കറവ വറ്റിയ പശു

ദസ്തഗീര്‍ ടി.കെ

2018 ജനുവരി 27 1439 ജുമാദില്‍ ഊല 10

ഗള്‍ഫില്‍ മധ്യവേനലവധിക്ക് സ്‌കൂളുകള്‍ അടക്കുമ്പോള്‍ നാട്ടിലേക്ക് പോകാനുള്ള തിരക്കിലായിരിക്കും. മുന്‍കൂട്ടിയെടുത്ത് ഭദ്രമായി സൂക്ഷിച്ചുവെച്ച വിമാന ടിക്കറ്റ് ഒന്നുകൂടി എടുത്ത് ദിവസവും സമയവും നോക്കി വെക്കും. ഈ വര്‍ഷം കാര്യമായൊന്നും വാങ്ങുന്നില്ല. എത്ര വാങ്ങിയാലും വീതിച്ചു നല്‍കുമ്പോള്‍ ആര്‍ക്കും കാര്യമായൊന്നും ലഭിക്കില്ല. പിന്നെ വെറുതെ ടിക്കറ്റില്‍ കൂടെ കൊണ്ടുപോകാന്‍ അനുവദിച്ച ലഗേജിലും കൂടുതല്‍ വാങ്ങി വെറുതെ പണം അടക്കേണ്ടല്ലോ.

 ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് രണ്ട് വര്‍ഷമായി കണക്ഷന്‍ ഫ്‌ളൈറ്റുകളായ ഇത്തിഹാദ്, ഒമാന്‍ എയര്‍വെയ്‌സ്, എയര്‍ അറേബ്യ തുടങ്ങിയ വിമാനങ്ങളില്‍ മുപ്പത് കിലോ മാത്രമെ ലഗേജ് അനുവദിക്കുകയുള്ളൂ. അവയ്ക്കാണെങ്കില്‍ വേനലവധി സീസണില്‍ ഭയങ്കര ചാര്‍ജുമാണ്. തിരക്കുള്ള സമയമായതിനാല്‍ പരമാവധി യാത്രികരെ ചൂഷണം ചെയ്യുന്ന ഏര്‍പ്പാടാണത്. എങ്ങനെയൊക്കെയാണെങ്കിലും അനുവദിച്ച ലഗേജ് എത്രയാണെന്ന് അറിവുണ്ടെങ്കിലും രണ്ടു കിലോയെങ്കിലും കൂടുതല്‍ തൂക്കത്തില്‍ പെട്ടി കെട്ടുകയെന്നത് മലയാളികളുടെ പ്രത്യേകതയാണ്.

റമദാന്‍ മാസത്തില്‍ ഉംറ ചെയ്താല്‍ ഹജ്ജു ചെയ്തത്ര പുണ്യമാണ്, മാത്രമല്ല നാട്ടിലേക്ക് പോകാന്‍ നേരത്ത് ഒരു ഉംറ ചെയ്യുകയെന്നാല്‍ അതൊരു വിടപറച്ചില്‍ കൂടിയാണ്. കാരണം ഇനി മടങ്ങി വന്ന് ഒന്നുകൂടി നിര്‍വഹിക്കാന്‍ കഴിയുമോയെന്ന് ഉറപ്പില്ലല്ലോ. 

കഴിഞ്ഞ വര്‍ഷം റമദാനില്‍ ഞാന്‍ ഒറ്റക്കാണ് ഉംറ നിര്‍വഹിക്കുവാന്‍ പോയത്. കാരണം മറ്റൊന്നുമല്ല; സുഹൃത്തുക്കളെയെല്ലാം 'തട്ടിക്കൂട്ടി ' പോകാന്‍ പ്രയാസമാണെന്നതിനാല്‍.

ഉംറ കഴിഞ്ഞ് തിരികെ പോരാന്‍ വാഹനം കാത്തുനില്‍ക്കുമ്പോള്‍ ഒരു മലപ്പുറത്തുകാരനെ പരിചയപ്പെട്ടു. അദ്ദേഹത്തിന് ഏകദേശം അറുപത് വയസ്സ് കാണും. ഞങ്ങള്‍ സംസാരം തുടങ്ങി: 

''എത്ര കൊടുക്കേണ്ടി വരും'' (ജിദ്ദയിലേക്ക് തിരിച്ചു പോകാന്‍). 

''ഇരുപതോ ഇരുപത്തഞ്ചോ (റിയാല്‍) കൊടുക്കേണ്ടി വരും.''

''ഞാനിങ്ങോട്ട് പതിനഞ്ചാണ് കൊടുത്തത്.''

''ഞാനും.''

പത്ത് മിനുട്ട് കഴിഞ്ഞപ്പോഴേക്കും വാഹനം കിട്ടി.

ഞാന്‍ ചോദിച്ചു:

''ജിദ്ദ കം?'' (ജിദ്ദയിലേക്ക് എത്രയാണ്?).

''തലാത്തീന്‍'' (മുപ്പത്).

''ഫീ നഫറൈന്‍ കം?'' (രണ്ടു പേരുണ്ട് എത്രയാ?)

''യാ അഖീ സിത്തീന്‍'' (സഹോദരാ അറുപത്)

പേശലിനൊടുവില്‍ നാല്‍പത് റിയാലിന് സമ്മതിച്ചു. ഞങ്ങള്‍ ഇരുവരും അതില്‍ കയറി.

അദ്ദേഹം സംസാരത്തിന്റെ കെട്ടഴിക്കുവാന്‍ തുടങ്ങി. തന്റെ ഗള്‍ഫ് അനുഭവങ്ങള്‍ ജിദ്ദയിലെത്തും വരെ വിവരിച്ചു. കഥ കേള്‍ക്കുന്നതില്‍ താല്‍പര്യമുള്ളതിനാല്‍ ഒരു മടുപ്പും തോന്നിയില്ല. ആവാഹനത്തില്‍ മലയാളികളായി ഞങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. മലപ്പുറത്തെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചു വളര്‍ന്നത്. മുപ്പത്തിയഞ്ച് വര്‍ഷമായി ജിദ്ദയില്‍ ജോലി ചെയ്യുകയാണ്. തുടക്കത്തില്‍ മൂന്നു തവണയായി പത്തു വര്‍ഷത്തോളം ഉംറ വിസയിലെത്തി ജോലി ചെയ്തു. പിന്നീട് ലഭിച്ച വിസയില്‍ പല സ്ഥാപനങ്ങളിലും ജോലി ചെയ്തു. നാട്ടില്‍ തന്നെ പത്ത് സെന്റ് സ്ഥലം വാങ്ങി. ചെറിയ ഒരു വീടു വെച്ചു. മൂന്ന് പെണ്‍മക്കളെ നല്ല നിലയില്‍ കെട്ടിച്ചയച്ചു. ഇളയതാണ് ആണ്‍കുട്ടി. അവന്‍ ഡിഗ്രിക്ക്  പഠിക്കുന്നു. 

ഞാന്‍ ചോദിച്ചു: ''മുപ്പത്തിയഞ്ച് വര്‍ഷമായില്ലേ ഇവിടെ? അവസാനിപ്പിക്കാനായില്ലേ? നാട്ടില്‍ വരുമാനമാര്‍ഗം വല്ലതും ഉണ്ടാക്കിയിട്ടുണ്ടോ?'' 

ചെറുതായൊന്ന് ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു:

 ''വരുമാനമോ? എന്തു വരുമാനം! പത്ത് സെന്റ് സ്ഥലവും വലിയ ഒരു വീടും. അതില്‍ നിന്ന് എന്തു വരുമാനം?''

 ''അപ്പോള്‍ മുപ്പത്തിയഞ്ച് കൊല്ലം ഗള്‍ഫില്‍ കഷ്ടപ്പെട്ടിട്ട്...?''

''ഞങ്ങള്‍ക്ക് തറവാട്ടില്‍ കൂടുതല്‍ സ്ഥലമൊന്നുമില്ല. എനിക്ക് മൂന്ന് അനുജന്‍മാരുണ്ട്. ഉള്ള സ്ഥലത്ത് ഞെരുങ്ങിക്കുടുങ്ങിയാണവര്‍ തന്നെ വീടുവച്ചിരിക്കുന്നത്. അതുകൊണ്ടാണ് ഞാന്‍ വീടുവയ്ക്കാന്‍ സ്ഥലം വാങ്ങാന്‍ തീരുമാനിച്ചത്. അങ്ങനെയാണ് ഉള്ള പൈസയും വലിയ ഒരു സംഖ്യ ലോണും എടുത്ത് പത്ത് സെന്റ് സ്ഥലം വാങ്ങിയത്. അതിന്റെ അടവു തീരാന്‍ എട്ടുവര്‍ഷത്തോളമെടുത്തു. എത്ര പൈസ അടച്ചാലും പലിശയിനത്തിലേക്ക് കൂടുതലും മുതലിലേക്ക് ചെറിയ ഒരു സംഖ്യയുമായിരിക്കും എത്തിയിരിക്കുക. പിന്നെ വീടു വയ്ക്കാന്‍ ലോണെടുത്തു. അത് തീരുന്നതിനു മുമ്പ് വലിയ മകള്‍ക്ക് വിവാഹപ്രായമായി. അവളുടെ വിവാഹം...പിന്നെ താഴെയുള്ളവരുടെ വിവാഹം, സല്‍ക്കാരം, പ്രസവം... പിന്നെ അവര്‍ക്കൊക്കെ വീടുണ്ടാക്കുവാനുള്ള സഹായം... ഇതെല്ലാം കഴിഞ്ഞ് നടുനിവര്‍ത്തി വരുമ്പോഴാണ് വീട്ടുകാരും ബന്ധുക്കളും പറയുന്നത്; വീടിന് സ്ഥലസൗകര്യമില്ല. എല്ലാവരും ഒരുമിച്ച് കൂടുമ്പോള്‍ കിടക്കാന്‍ സ്ഥലമില്ല, അതു കൊണ്ട് ഒരു നിലകൂടി ഉണ്ടാക്കണമെന്ന്! 

നമ്മളിവിടെ തലേ ദിവസത്തെ കുബ്ബൂസ് കറിയിലോ കട്ടന്‍ ചായയിലോ മുക്കിത്തിന്നാണ് പ്രാതല്‍ കഴിച്ചെന്ന് വരുത്തുന്നത്. കമ്പനി വക നല്‍കിയ അക്കമഡേഷനിലെ ഇരുനില കട്ടിലും അതില്‍ താഴെ കിടക്കുന്നവന്‍ അറിയാതെ അതിസാഹസികമായുള്ള കയറ്റവും ഇറക്കവും... ഇതൊന്നും വീട്ടുകാര്‍ക്ക് പറഞ്ഞാല്‍ മനസ്സിലാകില്ല. എത്ര കൊല്ലമായി ഗള്‍ഫില്‍ പോയി സമ്പാദിക്കുന്നു, വീട് ഒന്ന് വലുതാക്കിയാല്‍ അത്‌കൊണ്ടുള്ള ഗുണം നിങ്ങള്‍ക്കും മക്കള്‍ക്കും തന്നെയല്ലേ എന്ന് കുടുംബക്കാരും അയല്‍ക്കാരുമൊക്കെ ചോദിക്കുമ്പോള്‍ എന്ത് ഉത്തരംപറയാന്‍! 

 ഒടുവില്‍ എല്ലാരുടെയും നിര്‍ബന്ധത്തിനു വഴങ്ങി മുകളില്‍ രണ്ടു റൂമും ഒരു ഹാളുമെടുത്തു. അങ്ങനെ വീണ്ടും കടക്കാരനായി. ഇടക്കൊക്കെ ഭാര്യ പറയും; ഗള്‍ഫ് നിര്‍ത്തിപ്പോരണമെന്നും നമുക്ക് എങ്ങനെയെങ്കിലുമൊക്കെ കഴിയാമെന്നും.പക്ഷേ, നിറുത്തണമെങ്കില്‍ കടം വീടേണ്ടേ? ഒന്ന് കഴിയുമ്പോഴേക്കും മറ്റൊന്ന്; അങ്ങനെ ആയുസ്സ് തീര്‍ന്നുകൊണ്ടിരിക്കുകയല്ലേ? ഏതായാലും ചെറിയ സംഖ്യ മാത്രമെ ഇനി കടം വീട്ടാനുള്ളൂ. അതുംകൂടി വീട്ടിയിട്ട് വേണം നാട്ടിലേക്ക് മടങ്ങാന്‍ എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് കമ്പനി സാമ്പത്തിക പ്രശ്‌നത്തില്‍ അകപ്പെട്ട് ജീവനക്കാരെ പിരിച്ചുവിടല്‍ ആരംഭിച്ചത്. ആദ്യം അറുപത് വയസ്സ് കഴിഞ്ഞവരെയാണ് പിരിച്ചുവിടാന്‍ തുടങ്ങിയത്. അതില്‍ ആദ്യത്തെ ലിസ്റ്റില്‍ തന്നെ ഞാനുണ്ടായിരുന്നു. 

നാട്ടില്‍ പോകണമെങ്കില്‍ പോകാം. പക്ഷേ, ആനുകൂല്യങ്ങളൊന്നും നല്‍കാന്‍ കമ്പനിക്ക് കഴിയില്ല. അല്ലെങ്കില്‍ വേറെ എവിടേക്കെങ്കിലും വിസ മാറ്റാം. അതിന് റിലീസ് തരാം എന്നെല്ലാം കമ്പനി അറിയിച്ചു. പക്ഷേ, എനിക്കിനി ആര് പണി തരാന്‍? തന്നാല്‍ തന്നെ എന്തു പണിയെടുക്കും? എന്നാലും പണി അന്വേഷിച്ചു. കിട്ടിയതൊന്നും എന്റെ ആരോഗ്യത്തിനനുസരിച്ച് എടുക്കാന്‍ കഴിയുന്നതായിരുന്നില്ല. ഒടുവില്‍ നിവൃത്തിയില്ലാതെ നാട്ടിലേക്ക് പോകാന്‍ തന്നെ തീരുമാനിച്ചു, വീട്ടുകാര്‍ക്കെങ്കിലും സന്തോഷമാകുമല്ലോ. വീട്ടിലേക്ക് വിളിക്കാന്‍ തുടങ്ങി. ആദ്യം കിട്ടിയത് പെണ്‍മക്കളെയാണ്. 

 'അപ്പോഴിനി ഉപ്പ കൊണ്ടുവന്നിരുന്ന സാധനങ്ങളൊന്നും കിട്ടില്ല അല്ലേ' എന്നതായിരുന്നു അവരുടെ സങ്കടത്തോടെയുള്ള ചോദ്യം!

എന്റെ മനസ്സൊന്നു പിടഞ്ഞു. എപ്പോഴും 'കിട്ടുന്ന'തിന്റെ പ്രതീക്ഷയിലാണവര്‍. പിന്നീടാണ് ഭാര്യയാണ് ഫോണ്‍ എടുത്തത്. അവളോടും കാര്യം പറഞ്ഞു. 

'ഞാനെപ്പോഴും നിങ്ങളോട് പറയുന്നതല്ലേ നിറുത്തിപ്പോരാന്‍. ഇപ്പോള്‍ നമ്മുടെ മകന്‍ എവിടെയും എത്തിയിട്ടില്ല. പഠിപ്പ് കഴിഞ്ഞ് ഒരു ജോലിയാവാന്‍ ഇനിയും വര്‍ഷങ്ങളെടുക്കും. ഏതായാലും ഇനി അധികകാലമൊന്നുമില്ലല്ലോ (എന്റെ ആയുസ്സിന്റ പരിധി വീട്ടുകാര്‍ നിശ്ചയിച്ചിരിക്കുന്നുവെന്ന് അര്‍ഥം!) കുട്ടികളുടെ സന്തോഷം കളഞ്ഞിട്ട് ഇനി ഇവിടെ വന്നു നിന്നിട്ട് എന്താ കാര്യം? എന്തെങ്കിലും പണി കണ്ടെത്തി അവിടെത്തന്നെ നില്‍ക്കാന്‍ നോക്കിക്കൂടേ?' എന്നാണ് അവള്‍ക്ക് പറയുവാനുണ്ടായിരുന്നത്. അതെന്നെ ശരിക്കും തളര്‍ത്തിക്കളഞ്ഞു.''

സംസാരം ഇവിടെയെത്തിയപ്പോള്‍ അദ്ദേഹം ശബ്ദം താഴ്ത്തി കരയുന്നുണ്ടായിരുന്നു. അദേഹത്തെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ഞാനും വിഷമത്തിലായി. 

 വരുമാനം ലഭിക്കില്ലെന്നായാല്‍ സ്വന്തം കുടുംബത്തിന് പോലും (എല്ലാ കുടുംബങ്ങളും ഇങ്ങനെയാണെന്നല്ല പറയുന്നത്) താന്‍ നാട്ടില്‍ വരുന്നത് സന്തോഷമില്ലാത്ത കാര്യമാണെന്ന് എന്നാണ് പ്രവാസീ നിനക്ക് മനസ്സിലാവുക?