നോമ്പോര്‍മയുടെ രുചിഭേദങ്ങള്‍

ഇബ്‌നു അലി എടത്തനാട്ടുകര

2018 ജൂണ്‍ 02 1439 റമദാന്‍ 17

ഇന്നത്തെ വിഭവസമ്പന്നമായ നോമ്പുതുറ അനുഭവിക്കുമ്പോള്‍ കുട്ടിക്കാല നോമ്പ് കാലം ഓര്‍ക്കാതിരിക്കാനാവില്ല. 

ഈത്തപ്പഴവും കാരക്കയും അപൂര്‍വ വസ്തുവായിരുന്നു അന്ന് വീട്ടില്‍. വല്ലപ്പോഴും കിട്ടിയ ഈത്തപ്പഴം തിന്ന് ശേഷിക്കുന്ന കുരു ശേഖരിച്ച് വച്ചിരുന്നത് ഓര്‍മവരുന്നു. മാവ് കലക്കി വൈകാതെ ഉണ്ടാക്കുന്ന അപ്പമായിരുന്നു പ്രധാന നോമ്പുതുറ വിഭവം. കൂട്ടിന് ഇറച്ചിക്കറിയെന്നതൊക്കെ വലിയ ധാരാളിത്തമായിരുന്നു! അഥവാ എങ്ങാനും കുറച്ച് ഇറച്ചി വാങ്ങിയാല്‍ അത് അല്‍പാല്‍മായി ദിവസങ്ങളോളം കിഴങ്ങോ പച്ചക്കറികളോ ചേര്‍ത്ത് മണത്തിനായി ഉപയോഗിക്കാറുണ്ടായിരുന്നു. പാലൊഴിച്ച ചായ തന്നെ അപൂര്‍വമാവുമ്പോള്‍ നാരങ്ങാവെള്ളവും തീരെ ഇല്ലായിരുന്നു. എണ്ണക്കടികള്‍ എന്ന 'ആചാരം' അന്ന് പതിവില്ലാത്തതായിരുന്നു. അപൂര്‍വമെങ്കിലും റവയും പാലും പഞ്ചസാരയും ചേര്‍ത്തുണ്ടാക്കുന്ന 'തരിക്കഞ്ഞി' അതിരുചികരമായിരുന്നു.

പത്തിരി അപൂര്‍വദിവസങ്ങളിലെ ആര്‍ഭാടമായിരുന്നു. മഗ്‌രിബ്ബാങ്ക് വിളിതുടങ്ങി അവസാനിക്കുന്നത് വരെ എത്ര പത്തിരി കഴിക്കാന്‍ കഴിയുമെന്ന് സഹോദരങ്ങളുമായി മത്സരിച്ചത് ഓര്‍മയുണ്ട്. വല്ലപ്പോഴും കോഴിയെ അറുത്ത് നോമ്പുതുറ നടത്തുന്നത് ഒരാഘോഷമായിരുന്നു വീട്ടില്‍. കോഴിക്ക് വെള്ളം കൊടുക്കുന്നത് തൊട്ട് അറുക്കുന്നത് തുടങ്ങി തിളച്ചവെള്ളത്തില്‍ മുക്കി തൂവല്‍ പറിക്കുന്നതും ആന്തരാവയവങ്ങള്‍ മാറ്റി നല്ല ഭാഗങ്ങള്‍ നുറുക്കി കഷ്ണങ്ങളാക്കുന്നതും നോക്കിയിരിക്കുമായിരുന്നു ഞങ്ങള്‍ കുട്ടികള്‍. ഇന്ന കഷ്ണം എനിക്ക് എന്ന് നോക്കി വെക്കാറുണ്ടായിരുന്നു ഞങ്ങള്‍, കിട്ടുമെന്ന് യാതൊരു ഉറപ്പില്ലെങ്കിലും. മാംസം കുറഞ്ഞ, എല്ല് കൂടുതലായ നാടന്‍ കോഴിയിറച്ചി മല്ലി അരച്ച് വേവിക്കുന്ന മണം പറഞ്ഞറിയിക്കാനാവുന്നില്ല. നോമ്പിനത് സഹിക്കാന്‍ കഴിയില്ലായിരുന്നു. അരഡസനിലേറെയുള്ള കുടുംബാംഗങ്ങള്‍ക്ക് ഇത്തിരിപ്പോന്ന കോഴിയെ പരാതിരഹിതമായി വിളമ്പിയെത്തിച്ചിരുന്ന 'മമ്മീസ് മാജിക്' മനസ്സിലിന്നുമുണ്ട്. കോഴിക്കഷ്ണത്തിലെ മാംസത്തിന്റെ അവസാന തരിവരെ കടിച്ചെടുത്ത് കഴിച്ച് ഒടുക്കം എല്ല് കടിച്ച് പൊട്ടിച്ച് അതിനകത്തെ ദ്രവം കൂടി കഴിച്ചിട്ടായിരുന്നു പിന്‍വാങ്ങിയിരുന്നത്.

ഇന്നത്തെ ഭക്ഷണത്തളികകളിലെ കോഴിക്കഷ്ണങ്ങളടക്കമുള്ള വേസ്റ്റ് കാണുമ്പോള്‍ വല്ലപ്പോഴും മക്കളെ പഴങ്കഥ ഓര്‍മിപ്പിക്കാറുണ്ട്, അവര്‍ക്കതത്ര രുചിക്കാറില്ലെങ്കിലും. ധൂര്‍ത്തിന്റെ നോമ്പുതുറകള്‍ക്ക് നാം അറുതിവരുത്തേണ്ടതുണ്ട്. അതുപോലെ തന്നെ സമ്പന്നരെ മാത്രം ക്ഷണിച്ച് നോമ്പുതുറപ്പിക്കുന്നതിനു പകരം സാധുക്കളെ ക്ഷണിച്ച് നോമ്പുതുറപ്പിക്കുവാനും സന്മനസ്സ് കാണിക്കേണ്ടതുണ്ട്.

അത്താഴത്തിന് ചോറും കുറയും. കഞ്ഞിവെള്ളം തൂമിച്ച് അതില്‍ അങ്ങിങ്ങ് പാറിക്കളിക്കുന്ന മുരിങ്ങയിലയുള്ള താളിച്ച മുരിങ്ങക്കറിയായിരുന്നു അന്നത്തെ താരം. ഇന്നും പഴമക്കാര്‍ക്കീ ശീലം വിട്ടുള്ള അത്താഴമില്ല. ഇന്നത്തെ വന്‍കിട ഹോട്ടലുകൡലെ വെജിറ്റബിള്‍ സൂപ്പിനെ വെല്ലുന്ന രുചിയായിരുന്നു അതിന്.

അത്താഴത്തിന്റെ കൂടെ ഉണക്കസ്രാവിന്റെ കഷ്ണമോ, രണ്ടോ മൂന്നോ ബീഫ് കഷ്ണങ്ങളോ ഉണ്ടെങ്കില്‍ അന്ന് പെരുന്നാള്‍ പോലെയായിരുന്നു. മീന്‍ കഷ്ണം നുള്ളിയെടുത്ത് കഴിക്കുന്നപോലെ സൂക്ഷ്മമായിട്ടായിരുന്നു ഇറച്ചികഷ്ണങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. 

അന്നത്തെ ഇല്ലായ്മയിലും ദാരിദ്ര്യത്തിലും ചുരുങ്ങിയ വിഭവങ്ങളേ ലഭിച്ചിരുന്നുള്ളൂവെങ്കിലും അതിന്റെ രുചിയും ആസ്വാദ്യതയും പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. ഇന്ന് ഈത്തപ്പഴവും കാരക്കയും വിവിധ പഴങ്ങളും ജ്യൂസുകളും വ്യത്യസ്ത ഇറച്ചിവിഭവങ്ങളും ഭക്ഷണ മേശയില്‍ നിറഞ്ഞിരിക്കുമ്പോഴും കുട്ടിക്കാലത്തെ നോമ്പ്തുറയുടെ ആവേശവും രുചിയും ആസ്വാദ്യതയും എന്തേ കിട്ടാതെ പോവുന്നു?