ബര്‍കത്ത്

ഇബ്‌നു അലി എടത്തനാട്ടുകര

2018 ഡിസംബര്‍ 01 1440 റബീഉല്‍ അവ്വല്‍ 23

ഒരു വിദേശ രാജ്യത്തു വെച്ച് ഹോട്ടലില്‍നിന്ന് രുചികരമായ പുട്ടും കടലയും ഇഡ്ഡലിയും ചട്ടിണിയും കഴിക്കുന്നതിലെ സന്തോഷം ഒന്നു വേറെയാണ്. നാട്ടിലെ ഒട്ടും കുറയാത്ത സ്വാദിനൊപ്പം മനസ്സിനോട് ഒട്ടിനില്‍ക്കുന്ന കൂട്ടുകാരോടൊപ്പം ആകുമ്പോള്‍ ആഹാര ആസ്വാദനത്തിന് സ്വാദ് ഇരട്ടിക്കും. കൂട്ടത്തിലെ, വിദേശത്ത് കച്ചവടമുള്ള സുഹൃത്ത് പതുക്കെ പറഞ്ഞു; ആ ഹോട്ടലില്‍ അദ്ദേഹത്തിന് ഷെയര്‍ ഉണ്ടെന്ന്.

എങ്ങനെ വേറിട്ട ആ രംഗത്ത് എത്തി എന്ന സംശയത്തിന് മറുപടി, തുടക്കം ഒരു ചതിയില്‍ നിന്നാണ് എന്നായിരുന്നു! ഇലക്ട്രിക് ഉപകരണങ്ങള്‍ വില്‍ക്കുന്ന ഒരു കട നിര്‍ത്തുകയാണെന്ന് അറിഞ്ഞ സുഹൃത്ത് അതിലെ സ്‌റ്റോക്ക് മൊത്തമായി വാങ്ങി. സ്‌റ്റോക്കിന്റെ ഇനം തിരിച്ചുള്ള ലിസ്റ്റ് ഉടമ അയച്ചുകൊടുത്തിരുന്നു. അദ്ദേഹത്തിന്റെ ഒരു പരിചയക്കാരന്‍ ഇടനിലക്കാരനായി ഉള്ളതുകൊണ്ട് കടയും ചരക്കും നേരില്‍ കാണാതെയാണ് ലക്ഷങ്ങള്‍ നല്‍കി കച്ചവടം നടത്തിയത്. കുറച്ച് പണവും ബാക്കിക്ക് ചെക്കും ആണ് നല്‍കിയിരുന്നത്. എന്നാല്‍ പിന്നീട് കട നേരില്‍കണ്ട് പരിശോധിച്ചപ്പോഴാണ് സംഗതി മനസ്സിലായത്; പറഞ്ഞതിന്റെ പത്തിലൊന്നുപോലും സ്‌റ്റോക്കില്ല! അടുക്കിവെച്ച പല പെട്ടികളുടെയും അകം കാലിയായിരുന്നു! ഇത് ചതിയാണ്, കച്ചവടത്തിന് താല്‍പര്യമില്ല എന്ന് പറഞ്ഞെങ്കിലും വിറ്റയാള്‍ സമ്മതിച്ചില്ല. കൊടുത്തതിന്റെ പകുതി പണമെങ്കിലും തിരികെ ചോദിച്ചെങ്കിലും അയാള്‍ വഴങ്ങിയില്ല. ഇല്ലാത്ത ചരക്ക് വാങ്ങി ലക്ഷങ്ങള്‍ നഷ്ടം! ഒടുക്കം ഒരു തലശ്ശേരിക്കാരനെ കൂട്ടുപിടിച്ച് ആ കട ഹോട്ടലാക്കി മാറ്റി. ഇന്ന് അതില്‍ മോശമല്ലാത്ത കച്ചവടം നടന്നുവരുന്നു. 

ഭക്ഷണം കഴിച്ചശേഷം കാറില്‍ കുറച്ചു ദൂരം താണ്ടി. കാര്‍ ഒരു ഉള്‍റോഡില്‍ നിര്‍ത്തി സുഹൃത്ത് ഒരു സ്ഥാപനം ചൂണ്ടിക്കാണിച്ചു തന്നു; ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനി. പിന്നെ ചിരിയോടെ പറഞ്ഞു; അത് തന്റെ സ്ഥാപനമാണെന്ന്. ജോലിയില്ലാതെ കഷ്ടപ്പെട്ടിരുന്ന ഒരാളെ അത് നടത്താന്‍ ഏല്‍പിച്ചു. സ്ഥാപനം ഇന്ന് ഭംഗിയായി നല്ല ലാഭത്തില്‍ നടന്നുവരുന്നു. പക്ഷേ കുറേക്കാലമായി സുഹൃത്തിന് ലാഭവിഹിതം ഒന്നും കിട്ടുന്നില്ല! വിശ്വാസവഞ്ചനയുടെ മറ്റൊരു മുഖം! ഒത്തുതീര്‍പ്പിന് ചര്‍ച്ച നടക്കാനിരിക്കുന്നു എന്നും എന്നാല്‍ പ്രതീക്ഷയില്ലെന്നും സുഹൃത്ത്. 

അടുത്ത ദിവസം മറ്റൊരു ഭാഗത്ത് നഗരക്കാഴ്ചകള്‍ കണ്ട് വിസ്മയിച്ച് നടക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ മകനും ജോലിക്കാരനും തിരക്കുള്ള തെരുവിലെ കടകളുടെ നിരയില്‍ ഒന്നിലേക്ക് നടന്നുമറഞ്ഞു; ഉടനെ എത്താം എന്ന് പറഞ്ഞ്. കുറച്ചു നേരത്തിനു ശേഷം മടങ്ങിയെത്തിയ അവരുടെ മുഖത്ത് നിരാശ നിഴലിച്ചിരുന്നു. വേറെ ചില കാഴ്ചകൂടി കണ്ടു മടങ്ങവെ വീണ്ടും അതേ കടയിലേക്ക് അവര്‍ പോയി; ഒപ്പം സുഹൃത്തും. പോകുന്നതിനു മുമ്പ് സുഹൃത്ത് പറഞ്ഞു; മാസങ്ങള്‍ക്കുമുമ്പ് ചില ചരക്കുകള്‍ നല്‍കാമെന്ന് പറഞ്ഞ് പണം പറ്റിയതാണ്. ഇപ്പോള്‍ സാധനവുമില്ല, പണവുമില്ല. പണം തിരികെ ചോദിക്കാനാണ് പോകുന്നതെന്നും പ്രതീക്ഷ തീരെയില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടിക്കാഴ്ച പരാജയമാണെന്ന് മടങ്ങിയെത്തിയ അവരുടെ ശരീര ഭാഷയില്‍ നിന്ന് തന്നെ മനസ്സിലായി. പണമോ ചെക്കോ ചോദിച്ചിട്ട് നല്‍കാന്‍ കൂട്ടാക്കിയില്ല; പിറ്റേന്ന് പണം എക്കൗണ്ടില്‍ നിക്ഷേപിക്കാം എന്നായിരുന്നുവത്രെ മറുപടി. ഒട്ടും പ്രതീക്ഷയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തന്റെ സ്ഥാപനത്തിന്റെ നടത്തിപ്പ് ചുമതല നിര്‍വഹിച്ചിരുന്ന ഒരു സുഹൃത്ത് തിരിമറികള്‍ നടത്തുന്നുവെന്ന് ബോധ്യപ്പെട്ടപ്പോള്‍ കട മൊത്തമായി അയാള്‍ക്ക് ഏല്‍പിച്ചുകൊടുത്ത കഥ മുമ്പൊരിക്കല്‍  കൂട്ടുകാരന്‍ പറഞ്ഞത് ഓര്‍മവന്നു. 

വിശ്വസിച്ചവര്‍ തന്നെ ചതിച്ചപ്പോഴും കഷ്ടപ്പാടില്‍ താന്‍ സഹായിച്ചവര്‍ വഞ്ചന കാട്ടിയപ്പോഴും കടുത്ത വാക്ക് പോലും പറയാതിരുന്ന ആ മനുഷ്യനിന്ന് നാല് രാജ്യങ്ങളില്‍ സ്ഥാപനങ്ങളുണ്ട്. 

വഞ്ചന കാണിച്ചവര്‍ക്കെതിരെ നിയമനടപടികളോ മറ്റു മാര്‍ഗങ്ങളോ സ്വീകരിച്ച കൂടേ എന്ന ചോദ്യത്തിന് നിറചിരിയായിരുന്നു മറുപടി; കൂടെ 'അല്‍ഹംദുലില്ലാഹ്' എന്ന സ്തുതിയും! തളര്‍ന്നവരെ കൈപിടിച്ചു വളര്‍ത്തി. വിശ്വസിച്ച് കൂടെ കൂട്ടിയവര്‍ പിന്നില്‍നിന്ന് കുത്തി. പക്ഷേ, ആ സുമനസ്സിന് പടച്ചവന്‍ അളവില്ലാതെ നല്‍കി. ഒരു ബസ് തൊഴിലാളി മാത്രമായിരുന്ന വ്യക്തി ഇന്ന് വിവിധ രാജ്യങ്ങളില്‍ കുറെ സ്ഥാപനങ്ങളും ധാരാളം തൊഴിലാളികളും വാഹനങ്ങളുമൊക്കെയുള്ള 'തൊഴിലുടമ'യായി വളര്‍ന്നത് നമ്മെ പലതും ബോധ്യപ്പെടുത്തേണ്ടതുണ്ട്.