മുസ്‌ലിം കൈരളിയുടെ സ്വാതന്ത്ര്യ സമരാനുഭവങ്ങള്‍

അല്‍ത്താഫ് അമ്മാട്ടിക്കുന്ന്

2017 ആഗസ്ത് 12 1438 ദുല്‍ക്വഅദ് 19

മഹിതമായ പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യ. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ഭൂതകാലം അയവിറക്കുമ്പോള്‍ ജാതി-മത ഭേദങ്ങള്‍ക്കതീതമായ ഒത്തൊരുമയുടെയും ചെറുത്തു നില്‍പിന്റെയും സുന്ദര സ്മരണകള്‍ ദര്‍ശിക്കാന്‍ നമുക്ക് സാധിക്കും. കേവലമൊരു ആവേശമോ അധികാരമോഹമോ ആയിരുന്നില്ല ഇതിന് ചാലകമായി വര്‍ത്തിച്ചത് എന്നും, ഇസ്‌ലാമിക വിശ്വാസസംഹിതയുടെയും കര്‍മാഹ്വാനങ്ങളുടെയും ഉറച്ച പിന്തുണയായിരുന്നു അതിന് പിന്നിലെ ചേതോവികാരമെന്നും ചരിത്രമെടുത്ത് പഠിച്ചാല്‍ നമുക്ക് ബോധ്യപ്പെടും. അതിനാലാണ് ധാരാളം മുസ്‌ലിം നാമങ്ങള്‍ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നതായി കാണാന്‍ സാധിക്കുന്നത്.

അന്ധമായ ദേശീയതയോ അകാരണമായ അന്യരാജ്യ വിരോധമോ അല്ല പ്രമാണങ്ങള്‍ പഠിപ്പിച്ച സ്വാതന്ത്ര്യ നീതിബോധവും മര്‍ദിത സമൂഹത്തോടുള്ള അനുകമ്പയും കറകളഞ്ഞ ദേശസ്‌നേഹവുമായിരുന്നു മുസ്‌ലിംകളുടെ പോരാട്ടവീര്യത്തിന്റെ പ്രേരകം. 

മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള കുപ്രചരണങ്ങള്‍ ഇന്ന് വര്‍ധിച്ച് കൊണ്ടിരിക്കുന്നു. ചരിത്രം തമസ്‌ക്കരിച്ചും വളച്ചൊടിച്ചും തിരുത്തിയെഴുതുന്ന ഒരു കൂട്ടര്‍ നിലനില്‍ക്കുമ്പോള്‍ തന്നെയും സത്യസന്ധമായി ചരിത്രത്തെ സമീപിക്കുന്നവരും കുറവല്ല.

ഇന്ത്യ പിടിച്ചടക്കിയ ബാബറാണ് ഇസ്‌ലാം മതം ഇന്ത്യയില്‍ പ്രചരിപ്പിച്ചത് എന്നാണ് ചില തല്‍പരകക്ഷികള്‍ പ്രചരിപ്പിക്കുന്നത്. പക്ഷെ ബാബര്‍ ഇന്ത്യയില്‍ വരുന്നതിന് കാല്‍ നൂറ്റാണ്ട് മുമ്പ് തന്നെ പോര്‍ത്തുഗീസ് അധിനിവേശ ശക്തികളെ  ഭാരത മണ്ണില്‍ കാല് കുത്താന്‍ അനുവദിക്കാതെ ചെറുത്തുനിന്ന ചരിത്രമാണ് കേരള മുസ്‌ലിംകള്‍ക്കുള്ളത് എന്ന സത്യം ആരാലും നിഷേധിക്കുക സാധ്യമല്ല.

കേരളമൊഴികെയുള്ള മറ്റ് ഭാഗങ്ങളില്‍ അധിനിവേശ ശക്തികളെ ചെറുക്കാന്‍ മുസ്‌ലിം രാജാക്കന്‍മാരാണ് രംഗത്ത് വന്നത്. എന്നാല്‍ കേരളത്തില്‍ മുസ്‌ലിംകള്‍ക്ക് രാജാധികാരം ഇല്ലാത്തതിനാല്‍ മുസ് ലിം പണ്ഡിതന്‍മാരും സാധാരണക്കാരും അധിനിവേശ ശക്തികള്‍ക്കെതിരെ അണി നിരന്നു. അവരുടെ ജീവിതവും ജീവനും രാജ്യത്തിന് വേണ്ടി സമര്‍പ്പിക്കാന്‍ അവര്‍ തയ്യാറായി.

ഫക്കി അഹ്മദ് മരയ്ക്കാരും സഹോദരന്‍ കുഞ്ഞാലി മരയ്ക്കാരും അമ്മാവന്‍ മുഹമ്മദ് മരയ്ക്കാരും കൊച്ചിയിലെ സമ്പന്ന കച്ചവടക്കാരായിരുന്നു. അതേ കുടുംബത്തിലെ മമ്മാലി മരയ്ക്കാര്‍ കൊച്ചി രാജ്യത്തിലെ സമ്പന്നരില്‍ മുമ്പനായിരുന്നു. അവരുടെ വന്‍ വ്യാപാരവും സൈ്വരജീവിതവും ഉപേക്ഷിച്ചാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ നേതൃത്വം കൊടുത്തത്. 1524ല്‍ അവര്‍ പൊന്നാനിയിലേക്ക് താമസം മാറ്റി. അവര്‍ സാമൂതിരിയെക്കണ്ട് തങ്ങളുടെ സമ്പത്തും കപ്പലുകളും ആയുധങ്ങളും സേവനങ്ങളും പോര്‍ത്തുഗീസുകാര്‍ക്കെതിരായ യുദ്ധത്തിന് അടിയറ വെക്കാന്‍ തയ്യാറാണെന്ന് ബോധിപ്പിച്ചു. സാമൂതിരി അത് സ്വീകരിച്ചു. പിന്നീടുണ്ടായ യുദ്ധങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് കുഞ്ഞാലി മരയ്ക്കാന്മാരാണ്. അക്കാലത്തെ ഇസ്‌ലാമിക പണ്ഡിതന്‍മാരില്‍ ചെറുതല്ലാത്ത സ്ഥാനമുണ്ടായിരുന്ന ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം പ്രസ്തുത പോരാട്ടങ്ങള്‍ ദീനിന്റെ ഭാഗം തന്നെയാണെന്ന് വിശദീകരിച്ച് ഗ്രന്ഥങ്ങള്‍ രചിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന കൃതി പോര്‍ത്തുഗീസ് അധിനിവേശത്തെ ചെറുക്കേണ്ടത് മതപരമായ ബാധ്യതയാണ് എന്ന വസ്തുത അടിവരയിട്ട് സമര്‍ഥിക്കുന്നു.

ഒട്ടുമിക്ക ലോക ഭാഷകളിലും പരിഭാഷപ്പെടുത്തപ്പെട്ട പ്രസ്തുത കൃതിയില്‍ ക്വുര്‍ആന്‍ വചനങ്ങളും നബി വചനങ്ങളും സന്ദര്‍ഭോചിതം ഉദ്ധരിച്ചത് കാണാം. കേരള ചരിത്രത്തെക്കുറിച്ച് എഴുതപ്പെട്ട ആദ്യത്തെ കൃതി കൂടിയാണത്. ഇസ്‌ലാമിക ഐക്യം, മതസൗഹാര്‍ദം, നീതിമാന്‍മാരായ ഭരണാധികാരികളോടുള്ള നിരുപാധികമായ സഹകരണം... തുടങ്ങിയ ഒരുപാട് പാഠങ്ങളും മഹിതമായ മാതൃകകളും പ്രസ്തുത കൃതിയില്‍ നമുക്ക് കാണാം. അടങ്ങാത്ത സ്വാതന്ത്ര്യദാഹവും അണയാത്ത ദേശസ്‌നേഹവും തലമുറകള്‍ക്ക് കൈമാറിയ പ്രസ്തുത കൃതി ബ്രിട്ടീഷുകാര്‍ പിന്നീട് നിരോധിക്കുകയുണ്ടായി.

ബ്രിട്ടീഷ് അധിനിവേശ കാലത്തും മുസ്‌ലിംകളുടെ സ്വാതന്ത്ര്യവാഞ്ച കെട്ടടങ്ങിയില്ലെന്ന് മാത്രമല്ല, മര്‍ദകര്‍ക്കൊപ്പം ചേര്‍ന്ന് ഉദ്യോഗത്തിലും അധികാരത്തിലും പങ്ക് പറ്റാന്‍ മുസ്‌ലിം നേതൃത്വവും ജനങ്ങളും തയ്യാറായതുമില്ല. അത്‌കൊണ്ട് തന്നെ വെള്ളക്കാരുടെ അടങ്ങാത്ത പ്രതികാരത്തിനും ഒടു   ങ്ങാത്ത പകക്കും മുസ്‌ലിംകള്‍ പാത്രമായി. 

വെളിയങ്കോട് ഉമര്‍ ഖാളിയും മമ്പുറം സയ്യിദ് അലവി തങ്ങളും 19ാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ പ്രധാന മുസ്‌ലിം മതനേതാക്കളാണ്. രണ്ടാള്‍ക്കും വളരെയധികം അനുയായികളുണ്ടായിരുന്നു. ഹിന്ദുക്കളും മുസ്‌ലിംകളും ഒരുപോലെ അവരെ ബഹുമാനിച്ചു. വ്യക്തി തര്‍ക്കങ്ങള്‍ അവര്‍ പറഞ്ഞ് തീര്‍ക്കാറുണ്ടായിരുന്നതിനാല്‍ തന്നെ മുസ്‌ലിംകളില്‍ നിന്ന് ബ്രിട്ടീഷ് കോടതിയെ സമീപിക്കുന്നത് വളരെ കുറവായിരുന്നു അക്കാലത്ത്.

ഉമര്‍ ഖാസി 1757ല്‍ ജനിച്ചു. വിദ്യാഭ്യാസം പൊന്നാനിയിലായിരുന്നു. ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളും ബ്രിട്ടീഷ് ചെയ്തികളും അദ്ദേഹത്തെ വ്യാകുലചിത്തനാക്കി. ബ്രിട്ടീഷുകാരെ അദ്ദേഹം ശക്തമായി വിമര്‍ശിക്കുകയും നികുതി നല്‍കാതിരിക്കാന്‍ ജനങ്ങളെ ഉപദേശിക്കുകയും ചെയ്തു. ബ്രിട്ടീഷുകാരുമായി നിസ്സഹകരിച്ച ഉമര്‍ ഖാസിയെ അവര്‍ തടവിലാക്കി. ഖേദം പ്രകടിപ്പിച്ച് മാപ്പെഴുതിയാല്‍ വിട്ടയക്കാമെന്ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തന്റെ നിലപാടില്‍ ഉറച്ച് നിന്നതിനാല്‍ അദ്ദേഹത്തെ ബ്രിട്ടീഷുകാര്‍ ജയിലിലടച്ചു. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള അണയാത്ത എതിര്‍പ്പിന്റെ ശക്തി കേന്ദ്രമായിരുന്ന ഉമര്‍ ഖാസി 1852ല്‍ 97ാം വയസ്സില്‍ അന്തരിച്ചു. 

മമ്പുറം സയ്യിദ് അലവി തങ്ങള്‍ 1750ല്‍ ജനിച്ചു. കടുത്ത ബ്രിട്ടീഷ് വിരോധിയായിരുന്ന ഇദ്ദേഹം സൈഫുല്‍ ബസ്വാര്‍ എന്ന ലഘു ഗ്രന്ഥം രചിക്കുകയുണ്ടായി. ബ്രിട്ടീഷുകാര്‍ക്കെതിരില്‍ പോരാടാന്‍ ആഹ്വാനം ചെയ്യുന്ന പ്രസ്തുത ഗ്രന്ഥം ജാതിമത ഭേദമന്യേ ജനങ്ങള്‍ നെഞ്ചിലേറ്റി. സയ്യിദ് അലവി തങ്ങളെ ഹിന്ദു വിരോധിയായി ചിത്രീകരിക്കാന്‍ അത്‌കൊണ്ട് തന്നെ ബ്രിട്ടീഷുകാര്‍ ശ്രമിച്ചത് സ്വാഭാവികം. എന്നാല്‍ ഇന്ന് ചരിത്രം തിരുത്തിയെഴുതുന്നവരും ബ്രിട്ടീഷ് പല്ലവി ഏറ്റു പാടുന്നു എന്നതാണ് ഖേദകരം. മുസ്‌ലിംകളുടെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ വില കുറച്ച് കാണാനുള്ള ശ്രമമാണിതിന് പിന്നിലെന്നതിന് സംശയമില്ല. ഹിന്ദുക്കളില്‍ ധാരാളം സുഹൃത്തുക്കള്‍ മമ്പുറം തങ്ങള്‍ക്കുണ്ടായിരുന്നു. കോന്തു നായരായിരുന്നു അദ്ദേഹത്തിന്റെ കാര്യസ്ഥന്‍. അത് മാത്രം മതി വിമര്‍ശനങ്ങളുടെ മുനയൊടിയാന്‍.

പാശ്ചാത്യശക്തികളുടെ ആഗമനം വരെ ഇന്ത്യയില്‍ ഹിന്ദു-മുസ്‌ലിം വിഭാഗങ്ങളുടെ വളര്‍ച്ച സമ്പര്‍ക്കത്തിന്റെയും സഹകരണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയുമായിരുന്നു. സാമൂതിരിയെപ്പോലുള്ള രാജാക്കന്‍മാര്‍ ഭരണ രംഗത്തും സൈനിക രംഗത്തും മുസ്‌ലിംകളുടെ സേവനവും ഉപദേശവും നിദാനമാക്കിയിരുന്നത് പോലെ ഹൈദറിന്റെയും ടിപ്പുവിന്റെയും സഹായികളില്‍ പലരും ഹൈന്ദവരായിരുന്നു. ഇന്ത്യയിലെ മതസൗഹാര്‍ദത്തിന്റെ ഉജ്ജ്വല മാതൃകയായിരുന്നു ടിപ്പു സുല്‍ത്താന്‍. ബ്രിട്ടീഷുകാരുമായി പൊരുതി മരിച്ച ഒരേയൊരു ഇന്ത്യന്‍ രാജകുമാരനാണ് അദ്ദേഹം. അദ്ദേഹത്തെപ്പോലും മത ഭ്രാന്തനായി ചിത്രീകരിക്കാനാണ് ബ്രിട്ടീഷുകാര്‍ക്കും അവരെ ആശയ തലത്തില്‍ പിന്തുടരുന്നവര്‍ക്കും താല്‍പര്യം.

''1857ലെ വിപ്ലവം ശിപായി ലഹളയയാണ് അന്നത്തെ ഭരണകര്‍ത്താക്കളും അവരെ അനുകൂലിക്കുന്നവരും വാദിച്ചിരുന്നത്. എന്നാല്‍ നീണ്ട 100 വര്‍ഷങ്ങള്‍ക്ക് ശേഷം അത് ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യ സമരമാണെന്ന് ഗവണ്‍മെന്റടക്കം എല്ലാവരും സമ്മതിച്ച കാര്യമാണ്. 1921 ആഗസ്റ്റ്  മാസത്തില്‍ ഒരു വിപ്ലവം തെക്കേ മലബാറില്‍ നടക്കുകയുമുണ്ടായല്ലോ. അതിനെ ഗവണ്‍മെന്റും ഗവണ്‍മെന്റനുകൂലികളും മാപ്പിള ലഹളയായിട്ടാണ് ചിത്രീകരിച്ചിരുന്നത്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷവും ഈ അഭിപ്രായം തന്നെയാണ് പലരും പ്രകടിപ്പിച്ചിരുന്നത്. ഇപ്പോല്‍ അതും 60 കൊല്ലങ്ങള്‍ക്ക് ശേഷം സ്വാതന്ത്ര്യ സമരമായി ഇന്ത്യാ ഗവണ്‍മെന്റ് പ്രഖ്യാപിച്ച് കഴിഞ്ഞിരിക്കുന്നു...''

''...സമരം ഏതാണ്ട് 6 മാസക്കാലം നടന്നു. സമരത്തിന്റെ ആരംഭം സദുദ്ദേശപരമായിരുന്നു. വര്‍ഗ്ഗീയ ചിന്താഗതിക്കാരായിരുന്നില്ല അതിന് പുറപ്പെട്ടിരുന്നത്. ആലി മുസ്‌ലിയാര്‍, വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ചെമ്പ്രശ്ശേരി ഇമ്പിച്ചിക്കോയ തങ്ങള്‍ മുതലായവരാരും തന്നെ ജനങ്ങളെ യാതൊരു ആക്രമത്തിനും പ്രേരിപ്പിച്ചിരുന്നില്ല.'' (ഖിലാഫത്ത് സ്മരണകള്‍: ഇ. മൊയ്തു മൗലവി)

ഖിലാഫത്ത് പ്രസ്ഥാനം ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ ചെറുതല്ല. ഒട്ടേറെ പേര്‍ രക്തസാക്ഷികളാവുകയും അനേകരെ നാട് കടത്തുകയും പലരും പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. ബ്രിട്ടീഷ് സാമ്രാജ്യത്തെ എല്ലാ അര്‍ഥത്തിലും വെല്ലുവിളിച്ച് ആലി മുസ്‌ലിയാര്‍ തിരൂരങ്ങാടി കേന്ദ്രമാക്കി ഖിലാഫത്ത് പ്രഖ്യാപിക്കുകയും ശരീഅത്ത് വിധികള്‍ നടപ്പിലാക്കുകയും നികുതി പിരിക്കുകയും ചെയ്തു. 'സാമ്രാജ്യത്തിനുള്ളിലെ സാമ്രാജ്യം' എന്ന് എതിരാളികളാല്‍ വിശേഷിപ്പിക്കപ്പെടുമാറ് ആലി മുസ്‌ലിയാര്‍ എന്ന ധീര ദേശാഭിമാനി സ്വാതന്ത്ര്യദാഹികളുടെ ആവേശമായി.

മഞ്ചേരിയില്‍ നിന്ന് 4 മൈല്‍ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന നെല്ലിക്കുത്ത് സ്വദേശിയാണ് ആലി മുസ്‌ലിയാര്‍. പ്രാഥമിക പഠനം നാട്ടില്‍ വെച്ചും ഉപരി പഠനം പൊന്നാനിയിലും തുടര്‍ന്ന് 7 വര്‍ഷം മക്കയിലെ മസ്ജിദുല്‍ ഹറമിലും പഠിച്ചു. 1907ല്‍ തിരൂരങ്ങാടിയില്‍ ഉദ്യോഗ ജീവിതം ആരംഭിച്ചു. ആഗസ്റ്റ് 29 ബുധനാഴ്ച്ച വലിയ ബ്രിട്ടീഷ് സേനാവ്യൂഹം തിരൂരങ്ങാടി വലിയ ജുമുഅത്ത് പള്ളി വളഞ്ഞു. പള്ളിയുടെ മുകളിലെത്തെ നിലയില്‍ ആലി മുസ്‌ലിയാരും 114 അനുയായികളുമുണ്ടായിരുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെ പട്ടാളം വെടിയുതിര്‍ത്തു. മാപ്പിള യോദ്ധാക്കള്‍ പ്രത്യാക്രമണം നടത്തി. സംഘട്ടനത്തില്‍ കാരാടന്‍ മൊയ്തീന്‍ സാഹിബ് ഉള്‍പ്പെടെ 22 പേര്‍ രക്തസാക്ഷികളായി. ബ്രിട്ടീഷ് പട്ടാളത്തില്‍ നിന്ന് മി. വില്യംസ് ഉള്‍പ്പെടെ 20ഓളം പേര്‍ മരണപ്പെട്ടു.

ആലി മുസ്‌ലിയാരെയും അനുയായികളെയും അറസ്റ്റ് ചെയ്ത് തിരൂരിലേക്ക് കൊണ്ടുപോയി. രാജ്യ ദ്രോഹ കുറ്റം ചുമത്തി വിചാരണ ചെയ്തു. ഏകപക്ഷീയമായാണ് വിചാരണയും തീര്‍പ്പ് കല്‍പ്പിക്കലും നടന്നത്. ആലി മുസ്‌ലിയാരെയും പന്ത്രണ്ട് പേരെയും തൂക്കി കൊല്ലാന്‍ വിധിച്ചു. 22 പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 2 പേരെ അന്തമാനിലേക്ക് നാടു കടത്തി. കലാപശേഷം കരിനിയമങ്ങള്‍ ചുമത്തി പ്രദേശവാസികളെ ജയിലിലടച്ചും തൂക്കിക്കൊന്നും ബ്രിട്ടീഷ് പട പകപോക്കി. മുസ്‌ലിം സമൂഹം ഈ സമരത്തിന് നല്‍കേണ്ടി വന്ന വില കനത്തതായിരുന്നു.

കെ.എം മൗലവി സാഹിബ് ഒരു സമുദായ പരിഷ്‌കര്‍ത്താവ് എന്ന പോലെ സ്വാതന്ത്ര്യ പോരാൡയുമായിരുന്നു. 1920 നവംബറില്‍ കൊണ്ടോട്ടി അത്തന്‍ പള്ളിയാളില്‍ വെച്ച് അതി ഗംഭീരമായ ഒരു ഖിലാഫത്ത് സമ്മേളനം നടന്നു. അന്ന് കെ.എം മൗലവി ചെയ്ത പ്രസംഗം ശ്രവിച്ച ഖിലാഫത്ത് വിരോധിയായ ഒരു ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍ പിന്നീടൊരിക്കല്‍ അദ്ദേഹത്തോടു പറഞ്ഞുവത്രെ ''ഞാന്‍ ഖിലാഫത്തിനോടും കോണ്‍ഗ്രസിനോടുമുള്ള വിരോധം വെച്ചാണ് സമ്മേളനത്തിന് വന്നത്. എന്നാല്‍ നിങ്ങളുടെ പ്രസംഗം കേട്ട് ഞാന്‍ കരഞ്ഞ് പോയി.'' 1921 ഫെബ്രുവരി 5ന് മലബാര്‍ കലക്ടറായിരുന്ന തോമസ്, കെ.എം മൗലവി അടക്കമുള്ളവരുടെ പ്രസംഗം നിരോധിച്ച് ഉത്തരവിറക്കി.

ഇസ്‌ലാം മത തത്ത്വങ്ങള്‍ മുറുകെ പിടിച്ച്, പിറന്ന നാടിന്റെ സ്വാതന്ത്ര്യത്തിനായി പ്രയത്‌നിച്ചവര്‍ നിരവധിയാണ്. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെപ്പോലെയുള്ള ധീര ദേശാഭിമാനികള്‍ അര്‍ഹിക്കുന്ന അളവില്‍ സ്മരിക്കപ്പെടുന്നുണ്ടോ എന്ന് സംശയമാണ്.

എണ്ണിയാല്‍ തീരാത്തത്ര സ്വാതന്ത്ര്യ സമര ഭടന്‍മാരെ രാജ്യത്തിന് സമ്മാനിച്ച പാരമ്പര്യമാണ് കേരള മുസ്‌ലിംകളുടേത്. സമരത്തിന്റെ പാതയില്‍ ഊരും ഉയിരും നഷ്ടപ്പെടുകയും മക്കള്‍ അനാഥരാവുകയും ചെയ്തവര്‍ നിരവധി. ഒരു വിശദീകരണവും ആവശ്യമില്ലാത്ത വിധം തെളിഞ്ഞ ഈ യാഥാര്‍ഥ്യങ്ങള്‍ നിലനില്‍ക്കേ തന്നെ മുസ്‌ലിംകളുടെ ദേശസ്‌നേഹത്തെ ചോദ്യം ചെയ്യാനുള്ള ധാര്‍ഷ്ട്യം ആര്‍ക്കെങ്കിലും പകര്‍ന്ന് കിട്ടിയിട്ടുണ്ടെങ്കില്‍ അത് ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യം കവര്‍ന്നെടുത്തവരില്‍ നിന്നാകാനേ തരമുള്ളൂ.

ഈ പോരാട്ടങ്ങളില്‍ മത നേതാക്കളും സാധാരണക്കാരും വഹിച്ച പങ്ക് എന്നും അഭിമാനിക്കാന്‍ വക നല്‍കുന്നു. മറ്റ് പ്രദേശങ്ങളിലെ പണ്ഡിതരില്‍ പലരും പള്ളികളിലൊതുങ്ങിയപ്പോള്‍ കേരളത്തിലെ മൗലവിമാര്‍ ജീവിതത്തിന്റെ സകല സമര മുഖങ്ങളിലും ജനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അതുമൂലമുണ്ടായ ദുരിതങ്ങള്‍ അവര്‍ സഹിച്ചു. മുസ്‌ലിംകള്‍ക്ക് രണ്ട് വിപ്ലവ തത്ത്വങ്ങളില്‍ പരിപൂര്‍ണ വിശ്വാസമുണ്ട്. ദൈവത്തിന്റെ ഏകത്വത്തിലും മാനവരാശിയുടെ ഐക്യത്തിലും. അതാണ് എല്ലാ പ്രയാസങ്ങളെയും നേരിടാന്‍ നമ്മെ പ്രാപ്തരാക്കുന്നത്. 

ഏകത്വം, സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നിവയെല്ലാം തൗഹീദിന്റെ പ്രായോഗിക ആശയങ്ങളാണ്. തൗഹീദിന്റെ തത്ത്വങ്ങളില്‍ ഉറച്ച് നില്‍ക്കുകയും സുഖ ദുഃഖങ്ങളെ ഒരേ പോലെ നേരിടാനുള്ള അചഞ്ചലത നാം ആര്‍ജിക്കുകയും ചെയ്തു. നമുക്ക് മുമ്പേ നടന്നവര്‍ നമ്മെ പഠിപ്പിക്കുന്നത് പ്രായോഗികമല്ലാത്ത ചിന്തകളും ആലോചനയില്ലാത്ത തീരുമാനങ്ങളും അരതെന്നാണ്? ഈ നാടിനെ വിദേശികളില്‍ നിന്ന് രക്ഷിക്കുന്നതില്‍ മുസ്‌ലിംകള്‍ എന്ത് ചെയ്തു? എന്ന ചോദ്യത്തിനുള്ള മറുപടി കേരള മുസ്‌ലിംകളുടെ ചരിത്രം തന്നെയാണ്.

സ്വന്തം വിശ്വാസത്തിലൂടെയും ബുദ്ധിയിലൂടെയും നിഷ്‌കളങ്കമായി മുസ്‌ലിംകള്‍ ഈ നാടിനെ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്തു. കേരള മുസ്‌ലിംകള്‍ക്ക് അഭിമാനകരമായ ഭൂതകാലത്തിലേക്ക് തിരിഞ്ഞ് നോക്കാം. ആ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഭാവിയിലെ ലക്ഷ്യങ്ങള്‍ നിര്‍ണയിക്കാം.