സലഫി വിരോധികളുടെ 'മുഖ്യധാരാ' വിമര്‍ശനങ്ങള്‍

സുഫ്‌യാന്‍ അബ്ദുസ്സലാം

2017 ഒക്ടോബര്‍ 14 1438 മുഹര്‍റം 23

ഒരു വിഭാഗത്തോടുള്ള വിദ്വേഷം നിങ്ങളെ അനീതി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കാതിരിക്കട്ടെ എന്ന വിശുദ്ധ ക്വുര്‍ആനിന്റെ സന്ദേശം വിശ്വാസികള്‍ക്കെല്ലാം ബാധകമാണ്. മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആശയപരമായ വ്യത്യാസങ്ങള്‍ പണ്ഡിതോചിതമായി പരിശോധിക്കുവാനും വിലയിരുത്തുവാനും എല്ലാ വിഭാഗങ്ങള്‍ക്കും അവകാശമുണ്ട്. തെറ്റുശരികളെ നിര്‍ണയിക്കുവാന്‍ ഓരോരുത്തരും സ്വീകരിച്ചുവരുന്ന അളവുകോലുകള്‍ ഉപയോഗിച്ചുകൊണ്ട് ഭിന്നവീക്ഷണങ്ങളില്‍ അടിയുറച്ച് നില്‍ക്കുന്നതും അതാത് വിഭാഗങ്ങളുടെ സ്വാതന്ത്ര്യത്തില്‍ പെട്ടതാണ്. പക്ഷേ, തങ്ങളുടെ വീക്ഷണത്തെ അംഗീകരിക്കുന്നില്ല എന്ന കാരണത്താല്‍ മറുവിഭാഗത്തോടുണ്ടാകുന്ന എതിര്‍പ്പ് അതിരുകവിഞ്ഞ് അവരെ സമൂഹമധ്യത്തില്‍ താറടിച്ചു കാണിക്കുവാനും ഭരണകൂടത്തിന്റെ മുന്നില്‍ വലിയ കുറ്റക്കാരായി അവതരിപ്പിക്കുവാനും ശ്രമിക്കുന്നത് ആശയപരമായ പരാജയമാണ്. 

കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പേരില്‍ ഏതാനും പേര്‍ പുറത്തിറക്കുന്ന 'മുഖ്യധാര' മാസികയില്‍ ഹുസൈന്‍ രണ്ടത്താണി എഴുതിയ 'ഹിന്ദുത്വം, സലഫിസം സാമ്രാജ്യത്വത്തിന്റെ സന്താനങ്ങള്‍' എന്ന ലേഖനം ഇത്തരം വിദ്വേഷ പ്രചാരണത്തിന്റെ ഭാഗം മാത്രമാണ്. തലക്കെട്ട് വായിക്കുമ്പോള്‍ തന്നെ സാമാന്യബുദ്ധിയുള്ള ഏതൊരാള്‍ക്കും രോഗം മനസ്സിലാവും. 'സലഫിസം' എന്ന ഒരു ഇസം ലോകത്ത് സലഫി മാര്‍ഗം സ്വീകരിക്കുന്ന പണ്ഡിതന്മാരോ രാജ്യങ്ങളോ സ്വീകരിച്ചിട്ടില്ല എന്നത് ആദ്യമേ സൂചിപ്പിക്കട്ടെ. ഇന്ത്യാരാജ്യത്തെ സവര്‍ണ ഭീകരതയുടെ പ്രതീകമായ 'ഹിന്ദുത്വ ഫാഷിസത്തെ സുഊദി അറേബ്യയുമായും അവര്‍ ആദര്‍ശമായി സ്വീകരിച്ച ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും സലഫുസ്സ്വാലിഹുകളുടെയും മാര്‍ഗവുമായി ബന്ധിപ്പിക്കുവാനും താരതമ്യം ചെയ്യാനുമുള്ള ശ്രമമാണ് രണ്ടത്താണി നടത്തിയിരിക്കുന്നത്. ഇത്തരം താരതമ്യത്തിന്റെ ശില്‍പികള്‍ ലോകത്തെ ഓറിയന്റലിസ്റ്റുകളും സിയോണിസ്റ്റുകളുമടങ്ങുന്ന സാമ്രാജ്യത്വത്തിന്റെ അപ്പം ഭുജിക്കുന്ന ചില ബുദ്ധിജീവികളാണെന്നത് മുസ്‌ലിം ലോകം നേരത്തെ വിലയിരുത്തിയിട്ടുള്ള കാര്യമാണ്. അതിന്റെയൊരു ആധുനിക പതിപ്പ് മാത്രമാണ് ഇദ്ദേഹമെന്നത് അദ്ദേഹത്തിന്റെ എഴുത്തിലൂടെ വ്യക്തമായിരിക്കുകയാണ്. ലോകമാകമാനം പടര്‍ന്നു പന്തലിക്കുമായിരുന്ന മുസ്‌ലിം തീവ്രവാദത്തെയും ഭീകരതയെയും കടിഞ്ഞാണിടുകയും ഭീകരസമൂഹത്തെ ഉന്മൂലനം ചെയ്യുകയും ശക്തമായ ശിക്ഷാനടപടികളിലൂടെ ഭീകരതയെ തുരത്തുകയും ചെയ്ത പാരമ്പര്യമാണ് സുഊദി അറേബ്യക്കും ഇതര ഗള്‍ഫ് രാജ്യങ്ങള്‍ക്കുമുള്ളതെന്ന കാര്യം ലോകത്തെ മുഴുവന്‍ ഇസ്‌ലാമിക സമൂഹം അംഗീകരിക്കുമ്പോഴാണ് 'മുഖ്യാധാര'യിലൂടെ ഇദ്ദേഹത്തിന്റെ സുഊദി വിരുദ്ധ തൂലികാഭ്യാസം! സാമ്രാജ്യത്വം എന്നും തെറ്റുധരിപ്പിച്ചുകൊണ്ടിരിക്കുന്ന ഇസ്‌ലാമിക ശരീഅത്തിനെതിരെ ഇന്ത്യയില്‍ ചില പ്രചാരണങ്ങളുണ്ടാവുകയും കേരളത്തില്‍ ഇടതുപക്ഷ സൈദ്ധാന്തികര്‍ ആ പ്രചാരണം ഏറ്റെടുക്കുകയും ചെയ്തപ്പോള്‍ ശരീഅത്ത് സംരക്ഷണത്തിന് വേണ്ടി കേരള മുസ്‌ലിംകള്‍ ഒന്നിച്ചു നില്‍ക്കുകയുണ്ടായി. അന്ന് ശരീഅത്ത് വിരുദ്ധര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച വിഭാഗത്തിന്റെ 'ബുദ്ധിജീവി'യായ ലേഖകന്‍ പഴയ ചരിത്രം മറന്നു പോകാതിരിക്കുന്നത് നല്ലതാണ്. ഇത്തരം ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന 'മുഖ്യധാര'യുടെയും ഹിന്ദുത്വ ഫാഷിസത്തിന്റെ പഴയ 'വിചാരധാര'യുടെയും അന്തര്‍ധാര ഒന്നുതന്നെയാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. 

മുഖ്യധാരയിലെ ഒരു വരി ശ്രദ്ധിക്കൂ: 'ലോകത്ത് ഭീകരത വിതച്ച ഹിന്ദുത്വ സലഫി പ്രസ്ഥാനങ്ങളെ വിലയിരുത്തുമ്പോള്‍ ഈ വസ്തുത നമുക്ക് ബോധ്യപ്പെടും... രണ്ടിന്റെയും ജനയിതാക്കള്‍ സാമ്രാജ്യത്വം തന്നെയാണെന്ന് കാണാം.' ഒരിക്കലും യോജിക്കാത്ത രണ്ടു ചിന്താധാരകളെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്നതോടൊപ്പം സലഫിപ്രസ്ഥാനത്തിന്റെ ജനയിതാവ് സാമ്രാജ്യത്വമാണെന്നു ഒരു തെളിവും ഉളുപ്പുമില്ലാതെ തറപ്പിച്ചുപറയുവാനാണ് ഇദ്ദേഹം ശ്രമിക്കുന്നത്. കേരളീയ മുസ്‌ലിം സമൂഹം ഹിന്ദുത്വ ഫാഷിസത്തിന് നേരെ മതേതര പ്രസ്ഥാനങ്ങളോട് കൈകോര്‍ത്ത് പിടിക്കുമ്പോഴും ഹിന്ദുത്വ ഫാഷിസത്തിന് മലയാളി മുസ്‌ലിം ഹൃദയങ്ങളില്‍ പരവതാനി വിരിച്ചുകൊടുക്കുവാന്‍ ശ്രമിച്ച പ്രസ്ഥാനത്തിന്റെ മലപ്പുറത്തെ വിദ്യാഭ്യാസ സമുച്ചയത്തിന്റെ അക്കാദമിക ഡയറക്ടറായി ഇരിക്കുന്നയാളാണ് ഇത് പറയുന്നതെന്നോര്‍ക്കുമ്പോള്‍ ആ ചര്‍മ സൗഭാഗ്യത്തിന് മുമ്പില്‍ തലതാഴ്ത്തുകയല്ലാതെ നിവൃത്തിയില്ല. സലഫികള്‍ക്കാണ് ഹിന്ദുത്വ ഫാഷിസവുമായി ബന്ധമുള്ളതെന്ന കള്ളങ്ങള്‍ പറയുന്നവര്‍ ഹിന്ദുത്വ ഫാഷിസ്റ്റുകളുമായി കൈകോര്‍ത്തുകൊണ്ട് കാന്തപുരം മുസ്‌ല്യാര്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഡല്‍ഹിയില്‍ നടന്ന ലോക സ്വൂഫി സമ്മേളനത്തില്‍ പങ്കെടുത്തത് സൗകര്യപൂര്‍വം വിസ്മരിക്കുന്നു. അതിനെ ഹിന്ദുത്വ സ്വൂഫീ അന്തര്‍ധാരയാണെന്നു മാധ്യമങ്ങള്‍ നിരീക്ഷിച്ചു. ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസത്തിന്റെയും ഗുജറാത്തിലെ മുസ്‌ലിം നരഹത്യയുടെയും അപ്പോസ്തലന്‍ ആ സമ്മേളനത്തിന്റെ വേദിയില്‍ പ്രകീര്‍ത്തിച്ചത് സലഫി പ്രസ്ഥാനത്തെയായിരുന്നില്ല; മറിച്ച് സ്വൂഫികളെയായിരുന്നുവെന്നും മറന്നുപോവരുത്. 

ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്നും കെട്ടുകെട്ടിക്കുവാന്‍ അശ്രാന്തം പരിശ്രമിച്ച സലഫികള്‍ ബ്രിട്ടീഷുകാരുടെ ഉല്‍പന്നമാണെന്നാണ് ഹുസൈന്‍ രണ്ടത്താണിയുടെ കണ്ടുപിടുത്തം! യഥാര്‍ഥത്തില്‍ ഈ ആരോപണം ഉന്നയിക്കുന്നവര്‍ തന്നെയാണ് ബ്രിട്ടീഷുകാരുടെ ഉല്‍പന്നമെന്നു തെളിയിക്കുന്നതാണ് ചരിത്രത്തില്‍ ആരും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത ചില സത്യങ്ങള്‍. 1933ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കോഴിക്കോട് ഫറോക്കില്‍ നടത്തിയ സമ്മേളനത്തില്‍ ബ്രിട്ടീഷ് ഭരണത്തെ അനുകൂലിച്ച് പ്രമേയം പാസ്സാക്കി മുസ്‌ലിം സമുദായത്തെ ബ്രിട്ടീഷുകാരുടെ പാദസേവകരാക്കി മാറ്റാന്‍ ശ്രമിച്ച ചരിത്രമാണ് സൂചിപ്പിക്കുന്നത്. സമസ്തയുടെ പ്രമേയം ഇതായിരുന്നു: 'സാധുക്കളും നിരപരാധികളുമായ കേരള മുസ്‌ലിംകളെ കോണ്‍ഗ്രസ്സ് കക്ഷിക്കാര്‍ അവരുടെ ഉദ്ദേശ്യ നിര്‍വഹണത്തിനായി ഖിലാഫത്ത് കമ്മിറ്റി എന്ന പേരും പ്രസിദ്ധം ചെയ്ത് അവരുടെ മായാവലയില്‍ പെടുത്തുകയും അവിവേകികളും പാമരന്മാരുമായ മുസ്‌ലിമീങ്ങളെ മുമ്പിലേക്കുതള്ളി കക്ഷിവഴക്കുകളും ബഹളവുമുണ്ടാക്കി കേരളം മിക്കവാറും സ്ഥലങ്ങളില്‍ വമ്പിച്ച ലഹള നടന്നതിന്റെ ഫലമായി എത്രയോ അനവധി മുസ്‌ലിം സഹോദരങ്ങള്‍ തോക്കിന്നിരയാവുകയും ജയില്‍ ശിക്ഷക്ക് കാരണഭൂതരായിത്തീരുകയും ചെയ്തുവല്ലോ. ഭരണകര്‍ത്താക്കളോട് എതിര്‍ക്കലും അവരുടെ കല്‍പന അനാദരവ് ചെയ്യലും മതവിരോധമായിട്ടുള്ള കാര്യമായിരിക്കെ കോണ്‍ഗ്രസ്സ് കക്ഷിക്കരുമായി യോജിക്കലും അവരോട് സഹകരിക്കലും യഥാര്‍ഥ മുസ്‌ലിംകള്‍ക്ക് ചെയ്യാന്‍ പാടില്ലാത്തതാകുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സംഘത്തിലെ അംഗങ്ങളായ മുസ്‌ല്യാന്മാര്‍ എല്ലാവരും കോണ്‍ഗ്രസ്സുകാര്‍ അല്ലാത്തവരും ഗവണ്‍മെന്റ്കക്ഷിയും ആയിരിക്കണമെന്നും അഹ്‌ലുസ്സുന്നത്ത് വല്‍ ജമാഅത്തിന്റെ വിശ്വാസ നടപടികളെയും അതിനുള്ള ഉപകരണങ്ങളെയും പൊതുസമാധാനപാലനത്തെയും പുനരുജ്ജീവിപ്പിക്കല്‍ മേപ്പടി സംഘത്തിന്റെ മൂലസിദ്ധാന്തങ്ങളില്‍ പെട്ടതാണെന്നുമുള്ള മുന്‍നിശ്ചയത്തെ ഈ യോഗം പുനരാവര്‍ത്തിച്ചു ശക്തിപ്പെടുത്തുകയും ചെയ്യുന്നു' എന്നായിരുന്നു പ്രസ്തുത പ്രമേയം. 

ഖാന്‍ ബഹാദൂര്‍ മമ്മുട്ടി സാഹിബ് അവതരിപ്പിച്ച ഈ പ്രമേയത്തെ പിന്താങ്ങിയത് പാങ്ങില്‍ അഹ്മദ്കുട്ടി മുസ്‌ല്യാരടക്കമുള്ള പ്രഗത്ഭരായ സമസ്ത പണ്ഡിതനായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ കേരള ജംഇയ്യത്തുല്‍ ഉലമയിലെ സലഫി ആശയങ്ങള്‍ ഉള്‍ക്കൊണ്ട പണ്ഡിതന്മാര്‍ നല്‍കിയ ബൗദ്ധികവും ആശയപരവും നേതൃപരവുമായ പങ്ക് ചരിത്രതാളുകളില്‍ തങ്കലിപികളാല്‍ ഉല്ലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. അതൊന്നും ചരിത്രവിഷയങ്ങളില്‍ ഉന്നതബിരുദം നേടിയെന്നവകാശപ്പെടുന്ന ഏതെങ്കിലും ആധുനിക 'ഡോക്ടര്‍മാര്‍' നിഷേധിച്ചാല്‍ മാഞ്ഞുപോകുന്നതല്ല. 

ഇത്തരം അബദ്ധചരിത്രങ്ങള്‍ എഴുതി പ്രസിദ്ധീകരിക്കുന്ന മുഖ്യധാര ബുദ്ധിജീവികളോടും ചിലത് പറയാനുണ്ട്. 1942ലെ ക്വിറ്റ് ഇന്ത്യ സമരത്തിനെതിരെ ഇന്ത്യന്‍ മനഃസാക്ഷിക്കെതിരായ നിലപാടെടുത്ത കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും സാമ്രാജ്യത്വ ശക്തികള്‍ക്ക് വേണ്ടി ദാസ്യവേല ചെയ്യുകയായിരുന്നില്ലേ? കമ്യൂണിസ്റ്റ് ആചാര്യനായിരുന്ന നമ്പൂതിരിപ്പാട് തന്നെ അദ്ദേഹത്തിന്റെ 'ഒരു ഇന്ത്യന്‍ കമ്യൂണിസ്റ്റുകാരന്റെ ഓര്‍മക്കുറിപ്പുകള്‍' എന്ന പുസ്തകത്തില്‍ ബ്രിട്ടീഷുകാരെ പിന്തുണക്കേണ്ട ആവശ്യകത വളരെ വ്യക്തമായി എഴുതിയിട്ടുണ്ടല്ലോ. സാര്‍വദേശീയ തൊഴിലാളിത്വ ശക്തിയായ റഷ്യയുടെ സഖ്യകക്ഷിയായ ബ്രിട്ടനെ എതിര്‍ക്കാന്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് സാധിക്കില്ലെന്നാണ് ഇ.എം.എസ് സൂചിപ്പിച്ചത്. അനേകം നിരപരാധികളെ കൊന്നൊടുക്കിയ കമ്യൂണിസ്റ്റ് റഷ്യയുടെ സ്വേച്ഛാധിപതിയായിരുന്ന സ്റ്റാലിനും തത്തുല്യമോ അതിലുപരിയോ പേരെ കൊന്നൊടുക്കിയ ജര്‍മനിയിലെ ഹിറ്റ്‌ലറും തമ്മില്‍ പരസ്പരം ആക്രമിക്കാതിരിക്കാന്‍ സന്ധി ചെയ്തിരുന്നു. എന്നാല്‍ സന്ധി ലംഘിച്ച് ജര്‍മനി റഷ്യയെ ആക്രമിച്ചു. അതിനെ തുടര്‍ന്നാണ് റഷ്യ ബ്രിട്ടനുമായി സഖ്യത്തിലേര്‍പ്പെട്ടത്. അതുകൊണ്ട് തന്നെ റഷ്യയുടെ സഖ്യകക്ഷിയായ ബ്രിട്ടനെ ലോകരാഷ്ട്രീയത്തില്‍ പിന്തുണക്കല്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും അനിവാര്യമായി എന്നും തുറന്നു പറയാന്‍ അദ്ദേഹം മടിച്ചില്ല. അതുകൊണ്ടുതന്നെ ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യ നയിച്ച സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാതെ ബ്രിട്ടന് അനുകൂലമായ നിലപാട് കമ്യൂണിസ്റ്റുകള്‍ സ്വീകരിച്ചുവെന്നത് അവര്‍ തന്നെ സമ്മതിക്കുന്ന ചരിത്രമാണ്. 

ഒരു ഘട്ടത്തില്‍ ഗാന്ധിജിക്ക് അന്നത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന പി. സി. ജോഷിക്ക് രൂക്ഷമായ ഭാഷയില്‍ കത്തയക്കേണ്ടി വന്നു. 'നിങ്ങള്‍ സ്വാതന്ത്ര്യ സമര സേനാനികളെ ഒറ്റു കൊടുക്കുന്നില്ലേ? നിങ്ങളെ നിയന്ത്രിക്കുന്നത് ഇന്ത്യക്ക് പുറത്തു നിന്നല്ലേ? നിങ്ങള്‍ക്ക് ലഭിക്കുന്ന പണത്തിന്റെ കണക്ക് പൊതുജനസമക്ഷം വെക്കാന്‍ തയ്യാറാണോ? എനിക്ക് അത് കാണാന്‍ സാധിക്കുമോ? നിങ്ങള്‍ ദുരുദ്ദേശ്യ ലക്ഷ്യങ്ങളോടെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നുഴഞ്ഞു കയറുന്നില്ലേ?' ഇതായിരുന്നു കത്തിന്റെ ഉള്ളടക്കം. ഗാന്ധിജിയുടെ ഈ കത്ത് പുരണ്‍ ചന്ദ്ര ജോഷി എഴുതിയ "Correspondence between Mahatma Gandhi and PC Joshi' എന്ന പുസ്തകത്തില്‍ ഇപ്പോഴും ലഭ്യമാണ്. 1947ല്‍ സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ഇന്ത്യ മുഴുവന്‍ ആനന്ദിച്ചപ്പോള്‍ 'യെ ആസാദി ചൂട്ടി ഹേ' (ഈ സ്വാതന്ത്ര്യം കളവാണ്) എന്ന് പറഞ്ഞു രാജ്യം മുഴുവന്‍ സായുധസമരത്തിനു ആഹ്വനം ചെയ്തതും ജോഷിയുടെയും ബി. ടി രണദിവെയുടെയും നേതൃത്വത്തിലായിരുന്നു. സലഫി പ്രസ്ഥാനത്തോട് ഇസ്‌ലാമികമായ വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസമുള്ളവര്‍ അനവസരത്തില്‍ ഉന്നയിക്കുന്ന അസത്യജഡിലവും പ്രകോപനപരവുമായ ആരോപണങ്ങള്‍ക്ക് കുടപിടിക്കുന്ന സമീപനം 'മുഖ്യധാര' സ്വീകരിക്കുന്നത് കൊണ്ട് തന്നെ ഈ ചരിത്രം ഓര്‍മിപ്പിക്കല്‍ അനിവാര്യമാകുന്നു. 

സുഊദി അറേബ്യയെക്കുറിച്ചും അത് പ്രതിനിധാനം ചെയ്യുന്ന സലഫി ആശയത്തെക്കുറിച്ചും കടുത്ത ആരോപണങ്ങളും വിമര്‍ശനങ്ങളുമാണ് ലേഖകന്‍ തൊടുത്തുവിട്ടിരിക്കുന്നത്. ഹംഫര്‍ എന്ന ബ്രിട്ടീഷ് ചാരനാണ് സുഊദിയെ സൃഷ്ടിച്ചതെന്ന് പറയുന്ന അതേ തൂലിക തന്നെ പ്രസ്തുത ആരോപണങ്ങള്‍ക്ക് പലരും മറുപടി പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ അത് സ്ഥാപിക്കുന്ന പുതിയ തെളിവുകളുണ്ടെന്നും പറയുന്നു. തെളിവുകള്‍ പുറത്തുവിട്ടതുമില്ല! ഈ പഴകിപ്പുളിച്ച ആരോപണങ്ങള്‍ക്ക് പല തവണ മറുപടി പറഞ്ഞിട്ടുള്ളതാണ്. സുഊദി അറേബ്യ വെച്ചുപുലര്‍ത്തുന്ന സലഫി ആശയം തീവ്രതയുടെതോ ഭീകരതയുടെതോ അല്ല എന്ന കാര്യം ലോകരാഷ്ട്രങ്ങള്‍ക്കും അന്താരാഷ്ട്ര സമൂഹങ്ങള്‍ക്കും അറിയാവുന്ന കാര്യമാണ്. സമാധാനത്തിന്റെ മതമായ ഇസ്‌ലാം ഏകനായ അല്ലാഹുവിനുള്ള സമ്പൂര്‍ണമായ സമര്‍പണം കൂടിയാണ്. ഏകനായ സ്രഷ്ടാവിനെയല്ലാതെ ആരാധിക്കുന്നതും പ്രാര്‍ഥിക്കുന്നതും സഹായാര്‍ഥന നടത്തുന്നതും ഇസ്‌ലാം വന്‍പാപമായ ശിര്‍ക്കാണെന്ന് വ്യക്തമാക്കുന്നു. അത് അമ്പിയാക്കളോടായിരുന്നാലും ഔലിയാക്കളോടായിരുന്നാലും ശിര്‍ക്ക് തന്നെ. മക്വ്ബറകളില്‍ നടമാടിക്കൊണ്ടിരിക്കുന്ന അനാചാരങ്ങള്‍ ഇസ്‌ലാമിന്റെ അധ്യാപനങ്ങള്‍ക്ക് വിരുദ്ധമാണ്. ഏത് പ്രതിസന്ധി ഘട്ടത്തിലും അല്ലാഹുവിനോട് മാത്രമെ ദുആ ചെയ്യാവൂ എന്നതാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഈ ആശയങ്ങളാണ് സുഊദി അറേബ്യ പ്രതിനിധാനം ചെയ്യുന്ന സലഫി ആശയങ്ങളുടെ കാതല്‍. പ്രവാചകനും സ്വഹാബത്തും അവര്‍ക്ക് ശേഷമുള്ള മൂന്നു നൂറ്റാണ്ടുകളിലെ പൂര്‍വസൂരികളും ഉള്‍ക്കൊള്ളുന്നതാണ് സലഫ്. മതകാര്യങ്ങള്‍ ഈ സലഫുകള്‍ മനസ്സിലാക്കിയ പോലെത്തന്നെ മനസ്സിലാക്കണമെന്നും അവര്‍ക്ക് ശേഷം പല ഘട്ടങ്ങളിലായി ഇസ്‌ലാമില്‍ കടന്നുകൂടിയ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തള്ളപ്പെടേണ്ടതാണെന്നുമുള്ള സന്ദേശമാണ് സലഫി ആശയങ്ങള്‍ പഠിപ്പിക്കുന്നത്. ഈ ആശയങ്ങള്‍ എങ്ങനെയാണ് തീവ്രവാദവും ഭീകരവാദവുമായി വ്യാഖ്യാനിക്കപ്പെടുന്നത്? ഈ ആശയങ്ങളോട് യോജിക്കാം; വിയോജിക്കാം. ആരെയും അതിനു നിര്‍ബന്ധിക്കുന്നില്ല.  വിശുദ്ധ ക്വുര്‍ആന്‍ പഠിപ്പിച്ച, പ്രവാചകന്‍ ﷺ അനുചരന്മാരെ ഉല്‍ബോധിപ്പിച്ച ആദര്‍ശങ്ങള്‍ കൈയൊഴിഞ്ഞ, മതത്തെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്ന പൗരോഹിത്യം സ്വാഭാവികമായും ശുദ്ധമായ തൗഹീദില്‍ അധിഷ്ഠിതമായ ആശയങ്ങള്‍ക്കെതിരെ ദുഷ്പ്രചാരണം നടത്തും. ആശയത്തെ ആശയംകൊണ്ട് നേരിടാന്‍ സാധിക്കാത്തത് കൊണ്ടാണ് നട്ടാല്‍ മുളക്കാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയെന്ന ഗീബല്‍സിയന്‍ തിയറി സുഊദിക്കെതിരെ വിമര്‍ശകര്‍ സ്വീകരിച്ചിരിക്കുന്നത്. 

ബ്രിട്ടീഷ് അധികാരികള്‍ക്ക് മുഹമ്മദ്ബ്‌നു അബ്ദുല്‍വഹാബിനോടും സലഫി ചിന്താധാരയോടും ശക്തമായ എതിര്‍പ്പും വിരോധവുമാണുണ്ടായിരുന്നതെന്നു വ്യക്തമാക്കുന്ന ധാരാളം രേഖകളുണ്ട്.  സലഫി ആഭിമുഖ്യമൊന്നുമില്ലാതിരുന്ന പ്രമുഖ ഈജിപ്ഷ്യന്‍ ചരിത്രകാരന്‍ ഡോ: അഹ്മദ് ശലബി ഇസ്‌ലാമിക വിജ്ഞാന കോശം' എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു: 'വഹാബി പ്രസ്ഥാനത്തിന്റെ മറ്റൊരു ശത്രു തത്സമയം രംഗത്തുവന്ന ബ്രിട്ടീഷ് കോളനി വാഴ്ചയായിരുന്നു. അവര്‍ക്കു ഗള്‍ഫില്‍ വര്‍ധിച്ച താല്‍പര്യമുണ്ടായിരുന്നു. ഉപദ്വീപില്‍ ദുര്‍ബല ശക്തികള്‍ ഭരിച്ചാലേ അവരുടെ താല്‍പര്യസംരക്ഷണം സാധ്യമാകൂ. സുഊദികള്‍ കെട്ടിപ്പെടുത്തുകൊണ്ടിരിക്കുന്ന ശക്തവും പ്രവിശാലവുമായ ഭരണം തങ്ങളുടെ രാഷ്ട്രീയ താല്‍പര്യത്തിനെതിരാണെന്നവര്‍ മനസ്സിലാക്കി. വഞ്ചനയിലൂടെയും ഭീഷണി മുഖേനയും ആവശ്യഘട്ടങ്ങളില്‍ സൈന്യം മുഖേനയും അവര്‍ തക്കസമയത്തു ഇടപെട്ടു കൊണ്ടിരുന്നു' (വാ. 7, പേ. 125). 

മറ്റൊരു ചരിത്രകാരനായ സര്‍വത് സൗലത് എഴുതുന്നു: 'ഉസ്മാനിയ സുല്‍ത്താനത്തും ബ്രിട്ടീഷുകാരും സുഊദി ഗവര്‍മെന്റിനെ യശോഹത്യ ചെയ്യുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അവര്‍ തെറ്റിദ്ധാരണാജനകവും അതിശയോക്തിപരവുമായ വാര്‍ത്തകള്‍ ലോകത്തെങ്ങും പ്രചരിപ്പിച്ചു. ബ്രിട്ടീഷുകാരും ഉസ്മാനികളും സുഊദികളുടെ ശത്രുക്കളായിരുന്നുവല്ലൊ. ഉസ്മാനികളുമായി അവര്‍ നേര്‍ക്കുനേരെത്തന്നെ സംഘട്ടനത്തിലായിരുന്നു. പേര്‍ഷ്യന്‍ ഗള്‍ഫ് തീരങ്ങളുടെ മേലുള്ള സുഊദി ആധിപത്യം ഇവിടെ വര്‍ധിച്ചുവരുന്ന ബ്രിട്ടീഷ് സ്വാധീനത്തിനു തടസ്സമാണെന്ന് കണ്ട ബ്രിട്ടീഷുകാര്‍ ഒമാനിലെ അമീറായ സുഊദിനു പണംകൊടുത്തുകൊണ്ട് സുഊദി കുടുംബത്തോട് യുദ്ധം ചെയ്യിച്ചിരുന്നു. ഈ കാലത്താണ് ഇന്ത്യയില്‍ മുജാഹിദീന്‍ പ്രസ്ഥാനം ശക്തിപ്രാപിച്ചത്. മുജാഹിദീന്‍ പ്രസ്ഥാനക്കാരെ തകര്‍ക്കുന്നതിനു വേണ്ടി ബ്രിട്ടീഷുകാര്‍ മുഹമ്മദ്ബ്‌നു അബ്ദില്‍ വഹാബിന്റെ ചിന്തകളെക്കുറിച്ച് പലതരത്തിലുള്ള തെറ്റിദ്ധാരണകള്‍ പരത്തുകയും മുജാഹിദ് പ്രസ്ഥാനക്കാരെ വഹാബികളായി ചിത്രീകരിക്കുകയും ചെയ്തു. മുഹമ്മദ്ബ്‌നു അബ്ദില്‍ വഹാബിനെ 'വഹാബി' എന്ന പുതിയ കക്ഷിയുടെ സ്ഥാപകനായി ബ്രിട്ടീഷുകാര്‍ അവതരിപ്പിച്ചു. വാസ്തവത്തില്‍ അദ്ദേഹം ഒരു പുതിയ കക്ഷിയുടെ സ്ഥാപകനേ അല്ല. അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിലെ ഹമ്പലി മദ്ഹബുകാരനായിരുന്ന അദ്ദേഹം ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും അധ്യാപനങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുക മാത്രമെ ചെയ്തിട്ടുള്ളൂ' (ഇസ്‌ലാമിക സമൂഹം ചരിത്ര സംഗ്രഹം, വാള്യം 2, പേ. 531). 

ചരിത്ര വസ്തുതകള്‍ ഇങ്ങനെയായിരിക്കെ ശൈഖ് മുഹമ്മദ്ബ്‌നു അബ്ദുല്‍ വഹാബിനെയും സുഊദി അറേബ്യയെയും സലഫി പ്രസ്ഥാനത്തെയും ബ്രിട്ടീഷുകാരുടെ ഉല്‍പന്നമായി അവതരിപ്പിക്കുന്നവരുടെ പ്രശ്‌നം പൗരോഹിത്യവും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പുനഃപ്രതിഷ്ഠിക്കാന്‍ സാധിക്കാത്തതിലുള്ള ഇച്ഛാഭംഗമാണെന്നു മനസ്സിലാക്കാന്‍ ഒരു പ്രയാസവുമില്ല. 

ആധുനിക സുഊദി അറേബ്യയുടെ നയനിലപാടുകള്‍ വളരെ സുവ്യക്തമാം വിധം സുതാര്യമാണ്. അറബ് മേഖലയില്‍ വളര്‍ന്നുവന്ന തീവ്രവാദത്തോട് ആശയപരമായും പ്രായോഗികമായും ശക്തമായ നിലപാടാണ് സുഊദി സ്വീകരിച്ചിട്ടുള്ളത്. ജുഹൈമാന്‍ തൊട്ട് ബിന്‍ലാദിന്‍ വരെയും അല്‍ഖാഇദ, ദാഇശ് തുടങ്ങി മുഴുവന്‍ ഭീകരപ്രസ്ഥാനങ്ങളെയും അറബ് ലോകത്ത് കലാപത്തിന്റെയും തീവ്രതയുടെയും നാമ്പുകള്‍ കൊണ്ടുവരാന്‍ ശ്രമിച്ച മുഴുവന്‍ വ്യക്തികളുടെയും വഴിപിഴച്ച സംഘങ്ങളുടെയും തീവ്രവാദത്തെയും ഭീകരപ്രവര്‍ത്തനങ്ങളെയും അറബ് ലോകത്ത് നിന്നും ഇല്ലായ്മ ചെയ്യുന്നതില്‍ സുഊദി അറേബ്യയിലെ സലഫി പണ്ഡിതന്മാരുടെയും ഭരണകൂടത്തിന്റെയും ശ്രമങ്ങളെ സുഊദിയോട് മറ്റു പല കാര്യങ്ങളിലും വിയോജിപ്പ് പുലര്‍ത്തുന്നവര്‍ പോലും ശ്ലാഘിച്ചതായി കാണാന്‍ സാധിക്കും. സുഊദിയില്‍ തീവ്രവാദം നട്ടുവളര്‍ത്താന്‍ ശ്രമിച്ച വൈദേശിക ശക്തികളെക്കുറിച്ചും ഭരണകൂടത്തിനറിയാം. സുഊദി യുവാക്കളെ മസ്തിഷ്‌ക പ്രക്ഷാളനം നടത്തി തെറ്റായ വിധത്തില്‍ 'ജിഹാദിയന്‍' ചിന്തകള്‍ തിരുകിക്കയറ്റി ഭരണകൂടങ്ങളെ അട്ടിമറിക്കാന്‍ ശ്രമിച്ച ബ്രദര്‍ഹുഡ് അടക്കമുള്ള സംഘങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ സുഊദി ഭരണകൂടത്തിന് സാധിച്ചു. 

സുഊദി അറേബ്യയോടും അഹ്‌ലുസ്സുന്നയോടും ശക്തമായ വിരോധം സൂക്ഷിക്കുന്ന ഇറാന്‍ പോലെയുള്ള രാജ്യങ്ങള്‍ അഹ്‌ലുസ്സുന്നക്കിടയില്‍ ഭിന്നതകളുണ്ടാക്കിയും വിവിധ രാജ്യങ്ങളിലെ തീവ്രവാദികളെ വിലക്കെടുത്തും നടത്തിക്കൊണ്ടിരിക്കുന്ന 'ഫിത്‌ന'കളില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കാനുള്ള ഭഗീരഥ യത്‌നത്തിലാണ് സുഊദി അറേബ്യ. ഇവരൊക്കെ നടത്തിക്കൊണ്ടിരിക്കുന്ന ലോകതീവ്രവാദത്തെയും ഭീകരതയെയും സലഫി ആശയങ്ങളില്‍ കെട്ടിവെക്കാനാണ് വിമര്‍ശകര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത് എഴുതിക്കൊണ്ടിരിക്കുമ്പോഴും തീവ്രവാദികള്‍ സുഊദി അറേബ്യക്കെതിരെ ആക്രമണം നടത്തിക്കൊണ്ടിരിക്കുന്ന വാര്‍ത്തയാണ് വരുന്നത്. റിയാദില്‍ സുഊദി ആഭ്യന്തര മന്ത്രാലയം തകര്‍ക്കാനാണ് ഐ.എസ്. ഭീകരര്‍ ശ്രമിച്ചത്. ജിദ്ദയില്‍ അല്‍സലാമ കൊട്ടാരത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ഭീകരതയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളില്‍ ഒട്ടനവധി സുഊദി ഭടന്മാര്‍ വീരചരമം പ്രാപിച്ചിട്ടുണ്ട്. തീവ്ര ആശയങ്ങള്‍ക്കെതിരെ സുഊദിയുടെ സന്ധിയില്ലാ നയമാണ് ഇത് വ്യക്തമാക്കുന്നത്. 

തീവ്രചിന്തകള്‍ മുളച്ചുപൊങ്ങിയത് സലഫീ ആശയങ്ങളില്‍ നിന്നല്ല; മറിച്ച് സലഫി വിരുദ്ധ ആശയങ്ങളില്‍ നിന്നാണ്. സുഊദി ഭരണകൂടം രാജാധിപത്യമാണെന്നും അവിടെ ഇസ്‌ലാമിക ഖിലാഫത്തില്ലെന്നും പറഞ്ഞുകൊണ്ട് ലേഖകനടക്കം ഉന്നയിക്കുന്ന ആരോപണത്തിന്റെ ഉല്‍പന്നമാണ് ഐ.എസ്സും ഇതര ഭീകര സംഘങ്ങളും. ഇസ്‌ലാമിന്റെ മധ്യമ കാഴ്ചപ്പാടാണ് സലഫി മാര്‍ഗത്തിന്റെ ആദര്‍ശാടിത്തറയും പ്രയോഗികരൂപവും. ഇസ്‌ലാമിക ആശയങ്ങള്‍ പ്രമാണങ്ങളിലൂടെ മനസ്സിലാക്കുകയും അത് ജീവിതത്തില്‍ പകര്‍ത്തുകയും പ്രബോധനം ചെയ്യുകയും അതിന്റെ മാര്‍ഗത്തില്‍ ത്യാഗപരിശ്രമങ്ങള്‍ നടത്തുകയും ചെയ്യുകയാണ് സലഫികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഏതൊരാളുടെ മേലും മതനിയമങ്ങള്‍ അടിച്ചേല്‍പിക്കുവാനോ നിര്‍ബന്ധിതമായി ആശയ പരിവര്‍ത്തനം നടത്തിക്കാനോ ഇസ്‌ലാം സ്വീകരിക്കാത്തതിന്റെ പേരില്‍ ശിക്ഷിക്കാനോ ശ്രമിക്കുന്നത് സലഫി മാര്‍ഗമല്ല. അതിനു വിരുദ്ധമാവയ സമീപനങ്ങള്‍ ആരില്‍നിന്നുണ്ടായാലും സലഫി പണ്ഡിതരും സുഊദി ഭരണകൂടവും ശക്തമായ നടപടികള്‍ സ്വീകരിക്കാറുണ്ട്. 

ലോകത്തെ മുഴുവന്‍ ഇസ്‌ലാമിക സമൂഹങ്ങളോടും തുറന്ന സമീപനമാണ് സുഊദിക്കുള്ളത്. സുഊദിയില്‍ വരുന്ന ലക്ഷോപലക്ഷം മുസ്‌ലിംകളുടെ വിശ്വാസരീതികളോ ത്വരീഖത്തോ മദ്ഹബോ നോക്കിയല്ല അവരെ സ്വീകരിക്കുന്നത്. സുഊദി ഭരണകൂടം എല്ലാ വിഭാഗം ജനങ്ങളോടും നല്ല ബന്ധം പുലര്‍ത്തുകയും ലോക മുസ്‌ലിംകളുടെ വിവിധ പ്രശ്‌നങ്ങളില്‍ സൗമ്യമായി ഇടപെടുകയും അവര്‍ക്കാവശ്യമായ മുഴുവന്‍ സഹായങ്ങള്‍ എത്തിക്കുകയും ചെയ്യുന്നു. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങള്‍ വളരെ കൃത്യമായി പാലിക്കപ്പെടണമെന്ന കാഴ്ചപ്പാടുള്ളതുകൊണ്ട് ശഹാദത്ത് മുതല്‍ ഹജ്ജ് വരെയുള്ള മുഴുവന്‍ കര്‍മ കാര്യങ്ങളിലും ഇസ്‌ലാമിക സമൂഹത്തിനാവശ്യമായ സേവനങ്ങള്‍ രാജ്യം നിര്‍വഹിക്കുന്നു. അതിനാവശ്യമായ സാമ്പത്തികച്ചെലവുകള്‍ ഒരു രാജ്യത്തോട് പോലും ആവശ്യപ്പെടാതെ സ്വന്തമായി തന്നെ അത് നടത്തിവരുന്നു. 'ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുല്ലാഹ്' എന്ന സത്യസാക്ഷ്യത്തിന്റെ പ്രചാരണം പ്രകോപനങ്ങളൊന്നുമില്ലാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കാന്‍ ഈ രാഷ്ട്രത്തിനു കഴിയുന്നുണ്ട്. അഞ്ചു നേരത്തെ നമസ്‌കാരം പള്ളിയില്‍ തന്നെ നിര്‍വഹിക്കല്‍ ഒരു വിശ്വാസിയുടെ അവകാശമായി പ്രഖ്യാപിക്കുകയും അതിനുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്യുന്നു. നമസ്‌കാരവേളകളില്‍ നമസ്‌കരിക്കുന്നവര്‍ക്ക് അത് നിര്‍വഹിക്കുന്നതിനായി വ്യപാര സ്ഥാപനങ്ങളടക്കം അടച്ചുപൂട്ടുകയും ചെയ്യുന്നു. റമദാനില്‍ ജോലി സമയം കുറക്കുകയും കൂടുതല്‍ ആരാധനകാര്യങ്ങളില്‍ കേന്ദ്രീകരിക്കാന്‍ വിശ്വാസികള്‍ക്ക് അവസരം നല്‍കുകയും ചെയ്യുന്നു. സകാത്ത് നിര്‍ബന്ധമായവരില്‍ നിന്നും അത് സ്വീകരിക്കുവാനും വിതരണം ചെയ്യുവാനുമുള്ള സംവിധാനങ്ങള്‍ സമയബന്ധിതമായി നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു. ലോകമുസ്‌ലിംകള്‍ക്ക് ഹജ്ജ് കര്‍മം സുഗമമായി നിര്‍വഹിക്കുവാന്‍ സുഊദി അറേബ്യ ഒരുക്കുന്ന സൗകര്യങ്ങളെക്കുറിച്ച് കൂടുതല്‍ എഴുതാതെ തന്നെ ലോകത്തെ മുഴുവന്‍ ജനങ്ങള്‍ക്കും അറിയാവുന്നതാണ്. സുഊദിയിലെ വളരെ ന്യൂനപക്ഷം വരുന്ന ശിആ വിഭാഗത്തിന് അവരുടേതായ ആരാധനാ സ്വാതന്ത്ര്യവും സംരക്ഷണവും സുഊദി ഭരണകൂടം നല്‍കിയിട്ടുണ്ട്. ഇതൊക്കെയാണ് സുഊദി അറേബ്യ ചെയ്യുന്ന 'തീവ്രവാദ'മായി കാണുന്നതെങ്കില്‍ ലേഖകന്റെ പരമോന്നത ആത്മീയനേതാവ് പോലും സുഊദിയില്‍ വന്നു ലോകമുസ്‌ലിംകള്‍ക്കായി സുഊദി അറേബ്യ ചെയ്യുന്ന സേവനങ്ങളെ പ്രകീര്‍ത്തിക്കുന്നത് എന്തിനാണെന്ന് അദ്ദേഹത്തോട് ചോദിക്കുക.

നൂറു ശതമാനം മുസ്‌ലിംകളും ഇസ്‌ലാമിക ശരീഅത്ത് അംഗീകരിക്കുന്നവരുമാണ് സുഊദി പൗരന്മാര്‍. അവരില്‍ ഇസ്‌ലാമിക വിശ്വാസികളല്ലാത്തവരായി ആരുമില്ല. ഇസ്‌ലാമിക വിശ്വാസം രാജ്യത്തെ പൗരന്മാരുടെ മൗലികാവകാശമാണ്. അവ നിര്‍ബന്ധിച്ച് നടപ്പാക്കിയതല്ല. മുഴുവന്‍ പൗരന്മാരും മുസ്‌ലിംകളാണെന്നിരിക്കെ ഇസ്‌ലാമിക ശരീഅത്തിന് വിരുദ്ധമായ യാതൊന്നും സുഊദിയില്‍ അനുവദിക്കേണ്ട കാര്യമില്ല. സുഊദി അറേബ്യ ഇസ്‌ലാമിക വ്യക്തിത്വം കാത്തുസൂക്ഷിക്കുന്നതിനെ ലോകരാജ്യങ്ങളൊന്നും തന്നെ തീവ്രവാദമായി കാണുന്നില്ല. ഇസ്‌ലാമിക വ്യക്തിത്വം കാത്തുസൂക്ഷിക്കുകയും തീവ്രവാദത്തെ തള്ളിപ്പറയുകയും ചെയ്യുന്നതോടൊപ്പം ഇസ്രായേല്‍ ഒഴികെയുള്ള ലോകത്തെ മുഴുവന്‍ രാഷ്ട്രങ്ങളുമായും ഏറ്റവും നല്ല ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് സഊദി. ഇസ്‌ലാമിക ലോകവും റഷ്യയുമായുള്ള അകല്‍ച്ച ഒഴിവാക്കി പരസ്പരം അറിയുന്നതിനുവേണ്ടി റിയാദില്‍ ഇസ്‌ലാമിക ലോക റഷ്യന്‍ സമ്മേളനം സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി റഷ്യയില്‍ സന്ദര്‍ശനം നടത്തി തിരിച്ചെത്തിയ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് പറഞ്ഞത് സുഊദി അറേബ്യ ലോകരാജ്യങ്ങളുമായി ഏറ്റവും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നതിന്റെ മകുടോദാഹരണമാണ്. സലഫി മാര്‍ഗം സ്വീകരിച്ച സുഊദി അറേബ്യ ഇതര രാജ്യങ്ങളോട് വെച്ചുപുലര്‍ത്തുന്ന ഈ നല്ല ബന്ധങ്ങളെ തിരിച്ചറിയാതെ സലഫി വിരോധികള്‍ എഴുതിവിടുന്ന ആരോപണങ്ങള്‍ ഏറ്റുപിടിക്കുകയല്ല ഉത്തരവാദിത്വമുള്ള പ്രസിദ്ധീകരണങ്ങള്‍ ചെയ്യേണ്ടത്.