മരണവേദന

വെള്ളില പി. അബ്ദുല്ല

2018 ഏപ്രില്‍ 21 1439 ശഅബാന്‍ 03

'അഫ്കാറുന്‍ ഉഖ്‌റവിയ്യ' (പരലോക ചിന്തകള്‍): 5

മരണത്തിനുണ്ടൊരു വേദന, ശരിയാണേ

അതിനെ എനിക്കു കുറച്ചു താ മന്നാനേ

കുറയാതിരുന്നാല്‍ എനിക്കതു സഹിക്കില്ല

തിരുദൂതര്‍ പോലും അനുഭവിച്ചതല്ലേ

അന്ത്യറസൂലിന്‍ മരണസമയം വന്ന്

അവിടന്ന് തന്നെ വേദന സഹിക്കുന്ന്

ഇടയ്‌ക്കൊക്കെ വെള്ളം കയ്യിലാക്കിക്കൊണ്ട്

നബിയുല്ല തന്റെ മുഖം തടവുന്നുണ്ട്

ബുഖാരിയില്‍ ആ കഥ പറയുന്നുണ്ട്

അതിനാല്‍ അനേകം നാം പഠിക്കാനുണ്ട്

അംറുബ്‌നു ആസ്വ് മരിക്കുവാന്‍ അടുക്കലായ്

എന്താണവസ്ഥ എന്ന് മോന്‍ ചോദിക്കലായ്

എന്നെ ചുരുട്ടിക്കൂട്ടി വെച്ചൊരവസ്ഥയാ

സൂചിക്കുഴയിലൂടെ മാത്രം ശ്വാസമാ

മുള്ളുള്ള വസ്തുവിനാലെ എന്നെ വലിക്കയാ

ഉച്ചിമുതല്‍ പാദം വരെ മുറിക്കയാ

എന്നാണവര്‍ മറുപടി പറഞ്ഞത്

അതുകൊണ്ട് നീ ചിന്തിച്ചുവെങ്കില്‍ നല്ലത്

അബിദ്ദുന്‍യ തന്റെ കിതാബില്‍നിന്നുമെടുത്തതാ

ഒരുപാട് ഗ്രന്ഥങ്ങള്‍ എടുത്ത് പറഞ്ഞതാ

അവര്‍ക്കൊക്കെ തന്നെ ഇതാണവസ്ഥയെങ്കിലേ

എന്താണു സ്ഥിതി യാ റബ്ബനാ ഇനി എന്നിലേ

കുറച്ചൊന്നു തരണേ റബ്ബനാ ഈ വേദന

മരണത്തില്‍ നീയല്ലാതെ ആരാ എന്‍ തുണ

വിശ്വാസി തന്നുടെ മരണവേദന തന്നെയും

കൂലിക്കു സബബാണെന്നതാ ഗുണം പിന്നെയും

മരണത്തിന്‍ വേദന സോദരാ ചെറുതല്ല

വലിപ്പം പറയാന്‍ വാക്ക് നമ്മള്‍ക്കില്ല

ഒരായിരം വാള്‍ വെട്ടുകൊണ്ടെരു സോദരന്‍

അവനുള്ള വേദന നീ അതൊന്നു പഠിക്കണം

അതിനെക്കാള്‍ വേദനയാണ് മരണത്തിന്ന്

എന്നു പറഞ്ഞത് സയ്യിദാം അലിയാണേ

ശറഹുസ്സ്വുദൂറില്‍ ആണ് ആ മൊഴിയുള്ളത്

ഇമാം സ്വുയൂത്വിയാണത് രചിച്ചത്

അതുകൊണ്ട് നീ പ്രാര്‍ഥിക്കണേ എന്‍ സോദരാ

മരണത്തിന്‍ വേദന കുറയണംസഹോദരാ

മരണത്തിന്‍ വേദന തന്നില്‍നിന്നും നാളെ

ദയ്യാനവന്‍ ക്ഷമ നല്‍കിടട്ടെ നമ്മളില്‍

റൂഹ് പിടിക്കാന്‍ മലകുല്‍ മൗതും വന്ന്

എല്ലാം തകര്‍ന്ന നീ മോഹമാല്‍ പറയുന്നു

എന്‍ നാഥനേ നീ നല്‍കുമോ ഇടവേള

സല്‍കര്‍മിയായ് ജീവിക്കുവാനൊരുവേള

ഇല്ല നിനക്കിഹ ലോകത്തേക്ക് മടക്കം

ഇത് ബര്‍സഖില്‍ കേറുന്നതിന്‍ തുടക്കം

ഇനിയില്ല തൗബ നടത്തുവാനും അവസരം

സ്വര്‍ഗം ലഭിക്കാന്‍ വേണം മുമ്പേ മല്‍സരം

അല്ലാനെ കാണാന്‍ ഏതൊരാള്‍ കൊതിച്ചുവോ

സ്‌നേഹിക്കുമല്ലാഹ് അവനെയെന്ന് നീയറിഞ്ഞുവോ

അല്ലാനെ കാണല്‍ ഏതാരാള്‍ വെറുത്തുവോ

എങ്കില്‍ അവനെ കാണലല്ലാഹ് വെറുക്കുമേ

അല്ലാന്റെ ദൂതര്‍ ഇപ്രകാരം ചൊല്ലിയേ

ഇതു കേട്ട് ആഇശ ബീവിയന്നുര ചെയ്യലായ്

നാമും മരണത്തെ വെറുക്കുന്നില്ലേ

അതിനാലെ നാഥന്‍ നമ്മളെ വെറുക്കില്ലേ

ഇതിനു ജവാബ് ഉടനടി വന്നില്ലേ

അങ്ങനെയല്ല എന്നവര്‍ മൊഴിഞ്ഞില്ലേ

വിശ്വാസി തന്റെ മുമ്പില്‍ മരണമെത്തി

നാഥന്റെ തൃപ്തിയും ആദരവില്‍ എത്തി

എന്നുള്ള വാര്‍ത്തയും അവനിലായ് വന്നെത്തി

അവനോടടുക്കാന്‍ മോഹവും വന്നെത്തി

സത്യനിഷേധിക്കോ മരണം വന്ന്

അവനുള്ള ശിക്ഷയും അവന്‍ അറിയുന്ന്

അതിനാലെ നാഥനെ കാണുവാന്‍ ഭയക്കുന്നെ

അതുകൊണ്ട് തന്നെ കാണലും വെറുക്കുന്നെ

ബുഖരി പോല്‍ പലഗ്രന്ഥമില്‍ കാണുന്നതാ

അശ്രദ്ധ വേണ്ട നമ്മിലും എത്തേണ്ടതാ

നീ അങ്ങ് ദൂരെ ജോലി ചെയ്യുന്നുണ്ട്

നിന്‍ വീടണയാന്‍ വര്‍ഷങ്ങള്‍ പലതുണ്ട്

ജോലിസ്ഥലത്ത് കൂട്ടുകാര്‍ പലരുണ്ട്

അവരെ പിരിഞ്ഞ് ലീവിനായ് വരവുണ്ട്

പിരിയുന്ന നേരം അല്‍പം സങ്കടമുണ്ട്

വീടോര്‍ക്കും നേരം അത് ശമിക്കുന്നുണ്ട്

നിന്‍ വീട്ടില്‍ കിട്ടും സുഖസമാധാനത്തിന്

സുഹൃത്തുക്കളെക്കാള്‍ വിലമതിക്കുന്നുണ്ട്

അതുപോലെയാണ് സഹോദരാ മരണത്തില്‍

നീ നേടി ശാന്തി എങ്കിലിത്തരുണത്തില്‍

നീ മുഅ്മിനോ സന്തോഷമാല്‍ വിളിക്കുന്നതാ

വേറം ഖബറിലാക്കുവാന്‍ പറയുന്നതാ

അല്ലാത്ത പക്ഷം നീ കരഞ്ഞീടുന്നതാ

ആക്കല്ലെ ഖബറില്‍ എന്ന് യാചിക്കുന്നതാ

സുബ്ഹാന റബ്ബീ ഖൈറിലായ് മരിപ്പിക്കണേ

അതിനുള്ള തുണയും നീയൊരുത്തന്‍ നല്‍കണേ

ഞാന്‍ ചെയ്ത തെറ്റിന്‍ ഭാരമാല്‍ തഴയല്ലേ

നീ കയ്യൊഴിഞ്ഞാല്‍ രക്ഷയും എനിക്കില്ല

സ്വമദായ റബ്ബേ തെറ്റു നീ പൊറുക്കണേ

ഇനിയുള്ള കാലം ദീനിലായ് നടത്തണേ

തൗഹീദിലൂടെ എന്നെ നീ നയിക്കണേ

ഈമാനതിലായ് എന്നെ മരിപ്പിക്കണേ.