ഒരേയൊരിന്ത്യ ഒരൊറ്റ ജനത

ടി.കെ.അശ്‌റഫ്

2017 ആഗസ്ത് 05 1438 ദുല്‍ക്വഅദ് 12

ആധുനിക ഇന്ത്യയുടെ ശില്‍പികളിലൊരാളും പ്രഥമ പ്രധാനമന്ത്രിയുമായിരുന്ന ജവഹര്‍ലാല്‍ നെഹറു തന്റെ ജന്മദേശത്തെക്കുറിച്ചുള്ള പുസ്തകത്തിന് അര്‍ഥഗര്‍ഭമായ ഒരു ശീര്‍ഷകമാണ് നല്‍കിയത്- 'ഇന്ത്യയെ കണ്ടെത്തല്‍' (Discovery of India). 

ഇന്ത്യയെ കണ്ടെത്തുക എളുപ്പമല്ല. അത്രമാത്രം വൈവിധ്യങ്ങളാല്‍ സമ്പന്നമാണ് ഇന്ത്യ. ഭൂപ്രകൃതിയിലും ഭാഷകളിലും സംസ്‌കാരത്തിലും മാത്രമല്ല ജീവിതത്തിന്റെ സമസ്ത രംഗങ്ങളിലും വൈവിധ്യത്തിന്റെ ഒരു മഹാഭൂപടം ഇന്ത്യ ഒരുക്കി വെച്ചിരിക്കുന്നു.

ലോകത്തെ ഏഴാമത്തെ വലിയ രാജ്യമാണ് ഇന്ത്യ. ജനസംഖ്യയില്‍ ലോകത്ത് രണ്ടാംസ്ഥാനമലങ്കരിക്കുന്ന ഇന്ത്യ, ലോകത്തെ ഏറ്റവും ജനസംഖ്യയുളള ജനാധിപത്യ രാജ്യമാണ്. ലോകത്തെ നാലാമത്തെ വലിയ സമ്പദ്ഘടനയായ ഇന്ത്യ ഏറ്റവും വേഗത്തില്‍ വളരുന്ന രണ്ടാമത്തെ സമ്പദ്ഘടന കൂടിയാണ്. ആണവശക്തിയുള്ള ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സൈനിക ശക്തിയുമാണ്. കോടിക്കണക്കിന് ജനങ്ങളും വ്യത്യസ്ത സംസ്‌കാരങ്ങളും എണ്ണൂറിലധികം ഭാഷകളും അനേകം ജനവംശങ്ങളും വ്യത്യസ്ത മതങ്ങളും ജാതികളുമെല്ലാമുള്ള ഇന്ത്യന്‍ സമൂഹം, സുസ്ഥിര ജനാധിപത്യത്തിന്റെ മികച്ച മാതൃകകളിലൊന്നാണ്.

അതിവേഗം വന്‍ശക്തിയായി വളരുമ്പോഴും വൈവിധ്യമെന്ന പോലെ വൈരുധ്യങ്ങളും ഇന്ത്യന്‍ ജീവിതത്തില്‍ നിറഞ്ഞ് നില്‍ക്കുന്നു. മഹാനഗരങ്ങള്‍ക്കൊപ്പം ഇനിയും വൈദ്യുതി എത്തിയിട്ടില്ലാത്ത ഗ്രാമങ്ങളും കൃത്രിമോപഗ്രഹങ്ങളും ആണവ സാങ്കേതിക വിദ്യയും സാധ്യമാക്കിയതിനൊപ്പം കാളകളും കാളകളുടെ സ്ഥാനത്ത് മനുഷ്യര്‍ വരെയും നിലമുഴുന്ന പാടങ്ങളും ധനാഢ്യരും പട്ടിണികിടക്കുന്ന ലക്ഷങ്ങളും ആ വൈരുധ്യത്തിന്റെ ദൃശ്യങ്ങളാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒരാള്‍ കിലോമീറ്ററുകളോളം സ്വന്തം ഭാര്യയുടെ മൃതദേഹം കമ്പില്‍ കെട്ടി വഹിച്ച് കൊണ്ടുപോയത് ഇന്ത്യന്‍ മനസ്സാക്ഷിയുടെ മാറിടത്തിലൂടെയായിരുന്നു. ശാന്തിയുടെയും മതസഹിഷ്ണുതയുടെയും ദൂതനായിരുന്ന ഗാന്ധിജിയുടെ നാട്ടില്‍ തന്നെ മതവിദ്വേഷം കൂട്ടക്കൊലകളായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

അസഹിഷ്ണുത രാജ്യത്തിന്റെ മേല്‍വിലാസമായിരിക്കുന്നു! 

സഹിഷ്ണുതക്ക് പുകള്‍പെറ്റ ഇന്ത്യ ഇന്ന് അസഹിഷ്ണുതയുടെ കൂത്തരങ്ങായിത്തീര്‍ന്നിരുക്കുന്നു. മനുഷ്യരെ പേപ്പട്ടിയെ പോലെ തല്ലിക്കൊല്ലുന്ന കാഴ്ച സാധാരണമായിരിക്കുന്നു. ന്യൂനപക്ഷങ്ങളും ദലിതുകളുമടമക്കമുള്ള പിന്നാക്ക വിഭാഗങ്ങളെ അക്രമിക്കാനുള്ള ഒരു കാരണമായിട്ട് അക്രമികള്‍ പശുവിനെയാണ് ഉപയോഗിക്കുന്നത്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ വരെ ഈ അക്രമങ്ങളെ ന്യായീകരിക്കുകയും പിന്തുണക്കുകയും ചെയ്യുന്നതാണ് നാം കാണുന്നത്.

അസഹിഷ്ണുതയുടെ രാഷ്ട്രീയ പ്രചാരണങ്ങള്‍ മൂലം സമീപകാലങ്ങളില്‍ രാജ്യത്തെ നടുക്കിയ ചില സംഭവങ്ങള്‍ താഴെ ചേര്‍ക്കുന്നു:

1. സെപ്തംബര്‍ 2015: ഉത്തര്‍ പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്ലാഖിനെ വീട്ടില്‍ ബീഫ് സൂക്ഷിച്ചുവെന്നാരോപിച്ച് ജനക്കൂട്ടം അടിച്ച് കൊന്നു. 

2. ഒക്ടോബര്‍ 2015: ജമ്മു ആന്റ് കാശ്മീരിലെ അനന്താനാഗ് ജില്ലയില്‍ 16 വയസ്സുകാരനായ ഷാഹിദ് റസൂല്‍ ഭട്ട് സഞ്ചരിച്ചിരുന്ന ട്രക്കിലേക്ക് ബോംബെറിഞ്ഞ് കൊലപ്പെടുത്തി.

3. മാര്‍ച്ച് 2016: കന്നുകാലി കച്ചവടക്കാരായ മുഹമ്മദ് മജിലൂം, ആസാദ് ഖാന്‍ എന്നിവരെ ലെത്തിഹാറില്‍ തല്ലിക്കൊന്നതിന് ശേഷം കെട്ടിത്തുക്കി. സമീപ ജില്ലയായ ചത്രയിലേക്ക് കന്നുകാലി കച്ചവടത്തിന് പോകുന്നതിന് ഇടയിലാണ് അക്രമിസംഘം തടഞ്ഞ് നിര്‍ത്തി അക്രമിച്ചത്.

4. ഏപ്രില്‍ 2017: കന്നുകാലി കച്ചവടക്കാരായ 20 വയസ്സിനടുത്ത് മാത്രം പ്രായമുണ്ടായിരുന്ന അബ്ദു ഹനീഫ്, റിയാസുദ്ദീന്‍ അലി എന്നിവരെ ആസാമില്‍ നാഗോണ്‍ ജില്ലയില്‍ പശുവിനെ മോഷ്ടിച്ചുവെന്നാരോപിച്ച് കൊല്ലപ്പെടുത്തി. 

5. ഏപ്രില്‍ 2017: ആല്‍വാറില്‍ ഗോ സംരക്ഷണ സേനയുടെ അക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പെഹ്‌ലു ഖാന്‍ കൊല്ലപ്പെട്ടു. 

6. മെയ് 2017: ബുലാന്ദശഹറില്‍ ഗുലാം മുഹമ്മദിനെ മിശ്ര വിവാഹിതരായ കുടുംബത്തെ സഹായിച്ചതിന് മര്‍ദിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോ സംരക്ഷണത്തിനായി രൂപികരിച്ച ഹിന്ദു യുവ വാഹിനിയെന്ന സംഘടന പ്രവര്‍ത്തകരാണ് കൊലപാതകം നടത്തിയത്. 

7. മെയ് 2017: മധ്യപ്രദേശിലെ ഭിംദില്‍ മുസ്‌ലിം യുവാക്കളെ കയ്യേറ്റം ചെയ്തു.

8. മെയ് 2017: മുന്ന അന്‍സാരിയെടക്കം ഏഴ് പേരെ കുട്ടികളെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ജാര്‍ഖണ്ഡില്‍ അക്രമിച്ചു. എന്നാല്‍ മുസ്‌ലിം യുവാക്കള്‍ക്കെതിരെ സംഘടിതമായ ആക്രമണമായിരുന്നു അതെന്നാണ് പിന്നീട് അന്വേഷണത്തില്‍ തെളിഞ്ഞത്. കുട്ടികളെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചുവെന്നത് ആരോപണം മാത്രമായിരുന്നുവെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. ജാര്‍ഖണ്ഡില്‍ മെയ് മാസത്തില്‍ മാത്രം ഏഴ് പേരെയാണ് ആള്‍ക്കൂട്ടം തല്ലിക്കൊന്നത്.

9. മെയ് 2017: മഹാരാഷ്ട്രയിലെ ലത്തൂരില്‍ മുസ്‌ലിം പൊലീസുകാരനായ യൂനീസിനെ സംഘം ചേര്‍ന്ന് അക്രമിച്ചു. ജയ് ഭവാനിയെന്ന് വിളിക്കാന്‍ ആവശ്യപ്പെട്ടാണ് മര്‍ദിച്ചത്. സംഘപരിവാര്‍ സംഘടനയായ ശിവാജി ജയന്തി മണ്ഡലിന്റെ നൂറോളം വരുന്ന പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനില്‍ ചെന്നാണ് യുനീസ് ശെയ്ഖിനെ അക്രമിച്ചത്!

10. മെയ് 2017: മഹാരാഷ്ട്ര മാലേഗാവില്‍ രണ്ട് കച്ചവടക്കാരെ ബീഫ് സൂക്ഷിച്ചുവെന്നാരോപിച്ച് മര്‍ദ്ദിച്ചു.

11.ജൂണ്‍ 7, 2017: ജാര്‍ഖണ്ഡ് ധന്‍ബാദില്‍ ഇഫ്താര്‍ വിരുന്നിനായി ബീഫ് കൊണ്ട് പോകുന്നുവെന്ന് ആരോപിച്ച് മുസ്‌ലിം യുവാവിനെ അക്രമിച്ചു. 35 വയസ്സുകാരനായ അയ്‌നൂല്‍ അന്‍സാരിയെയാണ് ബെക്കില്‍ പോകുമ്പോള്‍  20 പേരടങ്ങുന്ന ഗോ രക്ഷ സേന പ്രവര്‍ത്തകര്‍ തടഞ്ഞ് നിര്‍ത്തി അക്രമിച്ചത്. 

12. ജൂണ്‍ 12, 2017: രാജസ്ഥാനിലെ ബാര്‍മറില്‍ വെച്ച് തമിഴ്‌നാട് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെ അക്രമിച്ചു. ഗോ രക്ഷാ സേനയാണ് അക്രമണം നടത്തിയത്. കന്നുകാലികളെ കൊണ്ട് വരുന്ന ട്രക്ക് തടഞ്ഞ് നിര്‍ത്തിയാണ് 50ഓളം പേരടങ്ങുന്ന സംഘം ഉദ്യോഗസ്ഥരെ അക്രമിച്ചത്.

13. ജുണ്‍ 2017. കുടുംബത്തിലെ സ്ത്രീകളെ മാനഭംഗപ്പെടുത്തുന്നത് തടഞ്ഞ രാജസ്ഥാന്‍ സ്വദേശി സഫര്‍ ഹുസൈനെ തല്ലിക്കൊന്നു

14. ജുണ്‍ 2017. ഹരിയാനയിലെ ബല്ലഭ്ഗഡിലേക്ക് ട്രെയ്‌നില്‍ സഞ്ചരിക്കുകയായിരുന്ന നാല് മുസ്‌ലിം യുവാക്കളെ പശുമാംസം കഴിക്കുന്നവരാണെന്ന് ആരോപിച്ച് ഒരു സംഘം അക്രമിച്ചു. കുത്തേറ്റ 16 വയസ്സുകാരനായ ജുനൈദ് കൊലപ്പെട്ടു. ഈദിന് മുന്നോടിയായി സാധനങ്ങള്‍ വാങ്ങാന്‍ ഡല്‍ഹിയിലേക്ക് വന്നതിന് ശേഷം മടങ്ങുമ്പോഴാണ് ഈ മുസ്‌ലിം യുവാക്കള്‍ ആക്രമിക്കപ്പെട്ടത്. 

15. ജുണ്‍ 23 2017. മാഉ ജില്ലയില്‍ പള്ളിയില്‍ പ്രാര്‍ഥിക്കുകയായിരുന്ന ഇമാമിനെ വെടിവച്ച് കൊന്നു.

16. ജൂണ്‍ 2017. പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് ബംഗാളിലെ ദിനജ്പൂരില്‍ മൂന്ന് പേരെ കൊന്നു.

17. ജൂണ്‍ 2017. നൂറോളം പേര്‍ ചേര്‍ന്ന് ജാര്‍ഖണ്ഡില്‍ മധ്യവയസ്‌കനെ പശുവിന്റെ ജഡം വീടിന് മുന്നില്‍ കണ്ടതിന് ക്രൂരമായി മര്‍ദിച്ച് കൊന്ന് വീടിന് തീയിട്ടു.

ഇത്തരം ക്രൂരകൃത്യങ്ങള്‍ ചെയ്യുന്നവരെ തുടക്കത്തില്‍ തന്നെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ ലഭ്യമാക്കിയിരുന്നെങ്കില്‍ ഒന്നിനു പുറകെ ഒന്നായി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലായിരുന്നു.

എന്താണ് പരിഹാരം?

'ഒരേ ഒരിന്ത്യ, ഒരൊറ്റ ജനത'യെന്ന മുദ്രാവാക്യത്തിന് മാത്രമെ ഇന്ത്യയെ ഒന്നിച്ച് നിര്‍ത്താന്‍ സാധിക്കൂ. എല്ലാ മതങ്ങളും തമ്മില്‍ ലയിച്ച് ഒരൊറ്റ മതവും ഒരൊറ്റ രാഷ്ട്രവും ആവുകയെന്നതല്ല ഇതുകൊണ്ട് ഉദ്ദേശ്യം. ഓരോ പൗരനും സ്വന്തം മതവിശ്വാസത്തില്‍ അടിയുറച്ച് നില്‍ക്കുമ്പോള്‍ തന്നെ ഇന്ത്യയെന്ന പൊതുവികാരത്തിനൊപ്പം നില്‍ക്കുകയും രാജ്യത്തിന്  ശക്തി പകരുകയും ചെയ്യുകയെന്നതാണ് ഒരേ 'ഒരിന്ത്യ ഒരൊറ്റ ജനത'യെന്നതുകൊണ്ട് ലക്ഷ്യം വെക്കുന്നത്. മതേതരത്വമാണ് മറ്റു രാജ്യങ്ങളില്‍ നിന്ന് നമ്മുടെ രാജ്യത്തെ വേറിട്ട് നിര്‍ത്തുന്ന പ്രധാന ആശയം.

ഇന്ത്യ സ്വീകരിച്ചിട്ടുള്ള മതേതരത്വം യൂറോപ്യന്‍ കാഴ്ചപ്പാടിലുള്ള മതനിരാസമല്ല. വെള്ളത്തിലിട്ട ഐസ് പോലെ എല്ലാ മതങ്ങളും ലയിച്ച് ചേര്‍ന്നുള്ള മതലയനവുമല്ല നമ്മുടെ മതേതരത്വം കൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാ മതവിശ്വാസികളും സ്വന്തം അസ്തിത്വത്തില്‍ നിലകൊള്ളുമ്പോള്‍ തന്നെ സര്‍ക്കാര്‍ അവ്വിഷയത്തില്‍ പൂര്‍ണമായ നിഷ്പക്ഷത പുലര്‍ത്തുന്ന മതനിരപേക്ഷതയാണ് ഇന്ത്യ മുന്നോട്ട് വെക്കുന്ന മതേതരത്വം.

മതത്തില്‍ വിശ്വസിക്കാന്‍ മാത്രമല്ല; അത് ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം കൂടി നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നുണ്ട്. മത വിശ്വാസമില്ലാത്തവര്‍ക്ക് അങ്ങനെയും ജീവിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യയിലുണ്ട്.

രാജ്യദ്രോഹികളെ തിരിച്ചറിയുക

രാജ്യദ്രോഹികളെ തിരിച്ചറിയാന്‍ എന്താണ് രാജ്യദ്രോഹം എന്ന് ആദ്യമറിയണം. ഇന്ത്യന്‍ ഭരണഘടന ഉദ്‌ഘോഷിക്കുന്ന മൗലികാവകാശങ്ങളെ ഹനിക്കുകയും ഇന്ത്യയുടെ ജീവവായുവായ മതേതരത്വ കാഴ്ചപ്പാടിനെ തള്ളിപ്പറയുകയും വഴി രാജ്യത്ത് ഛിദ്രതയുണ്ടാക്കുന്നവര്‍ തന്നെയാണ് രാജ്യദ്രോഹികള്‍. ഹിന്ദു മതത്തിന്റെ പേരില്‍ കലാപമുണ്ടാക്കുന്ന തീവ്രഹിന്ദുത്വവാദികളും ഇസ്‌ലാമിന്റെ പേരില്‍ പ്രമാണവചനങ്ങളെ ദുര്‍വ്യാഖ്യാനിച്ച് തീവ്രവാദത്തിന് ന്യായീകരണം കണ്ടെത്തുന്നവരും നിയമവിരുദ്ധമായ രീതിയില്‍ പ്രതിഷേധിച്ച് കലാപത്തിന് കോപ്പുകൂട്ടുന്നവരും രാജ്യവിരുദ്ധ നാണയത്തിന്റെ ഇരുപുറങ്ങളാണ്. 

ശത്രുക്കളുടെ തന്ത്രത്തെക്കുറിച്ച് ബോധമുള്ളവരാവുക

സമാധാനമുള്ള സമൂഹത്തില്‍ ഫാസിസത്തിന് വേര് പിടിക്കാനാവില്ല. പൗരന്മാരെയല്ല; സ്വസ്ഥതയെയാണ് ആദ്യം അവര്‍ ഇല്ലാതാക്കുന്നത്. അതിന് വേണ്ടിയുള്ള കൊലപാതകങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. തെരുവുപട്ടിയെ തല്ലിക്കൊല്ലുന്ന പോലെ നിരപരാധിയായ മനുഷ്യരെ തല്ലിക്കൊല്ലുന്നതും അതിന്റെ ദൃശ്യം അവര്‍ തന്നെ ക്യാമറയില്‍ പകര്‍ത്തി യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യുന്നതും പ്രകോപനമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ്.

വാസ്തവത്തില്‍ ഇവിടെയുള്ള  മതേതര മനസ്സുള്ള ഹൈന്ദവ സമൂഹത്തിലെ സമാധാനവാദികളായ പൗരന്മാരാണ് ഇന്ത്യയെ ഹൈന്ദവ രാഷ്ട്രമാക്കാന്‍ അടിസ്ഥാന തടസ്സം; ന്യൂനപക്ഷമല്ല. ന്യൂനപക്ഷത്തെ സ്വാധീനിച്ച് അടവ് നയത്തിലൂടെ നേടുന്ന ഭരണത്തില്‍ ഭരണഘടന മാറ്റിയെഴുതുകയെന്ന ലക്ഷ്യം നേടാനാവില്ലന്ന് തിരിച്ചറിഞ്ഞ ഫാസിസം, ഹൈന്ദവരെ വര്‍ഗീയ വാദികളാക്കി മാറ്റാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന കൊലപാതക പരമ്പരകള്‍. ന്യൂനപക്ഷം, വിശിഷ്യാ മുസ്‌ലിംകള്‍ പ്രകോപിതരായാലല്ലാതെ ഹൈന്ദവരെ ഏകീകരിക്കാന്‍ കഴിയില്ല. ഇരുപതിലധികം മര്‍ദന കൊലപാതകങ്ങള്‍ നടന്നിട്ടും അതേ നാണയത്തിലൊരു തിരിച്ചടി ലഭിക്കാത്തതാണ് ഫാസിസത്തിന്റെ ഏറ്റവും വലിയ തലവേദന. എന്ത് പ്രകോപനമുണ്ടായാലും നിയമത്തിന്റെ വഴിവിട്ടുള്ള ഒരു പ്രതിഷേധ മാര്‍ഗവും ഞങ്ങള്‍ സ്വീകരിക്കില്ലന്ന് ഉറച്ച് പറയാന്‍ ഇനിയും മുസ്‌ലിം സമൂഹത്തിന് കഴിയണം. ഫാസിസത്തിന്റെ തന്ത്രം വിജയിക്കാന്‍ അനുവദിക്കരുത്.

വാര്‍ത്തകളുടെ നിജസ്ഥിതി അറിഞ്ഞ ശേഷം മാത്രം പ്രതികരിക്കുക

ഈയിടെയായി രാജ്യത്ത് അസഹിഷ്ണുത അജണ്ടയായി സ്വീകരിച്ച് ഫാസിസം കലാപമുണ്ടാക്കുന്നുണ്ട് എന്നത് സത്യമാണ്. എന്നാല്‍ ഭൂരിപക്ഷ വര്‍ഗീയതയെ ആളിക്കത്തിക്കുന്നവരും ന്യൂനപക്ഷ തീവ്രവാദത്തിന് ചൂട്ട് പിടിക്കുന്നവരും ഒരുപോലെ കൃത്രിമമായ വാര്‍ത്തകള്‍ പടച്ചുണ്ടാക്കി പ്രചരിപ്പിക്കുനുണ്ട് എന്നതും ഒരു വസ്തുതയാണ്. പ്രശ്‌നങ്ങളില്‍ ജീവിക്കുന്നവരാണ് വര്‍ഗീയ ശക്തികള്‍. അവരുടെ ഇന്ധനമാണ് കലാപവാര്‍ത്തകളും ചിത്രങ്ങളും പ്രചരിപ്പിക്കല്‍.സിനിമയിലെ ചില സംഘട്ടനത്തിന്റെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതാണ് ബംഗാളില്‍ പ്രശ്‌നങ്ങള്‍ തുടങ്ങാന്‍ കാരണമായതെന്ന് പത്രത്തില്‍ വായിച്ചതോര്‍ക്കുന്നു. മോര്‍ഫിങ് ചെയ്തും സ്വന്തമായി അഭിനയിച്ചുമെല്ലാം കലാപദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാക്കാന്‍ ഇത്തരക്കാര്‍ ശ്രമിക്കും. ഇന്ത്യയെന്ന വിശാലമായ രാജ്യത്തിന്റെ പല ഭാഗത്തും സംഭവിച്ചതും അല്ലാത്തതുമായ സംഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുക വഴി രാജ്യത്ത് ഭീതിപരത്തുകയാണ് ഇവരുടെ ലക്ഷ്യം. ഇന്ത്യ മുഴുവന്‍ വര്‍ഗീയമായി കത്തിക്കൊണ്ടിരിക്കുകയാണന്ന പ്രതീതിയാണ് ഇത് മുഖേനയുണ്ടാകുന്നത്. കലാപകാരികള്‍ മണ്ണൊരുക്കുന്നതിന്റെ ഭാഗമാണ് ഈ പ്രവര്‍ത്തനം. സോഷ്യല്‍ മീഡിയകളില്‍ അഭിരമിക്കുന്നവരും നാട്ടില്‍ എല്ലാവരോടും ഇടപഴകി ജീവിക്കുന്ന സാധാരണക്കാരും തമ്മില്‍ മനോഭാവത്തില്‍ വലിയ വ്യത്യാസമുണ്ടായിക്കൊണ്ടിരിക്കുകയാണ്. എല്ലാ മത വിശ്വാസികളും പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും ഉള്ള് തുറന്ന് ചിരിച്ചും കഴിഞ്ഞ് കൂടുന്ന എത്രയോ ഗ്രാമപ്രദേശങ്ങള്‍ ഇന്ത്യയില്‍ ഇപ്പോഴുമുണ്ട്! എന്നാല്‍ സോഷ്യല്‍ മീഡിയകൡ മാത്രം സമയം കളയുന്നവര്‍ക്ക് ഈ ആനന്ദം ലഭിക്കുന്നുണ്ടോ? ഇല്ലെന്ന് ഉറപ്പിച്ച് പറയാം. ഭീതി വളര്‍ത്തുന്ന കുറിപ്പുകളും ദൃശ്യങ്ങളും മാറി മാറി കണ്ടതിലുള്ള അസ്വസ്ഥയാണ് പ്രശ്‌ന കാരണം. മുസ്‌ലിംകള്‍ മാത്രം അറിയാന്‍, ഹിന്ദുക്കള്‍ ശ്രദ്ധിക്കാന്‍, മുസ്‌ലിം ഗ്രൂപ്പുകളിലേക്ക് മാത്രം, ഹിന്ദു ഗ്രൂപ്പുകളിലേക്ക് മാത്രം ഫോര്‍വേഡ് ചെയ്യുക... തുടങ്ങിയ മെസേജുകള്‍ ഇതിനുദാഹരണമാണ്. പരസ്പര വിദ്വേഷമുണ്ടാക്കുന്ന പ്രചരണങ്ങള്‍ സൂക്ഷിക്കുകയെന്നത് തന്നെ വലിയൊരു പരിഹാരമാണ്.

പുതുതലമുറക്ക് ചരിത്രബോധം പകര്‍ന്ന് കൊടുക്കുക

ഇന്ത്യന്‍ മതേതരത്വത്തിന്റെ മാറിടത്തിലൂടെ കലാപത്തിന്റെ രഥമുരുട്ടിയ ഒട്ടനവധി വര്‍ഗീയ കലാപങ്ങള്‍ക്ക് നമ്മുടെ നാട് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അപ്പോഴെല്ലാം രാജ്യസ്‌നേഹികളായ വിവേകമതികള്‍ ഓരോ മതവിഭാഗത്തില്‍ നിന്നും രംഗത്ത് വരികയും ധ്രുവീകരണത്തിന്റെ അഗ്‌നിയെ അണക്കുകയും ചെയ്തിട്ടുണ്ട്. അതിന് അവര്‍ സ്വീകരിച്ച പക്വമായ വഴികള്‍ ചരിത്രത്തില്‍ ഇപ്പോഴും ജ്വലിച്ച് നില്‍ക്കുന്നുണ്ട്. എന്നാല്‍ യഥാര്‍ഥ ചരിത്രത്തെ ഭയക്കുന്നവരും കലാപം കൊതിക്കുന്ന ദുശ്ശക്തികളും ചരിത്രത്തെ മറപ്പിക്കാനാണ് ശ്രമിക്കുക. ഫാസിസത്തിന്റെ തേരോട്ടം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അധികാരത്തിന്റെ ചെങ്കോലും സോഷ്യല്‍ മീഡിയയുടെ വ്യാപനവും മുന്‍കാലത്തെ അപേക്ഷിച്ച് പ്രശ്‌നം കൂടുതല്‍ വഷളാകാന്‍ കാരണമായിട്ടുണ്ട്. ന്യൂനപക്ഷ വേട്ടകളെ ബോധപൂര്‍വം തമസ്‌കരിക്കുന്ന പ്രവണതയെ തോല്‍പിക്കാന്‍ സാമൂഹ്യമാധ്യമങ്ങള്‍ക്ക് കഴിഞ്ഞുവെന്ന ഗുണത്തെ വിസ്മരിക്കുന്നില്ല. എന്നാലും വാര്‍ത്തകളുടെ നിജസ്ഥിതി പരിശോധിക്കല്‍ അനിവാര്യമാണ്. ഡോ:ഹാദിയ കേസില്‍ മുഖ്യധാരാ മത സംഘടനകള്‍ പ്രതികരിക്കുന്നില്ലെന്ന പരാതി വന്‍തോതില്‍ ഇളക്കിവിട്ടത് നാം കണ്ടു. എന്നാല്‍ കോടതിയില്‍ കേസ് കൈകാര്യം ചെയ്തതില്‍ കാര്യമായ വീഴ്ച പറ്റിയതാണ് ഹാദിയ പ്രശ്‌നം രൂക്ഷമാകാന്‍ കാരണമെന്ന് വിധി പകര്‍പ്പ് വായിച്ച മുസ്‌ലിം വക്കീലുമാര്‍ തന്നെ എഴുതിയത് കാണാനിടയായി. എറണാകുളത്ത് ഈ വിഷയത്തില്‍ പോപുലര്‍ ഫ്രണ്ടിന്റെ പിന്തുണയില്‍ മുസ്‌ലിം ഐക്യവേദിയെന്ന പേരില്‍  സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചും വൈകാരിക പ്രസംഗവും എടുത്തു ചാട്ടത്തിന്റെ ഉദാഹരണമാണ്.

തെറ്റുധാരണകള്‍ തിരുത്താന്‍ വൈജ്ഞാനിക ബോധവത്കരണം നടത്തുക

പരസ്പരം അകല്‍ച്ചയുണ്ടാക്കാനായി ചിലര്‍  പുതുതായി പടച്ചുണ്ടാക്കുന്ന പിഴച്ച ആശയങ്ങളുടെ നിജസ്ഥിതി സമൂഹത്തെ ബോധ്യപ്പെടുത്തണം. 'ചില' മതവിശ്വാസങ്ങള്‍ രാജ്യത്തിന് അപകടമാണന്ന ധാരണ പരത്താനാണ് ഇപ്പോള്‍ ചിലര്‍ ശ്രമിക്കുന്നത്.

ഇന്ത്യയില്‍ അറിയപ്പെടുന്ന ഒരു മതവും കലാപത്തിന് ആഹ്വാനം ചെയ്യുന്നില്ലയെന്നതാണ് യാഥാര്‍ഥ്യം. മതത്തിന്റെ അനുയായികളായി ചമഞ്ഞ് തങ്ങളുടെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ നേടിയെടുക്കാനായി ചിലര്‍ മതത്തെ ദുരുപയോഗം ചെയ്തപ്പോഴാണ് മതം പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടി വന്നത്. ഈ സത്യം സമൂഹം അറിയണം.

'എന്റെ മതം മാത്രമാണ് ശരി'യെന്ന് ചിലര്‍ വാദിക്കുന്നതാണ് പ്രശ്‌ന കാരണമെന്ന പ്രചാരണം ചിലര്‍ നടത്തുന്നുണ്ട്. ഇത് അടിസ്ഥാനരഹിതമാണ്. താന്‍ വിശ്വസിക്കുന്ന മതമാകട്ടെ, പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ആദര്‍ശമാകട്ടെ, അത് പൂര്‍ണമായി ശരിയാണന്ന് വിശ്വസിക്കുമ്പോഴല്ലേ അതിനോട് ആത്മാര്‍ഥതയുണ്ടാവുക? അങ്ങനെ വിശ്വസിക്കുന്നതും അത് പ്രചരിപ്പിക്കുന്നതും എങ്ങനെയാണ് തെറ്റാവുക? എന്റെത് മാത്രമാണ് ശരിയെന്ന് വിശ്വസിക്കുമ്പോഴല്ല പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്; എന്റെത് മാത്രമെ ഇന്ത്യയില്‍ നിലനില്‍ക്കാന്‍ പാടുള്ളൂവെന്ന് ശഠിക്കുകയും മറ്റുള്ളവയെ നിന്ദിക്കുകയും ചെയ്യുമ്പോഴാണ്. മറ്റുള്ളവര്‍ക്ക് ശല്യമില്ലാതെ എന്റെ മതം മാത്രമാണന്ന് ശരിയെന്ന് വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം നമ്മുടെ ഭരണഘടന മൗലിക തത്ത്വങ്ങളിലാണ് എഴുതിച്ചേര്‍ത്തിരിക്കുന്നത്. പിന്നെ എന്താണ് പ്രശ്‌നം?

മത ഗ്രന്ഥങ്ങളുടെ തെറ്റായ വായന

മതഗ്രന്ഥങ്ങളിലെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത വാചകങ്ങള്‍ ഉദ്ധരിക്കുകയും ചില പദങ്ങള്‍ അസ്ഥാനത്തും അര്‍ഥമറിയാതെയും ഉപയോഗിക്കുകയും ചെയ്യുകയെന്നത് വര്‍ഗീയ ധ്രുവീകരണം ലക്ഷ്യം വെച്ച ശക്തികളുടെ ആവനാഴിയിലെ പ്രധാന അസ്ത്രമാണ്.

ഇതിന് അനുവദിച്ചുകൂടാ. ഒരു മതത്തിന്റെ ഗ്രന്ഥം അതില്‍ അഗാധ പാണ്ഡിത്യമുള്ള നിസ്വാര്‍ഥരായ പണ്ഡിതന്മാരാണ് വിശദീകരിക്കേണ്ടത്. പ്രസ്തുത വിശദീകരണത്തിനപ്പുറം സ്വന്തമായ അര്‍ഥതലങ്ങള്‍ അടിച്ചേല്‍പിച്ച് മതവിദ്വേഷം ജനിപ്പിക്കുന്നതിനെതിരില്‍ ബോധവത്കണം നടത്തണം. 

കാഫിറിനെ കണ്ടേടത്തു വെച്ച് കഴുത്തിന് വെട്ടണം എന്ന് ക്വുര്‍ആന്‍ ആഹ്വാനം ചെയ്യുന്നുണ്ട് എന്ന പ്രചാരണം ശക്തമായി നടത്തുന്നവരുണ്ട്. ജിഹാദ്, ത്വലാഖ് തുടങ്ങിയ സാങ്കേതിക പദങ്ങളെ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുന്നവരും അതിന്റെ അടിസ്ഥാനത്തില്‍ തെറ്റായി മനസ്സിലാക്കുകയും ചെയ്യുന്നവരുണ്ട്. 

യുദ്ധക്കളത്തില്‍ ശത്രു നേരില്‍ വന്നാല്‍ അവനെ വധിക്കണമെന്ന് പറയുന്ന വാക്യത്തെ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ സമാധാനപരമായി സഹവസിക്കുന്ന ഹൈന്ദവരെ കൊല്ലാനുള്ള ആഹ്വാനമായി  വ്യാഖ്യാനിക്കുന്നവര്‍ ശ്രമിക്കുന്നത് രാജ്യത്തിന് തീ കൊടുക്കാനല്ലാതെ മറ്റെന്തിനാണ്?

കാര്യസാധ്യത്തിനുവേണ്ടി വിഷമങ്ങളെയോ എതിര്‍പ്പുകളെയോ തരണം ചെയ്തുകൊണ്ട് പരമാവധി പരിശ്രമിക്കുന്നതിനാണ് അറബിയില്‍ 'ജിഹാദ്' എന്നു പറയുന്നത്. ദൈവികമാര്‍ഗത്തിലുള്ള തീവ്രശ്രമമെന്ന അര്‍ഥത്തിലാണ് ക്വുര്‍ആനിലും നബിവചനങ്ങളിലുമെല്ലാം ജിഹാദ് എന്ന് പ്രയോഗിക്കപ്പെട്ടിരിക്കുന്നത്. അതല്ലാതെ അമുസ്‌ലിംകള്‍ക്കെതിരെ നടത്തുന്ന വര്‍ഗീയ അക്രമങ്ങള്‍ക്കല്ല ജിഹാദ് എന്നു പറയുന്നത്. 

സ്വന്തം മാതാപിതാക്കളെ വാര്‍ധക്യത്തില്‍ പരിചരിക്കുകയെന്ന ബാധ്യതക്ക് പ്രവാചകന്‍ ജിഹാദ് എന്ന പദം ഉപയോഗിച്ചത്  ഹദീഥ് ഗ്രന്ഥങ്ങളില്‍ കാണാം. വിമര്‍ശകര്‍ പ്രചരിപ്പിക്കും പോലെയാണങ്കില്‍ മാതാപിതാക്കളെ കൊന്ന് കളയുകയെന്നതാണ് അതിനര്‍ഥം എന്ന് പറയേണ്ടി വരുമെല്ലൊ! യുദ്ധത്തിന്റെ ഘട്ടത്തില്‍ ജിഹാദ് എന്ന് പറയുമ്പോള്‍ യുദ്ധം എന്നതിന് അര്‍ഥമുണ്ടന്ന് മാത്രം.

ഏറ്റവും ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ് വിവാഹമോചനം അഥവാ ത്വലാഖ് എന്നത്. നിബന്ധനകള്‍ പൂര്‍ത്തിയാക്കി ഒന്നിലധികം വിവാഹം കഴിച്ചവര്‍ പോലും ഭാര്യയെ വേണ്ടതു പോലെ പരിചരിച്ചില്ലങ്കില്‍ പരലോകത്ത് ഒരു ഭാഗം ചരിഞ്ഞു കൊണ്ടായിരിക്കും ഭര്‍ത്താവ് കടന്ന് വരിക എന്ന് പഠിപ്പിച്ച ഇസ്‌ലാമിനെ തോന്നിയതുപോലെ വിവാഹം കഴിക്കുവാനും ഒഴിവാക്കുവാനും പ്രേരിപ്പിക്കുന്ന മതമെന്ന് മുദ്രകുത്തുന്നത് തികച്ചും അക്രമമാണ്.  

മാനുഷിക പ്രശ്‌നമായി പരിഗണിക്കുക

രാജ്യത്ത് എന്ത് സംഭവിച്ചാലും ഇന്നത് മനുഷ്യന്റെ പ്രശ്‌നമല്ല. പേരും മതവും ജാതിയും രാഷ്ട്രീയ പാര്‍ട്ടിയും നോക്കി അതാത് വിഭാഗത്തിന്റെ മാത്രം പ്രശ്‌നമായി കാണുന്ന പ്രവണത അവസാസിപ്പിക്കണം. ഉത്തരേന്ത്യയില്‍ തല്ലിക്കൊല്ലപ്പെട്ടത് മുസ്‌ലിമാണങ്കില്‍ അത് മുസ്‌ലിം പ്രശ്‌നം, ഹിന്ദു പേരുള്ളവനാണങ്കില്‍ ഹൈന്ദവ പ്രശ്‌നം, കണ്ണൂരില്‍ ബോബേറില്‍ മരിച്ചത് സി.പി.എം ആെണങ്കില്‍ മാര്‍ക്‌സിസ്റ്റ് പ്രശ്‌നം, ബി.ജെ.പിക്കാരനാെണങ്കില്‍ അവരുടെ പ്രശ്‌നം... ഇതാണ് സമകാലിക അവസ്ഥ! ഒരു മനുഷ്യന്‍ മരണപ്പെട്ടു എന്ന് പറയാന്‍ ആരുമില്ല. ആ ഒരു വികാരം ആരിലും ഉണ്ടാകുന്നുമില്ല!

മരിച്ച വ്യക്തി ആരുമാകട്ടെ, അവന് മാതാപിതാക്കളില്ലേ? അവര്‍ അഭയമറ്റവരായില്ലേ? ഭാര്യയില്ലേ? അവള്‍ വിധവയായില്ലേ? മക്കളില്ലേ? അവര്‍ അനാഥരായില്ലേ? ഇതൊന്നും ആലോചിക്കാന്‍ അന്ധത ബാധിച്ചവര്‍ക്ക് സാധിക്കുന്നില്ല.

രാജ്യത്തിന്റെ പ്രശ്‌നമായി ഉന്നയിക്കുക

രാജ്യത്തുണ്ടാകുന്ന പല പ്രശ്‌നങ്ങളും പൗരന്മാരെ മുഴുവന്‍ ബാധിക്കുന്ന വിഷയങ്ങളാണ്. എന്നാല്‍ ഖേദകരമെന്ന് പറയട്ടെ, ഈയടുത്ത കാലത്തുണ്ടായ ഏകസിവില്‍ കോഡ്, കാലി കശാപ്പ് നിരോധന നിയമം തുടങ്ങിയ വിഷയങ്ങളെ കേവല മുസ്‌ലിം പ്രശ്‌നങ്ങളാക്കി അവതരിപ്പിക്കാനാണ് പലരും ശ്രമിച്ചത്. ഈഴവര്‍, ദലിതുകള്‍, ക്രിസ്ത്യാനികള്‍, മുസ്‌ലിംകള്‍ തുടങ്ങിയ എല്ലാവരെയും ബാധിക്കുന്ന വിഷയമാണ് ഏക സിവില്‍ കോഡ്. 

ബീഫ് കയറ്റുമതി ചെയ്യുന്ന വമ്പന്‍ കമ്പനികള്‍ നടത്തുന്നതില്‍ പലരും സംഘപരിവാര്‍ നേതാക്കളാണെന്നത് പരസ്യമായ രഹസ്യമാണ്. കാലി വളര്‍ത്തലും കശാപ്പുമെല്ലാം രാജ്യത്തിന്റെ വരുമാനവുമായി ബന്ധപ്പെട്ട വിഷയമാണ്. നാനാജാതി മനുഷ്യരുടെ ആഹാരത്തിന്റെയും ജീവിത മാര്‍ഗത്തിന്റെയും വിഷയമാണ്. അഥവാ രാജ്യത്തിന്റെ മൊത്തത്തിലുള്ള പ്രശ്‌നമാണ്. അത് കേവല മുസ്‌ലിം പ്രശ്‌നമാക്കി മാറ്റാന്‍ സമ്മതിക്കരുത്.

ഒന്നിച്ച് പോരാടുക

വര്‍ഗീയ ധ്രുവീകരണമുണ്ടായാല്‍ അത് സൈ്വരജീവിതത്തെയാണ് തല്ലിത്തകര്‍ക്കുന്നത്. വിവിധ മതവിഭാഗങ്ങള്‍ ഒന്നിച്ച് കഴിയുന്ന ഇന്ത്യയുടെ ഗ്രാമങ്ങളില്‍ ധ്രുവീകരണമുണ്ടാക്കുന്ന മുറിവ് എത്ര വലുതായിരിക്കും? കലാപമുണ്ടായ പ്രദേശങ്ങളിലെ ഇപ്പോഴത്തെ സാമൂഹ്യജീവിതം പഠിക്കുന്ന ഏതൊരാള്‍ക്കും അത് തിരിച്ചറിയാന്‍ പ്രയാസമുണ്ടാവില്ല. 

അതുകൊണ്ട് നാം ഒന്നിച്ച് നില്‍ക്കണം. നമ്മുടെ മക്കളെ തമ്മിലടിപ്പിക്കാന്‍ സമ്മതിക്കരുത്. നമ്മുടെ പ്രദേശത്ത് രക്തപ്പുഴ ഒഴുക്കരുത്. രാജ്യത്ത് അരാജകത്വം വാഴരുത്. മതേതര മനസ്സുള്ള മുഴുവന്‍ പൗരന്മാരും ഒന്നിച്ച് നിന്ന് വര്‍ഗീയതയാകുന്ന വിപത്തിനെതിരെ പോരാടണം.

മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വങ്ങള്‍ കൂടിയിരിക്കണം. മറ്റുള്ള ഭിന്നതകള്‍ മാറ്റി വെച്ച് വര്‍ഗീയതക്കെതിരില്‍ ഒന്നിച്ച് നീങ്ങണം. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കാണിച്ച മാതൃക ആവര്‍ത്തിക്കണം. എല്ലാ വിഭാഗത്തിലെയും ന്യൂനപക്ഷ സമുദായത്തിലെ നേതാക്കന്മാര്‍ ഒന്നിച്ചിരിക്കണം. രാജ്യ നന്മ മുന്നില്‍ കണ്ട് മറ്റു ഭിന്നതകള്‍ മറക്കണം.

തെരഞ്ഞെടുപ്പ് കാലത്ത് നടക്കാറുള്ള വര്‍ഗീയ കക്ഷികളുമായുള്ള രഹസ്യ ബാന്ധവം മുഖ്യ ധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ അവസാനിപ്പിക്കണം.

സംയമനം ഗുണം ചെയ്‌തോ?

ചെയ്തിട്ടുണ്ട്...! 

ഇ. അഹ്മദ് സാഹിബ് മരണപ്പെട്ടപ്പോള്‍ ഒഴിവ് വന്ന സ്ഥാനത്തേക്ക് നടന്ന ലോക് സഭാ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി മലബാറില്‍ ഒരു കലാപം ഉണ്ടാക്കാന്‍ നിമിത്തമാകുന്ന അനവധി പ്രകോപനങ്ങള്‍ ചിലര്‍ ഉണ്ടാക്കിയിരുന്നു. മലപ്പുറം കളക്ടറേറ്റ് സ്‌ഫോടനം, തിരൂരങ്ങാടി കൊടിഞ്ഞിയിലെ ഫൈസലിന്റെ നിഷ്ഠൂരമായ കൊലപാതകം, കാസര്‍കോഡ് റിയാസ് മൗലവിയുടെ വധം... തുടങ്ങിയ സംഭവങ്ങള്‍ അരങ്ങേറിയതിന്റെ ലക്ഷ്യം മലബാറിലെ മുസ്‌ലിംകളെ പ്രകോപിപ്പിക്കുകയും അങ്ങനെ കലാപത്തിന് തിരികൊളുത്തുകയും സമാധാനവാദികളായ ഹൈന്ദവരെ വര്‍ഗീയ ചേരിയിലേക്ക് നയിക്കലുമായിരുന്നു.

എന്നാല്‍ മുസ്‌ലിംകള്‍ സംയമനം പാലിച്ചു. നിയമത്തിന്റെ വഴിമാത്രം അവലംബിച്ചു. മുസ്‌ലിംകള്‍ പ്രകോപിതരാകാതിരുന്നപ്പോള്‍ അവരെ തെരുവിലിറക്കാനായി സാമൂഹ്യ മാധ്യമങ്ങളില്‍ സന്ധ്യാമേഡം എന്ന പേരില്‍ ഒരു സ്ത്രീയുടെ വ്യാജ ശബ്ദം പ്രചരിച്ചിരുന്നു. മുസ്‌ലിം യുവാക്കളോട് ആയുധമെടുത്ത് രംഗത്തിറങ്ങാനാണ് ആ വോയ്‌സ് ക്ലിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഉദ്ബുദ്ധരായ മലബാര്‍ ജനത ആ ശബ്ദത്തെ അവഗണിച്ചു. 

അതുകൊണ്ട് തന്നെ ഒരു ലക്ഷം പുതിയ വോട്ടര്‍മാര്‍ ഉണ്ടായിട്ടും ഇലക്ഷന്‍ കഴിഞ്ഞപ്പോള്‍ വര്‍ഗീയ വാദികളുടെ വോട്ട് പ്രതീക്ഷക്കൊത്ത് വര്‍ധിച്ചില്ല. സംയമനത്തിന്റെ സദ്ഫലമായിത്തന്നെ നാമതിനെ വിലയിരുത്തണം.

2002ല്‍ ബാബരി മസ്ജിദ് ധ്വംസനത്തോടെ കേരളത്തില്‍ ഉയര്‍ന്നുവന്ന വൈകാരിക പ്രതിഷേധങ്ങളുടെ പരിണിതിയും സംയമനത്തോടെയുള്ള ചുവടുവെപ്പിന്റെ സദ്ഫലങ്ങളും വിലയിരുത്തിയാല്‍ ഈ സന്ദര്‍ഭത്തെ മറികടക്കാന്‍ നല്ലൊരു രൂപരേഖ നമ്മുടെ മുന്നില്‍ തെളിയും. അക്കാലത്ത് അക്ഷമരായി എടുത്ത് ചാടിയ പലരും പിന്നീട് ആ നിലപാടില്‍ ഖേദിച്ചിട്ടുണ്ട്. പരസ്യമായി ക്ഷമാപണം പോലും നടത്തിയിട്ടുണ്ട്.

പ്രതികരണത്തിന്റെ ലക്ഷ്യമെന്ത്?

ഏകപക്ഷീയമായ വര്‍ഗീയ കലാപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴെല്ലാം ഉയര്‍ന്ന് കേള്‍ക്കുന്ന ചോദ്യമാണ് എന്താണ് മുസ്‌ലിം നേതൃത്വം  പ്രതികരിക്കാത്തത് എന്ന്.

ഇവിടെ ചില ചോദ്യങ്ങള്‍ ചോദിക്കേണ്ടി വരുന്നു. എന്തിനാണ് പ്രതികരിക്കുന്നത്?

ഞാനും പ്രതികരിച്ചു, അല്ലങ്കില്‍ എന്റെ സംഘടനയും പ്രതികരിച്ചു എന്ന് വരുത്തിത്തീര്‍ക്കാനാണ് പ്രതികരണമെങ്കില്‍ ആ പ്രതികരണം അനാവശ്യമാണ്.

മറ്റുള്ള സംഘടനകളൊന്നും പ്രതികരിച്ചില്ല, ഞങ്ങളുടെ സംഘടനയാണ് ആദ്യം പ്രതികരിച്ചതെന്നും മറ്റു സംഘടനകള്‍ക്കൊന്നും സമുദായ സ്‌നേഹമില്ലന്നും വരുത്തിത്തീര്‍ക്കാനാണെങ്കില്‍ ആ പ്രതികരണവും നമുക്കാവശ്യമില്ല. 

പൊതു പ്രശ്‌നങ്ങളെ മുസ്‌ലിം പ്രശ്‌നങ്ങളാക്കി അവതരിപ്പിച്ച് മതേതര ചേരിയിലുള്ളവരെക്കൂടി വര്‍ഗീയ വാദികള്‍ക്ക് തീരെഴുതിക്കൊടുക്കാന്‍ മാത്രം സാധിക്കുന്ന പ്രതിഷേധ കൂട്ടായ്മകള്‍ ദോഷം മാത്രമെ വരുത്തുകയുള്ളൂ.

പ്രശ്‌നം പരിഹരിക്കാതെ നിലനിര്‍ത്തലാണ് ചിലരുടെ ലക്ഷ്യം തന്നെ. രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ക്കും ജനാധിപത്യ സംവിധാനത്തില്‍ ചില ചുമതലകളുണ്ട്. വലിയ ലക്ഷ്യത്തിന് വേണ്ടി ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് യോജിച്ച പ്രക്ഷോഭങ്ങള്‍ ഒറ്റക്കെട്ടായി സംഘടിപ്പിക്കാന്‍ സാധിക്കണം. യു.പി.എക്കും വലിയ ഉത്തരവാദിത്തങ്ങളുണ്ട്. രാജ്യത്തെ മുഴുവന്‍ മതേതര കക്ഷികളെയും ഒരുമിപ്പിച്ച് നിര്‍ത്തുന്നതിനും പാര്‍ലമെന്റിന് അകത്തും പുറത്തും ഒറ്റക്കെട്ടായി നിലയുറപ്പിക്കുന്നതിനും നേതൃത്വം നല്‍കാന്‍ യു.പി.എക്ക് സാധിക്കണം. തീര്‍ച്ചയായും രാജ്യം പ്രതീക്ഷയര്‍പ്പിക്കുന്നത് പ്രതിപക്ഷത്തിന്റെ ഒറ്റക്കെട്ടായുള്ള മുന്നേറ്റത്തിലാണ്.