വെറുപ്പ് ഉല്‍പാദിപ്പിക്കുന്ന മനസ്സുകള്‍

ഇബ്‌നു അലി എടത്തനാട്ടുകര

2018 നവംബര്‍ 17 1440 റബിഉല്‍ അവ്വല്‍ 09

'ഞാനും കെട്ടേ്യാളും കുട്ടേ്യാളും' എന്ന മട്ടില്‍ ചിന്തിച്ച്, ജോലിചെയ്ത് കിട്ടിയതുകൊണ്ട് ജീവിതം തള്ളിനീക്കുന്ന കുടുംബത്തില്‍ കഴിയുന്നവരാണിന്ന് സമൂഹത്തില്‍ കൂടുതല്‍. ഇക്കൂട്ടര്‍ അനാവശ്യമായി ആരുടെ കാര്യത്തിലും ഇടപെടാറില്ല. അവരുടെ കാര്യത്തില്‍ മറ്റുള്ളവരെ ഇടപെടുവിക്കുവാന്‍ അവര്‍ മുതിരാറുമില്ല. 

എന്നാല്‍ മറ്റു ചിലരുണ്ട്; തങ്ങള്‍ക്ക് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെങ്കിലും അന്യരെ വെറുപ്പിച്ച് കൊണ്ടിരിക്കുന്നവര്‍. 'ഓണ്‍ലൈന്‍' കാലത്ത് വിവിധ രാഷ്ട്രീയ, മത, സാമൂഹിക രംഗങ്ങളെ വിമര്‍ശിച്ച് നേരെയാക്കാനുള്ള കഠിനശ്രമത്തിലാണവര്‍! എന്തിനേറെ ലോക നേതാക്കള്‍ക്ക് വരെ സോഷ്യല്‍ മീഡിയ വഴി നിര്‍ദേശം കൊടുക്കുന്നു ഇക്കൂട്ടര്‍!

 വീടിനകത്തെ തണുപ്പേറ്റ് കൈകാലുകള്‍ വളച്ച് കിടന്നും ഇരുന്നും ഇവര്‍ ലോകത്തെ ഉദ്‌ബോധിപ്പിച്ച് നേര്‍വഴിയിലൂടെ ചരിപ്പിച്ചുകൊണ്ടേയിരിക്കും! ഒന്നിലെയും നന്മ-തിന്മകള്‍ നോക്കാതെ മുന്‍വിധി പ്രകാരം 'സ്വന്തം ടീമി'നെ പ്രകീര്‍ത്തിച്ചും അല്ലാത്തവരെയെല്ലാം വെറുപ്പിച്ചുംകൊണ്ടേയിരിക്കുമിവര്‍. 'മൂല്യാധിഷ്ഠിതര്‍' എന്ന് കരുതപ്പെടുന്ന സാമൂഹിക, മതരംഗത്തുള്ള പലരും ഇക്കൂട്ടരെക്കാള്‍ ഒട്ടും മോശക്കാരല്ല എന്നതാണ് സത്യം.

പ്രത്യേകിച്ച് തൊഴിലൊന്നുമില്ലാത്തവര്‍, അല്ലെങ്കില്‍ ആവശ്യത്തില്‍ കൂടുതല്‍ ഒഴിവ് വേളകള്‍ ഉള്ളവരാണ് മറ്റൊരുകൂട്ടര്‍. ചായമക്കാനിയിലോ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലോ ഒഴിഞ്ഞ പീടികത്തിണ്ണയിലെ കാല് പൊട്ടിയ പഴയ ബെഞ്ചുകളിലോ ഇവര്‍ തമ്പടിക്കുന്നു. അസഹിഷ്ണുത, അസൂയ, ആരോടും പ്രതിബദ്ധതയില്ലായ്മ എന്നിവയാണ് ഇവരുടെ 'വിശിഷ്ട' ഗുണങ്ങള്‍! നാട്ടിലെ അറിയപ്പെടുന്നവരെ, അല്ലെങ്കില്‍ തങ്ങളുടെ മുന്നില്‍ പെടുന്നവരെയൊക്കെ സ്‌കാന്‍ ചെയ്ത് കുറ്റവും കുറവും കണ്ടെത്തി വിശദ റിപ്പോര്‍ട്ട് പുറത്തുവിടും ഇക്കൂട്ടര്‍. 

മൂര്‍ച്ചയുള്ള വാക്കുകള്‍, നീണ്ട നാവ്, സരസ സംഭാഷണ വൈഭവം എന്നിവ ഇവരുടെ പ്രത്യേകതയാണ്. ആവശ്യത്തിന് ശ്രോതാക്കളെ ഇവര്‍ സൃഷ്ടിച്ചുകൊണ്ടിരിക്കും. ഈ കൂട്ടത്തില്‍ നിന്നോ ശ്രോതാക്കളില്‍ നിന്നോ ഒരാള്‍ സ്ഥലം വിട്ടാല്‍ 'സ്‌കാനര്‍' അയാളുടെ നേരെ തിരിയും എന്നതാണ് രസകരം! പുലര്‍കാലത്ത് എഴുന്നേറ്റ് പ്രഭാത പ്രാര്‍ഥനയില്‍ പങ്കെടുത്ത് ചായക്കടയിലെത്തി  ചായക്കൊപ്പം അന്യന്റെ പച്ചമാംസം തിന്നുന്നവരും ഉണ്ട്! പഠിപ്പിക്കപ്പെട്ടതിന് നേര്‍വിപരീതമായ പ്രവര്‍ത്തനം!

'കല്യാണം മുടക്കികള്‍' എന്നൊരു വിഭാഗവും ഉണ്ടത്രെ കൂട്ടത്തില്‍! ഇത്തരക്കാരുടെ കുടുംബത്തിലൊന്നും 'കെട്ടാനും കെട്ടിക്കാനും ആരുമില്ലേ' എന്ന് വിലപിക്കുന്നവരെയും ഇപ്പണി ചെയ്താല്‍ വീട്ടില്‍ കയറി കൈകാര്യം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്ന ഫ്‌ളക്‌സ് ബോര്‍ഡുകളും സോഷ്യല്‍മീഡിയ പോസ്റ്റുകളും അപൂര്‍വമായെങ്കിലും കാണാറുണ്ട്. 

നല്ല രീതിയില്‍ ജീവിച്ചുകൊണ്ടിരിക്കുന്ന കുടുംബത്തിലെ ഒരാളെ പിടിച്ച് അവനെ ഗുണദോഷിക്കും മട്ടില്‍ 'പിരികയറ്റി' ആ കുടുംബത്തില്‍ കലാപമുണ്ടാക്കി അത് കണ്ട് രസിക്കുന്നവരാണ് ചിലര്‍. നേരത്തെ വീട്ടില്‍നിന്നിറങ്ങി കടകളിലും പരദൂഷണ മൂലകളിലും മാറിമാറി കേന്ദ്രീകരിച്ച് രാപ്പകല്‍ കഠിനമായി 'ജോലിചെയ്യുന്ന' ഫുള്‍ടൈം സ്‌പെഷ്യലിസ്റ്റുകളും അപൂര്‍വമെങ്കിലും നാട്ടിന്‍പുറങ്ങളില്‍ കാണപ്പെടാറുണ്ട്. 

സമൂഹത്തില്‍ വളരെ മാന്യരായി കാണപ്പെടുന്ന ചിലര്‍ വീട്ടിലെത്തിയാല്‍ കഠിനഹൃദയരായി മാറുകയും പേരക്കുട്ടികളെ മുതല്‍ അയല്‍ക്കാരെ വരെ വെറുപ്പിക്കുന്നവരുമാണ്. വീട്ടിലും തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലുമൊക്കെ പതിവായി വെറുപ്പിന്റെ വിഷബീജങ്ങള്‍ മൊത്തമായി വിപണനം ചെയ്യുന്നവര്‍ക്ക് ആസ്വാദകരും ശ്രോതാക്കളും ഏറെയുണ്ടെന്ന് തോന്നുമെങ്കിലും അത്തരക്കാരെ പൊതുസമൂഹം മറ്റാരെക്കാളും വെറുക്കുന്നു എന്നതാണ് നേര്. ഇവരത് മനസ്സിലാക്കുന്നില്ലെന്ന് മാത്രം.