കപടദേശീയത ഉയർത്തുന്ന വെല്ലുവിളികൾ

സുഫ്‌യാന്‍ അബ്ദുസ്സലാം - റിയാദ്‌

2017 ഫെബ്രുവരി 04 1438 ജമാദുൽ അവ്വൽ 09

സ്വന്തം ദേശത്തോടും ദേശവാസികളോടും ദേശവുമായി ബന്ധപ്പെടുന്ന പ്രതീകങ്ങളോടുമുള്ള വൈകാരികമായ ബന്ധം മനുഷ്യന്റെ നൈസർഗ്ഗിക ഗുണങ്ങളിൽ പെട്ടതാണ്‌. ഈ നൈസർഗ്ഗിക ബോധത്തിന്റെ അടിസ്ഥാനത്തിൽ ഒരു രാഷ്ട്രത്തിലെ ജനങ്ങളുടെയിടയിൽ രൂപപ്പെടുന്ന രാജ്യത്തോടുള്ള കൂറ്‌, ഐകമത്യബോധം എന്നീ സ്വഭാവഗുണങ്ങൾ ഒരുമിച്ചു ചേരുന്ന സവിശേഷ വൈകാരികാവസ്ഥയാണ്‌ ദേശീയത അഥവാ ദേശീയബോധം. എന്നാൽ ഒരാളുടെ ജനനമോ വാസമോ ഒരു പ്രത്യക പ്രദേശത്തായതുകൊണ്ട്‌ അയാളിൽ മാനവികമായ ഉത്കൃഷ്ടതയോ ഔന്നത്യമോ സവിശേഷതകളോ ഉണ്ടാവുന്നില്ല എന്നത്‌ വിശേഷബുദ്ധിയുള്ള ഏതൊരാൾക്കും മനസ്സിലാവും. മനുഷ്യനെ മനുഷ്യനാക്കുന്നത്‌ അയാളിലെ മാനവികമായ ഗുണങ്ങളാണ്‌. സ്രഷ്ടാവിന്റെ അലംഘനീയമായ നിയമങ്ങളെ സൂക്ഷിച്ചുകൊണ്ട്‌ ഉത്തമഗുണങ്ങൾ സ്വായത്തമാക്കുന്നതിലൂടെ മാത്രമേ സമസൃഷ്ടി സ്നേഹവും തിന്മകളിൽനിന്നുള്ള മോചനവും സാധ്യമാവൂ. ഇങ്ങനെ ദൈവപ്രോക്തങ്ങളായ സന്ദേശങ്ങളുടെ അടിസ്ഥാനത്തിൽ മനുഷ്യർ തമ്മിൽ നിലനിൽക്കേണ്ട സൗഹാർദത്തെയും വൈകാരികതയെയും സഹവർത്തിത്വത്തെയും സമന്വയിപ്പിക്കുന്ന പദമാണ്‌ മാനവികത. അത്തരം പരിപ്രേക്ഷ്യത്തിലൂടെ വ്യാഖ്യാനിക്കപ്പെടുന്ന മാനവികതക്ക്‌ ഭൂമിശാസ്ത്രപരമായ അതിരുകളില്ല. ഭക്ഷണം ലഭിക്കാതെ ശരീരം ശോഷിച്ച്‌ മൃതപ്രായനായി കഴിയുന്ന ആഫ്രിക്കൻ പ്രാന്തപ്രദേശങ്ങളിലെ പിഞ്ചുബാലന്റെ ദൈന്യതയിൽ മനം നൊന്ത്‌ ന്യൂയോർക്കിലെ സമ്പന്നൻ സമസൃഷ്ടിക്കായി ചെയ്യുന്ന സേവനം മാനവികതക്ക്‌ ഒരു ഉദാഹരണമാണ്‌. അതുകൊണ്ടുതന്നെ മാനവികതയെന്ന അടിസ്ഥാനഗുണത്തിന്റെ ഭാഗമായി കടന്നു വരുന്ന ദേശീയത സ്വന്തം ദേശത്തിനും ദേശവാസികൾക്കും പ്രതീകങ്ങൾക്കും ഗുണമുണ്ടാവണമെന്ന ബോധമാണ്‌ വരച്ചുകാണിക്കുന്നത്‌. ദേശീയതയെ ഇത്തരത്തിൽ മനസ്സിലാക്കുന്ന ഒരാൾക്ക്‌ മറ്റു രാഷ്ട്രങ്ങളുടെ ദേശീയതയെ ഉൾക്കൊള്ളാനും അവയെ ബഹുമാനിക്കാനും പ്രയാസമുണ്ടാവില്ല. എന്നാൽ സ്വന്തം രാഷ്ട്രത്തെ ബഹുമാനിക്കുന്നുവെന്ന്‌ മറ്റുള്ളവരെ തോന്നിപ്പിക്കുവാൻ വേണ്ടി മാത്രം ദേശീമായി കരുതപ്പെടുന്ന ചിഹ്നങ്ങളെയും പ്രതീകങ്ങളെയും സംഹിതകളെയും മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്‌ യാഥാർഥത്തിൽ ദേശീയതയുടെ സന്ദേശത്തിനു വിരുദ്ധമാണ്‌.

ഇവിടെയാണ്‌ ദേശീയഗാനവുമായി ബന്ധപ്പെട്ട വിവാദം ചർച്ചയാവുന്നത്‌. ഏതൊരു രാജ്യത്തിനും അതിന്റെ ദേശീയഗാനം പ്രിയതരമാണ്‌. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദേശീയഗാനം രാജ്യത്തെ വിവിധ പ്രദേശങ്ങളെയും സംസ്കാരങ്ങളെയും കൂട്ടിയിണക്കിക്കൊണ്ടാണ്‌ രചിക്കപ്പെട്ടിട്ടുള്ളത്‌. അഞ്ച്‌ ചരണങ്ങളുള്ള ഗാനത്തിന്റെ ആദ്യചരണം മാത്രമാണ്‌ ഇന്ന്‌ ദേശീയഗാനമായി അറിയപ്പെടുന്നത്‌. അതെ സമയം `ജനഗണമന` രചിക്കപ്പെട്ട സമയത്ത്‌ തന്നെ അതിന്റെ ഉള്ളടക്കത്തെ കുറിച്ചുള്ള വിവാദങ്ങളും ഉണ്ടായിട്ടുണ്ട്‌. 1911 ഡിസംബർ 27ന്‌ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കൽക്കത്താ സമ്മേളനത്തിലായിരുന്നു രവീന്ദ്രനാഥ ടാഗോർ `ഭാഗ്യവിധാതാ` തുടങ്ങിയ പദങ്ങളെക്കുറിച്ച്‌ അന്ന്‌ തന്നെ വിവാദങ്ങളുണ്ടായിരുന്നു. ബ്രിട്ടനിലെ ജോർജ്ജ്‌ അഞ്ചാമൻ രാജാവിനെ ഉദ്ദേശിച്ചുകൊണ്ടാണ്‌ `ജനഗണമന അധിനായക ജയഹേ ഭാരത ഭാഗ്യവിധാതാ (സർവ ജനങ്ങളുടെയും മനസ്സിന്റെ അധിപനും നായകനുമായവനെ ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ) എന്നർഥം വരുന്ന പ്രയോഗങ്ങളെന്നായിരുന്നു വിമർശനം. എന്നാൽ സാക്ഷാൽ പ്രപഞ്ചത്തിന്റെ മുഴുവൻ ദൈവത്തെയാണ്‌ ഉദ്ദേശിച്ചതെന്ന്‌ ടാഗോർ തന്നെ വ്യക്തമാക്കിയതോടെയാണ്‌ വിവാദങ്ങൾക്ക്‌ വിരാമമുണ്ടായത്‌.

ഭരണഘടനയുടെ 51 A അനുച്ഛേദപ്രകാരം ദേശീയഗാനം, ദേശീയപതാക എന്നിവയെ ബഹുമാനിക്കുക എന്നത്‌ പൗരന്മാരെ സംബന്ധിച്ചിടത്തോളം അവരുടെ മൗലികധർമ്മയാണ്‌ വിശദീകരിക്കപ്പെട്ടിട്ടുള്ളത്‌. അതിന്റെ അടിസ്ഥാനത്തിലാണ്‌ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റുമായി ദേശീയഗാനം ആലപിച്ച്‌ വരുന്നത്‌. എന്നാൽ പ്രത്യേകമായ വേളകളിലും ചടങ്ങുകളിലും ദേശീയഗാനം ആലപിച്ചേ പറ്റൂ എന്ന നിർബന്ധം ഭരണഘടനയിൽ എവിടെയും പറയുന്നില്ല. `ദേശഭക്തി`യും ദേശീയബോധവും അടിച്ചേൽപ്പിക്കാനുള്ളതല്ല എന്നും അവ രാജ്യത്തോടുള്ള കൂറിന്റെ അടിസ്ഥാനത്തിൽ പൗരധർമമായി രാജ്യത്തിന്‌ ലഭിക്കേണ്ടത്‌ മാത്രമാണെന്നും സാമാന്യ ബോധമുള്ളവർക്ക്‌ മനസ്സിലാവും. അതുകൊണ്ടാണ്‌ ദേശീയഗാനം പാടാനും പാടാതിരിക്കാനുമുള്ള സ്വതന്ത്ര്യമുണ്ടെന്ന്‌ സുപ്രീം കോടതി തന്നെ വ്യക്തമാക്കിയത്‌.

1985 ജുലൈ 26ന്‌ കോട്ടയം ജില്ലയിലെ ഒരു വിദ്യാലയത്തിൽ, ദേശീയഗാനം പാടാത്തതിന്റെ പേരിൽ യഹോവ സാക്ഷികൾ എന്ന കൃസ്ത്യൻ വിഭാഗത്തിലെ ചില വിദ്യാർഥികളെ സ്കൂളിൽ നിന്ന്‌ പുറത്താക്കിയതുമായി ബന്ധപ്പെട്ടുകൊണ്ടാണ്‌ സുപ്രീംകോടതി വിധിപ്രസ്താവം നടത്തിയത്‌. യഹോവയെ അല്ലാതെ മറ്റൊന്നിനേയും വികാരപരാമായി ഉൾക്കൊള്ളാൻ കഴിയില്ല എന്നതായിരുന്നു ആ വിദ്യാർഥികൾ പറഞ്ഞ ന്യായം. പുറത്താക്കിയതിനെ ശരിവെച്ച ഹൈക്കോടതിയെയും കീഴ്ക്കോടതികളെയും നിശിതമായി വിമർശിച്ചുകൊണ്ടായിരുന്നു സുപ്രീംകോടതി വിധിയെന്നത്‌ ഏറെ ഗൗരവത്തോടെയാണ്‌ കാണേണ്ടത്‌. ഇന്ത്യൻ ഭരണഘടനയിലെ അഭിപ്രായ സ്വാതന്ത്ര്യം, മതേതരത്വം എന്നീ കാഴ്ചപ്പാടുകൾ വ്യാഖ്യാനിക്കുകയാണ്‌ സുപ്രീംകോടതി `ബിജോയ്‌ ഇമ്മാനുവൽ കേസ്‌` എന്ന പേരിൽ അറിയപ്പെടുന്ന ഈ കേസിൽ ചെയ്തത്‌ എന്നതും ഇന്ത്യൻ ബഹുസ്വരസമൂഹം മനസ്സിലാക്കേണ്ടതുണ്ട്‌. ജനങ്ങൾ ഉന്മത്തരായി ഇരിക്കുന്ന വേളകളിൽ പോലും ദേശീയഗാനം ആലപിക്കാൻ നിർബന്ധിക്കുന്നത്‌ ദേശീയഗാനത്തോടുള്ള ആദരവായി കാണാൻ വയ്യ. ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റ്‌ നിൽക്കണോ എന്നതല്ല വിഷയം. തീയേറ്ററുകളിൽ സിനിമ പ്രദർശിപ്പിക്കുന്നതിന്‌ മുമ്പായി ദേശീയഗാനം നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന സുപ്രീംകോടതിയുടെ പരാമർശം നേരത്തെ സൂചിപ്പിച്ച ബിജു ഇമ്മാനുവൽ കേസിലെ വിധിക്ക്‌ നേർ വിപരീതമാണ്‌. ഹിന്ദി ദേശീയ ഭാഷയായിട്ടും തമിഴ്നാട്ടിൽ അത്‌ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഏറെ സുവിദിതമാണല്ലോ. സംഘകാലത്തിന്റെ ദീർഘകാല പാരമ്പര്യമുള്ള തമിഴ്‌ മണ്ണിൽ അവരുടെ മാതൃഭാഷയേക്കാളേറെ ദേശീയഭാഷയായ ഹിന്ദിയെ ഉൾക്കൊള്ളാൻ അവരുടെ മനസ്സുകൾ പാകപ്പെട്ടിട്ടുണ്ടായിരുന്നില്ല. ഇന്ത്യ വിവിധ മതഭാഷവിശ്വാസസംസ്കാരങ്ങളുടെ കേദാരമായിരിക്കെ ദേശീയതയുടെ പേരിലുള്ള നിർബന്ധിപ്പിക്കലുകൾക്ക്‌ വലിയ പ്രസക്തിയില്ലെന്നതാണ്‌ ഇതെല്ലാം സൂചിപ്പിക്കുന്നത്‌.

ഏകസിവിൽകോഡും നോട്ടും ബീഫുമെല്ലാം നമ്മെ പഠിപ്പിച്ച ഒരു വസ്തുതയുണ്ട്‌. ഭരണകൂടം നിശ്ചയിക്കുന്ന കാര്യങ്ങളെ ചോദ്യം ചെയ്യലുകൾ പോലുമില്ലാതെ അവക്ക്‌ നിയമപരിരക്ഷയുണ്ടോ എന്ന അന്വേഷിക്കുക പോലും ചെയ്യാതെ എല്ലാം അംഗീകരിക്കാൻ പൗരനെ നിർബന്ധിക്കുകയും പൗരന്മാർ എന്തും അനുസരിക്കാൻ തയ്യാറാവുന്ന അവസ്ഥയിലേക്ക്‌ മാറുകയും പ്രതികരണവികാരമില്ലാത്തവരായിത്തീരുകയും ചെയ്യുന്ന വളരെയധികം ആശങ്കാജനകമായ അവസ്ഥയാണിത്‌. ഫാഷിസം പിടിമുറുക്കി എന്നതിന്റെ സൂചനയാണിത്‌. ഈയിടെ കണ്ണൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഒരു സംഭവം മാധ്യമങ്ങൾ കുറിച്ചത്‌ ഇതിന്റെ സൂചനയാണ്‌. ബാൻഡ്മേളത്തിൽ പങ്കെടുത്ത പതിനെട്ടു ടീമുകളും തങ്ങളുടെ അവതരണം അവസാനിപ്പിച്ച്‌ ദേശീയഗാനം ആലപിച്ചപ്പോൾ കാണികളെല്ലാം എഴുന്നേറ്റു നിന്നു. പതിനെട്ടു തവണയും ഇതാവർത്തിച്ചു. മുൻവർഷങ്ങളിൽ ഇതൊരു മത്സരയിനം എന്നതിൽ കവിഞ്ഞുള്ള ഒരു പ്രാധാന്യവും സദസ്സ്‌ നൽകിയിരുന്നില്ല. മത്സരത്തിന്റെ ഭാഗമായുള്ള ഈ ആലാപനത്തിനു അങ്ങനെയൊരു ആദരവ്‌ വേണമെന്ന്‌ ആരും കരുതിയിരുന്നില്ല. ഇപ്പോൾ, ആരും നിർബന്ധിക്കാതെ, ഒരു കോടതിയുടെയും നിർദേശമില്ലാതെ എഴുന്നേറ്റു നിന്നു ആദരവ്‌ പ്രകടിപ്പിക്കാൻ കാണികൾ തയ്യാറാവുന്നു. ഇല്ലെങ്കിൽ സംഘപരിവാരങ്ങൾ ഇടപെടുമെന്ന ഭയപ്പാടാവാം കാണികളെ ഇതിനെല്ലാം പ്രേരിപ്പിച്ചത്‌. തിയേറ്ററുകളിൽ എഴുന്നേൽക്കാത്തവരെ നിയമം വരുന്നതിനു മുമ്പ്‌ തന്നെ ഫാഷിസ്റ്റുകൾ ആക്രമിച്ച സംഭവവും തിരുവനന്തപുരത്ത്‌ ചലച്ചിത്രോത്സവ വേദിയിലെ വിവാദങ്ങളുടെ പേരിൽ സംഘാടകർക്കെതിരെയുണ്ടാക്കിയ അതിക്രമങ്ങളുമെല്ലാം ഭയന്നത്‌ കൊണ്ടാവാം കലോത്സവത്തിൽ ഒറ്റയിരുപ്പിൽ പതിനെട്ടു തവണ എഴുന്നേൽക്കാൻ കാണികളെ പ്രേരിപ്പിച്ചത്‌.

പ്രബുദ്ധരെന്നും രാഷ്ട്രീയ സാക്ഷരരെന്നും കരുതുന്ന മലയാളികളിലേക്ക്‌ പോലും ഫാഷിസത്തിന്റെ മസ്തിഷ്കപ്രക്ഷാളനം സ്വാധീനിച്ചുവരുന്നു എന്നുവേണം കരുതാൻ. ദേശീയത അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന സംഘ്പരിവാരത്തിന്നു കീഴൊതുങ്ങി ജീവിക്കുന്നതാണ്‌ ഉചിതമെന്ന തികച്ചും അപകടകരമായ മാനസികാവസ്ഥയിലേക്ക്‌ അവർ എത്തിപ്പെട്ടിരിക്കുന്നു.

നോട്ടു പിൻവലിക്കലിൽ പോലും ഭരണകൂട തീരുമാനത്തെ പ്രതിഷേധങ്ങളൊന്നും കൂടാതെ അംഗീകരിക്കാനുള്ള മനോനിലയിലേക്ക്‌ ജനമെത്തിയോ എന്ന്‌ കണ്ടെത്താനുള്ള ഉപാധിയായിരുന്നു അത്‌. അതോടൊപ്പം ബാങ്കുകളിലേക്ക്‌ എത്തുന്ന പണത്തിന്റെ പേരിൽ ജനസംഖ്യയിലെ വലിയൊരു വിഭാഗത്തെ നിരീക്ഷണത്തിന്റെ നിഴലിലാക്കുകയും അങ്ങനെ പൗരന്മാരുടെ എല്ലാ ചലനവും ഭരണകൂടത്തിന്റെ സെർവറിൽ രേഖപ്പെടുത്തുകയും ചെയ്യുക. ഇങ്ങനെ വ്യക്തികളുടെ ജീവിതത്തിലേക്ക്‌ കടന്നുകയറാൻ പാകത്തിലുള്ള ആയുധമായി ദേശീയത മാറിക്കൊണ്ടിരിക്കുന്നു. ഇത്തരത്തിലുള്ള അമിതമോ വ്യാജമോ ആയ ദേശീയത വരുത്തി വെക്കുന്ന ദുരന്തങ്ങൾക്കെതിരെ ബോധവൽക്കരണം നടത്തുവാൻ ഉത്തരവാദപ്പെട്ട മതേതര ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തയ്യാറായില്ലെങ്കിൽ രാജ്യം നേരിടാൻ പോവുന്നത്‌ ഒരു `ദേശീയ ദുരന്തം` തന്നെയായിരിക്കും.