സഹിഷ്ണുത, മതം, മതേതരത്വം

സുഫ്‌യാന്‍ അബ്ദുസ്സലാം

2017 ഡിസംബർ 23 1439 റബിഉല്‍ ആഖിര്‍ 05
തത്ത്വം പ്രയോഗവല്‍ക്കരിക്കാനുള്ളതാണെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. പ്രവാചക പ്രബോധകരുടെ ജീവിതം അതിനു സാക്ഷിയാണ്. അവരെ ശരിയാംവിധം അനുധാവനം ചെയ്യുകയാണ് വിശ്വാസികളുടെ ബാധ്യത. തങ്ങള്‍ പ്രബോധനം ചെയ്ത മതത്തെ വലിയ തോതില്‍ ഉള്‍ക്കൊണ്ട പ്രവാചകരുടെ പാത പിന്തുടരുന്നത് ആത്മീയ തീവ്രതയാണെന്ന് പറയുന്നത് ശുദ്ധ വിവരക്കേടാണ്. മതം പഠിപ്പിക്കുന്നത് സഹിഷ്ണുതയുടെ സന്ദേശമാണ്. ആശയങ്ങളിലും അഭിപ്രായങ്ങളിലും ഭിന്നമായ വീക്ഷണങ്ങള്‍ ഒരു ബഹുസ്വരസമൂഹത്തില്‍ സ്വാഭാവികമാണ്. അഭിപ്രായാന്തരങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് തന്നെ പരസ്പരം ആദരിക്കുകയും അപരന് അവന്റെ അഭിപ്രായങ്ങളില്‍ ഉറച്ചുനില്‍ക്കാനുള്ള സ്വാതന്ത്ര്യം അംഗീകരിച്ചു കൊടുക്കുകയും ചെയ്യുന്നതാണ് സഹിഷ്ണുത. പ്രായവ്യത്യാസങ്ങളില്ലാതെ പരസ്പരം ആദരവും സ്‌നേഹവും കൈമാറുമ്പോള്‍ മാത്രമാണ് ഒരു സമൂഹത്തില്‍ സഹിഷ്ണുത നിലനില്‍ക്കുക. സംഘടനാവിരോധങ്ങളുടെ പേരില്‍ രൂപപ്പെടുന്ന അസഹിഷ്ണുതയുടെ ഭാഗമായി അപരനെ ഇടിച്ചുതാഴ്ത്താന്‍ തീവ്രവാദം പോലുള്ള കടുത്ത ആരോപണങ്ങള്‍ ഉന്നയിക്കാനാണ് സഹിഷ്ണുതയുടെ താരാട്ടു പാടുന്നവര്‍ പോലും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കാരുണ്യവും സൗമ്യതയും കമാനങ്ങളിലൂടെയോ ബാനറുകളിലൂടെയോ സ്ഥാപിക്കാന്‍ സാധിക്കില്ല. ഹൃദയവിശാലതയിലൂടെയും അഭിപ്രായവ്യത്യാസങ്ങളില്‍ പക്വമായ നിലപാടുകള്‍ സ്വീകരിക്കുന്നതിലൂടെയും മാത്രമേ സമൂഹത്തില്‍ സഹിഷ്ണുത പുലരുകയുള്ളൂ.

മതത്തിന്റെ പേരില്‍ അനുദിനം നടന്നുകൊണ്ടിരിക്കുന്ന അനിഷ്ടസംഭവങ്ങള്‍ രാജ്യത്ത് നിലനില്‍ക്കുന്ന അസഹിഷ്ണുതയുടെ ആഴങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. മതവിശ്വാസികള്‍ മനുഷ്യരെന്ന നിലയ്ക്ക് പരസ്പരം പുലര്‍ത്തിവന്നിരുന്ന ബന്ധങ്ങളിലും സൗഹൃദങ്ങളിലുമെല്ലാം വലിയ ഉലച്ചിലുകള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും കളിത്തൊട്ടിലായും നിരവധി മത സമൂഹങ്ങളുടെ പൂങ്കാവനവുമായും അറിയപ്പെടുന്ന നമ്മുടെ രാജ്യം വിവിധ മത വര്‍ഗങ്ങള്‍ക്ക് പരസ്പര വിശ്വാസത്തോടെയും സ്‌നേഹത്തോടെയും എങ്ങനെ കഴിയാമെന്ന് പ്രായോഗികമായി തെളിയിച്ച ഊഷരഭൂമിയാണ്. 

ഇന്ത്യക്ക് ഒരു കാലത്തും ഔദ്യോഗിക മതമുണ്ടായിരുന്നില്ല. വ്യത്യസ്ത മതവിഭാഗങ്ങള്‍ അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ചുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും ശീലിച്ചു വന്നു. ഹൈന്ദവ വിഭാഗങ്ങള്‍ക്കിടയില്‍ തന്നെ സജീവമായി നിലനിന്നുവന്നിരുന്ന നിരവധി ജാതികളും ഉപജാതികളും അവരുടേതായ വിശ്വാസങ്ങളും ശീലങ്ങളും പുലര്‍ത്തിക്കൊണ്ട് രാജ്യത്ത് ജീവിച്ചു. ഓരോ വിഭാഗവും അവരുടെ ആരാധനകള്‍ക്കുവേണ്ടിയുള്ള മന്ദിരങ്ങള്‍ നിര്‍മിച്ചു. ക്രിസ്തുവിനു മുമ്പ് ഗുപ്ത, മൗര്യ, ചേര, ചോള, പല്ലവ ഭരണകാലങ്ങളിലും ദല്‍ഹി സുല്‍ത്താന്മാര്‍, മുഗളന്മാര്‍ എന്നിവരുടെ കാലങ്ങളിലും വിജയനഗര സാമ്രാജ്യ കാലഘട്ടത്തിലും പോര്‍ച്ചുഗീസ്, ഡച്ച്, ഫ്രഞ്ച്, ബ്രിട്ടീഷ് കാലങ്ങളിലും മതം വലിയ സംഘട്ടനങ്ങള്‍ക്കോ അസഹിഷ്ണുതകള്‍ക്കോ കാരണമായിരുന്നില്ല. പോര്‍ച്ചുഗീസുകാരുടെ കാലം തൊട്ടാരംഭിച്ച യൂറോപ്യന്‍ അധിനിവേശമാണ് രാജ്യത്തിന്റെ ബഹുമതമുഖത്തെ ശിഥിലമാക്കിയും കരിവാരിത്തേച്ചും നശിപ്പിച്ചു തുടങ്ങിയത്. 'ഭിന്നിപ്പിച്ച് ഭരിക്കുക' എന്ന നയത്തിലൂടെ രാജ്യത്തെ പ്രജകള്‍ക്കിടയില്‍ മതത്തിന്റെ പേരിലുള്ള ഭിന്നതകള്‍ പടര്‍ത്തി പരസ്പരം അവിശ്വാസം ജനിപ്പിക്കുവാനും പോരടിപ്പിക്കുവാനും സാമ്രാജ്യത്വ ശക്തികള്‍ ശ്രമിച്ചു. ദ്വിരാഷ്ട്ര വാദവും ഹിന്ദുത്വ വാദവും ഇന്ത്യന്‍ ജനതക്ക് മേല്‍ അടിച്ചേല്‍പിച്ചത് അധിനിവേശ ശക്തികളായിരുന്നു. മതത്തിന്റെ പേരില്‍ അസഹിഷ്ണുത വളരാനും വിശ്വാസികള്‍ പരസ്പരം വെച്ചുപുലര്‍ത്തിയിരുന്ന സഹവര്‍ത്തിത്വം നശിച്ചുപോകാനും ഇത് കാരണമായി. 

ഭൂമിയിലെവിടെയായിരുന്നാലും ഭൂമിയുടെയും ആകാശലോകങ്ങളുടെയും മനുഷ്യരടക്കമുള്ള സകല ജന്തുജാലങ്ങളുടെയും സ്രഷ്ടാവായ ഏകനായ ദൈവത്തെ മാത്രം ആരാധിച്ച് അവന്റെ നിയമനിര്‍ദേശങ്ങള്‍ക്ക് വിധേയനായി ജീവിക്കുകയെന്ന ദൗത്യമാണ് മനുഷ്യര്‍ക്ക് ഭൂമിയില്‍ നിര്‍വഹിക്കാനുള്ളത്. ദൈവത്തിന്റെ സൃഷ്ടികളായ മനുഷ്യര്‍ ദൈവികമതത്തെ അല്ലെങ്കില്‍ ദൈവിക നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവാചകന്മാരിലൂടെ പഠിപ്പിക്കപ്പെട്ട വിശ്വാസസംഹിതകളെയും ആചാരാനുഷ്ഠാനങ്ങളെയും സ്വീകരിച്ച് ഏകോദര സഹോദരങ്ങളായി ഭൂമിയില്‍ ജീവിക്കുകയാണ് വേണ്ടത്. വിവിധ വര്‍ണങ്ങളിലും ഭാഷകളിലും അഭിരുചികളിലുമായി ഭൂമിയില്‍ ജീവിച്ചുകൊണ്ടിരിക്കുന്ന മനുഷ്യര്‍ ഒരേ പിതാവിന്റെയും മാതാവിന്റെയും മക്കളാണെന്ന കാര്യം എപ്പോഴും ഓര്‍മിക്കേണ്ടതുണ്ട്. സമസൃഷ്ടികളായ സഹോദരങ്ങളെ പരസ്പരം ആദരിച്ചും സ്‌നേഹിച്ചും സമാധാനത്തോടെ സ്രഷ്ടാവിന് പൂര്‍ണമായ സമര്‍പ്പണം നടത്തി ജീവിക്കുകയാണ് മനുഷ്യന് തന്റെ ജീവിതസങ്കേതമായ ഭൂമിയില്‍ നിര്‍വഹിക്കാനുള്ള ധര്‍മവും ദൗത്യവും. അപ്രകാരം ജീവിക്കുമ്പോള്‍ മാത്രമെ മരണശേഷമുള്ള തന്റെ ശാശ്വത ലോകത്ത് സമാധാനത്തോടെയും സന്തോഷത്തോടെയും സ്വര്‍ഗീയാനുഭൂതികളോടെ കഴിയുവാന്‍ മനുഷ്യന് സാധിക്കൂ. പ്രവാചകന്മാരിലൂടെ പഠിപ്പിക്കപ്പെട്ട ഈ സന്ദേശത്തെ ഉള്‍ക്കൊള്ളുമ്പോള്‍ മനുഷ്യരില്‍ സ്‌നേഹവും സഹവര്‍ത്തിത്വവും സഹിഷ്ണുതയും വളര്‍ന്നു വരുന്നു. ജാതിയും ഉപജാതിയും തൊട്ടുകൂടായ്മയും അയിത്തവും അസ്പൃശ്യതയും ഇല്ലാതെ സ്‌നേഹം, ഐക്യം തുടങ്ങിയ വിശുദ്ധമായ ആശയങ്ങളിലൂടെ ഹൃദയങ്ങള്‍ക്കിടയില്‍ ഗാഢമായ ബന്ധങ്ങള്‍ തീര്‍ക്കുവാനാണ് ദൈവിക മതം ഉല്‍ഘോഷിക്കുന്നത്. 

സമാധാനത്തിന്റെയും സമര്‍പ്പണത്തിന്റെയും സന്ദേശമുള്‍ക്കൊള്ളുന്ന യഥാര്‍ഥ ദൈവികമതത്തില്‍ ഉറച്ചുനില്‍ക്കാന്‍ സ്രഷ്ടാവ് മനുഷ്യനെ ഉപദേശിക്കുമ്പോള്‍ അതില്‍ നിന്നും ബഹുദൂരം അകലം സഞ്ചരിക്കുവാനാണ് മനുഷ്യരില്‍ ഭൂരിപക്ഷത്തിനും താല്‍പര്യം. സ്വന്തമായി ദൈവത്തെ സങ്കല്‍പിച്ചും സ്രഷ്ടാവായ യഥാര്‍ഥ ദൈവത്തിനു നല്‍കേണ്ടുന്ന ആരാധനകളും വണക്കങ്ങളും അനുസരണങ്ങളും ദൈവേതരര്‍ക്ക് നല്‍കിയും സ്വയം സായൂജ്യമടയുവാനാണ് അവരില്‍ പലരും താല്‍പര്യപ്പെടുന്നത്. ദൈവിക ഗ്രന്ഥങ്ങളിലൂടെ സുതരാം വ്യക്തമായി ലോകത്തോട് സ്രഷ്ടാവിന്റെ കഴിവുകളെ കുറിച്ച് പറയുകയും ദൈവിക സന്ദേശങ്ങള്‍ സ്വീകരിക്കാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രാപഞ്ചിക പ്രതിഭാസങ്ങളിലൂടെയും ജീവിവര്‍ഗങ്ങളുടെ അത്ഭുത ലോകങ്ങളിലൂടെയും സ്രഷ്ടാവിന്റെ മഹത്ത്വം കാണുവാനും അവനു ജീവിതം സമര്‍പിക്കുവാനും ദൈവികഗ്രന്ഥങ്ങള്‍ മനുഷ്യരോട് പറയുമ്പോള്‍ പൈശാചിക ദുര്‍ബോധനങ്ങള്‍ക്ക് വിധേയരായി സകലതിനും ആരാധനകളര്‍പിച്ച് തങ്ങളുടെ മനോമുകുരങ്ങളില്‍ നിന്നുദിച്ചുവന്ന ദൈവങ്ങളുടെ പേരില്‍ മനുഷ്യര്‍ ഭിന്നിക്കുകയാണ് ചെയ്യുന്നത്. മനുഷ്യരെ ഏകീകരിക്കേണ്ട മതത്തിന്റെ പേരില്‍ മനുഷ്യര്‍ ധ്രുവീകരിക്കപ്പെടുന്നുവെന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. 

ദൈവികമായ സന്ദേശങ്ങള്‍ പ്രവാചകന്മാരിലൂടെയും വേദഗ്രന്ഥങ്ങളിലൂടെയും പഠിപ്പിക്കപ്പെടുമ്പോഴും അതിലടങ്ങിയ ആശയങ്ങളെ ഉള്‍ക്കൊള്ളുവാനും തിരസ്‌കരിക്കുവാനുമുള്ള പ്രകൃതിപരമായ സവിശേഷതയും മനുഷ്യന് സ്രഷ്ടാവ് നല്‍കിയിട്ടുണ്ട്. 'വിശ്വസിക്കുവാന്‍ ഉദ്ദേശമുള്ളവര്‍ക്ക് വിശ്വസിക്കാം; അവിശ്വസിക്കുവാന്‍ ഉദ്ദേശമുള്ളവര്‍ക്ക് അവിശ്വസിക്കാം' എന്ന് ദൈവികഗ്രന്ഥമായ വിശുദ്ധ ക്വുര്‍ആന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 'വിശ്വാസത്തിന്റെ കാര്യത്തില്‍ ബലാല്‍ക്കാരം വേണ്ടതില്ല' എന്ന് ക്വുര്‍ആന്‍ പറയുമ്പോള്‍ മതപരമായ സ്വീകരണവും തിരസ്‌കരണവും വ്യക്തിനിഷ്ഠമായ കാര്യങ്ങള്‍ മാത്രമാണെന്ന് ബോധ്യപ്പെടുവാന്‍ പ്രയാസമില്ല. ഏതൊരാള്‍ക്കും അയാളുടെ വിശ്വാസവും അനുഷ്ഠാനങ്ങളും പ്രിയങ്കരമാണ്. സ്വന്തം പിതൃവ്യനായിരുന്ന അബൂത്വാലിബിന്റെ ഇസ്‌ലാം സ്വീകരണം പ്രവാചകന്‍ മുഹമ്മദ് ﷺ വളരെയധികം കൊതിച്ചിരുന്നു. പക്ഷേ, അബൂത്വാലിബ് അവസാനശ്വാസം വലിച്ചപ്പോഴും തന്റെ പാരമ്പര്യ വിശ്വാസത്തോടെ മരിക്കുന്നുവെന്നു പ്രഖ്യാപിക്കുകയായിരുന്നു. പ്രവാചകത്വം ലഭിച്ച ശേഷവും 13 വര്‍ഷക്കാലം അബൂത്വാലിബിന്റെ പരിചരണത്തില്‍ അദ്ദേഹം കഴിയുകയും രണ്ടു വിശ്വാസങ്ങളിലായി അവര്‍ രണ്ടുപേരും ജീവിക്കുകയും ചെയ്തിട്ടും അവര്‍ക്കിടയില്‍ അസഹിഷ്ണുതയുടെ നാമ്പുകള്‍ മുളപൊട്ടിയില്ലെന്നു ചരിത്രം പറയുമ്പോള്‍ ഭിന്നമായ മതവീക്ഷണങ്ങള്‍ പരസ്പര വൈരവും അസഹിഷ്ണുതയും വളര്‍ത്താനുള്ളതല്ലെന്നുള്ള ഉദാത്തമായ സന്ദേശം നമുക്കവിടെ ദര്‍ശിക്കാന്‍ കഴിയും. 

വര്‍ത്തമാനലോകത്ത് മതം കേവലം ധ്രുവീകരണത്തിന്റെ പര്യായപദമായി മാറിയിരിക്കുകയാണ്. പരസ്പരം സ്‌നേഹിക്കേണ്ട മനുഷ്യര്‍ മതത്തിന്റെ പേരില്‍ തന്നെ കലഹങ്ങളിലേര്‍പെടുകയാണ്. യഥാര്‍ഥത്തില്‍ മതം എന്ന വാക്കിനര്‍ഥം അഭിപ്രായം എന്നാണ്. ഒരു മനുഷ്യന്റെ അഭിപ്രായം രൂപപ്പെടുന്നത് അയാളുടെ ചിന്തകളിലും മനസ്സിലുമാണ്. ഒരാളുടെ മതം അയാളുടെ മനസ്സില്‍ ദൃഢമായി വേരൂന്നിയ വിശ്വാസവും വിശ്വാസത്തിന്റെ മൂലപ്രമാണങ്ങളോടുള്ള പ്രതിബദ്ധതയില്‍ നിന്നും ഉല്‍ഭൂതമാവുന്ന പ്രവര്‍ത്തനങ്ങളുടെയും ആെകത്തുകയാണ്. ഒരു വ്യക്തിയുടെ മനോഗതത്തിന്റെയും ചിന്തയുടെയും അടിസ്ഥാനത്തില്‍ അയാള്‍ക്ക് സ്വതന്ത്രമായി സ്വീകരിക്കുവാനോ തിരസ്‌കരിക്കുവാനോ സാധിക്കുന്ന അഭിപ്രായങ്ങളുടെ സങ്കേതമായി മതത്തെ കണക്കാക്കാം. മതപരിവര്‍ത്തനത്തെ കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ നടക്കുന്ന കാലമാണിത്. യഥാര്‍ഥത്തില്‍ ഒരാളുടെ മനസ്സില്‍ അയാള്‍ രൂപപ്പെടുത്തിയിട്ടുള്ള വിശ്വാസകാര്യങ്ങള്‍ തെറ്റെന്നു സ്വയം ബോധ്യപ്പെടുമ്പോള്‍ അവ തിരുത്തുവാനുള്ള സ്വാതന്ത്ര്യം അയാളുടെ മൗലികാവകാശങ്ങളുടെ പരിധിയിലാണ് വരിക. അങ്ങനെയുള്ള അഭിപ്രായ മാറ്റങ്ങളെ മതംമാറ്റം എന്നതിനെക്കാള്‍ മനം മാറ്റമായിട്ടാണ് കാണേണ്ടത്. മക്കയില്‍ നിന്നും മദീനയിലേക്ക് ഇസ്‌ലാം ആശ്ലേഷിച്ച് കടന്നുവരുന്ന സ്ത്രീകളുടെ വിശ്വാസത്തെ ശരിയായ രൂപത്തില്‍ പരിശോധിക്കുകയും മറ്റു താല്‍പര്യങ്ങളൊന്നുമില്ലാതെ, ഭയപ്പെടുത്തലുകളോ പ്രലോഭനങ്ങളോ ഒന്നുമില്ലാതെ സ്വന്തം മനസ്സിലുണ്ടായ അഭിപ്രായമാറ്റത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് അവര്‍ ഇസ്‌ലാം ആശ്ലേഷിച്ചിട്ടുള്ളതെന്നു ഉറപ്പുവരുത്തണമെന്ന നിര്‍ദേശം വിശുദ്ധ ക്വുര്‍ആനിലൂടെ പ്രവാചകന് ലഭിക്കുകയുണ്ടായി. അതുകൊണ്ടുതന്നെ ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം മാനസിക പരിവര്‍ത്തനമാണ് ഒരാളുടെ മതം മാറ്റത്തിന്റെ ഹേതുവായി പരിഗണിക്കപ്പെടുക. നിര്‍ബന്ധിച്ചോ പ്രലോഭനം നടത്തിയോ ഒരാളുടെയും മനസ്സില്‍ പരിവര്‍ത്തനം സൃഷ്ടിക്കുവാന്‍ സാധ്യമല്ല. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സാമൂഹിക സേവനങ്ങളും ചില മിഷിനറികള്‍ മതപരിവര്‍ത്തന ഉപാധികളാക്കാറുണ്ട്. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അയാള്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവരെ പ്രലോഭിപ്പിച്ച് മതം മാറ്റുന്നതിന് വേണ്ടിയുള്ളതാണെങ്കില്‍ അത് ഇസ്‌ലാം അംഗീകരിക്കുന്നില്ല. സഹജീവികളോടുള്ള ആത്മാര്‍ഥവും നിഷ്‌കാമവുമായ സ്‌നേഹത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് വേണ്ടി നല്‍കപ്പെടുന്ന സേവനങ്ങളില്‍ ഗുണഭോക്താവില്‍ നിന്നും യാതൊരു പ്രത്യുപകാരമോ നന്ദിയോ പ്രതീക്ഷിക്കാതെ പരലോകത്തെ നരകശിക്ഷയിലൂടെ മുഖം ചുളിഞ്ഞു പോവുന്ന ദിനത്തെ ഭയപ്പെട്ടുകൊണ്ട് ദൈവപ്രീതി മാത്രം ലക്ഷ്യമാക്കി നടത്തേണ്ട പ്രവര്‍ത്തനങ്ങളാണ് ജീവകാരുണ്യ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍. അവ മതപരിവര്‍ത്തനത്തിനു വേണ്ടി ഉപയോഗിക്കുന്നത് മതത്തിന്റെ തന്നെ ലക്ഷ്യങ്ങളോട് യോജിക്കുന്നില്ല. 

വിശ്വാസ സ്വാതന്ത്ര്യവും ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ഇന്ത്യന്‍ ഭരണഘടന പൗരന് നല്‍കുന്ന അവകാശങ്ങളില്‍ പെട്ടതാണ്. ഭരണഘടനയുടെ 25 മുതല്‍ 28 വരെയുള്ള ആര്‍ട്ടിക്കിളുകള്‍ ഈ അവകാശം സ്ഥിരീകരിക്കുന്നുണ്ട്. മതം മാറ്റത്തെയും അഭിപ്രായ രൂപീകരണത്തെയും എക്കാലവും ഭയപ്പെട്ടിരുന്ന ഫാഷിസ്റ്റുകള്‍ ഇന്ത്യയില്‍ വ്യക്തികള്‍ അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാന്‍ പല കാലങ്ങളിലായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മതംമാറ്റ നിരോധന നിയമങ്ങള്‍ പാസ്സാക്കാന്‍ ഇവര്‍ പലകുറി ശ്രമിച്ചെങ്കിലും രാജ്യവ്യാപകമായി അത് നടപ്പാക്കുവാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇക്കഴിഞ്ഞ നവമ്പര്‍ 28നു രാജസ്ഥാന്‍ ഹൈക്കോടതിയില്‍ ഒരു വ്യക്തിയുടെ ഇസ്‌ലാം മത സ്വീകരണവുമായി ബന്ധപ്പെട്ട് ഹേബിയസ് കോര്‍പസ് നല്‍കിയ കേസില്‍ ഇക്കഴിഞ്ഞ ദിവസം രാജസ്ഥാന്‍ ഹൈക്കോടതി നടത്തിയ നിരീക്ഷണം വളരെ പ്രസക്തമാണ്. മതം മാറാന്‍ ഏതൊരു വ്യക്തിക്കും ഭരണഘടനാപരമായ അവകാശമുണ്ടെന്നുള്ള കോടതിയുടെ പ്രഖ്യാപനം മതം മാറ്റ നിരോധന നിയമം രാജ്യത്തു കൊണ്ടുവരണമെന്ന ഫാഷിസ്റ്റുകളുടെ നിരന്തരമായ ആവശ്യങ്ങളുടെയും അതിന്റെ പേരില്‍ അവര്‍ രാജ്യമൊട്ടുക്കും നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ക്കുമുള്ള തിരിച്ചടിയാണ്. ഏതൊരാളുടെയും വിശ്വാസത്തെയോ മതം മാറ്റത്തെയോ ചോദ്യം ചെയ്യാതെ അവയെ സഹിഷ്ണുതയോടെ നോക്കിക്കണ്ടുകൊണ്ട് പരസ്പര സഹവര്‍ത്തിത്വം വളര്‍ത്തുകയാണ് മതനേതൃത്വങ്ങള്‍ ചെയ്യേണ്ടത്. 

ഇവിടെയാണ് മത നേതൃത്വങ്ങളും പ്രതിസന്ധിയിലാകുന്നത്. വികലമായ മതവീക്ഷണങ്ങള്‍ പുലര്‍ത്തുകയും രാജ്യത്തിന്റെ സാമൂഹികാവസ്ഥയെ മനസ്സിലാക്കാതെയുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്തുകൊണ്ട് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷക്ക് തന്നെ ഭീഷണിയാവുന്ന തരത്തിലേക്ക് മതത്തിന്റെ പേരിലുള്ള പ്രവര്‍ത്തനങ്ങള്‍ ഗതിമാറിപ്പോകുന്നതിനെ തടയിടാനുള്ള ഇച്ഛാശക്തി മത പ്രസ്ഥാനങ്ങള്‍ സ്വായത്തമാക്കേണ്ടതുണ്ട്. അപക്വമതികളും ക്ഷിപ്രകോപികളുമായ ആളുകള്‍ മതരംഗത്തെ കൈകാര്യം ചെയ്യുകയും പ്രസ്ഥാനങ്ങളുടെ ഉന്നതങ്ങളില്‍ കടന്നുകൂടുകയും ചെയ്യുക വഴി അവര്‍ പ്രതിനിധാനം ചെയ്യുന്ന യഥാര്‍ഥ മതത്തിന്റെ സുന്ദരമുഖത്തിനു കോട്ടം തട്ടുകയും ചെയ്യുന്നതാണ് മതത്തിന്റെ പേരില്‍ സംഘടിച്ചിട്ടുള്ള സംഘടനകള്‍ അഭിമുഖീകരിക്കുന്ന വലിയ പ്രശ്‌നം. വിവേകത്തോടെയും വിചാരത്തോടെയും കാര്യങ്ങളെ അപഗ്രഥിച്ചു മനസ്സിലാക്കി അവധാനതയോടെയും ക്ഷമയോടെയും പ്രശ്‌നപരിഹാരങ്ങള്‍ക്ക് ശ്രമിക്കുകയാണ് വേണ്ടത്. സ്രഷ്ടാവിന്റെ സന്ദേശങ്ങളുടെ പ്രചാരണം ഏറ്റെടുക്കുകയും അവ പഠിപ്പിക്കുകയും ചെയ്യുന്നവര്‍ പ്രവാചകന്റെ പെരുമാറ്റ മര്യാദകളും സഹിഷ്ണുതാബോധവും പഠിക്കുകയും ജീവിതത്തില്‍ കണിശമായും പാലിക്കുകയും ചെയ്യേണ്ടതുണ്ട്. 

കുടുംബം, സമൂഹം, സംഘടന, സ്ഥാപനം തുടങ്ങിയ സമൂഹത്തെ സജീവമാക്കി നിര്‍ത്തുന്ന ഘടകങ്ങളില്‍ നേതൃപരമായ പ്രതിസന്ധി രൂപപ്പെടുകയും പൂര്‍ണമായ നേതൃത്വ ശൂന്യതയിലേക്ക് അവ വഴിമാറുകയും ചെയ്താല്‍ അവിടെ അരാജകത്വമായിരിക്കും രൂപപ്പെടുക. ഒരു കുടുംബത്തില്‍ ഉണ്ടാകുന്ന അഭിപ്രായവ്യത്യാസത്തില്‍ കുടുംബനാഥന്മാരായ പിതാവോ മാതാവോ ഏതെങ്കിലുമൊരു കക്ഷിയുടെ കൂടെ നില്‍ക്കുകയോ അഭിപ്രായ വ്യത്യാസങ്ങളില്‍ കക്ഷി ചേരുകയോ ചെയ്യുമ്പോള്‍ അവിടെ അരക്ഷിതാവസ്ഥ സംജാതമാകും. വഴക്കുകള്‍ മൂര്‍ച്ഛിക്കുകയും കുടുംബം ഛിന്നഭിന്നമായിത്തീരുകയും ചെയ്യും. സംഘടനകളിലും പ്രസ്ഥാനങ്ങളിലുമുണ്ടാകുന്ന അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുവാനും സഹിഷ്ണുതയും സഹവര്‍ത്തിത്വവും ഉപദേശിക്കുവാനും നേതൃത്വത്തിനാണ് ഏറ്റവും വലിയ ബാധ്യത. നേതൃത്വം തന്നെ കക്ഷി ചേരുകയോ പ്രശ്‌നങ്ങളില്‍ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുകയോ ചെയ്യുമ്പോള്‍ അനുയായികളില്‍ നേതൃത്വത്തെ കുറിച്ചുള്ള അവിശ്വാസം രൂപപ്പെടും. നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളോട് സദാ ശണ്ഠകൂടിയും കലഹിച്ചും കഴിയുകയല്ല അനുയായികള്‍ ചെയ്യേണ്ടത്. തലമുറകള്‍ തമ്മിലുള്ള അന്തരമെന്ന 'ജനറേഷന്‍ ഗ്യാപ്പ്' ആണ് പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുള്ളത്. പ്രായവ്യത്യാസങ്ങളെ സംഘടന രംഗത്തും കുടുംബങ്ങളിലുമെല്ലാം പരിഗണിക്കാതിരിക്കുന്നത് ഒരിക്കലും ശരിയല്ല. 'നമ്മിലെ വലിയവരെ ബഹുമാനിക്കാത്തവനും ചെറിയവരെ സ്‌നേഹിക്കാത്തവനും നമ്മില്‍ പെട്ടവനല്ല' എന്ന പ്രവാചകവചനം ജനറേഷന്‍ ഗ്യാപ്പ് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെ എങ്ങനെ പരിഹരിക്കാമെന്ന് ബോധ്യപ്പെടുത്തുന്നു. 

വിജ്ഞാനം, സമ്പത്ത്, ആരോഗ്യം തുടങ്ങി പലതിനോടും നമുക്ക് മത്സരിക്കാം. പക്ഷേ, പ്രായത്തോട് നമുക്ക് മത്സരിക്കാന്‍ സാധിക്കില്ല. പ്രായമുള്ളവര്‍ ആര്‍ജിച്ചെടുത്ത അനുഭവങ്ങളിലൂടെയുള്ള പരിജ്ഞാനം എത്ര തന്നെ ഡിഗ്രികള്‍ കരസ്ഥമാക്കിയാലും ഒരാള്‍ക്കും ലഭ്യമാവില്ല. ജരാനര ബാധിക്കുമ്പോള്‍ മസ്തിഷ്‌കം വറ്റിവരളുകയല്ല ചെയ്യുക; ജരാനര കരുണാവാരിധിയായ നാഥന്‍ ഒരു മനുഷ്യന് നല്‍കുന്ന ആദരവ് മാത്രമാകുന്നു. ജരാനര ബാധിച്ചുകഴിഞ്ഞാല്‍ അവരെയൊന്നും പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാനോ കുടുംബങ്ങളെ നയിക്കുവാനോ കൊള്ളില്ലെന്ന കാഴ്ചപ്പാട് തിരുത്തപ്പെടേണ്ടതുണ്ട്. വഴികാട്ടികളായി മുന്നില്‍ നടക്കേണ്ടത് പരിണിതപ്രജ്ഞരും അനുഭവസമ്പത്തുള്ളവരും തന്നെയാണ്. പ്രായം ചെന്നവരെ ബഹുമാനിക്കണമെന്ന പ്രവാചക നിര്‍ദേശം പ്രസക്തമാവുന്നതിവിടെയാണ്. പ്രായമുള്ളവരോട് മതപരിഗണകളില്ലാതെ പ്രവാചകന്‍ കാണിച്ച ആദരവ് ചരിത്രത്തില്‍ ധാരാളാണല്ലോ. 

അതിന്റെ മറുവശമാണ് ചെറുപ്പക്കാരുമായുള്ള ഈടുറ്റ ബന്ധം. യുവസമൂഹത്തിനു ആവശ്യം സ്‌നേഹത്തോടെയുള്ള പരിഗണനകളാണ്. തെറ്റുകളെയും കുറവുകളേയും സദുപദേശങ്ങളിലൂടെ തിരുത്തുവാന്‍ തയ്യാറായാല്‍ യുവസമൂഹം നേരായ പാതയിലേക്ക് കടന്നുവരുമെന്നതിനു പ്രവാചക ജീവിതത്തില്‍ എത്രയോ ഉദാഹരണങ്ങള്‍ കാണാന്‍ സാധിക്കും. കൂടിയാലോചനകളില്‍ പ്രവാചകന്‍ ﷺ യുവസമൂഹത്തിനു നല്‍കിയിരുന്ന പരിഗണനകള്‍ ധാരാളമാണ്. തെറ്റുകള്‍ കാണുമ്പോള്‍ അധികാരത്തിന്റെ ദണ്ഡുകളുപയോഗിച്ചുള്ള നടപടികളല്ല, അവയെ സ്വയം തിരുത്തുവാനുള്ള മാനസികാവസ്ഥയിലേക്ക് നയിക്കുവാന്‍ പ്രേരിപ്പിക്കുകയാണ് വേണ്ടത്. ഒരു സ്ത്രീയോട് സംസാരിക്കുകയായിരുന്ന പ്രവാചകന്‍, അതു കണ്ടുനിന്ന അനുചരന്മാരോട് അതെന്റെ ഭാര്യ സ്വഫിയ്യ ആണെന്ന് പറഞ്ഞുകൊടുക്കാന്‍ മാത്രമുള്ള വിശാലത കാണിച്ചിരുന്നു. ഉഹ്ദ് യുദ്ധവുമായി ബന്ധപെട്ട ചര്‍ച്ചകളില്‍ ചെറുപ്പക്കാരുടെ അഭിപ്രായങ്ങള്‍ക്ക് ഭൂരിപക്ഷം ഉണ്ടായപ്പോള്‍ പ്രവാചകന്റെ അഭിപ്രായത്തെ പിന്‍വലിക്കുകയും ചെറുപ്പക്കാരുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കുകയും ചെയ്തത് പ്രവാചകന്റെ സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും പാഠങ്ങളില്‍ ഒന്നുമാത്രമാണ്. സ്‌നേഹം നല്‍കുകയും ആദരവ് പിടിച്ചു പറ്റുകയും ചെയ്യുക. ആദരവ് നല്‍കി സ്‌നേഹം തിരിച്ചു വാങ്ങുകയും ചെയ്യുക. സ്‌നേഹവും ആദരവും പരസ്പരപൂരകങ്ങളാണെന്ന തിരിച്ചറിവ് നേതാക്കള്‍ക്കും അനുയായികള്‍ക്കും ഒരുപോലെ ഉണ്ടാവേണ്ടതുണ്ട്. 

നേതൃത്വ ശൂന്യതയാണ് ഒരു സമൂഹത്തിന്റെ നാശത്തിനു കാരണമാവുന്നത്. മനസ്സിന്റെ അകത്തളങ്ങളില്‍ നിന്നുണ്ടാവുന്ന ആത്മാര്‍ഥതയും സ്‌നേഹവും കൊണ്ട് മാത്രമെ ഏതൊരാള്‍ക്കും നല്ല നേതാവായിത്തീരാന്‍ സാധിക്കൂ. ഭിന്നിച്ചും കലഹിച്ചും കഴിഞ്ഞിരുന്ന അറബ് ഗോത്രങ്ങളെ ഒരു ചരടില്‍ കോര്‍ത്ത മുത്തുമണികളെപ്പോലെയാക്കുവാന്‍ പ്രവാചകന് സാധിച്ചത് അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് മാത്രമായിരുന്നു. സമൂഹത്തോടും അനുയായികളോടും അദ്ദേഹത്തിനുണ്ടായിരുന്ന ആര്‍ദ്രതയാണ് അദ്ദേഹത്തിലേക്ക് കാരിരുമ്പിന്റെ ഹൃദയങ്ങളുടെ ഉടമകളെപ്പോലും അടുപ്പിച്ചു നിര്‍ത്തിയത്. പ്രവാചകനെ കുറിച്ച് ക്വുര്‍ആന്‍ പറയുന്നത് ഇങ്ങനെയാണ്: ''അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പുകൊടുക്കുകയും അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തന്നില്‍ ഭരമേല്‍പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്''(ക്വുര്‍ആന്‍ 3:159). 

കാരുണ്യവും സൗമ്യതയും കടകളില്‍ കിട്ടുന്നതല്ല. ബാനറുകളിലൂടെയും കമാനങ്ങളിലൂടെയും അവയെ സ്ഥാപിക്കുവാനും സാധ്യമല്ല. കുതന്ത്രങ്ങളും കുനുഷ്ടുകളും നിറഞ്ഞാടുന്ന സ്ഥലങ്ങളില്‍ അവയ്ക്ക് സ്ഥാനവും ലഭിക്കില്ല. ഹൃദയങ്ങളുടെ ഐക്യവും മനസ്സുകളിലെ സ്‌നേഹവുമെല്ലാം നിലനിര്‍ത്തുവാനും പരസ്പര സഹിഷ്ണുതയും സഹവര്‍ത്തിത്വവും സ്വാംശീകരിക്കാനും ക്വുര്‍ആന്‍ നിര്‍ദേശിച്ച സഹിഷ്ണുതയുടെ പാഠങ്ങളും പ്രവാചകന്റെ നേതൃത്വ മാതൃകയും ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. 

അതിനു പകരം കേവലം സംഘടന വിരോധങ്ങളുടെ പേരില്‍ കേരളത്തിലെ പൊതുസമൂഹവും ഭരണാധികാരികളും രാഷ്ട്രീയനേതാക്കളും അംഗീകരിച്ച മതപ്രബോധക സമൂഹത്തിനെതിരെ തീവ്രവാദ ആരോപണം നടത്തുകയും 'ആത്മീയ ജന്തുക്കള്‍' തുടങ്ങിയ പ്രയോഗങ്ങളിലൂടെ കൊച്ചാക്കാന്‍ ശ്രമിക്കുകയും ചെയ്തുകൊണ്ട് അസഹിഷ്ണുതയുടെ തോറ്റം പാടുകയാണ് പലരും ചെയ്തുകൊണ്ടിരിക്കുന്നത്. ചാനലുകളിലും ക്യാമറകളിലും ഞെളിഞ്ഞുനില്‍ക്കുമ്പോഴും അന്തിചര്‍ച്ചകളില്‍ വാതോരാതെ സംസാരിക്കുമ്പോഴും സഹിഷ്ണുതയെന്ന ഇസ്‌ലാം പഠിപ്പിച്ച മഹത്തായ സംസ്‌കാരം ഉന്നതന്മാരില്‍ നിന്നുപോലും അന്യം നിന്നുപോവുന്നത് തീര്‍ത്തും ഖേദകരമാണ്.

രാജ്യത്തെ വിവിധ മതസമൂഹങ്ങള്‍ക്കിടയിലും മത സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമിടയിലും അവയുടെ പ്രവര്‍ത്തകര്‍ക്കിടയിലും സഹിഷ്ണുതയും സഹവര്‍ത്തിത്വവും വളരുകയും സമാധാനപൂര്‍ണമായ അവസ്ഥകള്‍ പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യട്ടെയെന്നു നമുക്ക് ആശംസിക്കാം.