സനാഥരായ അനാഥകള്‍

ഇബ്‌നു അലി എടത്തനാട്ടുകര

2018 ആഗസ്ത് 25 1439 ദുല്‍ഹിജ്ജ 13

ആ കണ്ണുകള്‍ എവിടെയോ കണ്ട് പരിചയമുള്ളത് പോലെ തോന്നി. ആ വെളുത്തുതുടത്ത മുഖം ഒന്നാകെയും. കട്ടിലിന്റെ നാലിലൊന്നിലേക്ക് ചുരുങ്ങിയാണയാള്‍ കിടക്കുന്നത്. വളഞ്ഞ് ചുരുങ്ങി കിടക്കയിലെ പുതപ്പിനുള്ളിലേക്ക് ഒതുങ്ങിയിരിക്കുന്നു അയാള്‍. ഒരു ഭാഗം തളര്‍ന്നു കിടക്കുന്ന അയാളെ സ്ഥാപനത്തിന്റെ മാനേജര്‍ പരിചയപ്പെടുത്തി; അഡ്വക്കേറ്റെന്ന്. ഓര്‍മപ്പിശകില്ലാത്ത അദ്ദേഹം തളരാത്ത വലതു കൈ ഉയര്‍ത്തി, പിന്നെ ഞങ്ങളെ പരിചയപ്പെട്ടു. ഞങ്ങളുടെ പ്രദേശത്തെ അയാളുടെ പരിചയക്കാരെക്കുറിച്ച് അന്വേഷിച്ചു. പതിയെ അദ്ദേഹത്തിന്റെ ശബ്ദമിടറി, കണ്ണുകള്‍ നിറഞ്ഞു. സാമൂഹ്യപ്രവര്‍ത്തകനും കരുണയുള്ള വക്കീലുമായിരുന്ന അയാളെ പരിചരിക്കാന്‍ കുടുംബത്തില്‍ വേണ്ടപ്പെട്ടവരില്ലാത്തതിനാലാണ് ആ ഓള്‍ഡ് ഏജ് ഹോമില്‍ അയാള്‍ എത്തപ്പെട്ടത്. കൂടുതല്‍ നേരം ആ ദയനീയ സ്ഥിതി കണ്ടിരിക്കാന്‍ കഴിയാത്തത് കൊണ്ട് മുറിയില്‍ നിന്ന് പുറത്തേക്ക് നടന്നു. ആറ് പേരടങ്ങിയ ഞങ്ങളിലെ മൂന്ന് പേരും അക്കാരണത്താല്‍ തന്നെ നേരത്തെ മുറിവിട്ടിരുന്നു. വക്കീലിനെ എവിടെവെച്ചാണ് കണ്ടതെന്ന് ഓര്‍മിക്കാന്‍ ശ്രമിച്ചു. തിരക്ക് പിടിച്ച റോഡില്‍ വെച്ചാണോ, അതോ കോടതിക്ക് സമീപത്തെ ഇടുങ്ങിയ വഴിയിലാണോ പുഞ്ചിരിയെറിഞ്ഞ് കൊണ്ട് ധൃതിയില്‍ നടന്നുപോയിരുന്ന അയാളെ ഞാന്‍ കണ്ടിരുന്നത്?

കുടുംബമൊത്ത് ചെറിയ ഒരു യാത്രയിലാണ് അങ്ങനെ ഒരാശയം വന്നത്. മൂത്ത മകന്റെ ആദ്യവരുമാനത്തില്‍ നിന്ന്, പരിശീലത്തിന്റെ ഭാഗമായി ലഭിക്കുന്ന സ്റ്റൈപന്റില്‍ നിന്ന് ഒരു ചെലവ്. അത് അശരണരുടെ അത്താണിയായ ഒരു സ്ഥാപനത്തില്‍ ഒരു നാള്‍ ഭക്ഷണം നല്‍കിയാവാം, അവരോടൊത്ത് ഒരു നേരം ഭക്ഷണം കഴിക്കാം എന്ന് തീരുമാനിച്ചു. ഭാര്യയും രണ്ട് മക്കളും അടുത്ത രണ്ട് കൂട്ടുകാരുമൊത്താണ് ഒരു വൈകുന്നേരമവിടെയെത്തിയത്. ആണും പെണ്ണുമായി അമ്പതിനടുത്തുണ്ട് അന്തേവാസികള്‍.

ശരീരം പാടെ തളര്‍ന്നു കിടക്കുന്നവര്‍ കുറവാണ്. കൈ, കാല്‍ അവശതകള്‍ അനുഭവിക്കുന്നവര്‍ കുറച്ചുണ്ട്. പ്രായത്തിന്റെ ആകുലതകളും പ്രയാസങ്ങളും അനാഥത്വവും അലട്ടുന്നവരാണ് കൂടുതല്‍. മനസ്സിന്റെ നിയന്ത്രണം കൈവിട്ട് പോകുന്ന ചെറുപ്പക്കാരികളുമുണ്ട് അക്കൂട്ടത്തില്‍.

സ്ഥാപനത്തിലെ ജീവനക്കാര്‍ ഓരോരുത്തരെയും വിശദമായി നാടും വീടും സവിശേഷതകളും വിവരിച്ച് പരിചയപ്പെടുത്തി. പരിചരിക്കാന്‍ വീട്ടില്‍ ആളില്ലാത്തതിനാല്‍, അഥവാ അവരെ പരിപാലിക്കാന്‍ വീട്ടിലിരുന്നാല്‍ തൊഴിലിന് പോകാനാവാതെ കുടുംബം മൊത്തം പട്ടിണിയാവും.

ഞങ്ങളെ അടുത്ത് വിളിച്ച് വീട്ടുവിശേഷങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. ആദ്യമായി കാണുകയാണെന്നതോ ഇനിയൊരിക്കലും കാണാമെന്ന പ്രതീക്ഷയില്ലെന്നതോ അവരെ പിന്‍തിരിച്ചില്ല.

കൂടൂതല്‍ നേരം അവര്‍ക്കൊപ്പം ചെലവഴിക്കാന്‍ ധൈര്യം കിട്ടാത്തത് കൊണ്ട് പുറത്തിറങ്ങി. ഹൗസ് സര്‍ജന്‍സി ചെയ്യുന്നത് കൊണ്ടാവാം മൂത്തമകന്‍ വീണ്ടും അവരോട് കാര്യങ്ങള്‍, കാര്യമായ ടെന്‍ഷനില്ലാതെ ചോദിച്ചറിഞ്ഞുകൊണ്ടിരുന്നു. ഓഫീസില്‍ മകന്‍ ഒരുനാളത്തെ ചെലവിന് പണമടച്ചു. കൂടെ വന്ന ജ്യേഷ്ഠ സുഹൃത്ത് ഒരു അഞ്ചക്ക സംഖ്യ സംഭാവന നല്‍കി പതിവ് പോലെ ഞങ്ങളെ ഞെട്ടിച്ചു.

പണം, കുടുംബം, ജോലി, ആരോഗ്യം, പദവി, സ്വാധീനങ്ങള്‍ എല്ലാം നിഷ്ഫലമായിപ്പോകുന്ന ചില അവസരങ്ങള്‍ ആര്‍ക്കും വന്നേക്കാമെന്ന സന്ദേശമാണ് ആ യാത്ര പകര്‍ന്നു നല്‍കിയത്. 

'ഇടക്ക് വരണം, അവരെ സ്‌നേഹത്തോടെ തലോടണം, അവരോട് വിശേഷം പറഞ്ഞ് കൂടെയിരിക്കണം പണത്തെക്കാള്‍ അവരതാണ് കൂടുതല്‍ ആഗ്രഹിക്കുന്നത്' നടത്തിപ്പുകാരന്റെ വാക്കുകള്‍ പെട്ടെന്നൊന്നും മറക്കാന്‍ കഴിയില്ല.