ചങ്ങാതി നന്നായാല്‍

പി.എന്‍. അബ്ദുല്ലത്വീഫ് മദനി

2018 ജനുവരി 13 1439 റബിഉല്‍ ആഖിര്‍ 25

ഒരു സുഡാന്‍കാരനായ വ്യാപാരി സഊദ് എന്നു പേരുള്ള തന്റെ കൂറു കച്ചവടക്കാരനൊപ്പം പട്ടണത്തില്‍ കച്ചവടം നടത്തിവരികയായിരുന്നു. 

ഒരു ദിവസം ജുമുഅ നമസ്‌കരിക്കുവാന്‍ പട്ടണത്തിലെ വലിയ പള്ളിയില്‍ എത്തിയപ്പോള്‍ ഇമാം ജനാസ നമസ്‌കാരത്തിന്നു വിളിച്ചു പറയുന്നതു ശ്രദ്ധിച്ചു! ആരാണു മരണപ്പെട്ടത്? അയാളുടെ ജിജ്ഞാസ വര്‍ധിച്ചു. സതീര്‍ഥ്യന്‍ സഊദാണു മരണപ്പെട്ടതെന്നറിഞ്ഞപ്പോള്‍ സ്തബ്ധനായിപ്പോയി. കഴിഞ്ഞ രാത്രി അദ്ദേഹം ഹൃദയസ്തംഭനം മൂലം മരണപ്പെട്ടത് അറിയാന്‍ കഴിഞ്ഞില്ല. 

ക്ഷിപ്ര വേഗത്തില്‍ വാര്‍ത്ത പരത്തുന്ന ആധുനിക വാര്‍ത്താ മാര്‍ഗങ്ങളോ മോബൈല്‍ ഫോണുകളോ ഇല്ലാത്ത ഹിജ്‌റ വര്‍ഷം 1415ലാണു സംഭവം. ഞെട്ടല്‍ വിട്ടുമാറാതെത്തന്നെ ഞങ്ങള്‍ ആത്മ സുഹൃത്തിന്നായി മയ്യിത്തു നമസ്‌കാരം നിര്‍വഹിച്ചു. 

മാസങ്ങള്‍ക്കു ശേഷം സഊദിന്റെ മക്കളും അനന്തരാവകാശികളുമായി സഊദും ഞാനും തമ്മിലുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകള്‍ കൂട്ടിക്കിഴിക്കുവാന്‍ തീരുമാനിച്ചു. എനിക്കറിയാവുന്ന ഒരു സത്യമുണ്ടായിരുന്നു; ഒരു കച്ചവടക്കാരന്നു സഊദ് കൊടുത്ത് വീട്ടാനുണ്ടയിരുന്ന 3 ലക്ഷം രിയാലിന്റെ കടത്തെക്കുറിച്ച്. കടം തിരിച്ച് കിട്ടാനുണ്ടായിരുന്ന കച്ചവടക്കാരന്‍ സഊദിന്റെ കുട്ടികളുമായി സംസാരിക്കുവാന്‍ കടത്തെക്കുറിച്ചറിയാവുന്ന എന്നോട് കൂടെ വരാന്‍ ആവശ്യപ്പെട്ടു. 

നിരവധി ഇടപാടുകളിലൂടെയാണ് ഈ കടം കുന്നുകൂടിയത്. സ്ഥിരീകരണത്തിന്ന് ആവശ്യമായ വ്യക്തമായ രേഖകളൊന്നും കൈവശമുണ്ടായിരുന്നില്ല. ഇടപാടുകളില്‍ ചിലതെല്ലാം പിതാവ് വീട്ടിക്കാണുമല്ലോ എന്ന സന്ദേഹവും സഊദിന്റെ മക്കള്‍ക്കുണ്ടായി. 

കടം പിതാവ് കൊടുത്തു വീട്ടിയിട്ടില്ലെന്ന് ഉറപ്പു വരുത്തുന്ന രേഖകളുടെ അഭാവംമൂലം കടം വീട്ടാന്‍ മക്കള്‍ വിസമ്മതിച്ചു. ഞങ്ങള്‍ കച്ചവടക്കാര്‍ക്കിടയില്‍ പല ഇടപാടുകളും നടന്നിരുന്നത് പരസ്പര വിശ്വാസത്തിന്റെ പുറത്തായിരുന്നു. എല്ലാം പ്രമാണത്തില്‍ മുദ്രണം ചെയ്തുവെക്കുന്ന പതിവില്ല. ഞാന്‍ പറഞ്ഞ സാക്ഷിമൊഴി സ്വീകരിക്കുവാന്‍ കുട്ടികള്‍ തയ്യാറില്ലായിരുന്നു. സഊദിന്റെ മകന്‍ തുറന്നു പറഞ്ഞത്: ''ആകെ 6 ലക്ഷം ദിര്‍ഹമാണു പിതാവ് ഞങ്ങള്‍ക്കായി വിട്ടേച്ചു പോയത്. ഉത്തമര്‍ണന്‍ കടംവാങ്ങിയ വ്യക്തിരേഖകള്‍ കൊണ്ട് ഉറപ്പു വരുത്താത്ത ഈ കടം വീട്ടി ഞങ്ങള്‍ പണമില്ലാതെ കഴിയാനോ?'' 

ഈ സാഹചര്യം എന്നെ പിടിച്ചുലച്ചു. എന്റെ കൂട്ടുകാരന്‍ ഈ കടത്തിന്റെ കുരുക്കില്‍ ക്വബ്‌റില്‍ സാഹസപ്പെടുന്നത് ഓര്‍ക്കാനാവുന്നില്ല. എന്റെ കളിക്കൂട്ടുകാരനും കൂറുകച്ചവടക്കാരനുമായ സഊദിനെ ഈ നിലയില്‍ വിട്ടുകളയുന്നത് എനിക്ക് ചിന്തിക്കാനായില്ല. രണ്ടു ദിവസം എനിക്ക് ഉറക്കം വന്നില്ല. ഉറങ്ങാനായി കണ്ണടച്ചു കിടക്കുമ്പോഴേക്കും എന്റെ സുഹൃത്ത് സഊദിന്റെ പുഞ്ചിരിക്കുന്ന മുഖം സഹായിക്കണേ എന്ന ഭാവത്തോടെ എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടും. എന്റെ കച്ചവട സ്ഥാപനം ചരക്കുകള്‍ സഹിതം വിറ്റഴിച്ചു കിട്ടിയതു നാലര ലക്ഷം രിയാലാണ്. അതില്‍ നിന്നു ഞാന്‍ സഊദിന്റെ കടം വീട്ടി. 

പിന്നീടു നടന്നതെല്ലാം നമുക്കു മേല്‍ ഒരു റബ്ബുണ്ടെന്ന് ഉറപ്പാക്കുന്ന കാര്യങ്ങളാണ്. രണ്ടാഴ്ചക്കു ശേഷം സഊദിന്നു കടം നല്‍കിയ വ്യാപാരി ഒരു ലക്ഷം രിയാല്‍ എനിക്കു തിരികെ നല്‍കി. അന്തരിച്ച സ്‌നേഹിതന്റെ മാനം കാക്കാന്‍ ഞാന്‍ കടയടക്കം ഉള്ളതെല്ലാം പെറുക്കിവിറ്റാണു പണം സ്വരൂപിച്ചത് എന്നു ബോധ്യപ്പെട്ടപ്പോള്‍ കടത്തില്‍ നിന്ന് ഒരു ലക്ഷം ഇളവു ചെയ്തു കൊടുക്കാന്‍ വ്യാപാരി തയ്യാറാവുകയായിരുന്നു. എന്റെ കഥ ബുറൈദയിലെ എതാനും കച്ചവടക്കാരുമായി കടം തിരിച്ചു കിട്ടാനുണ്ടായിരുന്ന കച്ചവക്കാരന്‍ പങ്കുവെച്ചു. അതിലൊരാള്‍ സ്‌റ്റോറായി ഉപയോഗപ്പെടുത്തുന്ന രണ്ടു കടകള്‍ എനിക്ക് കച്ചവടം ചെയ്യാന്‍ വിട്ടുനല്‍കി. എന്റെ കച്ചവടം പുനരാരംഭിക്കുവാനും കടമുറികള്‍ക്ക് ഒരു രിയാല്‍ പോലും നല്‍കേണ്ടതില്ലെന്ന് അദ്ദേഹം ആണയിട്ടു. രണ്ടു കടകളും ഏറ്റുവാങ്ങി ഇന്ത്യന്‍ തൊഴിലാളികളോടൊപ്പം വൃത്തിയാക്കി ക്രമീകരിക്കുമ്പോഴേക്കതാ ഒരു വാഹനം, നിറയെ ചരക്കുമായി കടക്കു മുമ്പിലെത്തുന്നു. വാഹനത്തില്‍ നിന്നു ഇറങ്ങി വന്ന പയ്യന്‍ വ്യാപാരിയായ പിതാവ് പറഞ്ഞുവിട്ടതാണെന്നും ചരക്കു മുഴുവന്‍ നിങ്ങള്‍ക്കുള്ളതാണെന്നും വിറ്റഴിച്ച ശേഷം പകുതി വില തന്നാല്‍ മതിയെന്നും പകുതി നിങ്ങള്‍ക്കുള്ള ഹദ്‌യ ആണെന്നും ഇതു പിതാവിന്റെ നിര്‍ദേശമാണെന്നും പറഞ്ഞു. എപ്പോഴൊക്കെ ചരക്കിന് ആവശ്യം വരുന്നുവോ അപ്പോഴെല്ലാം താങ്കള്‍ക്കു ബന്ധപ്പെടാമെന്നും ആശ്വാസ വചനം മൊഴിഞ്ഞു. ഞാനറിയാത്തവര്‍ പലഭാഗത്ത് നിന്നുമായി എനിക്കു നേരെ സഹായ ഹസ്തങ്ങള്‍ നീട്ടുന്നു!

നാളുകള്‍കൊണ്ട് എന്റെ കച്ചവടം അഭിവൃദ്ധിപ്പെട്ടു. ഈ സംഭവത്തിന്നു മുമ്പുണ്ടായിരുന്നതിനെക്കാള്‍ മൂലധനം നിരവധി മടങ്ങായി! ഇന്ന് ഹിജ്‌റ വര്‍ഷം 1436 ആയി. ഈ വര്‍ഷം സകാത്തിനത്തില്‍ മാത്രം 3 മില്യണ്‍ രിയാല്‍ നല്‍കാനായി!

 ഗുണപാഠം: അനന്തരാവകാശ വിഹിതത്തില്‍ കുറവ് വരുമെന്ന ഭീതിയാല്‍ സഊദിന്റെ മക്കള്‍ കടം വീട്ടുവാന്‍ തയ്യാറായില്ല. സഊദിന്റെ ആത്മസുഹൃത്താകട്ടെ തന്റെ കൂട്ടുകാരനെ അയാളുടെ ക്വബ്‌റില്‍ കടം വേട്ടയാടാതിരിക്കാന്‍ തന്റെ ഉപജീവന മാര്‍ഗം പോലും ബലികൊടുത്ത് അയാളുടെ കടം വീട്ടി. ഇതാണ് നിഷ്‌കളങ്കവും നിഷ്‌കപടവുമായ ചങ്ങാത്തം. ദാനം കൊണ്ട് ഒരു ധനത്തിലും കുറവുവരില്ലെന്ന ഗുണപാഠവും ഈ സംഭവം നല്‍കുന്നു.