ദുരിത പ്രളയ പിറ്റേന്ന്

ഇബ്‌നു അലി എടത്തനാട്ടുകര

2018 ഒക്ടോബര്‍ 06 1440 മുഹര്‍റം 25

പൂമുഖത്ത് ചാരുകസേരയില്‍ കാല്‍നീട്ടിയിരുന്ന് മഴ ആസ്വദിക്കുകയെന്ന സന്തോഷം എത്ര പെട്ടെന്നാണ് വഴിമാറിയത്. വീടിനോട് ചേര്‍ന്ന ഇടവഴിയിലൂടെ ചുവന്ന നിറത്തില്‍ മഴവെള്ളം ഒഴുകുന്നതും മുന്‍വശത്തെ റോഡിലൂടെ വാഹനങ്ങള്‍ പാഞ്ഞുപോകുമ്പോള്‍ റോഡിലെ കൊച്ചുകുഴികളില്‍ നിന്ന് വെള്ളം ചിന്നിച്ചിതറുന്നതും അലസമായി നോക്കിയിരിക്കുന്നതിലെ കാഴ്ചരസം എത്ര പെെട്ടന്നാണ് നിലച്ച് പോയത്! വീടിന് ചുറ്റും മാനത്തേക്ക് തലയുയര്‍ത്തി നില്‍ക്കുന്ന മരച്ചില്ലകള്‍ ഇളംകാറ്റിലാടുന്നത് കണ്ടും കിളികളുടെ നാട്ടുപാട്ട് കേട്ടും വീടിന് പുറത്തിരിക്കുന്ന അലസ ഒഴിവ് ദിനങ്ങള്‍ എത്ര പെട്ടെന്നാണ് ഭയത്തിലേക്ക് മാറിയത്! വീടിനോട് ചേര്‍ന്ന ഷീറ്റ് മേഞ്ഞ ഷെഡ്ഡില്‍ മഴത്തുള്ളികള്‍ തീര്‍ക്കുന്ന രസതാളം കാതോര്‍ത്ത് കണ്ണടച്ച് കിടക്കുന്നത് ഏറെ ഇഷ്ടമായിരുന്നു പണ്ട്.

ഷെഡ്ഡിലെ ഷീറ്റില്‍ ചരല്‍വാരിയെറിയുന്ന ശബ്ദം കേട്ടാണ് ഞെട്ടിയുണര്‍ന്നത്. നേരം പാതിരാത്രി കഴിഞ്ഞിട്ടുണ്ട്. ചരല്‍വര്‍ഷമല്ല, ചരല്‍സമാനമായ മഴത്തുള്ളികളാണ് പേടിപ്പെടുത്തുന്ന ഒച്ചയുണ്ടാക്കിയതെന്ന് തിരിച്ചറിയാന്‍ കുറച്ച് നേരമെടുത്തു. മഴയുടെ കാഠിന്യവും കാറ്റിന്റെ ഇരമ്പവും പറഞ്ഞറിയിക്കാനാവാത്ത, അകാരണമായ ഭയം ഉള്ളില്‍ വളര്‍ത്തി. വൈദ്യുതി എപ്പോഴോ പോയ് മറഞ്ഞിരിക്കുന്നു. പേടി കൂടിക്കൂടിവന്നു, അശുഭകരമായ എന്തോ വരാനിരിക്കുന്ന പോലെ.

അംഗശുദ്ധിവരുത്തി, പ്രാര്‍ഥിച്ചു; അല്ലാഹുവിന്റൈ കാവലിനായി. പ്രഭാത നമസ്‌കാരത്തിന് ശേഷമാണ് പിന്നീട് ഒന്നുറങ്ങാന്‍ കഴിഞ്ഞത്.

നേരം വെളുത്തപ്പോഴുണ്ട് കാറ്റ് പറിച്ചെറിഞ്ഞ മരക്കൊമ്പുകള്‍ മുറ്റത്ത് ചിതറിക്കിടക്കുന്നു. വൈകാതെ വാര്‍ത്തയെത്തി, കിലോമീറ്ററുകള്‍ക്കകലെ മലയിടിഞ്ഞിരിക്കുന്നു, ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നു...

കാറ്റും മഴയും വിടാതെ പിന്‍തുടരുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. പത്രത്തില്‍ ദുരന്തവാര്‍ത്തകളുടെ കുത്തൊഴുക്ക്. പത്രത്തിലെ വേദനിപ്പിക്കുന്ന അത്തരം വാര്‍ത്തകളുടെ വിശദമായ വായനയിലേക്ക് ബോധപൂര്‍വം കടന്നുചെന്നില്ല. ദൃശ്യമാധ്യമങ്ങളിലെ സങ്കടപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പരമാവധി കാണാതിരിക്കാന്‍ ശ്രമിച്ചു. 

ഫേസ്ബുക്കിനെയും വാട്‌സ്ആപ്പിനെയും യുവാക്കള്‍ ആയുധമാക്കുന്ന അനിതരസാധാരണമായ ദിനങ്ങളാണ് പിന്നീട് കണ്ടത്. പല വിവിധോദ്ദേശ ഗ്രൂപ്പുകളും ദുരന്തവാര്‍ത്തകള്‍ക്കും സഹായത്തിനും മാത്രമായി പ്രവര്‍ത്തിച്ചു തുടങ്ങി. ദുരന്തനിവാരണ രംഗത്തെ ചില പ്രമുഖരെയും പത്രക്കാരെയും മാത്രം ഓണ്‍ലൈനില്‍ വാര്‍ത്തകള്‍ക്കായി പിന്‍തുടര്‍ന്നു. ആ തീരുമാനം ശരിയായിരുന്നു, ദുരന്തത്തിന്റെ പുറത്തറിയാത്ത വിവരങ്ങളും കണക്കുകളും അവര്‍ ആദ്യം പങ്കുവെച്ചത് പിന്നീട് ശരിയായിരുന്നുവെന്ന് തെളിഞ്ഞു.

നാട്ടില്‍ ഏതാനും കിലോമീറ്ററിനപ്പുറത്ത് മൂന്നംഗ കുടുംബം ഉരുള്‍പൊട്ടലില്‍ വീടോടെ മണ്ണിനടിയിലായ വാര്‍ത്ത തെല്ലൊന്നുമല്ല വേദനിപ്പിച്ചത്, പേടിപ്പിച്ചത്.

പ്രദേശവാസികളും വിദ്യാര്‍ഥികളും ക്ലബ്ബുകളും സര്‍വീസ് സംഘടനകളും മതസംഘടനകളും പാര്‍ട്ടികളും കാറ്റഗറി സംഘടനകളും ഇതിലൊന്നിലും പെടാത്ത നാട്ടുകൂട്ടങ്ങളും നടത്തിയ ദുരിതാശ്വാസ ധനശേഖരണ പരിപാടികളില്‍ നിന്ന് ആര്‍ക്കും വേറിട്ട് നില്‍ക്കാന്‍ കഴിയുമായിരുന്നില്ല. എന്റെ വകുപ്പിലെ ജില്ലയിലെ ജീവനക്കാര്‍ ശേഖരിച്ച സംഖ്യയുടെ ചെക്ക് ജില്ലാകലക്ടര്‍ക്ക് കൈമാറാന്‍ ഞങ്ങള്‍ക്ക് ഏറെ നേരം കാത്തിരിക്കേണ്ടിവന്നത് സംഭാവന നല്‍കാന്‍ വന്നവരുടെ എണ്ണക്കൂടുതല്‍ കൊണ്ടായിരുന്നു. എത്രമേല്‍ പൊതുജനം ഇത്തരം പ്രവര്‍ത്തനങ്ങള്‍ നെഞ്ചിലേറ്റി എന്നതിന്റെ നേര്‍ക്കാഴ്ചയായിരുന്നു അത്.

പുനരധിവാസ മെഡിക്കല്‍ സേവനത്തിന് പോയ മകന്‍ ദുരന്തമുഖത്ത് നേരില്‍ കണ്ട ഞെട്ടിപ്പിക്കുന്ന നേര്‍ക്കാഴ്ചകള്‍ വിവരിച്ചത് ഉള്ളുലക്കുന്നതായിരുന്നു. ദൂരെ പഠിക്കുന്ന മകളെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ പുറപ്പെട്ട് പുനരധിവാസ ക്യാമ്പില്‍ കുടുങ്ങിയ നാട്ടുകാരന്‍ പറയുന്നു; രാഷ്ട്രീയക്കാരല്ല, വിവിധ സംഘടനകളുടെ പ്രവര്‍ത്തകരാണ് ക്യാമ്പില്‍ സേവന പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞുനിന്നതെന്ന്.

കക്കൂസുകളുണ്ട്, കിടപ്പുമുറികളുണ്ട്, എ.ടി.എം/ക്രെഡിറ്റ് കാര്‍ഡുകളുണ്ട്, വാഹനങ്ങളുണ്ട്, ഫോണുകളുണ്ട്... എന്നാല്‍ ഇവയൊന്നും ഉപയോഗിക്കാന്‍ സാധിക്കാതെയായ അത്യപൂര്‍വ അനുഭവങ്ങളിലൂടെയാണ് ദുരന്തബാധിതര്‍ കടന്നുപോയത്. നിസ്സഹായതയും ദയനീയതയും മാത്രം!

രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും പേരില്‍ മനുഷ്യമനസ്സുകളില്‍ ചിലര്‍ ബോധപൂര്‍വം തീര്‍ത്ത വിള്ളലുകള്‍ ഞൊടിയിടയില്‍ ഇല്ലാതായി. വെറുപ്പിന്റെ വിഭജനം തീര്‍ക്കാന്‍ ചിലര്‍ ഉപയോഗിച്ച സോഷ്യല്‍ മീഡിയകളെ സ്‌നേഹത്തിന്റെ സന്ദേശങ്ങള്‍ നിറച്ച യാനങ്ങളാക്കി മാറ്റി യുവത്വം. വിശിഷ്യാ അലസരെന്നും സോഷ്യല്‍ മീഡിയകൡ അഭിരമിച്ചിരുന്നവരെന്നും പഴികേട്ട യുവത്വം. ഉടല്‍ ചവിട്ടു പടിയാക്കിക്കൊടുത്ത അപൂര്‍വ രംഗവും നാം കണ്ടു. പാദരക്ഷകള്‍ അഴിക്കാന്‍ മറന്ന് അഭയാര്‍ഥികള്‍ ആ മേനിയില്‍ ചവിട്ടിക്കുതിച്ച് അതിജീവനത്തിന്റെ വിശാലതയിലേക്ക് നീങ്ങി.

വളരെ പെട്ടെന്നുതന്നെ അവശ്യസാധനങ്ങള്‍ ശേഖരിച്ച് വിതരണം ചെയ്തതിന്റെ ആധിക്യം ആരെയും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ടൂത്ത്ബ്രഷ് മുതല്‍ നാപ്കിന്‍ വരെ ശേഖരിക്കുകയും തങ്ങളുടെ ജില്ലയിലത് ആവശ്യത്തിന് ലഭിച്ചുവെന്നറിഞ്ഞപ്പോള്‍ അടുത്ത ജില്ലയിലേക്ക് നല്‍കുകയും ചെയ്തത് കേരളീയരായ നാം ഒന്നാണ് എന്ന് പറയാതെ പറയുന്ന പ്രവര്‍ത്തനമായിരുന്നു. 

ചില സോഷ്യല്‍ മീഡിയ കുറിപ്പുകള്‍ വായിക്കാതിരിക്കാനാവില്ലായിരുന്നു. മരുഭൂമിയിലെ ജോലിയും പ്രവാസികളും ഉള്ളിടത്തോളം കാലം കേരളമക്കള്‍ പട്ടിണികിടക്കില്ല എന്ന മട്ടിലുള്ള  പോസ്റ്ററുകള്‍ കണ്ണ് നനയിച്ചു. കേരളത്തിന്റെ അമ്പാസിഡര്‍മാരായ പ്രവാസികള്‍, കടലിലെ പട്ടാളക്കാരായ മീന്‍പിടുത്തക്കാര്‍ എന്നിവര്‍ തുടങ്ങി വാര്‍ധക്യകാല പെന്‍ഷന്‍ തൊട്ട് ശമ്പളവും ഭൂമിയും ദാനം ചെയ്ത മഹാമനസ്സുകള്‍ ഓര്‍മിക്കപ്പെടും. വിറ്റ് കാശുണ്ടാക്കി കുടുംബത്തെ പോറ്റുവാനായി തന്റെ കൈവശമുണ്ടായിരുന്ന പുതപ്പുകള്‍ മുഴുവന്‍ സംഭാവനയായി നല്‍കിയ അന്യസംസ്ഥാനക്കാരനെ എങ്ങനെ നാം മറക്കും? 'കേരളാവില്‍ എപ്പടിയിരുക്ക്' എന്ന ചോദ്യവും കേരളമക്കളെ സഹായിക്കണമെന്ന് ജുമുഅ നമസ്‌കാരാനന്തരം പള്ളിക്കമ്മിറ്റിക്കാര്‍ വിശ്വാസികളോട് ആവശ്യപ്പെട്ടതും നേരില്‍ കേള്‍ക്കുവാനും കാണുവാനും കഴിഞ്ഞു. 

സംസ്ഥാനമൊന്നായും ഇതര സംസ്ഥാനങ്ങളും വിദേശമലയാളികളും ഒന്നാകെ കൂടെ നിന്ന് പങ്കുചേര്‍ന്നു. എന്നാല്‍ ചില പുഴുക്കുത്തുകള്‍ ശ്രദ്ധയില്‍ പെട്ടു. ന്യൂനാല്‍ ന്യൂനപക്ഷമെങ്കിലും ഈ ദുരന്തത്തില്‍ സന്തോഷിക്കുന്നുണ്ടായിരുന്നു എന്നതാണ് ഒന്ന്. അത്തരം വ്യക്തികളെയും ചാനലിനെയും സോഷ്യല്‍ മീഡിയകൡ നന്നായി കൈകാര്യം ചെയ്തു കേരള മക്കള്‍. പ്രളയജലം പിന്‍വാങ്ങിയ വീട് വൃത്തിയാക്കാന്‍ ചെന്ന യുവാക്കളോട് എങ്ങനെ വ്യത്തിയാക്കണം എന്നാജ്ഞാപിച്ച് മാറിനിന്ന വീട്ടുടമസ്ഥന്റെ കാര്യം സേവനത്തിന് പോയ കൂട്ടുകാര്‍ പങ്ക് വെക്കുന്നു. കൂലിപ്പണിക്ക് ചെന്ന അന്യസംസ്ഥാന തൊഴിലാളികളോട് എന്നപോലെയാണത്രെ വീട്ടുടമസ്ഥന്‍ അവരോട് പെരുമാറിയത്.

പരിസ്ഥിതി പ്രവര്‍ത്തകരുടെ മുന്നറിയിപ്പുകളും ഗാഡ്ഗില്‍ വിഷയവും വീണ്ടും വീണ്ടും വായനക്ക് വിധേയമായത് ഇക്കാലത്ത് സവിശേഷ ശ്രദ്ധയാകര്‍ഷിച്ചു. കേന്ദ്രത്തിന്റെ സഹായം വേണ്ടത്ര ലഭിച്ചു, ലഭിച്ചില്ല, പരിശീലനം സിദ്ധിച്ച ദുരന്തനിവാരണ സംഘത്തിന്റെ പൂര്‍ണ സേവനം ആവശ്യപ്പെട്ടു, ആവശ്യപ്പെട്ടില്ല; വേണ്ടത്ര ലഭിച്ചു, ലഭിച്ചില്ല എന്നീ ചര്‍ച്ചകള്‍ക്ക് അല്‍പായുസ്സേ ഉണ്ടായിരുന്നുള്ളൂ. 

ഓരോ പ്രദേശത്തെയും മലകള്‍ക്കും മണ്ണിനും താങ്ങാവുന്ന മഴക്കും വെള്ളത്തിനും വ്യത്യസ്ത അളവാണെന്നും അതിനാല്‍ ഓരോരോ പ്രദേശത്തും പല അളവിലും കാലത്തിലുമാണ് ഉരുള്‍പൊട്ടലുകള്‍ സംഭവിക്കുന്നതെന്നും എന്നാല്‍ അത്തരത്തിലുള്ള പഠനങ്ങള്‍ നടന്നിട്ടില്ലെന്നും അതിനാലാണ് ദുരന്തത്തിന്റെ ആഴവും നേരവും മുന്‍കൂട്ടി കണക്കാക്കാന്‍ കഴിയാത്തതെന്നും ദുരന്തത്തിന്റെ വ്യാപ്തി കൂടിയതെന്നുമൊക്കെയുള്ള അഭിപ്രായങ്ങള്‍ ഉയര്‍ന്നുകേട്ടു. മഴപ്രളയത്തിനിടെ ഡാമുകള്‍ തുറക്കപ്പെട്ടതാണ് ദുരന്തതീവ്രത കൂട്ടിയതെന്ന വാദവും ഡാം മാനേജ്ബാന്റ് കൂടുതല്‍ കാര്യക്ഷമമാക്കണമെന്നുമുള്ള നിര്‍ദേശവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.  

അടുക്കളയിലും ഫ്രിഡ്ജിലും സ്റ്റോര്‍റൂമിലും അവശ്യത്തിലേറെ ഭക്ഷണസാധനങ്ങള്‍ ഉണ്ടായിരുന്നവര്‍... അലമാരകളില്‍ ആവശ്യത്തിലേറെ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നവര്‍... ഇവരാണ് വിശപ്പടക്കാന്‍ എന്തെങ്കിലും കിട്ടിയെങ്കില്‍ എന്ന് ആഗ്രഹിച്ചുപോയത്. നനഞ്ഞ വസ്ത്രവുമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തപ്പെട്ടത്; മാറ്റാനൊരു മറുതുണിക്കായി കാത്തുനിന്നത്. ഒരു പാത്രം കഞ്ഞിക്കായി ക്യൂ നിന്നത്.

അതെ, മനുഷ്യര്‍ ഇതുവരെ പഠിക്കാത്ത ഒരുപാട് പാഠങ്ങള്‍ ഈ പരീക്ഷണം അവരെ പഠിപ്പിച്ചിരിക്കുന്നു.

0
0
0
s2sdefault