വന്ന വഴി മറക്കാത്തവര്‍

ഇബ്‌നു അലി എടത്തനാട്ടുകര

2018 മാര്‍ച്ച് 03 1439 ജുമാദില്‍ ആഖിറ 16

'വന്ന വഴി മറക്കാത്തവര്‍' എന്ന് ചിലരെക്കുറിച്ച് പറയാറുണ്ട്. സമ്പത്ത്, സ്ഥാനം, അധികാരം, തുടങ്ങിയ നേട്ടങ്ങള്‍ ചിലരില്‍ ഉണ്ടാക്കുന്ന ചടുല മാറ്റം ചില്ലറയല്ല.

പഠിച്ച് ഉന്നത സ്ഥാനത്തെത്തിയ ചിലരെങ്കിലും തങ്ങളുടെ കൂട്ടുകാരെയോ ബന്ധുക്കളെയോ അയല്‍ക്കാെരയോ മറക്കാറുണ്ട്. അവരെ കാണുമ്പോള്‍ കണ്ണില്‍ പെടാതിരിക്കാന്‍ വിദൂരതയിലേക്ക് ദൃഷ്ടിപായിച്ചോ താഴേക്കോ വശത്തേക്കോ നോക്കിയോ രക്ഷപ്പെടുന്നവരുണ്ട്. 'അല്‍പന് അര്‍ഥം കിട്ടിയാല്‍...' എന്ന പഴമൊഴി ഇത്തരക്കാരെ കാണുമ്പോള്‍ ഒാര്‍മ വരും. 

രാഷ്ട്രീയ-സാമൂഹ്യ രംഗങ്ങളില്‍ ഒട്ടും അറിയപ്പെടാത്ത ചിലര്‍ സംവരണത്തിന്റെയോ ഇതര പരിഗണനകളുടെയോ ബലത്തില്‍ ജയിച്ച് ജനപ്രതിനിധികളാകാറുണ്ട്. അതോടെ അവരില്‍ പലരും വന്നവഴി മറക്കുന്നതായി കാണാം. ഞാനെന്ന ഭാവം ചിലരെ വല്ലാതെ ബാധിക്കാറുണ്ട്. അധികാരവും ആള്‍ക്കൂട്ടവും ആദരവും ചിലരെയെങ്കിലും അഹങ്കാരികളാക്കുന്നു. ചുവന്ന ബോര്‍ഡ് വെച്ച സര്‍ക്കാര്‍ വാഹനവും ഡ്രൈവറും അവരിലെ അഹന്ത അധികരിപ്പിക്കുന്നു. പലര്‍ക്കും ഈ സ്വഭാവവൈജാത്യം തുടര്‍സ്ഥാനമാനങ്ങള്‍ നഷ്ടപ്പെടുത്താറുമുണ്ട്. ഉയര്‍ന്ന ഉദ്യോഗത്തിലെത്തുന്നവരും ഇത്തരം സ്വഭാവമുള്ളവരില്‍ ഇല്ലാതില്ല.

ഗള്‍ഫ് സമ്പത്തായിരുന്നു ആദ്യകാലത്ത് ഇത്തരം വമ്പത്തരങ്ങള്‍ക്ക് കാരണമായിരുന്നത്. പട്ടിണി വിട്ടുമാറാത്ത കുടുംബങ്ങളില്‍ നിന്ന്, ഗള്‍ഫില്‍ പോയി ജോലി ചെയ്ത് ഒത്തിരി സമ്പാദിക്കുകയും ഉയരമുള്ള മതിലിനകത്തുള്ള വലിയ വീടും വിലയേറിയ വാഹനവും സ്വായത്തമാക്കുകയും ചെയ്താല്‍ പിന്നെ പഴയ കഥകള്‍ സൗകര്യപൂര്‍വം മറക്കുന്നവരുണ്ട്. 

രാഷ്ട്രീയ സാമൂഹ്യ സംസ്‌കാരിക സംഘടനാ ഭാരവാഹിത്വം ലഭിച്ച ചിലരും ഇത്തരമൊരു സവിശേഷ മാനസിക രൂപാന്തരത്തിന് വിധേയരാവാറുണ്ട്. നാലാള്‍ക്കു മുമ്പില്‍ രണ്ടക്ഷരം പറയാനുള്ള കഴിവും ചില മുതിര്‍ന്ന നേതാക്കന്‍മാരിലുള്ള സ്വാധീനവും കൂടിയായാല്‍ 'അമ്പട ഞാനേ' ഭാവം നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടേയിരിക്കും. നേതാക്കള്‍ക്കൊപ്പമുള്ള ഇവരുടെ 'സെല്‍ഫി'കള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുകൊണ്ടിരിക്കും. സാംസ്‌കാരിക സ്ഥാപനങ്ങളുടെ 'താക്കോല്‍ സ്ഥാനങ്ങളില്‍' അവരോധിക്കപ്പെടുന്നവരെയും ഇത്തരം ഭാവഹാദികള്‍ ഭരിക്കാറുണ്ട്. മതസ്ഥാപന രംഗത്തും അവസ്ഥ വിഭിന്നമല്ല; എണ്ണം തുലോം കുറവാണെങ്കിലും!

അവരറിയാതെയാണെങ്കിലും ഇത്തരം സ്ഥാനമാനങ്ങള്‍ അവരുടെ ശരീരഭാഷയില്‍ വരുത്തുന്ന മാറ്റമാണ് ഏറെ വിചിത്രം. അവര്‍ ഒന്നും വാകൊണ്ട് പറയുന്നില്ലെങ്കിലും അവരുടെ ശരീരമൊന്നാകെ അവരുടെ മനസ്സിനെ പ്രതിഫലിപ്പിക്കുന്നു. അത്തരക്കാരുടെ താനാണ് രാജ്യവും രാജാവുമെന്ന ശരീരഭാഷാ പ്രഖ്യാപനം വാമൊഴിയായല്ലാതെ മറ്റുള്ളവരിലെത്തുന്നു എന്നതാണ് രസകരം. നേതാവ് പ്രതികരിച്ചില്ല, എന്നാല്‍ അദ്ദേഹത്തിന്റെ ശരീരഭാഷയില്‍ നിന്ന് ഇന്നതാണ് വ്യക്തമാകുന്നതെന്ന ചാനല്‍ ഭാഷ്യം ഓര്‍ക്കുക! 

ഔദ്യോഗിക അവശ്യത്തിനായി വന്ന ഒരു സുമുഖനായ യുവാവ് ഏറെ നേരം മുന്നിലിരുന്നത് ഓര്‍ത്തുപോകുന്നു. അയാള്‍ക്ക് ഒന്നിലധികം ജില്ലകളില്‍ സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നു. ആ രംഗത്തെ പ്രമുഖരായിരുന്ന അവര്‍ കട തുറന്നാല്‍ ചുരുങ്ങിയ നേരംകൊണ്ട് തന്നെ കസ്റ്റമേഴ്‌സിനെ കൊണ്ട് നിറയുകയും തിരക്ക് നിയന്ത്രിക്കാനാകാതെ ഷട്ടര്‍ താഴ്ത്തുകയും ചെയ്തിരുന്ന കഥ ഞാനും കേട്ടിരുന്നു. കാലത്തിന്റെ ഗമനത്തിനിടയില്‍ തിരിച്ചടി പെട്ടെന്നായിരുന്നു. കടം കേറി, കടകള്‍ പൂട്ടി. വാഹനങ്ങള്‍ ഇല്ലാതായി. ഭൂമി കിട്ടിയവിലയ്ക്ക് വിറ്റൊഴിച്ചു! യഥാസമയം രേഖകള്‍ സമര്‍പ്പിക്കാതിരിക്കുകയും സര്‍ക്കാറിലേക്ക് അടക്കേണ്ട പണമടക്കാതിരിക്കുകയും ചെയ്തതിന് പിഴ അടക്കാതിരിക്കാന്‍ കാലാവധി നീട്ടിച്ചോദിക്കാന്‍ നേരില്‍ വന്നതായിരുന്നു അയാള്‍. ചെലവിന് ആയിരം രുപ അന്ന് കടം വാങ്ങിയാണ് വന്നതെന്ന് പറഞ്ഞതും അയാളുടെ കണ്ണുകള്‍ നിറഞ്ഞതും ഓര്‍ത്തുപോകുന്നു.

സമ്പത്തും സ്ഥാനവും അധികാരവും ആരോഗ്യവും സൗന്ദര്യവും നല്‍കിയ സര്‍വശക്തന്‍ അത് തിരിച്ചെടുക്കാന്‍ തീരുമാനിച്ചാല്‍ അതിന് നേരമേറെ വേണ്ടതില്ലെന്ന് നാമോര്‍ക്കുന്നത് നന്ന്.