നന്മ മരങ്ങളുടെ തണലിടങ്ങള്‍

ഇബ്‌നു അലി എടത്തനാട്ടുകര

2018 മാര്‍ച്ച് 24 1439 റജബ് 06

കൂട്ടുകാരന്റെ മനം മയക്കുന്ന പ്രകൃതിദൃശ്യങ്ങളുടെ ചിത്രപ്രദര്‍ശനം കണ്ടിറങ്ങുമ്പോഴാണ് മാഷെ കണ്ടത്. മകന്റെ അധ്യാപകനായിരുന്ന, സാമൂഹ്യപ്രവര്‍ത്തന രംഗത്ത്-വിശിഷ്യാ ഭിന്നശേഷിക്കാര്‍ക്കിടയില്‍- സജീവമായിരുന്ന മാഷ് സമൂഹമാധ്യമത്തിലും സജീവമായിരുന്നു.

പഠനം നിലയ്ക്കാതിരിക്കാന്‍, ഒരു കുട്ടിയുടെ കോളേജ് ഫീസ് ബാക്കിയുള്ളത് കൊടുത്തു തീര്‍ക്കാന്‍ കുറെ രൂപവേണമെന്നും അതിനായി ചുരുങ്ങിയത് 500 രൂപവീതം നല്‍കണമെന്നുമുള്ള ഫേസ്ബുക്ക് പോസ്റ്റിനോട് ഞാനും പ്രതികരിച്ചിരുന്നത് ഓര്‍മവന്നു.

വര്‍ണ വ്യത്യാസങ്ങളുടെ ഫ്രെയിമില്‍ നിന്ന് മാറിനിന്ന് ഞങ്ങള്‍ ആ കുട്ടിയുടെ കാര്യം ചര്‍ച്ചചെയ്തു. കുറച്ച് പണം കൂടി ആവശ്യമുണ്ടെന്നറിയിച്ചപ്പോള്‍ ഫീസ് കുടിശ്ശിക തീര്‍ക്കാതെ പഠനം മുടങ്ങരുതെന്നും എന്തെങ്കിലും മാര്‍ഗം കണ്ടെത്താനാവും എന്നും ഉറപ്പുകൊടുത്തു.

സംസാരത്തിനിടെ മാഷ് മറ്റൊരു കുട്ടിയുടെ പഠനകാര്യം പറഞ്ഞു. സഹായാഭ്യര്‍ഥനയുമായി മാഷിന്റെ ഫേസ്ബുക്ക് പോസ്റ്റിംഗിന് ഒരു ഫോണ്‍ വിളിയെത്തി, കടലിനക്കരെ നിന്ന്. ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ അദ്ദേഹം പഠന ചെലവിനാവശ്യമായ പണം വാഗ്ദാനം ചെയ്തു; അദ്ദേഹത്തിന്റെ പേരോ ഊരോ അന്വേഷിക്കരുതെന്ന ഉപാധിയോടെ. പോസ്റ്റ് ഗ്രാജ്വേഷന് ഉന്നത നിലവാരത്തോടെ പഠിക്കുന്ന ആ മിടുക്കിയെ ആളറിയാതെ ഒരു നാള്‍ കാണണമെന്ന് മാഷോട് പറഞ്ഞിട്ടുണ്ട്. മാസാമാസം പഠനത്തിനുള്ള പണം എക്കൗണ്ടിലെത്തിക്കൊണ്ടിരിക്കുന്നു. 

എന്റെ ഒരനുഭവം മാഷുമായി ഞാന്‍ പങ്കുവെച്ചു. പെങ്ങളുടെ കല്യാണാവശ്യത്തിന് കിടപ്പാടം പണയംവെച്ചത് തിരിച്ചടക്കാനാവാതെ ജപ്തിയുടെ വക്കിലെത്തി നില്‍ക്കുന്ന ഒരു തൊഴിലാളി കുടുംബം. നിത്യരോഗിയായ പിതാവും മകളുമടങ്ങുന്ന കൂട്ടുകുടുംബത്തിന് ഒരുത്തന്റെ കൂലിപ്പണി കൊണ്ട് പട്ടിണിയില്ലാതെ ജീവിക്കാനായിരുന്നത് തന്നെ ഭാഗ്യം. ലോണ്‍ തുക പലിശയടക്കം വളര്‍ന്ന് ഇരട്ടിയായി, വന്‍തുകയായി. മറ്റൊരധ്യാപക സുഹൃത്ത് പറഞ്ഞാണ് വിവരമരിഞ്ഞത്. കൂട്ടുകാരുടെയും പരിചയക്കാരുടെയും ബാങ്ക് എക്കൗണ്ടുകളിലെ പലിശയുടെ കണക്കെടുത്ത് ആ തുക ശേഖരിച്ച് ലോണ്‍ പലിശയിലേക്കടക്കാന്‍ ധാരണയായി. കുറച്ച് പണം അങ്ങനെ കണ്ടെത്തി.

വ്യാപാരിയായ ഒരു ജ്യേഷ്ഠ സുഹൃത്തിനെ ഇക്കാര്യം ധരിപ്പിച്ചു. ആറക്ക സംഖ്യയായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം. അത് കേട്ടപ്പോള്‍ സത്യത്തില്‍ ഞെട്ടിപ്പോയി. ആരാണെന്ന് ചോദിക്കാതെ, തന്റെ പേര് ഒരിക്കലും അയാളറിയരുതെന്നും ആവശ്യക്കാരനെ നേരില്‍ കാണില്ലെന്നുമുള്ള ഉപാധിയോടെ എന്റെ വാക്കില്‍ വിശ്വാസം കണ്ടെത്തിയായിരുന്നു ആ കാരുണ്യം.

മറ്റൊരു കൂട്ടുകാരനെ അയച്ച്, അദ്ദേഹത്തിന്റെ സ്ഥാപനത്തില്‍ നിന്ന് പണം കൈപ്പറ്റി; ലോണ്‍ തുക പലിശയൊഴികെയുള്ളത് മാത്രം വാങ്ങി, അദ്ദേഹത്തിന്റെ വാഗ്ദാനത്തെക്കാള്‍ ചുരുക്കി. കയ്യോടെ തുക ബാങ്കിലടപ്പിച്ചു. സ്ഥലം തിരികെ കൈപ്പറ്റി ആ കുടുംബം ഇന്ന് സസുഖം ജീവിക്കുന്നു. ആ കുട്ടുകാരന്  ഐശ്വര്യമുണ്ടാകട്ടെയെന്നാണ് ആത്മാര്‍ഥമായി എന്റെ പ്രാര്‍ഥന. സഹായം ലഭിച്ച കുടുംബവും അകലെയുള്ള ആ സുഹൃത്തിനെ നന്ദിയോടെ സ്മരിക്കുന്നുണ്ടാവും.

ഭക്ഷണത്തിനായി, വസ്ത്രത്തിനായി, കിടപ്പാടത്തിനായി സാന്ത്വന ലക്ഷ്യത്തോടെ നാം പ്രവര്‍ത്തിക്കാനൊരുങ്ങിയാല്‍ ലക്ഷ്യം വിദൂരമാകില്ല. നന്മവറ്റാത്ത വന്മരങ്ങളുടെ തണലുകള്‍ ഒത്തിരി ഇനിയും അവശേഷിക്കുന്നുണ്ട്.