മാറണം നമ്മുടെ കാഴ്ചപ്പാട്

പി.എന്‍. അബ്ദുല്ലത്വീഫ് മദനി

2018 ഫെബ്രുവരി 10 1439 ജുമാദില്‍ ഊല 24

ജീവിതത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് തന്നെ മാറ്റിമറിക്കുന്ന ചില മൊഴിമുത്തുകളാണ് താഴെ കൊടുക്കുന്നത്. ഇമാം ഇബ്‌നുല്‍ ക്വയ്യിമിന്റെ ഈ മനോഹരമായ വാക്കുകള്‍ നമ്മുടെ മനസ്സില്‍നിന്നും പെട്ടെന്നൊന്നും മാഞ്ഞുപോകാന്‍ സാധ്യതയില്ല:

''നിന്റെ വേദനകള്‍ പങ്കിട്ടെടുക്കുന്ന ഒരു സ്‌നേഹിതനുമില്ല. നിന്റെ പ്രയാസങ്ങള്‍ക്ക് ചുമല്‍ വെച്ചുതരുന്ന ഒരാത്മസുഹൃത്തുമില്ല. നിനക്ക് പകരം ഉറക്കമിളക്കുന്ന ഒരടുപ്പക്കാരനുമില്ല. നിന്നെ നീ തന്നെ ശ്രദ്ധിക്കുക. നിനക്ക് നീ തന്നെ കാവലിരിക്കുകയും നിന്നെ നീ തന്നെ നിയന്ത്രിക്കുകയും ചെയ്യുക. ജീവിത ദുഃഖങ്ങള്‍ക്കു പരിധിയില്‍ കവിഞ്ഞ പരിഗണന കൊടുക്കരുത്. നീ തളരുമ്പോള്‍ ഊര്‍ജം പകര്‍ന്നു കൊടുത്തു കരുത്തു വീണ്ടെടുക്കേണ്ടത് നീ തന്നെയാണ്. നീ പരാജയപ്പെടുമ്പോള്‍ നിന്റെ നിശ്ചയദാര്‍ഢ്യം മാത്രമാണ് നിന്റെ തുണക്കെത്തുക. വീണുപോയേടത്തുനിന്ന് ഒരിക്കല്‍ കൂടി ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിനുള്ള പ്രാപ്തി നിന്റെ കൈവശം തന്നെയാണുള്ളത്.

നിന്റെ വില മറ്റുള്ളവരുടെ ദൃഷ്ടികളില്‍ തിരഞ്ഞുനടക്കരുത്. നിന്റെ വില നിന്റെ ഹൃദയത്തില്‍ തന്നെ അന്വേഷിക്കുക. നിന്റെ മനസ്സിന് ആശ്വാസം കിട്ടുന്നുവെങ്കില്‍ നിന്റെ പ്രഭാവം ഉയര്‍ന്നു തന്നെയാണ് നില്‍ക്കുന്നത് എന്നര്‍ഥം.

നിന്നെക്കുറിച്ചു നന്നായി നിനക്കു തന്നെ അറിയാമെങ്കില്‍ മറ്റുള്ളവര്‍ നിന്നെക്കുറിച്ചു പറയുന്നത് കാര്യമാേക്കണ്ട. ഇഹലോകത്തിലെ വിഭവ സമാഹരണ ചിന്ത ചുമന്നു നടക്കരുത്. ഇഹലോകം അല്ലാഹുവിന്റെതാണ്. ആഹാരത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട; അത് നല്‍കുന്നവന്‍ അല്ലാഹുവാണ്. ഭാവിയെക്കുറിച്ചു വ്യാകുലപ്പെടേണ്ട; അത് ദൈവത്തിന്റെ കരങ്ങളിലാണ്. 'എങ്ങനെ അല്ലാഹുവിനെ തൃപ്തിപ്പെടുത്താം' എന്നതായിരിക്കട്ടെ നിന്റെ മനോവിചാരം. കാരണം നീ അല്ലാഹുവിനെ തൃപ്തിപ്പെടുത്തിയാല്‍ നിന്നെ അവനിഷ്ടപ്പെടും. മറ്റുള്ളവര്‍ നിന്നെ ഇഷ്ടപ്പെടാന്‍ അവന്‍ അവസരമൊരുക്കും. ഐശര്യവും സ്വയം പര്യാപ്തതയും അവനുണ്ടാക്കിത്തരും.

നിന്റെ മനസ്സിനെ കരയിപ്പിച്ച ജീവിത ദുഃഖങ്ങളില്‍ നിരാശപ്പെടരുത്. നീ പറയേണ്ടത് 'അല്ലാഹുവേ, ഐഹിക ലോകത്തും പരലോകത്തും ഉത്തമമായതിനെ എനിക്ക് പകരം നല്‍കേണമേ' എന്നാണ്. സങ്കടങ്ങള്‍ ഒരു സാഷ്ടാംഗ പ്രണാമം കൊണ്ട് അപ്രത്യക്ഷമാകും. സന്തോഷം ഒരു പ്രാര്‍ഥനകൊണ്ട് ഓടിയെത്തും. നീ ചെയ്ത ഒരു നന്മയും അല്ലാഹു മറക്കില്ല. മറ്റുള്ളവരുടെ പ്രയാസങ്ങള്‍ നീ പരിഹരിച്ചു കൊടുത്തത് അവന്‍ ഓര്‍ക്കും. കണ്ണുനീര്‍ പൊഴിക്കുന്ന നേത്രങ്ങള്‍ തുടച്ചു കൊടുത്ത് അവക്ക് ആനന്ദം പകരാനുള്ള നിന്റെ യത്‌നം അവന്‍ വിസ്മരിക്കില്ല. ഈ പറഞ്ഞ അടിസ്ഥാനങ്ങളെ ആധാരമാക്കി ജീവിതത്തെ മുന്നോട്ടു നയിക്കുക. നിനക്ക് നന്മ ചെയ്യുന്നവരെ നിനക്കു കണ്ടെത്താനായില്ലെങ്കിലും മറ്റുള്ളവര്‍ക്ക് നീ നന്മ ചെയ്യുക; അവരുടെ സ്തുതിഗീതങ്ങള്‍ക്ക് കാതോര്‍ക്കുവാനല്ല, നന്മ ചെയ്യുന്നവനെ അല്ലാഹു സ്‌നേഹിക്കുന്നു എന്നതാണ് കാര്യം. ഉദാരമായി ദാനധര്‍മങ്ങള്‍ നിര്‍വഹിക്കുക; നിന്റെ ചുമലില്‍ കെട്ടിവെക്കപ്പെട്ട ജീവിത ഭാരങ്ങളെ അറുത്തുമാറ്റാന്‍ അത് നിന്നെ സഹായിക്കും. നിന്റെ ദാനങ്ങള്‍ കിട്ടുവന്നവരെക്കാള്‍ നല്‍കുന്ന നീ തന്നെയാണ് അതാവശ്യമുള്ളവന്‍ എന്നറിയുക.''