കൊക്കിനു വെച്ചത് ചക്കിന്...

പി.എന്‍. അബ്ദുല്ലത്വീഫ് മദനി

2018 മാര്‍ച്ച് 31 1439 റജബ് 13

കൊയ്ത്ത് കഴിഞ്ഞ പാടത്തിറങ്ങി മീന്‍ ചവിട്ടിപ്പിടിക്കുന്ന ഉത്സാഹത്തോടെ പലരുമിന്ന് ഇസ്‌ലാമിന്റെ നെഞ്ചത്ത് കയറിച്ചവിട്ടുകയാണ്. ഈ കൂത്താട്ടക്കാരിലധിക പേര്‍ക്കും അവരുടെ റേഷന്‍ കാര്‍ഡില്‍ മുസ്‌ലിം പേരുകളാണെന്നതൊഴിച്ചാല്‍ ഇസ്‌ലാമിനെപ്പറ്റി വലിയ വിവരമൊന്നുമുണ്ടാകില്ല. ഇവര്‍ പേരെടുക്കാനുള്ള വ്യഗ്രതയില്‍ കുത്തിക്കീറി നശിപ്പിക്കാന്‍ നോക്കുന്നത് മാനവര്‍ക്ക് അന്തസ്സ് നേടിക്കൊടുത്ത ഒരു വിശുദ്ധ സംസ്‌കൃതിയെ ആണെന്നോര്‍ക്കണം. 

ഇപ്പോള്‍ ഒരു കൂട്ടര്‍ തുറുപ്പു ശീട്ടാക്കുന്നത് ഫാറൂഖ് കോളേജ് അധ്യാപകനായ ജൗഹര്‍ മുനവ്വറിന്റെ ഒരു പ്രഭാഷണത്തെയാണ്. അദ്ദേഹം ചെയ്യുന്ന ആദ്യത്തെ പ്രസംഗമല്ലിത്. നിരവധി പ്രഭാഷണങ്ങള്‍ രാജ്യത്തിന്നകത്തും പുറത്തും അദ്ദേഹം നടത്തിയിട്ടുണ്ട്. മിക്കതിലെയും ഇതിവൃത്തം യുവതയെ വഴിതെറ്റിക്കുന്ന അധാര്‍മിക പ്രവണതകള്‍ വിശകലനം ചെയ്തുകൊണ്ടുള്ളതും സദുപദേശങ്ങള്‍ നിറഞ്ഞതുമാണ്.

ചോരന്മാര്‍ ചെത്തിക്കൂര്‍പ്പിച്ചെടുത്തു വെടക്കാക്കി തികച്ചും ദുര്‍ദ്ദേശപരമായി എഡിറ്റ് ചെയ്ത്, സമൂഹത്തില്‍ നടക്കുന്ന അരാജകത്വങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നവരുടെ മുഖത്തെറിയാന്‍ ഒരുക്കിയെടുത്ത ഈ ഓഡിയോ ക്ലിപ്പ് ഇപ്പോള്‍ ചയക്കോപ്പയിലെ കൊടുങ്കാറ്റായിരിക്കുകയാണ്.

യഥാര്‍ഥ വീഡിയോ പുറത്തു വന്നതോടെ മയ്യിത്തിന്റെ തലയില്‍ നിന്നു പേനിറങ്ങിപ്പോകുന്ന പോലെ ട്രോളന്‍മാരിപ്പോള്‍ മാളങ്ങളിലേക്ക് ഉള്‍വലിഞ്ഞു കൊണ്ടിരിക്കുകയാണ്.

ചില യൂത്തന്മാര്‍ കേട്ട പാതി കേള്‍ക്കാത്ത പാതി തറ്റുടുത്ത് എടുത്തു ചാടി. ആളെയറിയിക്കാന്‍ ആര്‍ത്തവം വിളിച്ചു പറയുന്നവര്‍ എന്ന് ഇവരെ വിശേഷിപ്പിക്കുന്നതില്‍ ആര്‍ക്കും വിഷമം തോന്നരുത്. മുമ്പ് സി.എച്ച് പറഞ്ഞ പോലെ ഒരു ലക്കോട്ടൊട്ടിക്കാനുള്ള വറ്റെങ്കിലും ഇവരുടെ തലയിലില്ലേ എന്ന് ചോദിക്കാന്‍ തോന്നുകയാണ്.

ഇസ്‌ലാം അതിജയിക്കുന്ന മതമാണ്. കുടിലുകളിലും കൊട്ടാരങ്ങളിലും അതിന്റെ ധാര്‍മിക ഉള്‍ക്കരുത്തു കൊണ്ട് അത് കയറിച്ചെല്ലും. കാരണം അത് പ്രപഞ്ച സ്രഷ്ടാവിന്റെ മതമാണ്.

യൂറോപ്പിന്റെ തെരുവുകളില്‍ അറപ്പു തീര്‍ന്ന യുവത അഴിഞ്ഞാടുമ്പോഴും ആ അഴുക്കുചാലുകള്‍ക്കപ്പുറത്ത് ശുദ്ധജലധാരയായി ഒഴുകുന്ന നിരവധി യുവതീ യുവാക്കള്‍ ഇസ്‌ലാമിലേക്കു കടന്നുവരുന്നതിന്റെ കാരണം ഇവര്‍ പഠനവിധേയമാക്കേണ്ടതുണ്ട്.

എന്റെ ഈ കുറിപ്പു വായിക്കാന്‍ ഇടവരുന്ന ഫാറൂഖ് കോളേജിലെ വിദ്യാര്‍ഥീ വിദ്യാര്‍ഥിനികളോട്; നിങ്ങള്‍ കയറിയിരിക്കുന്ന ആ വടവൃക്ഷത്തിന്റെ മുരടില്‍ വെള്ളവും വളവും ചേര്‍ത്ത് വെട്ടിയൊതുക്കി വളര്‍ത്തിക്കൊണ്ടു വന്ന മഹാ മനുഷ്യന്മാര്‍ ഒരു വിളിപ്പാടകലെ പള്ളിക്കാട്ടില്‍ അന്ത്യനിദ്രകൊള്ളുന്നുണ്ട്. അവരുടെ ജീവിതായോധനം മുഴുവനും കുറുക്കന്മാര്‍ മാരത്തോണ്‍ നടത്തിയിരുന്ന ഈ കുന്നിന്‍പുറം മിടുക്കന്മാര്‍ വിരിഞ്ഞിറങ്ങുന്ന ഗര്‍ഭഗൃഹമാക്കാനായിരുന്നു. തെല്ലൊന്നുമല്ല അവര്‍ വിയര്‍ത്തൊലിച്ചത്. നിഷ്‌കാമകര്‍മികളായ ആ ശ്രേഷ്ഠ ജനങ്ങളുടെ ആത്മാക്കള്‍ ആഗ്രഹിച്ചത് സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ കൂടുകൂട്ടി കുറുകിപ്പാടുന്ന ശാന്തിയുടെ ഒരു കാമ്പസാണ്. സ്ഥലജലഭ്രമം ബാധിച്ചു അജ്ഞതയുടെ മാറാപ്പില്‍ തലപ്പൂഴ്ത്തിക്കിടന്ന ഒരു സമുദായം ഉയിര്‍ത്തെഴുന്നേറ്റത് ഈ സ്ഥാപനത്തിന്റെ മടിത്തട്ടില്‍ അഭിരമിച്ചാണ്. അവിടെ വെളിച്ചപ്പാടായി ഉറഞ്ഞുതുള്ളി നിങ്ങള്‍ അന്തരീക്ഷം കലുഷമാക്കുമ്പോള്‍  കയ്യടിക്കുന്നത് ഈ സ്ഥാപന സമുച്ചയങ്ങളുടെ വളര്‍ച്ചയില്‍ കുശുമ്പുള്ള ചില വൈരനിര്യാതന ബുദ്ധികളാണ് എന്ന് തിരിച്ചറിയണം. അവര്‍ക്ക് തീകൊളുത്താന്‍ ഉണങ്ങിയ പടക്കമായി നിങ്ങള്‍ നിന്നു കൊടുക്കരുത്. മറ്റു പല സ്ഥാപനങ്ങളിലും ലഭ്യമല്ലാത്ത പ്രതിഭാധനന്മാരായ ഗുരുഭൂതന്മാര്‍ ഫാറൂഖ് കോളേജ് കാമ്പസിലുണ്ട്. നിങ്ങള്‍ അവരെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുക. നിശ്ചയം നന്മകള്‍ അവര്‍ തിരിച്ചു തരും. 

മത ജാതി വകഭേദങ്ങള്‍ കൂടാതെ ഒരുപാടാളുകള്‍ ഇപ്പോള്‍ ജൗഹര്‍ മാസ്റ്റര്‍ക്ക് പിന്തുണ നല്‍കിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ പലതും പലരും കേട്ടു. ഫലത്തില്‍ കൊക്കിനു വെച്ചത് ചക്കിനു കൊണ്ട അവസ്ഥയാണുണ്ടായത്!