ന്യൂജെന്‍, ഓള്‍ഡ് ജെന്‍ ഡാഡീസ്

ഇബ്‌നു അലി എടത്തനാട്ടുകര

2017 ഡിസംബർ 23 1439 റബിഉല്‍ ആഖിര്‍ 05

''ആ ഡോക്ടറെ കാണിച്ചാലേ മകന്‍ പരിശോധിക്കാന്‍ തയ്യാറാവൂ'' കഷ്ടിച്ച് സംസാരിച്ച് തുടങ്ങാന്‍ മാത്രം പ്രായമെത്തിയ മകനെ ചൂണ്ടി ഒരു സുഹൃത്ത് പറഞ്ഞതാണിത്. 

മാറ്റം സര്‍വത്രയാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മക്കള്‍ പിതാവിന്റെ പിന്നില്‍ നടക്കുന്നവരും മുന്നില്‍ നടക്കാന്‍ മടിക്കുന്നവരുമായിരുന്നു. ഒരുവേള ചില രക്ഷിതാക്കള്‍ ഇങ്ങനെയേ പറ്റൂ എന്ന് ശഠിക്കുന്നവരുമായിരുന്നു. ഇന്നത്തെ മക്കള്‍ക്ക് ഒപ്പം നടക്കുവാനാണിഷ്ടം, ഒരു വേള മുന്നിലും! അതില്‍ പിതാക്കള്‍ക്കും പ്രശ്‌നമില്ല.

ഫീസടക്കാനോ പുസ്തകമോ പേനയോ വാങ്ങാനോ പണം പാസാകണമെങ്കില്‍ പണ്ട് മക്കള്‍ ഉമ്മയെന്ന ഇടയാളന്‍ വഴി പിതാവിലേക്ക് അര്‍ഥനയെത്തിച്ച് കാത്തിരിക്കണമായിരുന്നു. തീരുമാനമറിയണമെങ്കില്‍ അപേക്ഷ വീണ്ടും പുതുക്കി നല്‍കുകയും വേണ്ടിയിരുന്നു.

ഇന്ന് മക്കളൊറ്റ പ്രസ്താവനയാണ്. 'ഇന്ന ആവശ്യത്തിന് ഇന്ന് ഇത്ര പണം കിട്ടാതെ സ്‌കൂളിലേക്ക് പോകില്ല!' ഗതിമുട്ടിയ പിതാക്കള്‍ അവരുടെ കടുംപിടുത്തത്തിന് മുമ്പില്‍ കീഴടങ്ങാറാണ് പതിവ്. ചിലപ്പോഴെങ്കിലുമിത് മാതാപിതാക്കളെ വിലവെക്കാതെ ബുദ്ധിമുട്ടിക്കുന്ന തലത്തിലേക്ക് വളരാറുണ്ട്.

പണ്ട് കാലത്ത്, ഗൃഹനാഥന്‍ പൂമുഖത്തോ കോലായിലോ ഇരിക്കുന്നുണ്ടെങ്കില്‍ വളഞ്ഞ വഴിയിലൂടെ അടുക്കളയിലേക്കുള്ള കുറുക്കുവഴി താണ്ടി അകത്തേക്ക് നുഴഞ്ഞുകേറുകയായിരുന്നു മക്കള്‍ ചെയ്തിരുന്നത്. എവിടെ പോയിരുന്നു, എന്തിന് പോയതാണ്, വൈകിയതെന്തേ, എന്തായിരുന്നു പരിപാടി... എന്നിങ്ങനെ നൂറുകൂട്ടം ചോദ്യങ്ങള്‍ ചോദിച്ചിട്ടും ചോദിക്കാതെയും പിതാമുഖത്തുനിന്ന് വരുന്നത് ഒഴിവാക്കുവാനായിരുന്നു അത്. ഇന്ന് ചില പിതാക്കളെങ്കിലും മക്കള്‍ വരുന്നത് കാണുമ്പോള്‍ മുന്‍വഴിയില്‍ നിന്ന് മുങ്ങാറാണ് പതിവ് എന്നത് സത്യമാണ്.

സ്‌നേഹം പ്രകടിപ്പിക്കുവാനുള്ളതല്ല. ഉള്ളിന്റെ ഉള്ളില്‍ കാത്തുസൂക്ഷിക്കാനുള്ളതാണ്. അത് മക്കളോട് കാണിച്ചാല്‍ വിലപോകും, മക്കള്‍ അനുസരണക്കേട് കാണിക്കും എന്നൊക്കെയായിരുന്നു പഴഞ്ചന്‍ ധാരണകള്‍. ഇന്നാണെങ്കിലോ, ന്യൂജെന്‍ മക്കളുടെ കളിക്കൂട്ടുകാരന്‍ എന്ന നിലയിലെന്ന വേറെ ഒരു ലെവലിലേക്ക് പിതാക്കള്‍ എത്തപ്പെട്ടിരിക്കുന്നു. മക്കളും മാതാപിതാക്കളും തമ്മിലുള്ള 'അന്തരം' അലിഞ്ഞില്ലാതായിക്കൊണ്ടിരിക്കുന്നു എന്നര്‍ഥം.

പണ്ട്, ഉള്ളത് വെച്ച് വിളമ്പിക്കഴിച്ച് തൃപ്തിപ്പെട്ടിരുന്നുവെങ്കില്‍ ഇന്ന് അടുക്കളയിലെ 'മെനു' നിശ്ചയിക്കുന്നത് കുട്ടികളായി മാറിയിരിക്കുന്നു. പഴയ തലമുറയുടെ 'ഈഗോ' പൂര്‍ണമായി വിട്ടുമാറാത്ത പിതാക്കളിപ്പോഴില്ലെന്ന് പറഞ്ഞ്കൂടാ. അവര്‍ മക്കളോട്, വിശിഷ്യാ ആണ്‍മക്കളോടുള്ള മസിലുപിടുത്തം ഇപ്പോഴും പൂര്‍ണമായി അയച്ചിട്ടില്ല. മക്കള്‍ക്ക് നേരിട്ടൊന്നും പറയുവാന്‍ നേരം കൊടുക്കാത്തവരുണ്ട് ഇപ്പോഴും; എണ്ണം കുറവാണെങ്കിലും. മക്കളോട് മസില്‍ പിടിച്ചാലും പേരമക്കളോട് സ്‌നേഹം കണക്കില്ലാതെ പരസ്യമായി പ്രകടിപ്പിക്കുവാന്‍ ഇതില്‍ പലരും മടികാണിക്കാറില്ലെന്നത് സന്തോഷദായകമാണ്.

മക്കള്‍ മുതിര്‍ന്ന് സ്വന്തമായൊരു പേരിലും നിലയിലുമെത്തുമ്പോള്‍ 'മകന്റെ ഉപ്പ' എന്ന നിലയില്‍ മകന്റെ പേരിനോട് ചേര്‍ത്ത് അറിയപ്പെടാറുണ്ട് പലരും. അതിഷ്ടപ്പെടാത്ത ചില പിതാക്കളുടെ 'പെരുന്തച്ചന്‍ കോംപ്ലക്‌സ്' ചുരുക്കം കുടുംബങ്ങളിലെങ്കിലും ചില്ലറ അസ്വസ്ഥതകളല്ല വരുത്തിവെക്കാറ്. മക്കള്‍ വളര്‍ന്ന് മുതിര്‍ന്ന് നരച്ച് തുടങ്ങിയെങ്കിലും, സമ്പന്നരോ മുതിര്‍ന്ന ജീവനക്കാരോ ആയാലും ചില പിതാക്കളെങ്കിലും മക്കളെ ഗൗനിക്കാറേയില്ല. ഭൂതകാലത്തിലെ കണിശതയും സഹനവും ദാരിദ്ര്യവും ദുരനുഭവവും നല്‍കിയ കാഠിന്യതയാവാം ഇത്തരം 'ഓള്‍ഡ് ജെന്‍' പിതാക്കളുടെ ഈ പെരുമാറ്റത്തിന് പിന്നിലെ കാരണം.

കാലപ്പഴക്കത്തിന്റെ കടുംപിടുത്തവും കാര്‍ക്കശ്യവും ജനാധിപത്യരാഹിത്യവും വെടിഞ്ഞ് പണ്ടത്തെ 'നല്ല കാലത്തിന്റെ' തടവറയില്‍ നിന്ന് പുറത്തിറങ്ങി പഴയതലമുറ സ്‌നേഹപ്രകടനത്തിന്റെയും പരിഗണനയുടെയും തലത്തിലേക്കിത്തിരി താഴേണ്ടതുണ്ട്. 'ന്യൂജെന്‍' മക്കളാണെങ്കില്‍ എന്തും പറയാം, എന്തും ചോദിക്കാം, ചെയ്യാം എന്ന ലെവലില്‍ നിന്ന് ആദരവിന്റെയും ബഹുമാനത്തിന്റെയും തലത്തിലേക്ക് ഉയരേണ്ടതുമുണ്ട്. സ്‌നേഹാദരങ്ങളടങ്ങിയ ഒരു മാതാപിതാപുത്ര ബന്ധത്തിലൂടെ മാത്രമെ കൂടുമ്പോള്‍ ഇമ്പമുണ്ടാകുന്ന കുടുംബമാകാന്‍ കഴിയൂ എന്നതാണ് യാഥാര്‍ഥ്യം.