മതസംഘടനകളും രാഷ്ട്രീയ ഇടപെടലുകളും

സുഫ്‌യാന്‍ അബ്ദുസ്സലാം

2017 ഒക്ടോബര്‍ 28 1439 സഫര്‍ 08

വിഭജനാനന്തര ഭാരതത്തില്‍, അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെട്ട സമയത്ത് മതേതര മുന്നണിയോടൊപ്പം മുസ്‌ലിംകളുടെ രക്ഷക്കെത്തിയത് മുസ്‌ലിം സാമുദായിക സംഘടനകളടക്കമുള്ള മതേതര പാര്‍ട്ടികളാണ്. ക്രാന്തദര്‍ശിത്വത്തോടെയും ഉറച്ച കാല്‍വെപ്പോടെയും ന്യൂനപക്ഷ രാഷ്ട്രീയ പാര്‍ട്ടി മുന്നില്‍ നടന്നപ്പോള്‍ അണികള്‍ക്കിടയിലെ സംഘടനാ സങ്കുചിതത്വങ്ങളുടെ അതിര്‍വരമ്പുകള്‍ നേര്‍ത്ത് നേര്‍ത്ത് ഇല്ലാതായി.

എന്നാല്‍ കാഴ്ചപ്പാടില്ലാത്ത, ഗുണകാംക്ഷാരഹിതരുംഭാവനാ ദരിദ്രരുമായ ഭൗതികമോഹികള്‍ മതസംഘടനകളുടെ ഭാരവാഹിത്വങ്ങളില്‍ കയറിപ്പറ്റിയപ്പോള്‍ അതിന്റെ പരുക്കുകള്‍ക്ക് സാമുദായിക രാഷ്ട്രീയ പാര്‍ട്ടിയും ഇരയായി. അനുഭവങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നതിന് പകരം അബദ്ധങ്ങളില്‍ നിന്ന് അപകര്‍ഷതയിലേക്ക് കൂപ്പു കുത്തുന്ന അവിവേകികള്‍ക്ക് അര്‍ഹിക്കുന്നിടങ്ങളിലേക്ക് വഴി കാണിച്ചില്ലെങ്കില്‍ ഒരുപക്ഷെ, ചരിത്രം മാപ്പു തന്നേക്കില്ല.

സമകാലിക കേരള മുസ്‌ലിം മത-രാഷ്ട്രീയ സംഭവവികാസങ്ങളെ, ചരിത്രത്തിന്റെ തുലാവെളിച്ചെത്തിലെടുത്തു കൊണ്ടുള്ള അപഗ്രഥനം.

മതം രാഷ്ട്രീയത്തിലിടപെടാന്‍ പാടുണ്ടോ, രാഷ്ട്രീയം മതത്തിലിടപെടാന്‍ പാടുണ്ടോ എന്ന ചര്‍ച്ചക്ക് കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാല്‍ ഇന്ന് കേരളത്തില്‍ മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ സജീവമായി നടക്കുന്ന ചര്‍ച്ച മത സംഘടനകള്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ പാടുണ്ടോ എന്ന കാര്യത്തിലാണ്. ഇടയലേഖനങ്ങളിറക്കി വോട്ടു രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടുന്ന ക്രിസ്തീയ പൗരോഹിത്യം സ്വീകരിക്കുന്ന ലൈനിലേക്ക് കേരളത്തിലെ മുസ്‌ലിം പൗരോഹിത്യവും കടന്നുവരുന്നതിന്റെ സൂചനകളാണ് ചില പണ്ഡിതന്മാരിലൂടെ പുറത്തേക്ക് വമിച്ചിരിക്കുന്നത്. കേരളത്തിലെ ഒരു മുസ്‌ലിം യുവജന പ്രസ്ഥാനത്തിന്റെ നേതാവ് തങ്ങളുടെ പാര്‍ട്ടിയെ ഒരു മതസംഘടനക്കും തീറെഴുതിക്കൊടുത്തിട്ടില്ല എന്ന് പറഞ്ഞതിനെ പണ്ഡിതന്മാര്‍ ഞങ്ങളെ നിയന്ത്രിക്കേണ്ട എന്ന വ്യാഖ്യാനം നല്‍കിക്കൊണ്ടാണ് മുസ്‌ലിം രാഷ്ട്രീയത്തെ പുരോഹിതമാര്‍ തന്നെ നിയന്ത്രിക്കുമെന്നു പ്രസ്താവിച്ചിട്ടുള്ളത്. പ്രത്യേകമായ വോട്ടുബാങ്കുകള്‍ സൃഷ്ടിച്ച് രാഷ്ട്രീയ പാര്‍ട്ടികളെ സമ്മര്‍ദത്തിലാക്കുന്ന തന്ത്രങ്ങള്‍ ചില മൗലാനമാര്‍ ഉത്തരേന്ത്യയില്‍ പയറ്റുന്നത് പലപ്പോഴും കണ്ടിട്ടുള്ളതാണ്. കേരളം അതില്‍ നിന്നും ഭിന്നമായിരുന്നു. സമസ്തയിലെ ഒരു വിഭാഗം മൂന്നു പതിറ്റാണ്ടു കാലമായി കേരളത്തില്‍ ഇതേ തന്ത്രം പയറ്റി നോക്കിയിട്ടുണ്ടെങ്കിലും അവയ്ക്ക് വേരോട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. 

ഇന്ത്യയുടെ സാമൂഹിക സാഹചര്യം പരിശോധിക്കുമ്പോള്‍ കൃത്യമായ ധാരണകളോടെ വിട്ടുവീഴ്ചകാണിച്ചും സഹിഷ്ണുത പുലര്‍ത്തിയും മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ടുന്ന സ്ഥിതിവിശേഷമാണുള്ളതെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. പതിനാല് ശതമാനത്തോളം മാത്രമുള്ള ഇന്ത്യയിലെ മുസ്‌ലിം സമുദായം വ്യത്യസ്ത വിഭാഗങ്ങളായി ചിതറിക്കിടക്കുകയാണ്. സുന്നി, ശിആ എന്നീ പ്രബലമായ വിഭാഗങ്ങള്‍ക്ക് പുറമെ ഓരോ വിഭാഗങ്ങളിലും നൂറു കണക്കിന് കക്ഷികളാണുള്ളതെന്നാണ് കണക്കാക്കപ്പെടുന്നത്. മുസ്‌ലിം ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ലോകത്ത് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കിടയിലുള്ള അവാന്തര വിഭാഗങ്ങളുടെ എണ്ണം മുന്നൂറോളമാണ്. (ഇസ്‌ലാമില്‍ ഇങ്ങനെ അവാന്തരവിഭാഗങ്ങള്‍ ഇല്ലെന്നും ഇങ്ങനെ കക്ഷികളായി പിരിഞ്ഞതിന് ഇസ്‌ലാം ഉത്തരവാദിയല്ലെന്നും മനസ്സിലാക്കുക). ഇത്രയധികം കക്ഷികള്‍ മുസ്‌ലിംകള്‍ക്കിടയിലുണ്ടെങ്കിലും രാജ്യത്തിന്റെ ഭരണഘടനയും ഭരണസംവിധാനങ്ങളും മുസ്‌ലിംകളെ കണക്കാക്കുന്നത് ഒരൊറ്റ സമുദായമായിട്ടാണ്. ഇസ്‌ലാമികമായ ജീവിത വ്യവഹാരങ്ങള്‍ക്ക് ഭരണഘടന സ്വാതന്ത്ര്യം ഉറപ്പുവരുത്തുക മാത്രമല്ല ഒരളവോളം ഇസ്‌ലാമിക ശരീഅത്തിനെ ഭരണഘടനയുടെ ഭാഗമായി മുസ്‌ലിംകള്‍ക്ക് അനുവദിച്ചുകൊടുക്കുകയും ചെയ്തതാണ് ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് ലഭിച്ച വമ്പിച്ച അനുഗ്രഹം. ഇന്ത്യയില്‍ നിലനില്‍ക്കുന്ന സാമൂഹികവും രാഷ്ട്രീയവുമായ വ്യവസ്ഥിതിയില്‍ ഭരണഘടനാനുസൃതമായി സമുദായങ്ങള്‍ക്ക് നല്‍കിയിട്ടുള്ള പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് യുക്തിപൂര്‍വം പ്രവര്‍ത്തിക്കുകയാണ് അസ്തിത്വ പ്രതിസന്ധികളെ തരണം ചെയ്യാന്‍ ഇന്ത്യയിലെ മുസ്‌ലിം സമുദായവും ചെയ്യേണ്ടതെന്ന കാഴ്ചപ്പാട് രാജ്യം സ്വാതന്ത്ര്യം നേടിയ കാലഘട്ടത്തില്‍ തന്നെ രൂപപ്പെട്ടിരുന്നു. വിശ്വാസകാര്യങ്ങളില്‍ വിവിധ വീക്ഷണങ്ങള്‍ വെച്ച് പുലര്‍ത്തുന്ന സംഘങ്ങളും ത്വരീക്വത്തുകളും മുസ്‌ലിംകള്‍ക്കിടയിലുണ്ട്. കര്‍മശാസ്ത്ര വിഷയങ്ങളില്‍ വിവിധ കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്ന മദ്ഹബുകളുണ്ട്. സുന്നികള്‍ക്കുള്ളിലും ശിയാക്കള്‍ക്കുള്ളിലും വ്യത്യസ്ത ചിന്താധാരകളാല്‍ രൂപീകരിക്കപ്പെട്ട സംഘടനകളുണ്ട്. വ്യക്തി നിയമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കോടതികളില്‍ കേസുകള്‍ വരുമ്പോള്‍ കക്ഷികള്‍ മുസ്‌ലിംകള്‍ക്കിടയിലെ ഉപവിഭാഗങ്ങളാണെങ്കില്‍ അവര്‍ കൊണ്ടുവരുന്ന ആധികാരിക ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തില്‍ വിധി പ്രസ്താവിക്കുകയാണ് ന്യായാധിപന്മാര്‍ ചെയ്യാറുള്ളത്. ഇത് രാജ്യത്ത് നിലനില്‍ക്കുന്ന ശരീഅത്ത് ആക്റ്റിന്റെ അടിസ്ഥാനത്തിലാണ് സാധിക്കുന്നത്. വളരെ ന്യൂനപക്ഷമായിട്ടുള്ള ഒരു രാജ്യത്ത് ഇങ്ങനെയൊക്കെ സാധിക്കുന്നത് അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് മാത്രമാണ്. 

അല്ലാഹു നല്‍കിയ ഈ അനുഗ്രഹത്തിന്റെ വില മനസ്സിലാക്കി പ്രവര്‍ത്തിക്കുവാന്‍ ഇന്ത്യയിലെ ഇസ്‌ലാമിക സമൂഹവും മുസ്‌ലിം സംഘടനകളും തയ്യാറാവേണ്ടതുണ്ട്. മുസ്‌ലിം മത സംഘടനകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആദര്‍ശ വിഷയങ്ങളിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ സമുദായത്തിന്റെ ഐക്യബോധത്തെയും കെട്ടുറപ്പിനെയും ബാധിക്കുന്ന തരത്തിലായിരിക്കരുത്. മത സംഘടനകള്‍ക്കിടയില്‍ നില നില്‍ക്കുന്ന അഭിപ്രായവ്യത്യാസങ്ങള്‍ രാഷ്ട്രവുമായി ബന്ധപ്പെട്ട കാര്യങ്ങളിലല്ല. അവ തികച്ചും മതവിശ്വാസങ്ങളും ആചാരങ്ങളുമായി ബന്ധപ്പെട്ടവയാണ്. അവ ഉള്‍ക്കൊള്ളുവാനും അതുമായി ബന്ധപ്പെട്ട ആരോഗ്യകരമായ പ്രബോധന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുവാനും ഓരോ പ്രസ്ഥാനത്തിനും അവകാശമുണ്ട്. അതേ സമയം മുസ്‌ലിം സമുദായത്തിന് ഭരണഘടന അനുവദിച്ചിട്ടുള്ള വിശ്വാസ ആചാര പ്രബോധന സ്വാതന്ത്ര്യത്തെ ഹനിക്കുന്ന സര്‍ക്കാര്‍ ഇടപെടലുകള്‍, രാജ്യത്തെ ഒരു മസ്ജിദിനു നേരെ ഉയരുന്ന ഫാഷിസ്റ്റ് ഭീഷണി, സമുദായം അനുഭവിക്കുന്ന വിദ്യാഭ്യാസ അവകാശങ്ങള്‍ക്കും അറബി ഭാഷ പഠന ആനുകൂല്യങ്ങള്‍ക്കുമെതിരെ വരുന്ന എതിര്‍പ്പുകള്‍ തുടങ്ങി സമുദായത്തെ മൊത്തത്തില്‍ ബാധിക്കുന്ന വിഷയങ്ങളില്‍ മതസംഘടനകള്‍ക്കിടയില്‍ ഭിന്നതകളുണ്ടാവാന്‍ പാടില്ല. പ്രസ്തുത വിഷയങ്ങള്‍ രാജ്യത്തെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനാവശ്യമായ യോജിച്ച ഇടപെടലുകളാണ് ആവശ്യമായിട്ടുള്ളത്. 

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍, വിശേഷിച്ചും കേരളത്തില്‍ ഈ കാഴ്ചപ്പാടുകള്‍ വളര്‍ത്തിയെടുക്കുവാന്‍ ഇസ്വ്‌ലാഹി പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയിരുന്ന പണ്ഡിതനേതാക്കള്‍ക്ക് സാധിച്ചിരുന്നു. സമുദായത്തിന്റെ പൊതുവിഷയങ്ങളില്‍ ഇടപെടുന്ന കാര്യത്തില്‍ ആദര്‍ശ വ്യത്യാസങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ ഭിന്ന വീക്ഷണങ്ങള്‍ വെച്ചുപുലര്‍ത്തുന്ന വ്യക്തിത്വങ്ങളുമായി കൈകോര്‍ക്കുന്നതില്‍ അവര്‍ക്കൊരു പ്രയാസവുമുണ്ടായിരുന്നില്ല. പരസ്പരം വ്യക്തിഗുണങ്ങള്‍ എടുത്തുപറയുന്നതിലും അവര്‍ കുറവുവരുത്തിയിരുന്നില്ല. സാമൂഹികവും രാഷ്ട്രീയവുമായ പ്രവര്‍ത്തനങ്ങളില്‍ നിന്നും പുറം തിരിഞ്ഞു നിന്ന സമുദായത്തിന് രാഷ്ട്രീയമായ ദിശാബോധം നല്‍കിയത് ഈ നേതാക്കളായിരുന്നു. മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിലും കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിലും സമുദായത്തെ സജീവമാക്കി നിര്‍ത്തിയതും ആ പാര്‍ട്ടികളുടെയൊക്കെ കുഞ്ചികസ്ഥാനങ്ങളില്‍ അവര്‍ ഇരുന്നതും സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയായിരുന്നില്ല. തങ്ങള്‍ നേതൃത്വം നല്‍കിയിരുന്ന മതസംഘടനകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടിയായിരുന്നില്ല. മുസ്‌ലിം ലീഗിന്റെ അധ്യക്ഷ പദവിയിലേക്ക് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളെ കൈപിടിച്ചുയര്‍ത്തിയത് ഇസ്വ്‌ലാഹി ആശയങ്ങള്‍ ഉള്‍ക്കൊണ്ടിരുന്ന മുസ്‌ലിം ലീഗിന്റെ ഉപാധ്യക്ഷന്‍ കെ.എം. മൗലവിയായിരുന്നു. മരണം വരെ മൗലവി തങ്ങളുടെ സഹപ്രവര്‍ത്തകനായി ആ സ്ഥാനത്ത് തുടരുകയും ചെയ്തു. 

ബാഫഖി തങ്ങളെക്കുറിച്ച് പ്രൊഫ: ടി. അബ്ദുല്ല സാഹിബ് എഴുതിയ വരികള്‍ ശ്രദ്ധിക്കുക: ''മതപരമായ കാര്യങ്ങളില്‍ അദ്ദേഹം ഒരു തികഞ്ഞ സുന്നിയായിരുന്നുവെന്ന് വരികിലും വിശ്വാസപരമായി താനുമായി അഭിപ്രായ ഭിന്നതയുള്ളവരോട് അദ്ദേഹം തികച്ചും വിശാല മനസ്‌കതയോടും സഹിഷ്ണുതയോടും കൂടിത്തന്നെ എപ്പോഴും പെരുമാറിയിരുന്നു. മുജാഹിദ് വഭാഗത്തിലെ ഉന്നത പണ്ഡിതന്മാരായ മര്‍ഹും കെ.എം. മൗലവി സാഹിബ്, ഇ.കെ. മൗലവി സാഹിബ് തുടങ്ങിയവരെ അദ്ദേഹം അങ്ങേയറ്റം ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്തിരുന്നതായി എനിക്കറിയാന്‍ കഴിഞ്ഞിട്ടുണ്ട്. വിട്ടുവീഴ്ചയില്ലാത്തൊരു മുജാഹിദായ എം.കെ. ഹാജി സാഹിബ് അദ്ദേഹത്തിന്റെ ഒരാത്മമിത്രമായിരുന്നു. ഖുതുബ പരിഭാഷ, മതത്തില്‍ കടന്നുകൂടിയിട്ടുള്ള ശിര്‍ക്കുപരമായ കാര്യങ്ങള്‍ എന്നിവയില്‍ അദ്ദേഹത്തിന്ന് മുജാഹിദുകളോട് യോജിപ്പുണ്ടായിരുന്നു. മുജാഹിദുകള്‍ നടത്തുന്ന ഒരു സ്ഥാപനമായിട്ട് കൂടി തിരൂരങ്ങാടി യതീംഖാനയുടെ കാര്യത്തില്‍ അദ്ദേഹം പ്രത്യേകം താല്‍പര്യം പ്രകടിപ്പിച്ചിരുന്നു'' (ബാഫഖി തങ്ങള്‍ സ്മാരക ഗ്രന്ഥം, ഗ്രീന്‍ ഹൗസ് പബ്ലിക്കേഷന്‍സ്). ഈ പറയപ്പെടുന്ന നേതാക്കളൊന്നും സംഘടനാപരമായ കക്ഷിത്വം പേറിയവരായിരുന്നില്ല. സമുദായത്തിന് നന്മയുണ്ടാവണമെന്ന ആത്മാര്‍ഥതയായിരുന്നു അവരെ പൊതുരംഗത്ത് സജീവമാക്കിയിരുന്നത്. സംഘടനകള്‍ എന്തിനാണോ രൂപീകരിച്ചത് അതിനുള്ള ഒരു പ്ലാറ്റ്‌ഫോം മാത്രമായി അവര്‍ ഉപയോഗിച്ചു. ഭിന്നമായ ആദര്‍ശവീക്ഷണങ്ങളുടെ പേരില്‍ അവര്‍ സമുദായത്തിന്റെ പൊതുരംഗത്തെ വഷളാക്കിയിരുന്നില്ല. പരസ്പരം ചെളിവാരി എറിഞ്ഞിരുന്നുമില്ല. പകരം മറ്റുള്ളവരിലെ നന്മയെക്കുറിച്ച് പറയാന്‍ കിട്ടുന്ന സന്ദര്‍ഭങ്ങളില്‍ അവര്‍ നന്മകള്‍ പറയാറുണ്ടായിരുന്നു. ബാഫഖി തങ്ങള്‍ അന്തരിച്ചപ്പോള്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രഥമ ജനറല്‍ സെക്രട്ടറി കൂടിയായ എന്‍.വി. അബ്ദുസ്സലാം മൗലവി എഴുതിയ ലേഖനത്തില്‍ ബാഫഖിതങ്ങളിലെ ഒട്ടേറെ നന്മകളെ അനുസ്മരിക്കുന്നുണ്ട്. സ്ത്രീ വിദ്യാഭ്യാസത്തിനെതിരെ സമസ്ത പ്രമേയം പാസ്സാക്കുകയും മദ്‌റസാ സംവിധാനത്തോട് പുറംതിരിഞ്ഞു നില്‍ക്കുകയും ചെയ്തപ്പോള്‍ ബാഫഖി തങ്ങളായിരുന്നു സമസ്തയെക്കൊണ്ട് ഓരോ മഹല്ലുകളിലും പ്രാഥമിക മദ്‌റസകള്‍ സ്ഥാപിക്കുവാന്‍ വേണ്ടി രണ്ട് ഓര്‍ഗനൈസര്‍മാരെ നിയമിക്കുവാനുള്ള തീരുമാനമെടുപ്പിച്ചത്. 

മറ്റു മുസ്‌ലിം രാഷ്ട്രീയ പ്രസ്ഥാനങ്ങളില്ലാതിരുന്ന ആ കാലഘട്ടത്തില്‍ മുസ്‌ലിം പൊതു കൂട്ടായ്മയായി അറിയപ്പെട്ടിരുന്ന മുസ്‌ലിം ലീഗിന്റെ വേദികള്‍ സജീവമാക്കുന്നതിനു വേണ്ടിയായിരുന്നു എന്‍.വി. അബ്ദുസ്സലാം മൗലവി നദ്‌വത്തിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനം ത്യജിച്ചത്. ഇസ്വ്‌ലാഹി ആശയം പ്രചരിപ്പിക്കുന്നതിന് വേണ്ടിയോ ഇസ്വ്‌ലാഹി പ്രസ്ഥാനത്തിന് എന്തെങ്കിലും നേട്ടങ്ങള്‍ കൊയ്‌തെടുക്കുന്നതിനു വേണ്ടിയോ ആയിരുന്നില്ല അദ്ദേഹം അത് ചെയ്തത്. ശക്തമായ സാമുദായിക വീക്ഷണം അവര്‍ക്കുണ്ടായിരുന്നു. കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിന് ചുക്കാന്‍ പിടിച്ചിരുന്ന മുസ്‌ലിം നേതാക്കള്‍ക്ക് സാമുദായികമായി സംഘടിക്കണമെന്ന വീക്ഷണം ഇല്ലായിരുന്നുവെങ്കിലും സമുദായത്തിന്റെ പ്രാതിനിധ്യം സാമൂഹികവും രാഷ്ട്രീയവുമായ മേഖലകളില്‍ ഉണ്ടായിരിക്കണമെന്ന കാഴ്ചപ്പാട് അവരെ ഭരിച്ചിരുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് സമുദായത്തിന്റെ നന്മയും ഐക്യവും പുരോഗതിയുമായിരുന്നു അവര്‍ ലക്ഷ്യമാക്കിയിരുന്നതെന്ന യാഥാര്‍ഥ്യമാണ്. 

മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബും ബാഫഖി തങ്ങളും കെ.എം. മൗലവിയും കെ. എം. സീതി സാഹിബും ഇ.കെ. മൗലവിയും അബ്ദുസ്സലാം മൗലവിയുമൊക്കെ കേരളീയ മുസ്‌ലിം ജനതക്ക് സമ്മാനിച്ചത് വിശാലവീക്ഷണം ഉള്‍ക്കൊള്ളുന്ന പൊതുബോധത്തെയായിരുന്നു. മുസ്‌ലിം സമുദായത്തിന്റെ സാമ്പ്രദായിക രീതികളെ നിലനിര്‍ത്തുവാന്‍ വേണ്ടി സമസ്ത യത്‌നിക്കുമ്പോള്‍ കേരളീയ മുസ്‌ലിംകളില്‍ അള്ളിപ്പിടിച്ച അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാക്കുന്നതിനുവേണ്ടി ഇസ്വ്‌ലാഹി പ്രസ്ഥാനത്തിലൂടെ അവര്‍ അഹോരാത്രം പരിശ്രമിച്ചു. നവോത്ഥാനത്തിന്റെ വെള്ളിവെളിച്ചത്തിലൂടെ മാത്രമെ സമുദായത്തിന്റെ പുരോഗതി സാധ്യമാവൂ എന്നവര്‍ മനസ്സിലാക്കി. അത്തരമൊരു നവോത്ഥാനത്തിന്റെ ഉപോല്‍പന്നമായിട്ടു തന്നെയാണ് മുസ്‌ലിം രാഷ്ട്രീയ പ്രസ്ഥാനം പോലും പിറവികൊണ്ടത്. പുരോഗതിയുടെ പാതകളില്‍ സമുദായം ഉള്‍വലിഞ്ഞു നിന്ന മേഖലകളിലെല്ലാം മുമ്പോട്ട് കുതിക്കുവാനുള്ള പ്രാപ്തി സമുദായത്തിനവര്‍ നേടിക്കൊടുത്തു. എം.ഇ.എസ്, എം.എസ്.എസ്, തുടങ്ങിയ പ്രസ്ഥാനങ്ങള്‍ സമുദായത്തിന്റെ വിദ്യാഭ്യാസ സാമൂഹിക പുരോഗതികളില്‍ വലിയ പങ്കു വഹിച്ചു. 

മുസ്‌ലിം സമുദായത്തിന്റെ ഈ പൊതു പ്രതലത്തിനു ഹാനികരമാവുന്ന സമീപനം മുസ്‌ലിം സംഘടനകളില്‍ നിന്ന് ആദ്യകാലങ്ങളില്‍ ഉണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ മതപണ്ഡിതന്മാരെ മുന്നില്‍ നിര്‍ത്തിയുള്ള ചില പ്രചാരണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം തെരഞ്ഞെടുപ്പോടെ അവസാനിക്കാറുണ്ടായിരുന്നു. എന്നാല്‍ മുസ്‌ലിം മത സംഘടനകള്‍ രാഷ്ട്രീയത്തില്‍ നേരിട്ട് ഇടപെടുന്ന രീതിക്ക് തുടക്കം കുറിച്ചത് കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാരുടെ ആഗമനത്തോടെയായിരുന്നു. മുസ്‌ലിം രാഷ്ട്രീയ സംഘടനയായ മുസ്‌ലിം ലീഗിനെ മുജാഹിദുകള്‍ കയ്യടക്കിയിരിക്കുന്നുവെന്ന ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുവാനും സുന്നികള്‍ രാഷ്ട്രീയമായി സംഘടിക്കുകയാണ് അതിനുള്ള പരിഹാരമെന്ന അപക്വചിന്ത സാധാരണക്കാരായ സുന്നികളില്‍ വളര്‍ത്തിയെടുക്കുവാനുമാണ് ഇയാള്‍ ശ്രമിച്ചത്. 1974 മുതല്‍ സമസ്ത മുശാവറ അംഗമായ കാന്തപുരത്തിന്റെ ഈ രാഷ്ട്രീയ മോഹങ്ങള്‍ 1979 മുതലാണ് പ്രകടമായി തുടങ്ങിയത്. സമസ്ത മുശാവറ മുന്‍കയ്യെടുത്ത് സുന്നികള്‍ക്ക് പ്രത്യേകം ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപികരിക്കുകയോ, അല്ലെങ്കില്‍ സുന്നി യുവജന സംഘത്തിന് സമസ്തയുടെ രാഷ്ട്രീയ ഘടകമായി പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് ഇയാള്‍ സമസ്തക്ക് കത്ത് നല്‍കി. സമസ്ത അതംഗീകരിച്ചില്ല. അതിനെത്തുടര്‍ന്ന് പട്ടാമ്പിക്കാരനായ ഫാറൂഖ് മൗലവിയെ മുന്നില്‍ നിര്‍ത്തി ഒരു പാര്‍ട്ടി രൂപീകരിച്ചു. മുസ്‌ലിം ഡെമോക്രാറ്റിക് പാര്‍ട്ടി (എം.ഡി.പി) എന്നായിരുന്നു പാര്‍ട്ടിയുടെ പേര്‍. പാര്‍ട്ടിയുടെ മുമ്പിലേക്ക് കാന്തപുരം വന്നില്ല. മഞ്ഞക്കുളം സിയാറത്തിന് ശേഷം പാലക്കാട് ഐ. എം. എ ഹാളില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു. നാട്ടിക മൂസ മുസ്‌ല്യാര്‍ പ്രസിഡന്റും ഫാറൂഖ് മൗലവി ജനറല്‍ സെക്രട്ടറിയും. സുന്നി പ്രസ്ഥാനത്തിന്റെ ഏതവകാശവും പിടിച്ചുവാങ്ങുമെന്നു നാട്ടിക വേദിയില്‍ വെച്ച് പ്രഖ്യാപിച്ചുവെങ്കിലും കണ്‍െവന്‍ഷനു ശേഷം വിളിച്ചു ചേര്‍ക്കപ്പെട്ട പത്രസമ്മേളനത്തില്‍ നിന്നും നാട്ടിക അപ്രത്യക്ഷമാവുകയാണ് ചെയ്തത്. പിറ്റേ ദിവസത്തെ പത്രത്തില്‍ ഞാനങ്ങനെയൊരു കണ്‍വെന്‍ഷനില്‍ പങ്കെടുത്തിട്ടേ ഇല്ലെന്ന് പ്രസ്താവന ഇറക്കുകയും ചെയ്തു. പിന്നീട് ചെമ്മാട് ആദം ഹാജിയുടെ വസതിയില്‍ ചേര്‍ന്ന കണ്‍വെന്‍ഷനോടെ എം.ഡി.പി. നാമാവശേഷമാവുകയും ചെയ്തു. അതിനെക്കുറിച്ചായിരുന്നു 'ഗര്‍ഭത്തിലേ അലസിപ്പോയ പാര്‍ട്ടി' എന്ന സി.എച്ചിന്റെ പ്രസിദ്ധമായ ഫലിതം.  

അലസിപ്പോയ മോഹം ഉപേക്ഷിക്കാന്‍ കാന്തപുരവും അനുയായികളും തയ്യാറായിരുന്നില്ല. സുന്നികള്‍ അരക്ഷിതരെന്ന പ്രചാരണം അവര്‍ സമൂഹത്തില്‍ വളര്‍ത്തി. സമുദായത്തിന്റെ പൊതു പ്ലാറ്റ്‌ഫോമിന് അത് വലിയ വിള്ളലുകള്‍ സൃഷ്ടിച്ചുകൊണ്ടിരിന്നു. സമസ്തയുടെ ആശയം വെച്ചുപുലര്‍ത്തുന്ന ഒട്ടേറെ രാഷ്ട്രീയ നേതാക്കളുണ്ട്. അവരൊക്കെയും സമസ്തയുടെ സമ്മേളനങ്ങളിലും അല്ലാത്ത വേദികളിലുമെല്ലാം സമസ്തയുടെ നാവുകളാവാറുണ്ട്. അതിനെ വിമര്‍ശനബുദ്ധ്യാ ആരും കണ്ടിരുന്നില്ല. മുജാഹിദുകളോ ഇതര മത സംഘടനകളോ അതില്‍ പരാതിയും പറയാറുണ്ടായിരുന്നില്ല. രാഷ്ട്രീയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നതോടൊപ്പം മത വീക്ഷണമുണ്ടാവുക തെറ്റായ കാര്യമായി ആരും നിരീക്ഷിച്ചിട്ടില്ല. എന്നാല്‍ മുജാഹിദ് സമ്മേളനങ്ങളില്‍ എവിടെയെങ്കിലും മുജാഹിദ് ആദര്‍ശമുള്ള രാഷ്ട്രീയ നേതാക്കള്‍ മുജാഹിദുകളുടെ സേവനത്തെ പുകഴ്ത്തിപ്പറഞ്ഞ വാര്‍ത്തകള്‍ ചികഞ്ഞെടുത്ത് ചില രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കെതിരെ സുന്നിവികാരം ആളിക്കത്തിക്കാന്‍ ഈ രാഷ്ട്രീയ ഭിക്ഷാംദേഹികള്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. കാന്തപുരത്തിന്റെ രാഷ്ട്രീയ മോഹം നാമ്പിട്ട 1979ല്‍ തന്നെ പുളിക്കലില്‍ നടന്ന ഒന്നാം മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ വേദിയില്‍ മുജാഹിദ് ആദര്‍ശക്കാരനായ ലീഗ് നേതാവ് പി.സീതിഹാജി തന്റെ അവസാന തുള്ളി രക്തവും മുജാഹിദ് പ്രസ്ഥാനത്തിന് വേണ്ടി നല്‍കുമെന്ന് പറഞ്ഞതിനെതിരെ ഇക്കൂട്ടര്‍ ഹാലിളകി വന്നു. സമസ്തയുടെ ഔദ്യോഗിക നേതൃത്വമോ സമസ്തയുടെ ആദര്‍ശം ഉള്‍ക്കൊണ്ട ലീഗ് നേതാക്കളോ ഒന്നും ഇതില്‍ കുറ്റക്കാരല്ല. കാരണം സുന്നി സമ്മേളനങ്ങളില്‍ മുസ്‌ലിംലീഗിന്റെ നേതാക്കള്‍ സമസ്തയുടെ സേവനങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ടു നടത്തിയ എത്രയോ പ്രസംഗങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിനെ ലീഗില്‍ പ്രവര്‍ത്തിക്കുന്ന മുജാഹിദ് ആശയക്കാര്‍ ആരും ചോദ്യം ചെയ്തിട്ടില്ല. 2012ല്‍ തിരുവനന്തപുരത്ത് നടന്ന എസ്.വൈ.എസ്. സമ്മേളനത്തില്‍ മുസ്‌ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബ് നടത്തിയ പ്രസംഗത്തില്‍ കേരളത്തിലെ മുസ്‌ലിം സമുദായത്തിന് വഴിതെറ്റാതെ നടക്കാനായതില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സംഭാവന മികച്ചതാണെന്ന് പറയുകയുണ്ടായി. ഇത്തരം പ്രസ്താവനകള്‍ ഒരിക്കലും മറ്റു സംഘടനകള്‍ക്ക് അരോചകമായി തോന്നിയിട്ടില്ല. മുജാഹിദ് സമ്മേളനങ്ങളിലും ഇതര സംഘടനകളുടെ പരിപാടികളിലും ഇതുപോലെയുള്ള പ്രസ്താവനകള്‍ രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും എം.പിമാരും നടത്തുക പതിവാണ്. ഇത്തരം ചെറിയ ചെറിയ കാര്യങ്ങള്‍ പര്‍വതീകരിച്ച് സമുദായത്തിന്റെ ഐക്യത്തിന് വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുന്നത് അല്‍പത്വമാണ്. 

സമസ്തയുടെ പേരിലൊരു രാഷ്ട്രീയ പ്രസ്ഥാനമെന്ന ആശയം മനസ്സില്‍ കൊണ്ടുനടന്ന കാന്തപുരത്തിനും അനുയായികള്‍ക്കും നല്ല അവസരം തെളിഞ്ഞു വന്നത് 1985ലെ ഷാബാനു ബീഗം കേസിനെ തുടര്‍ന്നുണ്ടായ ശരീഅത്ത് വിവാദം കേരളമെങ്ങും അലയടിച്ചതോടെയാണ്. ഇ.എം.എസ്. നമ്പൂതിരിപ്പാട് ശരീഅത്തിനെതിരെ പരസ്യനിലപാട് എടുത്തതോടെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കൂടെ സഖ്യം ചേര്‍ന്നിരുന്ന അഖിലേന്ത്യാ മുസ്‌ലിംലീഗ് സഖ്യം ഉപേക്ഷിക്കുകയും തുടര്‍ന്ന് രണ്ടു ലീഗുകളും ലയിച്ച് ശരീഅത്ത് സംരക്ഷണ പോരാട്ടം ശക്തമാക്കുകയും ചെയ്ത കാലമായിരുന്നു അത്. കേരളത്തിലെ മുഴുവന്‍ മുസ്‌ലിം സംഘടനകളും ഒറ്റക്കെട്ടായി ശരീഅത്ത് സംരക്ഷണ പോരാട്ടത്തില്‍ അണിനിരക്കുന്ന കാഴ്ച മുസ്‌ലിം ജനസാമാന്യത്തില്‍ ആശ്വാസത്തിന്റെ നിശ്വാസങ്ങള്‍ ചാമരം വീശി. സമസ്തയുടെ ഭാഗത്ത് നിന്ന് ഇ. കെ. അബൂബക്കര്‍ മുസ്‌ല്യാരും മുജാഹിദുകളുടെ ഭാഗത്ത് നിന്ന് കെ.പി. മുഹമ്മദ് മൗലവിയും കെ. എന്‍. ഇബ്‌റാഹിം മൗലവിയും കോഴിക്കോട് ഖാദി ഇമ്പിച്ചിക്കോയ തങ്ങളും ഇബ്‌റാഹീം സുലൈമാന്‍ സേട്ടു സാഹിബും പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുമെല്ലാം കൈകോര്‍ത്ത് പിടിച്ച സന്ദര്‍ഭമായിരുന്നു അത്. 

ലോകം അറിയുന്ന ഇന്ത്യയുടെ മഹാ പണ്ഡിതനും അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ അധ്യക്ഷനുമായിരുന്ന മൗലാനാ അബുല്‍ ഹസന്‍ അലി നദ്‌വിയും മൗലാനാ മുജാഹിദുല്‍ ഇസ്‌ലാം ഖാസിമിയും അതില്‍ പങ്കെടുത്തിരുന്നു. മുജാഹിദുല്‍ ഇസ്‌ലാം ഹനഫി മദ്ഹബുകാരനും ദയൂബന്ദി പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്നു. പ്രസംഗത്തില്‍ മൂന്നു ത്വലാക്വ് ഒരുമിച്ചു ചൊല്ലിയാല്‍ ഒന്ന് മാത്രമെ പോകുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞത് വിവാദമാക്കിയും മുജാഹിദുകളുടെയും അലി മിയാന്റെയും ജമാഅത്ത് നേതാക്കളുടെയും സാന്നിധ്യം എടുത്തുകാട്ടിയും കാന്തപുരം മുസ്‌ല്യാരുടെ നേതൃത്വത്തില്‍ ഒരു സംഘം സമസ്തക്കാര്‍ ആ പരിപാടിക്കെതിരെ രംഗത്ത് വന്നു. അവര്‍ പറഞ്ഞ കാരണം സമുദായത്തെ അതിശയപ്പെടുത്തി. പൗരോഹിത്യത്തിന്റെ ചീഞ്ഞളിഞ്ഞ മനസ്സില്‍ നിന്നും ദുര്‍ഗന്ധങ്ങള്‍ പുറത്തേക്ക് വമിച്ചു. 'പുത്തന്‍വാദി'കളുമായി ഒരുമിച്ചിരിക്കാന്‍ പാടില്ലെന്ന ന്യായീകരണം അവര്‍ നിരത്തി. ഇസ്‌ലാമിക സമൂഹം ലജ്ജിച്ച് തലതാഴ്ത്തി. ശരീഅത്ത് സംരക്ഷണത്തിന്റെ പേരില്‍ കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടന്ന പരിപാടിയില്‍ സമസ്തയുടെ പണ്ഡിതന്മാര്‍ 'മുജജമ'കളുടെ കൂടെ പങ്കെടുത്തത് 1953ല്‍ പെരിന്തല്‍മണ്ണയില്‍ വെച്ച് സമസ്തയിലെ പണ്ഡിതന്മാര്‍ എടുത്ത തീരുമാനങ്ങളുടെ ലംഘനമാണെന്ന് അവര്‍ നാട് നീളെ പ്രസംഗിച്ചു നടന്നു. 1953 ലെ സമസ്തയുടെ പ്രമേയം ഇങ്ങനെയായിരുന്നുവത്രെ: 'വഹാബി, മൗദൂദി തുടങ്ങിയ വിഭാഗങ്ങള്‍ ദീനിന്റെ അഇമ്മത്തുകളുടെ കിതാബുകളില്‍ സ്ഥിരപ്പെടുത്തിയ ഹുക്മുകളെ റദ്ദാക്കിയവരും അതിനെതിരെ പല വാദങ്ങളും വാദിച്ചു ജനങ്ങളെ വഴിപിഴപ്പിക്കുന്നവരും ആയതിനാല്‍ അവര്‍ സംശയം തീര്‍ന്ന മുബ്തദിഉകളും മുഫ്‌സിദുകളും ആയതു കൊണ്ട് അവരുമായി മുബ്തദിഉകളുമായി പെരുമാറേണ്ട നിലയില്‍ പെരുമാറല്‍ നിര്‍ബന്ധമാണെന്നതില്‍ സംശയമില്ല. മുബ്തദിഉകളുമായി പെരുമാറേണ്ട ചുരുക്കം ചില സംഗതികള്‍: 1. അവരുമായി കൂടി പെരുമാറാതിരിക്കുക. 2. അവരുമായി കണ്ട മുട്ടിയാല്‍ സലാം ചൊല്ലാതിരിക്കുക. 3. അവര്‍ സലാം ചൊല്ലിയാല്‍ മടക്കാതിരിക്കുക. 4. അവരുമായി വിവാഹ ബന്ധം നടത്താതിരിക്കുക. 5. അവരെ പിന്തുടര്‍ന്ന് നിസ്‌ക്കരിക്കാതിരിക്കുക. 'മുജജമ'കളുമായി ബന്ധം പുലര്‍ത്തിയ സമസ്ത പ്രസിഡന്റ് ഇ. കെ. അബൂബക്കര്‍ മുസ്‌ല്യാര്‍ അടക്കമുള്ളവര്‍ യഥാര്‍ഥ സുന്നിപ്രസ്ഥാനത്തില്‍ നിന്നും പുറത്തായതായി അവര്‍ പ്രഖ്യാപിച്ചു. അങ്ങനെ സമസ്തയിലെ രാഷ്ട്രീയ ഭാഗ്യാന്വേഷികളുടെ നിലപാടില്ലായ്മയെത്തുടര്‍ന്ന് കുറേക്കാലത്തെ വാദപ്രതിവാദങ്ങള്‍ക്ക് ശേഷം 1989ല്‍ സമസ്തയില്‍ പിളര്‍പ്പ് പൂര്‍ണമായി. 

കാന്തപുരം മറ്റൊരു പാര്‍ട്ടിയുമായി പോയതുകൊണ്ട് മാത്രം മുസ്‌ലിം സംഘടനകളില്‍ നിന്നും രാഷ്ട്രീയ താല്‍പര്യങ്ങളുടെ പേരിലുള്ള കലഹങ്ങള്‍ അവസാനിച്ചില്ല. വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ മുസ്‌ലിം ലീഗിനെയും ഇതര പാര്‍ട്ടികളെയും സമ്മര്‍ദത്തിലാക്കുന്ന പ്രസ്താവനകള്‍ ഇ.കെ. സമസ്തയിലെ രണ്ടാം നിരയിലെ ചിലര്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, നാസര്‍ ഫൈസി കൂടത്തായി തുടങ്ങിയവരായിരുന്നു പ്രധാനമായും വിമര്‍ശനങ്ങള്‍ക്ക് മുമ്പില്‍ നിന്നത്. കാന്തപുരം വിഭാഗത്തില്‍ നിന്നും തുടരെത്തുടരെയുണ്ടാവുന്ന വിമര്‍ശനങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സമസ്തക്കുള്ളില്‍ ലീഗ് വിരോധം പ്രചരിപ്പിക്കുന്ന തരത്തിലേക്ക് മാറി. മുസ്‌ലിംലീഗിനെ പൂര്‍ണമായും സമസ്തയുടെ വരുതിയില്‍ കൊണ്ടുവരണമെന്ന ചിന്താഗതി വളര്‍ന്നുവന്നു. മുജാഹിദ് പ്രസ്ഥാനവുമായി സഹകരിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ സീറ്റ് നിഷേധിക്കണമെന്ന ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു. മുസ്‌ലിം ലീഗ് നേതാക്കളുടെ പ്രവര്‍ത്തനങ്ങളില്‍ എവിടെയെങ്കിലും മുജാഹിദ് അനുകൂല പ്രസ്താവനകള്‍ ഉണ്ടാകുന്നുണ്ടോ എന്ന് ഭൂതക്കണ്ണാടി വെച്ച് നോക്കാന്‍ തുടങ്ങി. 

ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയുടെ പത്ത് സെക്കന്റ് പോലും ദൈര്‍ഘ്യമില്ലാത്ത ഒരു ഭാഗമെടുത്ത് സമസ്തയെ ആക്ഷേപിക്കുന്നുവെന്ന തരത്തില്‍ പ്രചരിപ്പിച്ചു. തൗഹീദിന്റെ പ്രചാരണത്തില്‍ മുജാഹിദ് പ്രസ്ഥാനം വലിയ പങ്കുവഹിച്ചിരിക്കുന്നു എന്ന ഭാഗമാണ് വിവാദത്തിന്റെ കാതല്‍. 2016ല്‍ ആലപ്പുഴയില്‍ നടന്ന സമസ്തയുടെ തൊണ്ണൂറാം വാര്‍ഷികത്തില്‍ സമസ്തയുടെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തിക്കൊണ്ട് ഇ.ടി. നടത്തിയ പ്രസംഗം വിമര്‍ശകര്‍ കേള്‍ക്കേണ്ടതുണ്ട്. സമസ്തയുടെ ഉത്തരവാദപ്പെട്ട നേതാക്കളോ പണ്ഡിതരോ അല്ല ഇതിന്റെ പിന്നിലെന്ന് മനസ്സിലാക്കാന്‍ വലിയ പ്രയാസമില്ല. രാജ്യസഭാംഗത്വം പോലെയുള്ള സ്ഥാനമാനങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ട് ചിലര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ പിന്നിലെന്നും ചില അടക്കം പറച്ചിലുകള്‍ സമസ്തക്കുള്ളില്‍ തന്നെയുണ്ട്. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത മുസ്‌ലിം സംഘടനകളുടെ യോഗത്തിനു ശേഷം കാന്തപുരം വിഭാഗത്തിലെ ചില പ്രമുഖരും ഇ.കെ സമസ്തയിലെ രാഷ്ട്രീയ മോഹികളും ഒരുമിച്ചിരുന്നുവെന്നാണ് കാന്തപുരം വിഭാഗത്തിലെ ചിലര്‍ സോഷ്യല്‍ മീഡിയകളിലൂടെ വ്യക്തമാക്കിയത്. ലീഗ് നേതാക്കള്‍ 'സലഫിസം' പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും തെരഞ്ഞെടുപ്പുകളില്‍ ഇതിന് മറുപടി നല്‍കണമെന്നുമൊക്കെ അവര്‍ പരസ്പരം സംസാരിച്ചുവത്രെ. ഇരിക്കുന്ന കൊമ്പ് മുറിഞ്ഞാലും സ്വന്തം വീട് കത്തിച്ചാമ്പലായാലും സഞ്ചരിക്കുന്ന കപ്പലിന് ദ്വാരം വീണാലും ഇക്കൂട്ടര്‍ക്ക് ഒരു പ്രശ്‌നവുമില്ല. കളവുകള്‍ പ്രചരിപ്പിക്കുവാന്‍ യാതൊരു മടിയുമില്ല. സമുദായം ഇത്തരം അപക്വമതികള്‍ക്കെതിരെ ശക്തമായി പ്രതികരിക്കേണ്ടിയിരിക്കുന്നു. 

മുജാഹിദ് പ്രസ്ഥാനത്തിന്റെ പേരിലും ചിലര്‍ ഇത്തരം പ്രവര്‍ത്തനങ്ങളുമായി കടന്നുവന്നിരുന്നു. 2001ലെ പൊതുതെരഞ്ഞെടുപ്പിന്റെ സന്ദര്‍ഭത്തിലായിരുന്നു അത്. 2002ല്‍ മുജാഹിദ് പ്രസ്ഥാനത്തില്‍ സംഭവിച്ച ദൗര്‍ഭാഗ്യകരമായ പിളര്‍പ്പിന്റെ മുന്നോടിയായി 'ജനവാര്‍ത്ത' എന്ന പേരില്‍ ഒരു പത്രമിറക്കി മുജാഹിദുകളെ അവഗണിക്കുന്ന ലീഗ് നേതൃത്വത്തിനെതിരെ ശക്തമായി പ്രതികരിക്കണമെന്ന സന്ദേശം പ്രചരിപ്പിക്കുകയുണ്ടായി. അന്നത്തെ ഐ.എസ്.എം. നേതൃത്വത്തിലെ ചിലര്‍ ലീഗ് നേതാക്കളായ കൊരമ്പയില്‍, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരെ നേരില്‍ കണ്ട് എം.ഐ തങ്ങള്‍ക്ക് വേണ്ടി സീറ്റിനായി അഭ്യര്‍ഥിച്ചു. മുജാഹിദ് പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം തീര്‍ത്തും പരിചിതമല്ലാത്ത രീതിയാണിത്. മുജാഹിദ് പ്രവര്‍ത്തകര്‍ രാഷ്ട്രീയത്തില്‍ സജീവമാകുമ്പോഴും ഒരു പ്രസ്ഥാനം എന്ന നിലയ്ക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുമ്പില്‍ സമ്മര്‍ദശക്തിയായി മുജാഹിദുകള്‍ നില്‍ക്കാറില്ല. അന്നത്തെ മുജാഹിദ് യുവ നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പത്രങ്ങളില്‍ വാര്‍ത്തയായപ്പോള്‍ മുജാഹിദ് നേതാക്കള്‍ക്ക് വിശദീകരണം കൊടുക്കേണ്ടി വന്നു. പ്രസ്തുത വിശദീകരണം ഇങ്ങനെയായിരുന്നു: 'മുജാഹിദ് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാട് വളരെ വ്യക്തമാണ്. നാളിതുവരെ മാറ്റമില്ലാതെ തുടര്‍ന്നുപോന്ന ആ നിലപാടില്‍ ഒരു വ്യതിയാനവുമില്ല. തെരഞ്ഞെടുപ്പില്‍ തങ്ങളുടെ പ്രതിനിധിയായി പ്രത്യേകം വ്യക്തികളെ പ്രത്യകം മത്സരിപ്പിക്കണമെന്നു മുജാഹിദ് പ്രസ്ഥാനം ഇന്നേവരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ആവശ്യപ്പെട്ടിട്ടില്ല. മുസ്‌ലിം ലീഗില്‍ മുജാഹിദ് പ്രവര്‍ത്തകരും സുന്നികളും അല്ലാത്തവരും അംഗങ്ങളായിരിക്കും. മുജാഹിദ് പ്രസ്ഥാനത്തില്‍ ലീഗുകാരും അല്ലാത്തവരുമുണ്ട്. ലീഗിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അഭിപ്രായം പ്രകടിപ്പിക്കുന്നവരില്‍ മുജാഹിദുകളായ മുസ്‌ലിംലീഗുകാരുണ്ടെങ്കില്‍ അത് ലീഗുകാരുടെ അഭിപ്രായം എന്നല്ലാതെ മുജാഹിദ് പ്രസ്ഥാനത്തിന്റെ അഭിപ്രായമായി കണ്ടുകൂടാ.' (ചന്ദ്രിക 2001 ഏപ്രില്‍ 6). 

ഇതിനെ തുടര്‍ന്ന് മാധ്യമം ഇങ്ങനെ വിശദീകരണം നല്‍കി: 'മുജാഹിദ് യുവജന സംഘടനയായ ഐ.എസ്.എമ്മില്‍ നിന്ന് വിശ്വാസയോഗ്യമായി ലഭിച്ച വാര്‍ത്തയാണ് നേരത്തെയും പിന്നീടും പ്രസിദ്ധീകരിച്ചതെന്നും ഐ.എസ്.എം. നേതൃത്വം ഇപ്പോഴും വാര്‍ത്ത നിഷേധിച്ചിട്ടില്ലെന്നും ലേഖകന്‍ അറിയിച്ചു- ന്യൂസ് എഡിറ്റര്‍' (മാധ്യമം, 2001 ഏപ്രില്‍ 14). മുജാഹിദ് നേതാക്കളുടെ പക്വമായ ഇടപെടലുകള്‍ കൊണ്ട് പ്രസ്ഥാനത്തിന്റെ പേരില്‍ നേതാക്കളറിയാതെ നടന്നുവന്ന ദുഷിച്ച പ്രവണതകളെ പിഴുതെറിയാന്‍ സാധിച്ചു. 

മുസ്‌ലിം സമുദായത്തിന്റെ ഐക്യത്തിനും ഭദ്രതക്കുമാണ് എക്കാലവും മുജാഹിദുകള്‍ ഏറ്റവും വലിയ പരിഗണന നല്‍കിയിട്ടുള്ളത്. പ്രസ്ഥാനത്തിന് ലഭിക്കേണ്ട എന്ത് ആനുകൂല്യങ്ങള്‍ നഷ്ടപ്പെട്ടാലും മുസ്‌ലിം സമുദായത്തിന്റെ സുരക്ഷക്ക് പോറലേല്‍ക്കുന്ന ഒരു പ്രവര്‍ത്തനത്തിനും മുജാഹിദുകള്‍ കൂട്ടുനില്‍ക്കില്ല. സമസ്തയും മുജാഹിദ് പ്രസ്ഥാനവും തബ്‌ലീഗ് ജമാഅത്തതും എം.ഇ. എസ്സും, എം.എസ്. എസ്സും അടക്കമുള്ള മുഴുവന്‍ സംഘടനകളും ഇത്തരത്തിലുള്ള വീക്ഷണം പ്രചരിപ്പിക്കുകയും തങ്ങളുടെ അംഗങ്ങളില്‍ സാമുദായിക ഐക്യത്തിന്റെയും രാഷ്ട്രീയ മേഖലകളില്‍ വിവേകത്തോടെയുള്ള ഇടപെടലുകളുടെയും പ്രാധാന്യം പഠിപ്പിക്കാന്‍ മുമ്പോട്ട് വരികയുമാണ് വേണ്ടത്.