നടുറോട്ടിലെ കാരുണ്യം

ഇബ്‌നു അലി എടത്തനാട്ടുകര

2018 ഡിസംബര്‍ 29 1440 റബീഉല്‍ ആഖിര്‍ 21

നേരം പുലരുന്നതേയുള്ളൂ. റോഡില്‍ പ്രഭാതസവാരിക്കാരുടെ തിരക്കുണ്ട്. പിന്നെ ഇടക്കിടെ കടന്നുപോകുന്ന വാഹനങ്ങളും. ഞങ്ങള്‍ രാത്രി ഉറക്കമൊഴിച്ചുള്ള ഡ്യൂട്ടി തീര്‍ന്ന ആശ്വാസത്തില്‍ വാഹനത്തില്‍ ഒാഫീസിലേക്ക് മടങ്ങുകയാണ്. പിന്നീട് വീട്ടിലെത്തി ഉറക്കക്കുടിശ്ശിക തീര്‍ത്തിട്ട് വേണം നോര്‍മല്‍ ആകാന്‍.

വാഹനം കടന്നുപോയപ്പോള്‍ റോഡില്‍ ഒരു ഓട്ടോറിക്ഷ സ്ഥാനം തെറ്റി നില്‍ക്കുന്നത് കണ്ണില്‍ പെട്ടു. ഓട്ടോ ഡ്രൈവര്‍ റോഡിലിറങ്ങിനിന്ന് കടന്നുപോകുന്ന വാഹനങ്ങള്‍ക്ക് കൈനീട്ടി സഹായം ആവശ്യപ്പെടുന്നുണ്ട്. പക്ഷേ, ആരും പരിഗണിക്കുന്നില്ല. ഓട്ടോക്കരികില്‍ ആരോ വീണുകിടക്കുന്നുണ്ട്. ഞാന്‍ ഡ്രൈവറോട് വാഹനം നിര്‍ത്താനാവശ്യപ്പെട്ട് വാഹനത്തില്‍നിന്നിറങ്ങി പിന്നിലേക്കോടി. 

ഓട്ടോക്കരികില്‍ ഒരു സ്ത്രീ വീണുകിടക്കുന്നു. ബോധമില്ല. തല പൊട്ടി ചോരയൊലിക്കുന്നു. വാഹനത്തില്‍ കയറ്റാന്‍ ഡ്രൈവര്‍ക്ക് തനിച്ച് സാധിക്കുന്നില്ല. ഞാന്‍ കൂടി സഹായിച്ച് ആ സ്ത്രീയെ ഓട്ടോയില്‍ കിടത്തി. താന്‍ വീട്ടില്‍നിന്ന് ടൗണിലേക്ക് പോകുന്ന വഴിയാണ് ഈ സ്ത്രീ വീണുകിടക്കുന്നത് കണ്ടതെന്നും താന്‍ കുറ്റവാളിയാകുമോ എന്ന പേടിയുണ്ടെങ്കിലും സഹായിക്കാതെ പോകാന്‍ മനസ്സ് അനുവദിക്കാത്തതിനാലാണ് ഇവിടെനിന്ന് സഹായം ചോദിച്ചതെന്നും നിങ്ങള്‍ കാണിച്ച സന്മനസ്സിന് നന്ദി പറഞ്ഞും അയാള്‍ ഓട്ടോ ഓടിച്ചുപോയി.

കുറച്ചപ്പുറത്തെ ഒരു വീടിന്റെ ഗേറ്റിനു സമീപം ചില ആണ്‍ പെണ്‍ രൂപങ്ങള്‍ എത്തിനോക്കുന്നുണ്ട്. എന്നാല്‍ ഒരു കൈ സഹായത്തിനുള്ള വിമുഖതയാലോ മറ്റോ അവര്‍ ഗേറ്റിനു വെളിയില്‍ വന്നില്ല. എന്റെ കൂടെയുണ്ടായിരുന്നവര്‍ സഹായത്തിനെത്താതെ ദൂരെ കാഴ്ചകാരായി നോക്കി നിന്നത് മനസ്സിനെ വേദനിപ്പിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പാണീ സംഭവം.

ഒരിക്കല്‍ ഞാന്‍ മോട്ടോര്‍ സൈക്കിളില്‍ ഓഫീസിലേക്ക് പോകുകയാണ്. ഒരു കയറ്റം കഴിഞ്ഞ് ഇറക്കവും വളവും മുന്നില്‍. തലേ ദിവസം പെയ്ത മഴയില്‍ ഒലിച്ചുവന്ന ചരല്‍ റോഡില്‍ ചിതറിക്കിടക്കുന്നു. എനിക്ക് ബ്രേക്ക് ചെയ്യാതിരിക്കാന്‍ കഴിഞ്ഞില്ല. ബൈക്ക് തെന്നി ഇടതുവശത്തേക്ക് മറിഞ്ഞു. ഞാന്‍ വലതുഭാഗത്ത് റോഡിന്റെ നടുവിലേക്കും. തലയും വലത് കൈകാലുകളും ഇടത് കയ്യും കുത്തിയാണ് വീണത്. ഹെല്‍മറ്റ് തലയെ രക്ഷപ്പെടുത്തി. അല്ലാഹുവിന് സ്തുതി. മൂന്ന് വാരിയെല്ലുകളും കോളര്‍ എല്ലും പൊട്ടി. കൈ കാല്‍ മുട്ടുകളില്‍ വലിയ മുറിവുകള്‍. ആളുകള്‍ ഓടിക്കൂടി. പിടിച്ചെഴുന്നേല്‍പിച്ചു. കുടിക്കാന്‍ വെള്ളം തന്നു. ആ സമയം അതുവഴി വന്ന ഒരാള്‍ അയാളുടെ കാറില്‍ എന്നെ ആശുപത്രിയിലെത്തിച്ചു. വീഴ്ചയില്‍ കീറിയ വസ്ത്രം മാറ്റാന്‍ വസ്ത്രം വാങ്ങിത്തന്ന്, എക്സ്‌റേ എടുക്കാനും മരുന്ന് വാങ്ങാനും മറ്റും കുടെ നിന്ന്, അഡ്മിറ്റ് ചെയ്ത ശേഷം എന്നെ റൂമില്‍ എത്തിച്ച് വീട്ടില്‍ നിന്നും ആളെത്തിയ ശേഷമാണ് അദ്ദേഹവും കൂട്ടുകാരും മടങ്ങിയത്. 

അപകടങ്ങള്‍ കാണുമ്പോള്‍ സഹായിക്കാന്‍ ശ്രമിക്കാതെ മൊബൈലില്‍ ഫോട്ടോ എടുക്കാനും ഫെയ്‌സ്ബുക്കില്‍ ലൈവായി രംഗം കാണിക്കാനും പരാക്രമം കാണിക്കുന്നവര്‍ ചിന്തിക്കുക; നമുക്ക് അപകടം പിണഞ്ഞ് റോഡില്‍ ചോരയില്‍ കുളിച്ച് കിടക്കുമ്പോള്‍ മറ്റുള്ളവര്‍ രക്ഷിക്കാന്‍ വരാതെ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ നമുക്കത് സഹിക്കാന്‍ കഴിയുമോ? നാമത് ഇഷ്ടപ്പെടുമോ?

വേദനക്കിടയിലും ഞാന്‍ ആശ്വസിച്ചു. ഭൂമിയിലുള്ളവരോട് നീ കാരുണ്യം കാണിക്കുക. ആകാശത്തുള്ളവന്‍ നിന്നേട് കാരുണ്യം കാണിക്കും'എന്ന നബിവചനം എനിക്ക് ബോധ്യപ്പെട്ടിരിക്കുന്നു.