ അതേ പേജില്‍ പറയുന്നു. ശൂദ്രനായ രാഷ്ട്രപതി കെ.ആര്‍ നാരായണന്‍ താമസിച്ചിരുന്ന രാഷ്ട്രപതിഭവന്‍ 21 കോലിനെക്കാള്‍ കുടുതല്‍ വലുപ്പമുണ്ടായിരുന്നത് കൊണ്ട് അദ്ദേഹത്തിന് എന്ത് നാശമാണാവോ സംഭവിച്ചത്? അദ്ദേഹം മരണപ്പെട്ടത് വാസ്തു ദോഷം കൊണ്ടാണ് എന്ന് വാസ്തുവിന്റെ വക്താക്കള്‍ പറയുന്നത് കേട്ടിട്ടില്ല. 

സൗരയൂഥത്തിലെ ഗ്രഹങ്ങളെയും ജാതികളാക്കി വേര്‍ത്തിരിച്ചിരിക്കുന്നു: ''വ്യാഴം ബ്രാഹ്മണ ജാതിയും ബുധന്‍ വൈശ്യ ജാതിയും ചോവ്വ ക്ഷത്രിയ ജാതിയും ശനി ശൂദ്ര ജാതിയുമാണ്'' (പേജ്:84, 85).

യുറാനസും നെപ്ട്യൂണും ജാതിരഹിതരോ?

ഗ്രഹങ്ങളെ കണ്ടെത്താന്‍ ടെലസ്‌കോപ്പ് ഇല്ലാത്തതിനാല്‍ അക്കാലത്ത് നഗ്‌ന നേത്രങ്ങള്‍ കൊണ്ട് കണ്ടെത്തിയ ഗ്രഹങ്ങളെ മാത്രം പരിഗണിച്ചുകൊണ്ടാണ് വാസ്തുശാസ്ത്രത്തിന് രൂപം നല്‍കിയത്. ഇതും അതിന്റെ അശാസ്ത്രീയതയില്‍ പെടുന്നു. സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്ക് വേണ്ടി മനുഷ്യന്‍ എഴുതിയുണ്ടാക്കിയ ഇത്തരം വ്യാജശാസ്ത്രങ്ങള്‍ മനുഷ്യര്‍ക്ക് ഉണ്ടാക്കിത്തീര്‍ക്കുന്ന വിഷമങ്ങള്‍ കുറച്ചൊന്നുമല്ല. 

മനുഷ്യര്‍ സ്വയം കെട്ടിവരിയുന്ന ഭാരങ്ങളും ചങ്ങലകളും അഴിച്ച് മനുഷ്യര്‍ക്ക് ആശ്വാസം നല്‍കുന്ന പ്രവര്‍ത്തനമാണ് മുഹമ്മദ് നബി(സ്വ) ചെയ്തത്; ജീവിതം ദുസ്സഹമാക്കുന്നതല്ല. അല്ലാഹു പറയുന്നു.

''(അതായത്) തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇന്‍ജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ (മുഹമ്മദ് നബിയെ) പിന്‍പറ്റുന്നവര്‍ക്ക് (ആ കാരുണ്യം രേഖപ്പെടുത്തുന്നതാണ്). അവരോട് അദ്ദേഹം സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കള്‍ അവര്‍ക്ക് അനുവദനീയമാക്കുകയും ചീത്ത വസ്തുക്കള്‍ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു. അപ്പോള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിന്‍പറ്റുകയും ചെയ്തവരാരോ, അവര്‍ തന്നെയാണ് വിജയികള്‍'' (ക്വുര്‍ആന്‍ 7:157).

നിങ്ങളുടെ പ്രവാചകന്‍ എന്തിലേക്കാണ് ക്ഷണിക്കുന്നത് എന്ന ചോദ്യത്തിന് പ്രവാചകന്റെ പ്രതിനിധി റുസ്തം ചക്രവര്‍ത്തിയുടെ മുമ്പില്‍ പറഞ്ഞ മറുപടി നോക്കൂ: ''സൃഷ്ടിപൂജയില്‍ നിന്ന് സ്രഷ്ടാവിനെ മാത്രം ആരാധിക്കുന്ന മാര്‍ഗത്തിലേക്ക്, ഭൗതിക ലോകത്തിന്റെ ഇടുക്കങ്ങളില്‍ നിന്ന് ഭൗതിക-പാരത്രിക ലോകങ്ങളുടെ വിശാലതയിലേക്ക്...''

സ്ഥലത്തിന്റെ ലക്ഷണം കണ്ടെത്താനുള്ള ഒരു പരീക്ഷണം വാസ്തു ശാസ്ത്രത്തില്‍ പറയുന്നു: ''സ്ഥലത്തിന്റെ മധ്യഭാഗത്ത് ഒരു കോല്‍ ചതുരവും അത്രതന്നെ താഴ്ചയുമുള്ള ഒരു കുഴിയുണ്ടാക്കി അതില്‍ മണ്‍കുടത്തില്‍ നെല്ല് നിറച്ച് നെയ്യൊഴിച്ച്, വെളുപ്പ്, ചുവപ്പ്, മഞ്ഞ, കറുപ്പ് നിറങ്ങളുള്ള തിരികള്‍ നാല് ഭാഗത്തേക്കും തിരിച്ചുവെച്ച് തീ കൊളുത്തുക. പിന്നീട് കുഴി അടച്ച്‌വെക്കുക. പിന്നീട് രണ്ട് നാഴിക കഴിഞ്ഞ് തുറന്ന് നോക്കുമ്പോള്‍ വെള്ളത്തിരി കത്തുന്നുവെങ്കില്‍ ആ സ്ഥലം ബ്രാഹ്മണര്‍ക്കും ചുവപ്പാണെങ്കില്‍ ക്ഷത്രിയര്‍ക്കും മഞ്ഞയാണെങ്കില്‍ വൈശ്യര്‍ക്കും കറുപ്പാണെങ്കില്‍ ശൂദ്രര്‍ക്കുമാണ് വിധിച്ചിട്ടുള്ളത്; നാലും കത്തിക്കൊണ്ടിരിക്കുകയാണെങ്കില്‍ നാല് ജാതിക്കാര്‍ക്കും. ഒന്നും കത്തുന്നില്ലെങ്കില്‍ ആര്‍ക്കും ഉപയോഗിക്കാന്‍ കൊള്ളില്ല.''

ഒരു ജാതിക്കാരന്റെ സ്ഥലത്ത് മറ്റൊരു ജാതിക്കാരന്റെ തിരിയാണ് കത്തുന്നതെങ്കില്‍ അത് അവന് വിട്ടുകൊടുക്കുമോ? ആര്‍ക്കും ഒരു സ്ഥലത്തും വീടുണ്ടാക്കാന്‍ ഈ പരീക്ഷണം മുഖേന കഴിയില്ല. കാരണം കുഴി അടച്ചുവെച്ചാല്‍ പുക നിറയുകയും ഓക്‌സിജന്‍ കിട്ടാതിരിക്കുകയും ചെയ്യുമ്പോള്‍ എല്ലാ തിരിയും കെട്ടുപോകും. ഏതായാലും തിരക്കുപിടിച്ച നഗരങ്ങളിലും മറ്റും അഞ്ചോ പത്തോ സെന്റ് സ്ഥലം വാങ്ങുന്നവര്‍ ഈ ലക്ഷണങ്ങളെല്ലാം നോക്കിയാല്‍ അവന് സ്ഥലം വാങ്ങാന്‍ ഒരിക്കലും കഴിയില്ല.

പ്രസ്തുത പുസ്തകത്തില്‍ വീണ്ടും പറയുന്നു: ''നെയ്യിന്റെ ഗന്ധവും മധുരസവുമുള്ള മണ്ണ് ബ്രാഹ്മണര്‍ക്കും രക്തത്തിന്റെ ഗന്ധവും കാഷായരസവുമുള്ള ഭൂമി ക്ഷത്രിയര്‍ക്കും അന്നത്തിന്റെ മണവും കയ്പ്പും രുചിയും മഞ്ഞനിറവുമുള്ള മണ്ണ് വൈശ്യര്‍ക്കും, കറുത്ത നിറവും മദ്യത്തിന്റെ മണവുമുള്ള മണ്ണ് ശൂദ്രര്‍ക്കും ഭവനനിര്‍മാണത്തിന് വിധിക്കപ്പെട്ടത്.''

അപ്രായോഗികം.

ടൗണ്‍ പ്ലാനിംഗിന്റെ ഭാഗമായി ഫഌാറ്റുകളും ഒരേ വലുപ്പത്തിലും ഒരേ ദിക്കിലേക്ക് തിരിഞ്ഞും വരിവരിയായി ഭംഗിയുള്ള വീടുകള്‍ നിര്‍മിക്കുമ്പോള്‍ മണ്ണിന്റെ ഗന്ധവും രുചിയും നോക്കി ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്ര വിഭാഗങ്ങള്‍ക്കനുസരിച്ചുള്ള വ്യത്യസ്ത ആകൃതിയിലുമാക്കാന്‍ എങ്ങനെ കഴിയും?

ഇതെല്ലാം ബ്രാഹ്മണ മേധാവിത്വത്തിനായി ഉണ്ടാക്കിയ നിയമമാണെന്നും ദൈവനിര്‍മിതമല്ലെന്നും മനസ്സിലാക്കാന്‍ ഏത് സാധാരണക്കാര്‍ക്കും കഴിയും.

ദിക്കുകളുടെ പ്രാധാന്യം

വാസ്തുശാസ്ത്ര പ്രകാരം ദിക്കുകള്‍ക്ക് പ്രാധാന്യം നല്‍കി വീട് നിര്‍മിക്കുന്നവര്‍ ഏതെല്ലാം ദേവന്മാരെയാണ് പ്രസാദിക്കുന്നത് എന്നറിയാമോ? കിഴക്കിന്റെ ദേവന്‍ ഇന്ദ്രന്‍, തെക്ക് കിഴക്ക് അഗ്നി, തെക്ക് യമന്‍, തെക്ക് പടിഞ്ഞാറ് നൃരതി, പടിഞ്ഞാറ് വരുന്നന്‍, വടക്ക് പടിഞ്ഞാറ് വായു, വടക്ക് കുബേരന്‍, വടക്ക് കിഴക്ക് ഈശാന കോണ്‍ അഗ്നി ദേവന് രണ്ട് തലകളും മൂന്ന് കാലുകളും നാല്‌ചെവികളും രണ്ട് കൈകളും ഏഴ് നാക്കുകളും ഉണ്ട്. അതിനാല്‍ തെക്ക് കിഴക്കില്‍ അടുക്കളക്ക് ഉത്തമമാണത്രെ! തെക്ക് ഭാഗത്ത് കിണറും ടാങ്കും പാടില്ലപോലും!

വീടിന്റെ പാകപ്പിഴവുകള്‍ മാന്ത്രിക, താന്ത്രിക കര്‍മങ്ങളിലൂടെ പരിഹരിക്കാന്‍ കഴിയുമത്രെ! ഇതും  ബ്രാഹ്മണന് മറ്റു ജാതിക്കാരെ ചൂഷണം ചെയ്യാനുള്ള ഒരുമാര്‍ഗമാണ്. കാരണം താന്ത്രിക കര്‍മങ്ങളും ബ്രാഹ്മണരുടെകുത്തകയാണ്. 

ഇസ്‌ലാമില്‍ ജാതീയതയും വര്‍ണവിവേചനവുമില്ല. അല്ലാഹു വിശുദ്ധ ക്വുര്‍ആനില്‍ പറയുന്നു: 

''ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു'' (49:13). 

ഈ സൂക്തത്തിന്റെ വ്യാഖ്യാനമായി മുഹമ്മദ് നബി(സ്വ) പറയുന്നു: ''ഒരു അറബിക്കും അനറബിയേക്കാള്‍ ഒരു മേന്മയുമില്ല; ഭക്തികൊണ്ടല്ലാതെ. ഒരു വെളുത്തവനും കറുത്തവനെക്കാള്‍ ഒരു മേന്മയുമില്ല; ഭക്തികൊണ്ടല്ലാതെ. നിങ്ങളെല്ലാം ആദമില്‍ നിന്നുള്ളവരാണ്; ആദം മണ്ണില്‍ നിന്നും സൃഷ്ടിക്കപ്പെട്ടവനാണ്.''

മക്ക മുസ്‌ലിംകള്‍ക്ക് തിരിച്ചു കിട്ടിയ വിജയദിനത്തില്‍ കഅ്ബക്ക് മുകളില്‍ കയറി ബാങ്ക്‌വിളിക്കാന്‍ മുഹമ്മദ് നബി(സ്വ) കല്‍പിച്ചത് വിദേശിയും നീഗ്രോയും ഒരിക്കല്‍ അടിമയുമായിരുന്ന ബിലാല്‍(റ)വിനോടായിരുന്നു. അതിനു പുറമെ മദീനയിലെ മസ്ജിദുന്നബവിയിലും ജറുസലേമിലെ മസ്ജിദുല്‍ അഖ്‌സയിലും ബാങ്ക് വിളിക്കാന്‍ അവസരം ലഭിച്ച ഏക സ്വഹാബിയാണ് ബിലാല്‍(റ). നിറത്തിന്റെയും ദേശത്തിന്റെയുമൊന്നും പേരില്‍ ഇസ്‌ലാം മനുഷ്യനെ വിഭജിക്കുകയോ ചിലരെ അധമരായി കാണുകയോ ചെയ്യുന്നില്ലെന്നര്‍ഥം.

വീട് നിര്‍മിക്കുമ്പോള്‍ വെളിച്ചം, കാറ്റ്, റോഡിലേക്ക് ഇറങ്ങാനുള്ള സൗകര്യം, ക്വിബ്‌ലയിലേക്ക് തിരിഞ്ഞ് നമസ്‌കരിക്കാനുള്ള സൗകര്യം, കിണര്‍ കുഴിക്കുമ്പോള്‍ ഉറവുള്ള സ്ഥലമായിരിക്കല്‍ തുടങ്ങിയവ മാത്രമെ നോക്കേണ്ടതുള്ളൂ.

വീടുണ്ടാക്കിയ ശേഷം വാസ്തു നിയമത്തിന് വിരുദ്ധമാണ് എന്നറിയുമ്പോള്‍ അടുക്കളയും കക്കൂസുമൊക്കെ പൊളിച്ച് മാറ്റിപ്പണിയുകയും വെള്ളമുള്ള കിണര്‍പോലും സ്ഥാനം ശരിയല്ലെന്ന ഉപദേശം കേട്ട് മണ്ണിട്ടുമൂടി വെള്ളം കിട്ടാതെ കഷ്ടപ്പെടുന്നവരും ധാരാളമുണ്ട്. ഇഹലോകത്തും പരലോകത്തും മഹാ നഷ്ടം വരുത്തുന്ന ഈ വിശ്വാസത്തിന് ഒരു തെളിവുമില്ലെന്നും ഇത് മാനവവിരുദ്ധവും മതവിരുദ്ധവും ശാസ്ത്രവിരുദ്ധവുമാണ് എന്ന് വിശ്വാസികള്‍ മനസ്സിലാക്കണം. ഇതില്‍ വിശ്വസിക്കുന്നവര്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ അപകടവും നഷ്ടവും സംഭവിക്കുമെന്നും അല്ലാത്തവര്‍ക്ക് കുഴപ്പമുണ്ടാകില്ലെന്നുമാണ് ഇതിന്റെ അനുയായികള്‍ പറയുന്നത്. വിശ്വസിക്കാതിരുന്നാല്‍ ഒരു കുഴപ്പവുമില്ലെങ്കില്‍ അതില്‍ വിശ്വസിക്കാതിരിക്കുന്നതല്ലേ നല്ലത്? വിശ്വസിച്ച് ഭാരം തലയിലേറ്റണോ?

ദേവീദേവ, ബഹുദൈവ വിശ്വാസത്തിലധിഷ്ഠിതമായതിനാല്‍ ഏകദൈവ വിശ്വാസികള്‍ക്ക് ഒരിക്കലും ഇതില്‍ വിശ്വസിക്കാന്‍ അനുവാദമില്ല. ഒരു വിശ്വാസിയുടെ നിലപാട് എന്തായിരിക്കണമെന്ന് പ്രപഞ്ച സ്രഷ്ടാവ് പറയുന്നു: 

''ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് ആരെന്ന് നീ അവരോട് ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹു എന്ന്. നീ പറയുക: എങ്കില്‍ അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ഥിക്കുന്നവയെപ്പറ്റി നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? എനിക്ക് വല്ല ഉപദ്രവവും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അവയ്ക്ക് അവന്റെ ഉപദ്രവം നീക്കം ചെയ്യാനാവുമോ? അല്ലെങ്കില്‍ അവന്‍ എനിക്ക് വല്ല അനുഗ്രഹവും ചെയ്യുവാന്‍ ഉദ്ദേശിച്ചാല്‍ അവയ്ക്ക് അവന്റെ അനുഗ്രഹം പിടിച്ചുവെക്കാനാകുമോ? പറയുക: എനിക്ക് അല്ലാഹു മതി. അവന്റെ മേലാകുന്നു ഭരമേല്‍പിക്കുന്നവര്‍ ഭരമേല്‍പിക്കുന്നത്'' (39:38).

അബൂഹുറയ്‌റ(റ)വില്‍നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: ''എന്റെ സമുദായത്തിലെ ചില ഗോത്രങ്ങള്‍ ബഹുദൈവാരാധകരോട് ചേരുന്നത്‌വരെയും, അവര്‍ വിഗ്രഹങ്ങളെ ആരാധിക്കുന്നത്‌വരെയും അന്ത്യനാള്‍ സംഭവിക്കുകയില്ല'' (തിര്‍മിദി).