അനിഷേധ്യമായ യാഥാര്‍ഥ്യം

ഇബ്‌നു അലി എടത്തനാട്ടുകര

2018 നവംബര്‍ 24 1440 റബിഉല്‍ അവ്വല്‍ 16

മകന്റെ അഡ്മിഷനുമായി ബന്ധപ്പെട്ട് കോളേജ് ഓഫീസിന്റെ മുമ്പിലെ കാത്തിരിപ്പ് നീണ്ടപ്പോള്‍ അടുത്തിരുന്ന മാന്യദേഹത്തോട് കുശലം പറഞ്ഞ് പരിചയപ്പെടാന്‍ ശ്രമിച്ചു. അദ്ദേഹം സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് റിട്ടയര്‍ ചെയ്ത ഡോക്ടറാണെന്ന് അറിഞ്ഞപ്പോള്‍ സംസാരം ആ വഴിക്കായി.

മകളെ മെഡിസിന് ചേര്‍ക്കാനാണ് അദ്ദേഹവും സര്‍ക്കാര്‍ ജീവനക്കാരിയായ ഭാര്യയും വന്നിരിക്കുന്നത്. എത്ര മക്കളുണ്ട് എന്ന ചോദ്യത്തിന് ഈ മകള്‍ മാത്രമേയുള്ളൂ എന്നായിരുന്നു മറുപടി. ഒറ്റ സന്താനം മതിയെന്ന ആധുനിക സെന്‍സില്‍ അദ്ദേഹവും പെട്ടുപോയോ എന്ന എന്റെ ചോദ്യത്തിനുള്ള മറുപടി എന്നെ ഏറെ വിഷമിപ്പിച്ചു. 

അദ്ദേഹത്തിനൊരു ഇളയമകള്‍ കൂടിയുണ്ടായിരുന്നു.14 കാരിയായ ആ കൊച്ചുമിടുക്കിക്ക് രക്താര്‍ബുദം പിടിപ്പെട്ടു. രോഗം കണ്ടെത്താന്‍ വൈകിപ്പോയി. കാര്യമായി ഒന്നും ചെയ്യാനായില്ല. രോഗം തിരിച്ചറിഞ്ഞ് ഒരു മാസത്തിനകം ആ കുട്ടിയെ മരണം കീഴടക്കി. ഇക്കാര്യം വിശദീകരിക്കവെ ഡോക്ടറുടെ മുഖത്ത് വേദനയുടെ അടരുകള്‍ പ്രത്യക്ഷപ്പെട്ടു. ഞാന്‍ എന്റെ ചോദ്യത്തിന് അദ്ദേഹത്തോട് ആത്മാര്‍ഥമായി ഖേദം പ്രകടിപ്പിച്ചു. 

നല്ല സാമ്പത്തിക നില. മിടുക്കിയായ ചേച്ചി സദാ കൂട്ടിന്. വിദ്യാസമ്പന്നയും ഉദ്യോഗസ്ഥയുമായ മാതാവ്. ഏപ്പോഴും ഡോക്ടറായ പിതാവിന്റെ (വൈദ്യശാസ്ത്രത്തിന്റെ) സാന്നിധ്യം. ഇതൊന്നും ആ കുഞ്ഞിന് രക്ഷയായില്ല. ഡോക്ടറായ പിതാവിന് പോലും മകളുടെ രോഗലക്ഷണങ്ങളും രോഗവും കണ്ടെത്താനായില്ല. രോഗമെന്തെന്ന് അറിഞ്ഞതിന് ശേഷം, പരിചിത വലയത്തില്‍പെട്ട കഴിവുറ്റ ഡോക്ടര്‍മാരും അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രികളുമുണ്ടായിട്ടും ഏറെ സമ്പത്തുണ്ടായിട്ടും ആ കുട്ടിയുടെ ജീവനെ ഒരു മാസത്തില്‍ കൂടുതല്‍ പിടിച്ചുവെക്കാന്‍ സാധ്യമായില്ല. അത്രയേയുള്ളൂ മനുഷ്യന്റെ കാര്യം. ആരുടെയൊക്കയുള്ളില്‍ ഏതൊക്കെ മാറാരോഗങ്ങള്‍ മറഞ്ഞിരിക്കുന്നു, പ്രത്യക്ഷപ്പെടാനിരിക്കുന്നു എന്നൊന്നും ആര്‍ക്കും അറിഞ്ഞുകൂടാ, എല്ലാമറിയുന്ന അല്ലാഹുവിനല്ലാതെ.

''...നാളെ താന്‍ എന്താണ് പ്രവര്‍ത്തിക്കുക എന്ന് ഒരാളും അറിയുകയില്ല. താന്‍ ഏത് നാട്ടില്‍ വെച്ചാണ് മരിക്കുക എന്നും ഒരാളും അറിയുകയില്ല. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു'' (ക്വുര്‍ആന്‍ 31:34).

മരണം എന്നത് യാഥാര്‍ഥ്യമാണ്. ആര്‍ക്കുമതിനെ തട്ടിമാറ്റാനാകില്ല. അതില്‍നിന്ന് ഓടിയൊളിക്കാനുമാവില്ല. നമുക്കു ചെയ്യാനുള്ളത് മരണെത്ത സ്വീകരിക്കാന്‍ തയാറെടുക്കുക എന്നതാണ്. സത്യവിശ്വാസവും സല്‍കര്‍മങ്ങളും കൊണ്ട് നാമതിനൊരുങ്ങുക.  

''(നബിയേ,) പറയുക: തീര്‍ച്ചയായും ഏതൊരു മരണത്തില്‍ നിന്ന് നിങ്ങള്‍ ഓടി അകലുന്നുവോ അത് തീര്‍ച്ചയായും നിങ്ങളുമായി കണ്ടുമുട്ടുന്നതാണ്. പിന്നീട് അദൃശ്യവും, ദൃശ്യവും അറിയുന്നവന്റെ അടുക്കലേക്ക് നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെ പറ്റി അവന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്'' (ക്വുര്‍ആന്‍ 62:8).