കുട്ടിക്കണ്ണുകളില്‍ നിഴലിക്കുന്ന കൊടുംക്രൂരത

ഇബ്‌നു അലി എടത്തനാട്ടുകര

2018 മാര്‍ച്ച് 17 1439 ജുമാദില്‍ ആഖിറ 29

അപ്രതീക്ഷിതമായാണ് ടൗണ്‍ യുദ്ധക്കളമായത്. കലാലയത്തിലെ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ പ്രശ്‌നം ടൗണിലേക്കിറങ്ങിയതാണ് കാരണം. ടൗണില്‍ പഠിക്കുന്ന മകന്‍ ഉച്ചക്ക് ഫോണ്‍ ചെയ്തപ്പോഴാണ് വിവരമറിയുന്നത്. കുറച്ച് ദൂരം നടന്ന് കിട്ടിയ ബസില്‍ കയറി ടൗണില്‍ നിന്ന് അവന്‍ രക്ഷപ്പെട്ടു എന്നറിഞ്ഞപ്പോള്‍ ആശ്വാസമായി. 

ബസുകളും മറ്റു വാഹനങ്ങളും ഓട്ടം നിറുത്തിത്തുടങ്ങി. കടകള്‍ അടഞ്ഞുകിടന്നു അഥവാ അടപ്പിച്ചു. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍നിന്ന് ഞാന്‍ നേരത്തെയിറങ്ങി. കിട്ടിയ ബസിന് മേല്‍പറഞ്ഞ ടൗണിലെത്തി. ഓട്ടോയിലും നടന്നും ടൗണിന്റെ കേന്ദ്രത്തിലെത്തി. അവിടെ ഒരു സര്‍ക്കാര്‍ ഓഫീസിനു മുമ്പില്‍ പാര്‍ക്ക് ചെയ്ത മോട്ടോര്‍സൈക്കിളെടുത്തു വേണം എനിക്ക് വീട്ടിലെത്താന്‍.

മെയിന്‍ റോഡില്‍നിന്ന് ഓഫീസ് സമുച്ചയത്തിലേക്കുള്ള ചെറുറോഡിലേക്കിറങ്ങി ബൈക്കിനടുത്ത് എത്തുന്നതുവരെ കണ്ട കാഴ്ചകള്‍ ഭയാനകമായിരുന്നു. മെയിന്‍ റോഡിലും ചെറിയ റോഡിലും ഓഫീസിന് മുന്നിലുമായി വിദ്യാര്‍ഥികള്‍ തമ്പടിച്ചിരിക്കുന്നു. യൂണിഫോമണിഞ്ഞ, മീശകിളിര്‍ത്തു തുടങ്ങുന്ന കുട്ടിത്തം മാറാത്തവര്‍! വിറക് കമ്പുകള്‍, മരക്കഷ്ണങ്ങള്‍, പട്ടികക്കഷ്ണങ്ങള്‍, വാര്‍പ്പിനുപയോഗിക്കുന്ന ഇരുമ്പുകമ്പികള്‍, പരന്ന ഇരുമ്പ് ദണ്ഡുകള്‍ എന്നിങ്ങനെ പല 'ആയുധ'ങ്ങളുമുണ്ട് അവരുടെ കൈകളില്‍. ചില കുട്ടികളുടെ കൈകളിലുള്ള കമ്പികളില്‍ കൈപിടിക്കുന്ന സ്ഥാനത്ത് തുണിക്കഷ്ണങ്ങള്‍ ചുറ്റി ഉപയോഗത്തിന് സൗകര്യം വര്‍ധിപ്പിച്ചിട്ടുണ്ട്. 

അസ്വസ്ഥരായി അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുകയായിരുന്നു പലരും. ചിലരാകട്ടെ കത്തുന്ന കണ്ണുകളോടെ അവിടവിടെ കുത്തിയിരിക്കുന്നു. താമസംവിനാ നടക്കാനിരിക്കുന്ന ഒരു എറ്റുമുട്ടലിന് തയ്യാറാണെന്ന ശരീരഭാഷ അവരിലെല്ലാം പ്രകടമായിരുന്നു. പക്വതയും പ്രായവുമെത്താത്തവരാണെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തമാക്കുന്ന അക്കൂട്ടത്തിന്റെ കൈകളിലെ ആയുധങ്ങളല്ല; ആ കൊച്ചുകണ്ണുകളിലെ കൊടുംക്രൂരതയാണെന്നില്‍ പേടി വളര്‍ത്തിയത്. 

ഒരുവിധേന മോട്ടോര്‍ സൈക്കിളെടുത്തുകൊണ്ട് സാവധാനത്തില്‍ അവരെ പ്രകോപിപ്പിക്കാതെ, ഹോണടിക്കാതെ ഏറെ നേരമെടുത്ത് അവരില്‍ നിന്ന് രക്ഷപ്പെട്ട് മെയിന്‍ റോഡിലെത്തിയപ്പോഴണ് ശ്വാസം നേരെ വീണത്. 

ടൗണിലെ നാല് റോഡുകളും ബ്ലോക്ക് ചെയ്ത് കുട്ടികളും മുതിര്‍ന്നവരും കിട്ടിയ സാധനങ്ങളൊക്കെ ആയുധമാക്കി കാത്ത് നില്‍ക്കുന്നു. സെന്ററില്‍ തലയില്‍ കവചം ധരിച്ചും അല്ലാതെയും ലാത്തികളുമായി പോലീസ് സംഘവുമുണ്ട്. റോഡിലുടനീളം ഏറ്റുമുട്ടലിന്റെയും തച്ചുതകര്‍ക്കലിന്റെയും അടയാളങ്ങളായി ഒടിഞ്ഞ വടികളും പൊട്ടിയ കല്ലുകളും തകര്‍ന്ന ഡിവൈഡറുകളും!

മെയിന്‍ റോഡില്‍ നിന്ന് മാര്‍ക്കറ്റിലെ കുണ്ടും കുഴിയും നിറഞ്ഞ ഇടറോഡിലുടെ വണ്ടിയോടിച്ചാണ് ടൗണില്‍നിന്ന് രക്ഷപ്പെട്ടത്. 

ഇടതാകട്ടെ, വലതാകട്ടെ, രണ്ടിലും പെടാത്തവരാകട്ടെ പറക്കാന്‍ തുടങ്ങുന്ന പ്രായത്തിലുള്ള മക്കള്‍ റോഡ് കയ്യേറാനും സ്ഥാപനങ്ങള്‍ തല്ലിത്തകര്‍ക്കാനും ആരാന്റെ ചോരചിന്താനും സമര്‍ഥമായി ബ്രെയിന്‍വാഷ് ചെയ്യപ്പെടുന്നു എന്നത് പച്ചയായ യാഥാര്‍ഥ്യമാണ്. അതോര്‍ത്തപ്പോള്‍ സങ്കടം തോന്നി; ആരോടെന്നില്ലാത്ത അമര്‍ഷവും. ഊണും ഉറക്കവും ത്യജിച്ച് മുണ്ടു മുറുക്കിയെടുത്ത് ഒരുക്കൂട്ടുന്ന നാണയത്തുട്ടുകള്‍ കൊണ്ട് വലിയ പ്രതീക്ഷയോടെ മക്കളെ പഠിപ്പിക്കാനയക്കുന്ന രക്ഷിതാക്കളെ ഓര്‍ത്ത് വിഷമം തോന്നി. വി.ഐ.പികളായ നേതാക്കളുടെ മക്കള്‍ സമരങ്ങള്‍ക്ക് കടന്നുചെല്ലാനാവാത്ത, വിദേശത്തോ സ്വദേശേത്താ ഉള്ള 'മുന്തിയ' സ്ഥാപനങ്ങളില്‍ പഠിക്കുന്നുവെന്ന യാഥാര്‍ഥ്യം സമരത്തിന്റെ തീച്ചൂളയില്‍ വെന്തെരിയുന്ന പാവങ്ങളുണ്ടോ അറിയുന്നു!

പേനയും പുസ്തകവും ലാപ്‌ടോപ്പും പേറേണ്ട കൈകളിലെ കമ്പികളും കുറുവടികളും അവരവരുടെ തന്നെ ഭാവിയെ തന്നെയാണ് തച്ചുതകര്‍ക്കുന്നതെന്ന് എന്തേ കുട്ടികള്‍ അറിയാതെ പോകുന്നു?