ഫാസിസവും സ്വൂഫിസവും കൈകോര്‍ക്കുന്നതിലെ രസതന്ത്രം

അബൂഹാമി ഉഗ്രപുരം

2017 ഡിസംബർ 16 1439 റബിഉല്‍ അവ്വല്‍ 27

സമകാലീന ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കുഴഞ്ഞുമറിഞ്ഞ അന്തരീക്ഷ പുകപടലങ്ങളിലെ വ്യക്തവും അവ്യക്തവുമായ ചിത്രങ്ങള്‍ കോര്‍ത്തിണക്കുമ്പോള്‍ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഭയമാണ് ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്‌നമെന്ന് മനസ്സിലാക്കാനാവും. പരസ്പരവിരുദ്ധം എന്ന് കരുതിയ പ്രത്യയശാസ്ത്രങ്ങള്‍ തോളുരുമ്മി നില്‍ക്കുമ്പോള്‍ കാര്യങ്ങള്‍ കരുതിയതിലുമപ്പുറം കുരുക്കിലാണ് കിടക്കുന്നതെന്നുവേണം അനുമാനിക്കാന്‍.

ജനാധിപത്യത്തെ ബലികഴിച്ച് മനുഷ്യനെ മനുഷ്യനായി കാണാന്‍ കഴിയാത്ത പ്രത്യയശാസ്ത്രത്തിലേക്ക്വര്‍ഗീയ പോര്‍വിളികളിലൂടെ ഒരു രാജ്യത്തിലെ ജനത മുഴുവന്‍ മാറണം എന്ന ധാര്‍ഷ്ട്യസ്വഭാവമുള്ള ഫാസിസവും അതിന് നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ പ്രസ്ഥാനവും;അനശ്വരമായ സ്‌നേഹവും അനുരാഗവും കോര്‍ത്തിണക്കിയ ആനന്ദഹര്‍ഷത്തിലൂടെ സര്‍വചക്രവാളങ്ങളെയും ഭേദിച്ച് മനുഷ്യഹൃദയങ്ങളില്‍ പ്രണയപ്രപഞ്ചത്തിന്റെ ജാലകം തുറക്കുന്ന ആത്മസഞ്ചാരികളും സാധകരുമെന്ന് പറയപ്പെടുന്ന സ്വൂഫികളും ഒരേ വേദി പങ്കിട്ടും തോളുരുമ്മിയും നില്‍ക്കുമ്പോള്‍ വൈരുധ്യം നിറഞ്ഞ വൈവിധ്യങ്ങള്‍ക്ക് നാം സാക്ഷികളാവുകയാണ്.

ഡല്‍ഹിയില്‍ വെച്ച് തീവ്ര ഹൈന്ദവ ചിന്താഗതിക്കാരുടെ എല്ലാവിധ സഹായ സഹകരണത്തോടെയും നടന്ന ലോകസ്വൂഫി സമ്മേളനത്തെക്കുറിച്ചുള്ളചില ന്യൂസ് ബാക്കപ്പുകള്‍ കൂടി ഇതോടൊപ്പം ചേര്‍ത്തു വായിച്ചാല്‍ ഫാസിസത്തിന്റെയും സ്വൂഫിസത്തിന്റെയും ഇടയിലുള്ള രസത്രന്ത ചേരുവക്ക് ഒന്നുകൂടി തെളിച്ചം ലഭിക്കുന്നതായിരിക്കും. ജന്മഭൂമിയടക്കം പല പത്രങ്ങളും മറ്റു സോഷ്യല്‍ മീഡിയകളും ഇത്തരം വാര്‍ത്തകള്‍ ഏറെ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്.'ഭാരത്മാതാ കീ ജയ് വിളിച്ച് പ്രധാനമന്ത്രിക്ക് സ്വാഗതം; അല്ലാഹു എന്നാല്‍ സമാധാനം'(മാര്‍ച്ച് 18, 2016; ജന്മഭൂമി).

''സ്വൂഫിസം സമാധാനത്തിന്റെ ശബ്ദമാണ്;

എല്ലാ മനുഷ്യരും ഒരുപോലെയെന്നതിന്റെ അടയാളമാണ്;അല്ലാഹുവിന്റെ99പേരുകളും അക്രമത്തിന് എതിരാണ്. ലോകമെമ്പാടുമുള്ള സ്വൂഫികള്‍ മോദിയുടെ ആരാധകരായതിങ്ങനെ; (മോദി),(Marunadan malayali Epapermarunada, Friday, 18 Mar). ലോകത്തിന് സമാധാനത്തിന്റെ സന്ദേശം നല്‍കുന്നത് സ്വൂഫിസം: പ്രധാനമന്ത്രി (The Indian Telegram, March 18, 2016. 'യഥാര്‍ഥ ഇസ്‌ലാമിനെ കാണിച്ചു തരുന്നത് സൂഫിസം'- മോദി (ജന്മഭൂമി 31 ഓഗസ്റ്റ് 2015). 'സ്വൂഫി പണ്ഡിതന്‍മാരുടെ പ്രതിനിധി സംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു, സ്വൂഫി സന്യാസിമാര്‍ മുന്നോട്ട്‌വെച്ച സന്ദേശം ഇന്ത്യന്‍ ധാര്‍മികതയുടെ അഭിവാജ്യഘടകമാണെന്നും ഇന്ത്യയില്‍ ബഹുസ്വരതയാര്‍ന്ന ഒരു ബഹുസംസ്‌കാര സമൂഹം കെട്ടിപ്പടുക്കുന്നതില്‍ അതു ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പറഞ്ഞു' (http://www.pmindia.gov.in/ml/page/21/?s&selected_category=196, 27Aug, 2015). ഡല്‍ഹിയില്‍ വച്ചുനടന്ന ആഗോള സ്വൂഫി സമ്മേളനത്തില്‍സെക്രട്ടറി ശിഹാബുദ്ദീന്‍ റസ്‌വിയുടെ പത്രസമ്മേളന വാര്‍ത്തയും കൂടി ഇതിലേക്ക് ചേര്‍ത്ത് വായിക്കാം.''വളര്‍ന്നു കൊണ്ടിരിക്കുന്ന വഹാബി ആശയങ്ങളെ ചെറുക്കുവാന്‍ ആര്‍.എസ്.എസ് പോലുള്ള സംഘടനകളോട് സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ തയ്യാറാണ്.''

ഇപ്പോള്‍ ചിത്രം പൂര്‍ത്തിയായിത്തുടങ്ങി. ഇരുകൂട്ടരും പൊതുശത്രുവിന്റെ കാര്യത്തില്‍ ഒരേ തൂവല്‍പക്ഷികള്‍. സ്വൂഫി ഇസ്‌ലാമും സലഫീ ഇസ്‌ലാമും എന്നീ രണ്ട് ധാരകളെ സൃഷ്ടിച്ചെടുത്ത് സലഫികളെ ഭീകരവാദികളും സ്വൂഫികളെ സമാധാനപ്രിയരുമായി ഫാസിസ്റ്റ് ചിന്താഗതിക്കാരും കാവി ചരിത്രനിര്‍മിതിക്കാരും ചിത്രീകരിച്ചെടുത്തു കഴിഞ്ഞു!

സ്വൂഫികളും വൈദിക മതവും

സ്വൂഫിസത്തിന്റെയും ഫാസിസത്തിന്റെയും ഇടയിലുള്ള സ്വരച്ചേര്‍ച്ചക്ക് കാരണമായി ചരിത്രപരമായ അന്വേഷണങ്ങള്‍ക്ക് ചിലത് പറയാനുണ്ട്. സ്വൂഫിസത്തിന്റെ പഴക്കത്തോളം തന്നെ ഈ ബന്ധത്തിനും പഴക്കമുണ്ട്! സ്വൂഫിസവും ഇന്ത്യയിലെ വൈദിക മതവും ചരിത്രപരമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നതായി കാണാം. ഹിജ്‌റ500നു ശേഷമാണ് ഇസ്‌ലാമിക ലോകത്ത് സ്വൂഫിസം ചില പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളാല്‍ വളര്‍ന്നു പന്തലിച്ചത്. ഇന്ത്യയില്‍ ഇത് വ്യാപകമായി എത്തിച്ചേര്‍ന്നത് മുഗള്‍ ഭരണ കാലത്താണ്. ജാതിവര്‍ണ വ്യവസ്ഥയില്‍ വീര്‍പ്പുമുട്ടിയ അയിത്തജനം സ്വൂഫിശൈഖുമാരുടെ പര്‍ണശാലകളില്‍ കൂട്ടത്തോടെ അഭയം പ്രാപിച്ചു. ഹൈന്ദവ ചിന്തയും സ്വൂഫി ആത്മീയതയും കൂടി ചേര്‍ന്ന ഒരു സവിശേഷ ആത്മീയ ധാരയായിട്ടാണ് ഇന്ത്യന്‍ സ്വൂഫിസം വളര്‍ന്നത്. വിശ്വാസ, സംസ്‌കാര രംഗങ്ങളില്‍ കാര്യമായ പിഴുതെടുപ്പു നടത്താതെ തന്നെ സൗഹാര്‍ദ പൂര്‍ണമായ സങ്കലനതയിലേക്ക് ഇത്തരം ജനക്കൂട്ടം ഇഴുകിച്ചേര്‍ന്നു.

ഇന്ത്യയിലെ ബൗദ്ധ ബ്രാഹ്മണ സംസ്‌കാരത്തോട് സമന്വയം പ്രാപിച്ച ഒരു ആത്മീയധാരയായിട്ടാണ് സ്വൂഫിസം ഇവിടെ വളര്‍ന്നത്.സ്വൂഫി ചരിത്രത്തിലുടനീളം ഈ വൈദികബന്ധം ദര്‍ശിക്കാവുന്നതാണ്. സ്വൂഫി ആചാര്യനായ മന്‍സൂര്‍ ഹല്ലാജ് ഒമ്പതാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ വരികയും വൈദിക തത്ത്വശാസ്ത്രങ്ങള്‍ പഠിക്കുകയുമുണ്ടായി. ഹിന്ദുമതത്തില്‍ നിന്നും സ്വൂഫിമതത്തിലേക്ക് വന്ന അബൂഅലി സിന്ധി എന്ന ശൈഖാണ് സ്വൂഫികള്‍ക്ക് വേദാന്തങ്ങള്‍ പഠിപ്പിച്ചു കൊടുത്തിരുന്നത്. ഇദ്ദേഹത്തിന്റെ ശിഷ്യനും സൂഫീ ലോകത്തിന്റെ മഹാത്മാവുമായ അബൂയസിദുല്‍ ബിസ്താമിയാണ് സ്വൂഫികള്‍ക്കിടയില്‍ വേദചിന്തകള്‍ വ്യാപിപ്പിച്ചത്. സ്വൂഫിസത്തിലുള്ള ഫനാ(ഉന്മാദാവസ്ഥ),സുക്ര്‍ (ഉന്മാദലഹരി),ഗലബ് (പരമാനന്ദം) പോലുള്ളതിന്റെയൊക്കെ ഉപജ്ഞാതാവും ഇതേ ബിസ്താമിയാണ്.

മുഗള്‍ ഭരണകാലത്ത് പല രാഷ്ട്രീയ സാഹചര്യത്താല്‍ ഇന്ത്യയിലേക്ക് സ്വൂഫികള്‍ കൂട്ടത്തോടെ ചേക്കേറുന്നതിനു മുമ്പു തന്നെ പല സ്വൂഫി ശൈഖുമാര്‍ ഇന്ത്യയില്‍ വന്ന് യോഗാചാര്യന്‍മാരില്‍ നിന്ന് വൈദിക തത്ത്വശാസ്ത്രങ്ങള്‍ പഠിക്കുകയുണ്ടായി. ഈ സ്വൂഫികള്‍ വേദാന്ത പാഠങ്ങള്‍ ഉള്‍കൊണ്ട് സ്വൂഫിസത്തിലെ ആധ്യാത്മികതയെ ഇന്ത്യയിലെ ആധ്യാത്മികത പോലെ വികസിപ്പിച്ചു.അബ്ബാസികളുടെ അവസാനത്തില്‍ സ്വൂഫികള്‍ ഇന്ത്യയിലേക്ക് എത്തിയശേഷം ഈ ആത്മീയ ബന്ധം ഏറെ മെച്ചപ്പെട്ടു. അമീര്‍ ഖുസ്രുവിനെ പോലെയുള്ള സ്വൂഫി കവികള്‍ ഹൈന്ദവാചാരങ്ങളെ പുകഴ്ത്തിപ്പാടി. ഗോളിയോറിലെ മുഹമ്മദ് ഗൗസ് സംസ്‌കൃതത്തിലും വേദങ്ങളിലും അവഗാഹമുള്ള സ്വൂഫിശൈഖായിരുന്നു. ഇദ്ദേഹമാണ് സംസ്‌കൃതത്തിലെ തത്ത്വശാസ്ത്ര ഗ്രന്ഥമായ'അമൃത കുണ്ഡം'പേര്‍ഷ്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തത്. ഇത്തരം മൊഴിമാറ്റങ്ങള്‍ ഹൈന്ദവ തത്ത്വശാസ്ത്ര ജ്ഞാനങ്ങള്‍ സ്വൂഫികളില്‍ വ്യാപിക്കുവാനും പഠനത്തിനും ആക്കംകൂട്ടി.

പേര്‍ഷ്യന്‍ സൂഫിവര്യന്‍ മീര്‍ അബ്ദുല്‍ ക്വാസിം ഫിന്തിരിസ്തി യോഗാസിഷ്ഠ പഠിച്ച് അതിന് കുറിപ്പെഴുതുകയും യോഗാസിഷ്ഠയിലെ സാങ്കേതിക പദങ്ങള്‍ക്ക് ഒരു നിഘണ്ടു തന്നെ തയ്യാറാക്കുകയും ചെയ്തു. ഹിന്ദുയോഗിമാരെ പൂര്‍ണമായും ഉള്‍ക്കൊണ്ട പാരമ്പര്യമാണ് സ്വൂഫി ചരിത്രത്തിന് പറയുവാനുള്ളത്. പ്രമുഖ സൂഫി ശൈഖായ ദാരാഷിക്കോ അമ്പതോളം ഉപനിഷത്തുകളും സുപ്രധാന തത്ത്വശാസ്ത്രങ്ങളും പേര്‍ഷ്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്തു. മാത്രവുമല്ല വേദാന്തത്തെ കുറിച്ച് സംസ്‌കൃതത്തില്‍ ഒരു പ്രബന്ധം തയ്യാറാക്കുക കൂടി ചെയ്തു. ദാരാഷിക്കൊ പേര്‍ഷ്യന്‍ ഭാഷയില്‍ (സ്വൂഫികള്‍ അറബിയെക്കാളേറെ ഉപയോഗിച്ചിരുന്ന ഭാഷ പേര്‍ഷ്യനായിരുന്നു) വേദാന്തവും സ്വൂഫിസവും കൈകാര്യം ചെയ്യുന്ന നിരവധി ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തു. അദ്ദേഹം തന്റെ ഗ്രന്ഥത്തിന്റെ ആമുഖം തുടങ്ങുന്നത്'ഓം ശ്രീ ഗണേഷനമോ' എന്ന മന്ത്രത്തോടെയാണ്. സിര്‍റുല്‍ അഖ്ബാര്‍ എന്ന ഗ്രന്ഥത്തിലൂടെ വേദാന്തങ്ങള്‍ വഴി താന്‍ മനസ്സിലാക്കിയ നിഗൂഢാര്‍ഥങ്ങളെ അദ്ദേഹം വിശദീകരിച്ചു. ക്വുര്‍ആന്‍ പഠിച്ചപ്പോള്‍ തന്റെ ഹൃദയത്തില്‍ സംശയങ്ങള്‍ ഉടലെടുത്തെന്നും ഉപനിഷത്ത് പഠനത്തിലൂടെയാണ് അന്വേഷിച്ചുകൊണ്ടിരുന്ന സംശയങ്ങള്‍ക്ക് ദൂരീകരണം ലഭിച്ചതെന്നുംഇവ സകല രഹസ്യങ്ങളുടെയും കലവറയാണെന്നും ദാരാ പ്രസ്താവിക്കുകയുണ്ടായി. ഇതിനുമപ്പുറം എന്തു സൗഹൃദബന്ധമാണ് സൂഫീ ആര്‍ഷഭാരത അപ്പോസ്തലന്മാര്‍ക്കിടയില്‍ ഉണ്ടാവാനുള്ളത്? ഇസ്‌ലാമിന്റെ കടയ്ക്കല്‍ കത്തിവെക്കുന്ന സ്വൂഫീ ചിന്തകള്‍ക്കെതിരെ നിലനില്‍ക്കുന്നവര്‍ മതമൗലികവാദികളും തീവ്രവാദികളുമായി ചിത്രീകരിക്കപ്പെടുന്നതിന്റെ കാരണവും മറ്റൊന്നുമല്ല.

ഭഗവത് ഗീതക്ക് പരിഭാഷ എഴുതിയ ശൈഖ് ഹുസൈന്‍ അംബാല്‍ ഖാന്‍, യോഗ സംഗ്രഹ പുസ്തകം രചിച്ച ശൈഖ് മുഹമ്മദ്,ഹിന്ദുദൈവങ്ങളും അവതാരങ്ങളും നബിമാരാണെന്ന് പ്രഖ്യാപിച്ച ശൈഖ് സയ്യിദ് സുല്‍ത്താന്‍,മഹാഭാരതം ഹൃദിസ്ഥമാക്കിയ മിര്‍സാബിദീന്‍, 'ഹിന്ദുസ്ഥാന്‍ കി ദോ പൈഗംബര്‍ റാം ഔര്‍ കൃഷ്ണ സലാമുല്ലാഹി അലൈഹി'എന്ന കൃതിയുടെ കര്‍ത്താവ് സ്വൂഫി ഖാജാ ഹസന്‍ നിസാമി (സ്വൂഫി അഗ്രേസരനായ നിസാമുദ്ദീന്‍ ഔലിയയുടെ അനന്തിരവനാണ് ഇദ്ദേഹം)... ഇങ്ങനെ പോകുന്നു സ്വൂഫികളുടെ വൈദിക മതവുമായുള്ള ബന്ധങ്ങള്‍.

ഇത്തരം ഹൈന്ദവ തത്ത്വശാസ്ത്ര മൂശയിലൂടെ വാര്‍ത്തെടുത്ത് വിപുലീകരിച്ച സ്വൂഫി തത്ത്വങ്ങളെ യഥാര്‍ഥ മുസ്‌ലിംകള്‍ എതിര്‍ക്കുമെന്നും അതിനു നേതൃത്വം വഹിക്കുക സലഫികള്‍ ആയിരിക്കുമെന്നും സ്വൂഫികളെ പോലെത്തന്നെ മറുകക്ഷിക്കും നന്നായി അറിയും. ഇടക്കാലത്ത് ഫാസിസത്തിലേക്ക് കൂറുമാറിയ പല എഴുത്തുകാരും സ്വൂഫികളെ പുകഴ്ത്തിയും സലഫികളെ അസഹിഷ്ണുതയുള്ളവരും പരമത സ്വാതന്ത്ര്യം ഹനിക്കുന്നവരുമായി ചിത്രീകരിച്ച് ചരിത്രത്തെ വക്രീകരിക്കുവാന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.

സ്വൂഫിസത്തെ അപഗ്രഥിക്കുകയല്ല; ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ സ്വൂഫി ശൈഖുമാരാല്‍ രൂപപ്പെടുത്തപ്പെട്ട ഹൈന്ദവതയില്‍ ഊട്ടപ്പെട്ട സംസ്‌കാര സമന്വയെത്ത ഫാസിസ്റ്റ് ചിന്താഗതിക്കാര്‍ ഓമനിക്കുന്നതിന്റെ കാരണം വ്യക്തമാക്കുക മാത്രമാണ് ഈ കുറിപ്പിന്റെ ലക്ഷ്യം.

ഇസ്‌ലാമില്‍ ശവകുടീര പൂജ മഹാപാപമാണെന്ന് പ്രഖ്യാപിക്കുന്ന സലഫികള്‍ കാരണമാണ് തങ്ങള്‍ക്ക് തകര്‍ച്ചയുണ്ടായതെന്ന് അറിയുന്ന സ്വൂഫികളും വേദസംസ്‌കാരത്തെ ഉള്‍ക്കൊണ്ടവര്‍ക്കല്ലാതെ ഭാരതത്തില്‍ നിലനില്‍പില്ലെന്ന് ആക്രോശിക്കുന്ന ഫാസിസവും ഭായി ഭായി ആയി മാറുന്ന കാഴ്ചയാണ് നാം കാണുന്നത്.

ഇന്ത്യന്‍ ചരിത്ര പണ്ഡിതനായ താരാചന്ദ് 'ഇന്‍ഫഌവന്‍സ് ഓഫ് ഇസ്‌ലാം ഓണ്‍ ഇന്ത്യന്‍ കള്‍ച്ചറി'ല്‍ രേഖപ്പെടുത്തിയപ്രകാരം സ്വൂഫിസത്തിലൂടെ ഇന്ത്യന്‍ മുസ്‌ലിംകള്‍ വൈദിക മതദര്‍ശനവുമായി സമരസപ്പെടുകയും പരസ്പര ധാരണയിലേക്കെത്തുകയും ഹിന്ദു-മുസ്‌ലിം സംസ്‌കാരം അലിഞ്ഞു ചേര്‍ന്ന രൂപത്തിലാകുകയും ചെയ്തു. ഭരണ സ്ഥാപനങ്ങളിലും ഗാര്‍ഹിക ജീവിതത്തിന്റെ ഉള്ളറകളിലും സംഗീതം, വസ്ത്രധാരണ രീതി,പാചക സമ്പ്രദായം, വിവാഹ ചടങ്ങുകള്‍, ഉല്‍സവാഘോഷങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം ഈ സമരസം കാണാവുന്നതാണ്.

ഏകദൈവ വിശ്വാസം, ബഹുദൈവ വിശ്വാസം എന്നീ പരസ്പര വിരുദ്ധമായ ആശയമുള്ള ഹിന്ദുമതത്തിനും ഇസ്‌ലാമിനുമിടയില്‍ ഒരു പൊതുവേദിയായി സ്വൂഫികളും ഭക്തി പ്രസ്ഥാനവും ശക്തിയാര്‍ജിച്ചു. വിശ്വാസങ്ങള്‍, ചടങ്ങുകള്‍ എന്നിവയിലെ ഭിന്നതകള്‍ക്കതീതമായി ആത്മീയ ജീവിതത്തിന് ഒരു പൊതുഘടകം കണ്ടെത്തുവാന്‍ ഇരു കൂട്ടര്‍ക്കും സാധിച്ചു. ഇങ്ങനെ അസാധ്യമെന്നു തോന്നിയ ഒരു സംയോജനം സാധ്യമാക്കിത്തീര്‍ത്തത് വിശിഷ്യാ ഇന്ത്യന്‍ സ്വൂഫികള്‍ തന്നെ.

വിഗ്രഹാരാധനയെ ദൈവോപാസനത്തിന്റെ മറ്റൊരു മാര്‍ഗമായി വ്യാഖ്യാനിച്ചവരും വിഗ്രഹാരാധന തന്നെ സ്വീകരിച്ചവരും ഇതിലുണ്ടായിരുന്നു. മാംസാഹാരം വര്‍ജിക്കുക, അഹിംസ സ്വീകരിക്കുക, ക്വുര്‍ആനും ഇതര മതഗ്രന്ഥങ്ങളും ഒരു പോലെയാണെന്നും പറയുക തുടങ്ങി ഒട്ടനവധി ആശയ സംയോജന പ്രതിവര്‍ത്തന മതമായിരുന്നു സൂഫികളുടേത്.

കൃഷ്ണ ജയന്തി ദിവസത്തില്‍ ഭക്ഷണം തികയാതെ വന്നപ്പോള്‍ സ്വൂഫി ശൈഖായ അബ്ദുര്‍റസാഖ് തന്റെ കറാമത്ത് കൊണ്ട് അടുക്കള വാതില്‍ക്കല്‍'യാ ഗൗസുല്‍ അഅഌ'എന്ന് എഴുതിയാണത്രെ പരിഹരിച്ചത്. എല്ലാവരും കഴിച്ചു കഴിഞ്ഞതിനു ശേഷവും ഭക്ഷണം അവശേഷിച്ചു പോലും. അഹ്മദാബാദിലെ സുഹാഗന്‍ സ്വൂഫികളുടെ പുത്രന്മാര്‍ ഹിന്ദുക്കളെ പോലെ സാരിയും സിന്ദൂരവും അണിഞ്ഞിരുന്നു. (കഴിഞ്ഞ സ്വൂഫി സമ്മേളനത്തില്‍ പ്രകടിപ്പിച്ച ഹിജാബിനോടുള്ള നിലപാടും ഇതോടൊപ്പം വായിക്കുക) അയോധ്യയിലെ നവാബുമാര്‍ ഹോളി ആഘോഷിച്ചിരുന്നു. ഉത്തരേന്ത്യന്‍ സ്വൂഫികളില്‍ വസന്ത പഞ്ചമികൊണ്ടാടുന്നവരുണ്ട്. സരസ്വതി വന്ദനം ചൊല്ലുകയും സ്വൂഫിദര്‍ഗകളില്‍ കുങ്കുമ നിറത്തിലുള്ള പരവതാനി ഉപയോഗികുകയും ചെയ്തു പോരുന്നു. (കുങ്കുമവസ്ത്രമണിഞ്ഞ് മക്കയില്‍ വരെ എത്തിയ  സ്വൂഫികളുടെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഈയിടെ പ്രചിരിച്ചിരുന്നത് ഓര്‍ക്കുക).

ആശയങ്ങള്‍ തമ്മില്‍ സംഘട്ടനത്തില്‍ ഏര്‍പെടുന്നില്ല; ആദര്‍ശങ്ങള്‍ പരസ്പരം ഉള്‍കൊള്ളുകയും ചെയ്യുന്നു. ചരിത്രത്തിന്റെ പുനരാവര്‍ത്തനമാണിത്; പരസ്പരം ഉള്‍ക്കൊണ്ട ചരിത്രബന്ധം.

സംജ്ഞകളുടെ സാദൃശ്യങ്ങള്‍

ഇരു കൂട്ടര്‍ക്കുമിടയില്‍ ആശയതത്ത്വങ്ങളുടെ സമന്വയം മാത്രമല്ല നടന്നിട്ടുള്ളത്; അതിന്റെ രൂപ സാദൃശ്യങ്ങള്‍ വരെ നിലനിര്‍ത്തിപ്പോന്നിട്ടുണ്ട്. 'നിര്‍ഗുണ ബ്രഹ്മന്‍' എന്ന അദൈ്വത വാദികളുടെ അതേ ആശയമാണ്'ദാതുല്‍ മുത്വലക്വ്,' ജിവത്വ (റൂഹ്),ജീവമുക്ത(മൂതൂ ക്വബ്‌ല അന്‍ തമൂതൂ),വ്യക്ത-അവ്യക്ത(ദ്വാഹിര്‍-ബാത്വിന്‍),നിരുപാധിക-സോപാധിക(മുത്വ്‌ലക്വ്, മുക്വയ്യദ്),സത്-സത്യം (ഹക്ക്വ്-ഹക്വീക്വത്ത്),പരാവിദ്യ-അപരാവിദ്യ(ഇല്‍മുദ്ദ്വാഹിര്‍-ഇല്‍മുല്‍ ബാത്വിന്‍), ധ്യാനധാരണ(ദിക്‌റ് വ മുറാക്വബ),അഹം ബ്രഹ്മാസ്മി (അനല്‍ഹക്വ്) ഇങ്ങനെ അനേകം കാര്യങ്ങള്‍ വൈദിക മതത്തില്‍നിന്നും കടമെടുത്ത് സ്വൂഫികള്‍ ഇസ്‌ലാമിന്റെ തലയില്‍ കെട്ടിവെക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. ഇത്രയും സൂചിപ്പിച്ചത് വൈദിക മത വേദോപനിഷത്തുകളുമായി സൂഫിസത്തിനുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കുവാന്‍ മാത്രമാണ്. എന്തുകൊണ്ട് ചിലര്‍ സ്വൂഫിസത്തെ ഇത്രമേല്‍ സ്‌നേഹിക്കുന്നു എന്ന് ഇതില്‍നിന്നും വ്യക്തമാണല്ലോ.

(തുടരും)

(അടുത്ത ലക്കത്തില്‍: ഇസ്‌ലാമും സ്വൂഫിസവും തമ്മിലെന്ത്?)