വൃദ്ധനൊമ്പരങ്ങള്‍

ഡോ. ജസീം അലി. എം

2018 മെയ് 05 1439 ശഅബാന്‍ 17

അകത്ത്, പ്രസവം നടക്കുന്ന സെക്കന്റ് സ്‌റ്റേജില്‍ നിന്ന് ഇടയ്ക്കിടെ ഉയരുന്ന നിലവിളി കേട്ട് പരിഭ്രാന്തരായി നെടുവീര്‍പ്പിടുന്നകുറെ പെണ്ണുങ്ങളുടെയും പ്രസവം കഴിഞ്ഞ് കയ്യിലൊരു വെള്ള ബാന്റും വിളറിവെളുത്ത മുഖവുമായി കിടക്കുന്ന അമ്മമാരുടെയും ഇടയിലേക്കാണ് അവര്‍ഒരു വീല്‍ചെയറില്‍ വന്നിറങ്ങിയത്. പത്തറുപത്തഞ്ചു വയസ്സു പ്രായം തോന്നിക്കും. മുഖത്തെ ചുളിവുകള്‍ക്കും വയറിലമര്‍ത്തിപ്പിടിച്ച കൈ സൂചിപ്പിക്കുന്ന കടുത്ത വേദനയ്ക്കുമൊക്കെയകത്ത് തിളക്കം മാറാത്ത കണ്ണുകളില്‍കുസൃതി മറനീക്കി പുറത്തുവരാന്‍ കാത്തുനില്‍ക്കുന്നു. ലേബര്‍ റൂമിലെനീലവിരിപ്പുകൊണ്ട് വൃത്തിയായി പൊതിഞ്ഞബെഡ്ഡിലേക്ക് പതുക്കെ കയറി കിടക്കുമ്പോഴും വേദന കൊണ്ട് അവ്യക്തമായ ചില ശബ്ദങ്ങളൊക്കെ അവര്‍ പുറപ്പെടുവിക്കുന്നുണ്ട്.

എന്തു പറ്റിയെന്ന ചോദ്യത്തിന് മനസ്സിലാക്കാന്‍ നന്നേ പാടുള്ള പിറുപിറുക്കുന്ന സ്വരത്തില്‍ അവര്‍ മറുപടി പറഞ്ഞു തുടങ്ങി: ''കുറച്ചു ദിവസം മുമ്പ് അടിവയറ്റില്‍ ഒരു ഓപ്പറേഷന്‍ ചെയ്തതാണ്. രണ്ട് ദിവസമായി കലശലായ വയറുവേദനയും ഛര്‍ദിയും. വയറിനു മുകളില്‍ തൊടുമ്പോഴും വേദനയുണ്ട്.'' കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞപ്പോള്‍ അകത്ത് പഴുപ്പ് കെട്ടിക്കിടന്ന്, പെല്‍വിക് ആബ്‌സസ് ആയിക്കാണുമോ എന്ന് സംശയം. അള്‍ട്രാസൗണ്ട് സ്‌കാനിനയച്ചപ്പോള്‍ അകത്ത് കുറച്ച് ഫഌൂയിഡ് കെട്ടിക്കിടക്കുന്നുണ്ട്. പക്ഷേ, വ്യക്തമായി ഒന്നുമില്ല. വജൈന വഴി വിരല്‍ കയറ്റി പരിശോധിച്ചിട്ടോ, നീഡില്‍ വെച്ച് കുത്തിയെടുക്കാന്‍ ശ്രമിച്ചിട്ടോ ഒന്നും തീരുമാനമായില്ല. സര്‍ജന്‍ വന്ന് റെക്റ്റം പരിശോധിച്ചിട്ടും കാര്യമായി ഒന്നുമില്ല. ഒടുവില്‍ ഒരുകോണ്‍ട്രാസ്റ്റ് സി.ടി നോക്കാം എന്ന തീരുമാനമായി.

പുറത്തു നില്‍ക്കുന്ന മരുമോളുമായി സംസാരിച്ചപ്പോള്‍ മറുപടി അത്ര അനുകൂലമല്ലായിരുന്നു. സാമ്പത്തികം തന്നെ പ്രശ്‌നം. പിന്നീട് കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയപ്പോഴായിരിക്കണം കുറച്ചു കഴിഞ്ഞു വന്ന മകള്‍ സമ്മതം മൂളി. അപ്പോഴാണ് അടുത്ത പുകില്! ഒരു സ്‌കിന്‍ ടെസ്റ്റ് നടത്തി നോക്കിയപ്പോഴാണ് അറിഞ്ഞത്; അവര്‍ക്ക് സ്‌കാന്‍ ചെയ്യുന്നതിന് മുന്‍പ് വെള്ളത്തില്‍ കലര്‍ത്തിക്കൊടുക്കേണ്ട ഡൈ അലര്‍ജിയാണ്. സ്‌കാനിന് 13 മണിക്കൂര്‍ മുന്‍പ് മുതല്‍ ഒരു മരുന്ന് കൊടുത്തെങ്കിലേ സ്‌കാന്‍ ചെയ്യാന്‍ പറ്റൂ. ചുരുക്കിപ്പറഞ്ഞാല്‍ അടുത്ത ദിവസം രാവിലെയേ നടക്കൂ..

പ്രസവിക്കാന്‍ പോകുന്ന, പ്രസവിച്ച് കഴിഞ്ഞ, കുഞ്ഞിന്റെ അനക്കം നോക്കാന്‍ വരുന്ന, ഗര്‍ഭാവസ്ഥയിലെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം തേടിയൊക്കെ വരുന്ന കുറേ യുവതികളുടെ ഇടയില്‍അവരങ്ങനെ കിടക്കുകയാണ്.വേദനയ്ക്കിടയിലും കാണുന്നവരോടൊക്കെ വാത്സല്യത്തോടെ പുഞ്ചിരിക്കുന്നുണ്ട്. സാധാരണയുള്ള തിരക്കിന് പുറമെ ഇവരെക്കൂടെ നോക്കേണ്ടി വരുന്ന അതൃപ്തി മുഴുവനായും മറച്ചു വെക്കാതെ മരുന്ന് കൊടുക്കാന്‍ വരുന്ന സിസ്റ്ററോട് 'എനിക്ക് കൊറേ മരുന്നിന് അലര്‍ജി ഉള്ളതാ മോളേ, അതാ ഫയലില്‍ എഴുതിയിട്ടുണ്ട്' എന്നൊക്കെ കൃത്യമായി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ചുറ്റും നടക്കുന്ന കാര്യങ്ങളൊക്കെ വളരെ കൃത്യമായി വീക്ഷിക്കുന്ന അവര്‍ക്ക് ഡോക്ടര്‍മാരുടെയും നഴ്‌സ്മാരുടെയും ഒക്കെ വരവ് പോക്ക് ഷെഡ്യൂള്‍ മനഃപാഠമായിക്കഴിഞ്ഞിരുന്നു. ഇടയ്ക്ക് ഒരു ചായ കുടിക്കാനോ, ഇത്തിരി നേരം ഉറങ്ങാനോ ഒക്കെ കണ്ണുവെട്ടിച്ച് മുങ്ങുന്നവരോട് 'മോള് പോവ്വാണോ, ഇനി എപ്പൊ വരും' എന്ന് ഉറക്കെ കുശലം ചോദിക്കാനും അവര്‍ മറന്നില്ല. വേദനകൊണ്ട് കരയുന്ന ഒരു രോഗിയോട് 'ഞാനും രണ്ട് പെറ്റതാ മോളേ, ഒരു മോളും ഒരു മോനും, ചെറിയ വേദനയൊക്കെ കാണും, സാരമാക്കണ്ട' എന്നൊക്കെ ആശ്വസിപ്പിക്കുന്നതും കേട്ടു. എന്ത് കഴിച്ചാലും ഛര്‍ദിക്കുന്ന അവസ്ഥയായതിനാല്‍ ഡ്രിപ്പ് കയറ്റിക്കൊണ്ടിരിക്കുകയാണ്. അസുഖത്തിലോ ചികിത്സയിലോ യാതൊരു പുരോഗതിയും ഉണ്ടായില്ലെങ്കിലും അമ്മമ്മയുടെ മുഖത്തെ തെളിച്ചം കൂടിവരികയാണല്ലോ എന്നൊരു ശങ്ക! 

പുലര്‍ച്ചെ സി.ടി.ക്ക് മുന്‍പുള്ള രണ്ടാമത്തെ ഇഞ്ചക്ഷന്‍ എടുക്കുന്നതിനിടെ അവര്‍ പതിവിലും താഴ്ന്ന സ്വരത്തില്‍ പറഞ്ഞു: ''അസുഖം പെട്ടെന്നൊന്നും മാറണ്ട ന്നാ എന്റെ പ്രാര്‍ഥന. എനിക്കിവിടെ കെടന്നാ മതി. വീട്ടിലായാ മരുമോളുടെ വഴക്ക് കേക്കാനേ നേരം കാണൂ. ഇപ്പൊ വയറുവേദനയുണ്ടെന്നു പറഞ്ഞതിന് തന്നെ എന്തൊക്കെ കേട്ടൂ എന്നറിയോ. ചുമ്മാ ഓരോന്ന് പറഞ്ഞുണ്ടാക്കല്ലേ തള്ളേ, നിങ്ങക്ക് പറഞ്ഞാ മതി, എടുത്തോണ്ട് ഹോസ്പിറ്റലില്‍ പോവണ്ടതും കാശ് മൊടക്കണ്ടതും ഞങ്ങളാ, മിണ്ടാതെ അവിടെങ്ങാനും കിട. ഓപ്പറേഷന്‍ കഴിഞ്ഞ് ചൂടുവെള്ളത്തില്‍ കുളിക്കാനാ ഇവിടുന്ന് പറഞ്ഞ് വിട്ടത്. എന്നിട്ട് ഞാനെങ്ങാനും ചൂടുവെള്ളം ചോദിച്ചാല്‍ പച്ചവെള്ളം തന്നിട്ട്, വേണെങ്കി കുളിച്ചാ മതി എന്നും പറഞ്ഞൊരു പോക്കാണ്. രണ്ട് ദിവസം കഴിഞ്ഞിട്ടും വേദന കുറയാഞ്ഞപ്പൊ, സഹിക്കാന്‍ വയ്യാഞ്ഞിട്ട് ഞാന്‍ മോളെ വിളിച്ചു. അവള്‍ക്കാണെങ്കി നാലിലും എട്ടിലും പഠിക്കുന്ന പിള്ളേരുമുണ്ട്. അവളതെല്ലാം ഇട്ടെറിഞ്ഞ് വന്നിട്ടാണ് എന്നെ ഇങ്ങോട്ട് കൊണ്ടുവന്നത്. അവള്‍ക്ക് ഇവിടെ തന്നെ നിക്കാന്‍ പറ്റുവോ രാവും പകലും? അതാ മരുമോള് നിക്കുന്നത്.''

മരുമോളൊക്കെ തലേന്ന് തന്നെ വീട്ടില്‍ പോയെന്ന് വിശദീകരിച്ച് കൊടുക്കാനൊന്നും ഭാഗ്യത്തിന് ആരും മിനക്കെട്ടില്ല.

അവരിത്രയും പറഞ്ഞത് അടക്കിപ്പിടിച്ച, ഭയപ്പാടുള്ള സ്വരത്തിലാണ്. 'അവളോടൊന്നും പറഞ്ഞു കളയല്ലേ ഡോക്ടറേ, എന്നാ പിന്നെ അതുമതി' എന്നും അവസാനം കൂട്ടിച്ചേര്‍ത്തു.

എന്തു പറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ സിസ്റ്റര്‍ നീഡിലും കയ്യില്‍ പിടിച്ച് നില്‍ക്കുകയാണ്.  അടുത്തു നിന്ന ഡോക്ടര്‍ അമ്മമ്മയുടെ കൈത്തണ്ടയില്‍ ചേര്‍ത്തുപിടിച്ചു. മരുമകളോട് സംസാരിക്കണമെന്ന് മനസ്സിലുറപ്പിച്ചു. നനവു പടര്‍ന്നു തുടങ്ങിയ കണ്ണുകള്‍ ആരും കാണാതെയൊന്ന് ചിമ്മി അവര്‍ തന്നെ വീണ്ടും രംഗനിയന്ത്രണമേറ്റു: ''മക്കളതൊന്നും സാരമാക്കണ്ട, ഇഞ്ചക്ഷന്‍ എടുത്തോ, നാളെ സ്‌കാന്‍ ചെയ്യണ്ടേ.'' ആശ്വാസവാക്കുകളൊക്കെ അങ്ങിങ്ങായി ചിതറിവീണു...

അടുത്ത ദിവസം രാവിലെ സ്‌കാന്‍ ചെയ്തു. കട്ടിയായി നിന്നിരുന്ന പഴുപ്പ് നീക്കം ചെയ്തു. അവരെ ഓപ്പറേഷന്‍ കഴിഞ്ഞുള്ള വാര്‍ഡിലേക്ക് മാറ്റി. ചുളിഞ്ഞ വിരിപ്പുകള്‍ക്ക് പകരം പുതിയത് വന്നു. അവരുടെ സങ്കടങ്ങളൊക്കെ പുതിയ നാമ്പുകളുടെ മിടിപ്പ് ഉറക്കെ വിളിച്ചു കരഞ്ഞ ഫീറ്റല്‍ മോണിറ്ററിന്റെ ബഹളത്തിനിടയ്ക്ക് എല്ലാവരും മറന്നു. മുകളിലത്തെ വാര്‍ഡില്‍, അസുഖം മാറി വീട്ടില്‍ പോവേണ്ടി വരുന്ന ദിവസത്തെയോര്‍ത്ത് വ്യാകുലപ്പെടുന്നതിനിടയിലും, എല്ലാവര്‍ക്കും പുഞ്ചിരി മാത്രം സമ്മാനിച്ച്, ജീവിതം മുഴുവന്‍ തിളങ്ങുന്ന കണ്ണുകളിലൊളിപ്പിച്ച് അമ്മമ്മയങ്ങനെ കിടന്നു.