അറബി ഭാഷയും കേരളത്തിലെ വളര്‍ച്ചാ ചരിത്രവും

സുഫ്‌യാന്‍ അബ്ദുസ്സലാം

2017 ഡിസംബർ 16 1439 റബിഉല്‍ അവ്വല്‍ 27

ഡിസംബര്‍ 18: ലോക അറബി ഭാഷാദിനം

ഏതൊരു ഭാഷയുടെയും പ്രസക്തി വര്‍ധിക്കുന്നത് അത് ജനകീയമാവുമ്പോഴാണ്. കേവലം ഗ്രന്ഥങ്ങളിലും സാഹിത്യങ്ങളിലും മാത്രമായി ചുരുങ്ങുമ്പോള്‍ ഭാഷ സജീവമാകുകയില്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയും സാമൂഹിക മണ്ഡലങ്ങളെ സക്രിയമാക്കിയും ജാതി മത ഭേദമന്യേ ഭാഷക്ക് പ്രചാരണം നല്‍കുമ്പോള്‍ മാത്രമേ ജനഹൃദയങ്ങളിലേക്ക് ഭാഷ സന്നിവേശിക്കുകയുള്ളൂ. നൂറുകണക്കിന് അറബിക്കോളേജുകളും ആയിരക്കണക്കിന് അറബി അധ്യാപകരും വിദ്യാര്‍ഥികളും കേരളത്തിലെ പൊതുസംവിധാനങ്ങളിലൂടെ അറബിഭാഷയെ ഉപയോഗപ്പെടുത്തുന്നുണ്ട്. കേരളത്തിലെ അറബി ഭാഷാ പ്രചാരണത്തിന് ഊടും പാവും നല്‍കിയ മഹാരഥന്മാര്‍ നടത്തിയ നിഷ്‌കാമമായ പ്രവര്‍ത്തനങ്ങളുടെ ചരിത്രത്തിലേക്കൊരു എത്തിനോട്ടം.

ഡിസംബര്‍ 18 ഐക്യരാഷ്ട്ര സഭയുടെ ആഹ്വാന പ്രകാരം എല്ലാ വര്‍ഷവും അറബി ഭാഷ ദിനമായി ആചരിക്കപ്പെടുന്നു. ഐക്യരാഷ്ട്ര സഭ ഔദ്യോഗിക ഭാഷകളായി അംഗീകരിച്ച ആറു ഭാഷകളിലൊന്നാണ് അറബി. ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യന്‍, ചൈനീസ്, സ്പാനിഷ് എന്നിവയാണ് മറ്റു ഭാഷകള്‍. ലോകത്തിന്റെ ബഹുസ്വരതയും സാംസ്‌കാരിക വൈവിധ്യവും പ്രോത്സാഹിപ്പിക്കുന്നതിനും ഐക്യരാഷ്ട്ര സഭ അംഗീകരിച്ച ആറു ഭാഷകള്‍ക്കും തുല്യമായ പ്രാധാന്യം നല്‍കുന്നതിനും വേണ്ടി യു. എന്നിന്റെ കള്‍ച്ചറല്‍ വിഭാഗമായ യുനെസ്‌കോ 2010 മുതലാണ് ഡിസംബര്‍ 18 അന്താരാഷ്ട്ര അറബിക് ദിനമായി ആചരിച്ചു വരുന്നത്. 1973 ഡിസംബര്‍ 18 നാണ് അറബി ഭാഷ ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചത്. ലോകത്തെ 60 രാജ്യങ്ങളിലായി 242 മില്യണ്‍ ജനങ്ങളാണ് അറബി നിത്യേന അവരുടെ ഭാഷയായി ഉപയോഗിച്ചുവരുന്നത്. അതേസമയം, വിശുദ്ധ ക്വുര്‍ആനിന്റെ ഭാഷയെന്ന നിലയ്ക്ക് അറബികളല്ലാത്ത മില്യണ്‍ കണക്കിന് മുസ്‌ലിംകള്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ അറബി ഭാഷയെ ഉപയോഗിച്ചു വരുന്നതുകൊണ്ട് തന്നെ ദിനേന ഏറ്റവുമധികം വായിക്കപ്പെടുന്ന ഭാഷയായി അറബിയെ ലോകം കാണുന്നു.

അറബി ഭാഷക്കും സാഹിത്യത്തിനും വലിയ പ്രചാരം വളരെ മുമ്പ് തന്നെ ഉണ്ടായിട്ടുണ്ടെങ്കിലും മുഹമ്മദ് നബി ﷺ യിലൂടെ ഇസ്‌ലാം പൂര്‍ണമാക്കപ്പെടുകയും ക്വുര്‍ആന്‍ ലോക വ്യാപകമാവുകയും ചെയ്തതോടെയാണ് ലോകത്തിന്റെ അഷ്ടദിക്കുകളില്‍ അറബി ഭാഷ ശ്രദ്ധയാകര്‍ഷിക്കുന്നത്. പ്രവാചകന്റെ കാലഘട്ടത്തില്‍ തന്നെ കേരളത്തിലേക്ക് അദ്ദേഹത്തിന്റെ അനുചരന്മാരില്‍ ചിലര്‍ കടന്നു വന്നതോടെ കേരളത്തിലെ അറബി ഭാഷയുടെ ചരിത്രത്തിനും 1400 വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. സൈനുദ്ദീന്‍ മഖ്ദൂം, കെ.എം മൗലവി തുടങ്ങി ലോകം അംഗീകരിച്ച അറബി ഭാഷ പണ്ഡിതര്‍ കേരളത്തില്‍ ഉദയം ചെയ്തിട്ടുണ്ടെങ്കിലും ഭാഷ സാഹിത്യകൃതികളിലും പണ്ഡിതന്മാരിലും മാത്രമായി അറബി ഭാഷ ചുരുങ്ങുകയായിരുന്നു. വിശുദ്ധ ക്വുര്‍ആന്‍ പാരായണം ചെയ്യുന്നതിന് വേണ്ടിയുള്ള വായനാ അറിവില്‍ മാത്രമായി അറബിഭാഷയുടെ സൗന്ദര്യം ചുരുങ്ങിയിരുന്നു. വിശ്വ പ്രസിദ്ധരായ അറബി എഴുത്തുകാരും കവികളുമൊക്കെ ജന്മമെടുത്തെങ്കിലും സാധാരണക്കാരില്‍ ഭാഷയുടെ പ്രചാരണം വളരെ ദുര്‍ബലമായിരുന്നു. പഠനസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഭരണകൂടങ്ങള്‍ വേണ്ടത്ര ശുഷ്‌കാന്തി കാണിക്കാതിരുന്നതും അറബിഭാഷയോടും മുസ്‌ലിംകളോടും അവര്‍ക്കുണ്ടായിരുന്ന ചതുര്‍ഥിയും ഭാഷയുടെ പ്രചാരണത്തില്‍ പ്രതിബന്ധങ്ങളായി നിലനിന്നു.

കൊളോണിയല്‍ ഭരണകൂടങ്ങളോട് ഏറ്റവും കൂടുതല്‍ എതിര്‍പ്പുണ്ടായിരുന്നതും സ്വാതന്ത്ര്യ ചിന്തയോട് ഏറെ ആഭിമുഖ്യമുണ്ടായിരുന്നതും മുസ്‌ലിം സമുദായത്തിനായിരുന്നു. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെയും തുടര്‍ന്നുണ്ടായ ബ്രിട്ടീഷുകാരോടുള്ള ചെറുത്തുനില്‍പിന്റെയും മുന്നില്‍ നിന്നത് മുസ്‌ലിം സമുദായം തന്നെയായിരുന്നുവെന്നും ചരിത്രം പറയുന്നു. മുസ്‌ലിം സമുദായത്തിന്റെ അവകാശങ്ങളോടും അവര്‍ അനുഭവിക്കേണ്ട സൗകര്യങ്ങളോടും വിമുഖത പുലര്‍ത്താന്‍ ബ്രിട്ടീഷുകാരെ ഇതെല്ലാം പ്രേരിപ്പിക്കുകയുണ്ടായി. പ്രസ്തുത കാരണത്താല്‍ മുസ്‌ലിംകള്‍ ഭരണസംവിധാനങ്ങളോട് അകലം പാലിച്ചു വന്നത് ബ്രിട്ടീഷുകാരെ അലോസരപ്പെടുത്തി. ഇന്ത്യാരാജ്യം അടക്കി ഭരിക്കാന്‍ മുസ്‌ലിം സമുദായത്തിന്റെ ഈ നിസ്സഹകരണം തടസ്സമാണെന്നു അവര്‍ക്ക് മനസ്സിലായി. എങ്ങനെയെങ്കിലും അവരുടെ ഭരണത്തോട് മുസ്‌ലിംകളെ അടുപ്പിക്കുവാനുള്ള തന്ത്രങ്ങള്‍ അവര്‍ ആവിഷ്‌കരിച്ചു. അതിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളിലേക്ക് മുസ്‌ലിംകളെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ബ്രിട്ടീഷുകാരുടെ വിദ്യാഭ്യാസ സമ്പ്രദായങ്ങളോട് മുസ്‌ലിംകളെ ആഭിമുഖ്യമുള്ളവരാക്കി മാറ്റുകയെന്നതാണ് അവര്‍ കണ്ടെത്തിയ പരിഹാര മാര്‍ഗം.

1887ല്‍ മുസ്‌ലിം പ്രശ്‌നങ്ങള്‍ പഠിക്കുവാന്‍ ഗവര്‍ണര്‍ ജനറല്‍ ആയിരുന്ന ലോര്‍ഡ് ഡുഫറിന്‍ ഒരു കമ്മീഷനെ നിശ്ചയിച്ചു. വിദ്യാഭ്യാസരംഗത്തേക്ക് മുസ്‌ലിംകളെ ആകര്‍ഷിക്കണമെങ്കില്‍ അവരുടെ ജീവല്‍ ഭാഷയായ അറബി ഭാഷക്ക് അര്‍ഹമായ പ്രാധാന്യം നല്‍കണമെന്ന് സര്‍ സയ്യിദ് അഹ്മദ് ഖാന്‍ അംഗമായിരുന്ന കമ്മീഷന്‍ വിലയിരുത്തി. അറബി ഭാഷ പഠിപ്പിക്കുന്നതിനായി പ്രത്യേകം ഓറിയന്റല്‍ സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. കൊല്‍ക്കത്തയിലാണ് അവര്‍ ആദ്യമായി ഓറിയന്റല്‍ സ്‌കൂള്‍ സ്ഥാപിച്ചത്. സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗപ്പെടുത്താന്‍ മുസ്‌ലിം സമുദായത്തില്‍ നിന്നും അധികം ആളുകളൊന്നും തയ്യാറായിരുന്നില്ല. ബ്രിട്ടീഷ് വ്യവസ്ഥിതിയോടുള്ള എതിര്‍പ്പുകള്‍ അവര്‍ തുടര്‍ന്നു.

ഇന്നത്തെ കേരളം, അന്ന് തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ വിഭജിക്കപ്പെട്ടിരുന്നു. തിരുവിതാംകൂര്‍ അന്ന് നാട്ടുരാജ്യമായിരുന്നു. ശ്രീമൂലം തിരുനാളായിരുന്നു 1885 മുതല്‍ 1924 വരെ അവിടുത്തെ രാജാവ്. വക്കം അബ്ദുല്‍ഖാദിര്‍ മൗലവി തന്റെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് നിറഞ്ഞു നിന്നിരുന്ന കാലമായിരുന്നു അത്. 1911ല്‍ ആലപ്പുഴയിലെ ലജ്‌നത്തുല്‍ മുഹമ്മദിയ്യ ലൈബ്രറിയില്‍ വെച്ച് വക്കം മൗലവിയുടെ നേതൃത്വത്തില്‍ മുസ്‌ലിം നേതാക്കളുടെ ഒരു സമ്മേളനം നടന്നു. മുസ്‌ലിം വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത സമ്മേളനം തിരുവിതാംകൂര്‍ രാജാവിനെ നേരില്‍ കണ്ടു നിവേദനം സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. മുസ്‌ലിംകളെ പൊതുവിദ്യാഭ്യാസത്തിലേക്ക് ആകര്‍ഷിക്കണമെങ്കില്‍ അറബി ഭാഷ വിദ്യാലയങ്ങളില്‍ പഠിപ്പിക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പെടുത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഡോ: ബിഷപ്പിനെ ഏകാംഗ കമ്മീഷനായി നിയമിച്ചുകൊണ്ട് രാജകല്‍പന വന്നു. 1913ല്‍ ബിഷപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പിച്ചു. കമ്മീഷന്‍ നിര്‍ദേശിച്ചതനുസരിച്ച് 25 മുസ്‌ലിം കുട്ടികളുള്ള സ്‌കൂളുകളില്‍ ഒരു ക്വുര്‍ആന്‍ അധ്യാപകനെ വെക്കാന്‍ ഉത്തരവായി. ആദ്യമായി പതിനഞ്ച് സ്‌കൂളുകളില്‍ ഇപ്രകാരം അറബി അധ്യാപകര്‍ നിയമിക്കപ്പെട്ടു. എന്നാല്‍ ഈ പഠനസൗകര്യം സ്‌കൂള്‍ പ്രവൃത്തി സമയം തുടങ്ങുന്നതിനു മുമ്പായിരുന്നു നല്‍കിയിരുന്നത്. സ്‌കൂളുകളിലെ ടൈം ടേബിളില്‍ ഇത് സ്ഥാനം പിടിച്ചിരുന്നില്ല. 1947ല്‍ സി.പി രാമസ്വാമി അയ്യര്‍ ദിവാനായിരുന്ന സമയത്താണ് മറ്റു വിഷയങ്ങളോടൊപ്പം തന്നെ സ്‌കൂള്‍ സമയത്ത് അറബി പഠിപ്പിക്കാന്‍ ഉത്തരവായത്.

അതേസമയം മലബാറില്‍ ഇത്തരത്തിലുള്ള സൗകര്യങ്ങള്‍ ലഭ്യമായിരുന്നില്ല. മലബാര്‍ മദിരാശി സംസ്ഥാനത്തിന്റെ കീഴിലായിരുന്നു. സാമ്രാജ്യത്വത്തോടുള്ള മുസ്‌ലിം സമുദായത്തിന്റെ ഒടുങ്ങാത്ത വിദ്വേഷവും ജന്മി കുടിയാന്‍ പ്രശ്‌നങ്ങളും ജ്വലിച്ചുനിന്ന മലബാറിലെ 1921ലെ സമരം ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തി. മാപ്പിള മക്കളുടെ സമരമടക്കം മുസ്‌ലിം സമുദായത്തിന്റെ എതിര്‍പ്പുകളെ നേരിടാന്‍ മദിരാശിയില്‍ 1930ല്‍ ഗവര്‍ണര്‍ സര്‍ മുഹമ്മദ് ഉഥ്മാന്റെ നേതൃത്വത്തില്‍ കമ്മീഷനെ നിയമിക്കുകയും സ്‌കൂളുകളില്‍ മതപഠനമെന്ന ആശയം കമ്മീഷന്‍ നിര്‍ദേശിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ അറബിക് പണ്ഡിറ്റുമാരെയും റിലീജിയസ് ഇന്‍സ്ട്രക്റ്റര്‍മാരെയും നിയമിക്കാന്‍ അവര്‍ തീരുമാനിച്ചു. അറബിയെ രണ്ടാം ഭാഷകളില്‍ ഒന്നായി അംഗീകരിച്ചുകൊണ്ട് ആറാം ക്ലാസ് (അന്നത്തെ ഫസ്റ്റ് ഫോം) മുതല്‍ മാത്രമായിരുന്നു അറബി പഠിക്കാനുള്ള സൗകര്യം ഏര്‍പെടുത്തിയത്.

മുസ്‌ലിം ഐക്യസംഘവും കേരളം ജംഇയ്യത്തുല്‍ ഉലമയുമെല്ലാം വിദ്യാഭ്യാസരംഗത്ത് മുന്നേറാന്‍ മുസ്‌ലിം സമുദായത്തോട് ആഹ്വാനം ചെയ്തു. അറബി, മത പഠനങ്ങളോടൊപ്പം ഭൗതിക വിദ്യാഭ്യാസവും സമന്വയിപ്പിച്ചു പഠിപ്പിക്കുവാന്‍ പരിമിതമായ സാഹചര്യങ്ങളിലും അവര്‍ പരിശ്രമിച്ചു. സ്വാതന്ത്ര്യ സമരസേനാനിയും കെ.എം മൗലവിയുടെ സഹചാരിയുമായിരുന്ന കട്ടിലശ്ശേരി മുഹമ്മദ് മൗലവി മലപ്പുറം ജില്ലയിലെ ഒരു ഉള്‍പ്രദേശമായിരുന്ന കരിഞ്ചാപ്പാടി എന്ന ഗ്രാമത്തില്‍ 1914ല്‍ ആരംഭിച്ച 'അല്‍മക്തബതു ലുസൂമിയ്യ' മത-ഭൗതിക വിദ്യാഭ്യാസത്തെ സമന്വയിപ്പിച്ച പാഠശാലക്ക് ഒരുദാഹരണം മാത്രമാണ്. ഈ മദ്‌റസയെ പ്രത്യേകമായി പരാമര്‍ശിക്കുവാന്‍ കാരണമുണ്ട്. ആധുനിക കേരളത്തിലെ അറബി പ്രചാരണ രംഗത്ത് മുഖ്യപങ്കു നിര്‍വഹിച്ച, നൂറു വയസ്സോടടുത്തിട്ടും ഇപ്പോഴും നമ്മുടെയിടയില്‍ കര്‍മോല്‍സുകനായി പ്രവര്‍ത്തിക്കുന്ന പണ്ഡിത കാരണവര്‍ കരുവള്ളി മുഹമ്മദ് മൗലവി ഈ സ്ഥാപനത്തില്‍ കട്ടിലശ്ശേരിയുടെ ശിക്ഷണത്തിലാണ് പഠിച്ചത്.

കരുവള്ളിയുടെ ചരിത്രവും കേരളത്തിലെ അറബി ഭാഷാ വളര്‍ച്ചയുടെ പ്രാരംഭ ചരിത്രമായി വിലയിരുത്താം. 1918ല്‍ ജനിച്ച അദ്ദേഹം കട്ടിലശ്ശേരിയുടെ കീഴില്‍ അറബി-ഉറുദു ഭാഷകളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എട്ടാം ക്ലാസ് കഴിഞ്ഞപ്പോള്‍ തുടര്‍ന്ന് പഠിക്കാന്‍ പള്ളി ദര്‍സുകള്‍ അന്വേഷിക്കുമ്പോഴാണ് ഉമറാബാദില്‍ പോയി പഠിക്കാന്‍ കട്ടിലശ്ശേരി ഉപദേശിച്ചത്. പതിനാലാം വയസ്സില്‍ അദ്ദേഹം ഉമറാബാദിലേക്ക് പോയി. അവിടെ വെച്ച് അഫ്ദലുല്‍ ഉലമ ബിരുദം കരസ്ഥമാക്കുകയും ഉറുദു ഭാഷയില്‍ വ്യുല്പത്തി നേടുകയും ചെയ്തു. 1939ല്‍ ഉമറാബാദില്‍ നിന്നും മടങ്ങിയ അദ്ദേഹം അല്‍പകാലം കര്‍ണാടകയിലെ കോലാര്‍ സ്വര്‍ണ ഖനിയില്‍ ബ്രിട്ടീഷ് ഉദേ്യാഗസ്ഥരുടെ കൂടെ ജോലി ചെയ്യുകയും അതുവഴി ഇംഗ്ലീഷില്‍ പ്രാവീണ്യം നേടിയെടുക്കുകയും ചെയ്തു. അറബി അധ്യാപക ജോലി അന്വേഷിച്ചു തുടങ്ങിയ അദ്ദേഹത്തിന് ആദ്യം ലഭിച്ചത് ഉറുദു അധ്യാപകന്റെ വേഷമായിരുന്നു. 1944ല്‍ മലപ്പുറം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ അറബി അധ്യാപകനായി സ്ഥിരനിയമനം ലഭിച്ചതോടെ അദ്ദേഹത്തിലൂടെ കേരളത്തിനു ഏറ്റവും മികച്ച അറബി പണ്ഡിതനെയും അറബി അധ്യാപകനെയും അറബി പ്രചാരകനെയും ലഭിച്ചുവെന്ന് പറയാം. അറബി ഭാഷയുടെ പ്രചാരണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനും മുസ്‌ലിം സമുദായാംഗങ്ങളെ അറബി ഭാഷ പഠനത്തിലേക്ക് അടുപ്പിക്കുന്നതിനും വേണ്ടി അക്കാലത്തെ അംഗുലീ പരിമിതരായ അറബി അധ്യാപകരെ അദ്ദേഹം മലപ്പുറത്തെ ലോഡ്ജില്‍ ഒരുമിച്ചുകൂട്ടുകയുണ്ടായി. പ്രസിദ്ധ അറബി സാഹിത്യകാരനും ഗോളശാസ്ത്ര പണ്ഡിതനായിരുന്ന ഫലക്കി മുഹമ്മദ് മൗലവിയുടെ നേതൃത്വത്തില്‍ കരുവള്ളി സെക്രട്ടറിയായിക്കൊണ്ട് അറബിക് പണ്ഡിറ്റ്‌സ് യൂണിയന്‍ എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ചു. അതാണ് പില്‍ക്കാലത്ത് 1958ല്‍ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ എന്ന സംഘടനക്ക് അസ്ഥിവാരമിട്ടത്. അഫ്ദലുല്‍ ഉലമ പാസ്സായവരില്‍ എസ്.എസ്.എല്‍.സി പരീക്ഷ പാസായ ഒന്നാമത്തെ വ്യക്തികൂടിയാണ് അദ്ദേഹം. 1956ല്‍ ഐക്യകേരളം രൂപംകൊണ്ടതോടെ മലബാര്‍, തിരുവിതാംകൂര്‍ വ്യത്യാസങ്ങള്‍ ഇല്ലാതായെങ്കിലും തിരുവിതാംകൂറില്‍ നേരത്തെ വക്കം മൗലവിയുടെ ശ്രമഫലമായി ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ മലബാറില്‍ പുനഃസ്ഥാപിച്ചിരുന്നില്ല. 1957ലെ ഒന്നാമത്തെ കേരള മന്ത്രിസഭ അധികാരമേറ്റെടുത്തപ്പോള്‍ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഡോ: ജോസഫ് മുണ്ടശ്ശേരിക്ക് കരുവള്ളി മുഹമ്മദ് മൗലവി നല്‍കിയ നിവേദനമാണ് കേരളത്തില്‍ ഇന്ന് കാണുന്ന അറബി ഭാഷ പ്രചാരണത്തിന്റെ മുഖ്യഹേതുവായി കരുതപ്പെടുന്നത്. മുന്‍ മുഖ്യമന്ത്രിയും അറബി ഭാഷയുടെ കാവല്‍ പടയാളിയുമായിരുന്ന സി.എച്ച് മുഹമ്മദ്‌കോയയുടെ നിര്‍ലോഭമായ സഹായങ്ങള്‍ അന്ന് കരുവള്ളിക്ക് ലഭിച്ചിരുന്നു. കേരളത്തിലെ സ്‌കൂളുകളിലെ അറബി പഠനം ഏകീകരിക്കുവാന്‍ വേണ്ടി മുണ്ടശ്ശേരി നിര്‍ദേശിച്ച കമ്മറ്റിയുടെ കണ്‍വീനര്‍ കരുവള്ളിയായിരുന്നു. പാഠപുസ്തകങ്ങള്‍ മാത്രമല്ല, ഗൈഡുകളും അധ്യാപക സഹായികളുമെല്ലാം നിര്‍മിച്ചിരുന്നത് ഈ കമ്മറ്റിയായിരുന്നു. 1962ല്‍ കരുവള്ളി മലബാറിലെ ആദ്യത്തെ മുസ്‌ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്റ്ററായി നിയമിക്കപ്പെട്ടു. 1974 ല്‍ അദ്ദേഹം സര്‍വീസില്‍ നിന്നും വിരമിക്കുന്നതുവരെ ആ സ്ഥാനം അദ്ദേഹം അലങ്കരിച്ചു. അറബി ക്ലാസ്സുകളുടെ സ്ഥലപരിമിതി, അധ്യാപകരുടെ ശമ്പളക്കുറവ്, വിദ്യാര്‍ഥികളുടെ കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കണ്ടെത്താന്‍ അദ്ദേഹം ഇന്‍സ്‌പെക്റ്ററായിരുന്ന കാലത്ത് കഠിനാധ്വാനം ചെയ്തിട്ടുണ്ട്.

1957ലെ ഇ.എം.എസ് സര്‍ക്കാര്‍ തുടക്കത്തില്‍ അറബി അധ്യാപകരുടെ വിഷയം അനുഭാവപൂര്‍വം പരിഗണിച്ചെങ്കിലും പ്രായോഗികതലത്തില്‍ അത് നടപ്പാക്കുന്നതില്‍ ഉപേക്ഷ വരുത്തുകയായിരുന്നു. നൂറു മുസ്‌ലിം കുട്ടികള്‍ ഒരു വിദ്യാലയത്തില്‍ ഉണ്ടെങ്കില്‍ അവിടെ അറബിക് തസ്തിക അനുവദിച്ചെങ്കിലും നിയമിക്കപ്പെട്ട അധ്യാപകര്‍ക്ക് ഫണ്ടില്ലെന്ന കാരണം പറഞ്ഞു ആനുകൂല്യങ്ങള്‍ നിഷേധിച്ചു തുടങ്ങി. കെ.എം സീതി സാഹിബ് ഡല്‍ഹിയില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുമായും സി.എച്ച് മുഹമ്മദ് കോയ ഗവര്‍ണറുമായും കൂടിക്കാഴ്ച നടത്തിയാണ് കുറെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടത്. എങ്കിലും ഭാഷാധ്യാപകര്‍ എന്ന ബഹുമതി അറബി അധ്യാപകര്‍ക്ക് നല്‍കാന്‍ സര്‍ക്കാരും ഉന്നത ഉദേ്യാഗസ്ഥരും തയ്യാറായില്ല. അവര്‍ ഗണിക്കപ്പെട്ടിരുന്നത് 'സ്‌പെഷലിസ്റ്റ് അധ്യാപകര്‍' എന്ന രണ്ടാം തരം ജീവനക്കാരായിട്ടായിരുന്നു. അറബി ഭാഷ പ്രചാരകരായിരുന്ന അറബി അധ്യാപകരുടെ ദിനങ്ങള്‍ ഇല്ലായ്മയുടെയും വല്ലായ്മയുടെയും കരിദിനങ്ങളായി മാറി. പക്ഷേ, അറബി ഭാഷയെ നെഞ്ചേറ്റിയിരുന്ന നേതാക്കള്‍ പിറകോട്ടു പോയില്ല. അവര്‍ ഭാഷക്ക് അര്‍ഹമായ സ്ഥാനം നേടിക്കൊടുക്കാനുള്ള യുദ്ധത്തില്‍ തന്നെയായിരുന്നു.

പിന്നീടുള്ള പോരാട്ടങ്ങളില്‍ ഒരിക്കലും വിസ്മരിക്കാന്‍ സാധിക്കാത്ത വ്യക്തിത്വങ്ങളാണ് സി.എച്ച് മുഹമ്മദ്‌കോയ, മുന്‍ വിദ്യാഭ്യാസമന്ത്രി ചാക്കീരി അഹ്മദ് കുട്ടി, പി.കെ അഹ്മദ് അലി മദനി, കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി എന്നിവര്‍. 1967ല്‍ സി.എച്ച് വിദ്യാഭ്യാസ മന്ത്രിയായി. അറബി അധ്യാപകര്‍ക്ക് ഭാഷാധ്യാപരുടെ പദവിയും ആനുകൂല്യവും നല്‍കി. 100 കുട്ടികള്‍ വേണമെന്ന നിബന്ധന അദ്ദേഹം എടുത്തുകളഞ്ഞു; 20 കുട്ടികള്‍ മതിയെന്ന് നിര്‍ദേശിച്ചു. 'കുട നന്നാക്കുന്നവരെയെല്ലാം സി. എച്ച്. അറബി അധ്യാപകരാക്കിയത് കൊണ്ട് കുട നന്നാക്കാന്‍ ആളെ കിട്ടാനില്ല' എന്ന പരിഹാസവുമായി വിമര്‍ശകര്‍ രംഗത്തുവന്നു. വിമര്‍ശകരുടെ പരിഹാസങ്ങള്‍ ഗൗനിക്കാതെ സി.എച്ച് മുമ്പോട്ടു പോയി. 1962ല്‍ കരുവള്ളി മുസ്‌ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്റ്ററായി നിയമിതനാവുകയും പ്രൊഫ: മങ്കട അബ്ദുല്‍ അസീസ് മൗലവി കോളേജ് അധ്യാപകനായി പോകുകയും ചെയ്തതോടെ അറബി അധ്യാപകരുടെ നേതൃത്വത്തിലേക്ക് പി.കെ അഹ്മദ് അലി മദനി കടന്നുവന്നു. സര്‍ക്കാര്‍ രൂപപ്പെടുത്തുന്ന ഭാഷ വിരുദ്ധ നിയമനിങ്ങളെ ദീര്‍ഘവീക്ഷണങ്ങളോടെ തിരിച്ചറിയാനുള്ള പ്രത്യേക പാടവം അദ്ദേഹത്തിനുണ്ടായിരുന്നു. അറബി ഭാഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒരു വിട്ടുവീഴ്ചക്കും അദ്ദേഹം തയ്യാറാകുമായിരുന്നില്ല. കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ മനഃപാഠമായിരുന്ന അദ്ദേഹത്തിന്റെ മുമ്പില്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അറബിഭാഷ വിരോധികളും പലതവണ മുട്ടുമടക്കിയിട്ടുണ്ട്. 1960ല്‍ സര്‍വീസില്‍ കയറിയതുമുതല്‍ 1990ല്‍ വിരമിക്കുന്നതുവരെയും ശേഷം 2013ല്‍ മരിക്കുന്നതുവരെയും അറബിഭാഷക്കും സമുദായത്തിന്റെ പുരോഗതിക്കും വേണ്ടിയായിരുന്നു അദ്ദേഹം ജീവിതം സമര്‍പ്പിച്ചിരുന്നത്.

പ്രീഡിഗ്രി പോയി പ്ലസ്ടു സ്‌കൂളുകളിലേക്ക് മാറ്റിയ സാഹചര്യത്തില്‍ പ്ലസ്ടു തലത്തിലെ അറബി പഠനം പ്രതിസന്ധി നേരിട്ടപ്പോള്‍ സര്‍ക്കാരിനെ കൊണ്ട് പത്തു കുട്ടികള്‍ ഉണ്ടെങ്കില്‍ അവിടെ തസ്തിക അനുവദിക്കാമെന്ന് സമ്മതിപ്പിച്ചതിന്റെ പിന്നിലെ കരം അദ്ദേഹത്തിന്റേതായിരുന്നുവെന്നു മുന്‍ വിദ്യാഭ്യാസമന്ത്രി ഇ.ടി മുഹമ്മദ് ബഷീര്‍ അനുസ്മരിക്കുന്നു. അറബിക്കോളേജുകളെ അതിന്റെ തനതായ രൂപത്തില്‍ നിലനിര്‍ത്താന്‍ അദ്ദേഹം നിര്‍വഹിച്ച പങ്ക് വളരെ വലുതാണ്. കെ.പി മുഹമ്മദ് മൗലവിയുടെ പത്രാധിപത്യത്തില്‍ കേരളത്തിലാദ്യമായി പിറവി കൊണ്ട അറബി മാസികയായിരുന്ന 'അല്‍ബുഷ്‌റ'യും അഹ്മദ് അലി മദനിയുടെയും സഹപ്രവര്‍ത്തകരായിരുന്ന കക്കാട് അബ്ദുല്ല മൗലവിയുടെയും പി.കെ.എം അബ്ദുല്‍മജീദ് മദനിയുടെയും കര്‍മകുശലതയുടെ സന്തതിയായിരുന്നു.

മതനിരാസ പ്രസ്ഥാനങ്ങള്‍ എന്നും അറബിഭാഷ പഠനത്തിനെതിരായിരുന്നു. പ്രൈമറി ക്ലാസ്സുകളില്‍ മാതൃഭാഷ മാത്രമെ പഠിപ്പിക്കാവൂ എന്ന ആവശ്യവുമായി 1980ല്‍ അവരില്‍ പെട്ട ചിലര്‍ രംഗത്ത് വന്നു. അറബി പഠനത്തിലൂടെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന സാംസ്‌കാരിക പശ്ചാത്തലം ഇല്ലായ്മ ചെയ്യുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം. 'ഭാഷാബോധന നയം' എന്ന പേരില്‍ അവര്‍ തട്ടിക്കൂട്ടിയ ചില തിയറികള്‍ സര്‍ക്കാരിന് സമര്‍പിക്കുകയും സര്‍ക്കാര്‍ അതിന്റെ അടിസ്ഥാനത്തില്‍ ചില നിയമങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്തു. അറബി ഭാഷ പഠിപ്പിക്കണമെങ്കില്‍ പ്രത്യേകമായ 'സ്ഥല സൗകര്യങ്ങള്‍' ഒരുക്കണമെന്ന് നിര്‍ദേശിക്കുന്ന 'അക്കമഡേഷന്‍,' അറബി പഠിപ്പിക്കണമെങ്കില്‍ രക്ഷിതാവ് നേരിട്ട് വന്നു പ്രത്യേകം എഴുതി ഒപ്പിട്ടുകൊടുക്കണമെന്ന 'ഡിക്ലറേഷന്‍,' ഓറിയന്റല്‍ ടൈറ്റില്‍ യോഗ്യതയുള്ളവരും എസ്.എസ്.എല്‍.സി പരീക്ഷ പാസാവണമെന്ന 'ക്വാളിഫിക്കേഷന്‍' എന്നിങ്ങനെ പ്രാസഭംഗിയുള്ള മൂന്നു 'കൂച്ചുവിലങ്ങുകള്‍' കൊണ്ടുവന്നത് അറബി ഭാഷയെ തന്നെ കേരളത്തിലെ സ്‌കൂളുകളില്‍ നിന്നും പിന്നീട് കോളേജുകളില്‍ നിന്നും കെട്ടുകെട്ടിക്കുന്നതിനു വേണ്ടിയായിരുന്നു. സമുദായം ഉണര്‍ന്നു. സമരത്തിന് തയ്യാറായ അറബി അധ്യാപകരോട് സി.എച്ച് പറഞ്ഞു: 'നിങ്ങള്‍ ഞങ്ങളുടെ കുട്ടികളെ പഠിപ്പിക്കേണ്ടവരാണ്; നിങ്ങള്‍ സമരം ചെയ്യേണ്ടവരല്ല. ഈ സമരം സമുദായം ഏറ്റെടുത്തിരിക്കുന്നു.' മൂന്നു യുവാക്കള്‍ ആ സമരത്തില്‍ വെടിയേറ്റു മരിച്ചുവെങ്കിലും സമുദായത്തിന്റെയും അറബിഭാഷ സ്‌നേഹികളുടെയും സമരവീര്യത്തിനു മുന്നില്‍ സര്‍ക്കാരിന് നിയമങ്ങള്‍ പിന്‍വലിക്കേണ്ടി വന്നു.

അറബി ഭാഷ ഒരു സംസ്‌കാരത്തിന്റെ ഭാഷയാണ്. അരാജകത്വം നിറഞ്ഞാടിയിരുന്ന 'ജാഹിലിയ്യത്തില്‍' നിന്നും സംസ്‌കാരത്തിന്റെ ഉത്തുംഗ പദവികളിലേക്ക് കയറിപ്പോയ ഒരു സമൂഹത്തെ മുമ്പോട്ട് നയിച്ച വിശുദ്ധ ക്വുര്‍ആനിന്റെ ഭാഷയാണത്. വിശ്വാസത്തെയും സാഹിത്യത്തെയും സംസ്‌കാരത്തെയും ഇഷ്ടപ്പെടുന്ന ഏതൊരു മനുഷ്യനും നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന ഭാഷയാണ് അറബി. ഉത്തമ സംസ്‌കാരത്തിന്റെ ജീവിക്കുന്ന പ്രതീകമായിരുന്ന മുഹമ്മദ് നബി ﷺ യുടെ ജീവിതവും സന്ദേശവുമറിയണമെങ്കില്‍ അറബി ഭാഷ അനിവാര്യമാണ്. സാമൂഹികമാധ്യമങ്ങളില്‍ അഭിരമിച്ച് സമയം നഷ്ടപ്പെടുത്തുന്ന യുവസമൂഹം ഭാഷയുടെ പഠനത്തിനായി ഓരോ ദിവസവും കൃത്യമായ സമയം കണ്ടെത്തി തങ്ങളുടെ നിത്യാനുഷ്ഠാനങ്ങളെ പഠനാര്‍ഹമാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. പല ഭാഷകളും കാലയവനികയ്ക്കുള്ളില്‍ വിസ്മൃതിയിലാകുവാനുള്ള കാരണം ഭാഷ ജനകീയമാവാത്തതാണ്.

സംസ്‌കൃതം നല്ലൊരു ഭാഷയാണ്. കേവലം ഗ്രന്ഥങ്ങളിലും പണ്ഡിതരിലും മാത്രമായി ചുരുങ്ങിയപ്പോള്‍ അത് ജനഹൃദയങ്ങളില്‍ നിന്നും വിസ്മരിക്കപ്പെട്ടു. ഭാഷാ സാഹിത്യങ്ങളുടെ എണ്ണത്തിലല്ല, ഭാഷ അറിയുന്ന മനുഷ്യരുടെ എണ്ണത്തിലാണ് ഒരു ഭാഷയുടെ പ്രസക്തി നിലനില്‍ക്കുന്നത്. മുകളില്‍ പരാമര്‍ശിക്കപ്പെട്ട ചരിത്രം രചിച്ച മഹത്തുക്കള്‍ അവിശ്രമം ഭാഷയുടെ പ്രചാരകരായി, നിസ്വാര്‍ഥ സേവകരായി, കര്‍മഭടന്മാരായി ജീവിച്ചതുകൊണ്ടാണ് പുതുതലമുറക്ക് അഭംഗുരമായി പഠനം തുടര്‍ന്ന് കൊണ്ടുപോകുവാന്‍ സാധിക്കുന്നതെന്ന തിരിച്ചറിവ് ഉണ്ടാവേണ്ടതുണ്ട്. വേങ്ങരയിലെ 'ജാമിഅത്തുല്‍ ഹിന്ദ് അല്‍ഇസ്‌ലാമിയ്യ'യില്‍ രണ്ടു ദിവസങ്ങളിലായി സമാപിച്ച അന്താരാഷ്ട്ര അറബിക് സെമിനാറില്‍ കേരളത്തിലെ അറബി സാഹിത്യരംഗത്തും ഭാഷാപ്രചാരണ രംഗത്തും സേവനമര്‍പ്പിച്ച ചരിത്ര പുരുഷന്മാരെ അനുസ്മരിക്കുകയും പ്രമുഖരെ ആദരിക്കുകയും ചെയ്തതിലൂടെ ഈ തിരിച്ചറിവിന് പ്രസക്തി വര്‍ധിച്ചിരിക്കുകയാണ്.