വിയര്‍പ്പുമണമുള്ള പണം

ഇബ്‌നു അലി എടത്തനാട്ടുകര

2018 ഫെബ്രുവരി 17 1439 ജുമാദില്‍ ആഖിറ 02

നല്ലപാതിയുടെ അടുത്ത കുടുംബത്തിലൊരു കല്യാണം. ഉള്ള വസ്ത്രങ്ങള്‍ പോരാ, പുതിയത് വേണമെന്ന് നിര്‍ബന്ധം. ബന്ധുക്കള്‍ക്കിടയില്‍ മോശക്കാരനാകേണ്ടയെന്ന് ഞാനും!

അടുത്ത ടൗണില്‍ പോയി, മാളില്‍ നിന്ന് എനിക്കും രണ്ട് മക്കള്‍ക്കും ഓരോ ഷര്‍ട്ട് വാങ്ങി. ബ്രാന്റഡ് ഐറ്റം ആയത് കൊണ്ട് വില തീരെ കുറവായിരുന്നില്ല. കുപ്പായ സഞ്ചിയുമായി പുറത്തിറങ്ങി. മാളിലെ ചില കടകളില്‍ കയറിയിറങ്ങാന്‍ ആവശ്യമുണ്ടാക്കി ഭാര്യ പതിവ് പരിപാടി തുടങ്ങി. മാളിന്റെ നടുത്തളത്തിലിരുന്ന് സോഷ്യല്‍ മീഡിയയില്‍ കുറെ നേരം കളഞ്ഞു. പിന്നീട് കുറച്ച് നേരം അങ്ങുമിങ്ങും നടന്നു ഞാന്‍. പിന്നെ മക്കള്‍ കുറച്ച് നേരമവിടെയിരുന്ന് വര്‍ത്തമാനം പറഞ്ഞു.

കടകള്‍ കയറിയിറങ്ങി അവരെത്തിയതോടെ ധൃതിയില്‍ കാറോട്ടിച്ച് രാത്രി വീട്ടിലെത്തി. പുതുവസ്ത്രങ്ങള്‍ ഒന്ന് കാണണമെന്ന തോന്നല്‍ സ്വാഭാവികം. എന്നാല്‍ വസ്ത്ര സഞ്ചിമാത്രമില്ല! അത് എവിടെയോ വെച്ച് മറന്നിരിക്കുന്നു. മാളിലെ നടുത്തളത്തിലെ സീറ്റിനരികിലായിരിക്കുമതെന്ന് ഓര്‍ത്തു. മകന്‍ ഒരു രസത്തിനെടുത്ത മൊബൈല്‍ ഫോട്ടോ അത് സത്യപ്പെടുത്തുകയും ചെയ്തു. രോഷവും സങ്കടവും പതഞ്ഞുയര്‍ന്നു. ബാഗ് മറന്നതിന് ഭാര്യയെയും മക്കളെയും ചീത്ത പറയാതിരിക്കാനും കഴിഞ്ഞില്ല.

നിരവധിയാളുകള്‍ കയറിയിറങ്ങുന്ന മാളില്‍നിന്ന് ഇനി അതെങ്ങനെ കിട്ടാനാണ്? ബില്ലിന്‍ നിന്ന് ഫോണ്‍ നമ്പര്‍ കണ്ടെത്തി കടയില്‍ വിളിച്ചു. ഫോണെടുത്തില്ല, കടയടച്ചിട്ടുണ്ടാകും. കടയുടമയുടെ നമ്പര്‍ സംഘടിപ്പിച്ച് വിളിച്ചപ്പോള്‍ സ്വിച്ചോഫ്!

ടൗണിനടുത്ത സുഹൃത്തിനെ രാത്രി വിളിച്ചുണര്‍ത്തി ഏതാനും കിലോമീറ്റര്‍ ബൈക്ക്‌യാത്ര ചെയ്യിച്ച് മാളിലെ സെക്യൂരിറ്റിക്കാരനെ സ്വാധീനിച്ച് അകത്ത് കയറി തിരഞ്ഞെങ്കിലും വച്ചിടത്ത് വസ്ത്രസഞ്ചിയില്ല.

ദേഷ്യവും നിരാശവും ബാക്കിയായി. എന്തായാലും കല്യാണത്തിന് ഇനി പുതിയ വസ്ത്രം വാങ്ങില്ലെന്ന് വീട്ടില്‍ പ്രസ്താവനയിറക്കി.

പിറ്റേന്നൊരു ഫോണ്‍; കടയുടമയുടേതാണ്. കടയടച്ച് സ്റ്റാഫ് പുറത്തിറങ്ങിയപ്പോള്‍ ബാഗ് കണ്ടെന്നും അത് കടയില്‍ സുരക്ഷിതമാണെന്നുമായിരുന്നു അറിയിപ്പ്. അദ്ദേഹം സംസ്ഥാനത്തിന് പുറത്ത് ബിസിനസ് ആവശ്യത്തിലാണെന്നും രാത്രി വൈകിയത് കൊണ്ടാണ് അറിയിക്കാതിരുന്നതെന്നും കൂടി പറഞ്ഞു. ഞാന്‍ ഫോണില്‍ വിളിച്ചെങ്കിലും കിട്ടാതിരുന്നത് ബാറ്ററി തീര്‍ന്ന് ഫോണ്‍ സ്വിച്ച് ഓഫ് ആയത് കൊണ്ടാണെന്നും വ്യക്തമായി. റബ്ബിനെ സ്തുതിച്ചു ഞാന്‍. അധ്വാനത്തിലൂടെ സമ്പാദിച്ചത് നഷ്ടമാവില്ലെന്നും മനസ്സിലുറപ്പിച്ചു.

കുട്ടിക്കാലത്തെ സമാനമായൊരു കാര്യം എനിക്ക് ഓര്‍മിക്കാതിരിക്കാനായില്ല. മണിക്കൂറിലേറെ കാത്ത് നിന്നാണ് റേഷന്‍ കടയില്‍ നിന്ന് അരി കിട്ടിയത്. സന്തത സഹചാരിയായ ചക്രവണ്ടിയോടിച്ച് രണ്ട് കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് വേഗത്തില്‍ മടങ്ങി. നാല് പതിറ്റാണ്ടുകള്‍ക്കപ്പുറത്തുള്ള കാര്യമാണ്. എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥിയായ ഞാന്‍ അരിസഞ്ചി തലയില്‍ വെച്ച് ബാക്കി രണ്ട് രൂപയും ചില്ലറയും റേഷന്‍ കടയിലെ ബില്ലിനൊപ്പം ചുരുട്ടി വള്ളിട്രൗസറിന്റെ കീശയിലിട്ടിട്ടാണ് യാത്ര. വീട്ടിലെത്തി നോക്കുമ്പോള്‍ കീശയില്‍ നോട്ടില്ല. ഉമ്മയില്‍ നിന്ന് കണക്കിന് ചീത്ത കേട്ടു. ഉപ്പ വന്നാല്‍ അടികിട്ടുമെന്ന പേടിയില്‍ വിറച്ചാണ് കാത്തിരുന്നത്. അന്ന് രണ്ട് രൂപ ചെറിയ നോട്ടായിരുന്നില്ല!

വാപ്പ വീട്ടിലെത്തി കാര്യമറിഞ്ഞെങ്കിലും കനം കുറഞ്ഞ ചീത്തക്കും കുറച്ച് നേരത്തെ തുറിച്ച് നോട്ടത്തിനുമപ്പുറം കാര്യമായൊന്നും ഉണ്ടായില്ല. വേഗം റേഷന്‍ കടയില്‍ പോയി പൈസ വാങ്ങിവരാന്‍ ആജ്ഞ ലഭിച്ചു. കേട്ട മാത്രയില്‍ ഞാന്‍ കടയിലേക്ക് ഓടി, ചക്രവണ്ടി കൂടാതെ.

വൈകുന്നേരം ലോഡിംഗ് പണികഴിഞ്ഞ് വാപ്പയും കൂട്ടുകാരും മടങ്ങും വഴി നോട്ട് കാണുകയും റേഷന്‍ കടയിലെ ബില്ല് കൂടെയുള്ളത് കൊണ്ട് അവിടെ ഏല്‍പിക്കുകയുമാണ് ചെയ്തിരുന്നത്.

'വിയര്‍പ്പൊഴുക്കി അധ്വാനിച്ച് സമ്പാദിച്ച പണമാണ്. അത് നഷ്ടപ്പെടില്ല' എന്ന വാപ്പയുടെ അന്നേരത്തെ ആത്മഗതം ഇന്നും ഒാര്‍ത്തുപോകുന്നു.