മതവും സ്വാതന്ത്ര്യവും അപകര്‍ഷതയില്‍ പൊതിഞ്ഞ മിഥ്യാധാരണയും

നദീം അബ്ദുല്ല

2017 ജൂലായ് 22 1438 ശവ്വാല്‍ 28
ശരീഅത്തിനോടുള്ള അപകര്‍ഷതാ ബോധം പുരോഗമന മുസ്‌ലിം സംഘടനകളെയടക്കം പിടികൂടിയിരിക്കുന്നു എന്നതാണ് പുതിയ ലക്കം ശബാബ് നല്‍കുന്ന ഞെട്ടിക്കുന്ന യാഥാര്‍ഥ്യം. ഡാനിയേല്‍ ഹഖീഖറ്റ്ജൂവിന്റെ "Bernie Sanders and the Mirage of religious freedom' എന്ന ലേഖനത്തെ ആസ്പദമാക്കിയുള്ള രചന.

ക്രിസ്ത്യാനികള്‍ക്ക് മാത്രമെ സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ കഴിയൂ എന്ന വീക്ഷണം ഇസ്‌ലാമോഫോബിയയുടെ വിളംബരമാണോ? അതല്ല, ക്രിസ്തുമതത്തിന്റെ (വിവിധ അവാന്തര വിഭാഗങ്ങളുടെ) ഒരു അടിസ്ഥാന വിശ്വാസമാണോ? അല്ലെങ്കില്‍ ഇതു രണ്ടുമാണോ?

അമേരിക്കയിലെ ബജറ്റ് ആന്‍ഡ് മാനേജ്മന്റ് ഓഫീസിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ആയി ഡൊണള്‍ഡ് ട്രമ്പ് നോമിനേറ്റ് ചെയ്ത റസ്സല്‍ വൗട്ടിനെ ഇസ്‌ലാമോഫോബിക്കും മതഭ്രാന്തനുമാണെന്ന് പറഞ്ഞ് ബെര്‍നി സാന്‍ടെഴ്‌സ് എതിര്‍ത്തത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നു.(1) 'ക്രിസ്തുമത പാരമ്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ മുസ്‌ലിംകള്‍ ന്യൂനതയുള്ളവരും നിന്ദ്യരുമാണ്' എന്ന വൗട്ടിന്റെ മുന്‍പരാമര്‍ശങ്ങളാണ് ഇത്തരമൊരു ആക്ഷേപമുന്നയിക്കാന്‍ സാന്റെഴ്‌സ് കാരണമായി ചൂണ്ടിക്കാണിച്ചത്. നമ്മെ സംബന്ധിച്ചിടത്തോളം ഈ സംഭവത്തിന്റെ രാഷ്ട്രീയം വിഷയമല്ലെങ്കിലും 'സ്വീകാര്യമായ വിശ്വാസവും' 'അസ്വീകാര്യമായ മതഭ്രാന്തും' തമ്മില്‍ വേര്‍തിരിക്കുന്ന അതിരുകളെ സംബന്ധിച്ച ചര്‍ച്ച പ്രധാനമാണ്.

അമേരിക്കയിലെ നിരവധി മുസ്‌ലിം സംഘടനകള്‍ സാന്റേഴ്‌സ്‌ന്റെ ആരോപണത്തെ പിന്തുണക്കുകയും റസ്സല്‍ വൗട്ടിന്റെ പരാമര്‍ശത്തെ 'ഇസ്‌ലാമോഫോബിക്' എന്ന് ആക്ഷേപിച്ച് അപലപിക്കുകയും നിയമനത്തെ എതിര്‍ക്കുകയും ചെയ്തു.(2)

സാന്‍ടെഴ്‌സിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം ചെയ്യുന്നത് വൗട്ട് മതഭ്രാന്തനാണോ അല്ലേ എന്ന നിര്‍ണയമാണ്. മതഭ്രാന്തനാകാന്‍ മതഭ്രാന്ത് പരസ്യമായി പ്രകടിപ്പിക്കണം എന്നില്ല. ഒരു പ്രൊഫഷണല്‍ ബാസ്‌ക്കറ്റ് ബോള്‍ ടീമിന്റെ ഉടമസ്ഥ സ്ഥാനത്ത് നിന്ന് കോടിപതിയായ ഡൊണള്‍ഡ് സ്‌റ്റെര്‍ലിങ്ങിനെ പുറന്തള്ളിയത് തന്റെ വംശീയ ഭ്രാന്ത്, പെണ്‍സുഹൃത്തിനോട് പറഞ്ഞതു കൊണ്ടല്ല. അയാള്‍ 'വംശീയ വിരോധി ആയതുകൊണ്ടാണ്'.(3) മോസില്ല ഫയര്‍ഫോക്‌സിന്റെ സി.ഇ.ഒ ആയിരുന്ന ബ്രെണ്ടന്‍ എയ്ചിനെ സ്ഥാനഭ്രഷ്ടനാക്കിയത് സ്വവര്‍ഗ വിവാഹങ്ങള്‍ക്കെതിരെയുള്ള കാമ്പയിന് സംഭാവന കൊടുത്തത് കൊണ്ടല്ല; 'അയാള്‍ ഹോമോഫോബ് ആയതുകൊണ്ടാണ്.'(4) ചുരുക്കത്തില്‍ ഭ്രാന്തായി കണക്കാക്കപ്പെട്ട വിശ്വാസങ്ങള്‍ മനസ്സിന്റെ അന്തരാളങ്ങളില്‍ അതിസൂക്ഷ്മായി, സ്വകാര്യതയുടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് മറച്ചുവെച്ചിട്ടുണ്ടെങ്കിലും, ഒരു മതേതര രാജ്യത്ത് അത്തരം 'ഭ്രാന്തിന്' അയാള്‍ ഉത്തരവാദിത്തമുള്ളവനാണ്.

കേരളത്തിലെ പൊലീസ് സേനയുടെ ഉന്നത സ്ഥാനം അലങ്കരിച്ചിരുന്ന ടി.പി സെന്‍കുമാറിന്റെ വര്‍ഗീയതയും ഭൂരിപക്ഷ ഭീകരതയോടുള്ള കൂറും ഈയിടെ മറനീക്കി പുറത്തുവന്നപ്പോഴാണ്(5) മുസ്‌ലിംകളെ തിരഞ്ഞുപിടിച്ച് കരിനിയമത്തില്‍ പെടുത്തിയിരുന്ന സെന്‍കുമാറിനു കീഴിലെ പൊലീസ് രാജിന്റെ ഭൂതകാലത്തെകുറിച്ചുള്ള ചോദ്യങ്ങള്‍ പൊതുഇടങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്നത്. വാസ്തവത്തില്‍ വര്‍ഗീയവിഷവും മതദ്വേഷവും മനസ്സില്‍ കാത്തുസൂക്ഷിക്കുന്ന ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ പ്രതിനിധി മാത്രമാണയാള്‍. നിയമപാലകരുടെ മനസ്സകങ്ങളിലെ മതവും വിശ്വാസവും വര്‍ഗീയതയുമെല്ലാം നിയമപാലനത്തില്‍ പ്രതിഫലിക്കുമെന്ന ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ടെന്നര്‍ഥം.

സ്വാതന്ത്ര്യമെന്ന മായ

മതനിയമ പണ്ഡിതനായ വിന്നിഫ്രെഡ് ഫാലെഴ്‌സ് സള്ളിവന്റെ അഭിപ്രായത്തില്‍ നിയമവും മതവും തമ്മിലുള്ള ബന്ധം മതം എന്നതിന്റെ തന്നെ ഉചിതവും സൂക്ഷ്മവുമായ നിര്‍വചനത്തെ ആശ്രയിച്ചിരിക്കുന്നു.(6)

നിര്‍വചനത്തിലെ അവ്യക്തതകള്‍ എതിരാളികളെ ഒതുക്കല്‍ എളുപ്പമാക്കുന്നു. അമേരിക്കയിലെ ക്രിസ്ത്യന്‍ ബിസിനസുകാര്‍ക്കെതിരെ നിയമമുപയോഗിക്കാന്‍ ബിസിനസ് എതിരാളികള്‍ക്ക് അവരില്‍ ഹോമോഫോബിയയും സ്ത്രീവിരുദ്ധതയും പ്രത്യുല്‍പാദന അവകാശ വിരുദ്ധതയുമൊക്കെ ആരോപിച്ചാല്‍ മതിയാകും.(7) കാനഡയിലെ ആന്റി ഹേറ്റ് പ്രൊനൌണ്‍ ബില്‍ ലിംഗമാറ്റത്തെകുറിച്ച ഒരാളുടെ മതവിശ്വാസമോ, വീക്ഷണ സ്വാതന്ത്ര്യമോ പരിഗണിക്കാതെ ട്രാന്‍സ്‌ജെന്ററുകളുടെ ലിംഗ തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യത്തെ ബഹുമാനിക്കാന്‍ അയാളെ നിര്‍ബന്ധിക്കുന്നു.(8) മിക്ക വലതുപക്ഷ രാഷ്ട്രീയ സംഘടനകളെ സംബന്ധിച്ചിടത്തോളം വൈദേശിക ദര്‍ശനങ്ങളെ (സോഷ്യലിസം, ഇസ്‌ലാമിസം പോലുള്ളവ) നിയന്ത്രിക്കുന്നത് മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാവുന്നില്ല.

മുസ്‌ലിംകളെ ആക്രമിക്കണമെന്ന് തോന്നുമ്പോള്‍ മതഭ്രാന്തോ, വിവേചനമോ, വൈദേശിക ദര്‍ശനത്തെ പ്രതിരോധിക്കലോ ഒക്കെ രാജ്യവും രാഷ്ട്രീയപ്പാര്‍ട്ടിയും സമയവും സാഹചര്യവും നോക്കി അങ്ങുപയോഗിക്കാം. ഫ്രാന്‍സിലും ജര്‍മനിയിലും നെതര്‍ലന്‍ഡ്‌സിലുമെല്ലാം നിലവില്‍ വന്ന ഹിജാബ് നിരോധന ബില്ലുകള്‍, ഹിജാബ് സ്ത്രീവിരുദ്ധവും വിവേചനപരവുമാണെന്ന് ആരോപിച്ചായിരുന്നു.(9) മറ്റുള്ള മതപാരമ്പര്യങ്ങളോട് വിദ്വേഷപരമായ സമീപനം പുലര്‍ത്തുന്നതാണെന്നു പറഞ്ഞാണ് ക്വുര്‍ആന്‍ നിരോധന ബില്‍ കൊണ്ടുവരാന്‍ ശ്രമിച്ചത്.(10) സ്വവര്‍ഗലൈംഗികത അംഗീകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഇസ്‌ലാമിക നിയമങ്ങളെയും ശരീഅത്തിനെയും എതിര്‍ക്കുന്നത്.(11) ബാങ്ക് നിരോധിച്ചത് മറ്റുള്ള 'മത-ദൈവങ്ങള്‍'ക്കെതിരെയുള്ള വാചകങ്ങള്‍ അതിലുണ്ടെന്നു പറഞ്ഞാണ്.(12) പുതിയ പള്ളികള്‍ നിര്‍മിക്കുന്നതിനെ എതിര്‍ക്കാന്‍ കണ്ടെത്തിയ കാരണം സ്ത്രീപുരുഷന്മാര്‍ക്ക് വെവ്വേറെ സൗകര്യങ്ങള്‍ ആണ് ഒരുക്കിയതെന്നും, അതിനാല്‍ തന്നെ സ്ത്രീവിരുദ്ധവും വിവേചനപരവുമാണെന്നതാണ്.(13)

വായനകള്‍ക്കും പഠനത്തിനും ശേഷം സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്ത ഇരുപത്തഞ്ചുകാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനി ഹാദിയ(അഖില)യുടെ വിശ്വാസ സ്വാതന്ത്ര്യത്തെയും, വ്യക്തി സ്വാതന്ത്ര്യത്തെയും കവര്‍ന്നെടുത്ത് 'ഹാദിയയുടെ നന്മയെയും' 'പൊതുനന്മയെയും' കരുതി വീട്ടുതടങ്കലിലാക്കിയ സെക്കുലര്‍ കോടതി വിധി ഇങ്ങനെയാണുണ്ടായത്.(14) ഫേസ്ബുക്കിലെ 'സെക്കുലര്‍' പടവാളുകളായ റിട്ട. ജസ്റ്റിസ് മാര്‍കണ്‌ഠേയ കട്ജുവിനെ പോലുള്ളവരുടെ പര്‍ദ നിരോധന ആഹ്വാനങ്ങളും ഒരു പരിഷ്‌കൃത സമൂഹത്തിന് ഇസ്‌ലാമിന്റെ വിധിവിലക്കുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന 'പുരോഗമന' നിലപാടില്‍ നിന്ന് വരുന്നതാണ്.(15) സാക്കിര്‍ നായിക്കിന്റെയും എം.എം അക്ബറിന്റെയും ഇസ്‌ലാമിക പ്രബോധനത്തെ ഉള്‍ക്കൊള്ളാന്‍ ഇവരുടെ മതസ്വാതന്ത്ര്യത്തിന് കഴിയാത്തതും അതുകൊണ്ടാണ്.

സ്വവര്‍ഗ ലൈംഗികത വൈകൃതവും പ്രകൃതി വിരുദ്ധവുമായി കണ്ടിരുന്നിടത്തു നിന്ന് അവകാശമായി മാറിയത് എത്ര പെട്ടെന്നായിരുന്നു! പുരോഗമനത്തിന്റെ അതിരുകള്‍ ആരോ നീട്ടിവരക്കുമ്പോഴേക്ക്, ചെരുപ്പിനൊപ്പിച്ച് കാല്‍ മുറിച്ച്, അതിരുകള്‍ ഭേദിച്ച് ഓടിക്കയറാന്‍ തയ്യാറാവുന്ന ആളുകളോട്, എന്താണ് അത്തരമൊരു നിലപാടിന് കാരണമെന്ന് ചോദിച്ചു നോക്കൂ... എവിടെയോ പറഞ്ഞു കേട്ട ഞൊണ്ടിന്യായങ്ങളായിരിക്കും: ബ്രെയിന്‍ തീര്‍ക്കുന്ന ലൈംഗിക ക്രമീകരണം, ശാസ്ത്രീയത.

ശരി, എങ്കില്‍ കുട്ടികളോട് തോന്നുന്ന ലൈംഗിക തൃഷ്ണയോ(pedophilia)? മൃഗങ്ങളോട് തോന്നുന്നതോ(zoophilia)? അമ്മയെയും പെങ്ങളെയും മകളെയും മകനെയുമെല്ലാം ലൈംഗികവൃത്തിക്കുപയോഗിക്കുന്നതോ(incest)?

ഈയടുത്ത് മലയാള സാമൂഹിക മാധ്യമങ്ങളില്‍ പീഡോഫീലിയ ഏറെ ചര്‍ച്ചകള്‍ക്ക് വിധേയമായപ്പോള്‍ അവരെ ധാര്‍മികതയും മാനവികതയും പറഞ്ഞു എതിര്‍ക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്നത് സ്വവര്‍ഗ ലൈംഗികതയെ പിന്തുണക്കുന്നവരായിരുന്നുവന്നതാണ് വിരോധാഭാസം. എന്നാല്‍ വസ്തുതാപരമായി ഈ വിഷയത്തെ വിലയിരുത്തിയാല്‍ സ്വവര്‍ഗ ലൈംഗികതയുടെ വക്താക്കള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന വാദങ്ങളില്‍ നിന്ന് ഒരു ശതമാനം പോലും വിഭിന്നമല്ല പീഡോഫീലിയക്കാര്‍ കൊണ്ടുവരുന്നതുമെന്ന് കാണാം. സ്വവര്‍ഗ ലൈംഗികത സ്വാഭാവികവും പ്രകൃതിപരവുമാണെന്ന് (Homosexualtiy is natural and normal for human beings)െ ശാസ്ത്ര ലോകത്തെ ഒരു വിഭാഗത്തിന്റെ അഭിപ്രായങ്ങളെ വെച്ച് വാദിക്കുന്നവര്‍ ഇതേ അഭിപ്രായം പീഡോഫീലിയയെക്കുറിച്ചും മറ്റൊരു വിഭാഗം ശാസ്ത്രകാരന്മാര്‍ക്കുണ്ടെന്ന് അറിയാതെ പോയതാണോ? കാംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയില്‍ നടന്ന ശാസ്ത്ര സമ്മേളനത്തിന്റെ കേന്ദ്രവാദം തന്നെ കുട്ടികളോട് തോന്നുന്ന ലൈംഗിക താല്‍പര്യം സ്വാഭാവികവും പ്രകൃതിപരവും (Paedophilic interest is nat ural and normal for human males)െ ആണെന്നായിരുന്നു.(16) പ്രകൃതിപരമല്ലാത്തതു കൊണ്ടല്ല, കുട്ടികളെ ചൂഷണം ചെയ്യുന്നതായതു കൊണ്ട് മാത്രമാണ് ഞങ്ങള്‍ എതിര്‍ക്കുന്നത് എന്ന് പറയുന്നവരോട് 'ശൈശവം ഒരു ജീവശാസ്ത്രപരമായ അവസ്ഥയല്ല എന്നും, ചരിത്രപരമായി നിര്‍മ്മിക്കപ്പെട്ട സാമൂഹിക സംവിധാനം മാത്രമാണ്' ('childhood' itself is not a biological given but an historically produced social object.) എന്നുമാണ് ഈ ശാസ്ത്രജ്ഞന്മാര്‍ക്ക് പറയാനുള്ളത്. 'മാതൃത്വം കൃത്രിമമാണ്. ലൈംഗികചോദന പ്രകൃതിദത്തമാണ്'(17) എന്ന പുരോഗമനവാദത്തിന്റെ ടോണില്‍ മേലെയുള്ള വാചകം വായിച്ചു നോക്കുക. കുട്ടി ആയതുകൊണ്ട് ഉഭയകക്ഷി സമ്മതമാവില്ലെന്നു വാദിച്ചിട്ടും കാര്യമില്ലെന്നു സാരം.

സ്വവര്‍ഗ ലൈംഗികതയെ നിയമവിധേയവും 'പുരോഗമനപര'വുമാക്കി സെക്കുലര്‍ കോടതികള്‍ വിധിച്ചപ്പോള്‍ അതിനോടുള്ള അറപ്പൊക്കെ മാറിയതു പോലെ നാലുപാടും അഞ്ചാറു 'ശാസ്ത്രീയ' വിശദീകരണങ്ങള്‍ കേള്‍ക്കുമ്പോള്‍ പീഡോഫീലിയക്കാരെയും ഉള്‍ക്കൊള്ളാന്‍ ഇവരുടെ സ്വാതന്ത്ര്യവും വിവേചനവിരുദ്ധ കാഴ്ചപ്പാടുകളും പാകപ്പെടും. ജര്‍മന്‍ എത്തിക്‌സ് കൗണ്‍സില്‍ സഹോദരീസഹോദരന്മാര്‍ തമ്മിലുള്ള ലൈംഗികത നിയമവിധേയവും സ്വാഭാവികവും സ്വാതന്ത്ര്യത്തിന്റെ ഭാഗവുമാക്കിയതു പോലെ(18) സമയവും സാഹചര്യങ്ങളും ഒത്തുവരുമ്പോള്‍ ഇതും നിയമവിധേയമാകും.

അപകര്‍ഷതാ ബോധത്തിന് അടിമപ്പെടുന്നവര്‍

ഇവിടെ പ്രാധാനപ്പെട്ട ഒരു കാര്യം, ഇത്തരം നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുമ്പോള്‍, ഒരു മുസ്‌ലിം തന്റെ മതത്തെ മനസ്സിലാക്കുന്നിടത്തും അത് ബാധിക്കുന്നു എന്നതാണ്. തങ്ങളുടെ വിശ്വാസങ്ങള്‍ സ്ത്രീവിരുദ്ധവും ഭ്രാന്തും വംശീയപരവും ആണെന്ന് അവര്‍ ചിന്തിക്കാന്‍ തുടങ്ങുന്നു. അത്തരം ലേബലുകള്‍ ഒഴിവായിക്കിട്ടാന്‍ മതത്തിലെ ചില 'പ്രശ്‌നമുള്ള ഭാഗങ്ങള്‍' അവര്‍ ചൂണ്ടിക്കാണിക്കുന്നു. ക്രമേണ അവര്‍ തന്നെ ശരിയെന്നു വിശ്വസിച്ചിരുന്ന ഒരു വിശ്വാസത്തില്‍ നിന്നു തന്നെ അവര്‍ പുറത്തുപോകുന്നു.

'സ്വവര്‍ഗ ലൈംഗികത വേണ്ടവര്‍ക്ക് ഇസ്‌ലാം അനുവാദം നല്‍കുന്നുണ്ട്; ഇസ്‌ലാമിന്റെ ഹോമോഫോബിക് വ്യാഖ്യാനങ്ങളാണ് അവ അനുവദിക്കാതിരിക്കുന്നത്.'(19) 'ഇസ്‌ലാം സ്ത്രീകള്‍ക്ക് നമസ്‌ക്കാരത്തിലും മറ്റും ഒരു വിവേചനവും കാണിക്കുന്നില്ല, ഇസ്‌ലാമിന്റെ പുരുഷാധിപത്യ വായനകളാണ് സ്ത്രീകള്‍ക്ക് നമസ്‌ക്കാരത്തില്‍ നേതൃത്വം നല്‍കാന്‍ പാടില്ലെന്ന് പറയുന്നത്',(20) 'ഇസ്‌ലാം മറ്റു മതവിശ്വാസികള്‍ക്ക് സ്വര്‍ഗ പ്രവേശനം സാധ്യമല്ല എന്നൊന്നും പറയുന്നില്ല; അത്തരം മതവീക്ഷണങ്ങള്‍ മധ്യകാലത്തെ ഗോത്രാധിപത്യ ചിന്തകളുടെ തുടര്‍ച്ചയാണ്(21) എന്നിങ്ങനെയുള്ള വാദങ്ങളുമായോ, വാദങ്ങളുടെ സാധ്യതയെപ്പറ്റിയുള്ള ചോദ്യങ്ങളുമായോ അവര്‍ രംഗത്തെത്തുന്നു.

അതല്ലെങ്കില്‍ ആഇശ(റ)യുമായുള്ള പ്രവാചകന്‍(സ്വ)യുടെ വിവാഹത്തെപ്പറ്റി ആക്ഷേപമുന്നയിക്കുമ്പോഴേക്ക് ഈ ആക്ഷേപകരുടെ 'ഖിബ്‌ല'യായ അമേരിക്കയില്‍ ഇന്നും നിയമവിധേയമായ വിവാഹ പ്രായം പന്ത്രണ്ടും പതിമൂന്നും ഒക്കെയാണെന്നതു പോലും വിസ്മരിച്ച്(22) അവരുടെ വിവാഹം പതിനെട്ടിലാണെന്നു ദുര്‍വ്യാഖ്യാനിച്ചു സ്ഥാപിക്കേണ്ടി വരുന്നു. മഴവില്ലു ചിത്രം വിരിച്ചു സ്വവര്‍ഗാവകാശങ്ങളുടെ വക്താവായ പുരോഗമന മുസ്‌ലിം ആയി പ്രഖ്യാപിക്കേണ്ടി വരുന്നു.

ഇത്തരത്തില്‍ അപകര്‍ഷതയില്‍ പൊതിഞ്ഞ പുരോഗമന മിഥ്യാധാരണകള്‍ ഒരു ഇസ്‌ലാമിക സംഘടനയെ പിടികൂടിയാല്‍ എന്തു സംഭവിക്കുമെന്നതിന്റെ ഉദാഹരണമാണ് ജൂലൈ 14ലെ ശബാബ് വാരികയില്‍ എം.എസ് ഷൈജു എഴുതിയ 'ഇസ്‌ലാമിക ശരീഅത്തും ജ്ഞാനപരമായ പുനരാഖ്യാനങ്ങളും' എന്ന ലേഖനം. ശരീഅത്തിന്റെ 'കാലഘട്ടപരമായ വികാസ സാധ്യതകളെ' പരിഗണിക്കണമെന്നും, ശരീഅത്ത് നിയമമല്ല നിയമത്തിലേക്കുള്ള വഴികാട്ടിയാണെന്നും, 'പ്രതിലോമകരമായ മുഖങ്ങള്‍' ശരീഅത്തില്‍ പിന്നീട് കടന്നുകൂടിയതാണെന്നും പറയുന്ന ലേഖകന്‍ പക്ഷേ, വ്യക്തമായ ഭാഷയില്‍ ഈ പ്രതിലോമകരമായ മുഖങ്ങളും വികാസ സാധ്യതകളും എന്തൊക്കെയാണെന്ന് വിശദമാക്കാന്‍ തയ്യാറാകുന്നില്ല. ശരീഅത്ത് അരുവിയാണെന്നും അതിന്റെ ഒഴുക്ക് ഒരിടത്തും കെട്ടിക്കിടക്കാന്‍ പാടില്ലെന്നും, ബാഹ്യ സാഹചര്യങ്ങള്‍ക്കനുസരിച്ച് പുതുവഴികള്‍ സ്വീകരിച്ച് ലക്ഷ്യത്തിലേക്ക് ഒഴുകിയെത്താന്‍ വെമ്പുന്ന അരുവി കാലത്തിനൊത്ത സൗന്ദര്യബോധങ്ങളെയാണ് സൃഷ്ടിക്കേണ്ടതെന്നും ആദ്യഭാഗത്ത് വളച്ചുകെട്ടി പറയുന്ന ലേഖകന്റെ ഉദ്ദേശ്യം അവസാനഭാഗത്ത് കൂടുതല്‍ വ്യക്തമാകുന്നു:

'ഇസ്‌ലാമിക മൂല്യങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞു വരുന്ന നിയമങ്ങള്‍ എല്ലാ കാലത്തും എല്ലാ ദേശങ്ങളിലും അക്ഷരം പ്രതി മാറ്റമില്ലാതെ നിലനില്‍ക്കേണ്ടതാണെന്ന ഒരു നിര്‍ദേശം മതം എവിടെയും ഉയര്‍ത്തുന്നതായി കാണുന്നില്ല.'

'സ്ത്രീജീവിതം സാമൂഹികമായി അന്യവല്‍ക്കരിക്കുകയും അസ്തിത്വപരമായി സമ്പൂര്‍ണമായും ദൗര്‍ബല്യങ്ങളില്‍ കഴിഞ്ഞുകൂടുകയും ചെയ്തിരുന്ന ഒരു കാലത്ത് സ്ത്രീ സുരക്ഷക്കും കരുതലിനുമായി നടപ്പാക്കിയ ക്രമീകരണങ്ങള്‍ പലനിലക്കും മതപരമായ അനിവാര്യതകളെന്നോണം ഇന്നും തുടര്‍ന്നു പോരുന്നുണ്ട്.'

'...സ്ത്രീയും പുരുഷനും തമ്മില്‍ നിലനില്‍ക്കുന്ന അന്തരങ്ങളെ പരിഗണിച്ചു കൊണ്ട് സ്ത്രീകള്‍ക്ക് ഒരു പരിഗണനയും സുരക്ഷയുമെന്ന നിലയില്‍ ആവിഷ്‌ക്കരിക്കപ്പെട്ട പല നിയമങ്ങള്‍ക്കും സാമൂഹിക സാഹചര്യങ്ങളുടെ അഭൂതപൂര്‍വമായ വികാസങ്ങള്‍ വഴി പ്രസക്തി നഷ്ട്‌പ്പെട്ടിട്ടുണ്ട്...'(23)

ഒരു മതേതര രാജ്യത്തെ നിയമം വിവേചനവും പുരോഗമനവും നിര്‍വചിക്കുന്നതിനനുസരിച്ച് മുസ്‌ലിംകളുടെയും മുസ്‌ലിം ബഹുജന സംഘടനകളുടെ തന്നെയും വിശ്വാസത്തില്‍ അതിനു കാര്യമായ സ്വാധീനം ചെലുത്താനാകുന്നു എന്നതാണ് നാമിവിടെ കാണുന്നത്. അധികാര സ്ഥാപനത്തിനും സംസ്‌കാരത്തിനുമനുസരിച്ച് മതത്തെയും ആചാരങ്ങളെയും അഡ്ജസ്റ്റ് ചെയ്യാന്‍ വിശ്വാസികള്‍ നിര്‍ബന്ധിക്കപ്പെടുന്നു.

സവര്‍ണ ആഘോഷങ്ങളും, നിലവിളക്ക് പോലുള്ള ബഹുദൈവത്വ/സവര്‍ണ ബിംബങ്ങളും ബഹുസ്വരതയുടെ ഭാഗമായി അംഗീകരിക്കേണ്ടി വരുന്നു. ഇവിടെ നിലവിളക്ക് കൊളുത്താന്‍ താല്‍പര്യമില്ലാത്തവന്‍ അതിനുള്ള സ്വാതന്ത്ര്യം വേണമെന്ന ന്യായത്തിനു പകരം, ഇത് ചെയ്യാതിരിക്കുന്നതാണ് സങ്കുചിതത്വം എന്ന ചിന്ത കടന്നുവരുന്നു.

ഇത്ര വലിയ തോതില്‍ അല്ലെങ്കിലും, ഈയൊരു പ്രതിസന്ധി ക്രൈസ്തവരും ഇതര മത വിശ്വാസികളും അനുഭവിക്കുന്നുണ്ട്. കത്തോലിക സഭയുടെ സര്‍വ അധികാര വ്യവസ്ഥയും പിന്തുടരുമ്പോഴും വേദപുസ്തകത്തെ വലിച്ചെറിഞ്ഞ് ഇത്തരം സൊ കോള്‍ഡ് പുരോഗമന വാദങ്ങളെ പിന്താങ്ങുന്ന അഭിപ്രായങ്ങള്‍ പോപ് ഫ്രാന്‍സിസിന് പറയേണ്ടി വരുന്നത് അങ്ങനെയാണ്.(24)

നിയമം, പ്രകൃത്യാ തന്നെ ചില മനുഷ്യസ്വഭാവങ്ങളെയും വിശ്വാസങ്ങളെയും അനുവദിക്കുകയും അനുവദിക്കാതിരിക്കുകയും ചെയ്തുകൊണ്ട് നിയന്ത്രണം അടിച്ചേല്‍പിക്കുന്നവയാണ്. പ്രമുഖ തത്ത്വചിന്തകന്‍ സ്ടാന്‍ലി ഫിഷ് ചോദിക്കുന്നതുപോലെ, മതത്തിന്റെ വാദങ്ങളെ അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന നിയമങ്ങളെങ്ങനെയാണ് അത്തരം വാദങ്ങളെ സംബന്ധിച്ചിടത്തോളം നിഷ്പക്ഷമാവുക?(25)

ഇവിടെ ചോദിക്കാനുള്ള ഒരേയൊരു ചോദ്യം ഏതൊരു തരം അംഗീകാരത്തിനാണ്, അല്ലെങ്കില്‍ അംഗീകാരത്തിന്റെ അഭാവത്തിനാണ് നിയമസാധുത കല്‍പിക്കുക എന്നതാണ്. മതപരമാവണമെന്ന് നിര്‍ബന്ധമില്ലാത്ത മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ മറുപടി പറയേണ്ടുന്ന ഒന്നാമത്തെ അതിഭൗതിക ചോദ്യമാണ് ഇത്. എന്നാല്‍ ലിബറല്‍ സെക്കുലറിസത്തിനു ഇത്തരം അതിഭൗതിക ചോദ്യങ്ങളുടെ മേല്‍ സംവദിക്കാനുള്ള ഭാഷയോ സൈദ്ധാന്തിക വിഭാവങ്ങളോ ഇല്ല എന്നതാണ് പ്രശ്‌നം. അതുകൊണ്ട് സ്വാതന്ത്ര്യവും സമത്വവും പ്രോത്സാഹിപ്പിക്കുന്നുവെന്നും വിദ്വേഷവും വിവേചനവും തടയുന്നുവെന്നുമുള്ള വ്യാജേന ഇത്തരം നിയമങ്ങളെയും നിയന്ത്രണങ്ങളെയും ഒളിച്ചുകടത്താന്‍ മാത്രമെ അതിന് കഴിയൂ.

ഈ അടിസ്ഥാന കാര്യങ്ങള്‍ മനസ്സിലാക്കുന്നത് മുസ്‌ലിംകളുടെ സന്ദേഹങ്ങള്‍ക്ക് വിരാമമിടും. ഒരു മതേതര രാജ്യത്തിന്റെ അടിസ്ഥാന രഹിതമായ വീക്ഷണങ്ങള്‍ എങ്ങനെയാണ് മത വിശ്വാസത്തെ വളച്ചൊടിക്കുന്നതെന്നും തെറ്റുധരിപ്പിക്കുന്നതെന്നുമുള്ള തിരിച്ചറിവ് നല്‍കും. മതസ്വാതന്ത്ര്യത്തെക്കുറിച്ച നിരര്‍ഥകമായ അവകാശവാദങ്ങളെയും വാഗ്ദാനങ്ങളെയും തിരിച്ചറിയാന്‍ അവരെ പ്രാപ്തരാക്കും. മതേതരരാജ്യ നിയമങ്ങള്‍ക്ക് ഇസ്‌ലാമിലെയോ ക്രിസ്തുമതത്തിലെയോ ഹിന്ദുമതത്തിലെയോ ദൈവങ്ങളെക്കുറിച്ച് ആശങ്കകളൊന്നുമില്ലെങ്കിലും, പകരം സെക്കുലര്‍ ദൈവം പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ടെന്നും അയാളുടെ നിയമങ്ങള്‍ പുസ്തകങ്ങളില്‍ എഴുതപ്പെട്ടിട്ടുണ്ടെന്നും എല്ലാവിധ ജനങ്ങളുടെ മേലും ഈ വിധികള്‍ പ്രാബല്യത്തില്‍ വന്നുകഴിഞ്ഞെന്നുമുള്ള തിരിച്ചറിവ് വേണം. അതുകൊണ്ട് ഹിജാബ് വേണ്ടെന്നോ, പള്ളികള്‍ വേണ്ടെന്നോ, ഇസ്‌ലാമിക പ്രബോധനം പാടില്ലെന്നോ അയാള്‍ വിധിക്കുന്ന മുറക്കനുസരിച്ച് സെക്കുലര്‍ ദൈവങ്ങളുടെ ക്ഷേത്രങ്ങളില്‍ മുഴങ്ങുന്ന 'മതസ്വാതന്ത്ര്യ സ്‌ത്രോത്ര ഗീതങ്ങളെ' നിരാകരിച്ചു കൊണ്ട് നിയമങ്ങള്‍ നടപ്പാകുക തന്നെ ചെയ്യും. അതിനുവേണ്ട ന്യായങ്ങളെല്ലാം സെക്കുലര്‍ പുസ്തകങ്ങളില്‍ എഴുതി വെച്ചിട്ടുണ്ടെന്ന് ഓര്‍ക്കുക.

ദൗര്‍ബല്യമെന്ന മായ

ഈ മനസ്സിലായ കാര്യങ്ങള്‍ വെച്ച് മുസ്‌ലിംകള്‍ എന്തു ചെയ്യണമെന്നാണ് പറയുന്നത്? ഇതിനു വല്ല പ്രായോഗിക മാനങ്ങളുമുണ്ടോ? സ്വാതന്ത്ര്യത്തെയും മതേതരത്വത്തെയുമെല്ലാം സംബന്ധിച്ച ഈ തിരിച്ചറിവുകള്‍ക്ക് പ്രായോഗിക മാനങ്ങളില്ലെങ്കില്‍ കൂടി, നാം ആക്ഷേപിക്കപ്പെട്ടു കൊണ്ടിരിക്കുന്ന പല കാര്യങ്ങളും വഞ്ചനാപരമായ മായകളാണെന്ന തിരിച്ചറിവ് മുസ്‌ലിമിന്റെ മനസ്സിലും ഹൃദയത്തിലും വലിയ വിപ്ലവമുണ്ടാക്കുമെന്നതില്‍ സംശയമില്ല. ഇഹലോകം ശാശ്വതമല്ലെന്ന അറിവ് നമ്മുടെ മനസ്സിന്‍ സമാധാനം നല്‍കുന്നത് പോലെ തന്നെ ഒരു പുതിയ ആത്മീയ തലം ഈ തിരിച്ചറിവ് നമുക്ക് നല്‍കുന്നുണ്ട്.

അതിനു പുറമെ, ചില പ്രായോഗിക തലങ്ങള്‍ കൂടെ വ്യക്തമാക്കാം. ഇടതും വലതുമുള്ള, പലവിധ ഇസങ്ങള്‍ പേറുന്ന ആളുകളുടെ സൂക്ഷ്മനിരൂപണവും വിമര്‍ശനവും ഇസ്‌ലാമിനു നേരെ തിരിച്ചു വെച്ചിട്ടുണ്ടെന്നും, ഈ ആക്ഷേപങ്ങളോട് രാജിയാവേണ്ടതില്ലെന്നും മുസ്‌ലിംകള്‍ അറിഞ്ഞുവെക്കണം. ഫാഷിസത്തിനെതിരെ മതജാതി ഭേദമന്യെ കൈകോര്‍ക്കാന്‍ ആഹ്വാനം ചെയ്യുന്ന ആളുകള്‍ തന്നെ, ഇസ്‌ലാമിക വിശ്വാസം ആധുനിക മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വ്യംഗ്യമായി പറഞ്ഞും പ്രചരിപ്പിച്ചും സ്വത്വം കളഞ്ഞ് 'മനുഷ്യരായി' വരാനാണ് മുസ്‌ലിംകളോട് ആവശ്യപ്പെടുന്നത്. ഇസ്‌ലാമിക ശരീഅത്ത് മാനുഷിക വിരുദ്ധമാണെന്ന് പറയുന്ന അവര്‍, ഇസ്‌ലാമിക പ്രബോധന സ്വാതന്ത്ര്യമോ, ശിരോവസ്ത്ര സ്വാതന്ത്ര്യമോ പ്രതിരോധിക്കാനോ, പ്രതിരോധിക്കുന്നവരെ പിന്തുണക്കാനോ തയ്യാറാവുകയില്ലെന്നു സമകാലിക സംഭവവികാസങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തിയതാണ്. അതുകൊണ്ട് ഇന്നോ നാളെയോ മാറാനിരിക്കുന്ന പുരോഗമനത്തെയും മതസ്വാതന്ത്ര്യത്തെയും സംബന്ധിച്ച അവരുടെ കാപട്യത്തില്‍ പൊതിഞ്ഞ അളവുകോലുകളും കാഴ്ചപ്പാടുകളുമല്ല നമുക്കെന്നും, കാലങ്ങളെ അതിജയിച്ച, ലോകത്തിന്റെ സാമൂഹിക സാംസ്‌കാരിക ശാസ്ത്രീയ നവോത്ഥാനത്തിനു അടിത്തറയിട്ട, സ്രഷ്ടാവ് അവതരിപ്പിച്ച ദര്‍ശനത്തിന്റെ അളവുകോലുകള്‍ വെച്ച് മതേതരത്വത്തെയും സ്വാതന്ത്ര്യത്തെയും പുരോഗമനത്തെയും പരിഗണിക്കാനേ ഞങ്ങള്‍ക്ക് സൗകര്യമുള്ളൂ എന്നും 'ഉപദേശക'രോട് തുറന്നു പറയാനുള്ള ആത്മവിശ്വാസം ഈ തിരിച്ചറിവ് നമുക്ക് നല്‍കും.

ഈയൊരു സാഹചര്യത്തില്‍, പ്രായോഗികമായിത്തന്നെ, ഇസ്‌ലാമിക ശരീഅത്തിനെ ഈ കടന്നാക്രമണങ്ങളില്‍ നിന്ന് സംരക്ഷിച്ച് അനുവര്‍ത്തിക്കുകയും കലര്‍പ്പില്ലാത്ത വിധം വരും തലമുറക്ക് കൈമാറാനുള്ള നടപടികള്‍ ആവിഷ്‌ക്കരിക്കുകയുമാണ് വേണ്ടത്. ശരീഅത്തിന്റെ പാഠങ്ങളില്‍ തന്നെ, അമുസ്‌ലിം രാജ്യങ്ങളില്‍ ജീവിക്കുന്ന മുസ്‌ലിംകള്‍ പ്രായോഗിക തലത്തില്‍ കൊണ്ടുവരേണ്ടതില്ലാത്ത ശരീഅത്തിലെ ചില ഭാഗങ്ങള്‍ ഉണ്ടെന്നത് ശരിയാണ്; അതിനര്‍ഥം അവ ഒഴിവാക്കപ്പെടേണ്ടതോ സെന്‍സര്‍ ചെയ്യപ്പെടേണ്ടതോ അപലപിക്കപ്പെടേണ്ടതോ ആണെന്നല്ല. ആയിരത്തി നാനൂറ് വര്‍ഷങ്ങളായി കൈമാറ്റം ചെയ്യപ്പെട്ടുവന്ന ശരീഅത്ത്, നാം നമ്മെ തന്നെ ആഗോള രാഷ്ട്രീയ ദൗര്‍ബല്യതില്‍ അവരോധിച്ച്, വരും തലമുറക്ക് ബാക്കിവെക്കാതെ നശിപ്പിക്കാന്‍ ശ്രമിക്കരുത്. തീക്കനല്‍ കയ്യിലേന്തുന്നത്ര പ്രയാസകരമായിരുന്നാലും നാമത് കടിച്ചുപിടിക്കണം. അനിസ്‌ലാമിക ഭരണകൂടത്തിനു കീഴില്‍ ശരീഅത്ത് മുറുകെ പിടിച്ചു ജീവിക്കുന്നത് സമാധാനപരമായ സഹവാസത്തിന് ഭീഷണിയല്ലെന്നു ചരിത്രമുദ്ധരിച്ചു സ്ഥാപിക്കാന്‍ നമുക്ക് കഴിയും. ലിബറല്‍ സെക്കുലര്‍ അവകാശവാദങ്ങള്‍ പോലെ നവ മതസ്വാതന്ത്ര്യ പ്രഖ്യാപനമല്ല അത്തരം സമാധാനപരമായ സഹവര്‍തിത്വം പാശ്ചാത്യ നാടുകളിലടക്കം സാധ്യമാക്കിയത്, പ്രത്യുത, മുന്‍പുള്ളതിനെക്കാള്‍ ദൈവിക നിയമങ്ങളെയോ, നിയമ സിദ്ധാന്തങ്ങളെയോ സ്വാംശീകരിക്കാന്‍ അമേരിക്കന്‍ യൂറോപ്യന്‍ സംസ്‌കാരങ്ങള്‍ തയ്യാറായത് കൊണ്ടാണ്; അവ ദൈവിക നിയമങ്ങളാണെന്നു അവര്‍ തുറന്നു സമ്മതിക്കുന്നില്ലെങ്കിലും.

അതുകൊണ്ട് മതേതരത്വത്തെയും സ്വാതന്ത്ര്യത്തെയും സ്വന്തം അഭീഷ്ടപ്രകാരം നിര്‍വചിച്ച് മതത്തെയും മതവിശ്വാസികളെയും പ്രാകൃതരും സങ്കുചിതരുമായി മുദ്ര കുത്തുന്നവരോട് ഞങ്ങളുടെ അളവുകോലുകള്‍ വേറെയാണെന്നു തുറന്നു പ്രഖ്യാപിക്കുക. മാറിക്കൊണ്ടേയിരിക്കുന്ന മായകളാണ് ഇത്തരം വാദങ്ങളെന്ന അവബോധം വളരുന്ന തലമുറക്ക് പകര്‍ന്നു നല്‍കുക, സമ്മര്‍ദങ്ങളെ ഹൃദയത്തിലെങ്കിലും പ്രതിരോധിക്കാന്‍ മുസ്‌ലിംകള്‍ തയ്യാറാവുക.

Ref:
*Original Article link: http://muslimmatters.org/2017/06/23/bernie-sanders-and-the-mirage-of-religious-freedom/““
1. https://www.theatlantic.com/politics/archive/2017/06/bernie-sanders-chris-van-hollen-russell-vought/529614/“
2. https://www.facebook.com/CAIRNational/posts/1015485-2029722695“ http://www.npr.org/sections/thetwo-way/2017/06/09/532116365/is-it-hateful-to-believe-in-hell-bernie-sanders-questions-prompt-backlash““
3. https://www.si.com/nba/point-forward/2014/04/26/donald-sterling-nba-investigation-racist-comments-clippers““
4. http://www.slate.com/blogs/outward/2014/04/04/brendan_ eich_homophobic_past_ should_we_forgive_him.html““
5. http://www.milligazette.com/news/15740-ex-dgp-senkumar-kerala-bjps-long-awaited-messiah““
6. Sullivan, W. F. (2007). The Impossibility of Religious Freedom. Princeton, N.J: Princeton University Press.““
7. Koppelman, A. (2012). Gay Rights, Religious Accommodations, and the Purposes of Antidiscrimination Law. Southern California Law Review,88(619), 619-660. doi:10.4159/harvard. 9780 674067561““
8. https://openparliament.ca/bills/42-1/C-16/““
9. https://newhumanist.org.uk/articles/4199/why-feminists-should-oppose-the-burqa““
10. https://www.change.org/p/petition-the-quran-to-be-removed-from-sale-in-australia-due-to-section-18c-violations““
11. http://www.breitbart.com/milo/2016/06/12/left-chose-islam-gays-now-100-people-killed-maimed-orlando/““
12. http://www.thecrimson.com/article/2008/3/13/the-adhan-at-harvard-two-weeks/““
13. http://www.pickeringpost.com/story/why-oppose-the-building-of-a-mosque-/3836““
14. http://ml.naradanews.com/amp/category/kerala/is-my-hadiya-anti-national-asks-her-husband-shefin-jahan-527681““
15. https://www.facebook.com/justicekatju/posts/119571500-0469044“
16. http://www.telegraph.co.uk/comment/10948796/Paedophilia-is-natural-and-normal-for-males.html““
17. http://www.azhimukham.com/news/11532/attingal-twin-murder-case-anushanthi-ninomathew-morality-rajasekharan-nair-azhimukham“““
18. http://www.telegraph.co.uk/news/worldnews/europe/germany/11119062/Incest-a-fundamental-right-German-committee-says.html““
19. https://www.usatoday.com/story/news/world/2016/06/17/muslim-lgbt-gay-views/86046404/““
20. http://www.telegraph.co.uk/women/womens-life/11790681 /Muslim-women-problem-unveiled-within-patriarchal-mos ques.html““
21 http://www.pewforum.org/2013/04/30/the-worlds-muslims-religion-politics-society-interfaith-relations/““
22. https://www.law.cornell.edu/wex/table_marriage
23. shabab 2017 July 14““
24. http://time.com/3975630/pope-francis-lgbt-issues/““
25. https://opinionator.blogs.nytimes.com/2010/10/25/serving-two-masters-shariah-law-and-the-secular-state/