മരണ ശേഷക്രിയകള്‍

വെള്ളില പി. അബ്ദുല്ല

2018 ആഗസ്ത് 25 1439 ദുല്‍ഹിജ്ജ 13

('അഫ്കാറുന്‍ ഉഖ്‌റവിയ്യ': 12)

മയ്യിതിനെ മറമാടിയെന്നാല്‍ പിന്നെ

തെറ്റായ ആചാരം പലതും തന്നെ

ചെയ്യുന്ന കാഴ്ച കണ്ടിടാമെ പൊന്നെ

നിര്‍ത്തേണ്ടതാണിതൊക്കെയുടനെ തന്നെ

'മുഖത്തെഴുത്ത്' എന്ന ഒരു പതിവുണ്ട്

പലനാട്ടിലും പല രീതിയില്‍ നടപ്പുണ്ട്

ചില നാട്ടില്‍ മുസ്‌ല്യാര്‍ മയ്യിതിന്റെ കവിളിലായ്

വിരലിന്റെ അഗ്രം കൊണ്ട് തഹ്‌ലീല്‍ എഴുതലായ്

എന്നാല്‍ അതിന്ന് വളരെ കുറവായ് തീര്‍ന്നതാ

പകരം ചില പുതു രീതികള്‍ കാണുന്നതാ

അതിലൊന്ന് ഒരു കടലാസിലോ തുണിയിലോ

ചില ദിക്‌റുകള്‍ എഴുതീട്ടു നെഞ്ചില്‍ വെക്കലാ

'റബ്ബിന്റെ ഇസ്മില്‍ ചീഞ്ചലം കേറൂലേ...'

ആക്ഷേപം വന്നു ഉടനെ മാറ്റി രീതിയും!

കടലാസിലെഴുതി ക്വബ്‌റില്‍ കുത്തിനാട്ടലായ്

നാട്ടിവെക്കാനായ് പച്ച ഈര്‍ക്കില്‍ കരുതലായ്!

അപ്പോഴതാ വരുന്നു പ്രശ്‌നം പിന്നെയും

അല്‍പം കഴിഞ്ഞാല്‍ ഈര്‍ക്കിലുണങ്ങിച്ചാടും

അതിന്നായി കണ്ടു പ്രതിവിധി ഒരു കുപ്പിയില്‍

എഴൂതി മടക്കിവെക്കലാണത് ഭംഗിയില്‍

കരികൊണ്ട് മൂടുകയാണത് ചെയ്യുന്നത്

ഈര്‍പ്പം വലിക്കാനും ചിതല്‍ തടയാനത്

അത് നോക്കി വായിച്ചങ്ങ് പോകും മലക്കുകള്‍

എന്നാകും മണ്ടന്മാരവരുടെ ചിന്തകള്‍

അവര്‍ക്കും പണി കുറവാണ് ചോദ്യം വേണ്ട,

വായിച്ചുനോക്കാം പിന്നെയൊന്നും വേണ്ട!

ഒരുപക്ഷേ, ഭാവിയില്‍ ഇങ്ങനെയുമാകാം:

'മയ്യിത്തിന്‍ മേനിയില്‍ മൈക്രോചിപ്പ് വെച്ചിടും

മലക്കുകളവന്റെ ക്വബ്‌റിലേക്കായെത്തിടും

അവര്‍ പക്കലുള്ള റ്റാബിലേക്കത് മാറ്റിടും'

എന്നും ചില പുരോഹിതര്‍ പറഞ്ഞിടും

യാ റബ്ബി ബുദ്ധി കൊടുക്കണേ ഈ ക്വൗമിന്

നീ കാത്തുരക്ഷിക്കേണമേ സുന്നത്തിനെ.