പരലോകം അനിവാര്യം

വെള്ളില പി. അബ്ദുല്ല

2018 മാര്‍ച്ച് 31 1439 റജബ് 13

'അഫ്കാറുന്‍ ഉഖ്‌റവിയ്യ' (പരലോക ചിന്തകള്‍): 2

നീ ഓര്‍ത്തു നോക്കൂ സോദരാ പരലോകം

വരുവാന്‍ നിനക്കുണ്ടങ്ങനെ ഒരു ലോകം

വിശ്വാസമില്ലേ നീ വെറും ഒരു മണ്ടനാ

മണ്ടന്‍ നിനച്ചു; 'ഞാന്‍ വലിയൊരു കേമനാ'

പരലോകവിശ്വാസം പലര്‍ക്കും പലതരം

പരലോകവിശ്വാസം പൊളിഞ്ഞാല്‍ ഗുരുതരം

ചിലരുണ്ടവര്‍ പറയും പരലോകത്തില്‍

വിശ്വാസമുണ്ടെന്ന് പ്രവര്‍ത്തനമില്ല

എന്നാല്‍ ചിലര്‍, വിശ്വാസമുണ്ട് പ്രവൃത്തിയും

വിശ്വാസമോ സത്യത്തില്‍ നിന്നകലത്തിലും

ഇവര്‍ക്കൊന്നുമേ ജയമില്ല പരലാകത്തില്‍

എന്നാല്‍ ജയം യഥാര്‍ഥ വിശ്വാസത്തില്‍

നാഥന്‍ പറഞ്ഞത് അപ്പടി നാം കേള്‍ക്കണം

നബിചര്യ കൃത്യമായി പിന്‍പറ്റീടണം

അതിനപ്പുറം വ്യാഖ്യാനമൊന്നും വേണ്ട

തിരുദൂതെരക്കാള്‍ ജ്ഞാനിയായ് ചമയേണ്ട

പരലോകമെന്തെന്നറിയുമോ എന്‍ സോദരാ?

ന്യായം നടത്താനാണതെന്‍ സഹോദരാ!

ഒരു നൂറുകൊല ചെയ്തുള്ള അക്രമിക്ക്

ഒരുവട്ടമാ വധശിക്ഷ കൊലയാളിക്ക്

അതുകൊണ്ടുതന്നീ ലോകശിക്ഷ അനീതിയാ

പരലോകമില്‍ ഓരോന്നിനും വെവ്വേറെയാ

ആത്മാര്‍ഥമായ് പണി ചെയ്‌തൊരാളുമുണ്ട്

മുതലാളി മുന്നില്‍ അഭിനയിച്ചവരുണ്ട്

ആത്മാര്‍ഥതക്ക് പ്രതിഫലം നല്‍കാനായ്

അറിയില്ല മുതലാളിക്ക് സത്യം സത്യമായ്

എന്നാല്‍ അതേക്കുറിച്ചേെറയറിയും നാഥന്‍

നല്‍കാനിരിക്കുകയാണതിന്‍ സവാബ്

സത്യത്തിനായ് നിലകൊണ്ടവര്‍ ജയിലറകളില്‍

കുറ്റങ്ങള്‍ ചെയ്തവര്‍ മദിച്ചവര്‍ മണിയറകളില്‍

ആ രീതിയാണിഹ ലോകനീതിക്കെന്നും

സത്യത്തിനാ പരലോകമില്‍ ജയമെന്നും

അതുകൊണ്ട് പരലോകം ഒരത്യാവശ്യമാ

അതു സാധ്യമാക്കിയ നാഥനോ പരിശുദ്ധനാ

മരണം നടന്ന് ശരീരമൊക്കെ നശിച്ചുപോയ്

പൊടിപോലുമില്ലാതൊക്കെ മണ്ണായ് തീര്‍ന്നുപോയ്

പിന്നെങ്ങനാ പരലോകമില്‍ ചെന്നെത്തുക?

എന്നുള്ളതാ ചിലര്‍ ബുദ്ധിയായ് ചോദിക്കുക

ഇത് ബുദ്ധിയല്ലെന്നറിയണേ സഹോദരാ!

ചിന്തിക്കുവാന്‍ കഴിവുള്ളവര്‍ പറയാത്തതാ

ദേഹത്തില്‍നിന്നും ദേഹിയെ പിടിച്ചുപോയ്

അതിനാലെ ദേഹം സര്‍വവും നിലച്ചുപോയ്

എന്നാല്‍ നശിച്ചിട്ടില്ല ദേഹി, അറിയണം

അതു തിരികെ വെച്ചാല്‍ ജീവനാകും ഓര്‍ക്കണം

പിന്നെ, നശിച്ചത് ദേഹമെന്നൊരു കൂട്

അത്‌വീണ്ടും പണിയാന്‍ നാഥനില്ല പാട്

അവന്റെ കയ്യിലുണ്ടതിന്‍ ഫോര്‍മാറ്റ്

പ്ലാനും അളവും വസ്തുക്കള്‍ തന്‍ ലിസ്റ്റ്

ഇെതാന്നുമില്ലാതാദ്യം ചെയ്‌തൊരു നാഥന്‍

പിന്നെന്തു പ്രശ്‌നം വീണ്ടും ചെയ്യാന്‍ റബ്ബിന്?

അതിനാണു നാഥന്‍ തന്റെ കുര്‍ആന്‍ തന്നില്‍

ന്യായം പറഞ്ഞത് ചിന്തകള്‍ തന്‍ മുന്നില്‍

'നാം അവരെ വെറുതെ പടച്ചുവെച്ചെന്നാണോ

ഇനി നമ്മിലേക്ക് മടക്കമില്ലെന്നാണോ

നിങ്ങള്‍ ധരിച്ചത്' എന്ന ചോദ്യം വന്നത്

സൂറത്തു മുഅ്മിനിലാണ് ഓര്‍ത്താല്‍ നല്ലത്

പരലോക വിജയം നല്‍കണം മന്നാനേ

വിശ്വാസ ദാര്‍ഢ്യം കനിയണം ദയ്യാനേ

ഹൃദയത്തെ മാറ്റിമറിച്ചിടും പെരിയോനേ

ഈമാനില്‍ രക്ഷ നീ നല്‍കണം ഹന്നാനേ

നിന്‍ മഗ്ഫിറത്തില്ലാതെ മറ്റൊന്നില്ല

ഞാന്‍ ചെയ്ത അമലുകള്‍ ഒട്ടുമേ തികയില്ല

ദോഷം പെരുത്ത് മല കണക്കെ നില്‍ക്കയാ

അതിനാലെ നീ എനിക്കേകണം റഹ്മത്ത്

അല്ലാതിരുന്നാല്‍ നഷ്ടമാണ് പെരുത്ത്

അത് താങ്ങുവാന്‍ എനിക്കില്ല ആഫിയത്ത്

നിന്‍ കരുണമാത്രമാണെനിക്ക് കരുത്ത്.