മരണ ശേഷക്രിയകള്‍: 3

വെള്ളില പി. അബ്ദുല്ല

2018 ജൂണ്‍ 09 1439 റമദാന്‍ 24

കുളിപ്പിക്കണം നീ നല്ലപോല്‍ മയ്യിതിനെ

അവസാന കുളിയാ ഓര്‍ക്കണം സുഹൃത്തേ

നാളെ നമുക്കും ഈ ഗതി വരവുണ്ട്

ഓര്‍ത്താല്‍ നമുക്കും കൂട്ടിനായിട്ടുണ്ട്

പുരുഷന്‍ പുരുഷനെയാ കുളിപ്പിക്കേണ്ടത്

സ്ത്രീയെ കുളിപ്പിക്കേണ്ടതും സ്ത്രീയാണത്

ഭാര്യക്കു തന്‍ ഭര്‍ത്താവിനെ കുളിപ്പിച്ചിടാം

ഭര്‍ത്താവിനും ഇതേവിധം താന്‍ ചെയ്തിടാം

എന്നാല്‍ ചിലര്‍ പറയുന്നു 'പാടില്ലാത്തതാ'

അതിനുള്ള ന്യായം മുഴുവനും തെറ്റായതാ

'മരണത്തിനാല്‍ ബന്ധം മുറിഞ്ഞിടുന്നതാ,

അതിനാലെ കാണാന്‍ പോലുമേ പറ്റാത്തതാ'

അതുപോല്‍ 'കുളിപ്പക്കാനുമേ പാടില്ലാ'

എന്നു ചിലര്‍ വാദിച്ചതും ശരിയല്ലാ

സ്വിദ്ദീക്വിനെ കുളിപ്പച്ചതവരുടെ ഭാര്യയാ

അസ്മാഇനോടവര്‍ ആദ്യമേ പറഞ്ഞുള്ളതാ

അലിയാരു തങ്ങള്‍ തന്നെയാ കുളിപ്പിച്ചതും

അവിടുത്തെ ഭാര്യ ഫാത്വിമായുടെ മയ്യിതും

ഇവര്‍ രണ്ടുപേരും ചെയ്തതിന്നാരാലും 

എതിര്‍പ്പ് നടത്താതുള്ളതാല്‍ ഇജ്മാഉം

ഇക്കാര്യം മുസ്‌നദുശ്ശാഫിഇല്‍ കാണുന്നതാ

മറ്റു ചിലരും ഇങ്ങനെ വിവരിച്ചതാ

ഇനിയും നമുക്ക് കണ്ടിടാം ഒരു സംഭവം

ഒരിക്കല്‍ അതാ ത്വാഹാറസൂല്‍ ചെന്നെത്തലായ്

അവിടത്തെ ഭാര്യ ആഇശ തന്‍ വീട്ടിലായ്

തല്‍സമയമില്‍ ബീആഇശ കരയുന്നതാ

തലവേദന തന്‍ ഗൗരവത്താലുള്ളതാ

ഇതു കണ്ടുത്വാഹ റസൂലവര്‍ പറയുന്നതാ:

'ഞാനും ഇതാ തലവേദന സഹിക്കുന്നതാ

നീയാണ് ആദ്യം മരണമടയുന്നെങ്കിലേ

നിന്നെ കുളിപ്പിക്കുന്നത് ഞാനാകുമേ'

നബിയോരു പിന്നെ മരണമടഞ്ഞില്ലയോ

പ്രിയപത്‌നിമാരവരെ കുളിപ്പിച്ചില്ലയോ

ആഇശ ബീവി തന്നെയിത് പറയുന്നതാ

സുനനു അബൂദാവൂദിലായ് കാണുന്നതാ

മയ്യിതിനെ കുളിപ്പിക്കുവാന്‍ ഒരു സോദരി

തയ്യാറിലാണവര്‍ എങ്കിലും ആര്‍ത്തവമാ

അതിനാലവര്‍ കുളിപ്പിക്കുവാന്‍ പാടില്ല

എന്നുള്ള വാദം ഉണ്ടത് ശരിയല്ല

ആര്‍ത്തവകാരി, വലിയശുദ്ധിയുള്ളവര്‍

തെറ്റില്ലവര്‍ക്ക് മയ്യിത്ത് കുളിപ്പിക്കുവാന്‍

എന്നും ഇതാ ശറഹുല്‍മുഹദ്ദബ് തന്നിലേ

കാണാം നിനക്ക് നോക്കുകയാണെങ്കിലേ

എന്നാല്‍ ഇതാ ഇന്നും നമുക്ക് പരിചിതം

ആര്‍ത്തവകാരിയെ തടയലാണേ ഈവിധം

ഉമ്മാന്റെ മയ്യിത്ത് പോലുമേ കാണില്ല

അടുത്തെത്തുവാന്‍ അവകാശവും അവര്‍ക്കില്ല

സമൂഹമേ ഈ അജ്ഞത നീ വെടിയണം

ഇസ്‌ലാമിനെ പ്രമാണമില്‍ പഠിപ്പിക്കണം

ഓരോരുത്തര്‍ ശരിയെന്നു കരുതി ചെയ്‌വത്

പ്രാമാണികമെല്ലന്നറിയല്‍ വേണ്ടത്.