ഹജ്ജ്‌ സബ്സിഡി: മുസ്ലിം സമുദായത്തെ പ്രതിക്കൂട്ടിൽ നിർത്തുന്നതിന്‌ മുമ്പ്‌

പി.വി.എ പ്രിംറോസ്‌

2017 ജനുവരി 28 1438 റബിഉൽ ആഖിർ 29

`വീപിംഗ്‌ ബോയ്‌` (Weeping Boy) എന്നൊരു പ്രയോഗമുണ്ട്‌ ഇംഗ്ളീഷിൽ. `തല്ലുകൊള്ളി പയ്യൻ` എന്ന്‌ മലയാളത്തിലേക്ക്‌ ഇതിനെ പരിഭാഷപ്പെടുത്താം. കയ്യിലിരുപ്പ്‌ കൊണ്ടോ കുരുത്തക്കേടു കൊണ്ടോ തല്ല്‌ കൊള്ളേണ്ടി വന്നവരല്ല യഥാർഥത്തിൽ വീപിംഗ്‌ ബോയ്സ്‌. മറിച്ച്‌ പതിനാറാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന ഒരു വിചിത്ര സമ്പ്രദായത്തിന്റെ സൃഷ്ടിയാണ്‌ ആ പ്രയോഗം. പഠനത്തിലെ ഉഴപ്പലിന്‌ അക്കാലങ്ങളിൽ ഇംഗ്ളീഷ്‌ രാജവംശങ്ങളിലെ കുമാരൻമാരുടെ ശിക്ഷയേറ്റു വാങ്ങുന്നവരായിരുന്നു ഈ പാവം കുട്ടികൾ. രാജകുമാരൻമാരെ ശാസിക്കുന്നതിനും ശിക്ഷിക്കുന്നതിനും പകരമായി എന്നും ഭത്സനങ്ങളും ദണ്ഡനങ്ങളും ഏറ്റുവാങ്ങേണ്ടി വരുന്ന വീപിംഗ്‌ ബോയ്സിനെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ്‌ സമകാലിക സംഭവങ്ങളിൽ ഭരണകൂടം കൈക്കൊള്ളുന്ന ചില ഏകപക്ഷീയ നിലപാടുകൾ.

പറഞ്ഞുവരുന്നത്‌ പുതിയ ഹജ്ജ്‌ സബ്സിഡി വിവാദത്തെ കുറിച്ചാണ്‌. ആണ്ടുതോറും ഹജ്ജ്‌ സീസണിനോടനുബന്ധിച്ച്‌ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള രണ്ട്‌ ബാനർ ഹെഡ്ലൈനുകളുണ്ട്‌. അതിലൊന്ന്‌ ഹജ്ജ്‌ ക്യാമ്പുമായി ബന്ധപ്പെട്ട്‌ `ഹാജിമാർക്ക്‌ സ്വാഗതം` എന്നാണെങ്കിൽ മറ്റേത്‌ `ഹജ്ജ്‌ സബ്സിഡി നിർത്തലാക്കുക` എന്നതായിരിക്കും. വർഷങ്ങളായി മുറതെറ്റാതെ ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഇതിലെ രണ്ടാമത്തെ തിട്ടൂരത്തിന്റെ പ്രയോക്താക്കൾ കാലാനുസൃതമായി മാറിക്കൊണ്ടിരിക്കും. ഒരിക്കൽ സംഘ്പരിവാർ സംഘടനയാണെങ്കിൽ മറ്റൊരിക്കൽ കേന്ദ്രമന്ത്രിയുടെയോ സുപ്രീംകോടതി ജഡ്ജിയുടെയോ നിർദേശമായിട്ടായിരിക്കും ഇത്‌ കേൾക്കേണ്ടി വരിക. ഏറ്റവുമവസാനം ഇത്‌ പറഞ്ഞ്‌ വെച്ചത്‌ ഹജ്ജ്‌ കമ്മിറ്റിയുടെയും വഖഫ്‌ ബോർഡിന്റെയും ചാർജുള്ള കേരളത്തിന്റെ ബഹുമാന്യനായ തദ്ദേശ സ്വയംഭരണ-ന്യൂനപക്ഷ ക്ഷേമ വകുപ്പ്‌ മന്ത്രിയാണ്‌. അദ്ദേഹം ആദ്യമായല്ല ഇങ്ങനെയൊരു അഭിപ്രായം പറയുന്നത്‌. കഴിഞ്ഞ വർഷം ഹജ്ജ്‌ ക്യാമ്പിൽ വെച്ച്‌ നടത്തിയ ഇതേ പ്രസ്താവന ഇപ്രാവശ്യം ഡൽഹിയിൽ വാർത്താസമ്മേളനം വിളിച്ച്‌ കൂട്ടി നടത്തിയെന്ന്‌ മാത്രം.

മന്ത്രിയുടെ അഭിപ്രായം യഥാർഥത്തിൽ വ്യക്തിപരമല്ല. കേന്ദ്രസർക്കാർ നൽകിവരുന്ന ഹജ്ജ്‌ സബ്സിഡി കുറച്ച്‌ കൊണ്ടുവന്ന്‌ 2022 ഓടെ പൂർണമായും നിർത്തലാക്കണമെന്ന ജസ്റ്റിസ്‌ ആഫ്താബ്‌ ആലം, ജസ്റ്റിസ്‌ രഞ്ജനാ പി. ദേശായി എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചിന്റെ 2012ലെ വിധിയുടെ പശ്ചാത്തലത്തിൽ, കേന്ദ്രസർക്കാർ നിയമിച്ച ആറംഗ സമിതിയുടെ നിർദേശങ്ങൾക്ക്‌ പിന്തുണ പ്രഖ്യാപിക്കുകയാണ്‌ അദ്ദേഹം ചെയ്തത്‌. `ഒരാളുടെ പൊരുത്തമില്ലെങ്കിൽ അയാളുടെ കൂടി പണമടങ്ങുന്ന സബ്സിഡി തീർഥാടനത്തിനായി ഉപയോഗിക്കരുത്‌` എന്നും ഹജ്ജ്‌ എന്നത്‌ `സമ്പത്തും ആരോഗ്യവും ഉള്ളവർക്ക്‌ മാത്രമുള്ളതാണെന്നും ഇത്‌ മറ്റൊരാളുടെ സമ്പത്തിൽ ചെയ്യേണ്ടതല്ലെ`ന്നുമുള്ള മന്ത്രിയുടെ വിശദീകരണങ്ങളുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യേണ്ടതില്ലെങ്കിലും നിലവിളക്ക്‌, ശബരിമല സന്ദർശനം, പോലീസുകാരുടെ താടി, മന്ത്രിമന്ദിരത്തിന്റെ പേരിടൽ... തുടങ്ങി മുസ്ലിം സമൂഹത്തെ പ്രതിക്കൂട്ടിൽ നിർത്തുന്ന ഏതൊരു വിവാദത്തിലും `വേറിട്ടു കേട്ടുവോ എന്നൊച്ച`യെന്ന ഭാവത്തിൽ പ്രതികരിക്കുന്ന ഇദ്ദേഹത്തിന്റെ ചേതോവികാരം മനസ്സിലാകുന്നില്ല എന്നത്‌ യാഥാർഥ്യമാണ്‌.

ഹജ്ജ്‌ സബ്സിഡിയുടെ ചരിത്രം

മൂന്ന്‌ മാർഗങ്ങളിൽ കൂടിയാണ്‌ തീർഥാടനത്തിനായി സഊദി ഗവൺമെന്റ്‌ സൗകര്യമൊരുക്കിയിരിക്കുന്നത്‌. കപ്പൽ, വിമാനം, റോഡ്‌ മാർഗേനയാണ്‌ ഇത്‌. ഇതിൽ വ്യോമ-നാവിക രൂപത്തിലുള്ള യാത്രകളാണ്‌ ഇന്ത്യയിൽ നിന്നുണ്ടായിരുന്നത്‌. 1995ന്‌ ശേഷം കപ്പൽ മുഖേനയുള്ള സർവീസ്‌ നിർത്തലാക്കുകയും വിമാനയാത്ര കാര്യക്ഷമമാക്കുകയുമാണ്‌ സർക്കാർ ചെയ്തത്‌.

കൊളോണിയൽ ഭരണകാലത്ത്‌ തുടങ്ങി വെച്ചതാണ്‌ ഹജ്ജ്‌ സബ്സിഡി. 1932ൽ ബോംബെ, കൽക്കത്ത തുറമുഖങ്ങൾ വഴി ഹജ്ജിന്‌ പോകുന്നവർക്ക്‌ പൊതുഖജനാവിൽ നിന്ന്‌ ഇളവുകൾ അനുവദിച്ച്‌ കൊണ്ടുള്ള `ദി പോർട്ട്‌ ഹജ്ജ്‌ കമ്മിറ്റി ആക്ട്‌` (The port haj committee act 1959) നിലവിൽ വന്നതോട്‌ കൂടെയാണ്‌ ഹജ്ജിന്‌ സബ്സിഡിക്ക്‌ തുടക്കം കുറിക്കുന്നത്‌. സ്വാതന്ത്ര്യാനന്തരം-1959ൽ പാസാക്കിയ ഹജ്ജ്‌ കമ്മിറ്റി ആക്ടിലൂടെ ബ്രിട്ടീഷ്‌ ഭരണകാലത്തെ ഇളവുകൾ തുടരുകയായിരുന്നു സർക്കാർ ചെയ്തത്‌. ഇതിന്റെ പിന്നിലാവട്ടെ യാതൊരു ബാഹ്യസമ്മർദമോ മുസ്ലിം പ്രീണനമോ നടന്നിട്ടില്ലെന്നതാണ്‌ വാസ്തവം.

എന്താണ്‌ സബ്സിഡി? ഹജ്ജ്‌ യാത്രികർക്കെല്ലാം സബ്സിഡിയുണ്ടോ? പലരുടെയും ധാരണ അങ്ങനെയാണ്‌. യഥാർഥത്തിൽ ഓരോ വർഷവും ഹജ്ജിന്‌ പോകുന്ന ലക്ഷക്കണക്കിന്‌ ആളുകളിൽ ചെറിയൊരു ശതമാനത്തിന്‌ മാത്രമെ സർക്കാർ സംവിധാനങ്ങൾ വഴി പോകാൻ അർഹതയുള്ളൂ. അതിന്റെ സെലക്ഷനാണെങ്കിൽ ഏറെ പ്രയാസകരമാണ്‌ താനും. ഇവർക്ക്‌ മാത്രമാണ്‌ സർക്കാർ സബ്സിഡി നൽകുന്നു എന്ന്‌ പറയപ്പെടുന്നത്‌. ഇതാകട്ടെ വിമാനയാത്രാ ചെലവിൽ മാത്രം പരിമിതമാണ്‌ താനും. ഭക്ഷണം, താമസം, ലഗേജ്‌... തുടങ്ങി മറ്റു ചെലവുകൾ മുഴുവനും ഹാജിമാർ സ്വയം വഹിക്കേണ്ടതാണ്‌. ഈ സബ്സിഡി നൽകുന്നത്‌ ഹജ്ജാജികൾക്കാണോ അതോ യാത്രാവാഹനത്തിനാണോ എന്നതാണ്‌ പരിശോധനക്ക്‌ വിധേയമാക്കേണ്ടത്‌.

ഹജ്ജ്‌ സബ്സിഡിയുടെ മറവിൽ എയർ ഇന്ത്യാ പ്രീണനം

നഷ്ടത്തിൽ നിന്ന്‌ നഷ്ടത്തിലേക്ക്‌ കൂപ്പുകുത്തുന്ന എയർ ഇന്ത്യയെ രക്ഷിക്കാൻ സർക്കാർ നടത്തുന്ന `സംഘടിത കൊള്ള`യാണ്‌ ഹജ്ജ്‌ സബ്സിഡിയുടെ ഉള്ളുകള്ളികൾ ചികഞ്ഞാൽ പുറത്ത്‌ വരിക. ഇന്ത്യയിൽ നിന്ന്‌ ഹജ്ജ്‌ സർവീസ്‌ നടത്താൻ ഏകപക്ഷീയമായി എയർ ഇന്ത്യക്കാണ്‌ ഭാരത സർക്കാർ അനുമതി നൽകിയിരിക്കുന്നത്‌. ആഗോള ടെണ്ടർ വിളിക്കാതെയും മറ്റ്‌ വിമാന സർവീസുകൾ നടത്തുന്ന കമ്പനികളുടെ നിരക്കുകൾ പരിഗണിക്കാതെയുമുള്ള ഈ ധാരണയുടെ വിശദാംശങ്ങൾ പഠിച്ചാൽ ആ രംഗത്ത്‌ നടക്കുന്ന ചൂഷണങ്ങൾ ബോധ്യപ്പെടും.

സീസണെന്ന പേര്‌ വെച്ച്‌ നടക്കുന്ന കഴുത്തറപ്പൻ പരിപാടികളോടെ തുടങ്ങുന്നു ഈ രംഗത്തെ ചൂഷണം. ഉദാഹരണമായി, സാധാരണ സമയങ്ങളിൽ കരിപ്പൂർ എയർപോർട്ടിൽ നിന്ന്‌ ജിദ്ദ എയർപോർട്ടിലേക്ക്‌ 4063 കിലോമീറ്റർ യാത്ര ചെയ്യുന്ന ഒരു യാത്രക്കാരന്‌ നൽകേണ്ടി വരുന്ന സംഖ്യ 2017 ഫെബ്രുവരിയിൽ 14126 രൂപയാണ്‌. എന്നാൽ ഹജ്ജ്‌ സീണണിൽ ഇത്‌ കുത്തനെ ഉയർത്തും. 2010ൽ 47675 രൂപയും 2011ൽ 54800 രൂപയുമായിരുന്നു ഈ നിരക്ക്‌. ഇതിൽ നിന്നാണ്‌ എയർ ഇന്ത്യക്ക്‌ സർക്കാർ സബ്സിഡി നൽകുന്നത്‌. ഇതാകട്ടെ സബ്സിഡി കുറച്ചാൽ പോലും ഹജ്ജ്‌ സീസണിലല്ലാത്ത ടിക്കറ്റ്‌ നിരക്കുമായി താരതമ്യം ചെയ്താൽ വളരെ കൂടുതലാണ്‌ താനും. ചുരുക്കത്തിൽ സർക്കാറിനെ സംബന്ധിച്ചിടത്തോളം ഷർട്ടിന്റെ പോക്കറ്റിൽ നിന്നും പണമെടുത്ത്‌ പാന്റ്സിന്റെ പോക്കറ്റിലേക്ക്‌ മാറ്റുന്നത്‌ പോലെ നഷ്ടരഹിതമായ ഏർപ്പാട്‌ മാത്രമാണ്‌ ഹജ്ജ്‌ സബ്സിഡി!

സബ്സിഡിയുടെ പേരിൽ പകൽക്കൊള്ള

ഓരോ ഹജ്ജ്‌ സീസണിനോടൊപ്പവും ഉയർന്നുവരുന്ന സബ്സിഡി വിവാദത്തിന്റെ നിജസ്ഥിതിയാണ്‌ നാം മുകളിൽ വായിച്ചത്‌. അനർഹമായത്‌ നേടിയെടുത്തു എന്നും ഇതര മത വിശ്വാസികളുടെ നികുതിക്കാശ്‌ കൊണ്ട്‌ മറ്റു മതസ്ഥരെ തീർഥയാത്ര നടത്തിക്കുന്നു എന്നും മതേതര രാഷ്ട്രത്തിന്റെ തിരുമുഖത്ത്‌ കളങ്കമേൽപിച്ചുവെന്നുമെല്ലാമുള്ള ആരോപണത്തിന്റെ യാഥാർഥ്യം ചികഞ്ഞാൽ നാം എത്തിച്ചേരുന്ന വസ്തുതയാണിത്‌.

ശാഖാ ക്ളാസുകളിലും നിശാശിൽപശാലകളിലുമെല്ലാം നിഷ്കളങ്കരായ അണികളെ ജാഗരം കൊള്ളിക്കാൻ തിരഞ്ഞെടുത്ത ഇത്തരം ജൽപനങ്ങളെ ബോധപൂർവം കണ്ടില്ലെന്ന്‌ നടിക്കുന്നതിന്‌ പകരം ക്രിയാത്മകമായി പ്രതികരിക്കുകയാവും ഉചിതം. സബ്സിഡി നിർത്തലാക്കി പ്രസ്തുത തുക മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി ഉപയോഗിക്കണമെന്ന ഓൾ ഇന്ത്യാ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ പ്രസിഡണ്ട്‌ അസദുദ്ദീൻ ഒവൈസി എം.പിയുടെ പ്രസ്താവന ഈ അർഥത്തിൽ ഏറെ പ്രാധാന്യമുള്ളതാണ്‌.

മുസ്ലിം തീർഥാടകർക്ക്‌ മാത്രമാണ്‌ സബ്സിഡി ലഭിക്കുന്നത്‌ എന്ന പ്രചാരണം തീർത്തും അവാസ്തവും ദുരുദ്ദേശ്യപരവുമാണ്‌. ഇന്ത്യക്ക്‌ പുറത്തുള്ള എല്ലാ തീർഥാടനകേന്ദ്രങ്ങളിലേക്കുള്ള യാത്രാ ചെലവിലും സർക്കാർ ഈ സബ്സിഡി നൽകുന്നുണ്ട്‌ എന്നതാണ്‌ യാഥാർഥ്യം.

ഇന്ത്യക്ക്‌ പുറത്തുള്ള ഹിന്ദു തീർഥാടന കേന്ദ്രമായ ടിബറ്റിലെ മാനസ സരോവരത്തിലേക്ക്‌ പോകാനും ക്രൈസ്തവ വിശുദ്ധ നഗരമായ ജറൂസലേം ദേവാലയത്തിലേക്ക്‌ പോകാനും ഇങ്ങനെ സർക്കാർ സബ്സിഡി നൽകാറുണ്ടെന്നും 2014ൽ കേരളത്തിലെ 42 പേരടക്കം ഇന്ത്യക്കാരായ 1042 ഹിന്ദു തീർഥാടകർ മാനസ സരോവരിലേക്ക്‌ തീർഥയാത്ര നടത്തിയിട്ടുണ്ടെന്നും കമ്യൂണിസ്റ്റ്‌ നേതാവ്‌ സഖാവ്‌ പി.കെ പ്രേംനാഥ്‌ വിവരാവകാശ രേഖകൾ വെച്ച്‌ സമർഥിക്കുന്നുണ്ട്‌. മാത്രമല്ല കുംഭമേള, അമർനാഥ്‌ യാത്ര തുടങ്ങിയവക്കെല്ലാം ധാരാളം ഫണ്ടുകൾ കേന്ദ്ര ഗവണ്മെന്റ്‌ നീക്കിവെക്കാറുമുണ്ട്‌. ഹജ്ജ്‌ യാത്രക്കാരുടെ ആനുകൂല്യത്തെ ചൊല്ലി തമിഴ്നാട്ടിൽ വികാരമിളക്കി വിടാൻ ശ്രമിച്ച വർഗീയവാദികൾക്കെതിരെ മറ്റു മതസ്തർക്ക്‌ ലഭിച്ച ആനുകൂല്യങ്ങൾ എണ്ണിപ്പറഞ്ഞ്‌ മറുപടി നൽകിയ, ഈയിടെ അന്തരിച്ച ജയലളിതയുടെ പാർലമെന്ററി പ്രസംഗം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നായിരുന്നു.

ചുരുക്കത്തിൽ സബ്സിഡികൾ എന്ന്‌ പറയുന്നത്‌ സർക്കാർ നൽകുന്ന ഔദാര്യമല്ല. മറിച്ച്‌, ബഹുമുഖമായ താൽപര്യങ്ങൾ മുൻനിർത്തി സർക്കാർ നടത്തുന്ന പദ്ധതികളാണ്‌ എന്നാണ്‌ നമുക്ക്‌ ബോധ്യമാവുന്നത്‌. ഇത്‌ മനസ്സിലാക്കിയാലും ഇല്ലെങ്കിലും അനവസരത്തിൽ മതേതരകുകുപ്പായം തുന്നാൻ ശ്രമിച്ചാൽ സ്വയം അപഹാസ്യരാവുകയേ ഉള്ളൂ എന്നത്‌ ജനപ്രതിനിധികൾ ഓർക്കുന്നത്‌ നന്ന്‌. രാജ്യത്തെ വർഗീയവാദികളിൽ നിന്ന്‌ കേൾക്കുന്നതല്ല ഫാസിസ്റ്റ്‌ വിരുദ്ധരിൽ നിന്ന്‌ മതേതരബോധമുള്ളവർ പ്രതീക്ഷിക്കുന്നത്‌; അത്‌ സ്വന്തം സമുദായത്തെ കുറിച്ചുള്ള പ്രസ്താവനകളായാൽ പോലും.

സബ്സിഡിയുമായി ബന്ധപ്പെട്ട്‌  മുന്നോട്ട്‌ വെക്കാനുള്ള നിർദേശങ്ങൾ

ഹജ്ജ്‌ സബ്സിഡി 2022ഓട്‌ കൂടി പാടെ നിർത്തലാക്കുന്ന രൂപത്തിൽ ഘട്ടംഘട്ടമായി കുറച്ച്‌ കൊണ്ട്‌ വരാനുള്ള സൂപ്രീംകോടതിയുടെ നിർദേശം പഠിച്ച്‌ നടപ്പിലാക്കുന്നതിന്റെ പ്രായോഗികരൂപം ആവിഷ്കരിക്കാനായി കേന്ദ്രസർക്കാർ ആറംഗ സമിതിയെ ചുമതലപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ, അതിന്റെ ഗുണഭോക്താക്കൾ എന്ന്‌ വിളിക്കുന്ന മുസ്ലിം സമുദായത്തിന്‌ സർക്കാറിന്റെ മുന്നിൽ വെക്കാനുള്ള നിർദേശങ്ങൾ ഏറെ പ്രസക്തമാണ്‌.

A. ബദൽസംവിധാനം കാര്യക്ഷമമാക്കുക

മാർക്കണ്ഡേയ കഠ്ജു അടക്കമുള്ള തലമുതിർന്ന ന്യായാധിപൻമാർ അടങ്ങുന്ന ബെഞ്ച്‌ ഹജ്ജ്‌ സബ്സിഡി നിർത്തലാക്കരുതെന്നും അഭംഗുരം തുടരണമെന്നും ഉത്തരവിട്ടതിനെ മറികടന്ന്‌ പുറപ്പെടുവിച്ച പുതിയ കോടതിവിധിയിൽ സബ്സിഡി നിർത്തലാക്കാൻ പറഞ്ഞ ന്യായീകരണങ്ങൾ ആത്മാർഥമാണെങ്കിൽ പ്രസ്തുത തുക അവർ മുന്നോട്ട്‌ വെച്ച പോലെ വിദ്യാർഥിനികളുടെ വിദ്യാഭ്യാസ സ്കോളർഷിപ്പിലേക്ക്‌ നീക്കിവെക്കുന്നതിന്‌ പ്രായോഗികമായ നടപടികൾ കൈക്കൊള്ളണം. പലപ്പോഴും പകരം വെക്കുന്ന നിർദേശങ്ങൾ ഭംഗിവാക്കുകളായി പര്യവസാനിക്കുകയും ഒരിക്കലും നടപ്പിലാകാതെ പോവുകയുമാണുണ്ടാവാറ്‌. പുതിയ കാര്യത്തിൽ സർക്കാറിന്റെ ഭാഗത്ത്‌ നിന്ന്‌ അത്തരമൊരു സമീപനമുണ്ടാവരുത്‌. കോടതി ഇത്‌ തന്നെ നേരിട്ട്‌ കൃത്യമായി മോണിറ്റർ ചെയ്യാനുള്ള സംവിധാനമൊരുക്കണം.

B. കപ്പൽ സർവീസ്‌ പുനരാരംഭിക്കുക

വ്യോമമാർഗേനയുള്ള ഹജ്ജ്‌ തീർഥാടനത്തിന്‌ ആനുകൂല്യങ്ങൾ തുടരാൻ ഗവൺമെന്റ്‌ താൽപര്യമെടുക്കാനുള്ള കാരണമായി പറഞ്ഞത്‌ അക്കാലം വരെ രാജ്യാന്തര സർവീസായി നിലനിന്നിരുന്ന കപ്പൽ വഴിയുള്ള ഹജ്ജ്‌യാത്ര നിർത്തലാക്കിയതായിരുന്നു. ദീർഘദൂര യാത്രാസൗകര്യമുള്ള ആഡംബരക്കപ്പലുകൾ വ്യാപകമായ സ്ഥിതിക്ക്‌ വ്യോമഗതാഗതത്തോടൊപ്പം നാവികയാത്രാ സൗകര്യവും പുനരാംഭിക്കേണ്ടതുണ്ട്‌. മന്ത്രിയടക്കമുള്ളവർ പറഞ്ഞത്‌ പോലെ `സ്വത്തും ആരോഗ്യവുമുള്ളവർക്ക്‌ മാത്രം നിർബന്ധമായ ഹജ്ജ്കർമം` ഇന്ന്‌ അനുഷ്ഠിച്ച്‌ കൊണ്ടിരിക്കുന്നവരിൽ ഭൂരിഭാഗം പേരും നിത്യചെലവിന്‌ വകയില്ലാത്തവരാണെന്നതാണ്‌ വാസ്തവം. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ ഗതിയില്ലെങ്കിലും മതത്തിൽ ഹജ്ജിനുള്ള പ്രാധാന്യം മനസ്സിലാക്കിയ അന്നുമുതലേ നാണയത്തുട്ടുകളടക്കം സ്വരുക്കൂട്ടിയുണ്ടാക്കിയ പണമുപയോഗിച്ച്‌ ഹജ്ജ്‌ യാത്രക്ക്‌ തുക കണ്ടെത്തുന്നവർക്ക്‌ ഈ കപ്പൽ സർവീസ്‌ സന്തോഷകരമായിരിക്കും, തീർച്ച.

C. വിമാന സർവീസിന്‌ ആഗോള ടെൻഡർ വിളിക്കാൻ ഹജ്ജ്‌ കമ്മിറ്റിക്ക്‌ അധികാരം നൽകുക

നിലവിൽ ഹജ്ജ്‌ വിമാനങ്ങൾ നിശ്ചയിക്കാനുള്ള അവകാശം ഇന്ന്‌ എയർ ഇന്ത്യയിൽ പരിമിതമാണ്‌. എയർ ഇന്ത്യയോ അവർ നിശ്ചയിക്കുന്ന വിമാന സർവീസ്‌ കമ്പനികളോ ആണ്‌ ഹജ്ജ്‌ യാത്രാസൗകര്യം ഒരുക്കുന്നത്‌. അതായത്‌ ഇന്ത്യയിൽ നിന്ന്‌ പുറപ്പെടുന്ന മറ്റ്‌ വിമാന കമ്പനികളുടെ സേവനത്തിന്‌ പോലും എയർ ഇന്ത്യക്കാണ്‌ സർക്കാർ ഭീമമായ സബ്സിഡി നൽകുന്നതെന്നർഥം. അത്‌ തന്നെ എയർ ഇന്ത്യ നിശ്ചയിക്കുന്ന നിരക്കിന്‌. സാധാരണ വിമാന ചാർജിനെ അപേക്ഷിച്ച്‌ മൂന്ന്‌ ഇരട്ടിയോളം വരുന്ന എയർ ഇന്ത്യയുടെ ഹജ്ജ്‌ നിരക്ക്‌, ആരോപിക്കപ്പെട്ട പോലെ കൊള്ളലാഭമെടുക്കലല്ല എങ്കിൽ ആഗോള ടെണ്ടർ വിളിച്ച്‌ ആത്മാർഥത തെളിയിക്കേണ്ടതുണ്ട്‌. മതപരമായ പ്രാധാന്യം കൂടി കണക്കിലെടുത്ത്‌ ഈ സീസണിൽ സൗദി എയർലൈൻസ്‌ പോലുള്ള കമ്പനികൾ കുറഞ്ഞ നിരക്കിൽ യാത്രാസൗകര്യമൊരുക്കുന്നതിൽ മത്സരിക്കുന്ന സമയത്ത്‌ മെച്ചപ്പെട്ട സേവനവും മാന്യമായ നിരക്കും പ്രയാസവുമില്ലാതെ കണ്ടെത്താൻ കഴിയുമെന്നത്‌ ഉറപ്പാണ്‌.

D. കണക്കുകൾ സുതാര്യമാക്കുക

നിലവിൽ ഹജ്ജ്‌ സബ്സിഡിയുടെ പേരിൽ നീക്കി വെച്ചുകൊണ്ടിരിക്കുന്ന തുകയും അതിന്റെ കൈമാറ്റ സമയത്തെ കണക്കുകളും തമ്മിൽ ഏറെ അന്തരമുണ്ടെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്‌. ഇത്‌ ശരിയാണെങ്കിൽ വ്യക്തമായ പകൽകൊള്ളയാണ്‌ ബന്ധപ്പെട്ടവർ നടത്തിക്കൊണ്ടിരിക്കുന്നത്‌. ഈയിടെ ഓൺലൈനിൽ ഗുജറാത്തിലെ ഒരു ഐ.പി.എസ്‌ ഉദ്യോഗസ്ഥന്റെതായി വന്ന ചില കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്‌. പ്രസ്തുത കണക്ക്‌ ഇങ്ങനെയാണ്‌:

ഹജ്ജിനു വേണ്ടി ഒരു ഹാജി സർക്കാരിനു കൊടുക്കുന്ന തുക: 185000 രൂപ

സൗദിയിൽ എത്തിയാൽ ഹാജിക്ക്‌ ഹജ്ജ്‌ കമ്മിറ്റി തിരിച്ച്‌ നൽകുന്ന തുക: 2100 റിയാൽ അഥവാ 38000 രൂപ

ഹജ്ജ്‌ കമ്മിറ്റിയുടെ കയ്യിൽ ഒരു ഹാജിയുടെ തുകയായി ബാക്കി വരുന്നത്‌ 185000-38000 =147000 രൂപ

ഹജ്ജ്‌ കമ്മിറ്റി എടുക്കുന്ന മറ്റ്‌ ചെലവുകൾ (എകദേശം)

മക്കയിലെ താമസം: 50000 രൂപ

മദീനയിലെ താമസം: 20000 രൂപ

വിമാനടിക്കറ്റ്‌ (ചൂഷണമുക്തമായ സാധാരണ നിരക്ക്‌): 28000 രൂപ

മറ്റ്‌ ചെലവുകൾ: 25000 രൂപ

ഒരു ഹാജിയുടെ ഹജ്ജ്‌ കഴിയാനുള്ള തുക, മൊത്തം = 123000 രൂപ

എല്ലാ ചെലവും കിഴിച്ച്‌ ഒരു ഹാജിയുടെ കയ്യിൽ നിന്നും ഹജ്ജ്‌ കമ്മിറ്റിക്ക്‌ കിട്ടുന്ന തുക: 147000- 123000 = 25000 രൂപ

ഇന്ത്യൻ ഗവൺമന്റ്‌ നൽകുന്ന ഹജ്ജ്‌ സബ്സിഡി: 691 കോടി (2016ലെ കണക്ക്‌)

മൊത്തം ഹാജിമാർ: 136000 പേർ

6910000000 / 136000 = 50808 രൂപ

ഒരു ഹാജിയുടെ സബ്സിഡിയും ചെലവ്‌ കിഴിച്ച്‌ ബാകി വരുന്ന തുകയും കൂട്ടിയാൽ

50808 + 25000= 75808 രൂപ

മൊത്തം ഹാജിമാരുടെ ചെലവ്‌ കിഴിച്ച്‌ ബാക്കി വരുന്ന തുകയും സബ്സിഡിയും കൂട്ടിയാൽ

75808 ഃ 136000 =10309888000 (ആയിരത്തി മുപ്പത്‌ കോടി)!

ബാക്കി വരുന്ന 3399888000 രൂപയുടെ കണക്കുകൾ എവിടെ?!

ഇക്കാര്യം ശരിയാണെങ്കിൽ സബ്സിഡിയുടെ പേരിൽ നടക്കുന്ന പ്രഹസനം ഇനിയും തുടരേണ്ടതുണ്ടോ എന്ന്‌ നാം ആലോചിക്കേണ്ടതുണ്ട്‌. ഇനിയത്‌ പൂർണമായും വസ്തുനിഷ്ഠമല്ല എങ്കിൽ കൃത്യമായ കണക്കുകൾ അധികാരികൾ പുറത്ത്‌ വിടേണ്ടതുണ്ട്‌. മറ്റ്‌ മുഴുവൻ വിവരങ്ങളും സുതാര്യമായി ലഭ്യമാവുന്ന വ​‍േ​‍്:ഽംംം.വമഷരീ​‍ാ​‍ാശ​‍േലേല.ഴീ​‍്‌.ശിലൂടെ ഇതിന്റെ വിശദാംശങ്ങളും ജനങ്ങൾക്ക്‌ ലഭ്യമാക്കാവുന്നതാണ്‌. സ്വന്തം സ്ഥാവര ജംഗമ സ്വത്തുക്കളിലുള്ള ബാധ്യതകളെല്ലാം കറ തീർത്ത്‌ തീർഥാടനം തിരഞ്ഞെടുക്കുന്ന ഹാജിമാർക്ക്‌ ഈ രംഗത്ത്‌ കൂടിയുള്ള സുതാര്യത ഏറെ ആശ്വാസകരമായിരിക്കും.

E. പഞ്ചനക്ഷത്ര ഹജ്ജ്‌ `വിനോദയാത്രകൾ` ഒഴിവാക്കുക

ഓരോ വർഷവും സർക്കാരിന്റെ സൗഹൃദസംഘമെന്ന പേരിൽ നിരവധി പേരെ വി.ഐ.പി പരിഗണനയിൽ ഹജ്ജിന്‌ കൊണ്ടുപോകുന്ന പതിവുണ്ട്‌. പലപ്പോഴും ഹജ്ജിന്റെ പരിശുദ്ധി മനസ്സിലാക്കുകയോ അതിന്റെ ആത്മാവ്‌ ഉൾക്കൊള്ളുകയോ ചെയ്യാത്തവരെയായിരിക്കും ഈ യാത്രക്ക്‌ തിരഞ്ഞെടുക്കുക. മാത്രമല്ല ഇവരിൽ പലരും എല്ലാ വർഷവും തുടർച്ചയായി ഈ ലിസ്റ്റിൽ കയറിക്കൂടുന്നുണ്ടെന്നത്‌ യാഥാർഥ്യവുമാണ്‌. ഹജ്ജാജിമാർക്ക്‌ `സേവനം` ചെയ്യുന്നതിൽ അതീവ താൽപര്യം കാണിക്കുന്ന ഇവരിൽ എത്ര പേർക്ക്‌ ഇവരുടെ ഉത്തരവാദിത്തങ്ങളെ കുറിച്ച്‌ ബോധ്യമുണ്ടെന്ന ചോദ്യം ചിന്തനീയമാണ്‌. 2013 ആഗസ്റ്റ്‌ 8ന്‌ 507-​‍ാം നമ്പർ ചോദ്യത്തിന്‌ മറുപടിയായി രാജ്യസഭയിൽ അവതരിപ്പിച്ച കണക്കനുസരിച്ച്‌ പ്രതിവർഷം 500 സീറ്റുകൾ ഇങ്ങനെ മാറ്റിവെയ്ക്കുന്നുണ്ട്‌. അത്‌ താഴെ പറയുന്ന വിധത്തിലാണ്‌.

പ്രസിഡന്റ്‌: 100 സീറ്റ്‌.

വൈസ്‌ പ്രസിഡന്റ്‌: 75 സീറ്റ്‌.

പ്രധാനമന്ത്രി: 75.

വിദേശകാര്യ വകുപ്പ്‌ മന്ത്രി: 50 സീറ്റ്‌.

ഹജ്ജ്‌ കമ്മിറ്റി: 200 സീറ്റ്‌.

2016ലെ പ്രസിഡന്റിന്റെ ഹജ്ജ്‌ ക്വാട്ടയിൽ പോയ ആളുകളുടെ ലിസ്റ്റ്‌ പരിശോധിച്ചാൽ 5 കുടുംബത്തിലെ 4 പേർ വീതവും 5 കുടുംബത്തിലെ 3 പേർ വീതവും 28 കുടുംബത്തിലെ 2 പേർ വീതവും വി.ഐ.പി പരിഗണനയിൽ ഹജ്ജ്‌ യാത്ര നടത്തിയിട്ടുണ്ട്‌ എന്ന്‌ മനസ്സിലാക്കാം.

ഹാജിമാരുടെ ക്ഷേമത്തിന്‌ സഊദിയിലെ ഇന്ത്യൻ എംബസിയിൽ തന്നെ വേണ്ടത്ര ആളുകളുണ്ടായിരിക്കെ ഇത്രയും ആളുകളെ സർവസന്നാഹങ്ങളോടെയും എഴുന്നള്ളിക്കേണ്ടതിന്റെ സാംഗത്യം പര്യാലോചിക്കേണ്ടതുണ്ട്‌.

സമാപനം

ഹജ്ജ്‌ സബ്സഡിയുമായി ബന്ധപ്പെട്ട്‌ പതിവ്‌ പോലെ ഉയർന്നുവന്ന ഏതാനും വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അതിനെക്കുറിച്ച്‌ അൽപമൊന്ന്‌ പഠനവിധേയമാക്കിയപ്പോൾ മനസ്സിലാക്കിയ വിവരങ്ങൾ ഞെട്ടിക്കുന്നതാണ്‌. `അടി കൊള്ളാൻ ചെണ്ടയും പണം വാങ്ങാൻ മാരാരു`മെന്ന സ്ഥിതിവിശേഷത്തിന്‌ ഇനിയെങ്കിലും അറുതി വരണം. മറ്റുള്ളവർ വരുത്തി വെക്കുന്ന വിനകൾക്ക്‌ തല്ലുകൊള്ളാനുള്ള `വീപിംഗ്‌ ബോയി`യാവാൻ മുസ്ലിം സമുദായം ഒരുക്കമല്ല എന്ന്‌ ഉറക്കെ പറയേണ്ട സമയത്ത്‌ പോലും സ്വസമുദായത്തിനെതിരെ ശബ്ദിച്ചാൽ മതേതരപ്പട്ടികയിൽ സ്ഥാനം പിടിക്കാമെന്ന്‌ വ്യാമോഹിക്കുന്നവരുടെ കൂട്ടത്തിലായിരിക്കരുത്‌ ക്രാന്തദർശിത്വമുള്ള രാഷ്ട്രീയ നേതാക്കന്മാരുടെ സ്ഥാനം.

രാജ്യത്തിന്‌ ആവശ്യം സ്വന്തം ദർശനങ്ങളെ മറച്ചുപിടിച്ച്‌ സഹോദര മതസ്ഥരുടെ മുന്നിൽ നല്ല പിള്ള ചമയുന്ന കപട മതേതരരെയല്ല. മറിച്ച്‌, സ്വജീവിതത്തിലും ബാഹ്യചിഹ്നങ്ങളിലും മതകീയചിന്തകൾ വെച്ചു പുലർത്തുന്നതോടൊപ്പം തന്നെ ഇതര മത-പ്രത്യയശാസ്ത്ര വക്താക്കൾക്കും അത്തരം നിലപാടുകൾ കാത്തുസൂക്ഷിക്കാൻ അവസരം വകവെച്ച്‌ കൊടുക്കാനും, അവരുടെ അവകാശങ്ങൾക്കായി അവരുടെ കൂടെ നിന്ന്‌ പ്രവർത്തിക്കാനുമുള്ള പ്രമാണത്തിലധിഷ്ഠിതമായ, വിശാല മനസ്കതയാണ്‌. അതിലൂടെ മാത്രമെ പരസ്പരം അടുത്തും അറിഞ്ഞും പഠിച്ചും തിരുത്തിയും മുന്നോട്ട്‌ പോകുന്ന നാനാത്വത്തിൽ ഏകത്വമെന്ന മഹിതാശയം പ്രാവർത്തികമാവൂ. അത്തരമൊരു നല്ല നാളേക്കായി പ്രാർഥിച്ചു കൊണ്ട്‌.