മരണം നേരത്തെയെത്തുന്ന നേരം

ഇബ്‌നു അലി എടത്തനാട്ടുകര

2018 നവംബര്‍ 03 1440 സഫര്‍ 23

പതിവിന് വിപരീതമായി അന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ അറിയാതെ ഉണര്‍ന്ന് പോയി. ആകപ്പാടെ ഒരസ്വസ്ഥത, അകാരണമായ വിഷമം. അസുഖകരമായ ആ ഉണര്‍ച്ചയില്‍ കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കവെ ഫോണ്‍ മണിയടിച്ചു. ആര്, എന്തിന് ഈ അസമയത്ത് എന്ന ഞെട്ടലോടെ ഫോണെടുത്തു. കുറച്ചകലെ നിന്ന് ബന്ധുവാണ് വിളിച്ചത്. ഉണര്‍ന്നുവോ എന്ന ആദ്യചോദ്യത്തിന് ശേഷം അസുഖമായിക്കിടന്നിരുന്ന ബന്ധു നമ്മെ വിട്ടുപോയിയെന്ന് പറയുകയും തുടര്‍വാക്കുകള്‍ വിതുമ്പലില്‍ കേള്‍ക്കാന്‍ പറ്റാതാവുകയും ചെയ്യുകയായിരുന്നു. 'ഇന്നാലില്ലാഹി...' എന്ന് ചൊല്ലി യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാനാവാതെ ഞാന്‍ അസ്വസ്ഥനായി കിടന്നു. ഞങ്ങള്‍ അടുത്ത അഞ്ച് ബന്ധുക്കളില്‍ ഒരാളെ പടച്ചവന്‍ തിരികെ വിളിച്ചിരിക്കുന്നു.

ശബ്ദം കേട്ടുണര്‍ന്ന ഭാര്യയോട് ബന്ധുവിന് അസൂഖം കൂടുതലാണെന്നും നേരം വെളുത്തിട്ട് അവിടംവരെയൊന്ന് പോകാമെന്നും പറഞ്ഞു. അല്‍പനേരത്തിന് ശേഷം മരണവിവരം അറിയിച്ചു. വാര്‍ത്ത കേട്ടതേ നിലവിളിയുയര്‍ന്നു.

ദീര്‍ഘകാലം പ്രവാസിയായിരുന്നയാള്‍ ചികിത്സക്കായി നാട്ടിലെത്തുകയും ശസ്ത്രക്രിയക്ക് ശേഷം പൂര്‍വസ്ഥിതിയിലെത്തുകയും തിരികെ പോകാനൊരുങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി അസ്വസ്ഥതകള്‍ തുടങ്ങുകയും ആഴ്ചകള്‍ക്കുള്ളില്‍ അവശനാവുകയും മരണപ്പെടുകയുമായിരുന്നു.

യാത്രയിലുടനീളം അവള്‍ ഓരോന്ന് പറയുകയും തേങ്ങുകയും ചെയ്തുകൊണ്ടിരുന്നു. ഞാന്‍ ആശ്വസിപ്പിച്ചുകൊണ്ടിരുന്നെങ്കിലും എന്നെ ആശ്വസിപ്പിക്കാനൊരു ആളെ തേടുകയായിരുന്നു എന്റെ മനസ്സ്. മരണവീടിന്റെ പടികയറിയതോടെ അവളുടെ കരച്ചില്‍ ഉച്ചത്തിലായി. പിന്നെ ഒരു മുറിയില്‍ കൊണ്ടുപോയി കിടത്തേണ്ടിവന്നു. മരണപ്പെട്ട ബന്ധുവിന്റെ ഭാര്യയെ ആശുപത്രിയിലെത്തിച്ച് കുത്തിവെപ്പ് നടത്തി ഉറക്കിക്കിടത്തിയിരുന്നു. മകന്‍ വാപ്പാ എന്ന് വിലപിച്ചുകൊണ്ടേയിരുന്നു. ഒരോ ബന്ധുവും വരുമ്പോഴും തേങ്ങലുകളും ഒതുക്കിയ കരച്ചിലുകളും കൂട്ടക്കരച്ചിലുകളും ഉയര്‍ന്നുകൊണ്ടിരുന്നു.

യഥാര്‍ഥത്തില്‍ ഒരു വീട്ടിലെ സമാനബന്ധുക്കളായ ഞങ്ങള്‍ അഞ്ച് പേരില്‍ ശാരീരികമായും ആരോഗ്യപരമായും ഉയര്‍ന്ന തലത്തിലുള്ള വ്യക്തിയായിരുന്നു മരണപ്പെട്ടയാള്‍. എന്നാല്‍ അദ്ദേഹത്തെ തേടി മരണം ആദ്യമെത്തി.

ഹജ്ജിലെ പ്രാര്‍ഥനാനിരതമായ വേളയില്‍ എന്റെ ബാല്യകാല സുഹൃത്തിനെ ഓര്‍മ വന്നത് മറന്നിട്ടില്ല. പ്രാഥമിക വിദ്യാലയത്തില്‍ കൂടെ പഠിച്ചവന്‍, നന്നായി പന്ത് കളിച്ചിരുന്നവര്‍, ചെസ് കളിക്കാന്‍ വല്ലാത്ത ഉല്‍സാഹം കാണിച്ചിരുന്നവന്‍... കുട്ടിക്കാലത്ത് തന്നെ അവന്‍ യാത്രയായി. പാടത്തും പറമ്പിലും ആര്‍ത്തുല്ലസിച്ച് പന്ത് കളിക്കുന്നതിനിടെ കടുത്ത വയറുവേദന കൊണ്ട് പുളഞ്ഞ് നിലത്ത് കുത്തിയിരുന്ന് വയര്‍ കാലുകളിലേക്ക് ചേര്‍ന്നമര്‍ത്തി വേദന ശമിപ്പിക്കാന്‍ അവന്‍ വൃഥാ ശ്രമിച്ചിരുന്നത് ഓര്‍ത്തുപോകുന്നു. ഒരുവേള ആ കഠിനവേദനക്ക് കാരണമായ മഹാരോഗമായിരിക്കാം അവന്റെ പെട്ടെന്നുള്ള മരണത്തിന് ഹേതു. 

ഒരു കൂട്ടുകാരന്റെ കുടുംബത്തിലെ കുട്ടിയെ ഓര്‍മവരുന്നു. വലിയ ഒരാളുടെ പക്വത കാണിച്ചിരുന്ന കുട്ടി. അവന്റെ ആതിഥേയ മര്യാദ വല്ലാതെ അത്ഭുതപ്പെടുത്തിയിരുന്നു. ബസ്സപകടത്തിന്റെ രൂപത്തിലാണ് മരണം അവനെ തേടിയെത്തിയത്.

'അഴിമതിരഹിത വാളയാര്‍' പദ്ധതിയില്‍ ഒരു സഹപ്രവര്‍ത്തകന്‍ ഉണ്ടായിരുന്നു. ശരാശരിയിലേറെ ഉയരവും കര്‍മോല്‍സുകതയും കൊണ്ട് എല്ലാവരുടെയും ശ്രദ്ധ നേടിയ ആത്മാര്‍ഥ സേവകന്‍. സഹപ്രവര്‍ത്തകന്റെ ചികിത്സക്ക് സഹായിക്കണമെന്നാവശ്യപ്പെട്ട് കത്ത് വന്നപ്പോഴാണ് അവനൊരു മാരകരോഗത്തിന്റെ പിടിയാലാണെന്നറിഞ്ഞത്. നല്ലതുക പിരിഞ്ഞ് കിട്ടുകയും മികച്ച ആശുപത്രിയില്‍ തലച്ചോറിന് ശസ്ത്രക്രിയ ചെയ്യുകയും ചെയ്തു. എന്റെ ഫോണ്‍നമ്പര്‍ സംഘടിപ്പിച്ച് വിളിച്ചതും പ്രാര്‍ഥിക്കണമെന്ന് സ്‌നേഹപൂര്‍വം ആവശ്യപ്പെട്ടതും ഓര്‍മിക്കുന്നു. ഏതാനും മാസങ്ങള്‍ക്ക് ശേഷം മരണം അവനെയും തേടിയെത്തി.

അടുത്ത കുടുംബത്തില്‍ ചുരുങ്ങിയ വര്‍ഷത്തിനുള്ളില്‍ രണ്ട് മക്കളെ മരണം വിളിച്ച് കൊണ്ടുപോയത് ഉണര്‍ത്തിയ ഞെട്ടലില്‍ നിന്ന് ആകുടുംബം ഇപ്പോഴും പൂര്‍ണമായി വിട്ട് മാറിയിട്ടില്ല. 

ജീവിതത്തെ പലരും പല തരത്തിലും നിര്‍വചിച്ചിട്ടുണ്ട്. മരണത്തിലേക്കുള്ള യാത്രയല്ലേ വാസ്തവത്തില്‍ ജീവിതം! കാറ്റിന്റെ, വെള്ളത്തിന്റെ, വാഹനത്തിന്റെ, രോഗത്തിന്റെ... അങ്ങനെ പലതിന്റെയും രൂപത്തില്‍ കാലത്തിന്റെ തൊട്ടടുത്ത വളവില്‍ മരണം നമ്മെയും കാത്തിരിക്കുന്നുണ്ടാകും. അതിനു മുമ്പായി ജീവിതം നന്നാക്കിയാല്‍, സ്രഷ്ടാവിന് കീഴ്‌പെട്ട് ജീവിക്കാന്‍ സാധിച്ചാല്‍ രക്ഷപ്പെട്ടു.