വിശുദ്ധ വിളിയാളത്തിന് ഉത്തരം നല്‍കാന്‍

ഇബ്‌നു അലി എടത്തനാട്ടുകര

2018 മാര്‍ച്ച് 10 1439 ജുമാദില്‍ ആഖിറ 23

യാത്രപറച്ചിലുകല്‍ പൊതുവെ വേദനാജനകമാണ്. ഒരുമിച്ചുണ്ടായിരുന്ന കാലം മറക്കാതെ മുന്നില്‍ നില്‍ക്കും അന്നേരം. ഇനി കാണാനേ കഴിയില്ലേയെന്ന വേദനയുടെ നേരിയ നീറ്റല്‍ വിടപറയലുകളില്‍ നിറഞ്ഞുനില്‍ക്കും. രക്തബന്ധമുള്ളവരുടെയും ആത്മ ബന്ധമുള്ളവരുടെയും സാന്നിധ്യം രംഗം കണ്ണീരിന്റെയും തേങ്ങലിന്റെയും അകമ്പടിയിലേക്കെത്തിക്കും. എന്നാല്‍ നമുക്ക് ഇഷ്ടമുള്ള യാത്രയുടെ പൂറപ്പാടാണെങ്കില്‍ അത് വേറെ ലെവലായിരിക്കും. ഹജ്ജ് തീര്‍ഥാടനം പോലെ കൊല്ലങ്ങള്‍ കാത്തിരുന്ന് കിട്ടിയ സൗഭാഗ്യമാകുമ്പോള്‍, യാത്ര പറയല്‍ സന്തോഷകരമാകും; ഉറ്റവരെയും ഉടയവരെയും താല്‍കാലികമായി പിരിയേണ്ടി വരുമെങ്കിലും.

പണ്ട് ഹജ്ജ് യാത്രയയപ്പ് ആഘോഷമായിരുന്നു. ചിലതെങ്കിലും 'ഹജ്ജ് കല്യാണം' എന്ന് പറയുന്ന പോലെ വ്യാപകമായിരുന്നു. നവമാധ്യമങ്ങളിലൂടെയാണിന്ന് യാത്ര പറയല്‍ അധികവും. യാത്ര ചെയ്ത് സമയം കളയേണ്ടയെന്നത് യാത്രക്കാരനും സ്വീകരിക്കാന്‍ സമയവും സന്ദര്‍ഭവും നഷ്ടപ്പെട്ടില്ലെന്നത് മറ്റുള്ളവര്‍ക്കും തോന്നുമെന്നതിനാല്‍ ഇരുകൂട്ടരുമത് ഇഷ്ടപ്പെടുന്നു. കുറേക്കൂടി ആത്മ ബന്ധമുള്ളവരെ നേരിലൊരു ഫോണ്‍വിളിയില്‍ ഒതുക്കാം. അടുത്ത കുടുംബ ബന്ധമുള്ളവരെയും ബന്ധുക്കളെയും മുതിര്‍ന്നവരെയും നേരില്‍ കണ്ട് യാത്ര ചോദിക്കാറാണ് പതിവ്, അതിലെ വീഴ്ച നാട്ടുമ്പുറങ്ങളില്‍ ചിലപ്പോഴെങ്കിലും കുടുംബ പിണക്കങ്ങള്‍ക്ക് ഹേതുവാകാറുമുണ്ട്.

എന്റെയും കുടുംബത്തിന്റെയും ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലെ പോസ്റ്റിംഗിന് ലഭിച്ച കമന്റുകളില്‍ ഭൂരിഭാഗവും, സ്വീകാര്യമായ ഹജ്ജിന് വേണ്ടിയുള്ള ആശംസകളും അവരെയും പ്രാര്‍ഥനകളില്‍ ഉള്‍പ്പെടുത്തണമെന്ന അഭ്യര്‍ഥനയുമായിരുന്നു. വിശുദ്ധ ഭൂമിയിലെത്തിയാലുടന്‍ ബന്ധപ്പെടാനാവശ്യപ്പെട്ട് ഫോണ്‍നമ്പര്‍ അറിയിച്ചു തന്ന കൂട്ടുകാരും നാട്ടുകാരുമുണ്ട്. രോഗശമനത്തിന് വേണ്ടിയും മറ്റു പ്രത്യേക ആവശ്യങ്ങള്‍ക്കു വേണ്ടിയും നേരിലും സ്വകാര്യ സന്ദേശങ്ങള്‍ വഴിയും ആവശ്യപ്പെട്ടവരുമുണ്ട്. ലോക സമാധാനത്തിന് വേണ്ടി പ്രാര്‍ഥിക്കണമെന്ന് മാത്രം അവശ്യപ്പെട്ട ഒരു സന്ദേശം വേറിട്ട് നില്‍ക്കുന്നു.

ഇതര മതവിശ്വാസികളായ സുഹൃത്തുക്കളുടെ ആശംസകളും യാത്രാ മംഗളങ്ങളും പ്രത്യേകം സ്മരണീയമാണ്, എല്ലാം മതത്തിന്റെ കണ്ണടയിലൂടെ മാത്രം കാണുന്നുവെന്ന കടുത്ത ആരോപണങ്ങള്‍ നിലനില്‍ക്കുന്ന കാലിക സാഹചര്യത്തില്‍ വിശേഷിച്ചും.

വിശ്വാസം അനുവദിക്കുമെങ്കില്‍ ആ പുണ്യദേശത്ത് വെച്ച് തന്നെ മരിക്കണമെന്ന ഒരു സുഹൃത്തിന്റെ സന്ദേശം വല്ലാതെ ഹൃദയ സ്പര്‍ശിയായി തോന്നി. ജില്ലകള്‍ക്കപ്പുറത്ത് നിന്ന് നേരില്‍ യാത്ര പറയാനെത്തിയ ഓഫീസര്‍ സുഹൃത്തിനെയും മറക്കാനാവില്ല. പണ്ടത്തെ 'ഈഗോ' പ്രകടിപ്പിക്കാന്‍ ഈ അവസരം ഉപയോഗിച്ച ഒരു കമന്റും കാണാതിരുന്നില്ല.

കഠിനാധ്വാനിയും എന്നാല്‍ രോഗിയും ആവശ്യത്തിലധികം പണവുമുള്ള ഒരു മുതിര്‍ന്ന സുഹൃത്തിനോട് ഫോണിലൂടെ യാത്ര പറഞ്ഞപ്പോഴുണ്ടായ പ്രതികരണം രസകരവും എന്നാല്‍ ചിന്തിപ്പിക്കുന്നതുമായി തോന്നി. വിശുദ്ധ ഗേഹത്തിലെത്താന്‍ അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിക്കണമെന്നായിരുന്നു ആവശ്യം. നോട്ട് നിരോധന കാലത്ത് കൃഷിയിലെ വരുമാനമായ ഒരു വലിയതുക ബാങ്കിലിടാതെ സൂക്ഷിച്ചിരുന്നത് പിന്നീട് എക്കൗണ്ടില്‍ നിക്ഷേപിക്കേണ്ടി വന്ന അദ്ദേഹത്തിന്റെ കാര്യം ഓര്‍മിച്ചുകൊണ്ട് തന്നെ ഞാന്‍ ചോദിച്ചത് ഹജ്ജ് യാത്രക്ക് പണമുണ്ടാകാന്‍ വേണ്ടി പ്രാര്‍ഥിക്കണോ എന്നാണ്. വിളിക്ക് ഉത്തരം നല്‍കാന്‍ അന്നാട്ടിലെത്താനുള്ള തോന്നലിന് വേണ്ടി തേടണമെന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള മറുപടി. തുറന്ന് സംസാരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായത് കൊണ്ട് ഭാര്യയെയും കൂട്ടാന്‍ പ്രാര്‍ഥിക്കണമോയെന്നതിന് അനുകൂലമായിരുന്നു മറുപടി.

വിശുദ്ധ നഗരത്തില്‍ ഒരിക്കല്‍ എത്തിയവര്‍ വീണ്ടും വീണ്ടും അവിടെ എത്താന്‍ കൊതിക്കുന്നു, പലരും സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ പണവും ആരോഗ്യവും സമയവുമുള്ള പലരും അതില്‍ അമാന്തം കാണിക്കുന്നു. അത്തരക്കാര്‍ക്ക് സന്മനസ്സ് ലഭിക്കാന്‍ നമുക്ക് പ്രാര്‍ഥിക്കാം.

0
0
0
s2sdefault