സ്ത്രീ സുരക്ഷ: ഇരുട്ടില്‍ തപ്പുന്ന കേരളീയ സമൂഹം

സുഫ്‌യാന്‍ അബ്ദുസ്സലാം

2017 മാര്‍ച്ച് 04 1438 ജമാദുല്‍ ആഖിര്‍ 05
സ്ത്രീകളുടെ സുരക്ഷക്ക് വേണ്ടി ഒട്ടേറെ നിയമങ്ങള്‍ നമ്മുടെ സംസ്ഥാനത്തുണ്ട്. സ്ത്രീയെ ബലമായി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കുന്നത് തടയുന്നതിന് കൊണ്ടുവന്ന 1971ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി ആക്റ്റ്, വീടോ സ്ഥലമോ മുറികളോ ലൈംഗിക ചൂഷണത്തിന് ഉപയോഗിച്ചാല്‍ അവ വേശ്യാലയമായി കണക്കാക്കും എന്ന് വ്യവസ്ഥ ചെയ്യുന്ന 1986ല്‍ ആവിഷ്‌കരിച്ച നിയമം, തൊഴിലിടങ്ങളിലെ സ്ത്രീകളുടെ സുരക്ഷക്കും സംരക്ഷണത്തിനും വേണ്ടി 1997ല്‍ കൊണ്ടുവന്ന നിയമം, ഗാര്‍ഹിക പീഡനങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിന് വേണ്ടി രൂപീകരിച്ച 2005ലെ ഗാര്‍ഹിക പീഡനനിയമം... ഇതെല്ലാം നിലവിലുണ്ടായിട്ടും സ്ത്രീകളോടുള്ള അതിക്രമം കേരളത്തില്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്നു. എന്താണ് കാരണം? വസ്തുനിഷ്ഠമായ അന്വേഷണം.

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളും സ്ത്രീ സുരക്ഷയും കാലാകാലങ്ങളായി ലോകം ചര്‍ച്ച ചെയ്യുന്ന വിഷയമാണ്. അതിക്രമങ്ങളും അനിഷ്ടസംഭവങ്ങളും ഉണ്ടാകുമ്പോഴാണ് ഈ വിഷയം വളരെ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. അക്രമസംഭവങ്ങളുണ്ടാകുമ്പോള്‍ സ്ത്രീ സുരക്ഷക്കായി എന്തെങ്കിലും ഒരു നിയമം കൊണ്ടുവരികയോ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയോ ചെയ്യല്‍ ഒരു പതിവ് രീതിയാണ്. മേമ്പൊടിക്ക് രാഷ്ട്രപതി തൊട്ട് വാര്‍ഡ് മെമ്പര്‍ വരെയുള്ളവരുടെ തല്‍വിഷയകമായ പ്രസ്താവനകളും നമുക്ക് കാണാം. ചാനലുകളാവട്ടെ ചാകര ലഭിച്ച സന്തോഷത്തില്‍ സംഭവങ്ങളെ മുടിനാരിഴ പരിശോധിച്ച് തലയില്ലാത്ത തെങ്ങില്‍ കയറിയ പോലെ ചര്‍ച്ചകള്‍ അവസാനിപ്പിക്കുന്നതും സ്ഥിരം കാഴ്ചയാണ്. കേരളത്തിലെ ഒരു ചലച്ചിത്ര പ്രവര്‍ത്തക; അല്ലെങ്കില്‍ മാധ്യമ ഭാഷയില്‍ പറഞ്ഞാല്‍ ഒരു 'പ്രമുഖ നടി' ആക്രമിക്കപ്പെട്ട സംഭവമാണ് ഒടുവില്‍ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് വീണ്ടും നിറം പകര്‍ന്നിരിക്കുന്നത്. എന്നാല്‍ അതേദിവസം തന്നെ മേഘാലയ സ്വദേശിനിയായ ഒരു വനിത കേരളത്തിലെ ഒരു ട്രെയിനില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടുവെന്ന പരാതി വലിയ വാര്‍ത്തയാവുകയും ചെയ്തില്ല. സ്ത്രീകള്‍ക്കെതിരെയുണ്ടാകുന്ന പീഡനശ്രമങ്ങള്‍ ചില 'ഒറ്റപ്പെട്ട സംഭവങ്ങള്‍' മാത്രമാണെന്ന് പറഞ്ഞു സമാധാനിക്കുന്നവരുമുണ്ട്. എന്നാല്‍ നിത്യേന ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ ആവര്‍ത്തിക്കപ്പെടുന്ന ഈ 'ഒറ്റപ്പെട്ട' സംഭവങ്ങള്‍ ഉന്മൂലനം ചെയ്യുന്നതിന് വേണ്ടി എന്ത് പ്രായോഗിക നടപടികളാണ് കേരളീയര്‍ എന്ന നിലയില്‍ നാം ആവിഷ്‌കരിച്ചിട്ടുള്ളത് എന്ന ആത്മവിമര്‍ശനം അനിവാര്യമായിത്തീരുന്നു.

സ്ത്രീകളുടെ സുരക്ഷക്ക് വേണ്ടി ഒട്ടേറെ നിയമങ്ങള്‍ നമ്മുടെ സംസ്ഥാനത്ത് ആവിഷ്‌കരിച്ചിട്ടുണ്ട്. സ്ത്രീയെ ബലമായി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കുന്നത് തടയുന്നതിന് കൊണ്ടുവന്ന 1971ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി ആക്റ്റ്, ഏതെങ്കിലും വീടോ സ്ഥലമോ മുറികളോ ലൈംഗിക ചൂഷണത്തിന് ഉപയോഗിച്ചാല്‍ അവ വേശ്യാലയമായി കണക്കാക്കും എന്ന് വ്യവസ്ഥ ചെയ്യുന്ന 1986ല്‍ ആവിഷ്‌കരിച്ച നിയമം, തൊഴിലിടങ്ങളിലെ സ്ത്രീകളുടെ സുരക്ഷക്കും സംരക്ഷണത്തിനും വേണ്ടി 1997 ല്‍ കൊണ്ടുവന്ന നിയമം, ഗാര്‍ഹിക പീഡനങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിന് വേണ്ടി രൂപീകരിച്ച 2005ലെ ഗാര്‍ഹിക പീഡനനിയമം, പൂവാലശല്യം, സ്ത്രീധനം, ബലാല്‍സംഗം, ശൈശവവിവാഹം, നഗ്‌നതാചിത്രീകരണം തുടങ്ങിയ അതിക്രമങ്ങള്‍ക്കെതിരെ ഉണ്ടാക്കിയിട്ടുള്ള വിവിധ നിയമങ്ങളുമെല്ലാം നമ്മുടെ നാട്ടില്‍ പ്രാബല്യത്തിലുണ്ട്. ഈ അടുത്ത കാലത്താണ് ദല്‍ഹിയില്‍ കൂട്ട മാനഭംഗത്തിന് വിധേയയായി കൊല്ലപ്പെട്ട ജ്യോതി സിംഗ് പാണ്ഡേ എന്ന പെണ്‍കുട്ടിയുടെ അപരനാമമായ 'നിര്‍ഭയ' എന്ന പേരില്‍ സ്ത്രീ സുരക്ഷക്കായി ഒരു പദ്ധതി കൊണ്ടുവന്നത്. നിയമങ്ങളുടെ അപര്യാപ്തതയല്ല അതിക്രമങ്ങള്‍ക്ക് കാരണം. നിയമങ്ങളും പദ്ധതികളും കടലാസുകളില്‍ മാത്രം പരിമിതമാവുകയും പീഡനങ്ങളും അതിക്രമങ്ങളും തുടര്‍ക്കഥകളാവുകയും ചെയ്യുന്നതെന്തുകൊണ്ട് എന്ന ഗൗരവതരമായ അന്വേഷണം നടത്താന്‍ ബന്ധപ്പെട്ടവര്‍ തുനിയണം. നിയമങ്ങളെക്കാളുപരി സ്വയം പരിവര്‍ത്തിക്കപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കുകയും അതിനാവശ്യമായ ബോധവല്‍ക്കരണം നടത്തുകയും വേണമെന്നതാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.

സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ചരിത്രപരമായ വസ്തുതകളെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ സ്ത്രീ എക്കാലവും ഒരു ചൂഷണവസ്തുവായിരുന്നു എന്ന് കാണാം. ലോകം വളരെ പുരോഗമിച്ചിട്ടും ഈ കാഴ്ചപ്പാടില്‍ വലിയ മാറ്റമൊന്നുമില്ല. വളരെയധികം പുരോഗമിച്ചുവെന്നു അവകാശപ്പെടുന്ന സമൂഹങ്ങളില്‍ പോലും വലിയ തോതിലുള്ള സ്ത്രീ പീഡനങ്ങളും ലൈംഗിക അതിക്രമങ്ങളും ഗാര്‍ഹിക പീഡനങ്ങളും നിലനിന്നിരുന്നു. പുരാതന റോമന്‍ നിയമം ഒരു പുരുഷന് തന്റെ ഭാര്യയെ മരണം വരെ ശക്തമായി പ്രഹരിക്കുവാനുള്ള അനുമതി നല്‍കിയിരുന്നു. ഇത്തരത്തില്‍ ഭാര്യമാരെ തൊഴിക്കാനും അടിക്കാനും പീഡിപ്പിക്കാനുമെല്ലാമുള്ള അനുമതി ബ്രിട്ടനിലും അമേരിക്കയിലുമെല്ലാം പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കം വരെ ഉണ്ടായിരുന്നു. സ്ത്രീകള്‍ക്കുവേണ്ടി അന്താരാഷ്ട്രതലത്തില്‍ ഒരു നിയമം കൊണ്ടുവരാന്‍ 1979 വരെ കാത്തിരിക്കേണ്ടി വന്നു ഐക്യരാഷ്ട്രസഭക്ക്. പുരുഷന് പാദസേവ ചെയ്യേണ്ടുന്ന കേവലമൊരു സ്വകാര്യസ്വത്ത് എന്ന് മാത്രമായിരുന്നു സ്ത്രീയെക്കുറിച്ച് ചരിത്രപരമായി നിലനിന്നിരുന്ന വീക്ഷണം. ഒരു സ്വകാര്യസ്വത്തിനെ എങ്ങനെ വില്‍പനച്ചരക്കാക്കാന്‍ സാധിക്കുമെന്ന് ചിന്തിച്ചുകൊണ്ട് സ്ത്രീയുടെ ശരീരത്തെയും സൗന്ദര്യത്തെയും പരമാവധി ചൂഷണം ചെയ്ത് കമ്പോളവല്‍ക്കരിക്കാനാണ് ഭൂരിപക്ഷം സമൂഹങ്ങളും കാലാകാലങ്ങളായി ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ വ്യക്തിപരമായും സാംസ്‌കാരികമായും സ്ത്രീക്കുമേല്‍ പുരുഷന്മാര്‍ അടിമത്തം അടിച്ചേല്‍പ്പിച്ചിരുന്നു എന്നത് ചരിത്രപരമായ യാഥാര്‍ഥ്യമാണ്. ഈ അടിമത്തം വഴി അവരുടെ സൗന്ദര്യം ചൂഷണം ചെയ്യപ്പെടുകയും അവര്‍ക്ക് മേല്‍ ലൈംഗിക അതിക്രമങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുകയും ചെയ്തു. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ഏറ്റവും പ്രഥമമായി പരിഗണിക്കേണ്ടത് ഈ അടിമത്തത്തില്‍ നിന്നുള്ള സ്വാതന്ത്ര്യമായിരിക്കണം. തന്റെ സൗന്ദര്യത്തെ കാമക്കണ്ണുകളില്‍ നിന്ന് സംരക്ഷിച്ചുകൊണ്ട് ശരീരത്തിന്റെ നിമ്‌നോന്നതികളെ വസ്ത്രങ്ങള്‍ കൊണ്ട് മറച്ചുപിടിച്ച് മാന്യമായി ജീവിക്കാന്‍ ശ്രമിക്കുന്ന ഒരു സ്ത്രീക്ക് അസ്വാതന്ത്ര്യമനുഭവിക്കുന്നവള്‍ എന്ന വിശേഷണം നല്‍കുന്നതില്‍ യാതൊരു കഴമ്പുമില്ല. തന്റെ ഇണയുടെ മുമ്പില്‍ മാത്രം പ്രദര്‍ശിപ്പിക്കേണ്ട അവളുടെ മാദകത്വവും സൗന്ദര്യവും മറ്റുള്ളവര്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കുവാന്‍ അവളെ നിര്‍ബന്ധിക്കുകയും അതുവഴി അവള്‍ക്ക് മേല്‍ അധീശത്വം അവകാശപ്പെടുകയും ചെയ്യുമ്പോഴാണ് സ്ത്രീ അസ്വാതന്ത്ര്യം അനുഭവിക്കുന്നത്.

സ്ത്രീയും പുരുഷനും രണ്ട് വ്യത്യസ്ത വ്യക്തിത്വങ്ങളാണ്. അവരുടെ കഴിവുകള്‍ വ്യത്യസ്തമാണ്. അവരുടെ മാനസികവും ശാരീരികവുമായ അവസ്ഥകളും ഭിന്നമാണ്. സ്ത്രീയുടെയും പുരുഷന്റെയും പ്രകൃതിപരമായ സവിശേഷതകളിലെയും അവരുടെ ജനിതക സ്വഭാവങ്ങളിലെയും വൈരുധ്യങ്ങളും വൈജാത്യങ്ങളും പൊതുവില്‍ എല്ലാവരും അംഗീകരിക്കുന്നുണ്ട്. അതുകൊണ്ടാണല്ലോ സ്ത്രീ സുരക്ഷയെകുറിച്ചു ചര്‍ച്ച ചെയ്യുകയും പുരുഷ സുരക്ഷ ചര്‍ച്ച ചെയ്യപ്പെടാതിരിക്കുകയും ചെയ്യുന്നത്. പുരുഷ പീഡനമെന്ന വാക്ക് കേള്‍ക്കാന്‍ കഴിയാത്തതും സ്ത്രീപീഡനം നിത്യേന വാര്‍ത്തകളായി നമ്മുടെ മുമ്പിലെത്തുന്നതും അതുകൊണ്ടാണ്. പുരുഷന്റെയും സ്ത്രീയുടെയും ഭിന്നമായ ഈ പ്രകൃതിഗുണങ്ങള്‍ പരിഗണിക്കാതെയുള്ള ചര്‍ച്ചകള്‍ അപ്രസക്തമാണ്. പ്രകൃതിനിയമങ്ങള്‍ക്കതീതമായ സ്വാതന്ത്ര്യം അസാധ്യമാണ് എന്നത് ഒരു ശാസ്ത്ര വസ്തുതയാണ്. ഒരു മനുഷ്യന്‍ പറക്കണമെന്നാഗ്രഹിച്ചിട്ട് കാര്യമില്ല. അത് മനുഷ്യന്റെ പ്രകൃതിക്ക് വിരുദ്ധമായതിനാല്‍ തന്നെ അത് അസാധ്യമാണ്. അതിനവന് സ്വാതന്ത്ര്യമില്ല. സ്ത്രീക്ക് സ്രഷ്ടാവ് നല്‍കിയിട്ടുള്ള സൃഷ്ടിപരവും പ്രകൃതിപരവുമായ സവിശേഷതകള്‍ കാരണം അവളുടെ സ്വാതന്ത്ര്യത്തിനു ചില പരിമിതികളുണ്ട് എന്ന വസ്തുത മറച്ചുവെച്ചുകൊണ്ട് എത്രതന്നെ സ്ത്രീസ്വാതന്ത്ര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടും കാര്യമില്ല.

ഇവിടെയാണ് സ്ത്രീ ബഹുമാനിക്കപ്പെടേണ്ടവളും സംരക്ഷിക്കപ്പെടേണ്ടവളുമാണെന്ന വസ്തുത ബോധ്യപ്പെടുന്നത്. സ്ത്രീക്കും പുരുഷനും ഒരുപോലെയുള്ള സ്വാതന്ത്ര്യവും സമത്വവും വേണമെന്ന് വാദിക്കുന്നവരും ഫെമിനിസ്റ്റുകളും ഈ വസ്തുതക്ക് നേരെ കണ്ണടയ്ക്കുകയാണ്. ചലച്ചിത്ര നടി ആക്രമിക്കപ്പെട്ട ശേഷം സിനിമാസംഘടന എടുത്ത തീരുമാനം സ്ത്രീയുടെ സൃഷ്ടിപരമായ ഈ പരിമിതിയെ ബോധ്യപ്പെടുത്തുന്നതാണ്. ഇനി മേലില്‍ ഒരു നടിയും ഒറ്റക്ക് യാത്ര ചെയ്യരുതെന്നും അവളുടെ കൂടെ അവളെ സംരക്ഷിക്കാന്‍ ആവശ്യമായ രക്ഷകര്‍ത്താക്കള്‍ അനിവാര്യമാണെന്നും അവര്‍ പറയുകയുണ്ടായി. ഇത്രയെങ്കിലും അവര്‍ പറഞ്ഞതില്‍ അല്‍പമെങ്കിലും നമുക്ക് ആശ്വസിക്കാം. എന്നാല്‍ കേവലം കൂടെ ഒരാളുള്ളത് കൊണ്ട് മാത്രം കഴുകക്കണ്ണുകളില്‍ നിന്നും അവരുടെ ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ സാധ്യമല്ല. സ്ത്രീ സുരക്ഷക്ക് ആവശ്യമായ ഘടകങ്ങളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഘടകമാണ് വസ്ത്രവും വസ്ത്രധാരണരീതിയും. കേരളീയ സമൂഹത്തിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ താഴ്ന്ന വിഭാഗങ്ങള്‍ക്ക് മാറ് മറക്കാന്‍ അനുമതിയില്ലായിരുന്നുവെന്ന ദുഃസ്ഥിതി കഴിഞ്ഞുപോയിട്ടുണ്ട് എന്ന കാര്യം മാറ്റിനിര്‍ത്തിയാല്‍ പൊതുവില്‍ മാന്യമായ വസ്ത്രം ധരിക്കണമെന്ന കാഴ്ചപ്പാടുള്ളവരായിരുന്നു കേരളീയര്‍ എന്ന് കാണാം. വിവിധ മതവിശ്വാസികള്‍ക്ക് അവരുടേതായ വസ്ത്രരീതികളൊക്കെ ഉണ്ടെങ്കിലും പാശ്ചാത്യ വസ്ത്രരീതികളോട് പുറം തിരിഞ്ഞു നിന്നിരുന്ന ഒരു കാലം കേരളത്തിനുണ്ടായിരുന്നു. പക്ഷേ, കോര്‍പ്പറേറ്റുകളും മീഡിയകളും സിനിമാമേഖലയും നാടിന്റെ സാംസ്‌കാരിക മണ്ഡലങ്ങളിലും കുടുംബങ്ങളിലും വലിയ സ്വാധീനം ചെലുത്തിത്തുടങ്ങിയപ്പോള്‍ പാശ്ചാത്യന്റെ മുഴുവന്‍ സംസ്‌കാരങ്ങളും മലയാളിക്ക് ഇന്ന് പഥ്യമായി. ശരീരം മുഴുവന്‍ മറയുന്ന പര്‍ദയും മഫ്തയുമെല്ലാം ചൂഷണത്തിന്റെ പ്രതീകങ്ങളാണെന്ന തെറ്റായ ധാരണയും ഇറുക്കമുള്ളതും ഇറക്കമില്ലാത്തതുമായ വസ്ത്രങ്ങളാണ് അന്തസ്സിന്റെയും ആഭിജാത്യത്തിന്റെയും അടയാളങ്ങളെന്ന മിഥ്യാസങ്കല്‍പവും സമൂഹത്തില്‍ വ്യാപിച്ചിരിക്കുകയാണ്.

തന്റെ അന്തസ്സും അഭിമാനവും എപ്രകാരമാണ് സംരക്ഷിക്കപ്പെടേണ്ടതെന്ന സ്രഷ്ടാവിന്റെ നിര്‍ദേശം മനുഷ്യന്‍ മനസ്സിലാക്കേണ്ടതുണ്ട്. തിരിച്ചറിയപ്പെടാനും ശല്യം ചെയ്യപ്പെടാതിരിക്കാനും സ്ത്രീകള്‍ക്ക് നല്ലത് ശരീരം പൂര്‍ണമായും മറയുന്ന മൂടുപടമാണ് എന്ന ക്വുര്‍ആനിന്റെ നിര്‍ദേശം(33:59) പ്രസക്തമാകുന്നത് ഇവിടെയാണ്. പതിവ്രതകളായി നടക്കണമെന്നാഗ്രഹിക്കുന്ന, മൂല്യങ്ങളില്‍ വിശ്വസിക്കുന്ന, സംരക്ഷിക്കപ്പെടണമെന്ന് ആശിക്കുന്ന സ്ത്രീകള്‍ക്ക് വേണ്ടിയാണ് ക്വുര്‍ആന്‍ ഈ ആഹ്വാനം നടത്തുന്നത്.

സ്ത്രീസുരക്ഷയിലെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ഘടകമാണ് സാഹചര്യം. യാത്രക്കിടയിലും തൊഴില്‍ സ്ഥലങ്ങളിലും എന്തിനേറെ സ്വന്തം വീടുകളില്‍ പോലും സ്ത്രീകള്‍ പീഡനങ്ങള്‍ക്ക് വിധേയമാവുന്ന വാര്‍ത്തകള്‍ക്ക് യാതൊരു കുറവുമില്ല. സൗമ്യയുടെയും ജിഷയുടെയും കൊലപാതകങ്ങള്‍ കേരളീയ മനസ്സാക്ഷിയെ ഞെട്ടിപ്പിച്ച സംഭവങ്ങളാണ്. നിയമങ്ങള്‍ക്കോ പൊലീസുകാര്‍ക്കോ ജഡ്ജിമാര്‍ക്കോ എന്തെങ്കിലും ചെയ്യാന്‍ സാധിച്ചുവോ? സംഭവങ്ങള്‍ കഴിഞ്ഞ ശേഷം അതിന്റെ കാരണങ്ങളെക്കുറിച്ചുള്ള അന്വേഷങ്ങള്‍ നടത്തി അതിന്റെ പേരിലുള്ള അപസര്‍പ്പക കഥകള്‍ പ്രചരിപ്പിച്ചത് കൊണ്ട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവില്ല. 'നിര്‍ഭയ' പോലെയുള്ള പദ്ധതികള്‍ കൊണ്ടോ പിങ്ക് പട്രോളിംഗ് കൊണ്ടോ 'പീപ്പി' വിളിക്കാന്‍ പറഞ്ഞത്‌കൊണ്ടോ അതിക്രമങ്ങള്‍ പൂര്‍ണമായും തടയാന്‍ സാധിക്കില്ല. നിയമങ്ങള്‍ എത്ര ശക്തമാക്കിയാലും അതില്‍ നിന്ന് രക്ഷപ്പെടാനുള്ള പഴുതുകള്‍ ധാരാളമാണ്. 'ഗോവിന്ദച്ചാമിമാര്‍' ഇപ്പോഴും വിലസിക്കൊണ്ടിരിക്കുന്നു. സ്ത്രീ സംരക്ഷിക്കപ്പെടണം എന്ന് ആഗ്രഹിക്കുന്നവര്‍ അതിനുള്ള സാഹചര്യം ഒരുക്കുകയാണ് വേണ്ടത്. ക്യാംപസുകളില്‍ ശക്തമായ ബോധവല്‍ക്കരണം അനിവാര്യമാണ്.

ഏതാനും വര്‍ഷം മുമ്പ് ഡോ: രജിത്കുമാര്‍ തിരുവനന്തപുരം വിമന്‍സ് കോളേജില്‍ വന്ന് പ്രഭാഷണം നടത്തിയപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് ചില ഉപദേശങ്ങള്‍ നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ സാരോപദേശങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചു കൊണ്ട് കൂവി പുറത്തുപോയ പെണ്‍കുട്ടിക്ക് മീഡിയകള്‍ ഒരു 'ഹീറോയിന്‍' പരിവേഷമാണ് നല്‍കിയത്. പെണ്‍കുട്ടികള്‍ മാന്യമായ വസ്ത്രം ധരിക്കണമെന്ന് പറഞ്ഞ യേശുദാസിനെ പരിഹസിക്കാനാണ് സാംസ്‌കാരിക പ്രമുഖരെന്നു അറിയപ്പെടുന്നവര്‍ പോലും ശ്രമിച്ചത്. 'സദാചാര ഗുണ്ടായിസത്തെ' നേരിടാനെന്ന പേരില്‍ ചുംബനസമരമെന്ന ആഭാസം നടത്തിയവര്‍ക്ക് വമ്പിച്ച പ്രോത്സാഹനം നല്‍കാന്‍ നമ്മുടെ മീഡിയകള്‍ മറന്നില്ല. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇടകലര്‍ന്നിരിക്കാന്‍ സ്വാതന്ത്ര്യം വേണമെന്ന് പറഞ്ഞുകൊണ്ട് കോഴിക്കോട് ഫാറൂഖ് കോളേജില്‍ സമരം നയിക്കാന്‍ മുഖ്യധാരാ വിദ്യാര്‍ഥി സംഘടനകള്‍ പോലും തയ്യാറായി. അതിരുവിട്ട സ്ത്രീ പുരുഷ ബന്ധങ്ങള്‍ വഴി കുടുംബങ്ങളിലും സമൂഹങ്ങളിലുമുണ്ടാവുന്ന അസ്വാരസ്യങ്ങളും വിവാഹമോചനങ്ങളും ആത്മഹത്യകളും അവിഹിത ഗര്‍ഭങ്ങളുമുയര്‍ത്തുന്ന സാമൂഹിക പ്രശനങ്ങള്‍ വേറെ. ഒരു സ്ത്രീയെയും പുരുഷനെയും ഒരുമിച്ച് കാണുമ്പോള്‍ അവരാരാണെന്നു പോലും അന്വേഷിക്കാതെ അവര്‍ക്കെതിരെ സദാചാര കാഹളം മുഴക്കുന്ന കപട സദാചാരത്തിന്റെ വക്താക്കളുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ മറ്റൊന്ന്. നിയമങ്ങളും മീഡിയ ചര്‍ച്ചകളൊന്നുമല്ല ഇതിനുള്ള യഥാര്‍ഥ പരിഹാരം. സ്ത്രീസുരക്ഷക്ക് വിരുദ്ധമാവുന്ന കാര്യങ്ങളെ വഴിവിട്ട് പ്രോത്സാഹിപ്പിക്കുകയും പീഡനങ്ങള്‍ ഉണ്ടാവാനുള്ള എല്ലാ സാഹചര്യങ്ങളും നിലനിര്‍ത്തുകയും അപകടങ്ങള്‍ ഉണ്ടാവുമ്പോള്‍ മാത്രം നിലവിളിക്കുകയും ചെയ്യുന്ന രീതി അവസാനിപ്പിച്ച് സ്ത്രീകള്‍ ആക്രമിക്കപ്പെടാതിരിക്കാനുള്ള സാഹചര്യം ഉണ്ടാക്കുവാനാണ് യത്‌നിക്കേണ്ടത്. നിയമം വഴി മാത്രം പരിഹാരം കാണാന്‍ ശ്രമിക്കുന്ന ഇരുട്ടില്‍ തപ്പുന്ന നിലപാടാണ് നമ്മുടെ സമൂഹം സ്വീകരിച്ചു വരുന്നത്.

മാതൃകാപരമായ ഒരു സ്ത്രീസമൂഹത്തെ സൃഷ്ടിക്കണമെങ്കില്‍ സ്ത്രീ ആദരിക്കപ്പെടേണ്ടവളാണെന്ന ബോധം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. അറബ് നാടുകളില്‍ സ്ത്രീകള്‍ വിളിക്കപ്പെടുന്നത് പോലും 'ഹുര്‍മ' എന്നാണ്. ആദരിക്കപ്പെടുന്നവള്‍ എന്നാണതിനര്‍ഥം. സ്ത്രീ ആദരിക്കപ്പെടണമെങ്കില്‍ അവളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും വസ്ത്രധാരണത്തിലും സംസ്‌കാരത്തിലും സ്വയം മാറ്റങ്ങള്‍ വരുത്താന്‍ അവള്‍ തയ്യാറാവണം. മാന്യമായ വേഷം ധരിക്കുകയും അസഭ്യങ്ങളില്‍ നിന്നും ആഭാസങ്ങളില്‍ നിന്നും മുക്തമാവുകയും ദീര്‍ഘദൂരം സഞ്ചരിക്കുമ്പോള്‍ ഭര്‍ത്താവിന്റെയോ രക്തബന്ധുക്കളുടെയോ കൂടെ മാത്രം യാത്ര ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുകയാണ് വേണ്ടത്. എല്ലാറ്റിലുമുപരി ഭക്തിയും സൂക്ഷ്മതയും സദാ കൂടെ കരുതുകയും തന്റെ നാഥന്റെ സംരക്ഷണം തനിക്കുണ്ടെന്ന ആത്മധൈര്യം മനസ്സില്‍ സൂക്ഷിക്കുകയും ചെയ്യുക. സ്ത്രീകളെ നാം ആദരിക്കുക; അവള്‍ക്കാവശ്യമായ സുരക്ഷ ഒരുക്കുകയും ചെയ്യുക.