മരണ ശേഷക്രിയകള്‍

വെള്ളില പി. അബ്ദുല്ല

2018 ദുല്‍ക്വഅദ 01 1439 ജൂലായ് 14

('അഫ്കാറുന്‍ ഉഖ്‌റവിയ്യ': 7)

മയ്യിതിന്‍ കൂടെ സ്ത്രീകളോ പോകല്ല

പോയെങ്കിലോ നിഷിദ്ധമാവുകയില്ല

എന്നു നിനക്ക് കണ്ടിടാം ബുഖാരിയില്‍

അതുപോല്‍ മുസ്‌ലിം മറ്റു പല ഗ്രന്ഥമില്‍

മയ്യിതുമായ് പോകുന്ന കണ്ടാല്‍ നില്‍ക്കണേ

അമുസ്‌ലിം മയ്യിതെങ്കിലും ശ്രദ്ധിക്കണേ

തിരുദൂതരന്ന് കാട്ടിത്തന്ന പാതയാ

പിന്‍പറ്റിയാല്‍ നിനക്കതേറ്റം പുണ്യമാ

തിരുദൂതര്‍ തന്നുടെ ചാരെ ഒരു മയ്യിതുമായ്

ചിലയാളുകള്‍ മറമാടുവാനായ് പോകലായ്

അതുകണ്ട് ദൂതരെണീറ്റു മാനിച്ചീടലായ്

അത് ജൂതനാണെന്നുടനെയാരോ പറയലായ്

'എന്നാലുമത് മര്‍ത്യന്റെയല്ലൊ ജനാസ,

ജനാസ കണ്ടാല്‍ നിങ്ങളും നില്‍ക്കേണ്ടതാ'

എന്നും തിരുനബിയപ്പഴേ പഠിപ്പിച്ചതാ

ബുഖാരി, മുസ്‌ലിം തന്നിലിത് കാണുന്നതാ

ശ്രദ്ധിച്ചുവെങ്കില്‍ എപ്പഴും ഗുണമുള്ളതാ

ജനാസക്കൊപ്പം എങ്ങനെ നീ നടക്കണം

എന്നുള്ളതും നീ നല്ലപോല്‍ പഠിക്കണം

വലതും ഇടതും മുന്നില്‍, പിന്നിലൊക്കെയും

നടക്കല്‍ അനുവദിച്ചുള്ളതാണവ തന്നെയും

മയ്യിതിനോട് അടുത്തുതന്നെ നടക്കണം

അതിനാണ് പുണ്യം അധികമുള്ളതറിയണം

വാഹനമില്‍ നീ പോകലും ശരിയല്ല

കഴിയുന്നതും നടക്കുവാന്‍ മറക്കല്ല

നബിതങ്ങളൊരു ജനാസയില്‍ പോകുന്നതായ്

അന്നേരമാരോ വാഹനം നല്‍കുന്നതായ്

റസൂലുടന്‍ അത് നിരസിച്ചീടലായ്

ജനാസക്കൊപ്പം നടന്നുതന്നെ പോകലായ്

കര്‍മങ്ങളൊക്കെ തീര്‍ന്നു മടങ്ങും നേരമില്‍

വാഹനമാരോ നല്‍കലായ് ബഹുമാനമില്‍

അപ്പോള്‍ റസൂലാ വാഹനത്തില്‍ കേറലായ്

അടുത്തുള്ളവര്‍ അതിന്റെ കാരണം തേടലായ്

ഇങ്ങോട്ടു പോരും നേരം കേറിയതില്ല

തിരിച്ചുള്ള യാത്രയിലങ്ങ് കേറുന്നല്ലോ? 

തിരുദൂതരപ്പോള്‍ ചൊല്ലിയതൊന്നോര്‍ക്കണേ

'ഇങ്ങോട്ട് മയ്യിതും ചുമന്ന് വരുന്നതായ്

അപ്പോഴതാ മലാഇകത്തുകള്‍ വരിയിലായ്

അവരൊക്കെയും നടന്നിരുന്നവരാണേ

അതിനാലെ വാഹനം കേറുവാന്‍ മടിയായേ

എന്നാലിതാ മറമാടിത്തീര്‍ന്ന നേരമില്‍

അവരൊക്കെ പോയി ഇനിവരില്ലീ സമയമില്‍

അതുകൊണ്ട് വാഹനം കേറുവാന്‍ റെഡിയായി'

സുഹൃത്തുക്കളേ, ഇത് കേള്‍ക്കണേ നന്നായി

അനിവാര്യമെങ്കില്‍ വാഹനത്തില്‍ പോയിടാം

എന്നാല്‍ ജനാസ തന്‍ പിറകിലാകണം

യാ റബ്ബനാ ഈമാനിലായ് മരിപ്പിക്കണേ

പുഞ്ചിരി തൂകി പോകുവാന്‍ വിധിയേകണേ.