വിധിയുടെ കനലാട്ടം

ഇബ്‌നു അലി എടത്തനാട്ടുകര

2018 ഡിസംബര്‍ 15 1440 റബീഉല്‍ ആഖിര്‍ 07

മെലിഞ്ഞുണങ്ങിയ ശരീരവും നീണ്ട താടിയും മുടിയുമായി ഒരു ആള്‍രൂപം. കറുത്തുമെലിഞ്ഞ് കൂനിക്കൂടിയ ഒരു വൃദ്ധ സ്ത്രീ. സാമൂഹ്യപ്രവര്‍ത്തകനായ സുഹൃത്ത് അദ്ദേഹം പറഞ്ഞ കഥ സത്യമെന്ന് തെളിയിക്കാനായി മൊബൈല്‍ഫോണില്‍ കാണിച്ചു തന്നതാണ് ഇവരുടെ ഫോട്ടോകള്‍.

കഥയല്ല; യാഥാര്‍ഥ്യമാണ്! തമിഴ്‌നാടിനോട് ചേര്‍ന്ന സ്ഥലം. അവിടെ ഏതാനും കുടുംബങ്ങള്‍ക്ക് മാസംതോറും ഭക്ഷണവും മറ്റും നല്‍കുന്നുണ്ട് സുഹൃത്തും സംഘവും. അയാളെ എന്തേ സഹായിക്കാത്തത് എന്ന് ചോദിച്ച കുട്ടികളാണ് ആ വീട് ചൂണ്ടിക്കാണിച്ചത്. ചെന്നുനോക്കിയപ്പോള്‍ ഒരു വികൃത രൂപം. കാലുകള്‍ തളര്‍ന്നിരിക്കുന്നു! സുഹൃത്ത് അയാളെ കൊണ്ടുപോയി ആശുപത്രിയിലാക്കി. വിദഗ്ധ ഡോക്ടറുടെ ചികിത്സ കൊണ്ട് നല്ല പുരോഗതിയുണ്ടായി. ചൂടുപിടിപ്പിക്കരുതെന്ന കര്‍ശന നിര്‍ദേശത്തോടെ ആയുര്‍വേദ ചികിത്സ നടത്താന്‍ ഉപദേശിച്ചു. ഏറെ നാളത്തെ ചികിത്സക്ക് ശേഷം അയാള്‍ ഏതാണ്ട് പൂര്‍വസ്ഥിതിയിലേക്ക് എത്തി.

പിന്നീട് അവിടെ എത്തിയ സുഹൃത്തിനെ നാട്ടുകാര്‍ വളഞ്ഞു. അവരുടെ അംഗീകാരമില്ലാതെ എന്തിന് അയാളെ ചികിത്സിച്ചു എന്നായിരുന്നു അവരുടെ ചോദ്യം! 'ഒരു മനുഷ്യജീവിയാണല്ലോ അയാള്‍ എന്ന നിലയ്ക്കാണ് ചികിത്സിക്കാന്‍ െകാണ്ടുപോയത്' എന്ന മറുപടിക്ക് 'മനുഷ്യനല്ല; മൃഗമാണ് അവന്‍' എന്നായിരുന്നു അവരുടെ മറുപടി!

അയാള്‍ ഒരു ലോറി ഡ്രൈവര്‍ ആയിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ ആഴ്ചകള്‍ നീണ്ട ഓട്ടത്തിന് ശേഷം ഇടയ്ക്ക് വീട്ടിലെത്തും. മീന്‍, ഇറച്ചി, പച്ചക്കറികള്‍, പലചരക്ക് സാധനങ്ങള്‍ തുടങ്ങി വിവിധ സാധനങ്ങള്‍ സഹിതമാകും വീട്ടിലെത്തുക. പിന്നെ നീണ്ട ദിവസങ്ങള്‍ ഭക്ഷണം, ലഹരി, ഉറക്കം എന്നിവ മാത്രം. അതിനിടയില്‍ ഭക്തി, പ്രാര്‍ഥന എന്നിവയൊക്കെ അന്യം.

ഭാര്യയും മകനും അയാളുടെ പ്രായമായ മാതാവുമായിരുന്നു വീട്ടില്‍ താമസം. അമ്മായിയമ്മയും മരുമകളും മിക്കപ്പോഴും കലഹത്തില്‍ ആയിരിക്കും. അയാള്‍ വീട്ടിലുണ്ടായിരുന്ന ഒരുദിവസം പോര് കലശലാവുകയും ഭാര്യ കുട്ടിയെ കൂട്ടി അവളുടെ വീട്ടിലേക്കു പോവുകയും ചെയ്തു. 

ഒരു ദിവസം മദ്യസേവക്ക് വട്ടംകൂട്ടാന്‍ ഗ്ലാസ് ആവശ്യപ്പെട്ടത് എത്താന്‍ വൈകിയതിനാല്‍ അയാള്‍ പെറ്റമ്മയുടെ വയറ്റില്‍ ആഞ്ഞു തൊഴിച്ചു. ചവിട്ടേറ്റ വൃദ്ധ തെറിച്ചുവീണു. അവന് ജന്മംനല്‍കിയ ഗര്‍ഭപാത്രം പുറത്തുവന്നു! ചോരയില്‍ കുളിച്ചുകിടന്ന അവരെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ആഴ്ചകള്‍ ആശുപത്രിയില്‍ കഴിഞ്ഞ ആ സ്ത്രീയുടെ ഗര്‍ഭപാത്രം നീക്കം ചെയ്തു. ജീവന്‍ തിരിച്ചുകിട്ടിയ അവര്‍ വീട്ടിലേക്ക് മടങ്ങി. 

വീടു വിട്ട് ജോലിക്ക് പോയ മകന്‍ അവരെ തിരിഞ്ഞു നോക്കിയതേയില്ല. ഒരിക്കല്‍ ജോലിക്കു ശേഷം ലോറിയില്‍ നിന്ന് ഇറങ്ങിയ അയാളുടെ ഒരു കാലിന് ബലം കുറഞ്ഞ പോലെ തോന്നി. ഉൗന്നിയ രണ്ടാമത്തെ കാലിനും ബലമില്ല. അയാള്‍ നിലത്തിരുന്നു പോയി. നടക്കാന്‍ ശേഷി നഷ്ടപ്പെട്ട അയാളെ വണ്ടിയിലാണ് വീട്ടിലെത്തിച്ചത്. പെറ്റമ്മയെ കൊല്ലാക്കൊല ചെയ്ത അയാളെ ചികിത്സിച്ച് ഭേദമാക്കിയ കൂട്ടുകാരനെ നാട്ടുകാര്‍ ചീത്ത പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ!

കഥതീര്‍ന്നില്ല. കാലുകള്‍ പൂര്‍വസ്ഥിതിയിലായാല്‍ തൊട്ടടുത്ത അമ്പലത്തിലെ കനലാട്ടത്തില്‍ പങ്കെടുക്കാമെന്ന് അയാള്‍ നേര്‍ച്ച ചെയ്തിരുന്നുവത്രെ. കാലില്‍ ചൂട് തട്ടിക്കരുതെന്ന ഡോക്ടറുടെ കര്‍ശനനിര്‍ദേശം വകവയ്ക്കാതെ അയാള്‍ കനലാട്ടം നേര്‍ച്ച പൂര്‍ത്തിയാക്കി. അതോടെ വീണ്ടും കാലിന്റെ ശേഷി നഷ്ടപ്പെട്ടു. നടക്കാന്‍ വയ്യാതെ അയാള്‍ വീണ്ടും വീട്ടിലെ കട്ടിലില്‍ ഒതുങ്ങിക്കൂടി. ഭാര്യ കുട്ടികളെയും കൂട്ടി അവളുടെ വീട്ടിലേക്ക് മാറി. വയസ്സായ മാതാവും അയാളും തനിച്ചായി.

പ്രായാധിക്യം വളച്ച കുനിഞ്ഞ ശരീരവുമായി അയല്‍വീടുകളില്‍ പണിക്കുപോയി കിട്ടുന്ന സഹായം കൊണ്ടാണ് ജന്മംനല്‍കിയ ഗര്‍ഭപാത്രം ഒറ്റച്ചവിട്ടിന് തകര്‍ത്തു കളഞ്ഞ ആ മകനെ ഇന്ന് പെറ്റമ്മ പോറ്റുന്നത്!

ഈ കഥ, അല്ല സംഭവം വിശ്വസിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് സുഹൃത്ത് മൊബൈല്‍ഫോണ്‍  ഗ്യാലറിയില്‍ നിന്ന് ഫോട്ടോ കാണിച്ചു തന്നത്. 

വിശ്വാസികള്‍ക്ക് പലതും പഠിക്കാനുണ്ട് ഈ മനുഷ്യജന്മങ്ങളുടെ സംഭവകഥയില്‍ നിന്ന്.