മരണ ശേഷക്രിയകള്‍

വെള്ളില പി. അബ്ദുല്ല

2018 ആഗസ്ത് 18 1439 ദുല്‍ഹിജ്ജ 06

('അഫ്കാറുന്‍ ഉഖ്‌റവിയ്യ': 11)

മയ്യിത് നിസ്‌കാരം കഴിഞ്ഞാല്‍ ഉടനെയായ്

മറമാടിടേണം പിന്തിക്കല്ലേ പിന്നെയും

ഒന്നില്‍പരം മയ്യിതൊരു നേരത്തിലായ്

ഉണ്ടെങ്കില്‍ വേറെ വേറെ ക്വബ്‌റില്‍ ആകണം

ഒരുപാട് മരണം ഒന്നിച്ച് ഭവിച്ചതായ്

വെവ്വേറെ ക്വബ്‌റും പ്രശ്‌നമായ് മാറുന്നതായ്

എങ്കില്‍ ഒരു ക്വബ്‌റില്‍ ഒന്നിലധികവും

മറമാടിടാം എന്നുള്ളതാണേ നിയമവും

ക്വബ്‌റെന്ന ഭവനം രണ്ടുതരമാ അറിയണം

'ശക്ക്വും' 'ലഹ്ദു'മാണവകള്‍ അറിയണം

നേരെ കുഴിച്ച് ക്വിബ്‌ല ഭാഗത്തേക്ക്

ദ്വാരം തുറന്നാല്‍ പേര് ലഹ്‌ദെന്നോര്‍ക്ക്

ആ ദ്വാരമില്‍ കിടത്തുമെ മയ്യിതിനെ

ശേഷം കുഴിയില്‍ മണ്ണിട്ട് മൂടീടുമെ

ശക്ക്വെന്നതോ ആദ്യം വലിയൊരു കുഴിയതാ

പിന്നീട് മധ്യത്തില്‍ ചെറിയൊരു കുഴിയുമാ

മധ്യത്തിലുള്ള കുഴിയിലാ മയ്യിത്ത്

അതിന്‍ മേലെ കല്ലുവെച്ചുമാണേ മൂടല്‍

മയ്യിത് ക്വബ്‌റിലേക്കിറക്കല്‍ പുരുഷനാ

പുരുഷന്മാരില്ലെങ്കില്‍ അതപ്പോള്‍ സ്ത്രീകളാ

ഏറ്റം അടുത്തവര്‍ ഇറക്കുവാനുണ്ടെങ്കില്‍

അതുതന്നെയാണ് ഉത്തമം എന്നറിയുവിന്‍

ബീ ഉമ്മുകുല്‍സും മരണമടഞ്ഞ നേരമില്‍

ബീതന്‍ ജനാസ ക്വബ്‌റിലേക്കെടുക്കുന്നു

തിരുദര്‍ ചാരെ കണ്ണുനീര്‍പൊഴിക്കുന്നു

ഭാര്‍ത്താവ് ഉസ്മാന്‍ ചാരെയായ് നില്‍ക്കുന്നു

അന്നേരം ദൂതര്‍ സദസ്സിനോടുരയുന്നു:

'ഇന്നലെ രാത്രി ഭാര്യയോടടുക്കാത്തവര്‍

ആരുണ്ട് നിങ്ങളില്‍ അത്തരത്തില്‍ പെട്ടവര്‍?'

'ഞാനുണ്ട്' എന്നബൂത്വല്‍ഹയോ പറയുന്നു

'എന്നാല്‍ ഇറങ്ങൂ' എന്ന് നബിയുരയുന്നു

അങ്ങനെയബൂത്വല്‍ഹയത് ചെയ്യുന്നു

ഇക്കാരിയം ബുഖാരി തന്നില്‍ കാണുമേ

ഈ തെളിവുകള്‍ നീ നല്ലപോല്‍ ശ്രദ്ധിക്കണേ

അത്തരം വേളയില്‍ മാറിനില്‍ക്കാന്‍ നോക്കണേ